Main News

ലണ്ടന്‍: ഹൗസ് ഓഫ് കോമണ്‍സിന്റെ ആസ്ഥാനം താത്ക്കാലികമായി വെറ്റ്ഹാള്‍ മുറ്റത്തുളള കെട്ടിടത്തിലേക്ക് മാറ്റുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ കൊട്ടാരത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണിത്. അടുത്ത ഒരു പതിറ്റാണ്ടോളം നവീകരണ പ്രവൃത്തികള്‍ തുടരുമെന്നാണ് സൂചന. പാര്‍ലമെന്റിന്റെ പുനരുദ്ധാരണ പ്രവര്‍ത്തന സമിതിയില്‍ അംഗങ്ങളായിട്ടുളള എല്ലാ പാര്‍ട്ടി അംഗങ്ങളുടെയും ഒരു അടിയന്തര യോഗം ചേരണമെന്ന് കഴിഞ്ഞ ദിവസം കോമണ്‍സിലെ ഷാഡോ ലീഡര്‍ ക്രിസ് ബ്രെയാന്റ് അറിയിച്ചു. 2014ല്‍ ഡെലോയ്റ്റ് ആന്‍ഡ് ഈകോം സമിതി കൊട്ടാരത്തിന്റെ പുനരുദ്ധാരണത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഏതായാലും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതോടെ ഇരുസഭകളും പ്രവര്‍ത്തന സ്ഥലം മാറ്റും. ലണ്ടന് പുറത്തേക്ക് പുതിയ ആസ്ഥാനം മാറ്റണമെന്ന നിര്‍ദേശത്തെ മിക്കവരും എതിര്‍ത്തു. വൈറ്റ്ഹാളിന് ചുറ്റുമായി എവിടെയെങ്കിലുമാകണം പുതിയ ആസ്ഥാനമെന്ന വാദമായിരുന്നു മന്ത്രിമാരില്‍ ഏറെ പേരും പുലര്‍ത്തിയത്. ഹൗസ് ഓഫ് ലോര്‍ഡ്‌സ് എങ്ങോട്ട് മാറ്റുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ധനകാര്യമന്ത്രാലയത്തിന്റെയോ കോമണ്‍വെല്‍ത്ത് ഓഫീസിന്റെയോ അടുത്തായാകാം ഇവരെ പുനരധിവസിപ്പിക്കുക എന്നാണ് സൂചന.
കൊട്ടാരത്തിന്റെ പഴയ ഭാഗം പൂര്‍ണമായും ഒഴിപ്പിച്ച ശേഷമാകും നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.

ആറ് കൊല്ലമെടുത്തേ ഇതിന്റെ പണികള്‍ പൂര്‍ത്തിയാക്കാനാകൂ. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 3.52 ബില്യന്‍ പൗണ്ട് ചെലവ് വരുമെന്നാണ് പ്രതീക്ഷ. 2020ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കൂ എന്നാണ് റിപ്പോര്‍ട്ട്. ഡിലോയിറ്റ് റിപ്പോര്‍ട്ട് വേറെയും ചില നവീകരണ പ്രവര്‍ത്തനങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിന് 32 വര്‍ഷം സമയമെടുത്തേക്കും. 5.67 ബില്യന്‍ പൗണ്ടാണ് പ്രതീക്ഷിക്കുന്ന ചെലവ്. കഴിഞ്ഞ ജൂലൈയിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പച്ചക്കൊടി കാട്ടിയത്.

മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തന്റെ സുപ്രധാനമായ പല പ്രസംഗങ്ങളും ഹൗസ് ഓഫ് ലോര്‍ഡ്‌സിലാണ് നടത്തിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹൗസ് ഓഫ് കോമണ്‍സിന് സാരമായി കേടുപാടുകളുണ്ടായതിനെതുടര്‍ന്ന് സമ്മേളനങ്ങള്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സിലേക്ക് മാറ്റിയതിനാലാണ് ഇത് സംഭവിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ ഓഫീസ് റിച്ച്‌മോണ്ട് ഹൗസിലേക്ക് മാറ്റാനുളള ആലോചനകള്‍ നടക്കുന്നുണ്ട്. ഹൗസ് ഓഫ് കോമണ്‍സിന് വേണ്ടി ഇതിന്റെ മുറ്റത്ത് പുതിയ താത്ക്കാലിക നിര്‍മാണം തുടങ്ങുന്ന സാഹചര്യത്തിലാണിത്. റിച്ച്‌മോണ്ട് ഹൗസ് നല്ലൊരു നിര്‍ദേശമാണെന്ന് ചില എംപിമാര്‍ കരുതുന്നു. എന്നാല്‍ ഇവിടെ ചില സുരക്ഷാപ്രശ്‌നങ്ങള്‍ ഉളളതായി ചൂണ്ടിക്കാട്ടപ്പെടുന്നു.

ലണ്ടന്‍: ഒരു മണിക്കൂറോളം ഹൃദയമിടിപ്പ് നിലച്ചു പോയ സ്ത്രീക്ക് അവിശ്വസനീയമായ പുനര്‍ജന്മം. ബിന്‍ഗോ ജീവനക്കാരിയായ സോണിയ ബര്‍ട്ടന്‍ എന്ന സത്രീയാണ് പാരാമെഡിക്കല്‍ സംഘം മരിച്ചെന്നു വിധിയെഴുതി ഒരു മണിക്കൂരിനു ശേഷം കണ്ണുതുറന്നത്. നാല് മക്കളുടെ അമ്മയായ സോണിയയ്ക്ക് കടുത്ത ഹൃദയാഘാതമാണ് ഉണ്ടായത്. മരിച്ചുപോയ ഭര്‍ത്താവ് ജോണ്‍ തന്റെയടുത്ത് വന്ന് നിന്റെ സമയമായിട്ടില്ല, കുട്ടികളുടെ അടുത്തേക്ക് തിരിച്ച് പോകൂ എന്ന് പറഞ്ഞതായി സോണിയ അവകാശപ്പെടുന്നു. ഏതായാലും പാരാമെഡിക്കല്‍ സംഘം ആവര്‍ത്തിച്ച് പരിശോധിച്ച് മരിച്ചെന്ന് വിധിയെഴുതിയ സോണിയ ഇപ്പോള്‍ ഒരു അത്ഭുതമായി മാറിയിരിക്കുകയാണ്.
‘മരിച്ച’ ദിവസം സോണിയ രാവിലെ ഉണര്‍ന്ന് മുപ്പതുകാരിയായ മകള്‍ റബേക്കക്കൊപ്പം തന്റെ ദൈനം ദിന ജോലികള്‍ പൂര്‍ത്തിയാക്കി. പിന്നീട് ആഷിംഗ്ടണിലുളള ഗാലാ ബിന്‍ഗോ ഹാളിലെ ജോലി തുടങ്ങി. ദിവസവും അഞ്ചരവരെയാണ് പ്രവൃത്തി സമയം. എന്നാല്‍ അന്ന് അല്‍പ്പം നേരത്തെ, ഏകദേശം നാലേമുക്കലോടെ സോണിയ ജോലി കഴിഞ്ഞിറങ്ങി. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഒരു കാപ്പികുടിക്കാനും അല്‍പ്പനേരം വര്‍ത്തമാനം പറയാനും വേണ്ടി ആയിരുന്നു അത്. ഡൈനിംഗ് ഏരിയയിലാണ് സോണിയ ജോലി ചെയ്യുന്നത്. അവിടെ നിന്ന് പുറത്തേക്ക് നടക്കുമ്പോള്‍ ചെറിയൊരു നെഞ്ചുവേദന അനുഭവപ്പെട്ടു. കുഴഞ്ഞ് വീഴുകയും ചെയ്തു.

Sonia-Burton-with-her-family

സ്ഥാപന ഉടമ ഉടന്‍ തന്നെ പാരാമെഡിക്കല്‍ സംഘത്തിന്റെ സഹായം തേടി. നാല് മിനിറ്റിനുളളില്‍ അവരെത്തി. ജാസണ്‍ റിച്ചസും ഗാരി ഫ്രെഞ്ചുമാണ് ആദ്യമെത്തിയത്. ഒമ്പത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഇവരെ സഹായിക്കാനായി സ്റ്റീഫന്‍ എക് എന്ന പാരാമെഡിക്കും ഒന്നാംവര്‍ഷ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയായ റോസി പ്രീസ്റ്റുമെത്തി. പിന്നീട് 56 മിനിറ്റോളം ഇവരെ രക്ഷിക്കാനുളള ശ്രമം നടത്തി. അടുത്തുളള എമര്‍ജന്‍സി കെയര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുളള ശ്രമവും തുടങ്ങി.

ഈസമയത്താണ് സോണിയയ്ക്ക് ഭര്‍ത്താവിന്റെ സാമീപ്യം ലഭിച്ചതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 2004ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്. മുപ്പത്തേഴ് വയസായിരുന്നു അന്ന് ജോണിന്. ഇതിനിടെ സോണിയയുമായി പാരാമെഡിക്കല്‍ സംഘം ക്രാംലിംഗ്ടണ്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഈസമയവും സോണിയ അബോധാവസ്ഥയില്‍ ആയിരുന്നു. എങ്കിലും ശ്വാസോച്ഛ്വാസം ചെയ്യാന്‍ തുടങ്ങി. പിന്നീടിവരെ ന്യൂകാസിലിലെ ഫ്രീമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഇവര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി നടത്തി. എട്ട് ദിവസത്തിന് ശേഷം ഇവര്‍ വീട്ടില്‍ മടങ്ങിയെത്തി. സഹോദരന്‍ മാര്‍ക്കിന്റെയും മക്കളുടെയും പരിചരണത്തില്‍ കഴിയുന്നു.

sonia with paramedics

സാങ്കേതികമായി ഒരു മണിക്കൂര്‍ മരിച്ച് എന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് സോണിയ പറഞ്ഞു. കുറേ കാര്യങ്ങള്‍ ഓര്‍ക്കാനാകുന്നില്ലെങ്കിലും തനിക്ക് സുഖമാണെന്ന് സോണിയ വ്യക്തമാക്കി. ഏതായാലും സോണിയ ഇപ്പോള്‍ വലിയ ഒരു പ്രതിഭാസമായി മാറിയിരിക്കുകായണെന്ന് സഹോദരന്‍ പറഞ്ഞു. സഹായിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദിയും അറിയിക്കുന്നു.
ഇത്രയും നീണ്ട സമയത്തിനുശേഷം ഒരാള്‍ ജീവിതത്തിലേക്ക് തിരികെ വരുന്നത് ആദ്യമായാണെന്ന് പാരാമെഡിക്കല്‍ സംഘം പറഞ്ഞു.

കൊച്ചി: മുഖ്യമന്ത്രിക്ക് 1 കോടി 90 ലക്ഷം രൂപ നല്‍കിയെന്ന് സരിത എസ്. നായര്‍. ചാന്ദ്‌നി ചൗക്കില്‍ വെച്ച് കുരുവിള വഴി 1 കോടി 10 ലക്ഷം രൂപ നല്‍കി. ബാക്കി 80 ലക്ഷം തിരുവനന്തപുരത്തു വീട്ടില്‍ വെച്ചാണ് നല്‍കിയതെന്നും സരിത പറഞ്ഞു. സോളാര്‍ കമ്മീഷനിലാണ് സരിത ഇക്കാര്യം അറിയിച്ചത്.മുഖ്യമന്ത്രിയെ പലതവണ കണ്ടിട്ടുണ്ടെന്നും പല തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും സരിത പറഞ്ഞു. ഏഴു കോടി രൂപ നല്‍കേണ്ടി വരുമെന്ന് ജിക്കു മോന്‍ തന്നോട് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ജോപ്പന്റെ ഫോണ്‍ നമ്പര്‍ നല്‍കിയത്. ജിക്കുവിന്റേയും ജോപ്പന്റേയും സലിംരാജിന്റേയും ഫോണുകള്‍ വഴിയാണ് മുഖ്യമന്ത്രിയെ വിളിച്ചത്. പദ്ധതിയേക്കുറിച്ച് ജിക്കുവിന് എല്ലാമറിയാമായിരുന്നെന്നും സരിത വ്യക്തമാക്കി.
മന്ത്രി ആര്യാടന്‍ മുഹമ്മദിന് നാല്‍പ്പത് ലക്ഷം രൂപ നല്‍കിയതായും സരിതാ പറഞ്ഞു. ആര്യാടന്റെ പിഎ കേശവന്‍ രണ്ടുകോടി രൂപയാണ് ആവശ്യപ്പെട്ടത്. 2011 ജൂണില്‍ മുഖ്യമന്ത്രിയ കണ്ടിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് ആര്യാടനെ താന്‍ കണ്ടതെന്നും കമ്മീഷനില്‍ നല്‍കിയ മൊഴിയില്‍ സരിത പറഞ്ഞു. രണ്ട് കോടി ആവശ്യപ്പെട്ടെങ്കിലും അത് പിന്നീട് സംസാരിച്ച് ഒരു കോടിയാക്കി. ഇതില്‍ ആദ്യ ഗഡുവായി 25 ലക്ഷം രൂപ നല്‍കി. മന്‍മോഹന്‍ ബംഗ്ലാവിലെത്തിയാണ് തുക നല്‍കിയത്.

മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ പിഎ കേശവനാണ് പണം കൈമാറിയത്. പിന്നീട് 15 ലക്ഷം കൂടി നല്‍കി. രണ്ടാമത്തെ ഘട്ടമായി പണം നല്‍കിയത് ഒരു പരിപാടിയിലാണ്. അനര്‍ട്ടുമായി സഹകരിച്ച് സോളാര്‍ പദ്ധതി തുടങ്ങാനായിരുന്നു ഇത്. പിന്നീട് ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ നല്‍കിയ പണം തിരികെ ചോദിച്ചെങ്കിലും തന്നില്ലെന്നും സരിത പറഞ്ഞു.

ആര്യാടന് രണ്ടുകോടി നല്‍കിയാല്‍ കാര്യം നടക്കുമെന്ന് പിഎ കേശവനാണ് പറഞ്ഞത്. കല്ലട ഇറിഗേഷന്‍ പദ്ധതി താന്‍ സന്ദര്‍ശിച്ചത് ആര്യാടന്റെ സഹായത്തോടെയാണ്. മുഖ്യമന്ത്രിയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് തരപ്പെടുത്തിയത് ഗണേഷ്‌കുമാറിന്റെ പിഎ ആണെന്നും സരിത വെളിപ്പെടുത്തി. എന്നാല്‍ സരിത പറഞ്ഞത് പച്ചക്കള്ളമാണെന്ന് കേശവന്‍ പ്രതികരിച്ചു. സരിതക്ക് വേറേ ഏതോ ലക്ഷ്യങ്ങളുണ്ടെന്നും കേശവന്‍ വ്യക്തമാക്കി.

തിരുവനന്തപുരം: ആരെയും പേടിക്കാനില്ലെന്ന ഭാവത്തില്‍ തോന്നിയതു പോലെ ആശുപത്രിക്കച്ചവടം നടത്തുന്ന തിരുവനന്തപുരത്തെ നക്ഷത്ര ആശുപത്രി കിംസിന് വീണ്ടും കനത്ത തിരിച്ചടി . സാധാരണ സര്‍ജറിക്കായി പ്രവേശിപ്പിക്കപ്പെട്ട യുവാവ് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തില്‍ 35 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉത്തരവു വന്നതാണ് കിംസ് ആശുപത്രിക്ക് തിരിച്ചടിയായത് . തിരുവനന്തപുരം സ്വദേശിയായ ദീപക് (28) എന്ന യുവാവ് ആണ് സര്‍ജറിയെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍വച്ച് മരണപ്പെട്ടത്.
ആശുപത്രിയുടെയും ഡോക്ടറുടെയും അനാസ്ഥ കാരണം ശസ്ത്രക്രിയാമേശയില്‍ വച്ച് മരണപ്പെട്ടതിനെ തുടര്‍ന്ന് ദീപക്കിന്റെ കുടുംബം എട്ട് വര്‍ഷമായി നിയമ പോരാട്ടത്തിലായിരുന്നു. ഉന്നതരുടെ അധികാരത്തിന്റെ ബലത്തിലും വാര്‍ത്ത മുക്കി സഹായിക്കുന്ന മാദ്ധ്യമങ്ങളുടെ മിടുക്കിലും കേസ് ഒതുക്കാമെന്ന കിംസിന്റെ ഹുങ്കിന് കനത്ത തിരിച്ചടിയാണ് ഈ വിധി . എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ ആശുപത്രിയ്‌ക്കെതിരായി വിധി പ്രസ്താവിക്കുകയും ദീപക്കിന്റെ കുടുംബത്തിന് 35 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കിംസിനോട് നിര്‍ദ്ദേശിക്കുക ആയിരുന്നു.

കോസ്‌മെറ്റിക് ശസത്രക്രിയക്കും ലിംഗചര്‍മം നീക്കം ചെയ്യുന്നതിനുമായാണ് ദീപക്ക് ആശുപത്രിയില്‍ പ്രവേശിച്ചത്. പരാതിയില്‍ പറഞ്ഞതനുസരിച്ച് 2008 ഡിസംബര്‍ 9നാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന കിംസില്‍ ദീപക്ക് ശസ്ത്രക്രിയക്ക് വിധേയനായത്. ഉച്ചക്ക് 12.15ന് അനസ്‌തേഷ്യ നല്‍കാനാരംഭിച്ചു. അനസ്‌തേഷ്യ നല്‍കി മിനിറ്റുകള്‍ക്കുള്ളില്‍ ദീപക്കിന് ഹൃദയാഘാതമുണ്ടായി. എന്നാല്‍ കാര്‍ഡിയോളജിസ്റ്റിനെ ഇരുപതു മിനിറ്റുകള്‍ക്കു ശേഷമാണ് വിളിച്ചു വരുത്തിയത്. ശരിയായ ചികിത്സ ലഭിക്കാന്‍ വൈകിയതാണ് ദീപക്കിന്റെ മരണത്തിനു കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കാന്‍ വൈകിയതാണ് മരണത്തിനു കാരണമെന്ന് അഭിഭാഷകന്‍ ആര്‍. നാരായണനും വ്യക്തമാക്കി.

പരാതിയേത്തുടര്‍ന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ദീപക്കിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ചികിത്സാപ്പിഴവ് സംഭവിച്ചില്ലെന്ന വാദമാണ് ആശുപത്രി ഉയര്‍ത്തിയത്. ഒടുവില്‍ എട്ടു വര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് ദീപക്കിന്റെ കുടുംബത്തിന് 35 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്. മകനെ തിരികെ കിട്ടില്ലെങ്കിലും തങ്ങള്‍ക്കുണ്ടായ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്നാണ് ദീപക്കിന്റെ അമ്മയും സഹോദരിയും പറയുന്നു.

അതേസമയം പിഴശിക്ഷ വിധിച്ച ട്രിബ്യൂണല്‍ വിധിക്കെതിരെ കണ്‍സ്യൂമര്‍ കോടതിയില്‍ അപ്പീലുമായി കിംസ് അധികൃതര്‍ പോയ ഘട്ടത്തിലെല്ലാം മുഖ്യധാരാ മാദ്ധ്യമങ്ങള്‍ കണ്ണടച്ച് ആശുപത്രിക്ക് ഒത്താശ ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്. കിംസിന് എതിരായ നിര്‍ണ്ണായകമായ ഈ വിധി പ്രമുഖ മാദ്ധ്യമങ്ങള്‍ അവഗണിച്ച മട്ടാണ്. മിക്ക മാദ്ധ്യമങ്ങളിലും വാര്‍ത്ത പോലും വരാതിരുന്നപ്പോള്‍ ചിലര്‍ പേരില്ലാതെയും വാര്‍ത്ത നല്‍കി. മതിയായ ശസ്ത്രക്രിയാ സൗകര്യം ഇല്ലാത്തതിനാല്‍ രോഗിയെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശിച്ച ഡോക്ടറെ പിരിച്ചുവിട്ട സംഭവം നടന്നത് കിംസ് ആശുപത്രിയില്‍ ആയിരുന്നു. കിംസില്‍ ഇങ്ങനെ രോഗി മരിച്ച സംഭവം ഉണ്ടെന്നും അന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു.

സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഈ പഞ്ചനക്ഷത്ര ആശുപത്രിയെക്കുറിച്ചു പല ആരോപണങ്ങളും പല തവണയും ഉയര്‍ന്നിട്ടും എല്ലാം ഒത്തുതീര്‍ക്കാന്‍ മന്ത്രിതലത്തില്‍ പോലും ഇടപെടലുകള്‍ ഉണ്ടായിരുന്നു. ദീപകിന്റെ മരണത്തിനു ഇടയാകിയ മേല്പറഞ്ഞ സംഭവത്തിലും സാങ്കേതികത്വം പറഞ്ഞു ജില്ലാ ഉപഭോക്തൃ സമിതിയുടെ തീരുമാനത്തിനെതിരെ അപ്പീലിന് പോയ ആശുപത്രി അധികൃതരെ തുറന്നു കാട്ടാനുള്ള അവസരം മുഖ്യധാരാ മാധ്യമങ്ങള്‍ പലതവണ നഷ്ട്ടപ്പെടുത്തിയിരുന്നു. പരസ്യവരുമാനത്തില്‍ കണ്ണുവച്ചാണ് മാധ്യമങ്ങളുടെ ഇത്തരം ഇടപെടലുകള്‍.

സ്വന്തം ലേഖകന്‍
ന്യൂദല്‍ഹി : ഇന്ത്യയിലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളെ വിമര്‍ശിച്ച് മാര്‍ക്കണ്ഡേയ കഠ്ജു . ദാരിദ്ര്യം , തൊഴിലില്ലായ്മ , പോഷകാഹാരക്കുറവ് തുടങ്ങിയ പ്രതിസന്ധികള്‍ തുടരുന്നിടത്തോളം കാലം ഇത്തരം ആഘോഷങ്ങള്‍ വെറും പരിഹാസം മാത്രമാണെന്നും കഠ്ജു ഫേസ്ബുക്കിലൂടെ വ്യക്തമാക്കി .

 

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ

1. ഇന്ത്യയില്‍ ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ആഘോഷിക്കാന്‍ മാത്രം ഇവിടെ എന്താണുള്ളത് ?

2. ഇന്ത്യയില്‍ നിന്നും ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്‌തോ ?

3. തൊഴില്‍ രഹിതരായ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് ജോലി ലഭിച്ചോ ?

4. പോഷകാഹാരക്കുറവുള്ള പകുതിയോളം വരുന്ന കുഞ്ഞുങ്ങള്‍ക്ക് പോഷകമൂല്യമുള്ള ഭക്ഷണം കിട്ടിയോ ?

5. നമ്മുടെ ജനതയ്ക്ക് ശരിയായ വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും ലഭിച്ചോ ?

6. നമ്മുടെ കര്‍ഷകര്‍ക്ക്  സമൃദ്ധി ലഭിച്ചോ ,  അവരുടെ ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍    കഴിഞ്ഞോ ?

7. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ വിവേചനങ്ങള്‍ അവസാനിച്ചോ ?ഇല്ലല്ലോ ?

8. അങ്ങനെവരുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യദിന , റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ ഗിമ്മിക്കുകളല്ലേ ?

9. ഇന്ത്യന്‍ ജനതയ്ക്കുനേരെയുള്ള കാപട്യവും ക്രൂരമായ പരിഹാസവുമല്ലേ ഇത് ?

നിങ്ങളില്‍ പലരും പലപ്പോഴും ചെയ്തിട്ടുള്ളതുപോലെ എന്നെ നെഗറ്റീവ് എന്ന് വിളിക്കുമെന്ന് എനിക്കറിയാം . അതെ,,,,  ഞാന്‍ നെഗറ്റീവാണ് , കാരണം ദാരിദ്ര്യത്തിലും , തൊഴിലില്ലായ്മയിലും , പോഷകക്കുറവിലും , നല്ല വിദ്യാഭ്യാസത്തിന്റെയും  ആരോഗ്യപരിപാലനത്തിന്റെ അഭാവത്തിലും എനിക്കൊന്നും പോസിറ്റീവായി കാണാന്‍ കഴിയുന്നില്ല . നിങ്ങളുടെ വലിയ ബുദ്ധിയില്‍ ഇതെല്ലാം പോസിറ്റീവായി നിങ്ങള്‍ക്കു തോന്നിയേക്കാം . പക്ഷെ എന്റെ ചെറിയ ബുദ്ധിയില്‍ എനിക്കിതെല്ലാം നെഗറ്റീവായേ തോന്നുന്നുള്ളൂ.

എല്ലാ വ്യവസ്ഥിതിക്കുമുള്ള ഏക പരിശോധന ഇതു മാത്രമാണ് :

ആ വ്യവസ്ഥിതിക്ക്  കീഴിലുള്ള ജനതയുടെ ജീവിതനിലവാരം ഉയര്‍ന്നോ ?  ഇല്ലെങ്കില്‍ ഈ ആഘോഷങ്ങളെല്ലാം വെറും പരിഹാസം മാത്രമാണ്.

ലണ്ടന്‍: രാജ്യത്ത് നിലവിലുള്ള ഫെയ്ത്ത് സ്‌കൂളുകളുടെ അഡ്മിഷന്‍ നയങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ മതേതര ഗ്രൂപ്പുകള്‍ക്ക് അവകാശമില്ലെന്ന സര്‍ക്കാര്‍ നയത്തിനെതിരേ പ്രതിഷേധം വ്യാപകമാകുന്നു. ഇത് ജനാധിപത്യാവകാശങ്ങളുടെ ലംഘനമാണെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. മതപരമായ വേര്‍ തിരിവുകള്‍ ആയിരക്കണക്കിന് കുട്ടികളെ ബാധിക്കുമെന്ന് ദ ബ്രിട്ടീഷ് ഹ്യൂമനിസ്റ്റ് അസോസിയേഷനും നാഷണല്‍ സെക്യുലര്‍ സൊസൈറ്റിയും ആരോപിച്ചു. ഫെയ്ത്ത് സ്‌കൂളുകള്‍ക്കെതിരേ നിരന്തരം പരാതികള്‍ ഉന്നയിക്കുന്ന ക്യാംപെയ്ന്‍ ഗ്രൂപ്പുകളെ അതില്‍നിന്ന വിലക്കാനുള്ള നയം കഴിഞ്ഞ വാരാന്ത്യത്തില്‍ വിദ്യാഭ്യാസ സെക്രട്ടറി നിക്കി മോര്‍ഗനാണ് അവതരിപ്പിച്ചത്.
എന്നാല്‍ സമ്മര്‍ദ്ദ ഗ്രൂപ്പുകളുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നത് ധാരാളം പൊതുപ്പണവും സമയവും നഷ്ടപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് ചീഫ് സ്‌കൂള്‍സ് അഡ്ജൂഡിക്കേറ്റര്‍ ഡോ.എലിസബത്ത് പാസ്‌മോര്‍ പ്രതികരിച്ചത്. രക്ഷിതാക്കളുടെ ആശങ്കകളെ തുടര്‍ന്നാണ് തങ്ങള്‍ പരാതിയുമായെത്തിയതെന്ന് ബിഎച്ച്എ പറയുന്നു. സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ മാതാപിതാക്കള്‍ക്ക് ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ബിഎച്ച്എ ചൂണ്ടിക്കാട്ടുന്നു.

ഫെയ്ത്ത് സ്‌കൂളുകളില്‍ പ്രത്യേക മതവിഭാഗങ്ങളില്‍ നിന്നുളള കുട്ടികള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്. ഇതിന് നിയമപരമായ അനുവാദവും ഉണ്ട്. എന്നാല്‍ ഈ അധികാരം വംശീയ ന്യൂനപക്ഷങ്ങളെയും തൊഴിലാളി വര്‍ഗ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന കുട്ടികളും തമ്മിലുളള വിവേചനത്തിന് കാരണമാകുന്നുവെന്നും ഇത്തരം സ്‌കൂളുകളിലെ പ്രവേശനങ്ങള്‍ക്ക് സുതാര്യതയില്ലെന്നും ആരോപണമുണ്ട്. കുട്ടികളുടെ രക്ഷിതാക്കളുടെ മതവിശ്വാസങ്ങള്‍ക്കനുസരിച്ച് കുട്ടികളെ തമ്മില്‍ വേര്‍തിരിക്കുന്നത് ശരിയില്ലെന്ന് എന്‍എസ്എസ് പ്രചാരകന്‍ സ്റ്റീഫന്‍ ഇവാന്‍സ് വ്യക്തമാക്കി.

ലണ്ടന്‍: പാസ്‌പോര്‍ട്ട് രഹിത യാത്രാമേഖലയുടെ ഭാവിയില്‍ ആശങ്ക. അഭയാര്‍ത്ഥി പ്രശ്‌നം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഷെങ്കന്‍ കരാര്‍ രണ്ട് കൊല്ലത്തേക്ക് വേണ്ടെന്ന് വയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചു. മധ്യപൂര്‍വ്വ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുളള കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രണാതീതമായിരിക്കുന്നതിനാല്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ മെയ് മാസം മുതല്‍ വീണ്ടും പ്രാബല്യത്തില്‍ വരുത്താന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം ആംസ്റ്റര്‍ഡാമില്‍ നടന്ന യോഗത്തില്‍ ഡച്ച് കുടിയേറ്റമന്ത്രി ക്ലാസ് ദൈഹോഫ് ആവശ്യപ്പെട്ടു.
ഡബ്ലിന്‍ കരാര്‍ പ്രകാരം അഭയാര്‍ത്ഥികള്‍ ആദ്യമെത്തുന്ന രാജ്യത്ത് അഭയം തേടുന്ന കാര്യവും പരിഗണിക്കണമെന്ന് ചില മന്ത്രിമാര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇതിലൂടെ ഗ്രീസിലും മറ്റും കൂടുതല്‍ അഭയാര്‍ത്ഥികള്‍ തമ്പടിക്കും. ഇതിനകം തന്നെ 40,000 അഭയാര്‍ത്ഥികള്‍ തുര്‍ക്കിയില്‍ നിന്ന് കടല്‍ മാര്‍ഗം ഇവിടെയെത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ അഭയാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നതിനിടെയാണ് ഇത്. അതിര്‍ത്തി അടയ്ക്കുന്നത് കൊണ്ട് അഭയാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കാനാകില്ലെന്നാണ് ഗ്രീക്ക് അധികൃതര്‍ പറയുന്നത്. എന്നാല്‍ ജര്‍മനി പോലുളള വടക്കന്‍ സര്‍ക്കാരുകളുടെ മേല്‍ അഭയാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയുമാണ്.

അഭയാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനായി അംഗരാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റ കമ്മീഷണര്‍ ദിമിത്രിസ് അവ്‌റാമോപൗലോസ് അഭിപ്രായപ്പെടുന്നത്. അല്ലെങ്കില്‍ മുപ്പത് കൊല്ലം പഴക്കമുള്ള ഷെങ്കന്‍ മേഖലയെ രക്ഷിക്കാനുളള സമയം കടന്നുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ദൈഹോഫിന്റെ അഭിപ്രായത്തില്‍ സമയം നഷ്ടപ്പെട്ട് കഴിഞ്ഞു.

പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ഷെങ്കന്‍ നിയമം പ്രതിസന്ധിയിലാകുമെന്ന് ഒരു കൊല്ലം മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു. ആറ് മാസം വരെ നിയന്ത്രണം ഏര്‍പ്പെടുത്താനുളള അധികാരം ഇപ്പോള്‍ യൂറോപ്യന്‍ കമ്മീഷന്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. 2018 വരെ ഇത്തരത്തില്‍ മൂന്ന് തവണയിലേറെ നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ന്യൂഡല്‍ഹി: ഐസിസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ ഭീഷണിക്കിടയില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളൊരുക്കി ഇന്ത്യ അറുപത്തേഴാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.രാജ്യത്തിന്റെ ശ്ക്തിയും പാരമ്പര്യവും സംസ്‌കാരവും വിളംബരം ചെയ്യുന്ന റിപ്പബ്ലിക് ദിന പരേഡ് ഡല്‍ഹി രാജ്പഥില്‍ നടന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയപതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്‍ദേയായിരുന്നു മുഖ്യാതിഥി.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റേയും ഐസിസ് ആക്രമണം ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പുകളുടേയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാവലയത്തിലായിരുന്നു റിപ്പബ്ലിക് ദിനാഘോഷം. വിമാന വേധ മിസൈല്‍ സംവിധാനമടക്കമുള്ളവ സജ്ജമാക്കിയിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും 10.35നും 12.15 നും ഇടയില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാനോ പറന്നുയരാനോ അനുവാദം നല്‍കിയിരുന്നില്ല. പാരീസ് ആക്രമണത്തിന്റെ നമാതൃകയില്‍ ഡല്‍ഹിയിലും ആക്രമണം നടത്തുമെന്ന് ഐസിസ് ഭീഷണിയേത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ഇത്തവണത്തെ പരേഡ് 90 മിനിറ്റായി കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 115 മിനിറ്റായിരുന്നു. ഫ്രഞ്ച് സൈന്യത്തിന്റെ ഒരു വിഭാഗം പരേഡില്‍ മാര്‍ച്ച് ചെയ്തതായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മാറ്റു കൂട്ടിയത്. ചരിത്രത്തിലാദ്യമായാണ് ഒരു വിദേശ സേനാവിഭാഗം പരേഡില്‍ പങ്കെടുക്കുന്നത്. 1604ല്‍ രൂപവത്കരിച്ച 35-ാം കാലാള്‍ സേനയാണ് പരേഡില്‍ പങ്കെടുത്തത്. 1780ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പുസുല്‍ത്താനൊപ്പം ഈ സൈനികവിഭാഗം യുദ്ധം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: സോളാര്‍ കമ്മീഷനു മുന്നില്‍ ഇന്നലെ ഹാജരായ മുഖ്യമന്ത്രി കമ്മീഷനോടൊപ്പം ചെലവിട്ടത് പതിനാലു മണിക്കൂര്‍. രാവിലെ പതിനൊന്നിന് ആരംഭിച്ച സിറ്റിംഗ് പൂര്‍ത്തിയാക്കി പൂലര്‍ച്ചെ 1.15നാണ് മുഖ്യമന്ത്രി പുറത്തിറങ്ങിയത്. കേസില്‍ പ്രതിയായ ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ മുഖ്യമന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി അതിന് തയ്യാറല്ലെന്ന് അറിയിച്ചു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നുണപരിശോധനക്ക് തയാറാണോ എന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകനാണ് മുഖ്യമന്ത്രിയോട് ചോദിച്ചത്. തന്റെ കക്ഷി നുണപരിശോധനക്ക് തയാറാണെന്നും ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. സിറ്റിംഗിന്റെ ഒടുവില്‍ രാത്രി 12 മണിയോടെയാണ് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ മുഖ്യമന്ത്രിയെ വിസ്തരിച്ചത്. ബിജുവിനെ നശിപ്പിക്കാനായിരുന്നോ നീക്കങ്ങള്‍ എന്ന ചോദ്യത്തിന് നിയമം നിയമത്തിന്റെ വഴിക്ക് പോകും, നിരപരാധികളെ ശിക്ഷിക്കില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് അഴിമതിക്കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ ഒരു മുഖ്യമന്ത്രിയില്‍നിന്ന് മൊഴിയെടുക്കുന്നത്. നടപടികള്‍ ഒറ്റ ദിവസംകൊണ്ട് പൂര്‍ത്തിയാക്കണമെന്നുള്ളതുകൊണ്ടാണ് മൊഴിയെടുപ്പും ക്രോസ് വിസ്താരവും മണിക്കൂറുകള്‍ നീണ്ടത്. നുണപരിശോധനക്ക് തയാറല്ലെന്ന് കമീഷന് മൊഴി നല്‍കിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്ത് സാഹചര്യത്തിലാണ് നുണപരിശോധനക്ക് താന്‍ തയാറാകേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സോളാര്‍ ഇടപാടില്‍ ഖജനാവിന് നഷ്ടമോ അവര്‍ക്ക് ലാഭമോ ഉണ്ടായിട്ടില്ല. താന്‍ ഒരു കളവും പറഞ്ഞിട്ടില്ലെന്നും മന:സാക്ഷിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: പ്രമേഹ പ്രതിരോധ രംഗത്ത് ഒരു ചുവട് കൂടി നേട്ടമുണ്ടാക്കാനായെന്ന് ശാസ്ത്രജ്ഞര്‍. ടൈപ്പ് 1 പ്രമേഹത്തെ തടയാനുളള മാര്‍ഗമാണ് ഇപ്പോള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടുളളത്. കഴിഞ്ഞ ആറ് മാസമായി എലികളില്‍ നടത്തിയ പരീക്ഷണം വിജയമായതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. മനുഷ്യ വിത്തുകോശങ്ങളില്‍ നിന്ന് വികസിപ്പിച്ചെടുത്ത ഇന്‍സുലിന്‍ ഉദ്പാദക കോശങ്ങളുപയോഗിച്ചാണ് പരീക്ഷണം നടന്നത്. ഈ കോശങ്ങളെ വളരെ ഫലപ്രദമായി എലികളിലേക്ക് മാറ്റി വയ്ക്കാന്‍ അമേരിക്കയിലെയും ഹാര്‍വാര്‍ഡ് സര്‍വകലാശാല അടക്കമുളള കേന്ദ്രങ്ങളിലെയും വിദഗ്ദ്ധര്‍ക്ക് കഴിഞ്ഞു. എലികളിലേക്ക് മാറ്റി വയ്ക്കപ്പെട്ട ഈ കോശങ്ങള്‍ ഉടന്‍ തന്നെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങി.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ടൈപ്പ്1 പ്രമേഹ രോഗികളെ ഈ പ്രക്രിയയിലൂടെ ഭേദപ്പെടുത്താനാകുമെന്ന ഉറപ്പാണ് ഗവേഷക സംഘം നല്‍കുന്നത്. ഇതേ സാഹചര്യം മനുഷ്യരില്‍ സൃഷ്ടിക്കാനുളള ശ്രമം ഇവര്‍ തുടങ്ങിക്കഴിഞ്ഞു. ഇന്‍സുലിന്‍ ഉദ്പാദക കോശങ്ങള്‍ വന്‍ തോതില്‍ സൃഷ്ടിക്കാനുളള ഗവേഷകരുടെ ശ്രമം ഫലം കണ്ടതായി 2014ല്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഹാര്‍വാര്‍ഡിലെ പ്രൊഫസറായ ഡൗഗ് മെല്‍ട്ടണ്‍ ആണ് പുതിയ കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തിലെ പ്രധാനി. ഇദ്ദേഹത്തിന്റെ മകന്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ടൈപ്പ് 1 പ്രമേഹ രോഗിയാണെന്ന് കണ്ടെത്തിയതോടെയാണ് ഇത്തരത്തിലുളള ഗവേഷണങ്ങളിലേക്ക് ഇദ്ദേഹം തിരിഞ്ഞത്. മനുഷ്യ ഇന്‍സുലിന്‍ ഉദ്പാദക കോശം വികസിപ്പിച്ചെടുത്തത് ഇദ്ദേഹം തന്നെയാണ്.

ഈ മനുഷ്യ കോശം എലികളില്‍ വച്ചുപിടിപ്പിച്ചതോടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനനുസരിച്ച് ഈ കോശങ്ങള്‍ ഇന്‍സുലിന്‍ ഉത്പാദനം ആരംഭിച്ചു. പഠനം നടന്ന 174 ദിവസ കാലയളവില്‍ ഇവയുടെ അളവ് ആരോഗ്യപരമായി തന്നെ നിലനിര്‍ത്താനും കഴിഞ്ഞു. നേച്ചര്‍ മെഡിസിന്‍, നേച്ചര്‍ ബയോടെക്‌നോളജി തുടങ്ങിയ മാസികകളില്‍ പഠനത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജുവനൈല്‍ ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷനാണ് പഠനത്തിന് വേണ്ട സാമ്പത്തിക സഹായങ്ങള്‍ നല്‍കിയത്. പുതിയ കണ്ടെത്തലുകള്‍ ടൈപ്പ് 1 പ്രമേഹരോഗികള്‍ക്ക് ഏറെ ഫലപ്രദമാകുമെന്നാണ് നിരീക്ഷണം.

RECENT POSTS
Copyright © . All rights reserved