തൃശ്ശൂര്‍: സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകള്‍ ഷാന്‍ ജോണ്‍സന് ജന്മനാട് വിടനല്‍കി. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ തൃശ്ശൂര്‍ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലാണ് ഷാന്‍ ജോണ്‍സണെ സംസ്‌ക്കരിച്ചത്. മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്റെ പുത്രിയെ അവസാനമായി ഒരു നോക്കു കാണാന്‍ നാട്ടുകാരും ബന്ധുക്കളും കലാസ്നേഹികളും അടക്കം ആയിരങ്ങള്‍ എത്തി. ഭര്‍ത്താവും മക്കളും നഷ്ടമായതോടെ തനിച്ചായ ഷാനിന്റെ മാതാവ് റാണിയെ ആശ്വസിപ്പിക്കാന്‍ എല്ലാവരും പാടുപെടുകയായിരുന്നു. തന്നെ ഈ ലോകത്ത് തനിച്ചാക്കി വിട്ടുപോയ മകളെ ഓര്‍ത്ത് ആ അമ്മ അലമുറയിട്ടു കരഞ്ഞപ്പോള്‍ കണ്ടു നിന്നവരുടെയും കണ്ണു നിറഞ്ഞു.

ചെന്നൈയില്‍ നിന്നും നാട്ടിലെത്തിച്ച മൃതദേഹം തൃശൂരിലെ വീട്ടില്‍ ഇന്ന് രാവിലെ 10 മുതല്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. വീട്ടിലെത്തി നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഷാനിന്റേത് സ്വാഭാവിക മരണമാണെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. മോര്‍ച്ചറിക്കകത്ത് വച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തിയശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.
ചെന്നൈയില്‍ ഷാനിന് അനവധി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഇവരെല്ലാം അവസാനമായി ഷാനിനെ ഒരു നോക്കു കാണാന്‍ എത്തിയിരുന്നു. എല്ലാവരും കണ്ണീരോടെയാണ് പ്രിയ സുഹൃത്തിന് വിട നല്‍കിയത്. സംഗീത മേഖലയിലെ സുഹൃത്തുക്കളും മറ്റു ബന്ധുക്കളും ഇന്നലെ രാവിലെ തന്നെ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെത്തിയിരുന്നു. മോര്‍ച്ചറിക്കു മുന്നില്‍ കാത്തുനിന്നവര്‍ കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നു.
നാട്ടില്‍ മൃതദേഹം എത്തിച്ചപ്പോള്‍ സംഗീത രംഗത്തെയും രാഷ്ട്രീയകലാരംഗത്തെയും പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. സിനിമ രംഗത്ത് നിന്ന് കമല്‍, സിബി മലയില്‍, വിദ്യാധരന്‍ മാസ്റ്റര്‍ എന്നിവര്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തി. ഭര്‍ത്താവിനെയും മകനെയും നഷ്ടപ്പെട്ടതിന് പിന്നാലെ മകളെയും നഷ്ടമായതോടെ ഷാനിന്റെ മാതാവ് റാണി ജീവിതത്തില്‍ തീര്‍ത്തും തനിച്ചായി. സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരില്‍ മിക്കവരുടെയും കണ്ണില്‍ കണ്ണീരണിഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലും സജീവമായിരുന്ന ഷാനിന് ഫേസ്ബുക്കിലൂടെയും നിരവധി പേര്‍ ആദരാജ്ഞലികള്‍ നേര്‍ന്നു.
തമിഴ് സിനിമയായിരുന്നു ഷാനിന്റെ തട്ടകം. പ്രെയ്‌സ് ദ ലോര്‍ഡ്, എങ്കേയും എപ്പോതും, പറവൈ, തിര എന്നീ സിനിമകളില്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. ഹിസ് നെയിം ഈസ് ജോണ്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയതും ഷാനാണ്.
തിരുവനന്തപുരം: പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നെന്ന പരാതിയുമായി മലയാളി നടി സോനാ മരിയ രംഗത്ത്. ഫോര്‍ സെയില്‍ എന്ന മലയാള സിനിമയിലെ നായികയും മുളന്തുരുത്തി സ്വദേശിയുമാണ് സോനാ മരിയ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ തന്നെ കള്ളക്കേസില്‍ കുടുക്കിയത്. ഈ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് എറണാകുളത്തു നിന്നുള്ള ഒരു മന്ത്രിയാണെന്നും സോനാ മരിയ ആരോപിക്കുന്നു. തെലുങ്ക് സിനിമാ സംവിധായകന്‍ എന്ന വ്യാജേന പരിചയപ്പെട്ട കരുനാഗപ്പള്ളി സ്വദേശി ഡിവൈന്‍ ജയചന്ദ്രനെതിരേ പരാതി നല്‍കിയതിലുള്ള വൈരാഗ്യത്തില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു.
ജയചന്ദ്രന്‍ തെലുങ്ക് സിനിമയില്‍ നായിക ആക്കാമെന്നു പറഞ്ഞ് ചെന്നേയിലേക്ക് വിളിച്ചു വരുത്തി അപായപ്പൈടുത്താന്‍ ശ്രമിച്ചു. അവിടെ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നെന്നു സോനാ മരിയ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിന്നീട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 18നു മരടിലെ ഷോപ്പിങ് മാളില്‍ വച്ച് ഇയാളെ കാണുകയും സുഹൃത്ത് അംജദിന്റെ സഹായത്തോടെ പൊലീസില്‍ ഏല്പിക്കുകയും ചെയ്തു. എന്നാല്‍ ജയചന്ദ്രനെതിരേ കേസ് എടുക്കുന്നതിനു പകരം മരട് പൊലീസ് അംജദിന്റെ പേരില്‍ ബ്ലാക്ക് മെയിലിങ് കേസ് ചാര്‍ജ് ചെയ്തു ജയിലില്‍ അടച്ചു. തമിഴ് നടിയെ ഉപയോഗിച്ച് പ്രമുഖരെ ഭീഷണിപ്പെടുത്തി ഏഴു ലക്ഷം രൂപ തട്ടിച്ചു എന്നായിരുന്നു കേസ്.
ജയചന്ദ്രനൊപ്പമുണ്ടായിരുന്ന അഭി എന്ന സ്ത്രീയെ ഈ കേസില്‍ രണ്ടാം പ്രതിയുമാക്കി. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ അംജദ് ജയചന്ദ്രനെ ആക്രമിക്കുക ആയിരുന്നെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ പൊലീസിനു ജയചന്ദ്രന്‍ നല്‍കിയ മൊഴിയില്‍ അംജദുമായി തനിക്ക് മുന്‍ പരിചയം ഇല്ലെന്നു പറയുന്നു. അതിനുശേഷം തന്റെ വീട്ടില്‍ കയറിയിറങ്ങി പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് സോന ആരോപിക്കുന്നു. പൊലീസ് പീഡനത്തിനെതിരേ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസില്‍ താന്‍ മൂന്നാം പ്രതിയാണെന്ന് അറിഞ്ഞത്. എന്നാല്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ലെന്നും സോന പറയുന്നു.
.
കള്ളക്കേസില്‍ കുടുക്കിയതിനെതിരേ പരാതിയുമായി എറണാകുളം റെയ്ഞ്ച് ഐജി ആയിരുന്ന അജിത്കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. ജയചന്ദ്രന്‍ പൊലീസ് കസ്റ്റഡിയില്‍ ഉളപ്പോള്‍ പരാതി നല്‍കിയിട്ടു പോലും അയാള്‍ക്കെതിരേ നടപടി എടുത്തില്ല. കൊച്ചി എസിപി ബിജോയ് അലക്‌സാണ് ജയചന്ദ്രനു വേണ്ടി തന്നെയും സുഹൃത്ത് അംജദിനെയും കള്ളക്കേസില്‍ കുടുക്കിയത്. തന്റെ നിരന്തര പരാതിയെ തുടര്‍ന്ന് കേസ് ഇപ്പോള്‍ ്രൈകംബ്രാഞ്ച് അന്വേഷിക്കുകയാണ്. പരാതിയുമായി ആഭ്യന്തരമന്ത്രി, ആഭ്യന്തരസെക്രട്ടറി,ഡിജിപി തുടങ്ങിയവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. നാലുതവണ ഡിജിപിക്ക് നേരിട്ടു പരാതി നല്‍കി. ആദ്യം അനുഭാവപൂര്‍വം പെരുമാറിയ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും പിന്നീട് അവഗണിച്ചു. ഉന്നതങ്ങളിലുള്ള ബന്ധം ഉപയോഗിച്ച് പ്രതി ജയചന്ദ്രന്‍ രക്ഷപ്പെടുകയാണ്. വിദ്യാര്‍ഥിനി കൂടിയായ താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും പൊലീസും ആഭ്യന്തരവകുപ്പും തനിക്ക് സംരക്ഷണം നല്‍കുന്നില്ലെന്നും സോനാ മരിയ പറയുന്നു.
.
ഗള്‍ഫിലെ ബിസിനസ് ഉപേക്ഷിച്ച് സിനിമാ സംവിധാന മോഹവുമായി നാട്ടിലെത്തിയ പ്രവാസി യുവാവിനെ നടി ലക്ഷങ്ങള്‍ കബളിപ്പിച്ചു എന്ന വാര്‍ത്തകള്‍ കുറച്ചുനാളുകള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. പ്രവാസിയെ കബളിപ്പിച്ച നടി തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവയില്‍ നല്‍കിവന്നിരുന്ന ഇളവ് ഒഴിവാക്കിയതോടെ ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുതിച്ചുയരും. കാന്‍സറിനും എച്ച്‌ഐവി ചികിത്സയ്ക്കും ഉപയോഗിക്കുന്നവയുള്‍പ്പെടെ എഴുപത്തിനാലു മരുന്നുകളുടെ ഇറക്കുമതിച്ചുങ്കത്തില്‍ നല്‍കി വന്നിരുന്ന ഇളവാണ് ഒഴിവാക്കിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് കഴിഞ്ഞയാഴ്ച പുറത്തു വിട്ട വിജ്ഞാപനത്തിലാണ് തീരുവയിളവ് ഒഴിവാക്കിയത്.
വൃക്കയിലെ കല്ലുകളുടെ ചികിത്സക്കുപയോഗിക്കുന്ന മരുന്നുകള്‍, കീമോതെറാപ്പി, റേഡിയോതെറാപ്പി, ഹൃദ്രോഗം, പ്രമേഹം, പാര്‍ക്കിന്‍സണ്‍സ്, അസ്ഥിരോഗങ്ങള്‍ തുടങ്ങിയവയ്ക്കുപയോഗിക്കുന്ന മരുന്നുകള്‍, അണുബാധകള്‍ക്കുളള ആന്റിബയോട്ടിക്കുകള്‍ എന്നിവയ്ക്കുണ്ടായിരുന്ന ഇറക്കുമതിത്തീരുവയിളവ് എടുത്തുകളഞ്ഞത് ആരോഗ്യ മേഖലയില്‍ വന്‍ പ്രതിസന്ധിക്ക് കാരണമായേക്കും. ചില മരുന്നുകളുടെ കസ്റ്റംസ് തീരുവ 35 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
ബാക്ടീരിയ അണുബാധകള്‍ക്കും രക്താര്‍ബുദത്തിനും ആവശ്യമായ മരുന്നുകള്‍, അനസ്‌തേഷ്യ മരുന്നുകള്‍, എച്ച്‌ഐവി, ഹൈപ്പറ്റൈറ്റിസ് ബി, അലര്‍ജികള്‍, സന്ധിവാതം എന്നിവയ്ക്കുള്ള മരുന്നുകള്‍ക്കും വില ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. ആര്‍ത്തവവിരാമ രോഗങ്ങള്‍ക്കുളള മരുന്നുകള്‍ക്കും ഗ്ലൂക്കോമയ്ക്കും കീടനാശിനികള്‍ മൂലമുളള വിഷബാധ ചികിത്സിക്കാനുപയോഗിക്കുന്ന മരുന്നുകള്‍ക്കും, കുട്ടികളിലും മുതിര്‍ന്നവരിലുമുള്ള വളര്‍ച്ചാ ഹോര്‍മോണ്‍ തരാറുകള്‍ പരിഹരിക്കുന്നതിനുള്ള മരുന്നുകള്‍ക്കും കസ്റ്റംസ് തീരുവ ബാധകമാക്കിയിട്ടുണ്ട്.
ആഭ്യന്തരമായി ഉദ്പദിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാനാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ മരുന്നുകളുടെ വിലവര്‍ദ്ധന രോഗികളുടെ ചികിത്സാച്ചെലവ് ഉയര്‍ത്തും. നാലു കാന്‍സര്‍ മരുന്നുകളുടേയും പത്ത് എച്ച്‌ഐവി മരുന്നുകളുടേയും ഹീമോഫീലിയ മരുന്നിന്റേയും വില കുതിച്ചുയരുമെന്നാണ് ആരോഗ്യരംഗത്തുനിന്നുള്ള വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
ടോക്യോ: ഒരു മൈല്‍ ഉയരമുള്ള കെട്ടിടം ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ ഉയരും. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയെക്കാള്‍ രണ്ടിരട്ടി ഉയരം ഈ കെട്ടിടത്തിനുണ്ടാകുമെന്നാണ് സൂചന. 5577 അടി ഉയരമുണ്ടാകും ഈ കെട്ടിടത്തിന്. ജപ്പാന്‍ തലസ്ഥാനത്തുയരുന്ന ഈ കെട്ടിടത്തില്‍ ഒരേസമയം 55,000 ജനങ്ങള്‍ക്ക് താമസിക്കാനാകും. സ്‌കൈ മൈല്‍ ടവര്‍ എന്ന ഈ ഗോപുരം ഷഡ്ഭുജകൃതിയിലുള്ള നിരവധി മനുഷ്യനിര്‍മിത ദ്വീപുകള്‍ക്കു നടുവിലായിരിക്കും ഉയരുക.
ടോക്യോയെ വെളളപ്പൊക്കത്തില്‍ നിന്ന് രക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ദ്വീപുകള്‍ നിര്‍മിക്കുന്നത്. അഞ്ച് ലക്ഷത്തോളം പേര്‍ക്ക് ഇവിടെ താമസ സൗകര്യമൊരുക്കാനും കഴിയും. ലോകത്തിലെ ഏറ്റവും വലുപ്പമേറിയ കെട്ടിടത്തിന്റെ നിര്‍മാണം 2045 ഓടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. കോഹന്‍ പെഡേഴ്‌സണ്‍ ഫോക്‌സ് ആണ് കെട്ടിടവും ഉപഗ്രഹ ദ്വീപുകളും രൂപകല്‍പ്പന ചെയ്തിട്ടുളളത്. കെട്ടിടത്തിനാവശ്യമായ വൈദ്യുതിയ്ക്കായി സൗരോര്‍ജ്ജ പാനലുകളും ആല്‍ഗെ ഫാമുകളും സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്.
കെട്ടിടത്തിന് മുകളില്‍ ജലസംഭരണി സ്ഥാപിച്ച് മഴവെളളക്കൊയ്ത്ത് നടത്താനും പദ്ധതിയുണ്ട്. ഈ വെളളം തന്നെ ശുദ്ധീകരിച്ച് കെട്ടിടത്തിലെ ആവശ്യത്തിന് ഉപയോഗിക്കുകയാണ് ഉദ്ദേശം. ഇതിലൂടെ വെളളം മുകള്‍ നിലകളിലേക്ക് പമ്പ് ചെയ്യുന്നതും ഒഴിവാക്കാന്‍ കഴിയും. ഷോപ്പിംഗ് സെന്ററുകളും ഹോട്ടലുകളും ജിമ്മും വായനശാലകളും ഹെല്‍ത്ത് ക്ലിനിക്കും അടക്കമുളള സംവിധാനങ്ങള്‍ ഇവിടെയുണ്ടാകും.
ലണ്ടന്‍: രോഗികളില്‍ തന്നെയുളള കൊലയാളി കോശങ്ങള്‍ ഉപയോഗിച്ച് അര്‍ബുദകോശങ്ങളെ നശിപ്പിക്കാനുളള സാങ്കേതികതയുടെ പരീക്ഷണം ഒരു കൊല്ലത്തിനകം ആരംഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഗുരുതര ഘട്ടത്തിലുളള അര്‍ബുദ രോഗികളെയാകും പരീക്ഷണത്തിന് വിധേയമാക്കുക. അമേരിക്കയിലും ബ്രിട്ടനടക്കമുളള യൂറോപ്യന്‍ രാജ്യങ്ങളിലുമാകും ആദ്യഘട്ട പരീക്ഷണങ്ങള്‍. ഇക്കൊല്ലം അവസാനമോ അടുത്ത കൊല്ലം ആദ്യമോ പരീക്ഷണത്തിന് തുടക്കമാകും. നിലവിലുളള ചികിത്സാ രീതകള്‍ പരാജയപ്പെട്ട രോഗികളിലാണ് ടി സെല്‍ തെറാപ്പി പരീക്ഷിക്കുക.
ശരീരത്തിന്റെ തന്നെ പ്രതിരോധ സംവിധാനങ്ങളാണ് ഈ ചികിത്സയില്‍ ഉപയോഗിക്കുന്നത്. ഇമ്യൂണോ ഓങ്കോളജി എന്ന വിഭാഗത്തില്‍ പെടുന്ന നിരവധി ചികിത്സാരീതികളില്‍ ഒന്നാണിത്. അരനൂറ്റാണ്ട് മുമ്പ് അര്‍ബുദ ചികിത്സയ്ക്കായി കീമോ തെറാപ്പി വികസിപ്പിച്ചെടുത്തതിന് സമാനമാകും പുതിയ പരീക്ഷണമെന്നാണ് വിദഗ്ദ്ധര്‍ കരുതുന്നത്. ശരീരത്തിലെ ശ്വേത രക്താണുക്കള്‍ക്ക് പ്രതിരോധ സംവിധാനത്തില്‍ വലിയ പങ്കാണുളളത്. വൈറസ്, ബാക്ടീരിയ തുടങ്ങിയവ ശരീരത്തില്‍ പ്രവേശിച്ചാല്‍ പ്രതിരോധമുയര്‍ത്തുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നത് ശ്വേത രക്താണുക്കളാണ്. ഇതേ വിധത്തില്‍ രോഗികളിലെ ടി സെല്ലുകള്‍ക്ക് അര്‍ബുദ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പക്ഷം.
രക്താര്‍ബുദം പോലുളളവയില്‍ ടി സെല്ലുകളുടെ പരീക്ഷണം നടക്കുന്നുണ്ട്. ഇത് അമ്പരപ്പിക്കുന്ന ഫലം നല്‍കുന്നുവെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. ലണ്ടനിലെ ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ആശുപത്രിയില്‍ ഒരുവയസുകാരിയുടെ രക്താര്‍ബുദം ചികിത്സിച്ച് ഭേദമാക്കാന്‍ ഈ പരീക്ഷണത്തിലൂടെ കഴിഞ്ഞത് വലിയ വാര്‍ത്ത ആയിരുന്നു. ട്യൂമര്‍ ചികിത്സയില്‍ കൂടി ഈ മാര്‍ഗം പരീക്ഷിക്കാനാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ മുഴകള്‍ക്കുളളിലുളള എല്ലാ അര്‍ബുദ കോശങ്ങളെയും കണ്ടെത്താന്‍ ഇതിലൂടെ കഴിയുമോ എന്ന ആശങ്കയുമുണ്ട്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് സൂചന.
ലണ്ടന്‍: പാരമ്പര്യേതര ഊര്‍ജ്ജോദ്പാദനത്തില്‍ ഇംഗ്ലണ്ടില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രദേശമാണ് ഗ്രിംസ്ബി. ആവശ്യമുളളതിന്റെ 28 ശതമാനം വൈദ്യുതിയും സൂര്യപ്രകാശം, കാറ്റ്, ജൈവ അവശിഷ്ടങ്ങള്‍ എന്നിവയില്‍ നിന്ന് ഇവര്‍ ഉത്പാദിപ്പിക്കുന്നു. ഒരു കാലത്ത് ലോകത്തിന്റെ മത്സ്യ വ്യവസായത്തിന്റെ തലസ്ഥാനമായിരുന്നു ഗ്രിംസ്ബി. എന്നാല്‍ അടുത്തകാലത്ത് മത്സ്യ വ്യവസായത്തില്‍ വന്‍ ഇടിവുണ്ടായി. അതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ ഉളള ഇടം കൂടിയായി മാറി ഗ്രിംസ്ബി. എന്നാലിപ്പോള്‍ സുസ്ഥിര ഊര്‍ജ്ജവിഭവങ്ങളെ ഫലപ്രദമായി വിനിയോഗിച്ച് കൊണ്ട് ഈ പ്രദേശം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. പുതിയ വ്യവസായം ഈ മേഖലയ്ക്ക് പുതിയ പ്രതീക്ഷ പകരുകയാണ്.
വീടുകളിലെ സോളാര്‍ പാനലുകളും കാറ്റാടികളും ഉപയോഗിച്ചാണ് ഇവര്‍ വൈദ്യുതി നിര്‍മിക്കുന്നത്. ഇവരുടെ തൊട്ടടുത്ത എതിരാളികളായ ഡോണ്‍കാസ്റ്റര്‍ പത്തൊമ്പത് ശതമാനം വൈദ്യുതിയാണ് ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്നത്. ലണ്ടനിലാകട്ടെ വെറും 0.06ശതമാനം വൈദ്യുതി മാത്രമാണ് പാരമ്പര്യേതര മേഖലയില്‍ ഉദ്പാദിപ്പിക്കുന്നത്. ബര്‍മിംഗ്ഹാമില്‍ 1.4 ശതമാനം വൈദ്യുതി ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്നു. മാഞ്ചസ്റ്ററില്‍ 6.8ശതമാനം വൈദ്യുതി ഹരിത വിഭവങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്.
സൗരോര്‍ജ്ജ വൈദ്യുതിയാണ് ഏറ്റവും കൂടുതല്‍ ഉദ്പാദിപ്പിക്കുന്നത്. അടുത്തിടെ തീരത്തു സ്ഥാപിച്ച വിന്‍ഡ്മില്ലുകളും വൈദ്യുതി ഉദ്പാദനത്തിന് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. മത്സ്യ വ്യവസായം അസ്തമിച്ചതോടെ ധാരാളം പേര്‍ക്ക് മേഖലയില്‍ തൊഴില്‍ നഷ്ടമായെങ്കിലും ഇവരുടെ കടല്‍ നൈപുണ്യം അവശേഷിക്കുന്നുണ്ട്. കടലോരത്ത് കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിക്കാനുളള ഉദ്യമത്തില്‍ അവരും പങ്ക് ചേര്‍ന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ പരിസ്ഥിതി സൗഹൃദപരമായ ഇത്തരം ഊര്‍ജ്ജോദ്പാദന രീതികള്‍ കരുത്ത് പകരുമെന്ന് കാലാവസ്ഥാ മാറ്റത്തിനെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറഞ്ഞു.
സോള്‍: അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഉത്തര കൊറിയ വീണ്ടും ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഭൂമിയെ നിരീക്ഷിക്കുന്നതിനുള്ള ഉപഗ്രഹ വിക്ഷേപണമാണ് നടന്നതെന്നാണ് ഉത്തര കൊറിയയുടെ വാദം. മിസൈല്‍ പരീക്ഷണമായിരുന്നുവെന്നും ഭൂഖണ്ഡാന്തര ആക്രമണത്തെ ലക്ഷ്യമിട്ടായിരുന്നുവെന്നും ദക്ഷിണ കൊറിയയും ജപ്പാനും അമേരിക്കയും ആരോപിച്ചു.
ഉത്തര കൊറിയന്‍ സമയം ഞായറാഴ്ച രാവിലെ 9.30നാണ് മിസൈല്‍ പരീക്ഷണം നടന്നത്. മിസൈല്‍ കുതിക്കുന്ന ദൃശ്യം ജപ്പാനിലെ ഫുഡി ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് പുറത്തുവിട്ടിട്ടുണ്ട്. ചൈനയും ഉത്തര കൊറിയയും തമ്മിലുള്ള അതിര്‍ത്തിയില്‍ നിന്നും പകര്‍ത്തിയാണ് ദൃശ്യം. മിസൈല്‍ പരീക്ഷണം വിജയമായോ എന്ന് വ്യക്തമല്ല.
ബാലിസ്റ്റിക് മിസൈല്‍ സാങ്കോതിക വിദ്യ ഉപയോഗിക്കുന്നതിന് ഐക്യരാഷ്ട്ര സമിതി ഉത്തര കൊറിയയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ യു.എന്‍ രക്ഷാസമിതി ഇന്നു തന്നെ അടിയന്തര യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര വിലക്കുകള്‍ക്കിടയിലും ആണവ, ഹൈഡ്രജന്‍ ബോംബുകള്‍ പരീക്ഷിച്ച് ഞെട്ടിച്ച ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുള്ള പ്രകോപനമായാണ് ലോകരാഷ്ട്രങ്ങള്‍ ഈ നടപടിയെ കാണുന്നത്. റോക്കറ്റ് വിക്ഷേപണം വീക്ഷിച്ചുവരികയാണെന്നു അമേരിക്ക പറഞ്ഞു. ഇതു തങ്ങള്‍ക്കോ സഖ്യകക്ഷികള്‍ക്കോ ഭീഷണിയാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും യു.എസ് പ്രതിരോധ അധികൃതര്‍ അറിയിച്ചു. വിക്ഷേപണത്തെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ജപ്പാന്റെ നിലപാട്. കഴിഞ്ഞ മാസം ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയ സാഹചര്യത്തില്‍ ഈ നടപടിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ പറഞ്ഞു.
ചെന്നൈ: ചെന്നൈയില്‍ ഒരു മാസം മുന്‍പ് കണ്ടെത്തിയ അജ്ഞാത മൃതദേഹം പോലീസ് തിരിച്ചറിഞ്ഞു. സിനിമാ താരം ശശിരേഖ (32)യാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഉടലില്‍ നിന്ന് തലയറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞതോടെ സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ ഭര്‍ത്താവ് രമേശ് (36) കാമുകിയും നടിയുമായ കോകില്യ കശിവ് (22)എന്നിവര്‍ അറസ്റ്റിലായി. കോടതിയില്‍ ഹാജരാക്കിയ ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ചെന്നൈയ്ക്ക് സമീപം രാമപുരത്ത് ജനുവരി അഞ്ചിനാണ് മാലിന്യകൂമ്പാരത്തില്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. രമേശും കാമുകിയും പിടിയിലായതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ ശശിരേഖയെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് രമേശ് വിവാഹം ചെയ്തത്. എന്നാല്‍ കോകില്യയുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും കലഹം പതിവായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി, ഗാര്‍ഹിക പീഡനം തുടങ്ങി രമേശിനെതിരെ ശശിരേഖ പരാതിയും നല്‍കിയിരുന്നുവെന്ന് പോലീസ് പറയുന്നു.
ശശിരേഖയുടെ ഉടല്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ മാറിയായിരുന്നു തിരിച്ചറിയാനാവാത്ത വിധത്തില്‍ വികൃതമായ നിലയില്‍ തല കണ്ടെടുത്തത്. തല കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞത്. അടുത്തകാലത്ത് റിലീസ് ചെയ്യാനിരിക്കുന്ന ചില ചിത്രങ്ങളിലും ശശിരേഖ സുപ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു. ‘നാളെ മുതല്‍ കുടിക്കമാട്ടേന്‍’ എന്നതാണ് ശശിരേഖ ഒടുവില്‍ അഭിനയിച്ച ചിത്രം.
കൊളംബിയ: കൊളംബിയയില്‍ 3177 ഗര്‍ഭിണികളെ സിക വൈറസ് ബാധിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് മൊത്തം 25,645 പേര്‍ക്ക് സിക ബാധിച്ചതായും പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്റോസ് പറഞ്ഞു. രാജ്യത്തെ സിക ബാധിതരുടെ എണ്ണം ആറുലക്ഷത്തിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കിഴക്കന്‍ നോര്‍ട്ട് ദെ സാന്റാന്‍ഡറിലാണ് ഏറ്റവും കൂടുതല്‍ ഗര്‍ഭിണികളില്‍ സിക ബാധിച്ചിട്ടുളളത്.
ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്ന കരിബീയയില്‍ 11,000 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിക വൈറസ് നവജാത ശിശുക്കളെ തലച്ചോര്‍ വികാസത്തെ ബാധിക്കും. എന്നാല്‍ കൊളംബിയയില്‍ ഇതുവരെ ഇത്തരം പ്രശ്‌നങ്ങളുളള കുട്ടികള്‍ ജനിച്ചിട്ടില്ലെന്നും പ്രസിഡന്റ് സാന്റോസ് പറഞ്ഞു. വൈറസ് ബാധ തടയാനായി കൊതുകുവളരുന്നതിനുളള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും പ്രസിഡന്റ് നല്‍കിയിട്ടുണ്ട്. വെളളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്നും പുകയിടുന്നത് ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സിക അനിയന്ത്രിതമാം വിധം പടരുകയാണ്. സിക ബാധയെ തുടര്‍ന്ന് കൊളംബിയയില്‍ മൂന്ന് പേര്‍ മരിച്ചു. സിക വൈറസ് ബാധിച്ച് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ടാണ് മരണം സംഭവിക്കുന്നത്. നാഡീവ്യൂഹത്തെ ഈ രോഗം ബാധിക്കുന്നു. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടാനും സിക വൈറസ് കാരണമാകുന്നു.
ഷിബു മാത്യു
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യൂറോപ്പിലെ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹാപ്പി അച്ചന്‍ എന്നു വിളിക്കുന്ന
റവ. ഫാ. ഹാപ്പി ജേക്കബ് മലയാളം യുകെയില്‍ എഴുതുന്നു.
ശുദ്ധമുളള നോമ്പേ, സമാധാനത്താലെ വരിക…
നോയമ്പുകാലത്തേക്കുറിച്ചുള്ള വ്യക്തമായ ചിന്തകള്‍…
നോയമ്പിലെ എല്ലാ ഞായറാഴ്ചകളിലും മലയാളം യുകെയില്‍…
ക്രിസ്തീയ വിശ്വാസത്തില്‍ യൂറോപ്പില്‍ ജീവിക്കുമ്പോഴും ജീവിതത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ വ്യക്തമായി പ്രസ്താവിക്കപ്പെടുകയാണിവിടെ. യൂറോപ്പില്‍ പ്രശസ്തനായ ഹാപ്പിയച്ചന് ഈ നോയമ്പു കാലത്ത് യൂറോപ്പിലെ മലയാളികളായ എല്ലാ വിശ്വാസികളോടും പറയുവാന്‍ ഒരു പാടുണ്ട്.