തിരുവനന്തപുരം: എസ്ബിടി എസ്ബിഐയില്‍ ലയിച്ചതോടെ സംസ്ഥാനത്തിന് സ്വന്തമായുണ്ടായിരുന്ന ബാങ്ക് ഇല്ലാതായതിന്റെ കുറവ് നികത്താന്‍ പുതിയ ബാങ്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. ബാങ്ക് രൂപീകരണത്തിന് മുന്നോടിയായി ജില്ലാ സഹകരണ ബാങ്കുകളുടെ അംഗത്വം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുമായി പരിമിതപ്പെടുത്തിയെന്നാണ് വിവരം. ഇതിനായി സഹകരണ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കിയെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിച്ചുകൊണ്ട് പുതിയ ബാങ്ക് രൂപീകരിക്കാനാണ് പദ്ധതി.

ഇത് നിലവില്‍ വരുന്നതോടെ 14 ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും ഭരണ സമിതികള്‍ അസാധുവാകും. ജില്ലാ സഹകരണ ബാങ്കുകളില്‍ 13 എണ്ണവും സംസ്ഥാന സഹകരണ ബാങ്കും യുഡിഎഫ് ഭരണത്തിലായിരുന്നു. ബാങ്ക് ഭരണസ്തംഭനം ഒഴിവാക്കാന്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെയോ അഡ്മിനിട്രേറ്ററെയോ നിയമിക്കാന്‍ സഹകരണ റജിസ്ട്രാര്‍ക്കു സര്‍ക്കാര്‍ അധികാരം നല്‍കിയിട്ടുണ്ട്. എല്ലായിടത്തും അഡ്മിനിസ്ട്രേറ്റര്‍മാര്‍ ഇന്നലെ തന്നെ ചുമതലയേറ്റു. പരമാവധി ഒരു വര്‍ഷമാണ് അഡ്മിനിട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി. അതിനു മുന്‍പു പുതിയ സമിതിയെ തിരഞ്ഞെടുക്കണം.

മറ്റു സഹകരണ സംഘങ്ങള്‍ക്കും ജില്ലാ ബാങ്കില്‍ അംഗത്വമുണ്ടായിരുന്ന സ്ഥിതിയാണ് ഓര്‍ഡിനന്‍സോടെ മാറുന്നത്. സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചു സഹകരണ റജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സമിതി പഠനം നടത്തിയിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു നിയമ ഭേദഗതിയെന്നു മുഖ്യമന്ത്രി അറിയിച്ചു. ഓര്‍ഡിനന്‍സ് പ്രാബല്യത്തിലാകുമ്പോള്‍ ജില്ലാ സഹകരണ ബാങ്കുകളിലെ ഭരണസമിതികള്‍ സ്വമേധയാ പിരിഞ്ഞുപോവുകയാണു ചെയ്യുന്നതെന്നു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ബാങ്ക് രൂപീകരണം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി 17,18 തിയതികളില്‍ യോഗം ചേര്‍ന്നു ശുപാര്‍ശകള്‍ക്ക് അന്തിമ രൂപം നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി. ബാങ്കിന്റെ പേര് ഉള്‍പ്പെടെയുള്ളഴ പിന്നീടു തീരുമാനിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ച സാഹചര്യത്തില്‍ കേരളത്തിനു സ്വന്തമായൊരു ബാങ്ക് അത്യാവശ്യമാണെന്ന വിലയിരുത്തലിലാണ് സര്‍ക്കാരിന്റെ നീക്കം.