ലണ്ടന്‍: ഫാമിലി ഡോക്ടര്‍മാര്‍ വന്‍ തോതില്‍ എന്‍എച്ച്എസില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറെടുക്കുന്നതായി സൂചന. അഞ്ച് ജിപിമാരില്‍ രണ്ട് പേരെങ്കിലും എന്‍എച്ച്എസ് വിടാന്‍ തയ്യാറെടുക്കുന്നുവെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ഫാമിലി ഡോക്ടര്‍മാരുടെ ആത്മവിശ്വാസം ഇല്ലാതാകുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആരോഗ്യമേഖലയില്‍ വന്‍ പ്രതിസന്ധിക്ക് കാരണമായേക്കാവുന്ന സ്ഥിതിവിശേഷമാണ് ഇതിലൂടെ ഉണ്ടാവുകയെന്ന് വിലയിരുത്തപ്പെടുന്നു. ജിപി സര്‍ജറികള്‍ ആഴ്ചയില്‍ എല്ലാ ദിവസവും തുറക്കാനുള്ള തീരുമാനം മുതല്‍ ഡോക്ടര്‍മാരുടെ അസംതൃപ്തി വര്‍ദ്ധിച്ചു വരികയാണ്.

രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 മണി വരെ ജിപിസര്‍ജറികള്‍ തുറക്കണമെന്ന് നിര്‍ദേശം ജെറമി ഹണ്ടാണ് പുറപ്പെടുവിച്ചത്. എന്‍എച്ച്എസ് ആശുപത്രികളിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായി ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ജനറലിസ്റ്റുകളെ നിയമിക്കാനും തീരുമാനിച്ചിരുന്നു. നിലവില്‍ വര്‍ദ്ധിച്ചു വരുന്ന രോഗികളുടെ എണ്ണവും ജീവനക്കാരുടെ കുറവും ഫണ്ടുകള്‍ ഇല്ലാത്തതും മൂലം ജിപികള്‍ പ്രതിസന്ധിയിലാണെന്ന് നേരത്തേ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. ബ്രെക്സിറ്റ് മൂലം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ തിരികെ പോയാല്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാകും.

2000 ജിപിമാര്‍ക്കിടയില്‍ എക്സെറ്റര്‍ മെഡിക്കല്‍ സ്‌കൂളിലെ വിദഗ്ദ്ധര്‍ നടത്തിയ സര്‍വേയിലാണ് ജിപിമാര്‍ എന്‍എച്ച്എസ് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി വ്യക്തമായത്. അവരില്‍ പകുതിയും ഈ സംവിധാനത്തില്‍ തങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായതായി പറയുന്നു. പ്രതിസന്ധി വളരെ രൂക്ഷമാണെന്നും സര്‍ക്കാര്‍ ശക്തമായ തീരുമാനങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്നും ഗവേഷകര്‍ പറയുന്നു. പ്രതിസന്ധി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരാതിരിക്കുന്നതിന് ഇത് അത്യാവശ്യമാണെന്ന അഭിപ്രായമാണ് വിദഗ്ദ്ധര്‍ പങ്കുവെക്കുന്നത്.
ഫുള്‍ ടൈം പ്രാക്ടീസ് നടത്തുന്ന ജിപിമാരുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ മാസം പുറത്തു വിട്ട കണക്കുകള്‍ അനുസരിച്ച് 34500 ജിപിമാര്‍ ഇപ്പോള്‍ എന്‍എച്ച്എസില്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിത്ത് 0.3 ശതമാനത്തിന്റെ കുറവാണ് ഇതില്‍ രേഖപ്പെടുത്തിയത്. 2020ഓടെ 5000 ജിപിമാരെക്കൂടി നിയനിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. എന്നാല്‍ ബിഎംഎ നടത്തിയ സര്‍വേയനുസരിച്ച് മൂന്നിലൊന്ന് ജിപി സര്‍ജറികളിലും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താതെ കിടക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ഇവയിലേക്ക് നിയമനം നടക്കാന്‍ സാധ്യതയില്ലെന്നും വിലയിരുത്തപ്പെടുന്നു.