മലയാളം യുകെ ന്യൂസ് ടീം.

മൈലോഡിസ്പ്ലാസിയ ബാധിച്ച് ചികിത്സയിലുള്ള 22 കാരനായ മലയാളി വിദ്യാർത്ഥിക്ക് ജീവൻ നിലനിർത്താൻ മജ്ജ മാറ്റിവയ്ക്കലേ മാർഗ്ഗമുള്ളുവെന്ന് വൈദ്യശാസ്ത്രം. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലിലാണ് വെസ്റ്റ് ഓഫ് ഇംഗ്ളണ്ട്, ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ ജെയിംസ് ജോസ് ചികിത്സയിൽ കഴിയുന്നത്. പഠനത്തിൽ മിടുമിടുക്കനായ ജെയിംസിന് അനുയോജ്യമായ മജ്ജ ദാതാവിനെ തേടിയുള്ള അന്വേഷണം തുടങ്ങിയത് ഫെബ്രുവരിയിലാണ്. സമാനമായ ജീൻ പൂളിൽ നിന്നുള്ളവരിൽ നിന്നു മജ്ജ മാറ്റിവയ്ക്കാൻ സാധിച്ചാൽ ചികിത്സ വിജയകരമാകും.

മൈലോഡിസ് പ്ലാസിയാ എന്നത് ബ്ലഡ് സെല്ലുകളെ ബാധിക്കുന്ന ഒരു തരം ക്യാൻസറാണ്. ശരീരത്തിലെ ബോൺമാരോയിൽ നിന്നാണ് ബ്ലഡ് സെല്ലുകൾ ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളിൽ സ്ഥിതി ചെയ്യുന്ന മജ്ജ ദുർബലമാവുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്യുമ്പോൾ ശരീരത്തിലെ രക്ത ഉദ്പാദനത്തെ ഇത് ബാധിക്കുന്നു. മജ്ജയുടെ ആദ്യ രൂപമായ സ്റ്റെം സെല്ലുകൾ മാറ്റി വയ്ക്കുക എന്നതാണ് ഇതിനു ചെയ്യാവുന്ന ചികിത്സ. ഇതു വഴി ആരോഗ്യ പൂർണമായ മജ്ജ രൂപം പ്രാപിക്കുകയും രക്ത ഉത്പാദനം സാധാരണ ഗതിയിൽ എത്തുകയും വഴി രോഗി സുഖം പ്രാപിക്കും.

 

അനുയോജ്യമായ മജ്ജ ദാതാവിനെ കണ്ടെത്തുന്നതിനായി ഉള്ള പരിശ്രമത്തിലാണ് ജെയിംസിൻെറ പിതാവ് ജോസും മാതാവ് ഗ്രേസിയും സഹോദരൻ ജോയലും. ഡിലീറ്റ് ക്യാൻസറും ഉപഹാറും അവരുടെ ശ്രമങ്ങൾക്ക് കൈത്താങ്ങാകാൻ മുന്നോട്ട് വന്നിട്ടുണ്ട്. സ്റ്റെം സെൽ- ഓർഗൻ ഡൊണേഷൻ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ചാരിറ്റികളാണ് ഡിലീറ്റ് കാൻസറും ഉപഹാറും. ഏഷ്യൻ കമ്യൂണിറ്റിയിൽ നിന്ന് സ്റ്റെം സെൽ ഡോണർ രജിസ്റ്ററിൽ ഉളളവരുടെ എണ്ണം വളരെ കുറവാണ്. ഒരേ എത്നിക് ഒറിജിനിൽ ഉള്ളവരുടെ മജ്ജ ലഭ്യമായാൽ രോഗത്തിൽ നിന്ന് സുഖം പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ്. അനുയോജ്യമായ മജ്ജ ദാതാവിനെ കണ്ടെത്തുവാനുള്ള ശ്രമം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ജെയിംസിൻെറ കുടുംബവും ഉപഹാറും. മജ്ജ മാറ്റി വയ്ക്കലിനെക്കുറിച്ചുള്ള അജ്ഞത മൂലം വളരെ കുറച്ച് ആളുകൾ മാത്രമേ പേരു രജിസ്റ്റർ ചെയ്യാൻ മുന്നോട്ട് വന്നിട്ടുള്ളൂ. ഏഷ്യൻ വംശജരായവർ ഇതിനെക്കുറിച്ച് കൂടുതൽ ബോധവൽക്കരിക്കപ്പെടേണ്ടതുണ്ട് എന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദർ അഭിപ്രായപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കായി 07412934567 എന്ന നമ്പരിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.