Main News

ദമാസ്‌കസ്: ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി ഐസിസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഐസിസ് മാസികയായ ദബിക്കില്‍ വന്ന ചരമക്കുറിപ്പിലാണ് ഇക്കാര്യം ഐസിസ് വ്യക്തമാക്കിയിട്ടുളളത്. വ്യോമാക്രമണത്തിലാണ് ജോണ്‍ കൊല്ലപ്പെട്ടതെന്ന കാര്യവും ചരമക്കുറിപ്പ് വ്യക്തമാക്കുന്നു. ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ ഡേവിഡ് ഹാരിന്‍സിന്റെയും ടാക്‌സി ഡ്രൈവര്‍ അലന്‍ ഹെന്നിംഗിന്റെയും അടക്കമുളള ശിരച്ഛേദ വീഡിയോകളിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച മുഹമ്മദ് എംവസിയാണ് ജിഹാദി ജോണ്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അമേരിക്കന്‍ വ്യോമാക്രമണത്തിലാണ് ജോണ്‍ കൊല്ലപ്പെട്ടതെന്ന് ഐസിസ് വ്യക്തമാക്കുന്നു. ഇയാള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് നവംബറില്‍ പെന്റഗണ്‍ അറിയിച്ചിരുന്നു.
നവംബര്‍ പന്ത്രണ്ടിനാണ് ജോണ്‍ കൊല്ലപ്പെട്ടതെന്ന് ദബീഖ് മാസികയിലുണ്ട്. റഖയില്‍ വച്ച് ജോണ്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ ആളില്ലാ വിമാനം ആക്രമണം നടത്തുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ച് മുഖം മറയ്ക്കാതെ പുഞ്ചിരിച്ച് കൊണ്ട് ഭൂമിയിലേക്ക് നോക്കി നില്‍ക്കുന്ന ജോണിന്റെ ചിത്രവും മാസികയിലുണ്ട്. ലണ്ടനില്‍ നിന്ന് കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ ബിരുദം നേടിയ ജോണ്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയുടെ കൊലപാതക ദൃശ്യങ്ങളിലൂടെയാണ് കുപ്രസിദ്ധനായത്. ബ്രിട്ടീഷുകാരായ അലന്‍ ഹെന്നിംഗിന്റെയും ഡേവിഡ് ഹെയിന്‍സിന്റെയും അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ സ്റ്റീവന്‍ സോട്ട്‌ലോഫിന്റെയും സന്നദ്ധ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍ കസിംഗിന്റെയും ജപ്പാന്‍ മാധ്യമപ്രവര്‍ത്തകരായ കെന്‍ജി ഗോട്ടോയുടെയും ഹാരുന യുക്കാവയുടെയും കൊലപാതക ദൃശ്യങ്ങളിലും ഇയാളുണ്ടായിരുന്നു.

കുവൈറ്റ് സ്വദേശിയായ എംവസി ആറാം വയസിലാണ് ബ്രിട്ടനിലേക്ക് പോയത്. ഇയാള്‍ പിന്നീട് സോമാലിയയിലെ തീവ്രവാദ സംഘമായ അല്‍ഷബാബിന് വേണ്ടി ധനശേഖരണം തുടങ്ങിയതോടെ ബ്രിട്ടീഷ് സുരക്ഷാ ഏജന്‍സികളുടെ നോട്ടപ്പുളളിയായി മാറി. ഇതിനായി ലണ്ടന്‍ ബോയ്‌സ് എന്ന ഒരു സംഘവും ഇയാളുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരന്നു. ഇവരെല്ലാം പശ്ചിമ ലണ്ടനില്‍ ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. ആരാധനയ്ക്കായി ഒരേ പളളിയിലാണ് ഇവര്‍ പോയിരുന്നതും. ഇതില്‍ മൂന്ന് പേര്‍ ഇതിനകം തന്നെ മരിച്ചു. നിരവധി പേര്‍ ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെട്ട ഒരാള്‍ സുഡാനില്‍ കഴിയുന്നു.

ബിലാല്‍ അള്‍ ബെര്‍ജാവിയും മുഹമ്മദ് സക്കറും ഈ സംഘത്തിലുണ്ടായിരുന്നവരാണ്. പിന്നീടിവര്‍ ഇസ്ലാമിക തീവ്രവാദി സംഘമായ അല്‍ഷബാബില്‍ ചേരാനായി സൊമാലിയയിലേക്ക് പോയി. 2012 ജനുവരിയില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടും മുമ്പ് ബെര്‍ജാവി സംഘത്തലവനായി. വെസ്റ്റ്മിനിസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ എംവസി ജോലിക്കായി വിദേശഭാഷാ പ്രാവീണ്യം നേടി വിദേശത്തേക്ക് പോയി. 2009ല്‍ ഇയാളും മറ്റ് രണ്ട് പേരും പൊലീസ് പിടിയിലായതോടെയാണ് എംഐ5 ഇയാളെ ശ്രദ്ധിച്ചു തുടങ്ങിയത്. ടാന്‍സാനിയയിലേക്കുളള യാത്രയ്ക്കിടെ ആയിരുന്നു ഇത്. എന്നാല്‍ ഇവര്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്കൊപ്പം അല്‍ഷബാബില്‍ ചേരാനുളള യാത്രയായിരുന്നു ഇതെന്നാണ് ഇന്റലിജന്‍സിന്റെ നിഗമനം. അന്നിയാള്‍ വേറൊരു പേരാണ് അന്വേഷണോദ്യഗസ്ഥരോട് ചോദ്യം ചെയ്യലിനിടെ പറഞ്ഞത്.

പിന്നീട് 2012-13ഓടെ ഇയാള്‍ ബ്രിട്ടനില്‍ നിന്ന് പോയി. മുഹമ്മദ് അല്‍ അയന്‍ എന്ന് പേര് മാറ്റുകയും ചെയ്തു. ഏതായാലും ഇയാളുടെ മരണം പലര്‍ക്കും ആശ്വാസം പകരുന്നുണ്ട്. ക്രൂരമായ കൊലപാതക ദൃശ്യങ്ങളില്‍ ഇയാളെ കാണണ്ടേതില്ലെന്ന ആശ്വാസത്തിലാണ് ഇയാളുടെ പഴയ ഇരകളുടെ ബന്ധുക്കള്‍.

ന്യൂഡല്‍ഹി: കുഞ്ഞ് അനുജത്തി കണ്‍മുന്നില്‍ പിടഞ്ഞുമരിച്ചിട്ടും തളരാതെ മറ്റ് രണ്ട് ജീവന്‍ രക്ഷിച്ച എട്ടു വയസ്സുകാരിക്ക് കുട്ടികളിലെ ധീരതയ്ക്കുള്ള ഗീത ചോപ്ര പുരസ്‌കാരം. തെലുങ്കാന സ്വദേശി ശിവംപേട്ട് രുചിത എന്ന എട്ടു വയസ്സുകാരിക്കാണ് ഇത്തവണത്തെ കുട്ടികളിലെ ധീരതയ്ക്കുള്ള ഗീത ചോപ്ര പുരസ്‌കാരം തേടിയെത്തിയത്. സ്‌കൂള്‍ ബസ് ട്രെയിന്‍ അപകടത്തില്‍ നിന്ന് രണ്ടുപേരെ രക്ഷിച്ചതിനാണ് രുചിതയെ തേടി ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ പുരസ്‌കാരം എത്തിയത്.

2014 ജൂലൈ 24നു രാവിലെ കളിചിരിയുമായി രുചിതയും അനുജത്തിയും കൂട്ടുകാര്‍ക്കൊപ്പം സ്‌കൂള്‍ബസില്‍ പോകുമ്പോള്‍ ലവല്‍ക്രോസില്‍വച്ച് ബസ് കേടായി. സ്റ്റാര്‍ട്ട് ചെയ്യുംമുന്‍പ് ട്രെയിന്‍ പാഞ്ഞുവന്നു. രുചിതയും മറ്റു കൂട്ടുകാരും
ഡ്രൈവര്‍ക്കു മുന്നറിയിപ്പു കൊടുത്തെങ്കിലും ഫലമുണ്ടായില്ല. രുചിത ഉടന്‍ പുറത്തിറങ്ങി രണ്ടു സുഹൃത്തുക്കളെ ബസിന്റെ ജനാലവഴി പുറത്തേക്കു വലിച്ചിട്ടു. സ്വന്തം സഹോദരിയെ രക്ഷിക്കും മുന്‍പ് ട്രെയിന്‍ ബസില്‍ ഇടിച്ചു. ആകെ 36 കുട്ടികളാണു ബസിലുണ്ടായിരുന്നത്. രുചിതയുടെ അനുജത്തി ഉള്‍പ്പെടെ 18 പേര്‍ ദുരന്തത്തില്‍ മരിച്ചു.

സഹോദരിയുടെ മരണം മനസ്സില്‍ നൊമ്പരമായി ശേഷിക്കുമ്പോഴും രണ്ടു പേരുടെ ജീവന്‍ രക്ഷിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണ് പുരസ്‌കാരം വാങ്ങാന്‍ കൊച്ചുരുചിത ഡല്‍ഹിയില്‍ എത്തിയത്. പെണ്‍കുട്ടികളിലെ അസാമാന്യ ധീരതയ്ക്കുള്ളതാണ് ഗീത ചോപ്ര പുരസ്‌കാരം. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഗീത ചോപ്ര എന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പേരിലുള്ളതാണ് പുരസ്‌കാരം. ഗീതയെയും സഹോദരന്‍ സഞ്ജയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രംഗ, ബില്ല എന്നിവരെ തൂക്കിലേറ്റിയിരുന്നു.

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി രോഹിത് ജീവനൊടുക്കിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ത്ഥി പ്രതിഷേത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹൈദരാബാദ് സര്‍വകാലാശാലയിലെത്തി. ദളിത് വിദ്യാര്‍ത്ഥികള്‍ക്കുമേലുള്ള സാമൂഹ്യ ബഹിഷ്‌ക്കരണത്തിനും അനീതിക്കുമെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭമെന്ന് അദ്ദേഹം പറഞ്ഞു. സമരപന്തലില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരുമായി അദ്ദേഹം കാര്യങ്ങള്‍ അന്വേഷിച്ചു.
ഞാനിവിടെ വന്നത് രോഹിതിന് വേണ്ടിയാണെന്നും രോഹിത് ഒറ്റയ്ക്കല്ലെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും പ്രതിഷേധം നടക്കുന്നുണ്ട്. രോഹിതിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികള്‍ വിസിയും കേന്ദ്രമന്ത്രിയുമാണ്. രോഹിതിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തണം. രോഹിതിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. സാമ്പത്തികമായി മാത്രമല്ല സ്വാഭിമാനവും ജോലിയും രോഹിത് അവന്റെ മാതാപിതാക്കള്‍ക്ക് നല്‍കിയ സുരക്ഷിത ഭാവിയും നല്‍കണം.

ഒരു രാഷ്ട്രീയക്കാരനായല്ല. മറിച്ച് യുവാവായ വ്യക്തിയെന്ന നിലയ്ക്കാണ് ഇവിടെ വന്നത്. ഓരോരുത്തര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. മത-ജാതിഭേദമന്യേ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ നിയമനിര്‍മാണം നടത്തേണ്ടതുണ്ട്. രോഹിതിന്റെ കുടുംബത്തിനും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. രോഹിതിന്റെ മാതാപിതാക്കളെ അദ്ദേഹം സന്ദര്‍ശിച്ചു.

രോഹിതിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഹൈദരാബാദ് യൂണിവേഴിസ്റ്റിയിലും രാജ്യത്തെ മറ്റു സര്‍വകലാശാലകളിലും പ്രതിഷേധം കത്തുകയാണ്. കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയ്‌ക്കെതിരെയും സര്‍വകലാശാല വിസിക്കെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്.

രോഹിതിന്റെ മരണത്തില്‍ ആരോപണ വിധേയനായ കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയുടെ വസതിക്ക് മുന്നില്‍ ഇന്ന് രാവിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായെത്തിയത് സംഘര്‍ഷത്തിനിടയാക്കി. പ്രക്ഷോഭകരെ പൊലീസ് ബലമായി നീക്കി. അതിനിടെ രോഹിതിന്റെ മൃതദേഹം പൊലീസ് രഹസ്യമായി സംസ്‌ക്കരിച്ചുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

അതിനിടെ, രോഹിതിന്റെ ആത്മഹത്യയോടെ പ്രശ്‌നത്തിന് ദേശീയമാനം കൈവന്നു. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രോഹിതിന്റേത് കൊലപാതകമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഇത് ആത്മഹത്യയല്ല. കൊലപാതകമാണ്. ജനാധിപത്യത്തിന്റെയും സാമൂഹ്യ നീതിയുടേയും തുല്യതയുടെയും കൊലപാതകം. മന്ത്രിയെ പുറത്താക്കി മോഡി ഇതില്‍ മാപ്പു പറയണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. ദളിതരുടെ ഉന്നമനം കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാപരമായ ചുതലയാണ്. അതിന് പകരം മോഡിയുടെ മന്ത്രി അഞ്ച് ദളിത് വിദ്യാര്‍ത്ഥികളെ പുറത്താക്കുകയാണ് ചെയ്തത്. അദ്ദേഹം കുറ്റപ്പെടുത്തി.

rohitvemula

ദളിത് വിരുദ്ധ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ വെച്ചുപുലര്‍ത്തുന്നതെന്നും രോഹിതിന്റെ മരണത്തിന് കാരണക്കാരനായ മന്ത്രി ബന്ദാരു ദത്താത്രേയ രാജിവെക്കണമെന്നും കോണ്‍ഗ്രസ് വക്താവ് പിസി ചാക്കോ ആവശ്യപ്പെട്ടു.

ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയയ്ക്കും സര്‍വകലാശാല വിസി അപ്പറാവുവിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പട്ടികജാതി, പട്ടിക വര്‍ഗ നിയമപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രോഹിതടക്കമുള്ള എഎസ്എ പ്രവര്‍ത്തകര്‍ക്കെതിരെ എബിവിപിയും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും ദേശവിരുദ്ധതയടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും നടപടി എടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. വി.സിയുടെ കീഴില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ആരോപണങ്ങള്‍ അന്വേഷിച്ച് കഴമ്പില്ലെന്ന് തെളിഞ്ഞെങ്കിലും വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്കന്തരാബാദ് എം.പിയും തൊഴില്‍ മന്ത്രിയുമായ ബന്ദാരു ദത്തത്രേയ രംഗത്തുവരികയായിരുന്നു. എഎസ്എ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ തീവ്രവാദികളും ദേശദ്രോഹികളുമാണെന്ന് ആരോപിച്ച് ഇദ്ദേഹം കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കത്തയക്കുകയും ചെയ്തു. യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്തവരാണ് വിദ്യാര്‍ത്ഥികളെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് യാക്കൂബ് മേമന്‍ കേസില്‍ എ.എസ്.എ വിദ്യാര്‍ഥികള്‍ സ്വീകരിച്ച നിലപാട് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ ശക്തികള്‍ വി.സിയെ സമീപിച്ചു. ഇക്കാര്യത്തില്‍ യാതൊരു വിശദീകരണം തേടാതെ വി.സി ദളിത് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കാുകയായിരുന്നു.

Rohith-Vemula

മൃതദേഹം രഹസ്യമായി സംസ്‌ക്കരിച്ചു?

അതിനിടെ, രോഹിതിന്റെ മൃതദേഹം പൊലീസ് അതീവ രഹസ്യമായി സംസ്‌ക്കരിച്ചതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഉപ്പലില്‍ വെച്ച് സംസ്‌ക്കരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതുപ്രകാരം ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഉപ്പലില്‍ പോയെങ്കിലും പൊലീസ് അവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവത്രെ. പൊലീസ് അതീവ രഹസ്യമായി അംബര്‍പേട്ടിലെ ശ്മശാനത്തില്‍ രോഹിതിന്റെ മൃതദേഹം സംസ്‌ക്കരിക്കുകയായിരുന്നു. അംബര്‍പേട്ടിലെ ശ്മശാന ജീവനക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും സഹപാഠികള്‍ പറയുന്നു.

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടിയെടുക്കാന്‍ കത്തയച്ച കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രധാനമന്ത്രി മാപ്പു പറയണമെന്നും രോഹിതിന്റെ മരണം കൊലപാതകമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ആത്മഹത്യയേത്തുടര്‍ന്ന് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയം രംഗത്തെത്തി. രോഹിത് വെമുലയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഇന്ന് ഹൈദരാബാദിലെത്തും.
രോഹിതിന്റെ മരണത്തില്‍ ആരോപണ വിധേയനായ കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയുടെ വസതിക്ക് മുന്നില്‍ രാവിലെ പ്രതിഷേധത്തിനത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് ബലമായി നീക്കി. അതിനിടെ രോഹിതിന്റെ മൃതദേഹം പൊലീസ് രഹസ്യമായി സംസ്‌ക്കരിച്ചുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഉപ്പലില്‍ വെച്ച് സംസ്‌ക്കരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതുപ്രകാരം ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഉപ്പലില്‍ പോയെങ്കിലും പൊലീസ് അവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവത്രെ. പൊലീസ് അതീവ രഹസ്യമായി അംബര്‍പേട്ടിലെ ശ്മശാനത്തില്‍ രോഹിതിന്റെ മൃതദേഹം സംസ്‌ക്കരിക്കുകയായിരുന്നു. അംബര്‍പേട്ടിലെ ശ്മശാന ജീവനക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും സഹപാഠികള്‍ പറയുന്നു.

ഞായറാഴ്ച്ച വൈകിട്ടോടെയാണ് സര്‍വകലാശാല ഹോസ്റ്റലില്‍ രോഹിതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രോഹിത് അടക്കം അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരായ അഞ്ച് ദളിത് ഗവേഷക വിദ്യാര്‍ത്ഥികളെ സര്‍വകലാശാല വിസി ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതില്‍ രോഹിതിന് കടുത്ത മനോവിഷമം നേരിട്ടിരുന്നതായി സഹപാഠികള്‍ പറയുന്നു. ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയയ്ക്കും സര്‍വകലാശാല വിസി അപ്പറാവുവിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പട്ടികജാതി, പട്ടിക വര്‍ഗ നിയമപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രോഹിതടക്കമുള്ള എഎസ്എ പ്രവര്‍ത്തകര്‍ക്കെതിരെ എബിവിപിയും ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകരും ദേശവിരുദ്ധതയടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും നടപടി എടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. വി.സിയുടെ കീഴില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ആരോപണങ്ങള്‍ അന്വേഷിച്ച് കഴമ്പില്ലെന്ന് തെളിഞ്ഞെങ്കിലും വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്കന്തരാബാദ് എം.പിയും തൊഴില്‍ മന്ത്രിയുമായ ബന്ദാരു ദത്തത്രേയ രംഗത്തുവരികയായിരുന്നു.

കൊച്ചി: സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി 20ന് നടക്കും. യുഎഇ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി ആയിരിക്കും ഉദ്ഘാടനം നിര്‍വഹിക്കുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ല എന്നാണ് വിവരങ്ങള്‍. പദ്ഥതി അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ദുബായില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിനു ശേഷം അറിയിച്ചിരുന്നു.
വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തിലാണ് കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്താന്‍ നിശ്ചയിച്ചത്. രണ്ടാംഘട്ടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും അന്നേദിവസം നടക്കും. മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഏഴുകെട്ടിടങ്ങളുടെ തറക്കല്ലിടലാണ് രണ്ടാംഘട്ടത്തിന്റെ മുന്നോടിയായി നടക്കുന്നത്.

47 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുളള ഇത് കൂടി പ്രാവര്‍ത്തികമാകുന്നതോടെ 70,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്ന എസ്‌സികെ 01 എന്ന ഐടി ടവറില്‍ ഒരു ഷിഫ്റ്റില്‍ 5500 പേര്‍ക്ക് ജോലി ചെയ്യാം. ഇന്ത്യയിലും വിദേശത്തുമുളള 25 കമ്പനികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ലണ്ടന്‍: എന്‍എച്ച്എസില്‍ വനിതാ ഡോക്ടര്‍മാരുടെ എണ്ണം കൂടിയതാണ് ജോലി സമയം വര്‍ദ്ധിപ്പിച്ചതിനെതിരേയുള്ള സമരത്തിന് കാരണമെന്ന് സണ്‍ഡേ ടൈംസില്‍ ലേഖനം. കഴിഞ്ഞയാഴ്ച നടന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്കിന്റെ കാരണം എന്‍എച്ച്എസിന്റെ വനിതാവല്‍ക്കരണമാണെന്നാണ് കോളം എഴുതിയ ഡൊമിനിക് ലോസണ്‍ അഭിപ്രായപ്പെടുന്നത്. സ്ത്രീ ഡോക്ടര്‍മാര്‍ തങ്ങളുടെ കുട്ടികളുടെ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ പുരുഷന്‍മാരേക്കാള്‍ അവര്‍ വിമുഖത കാട്ടുന്നു. ആക്‌സിഡന്റ് എമര്‍ജന്‍സി വാര്‍ഡുകളിലാണ് ഇതിന്റെ ദോഷവശം ഏറ്റവും കൂടുതല്‍ പ്രകടമാകുന്നതെന്നും ലോസണ്‍ തന്റെ ലേഖനത്തില്‍ പറയുന്നു.
ഹെല്‍ത്ത് സര്‍വീസിന്റെ ഭാവി എന്ന പേരില്‍ 2008ല്‍ പുറത്തു വന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ ഡോ. ബ്രയാന്‍ മക് കിന്‍സ്ട്രിയുടെ വാക്കുകളും തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ ലോസണ്‍ ഉപയോഗിക്കുന്നു. പുരുഷന്‍മാരായ ഡോക്ടര്‍മാരേക്കാള്‍ കുറവു സമയം മാത്രമേ സ്ത്രീകളായ ഡോക്ടര്‍മാര്‍ സേവനത്തിനായി വിനിയോഗിക്കാന്‍ തയ്യാറാകുന്നുള്ളു എന്നായിരുന്നു മക് കിന്‍സ്ട്രി പറഞ്ഞത്. രാജ്യത്ത് സേവനത്തിന് തയ്യാറാകുന്ന ജിപികളുടെ എണ്ണം കുറവാണെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഒരു പ്രൊഫഷണലായി ഓരോ മെഡിക്കല്‍ വിദ്യാര്‍ത്ഥിയേയും മാറ്റിയെടുക്കുന്നതിന് അഞ്ചു ലക്ഷം പൗണ്ടാണ് പൊതുഖജനാവില്‍ നിന്ന് ചെലവാകുന്നത്.

കോളം പ്രസിദ്ധീകരിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരേ വലിയ ആക്രമണമാണ് ഉണ്ടായത്. തങ്ങള്‍ക്കെതിരായ പരാമര്‍ശത്തിനെതിരേ വനിതാ ഡോക്ടര്‍മാരും രംഗത്തെത്തി. ജോലി സമയം വര്‍ദ്ധിപ്പിച്ച സംഭവത്തെ സാമൂഹ്യവിരുദ്ധ നടപടിയെന്നായിരുന്നു ഡോക്ടര്‍മാര്‍ വിശേഷിപ്പിച്ചിരുന്നത്. ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട്, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ എന്നിവരുമായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനേത്തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്. ഫെബ്രുവരിയില്‍ രണ്ടാം വട്ട സമരം നടക്കും.

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി. മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ട് ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി തലശേരി സെഷന്‍സ് കോടതി തള്ളി. കേസില്‍ പ്രതിയല്ലാത്തതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേസില്‍ സിബിഐ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു കാട്ടി സിബിഐ രണ്ടു വട്ടം നോട്ടീസ് നല്‍കിയെങ്കിലും ജയരാജന്‍ ഹാജരായിരുന്നില്ല. ആറുമാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ഇപ്പോള്‍ രണ്ടാംതവണയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത്.
ഇതു വരെ ജയരാജന്‍ കേസില്‍ പ്രതിയല്ലെന്നും ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യം നിലനില്‍ക്കുന്നുവെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ ജയരാജനെ കേസില്‍ പ്രതി ചേര്‍ക്കണമോ എന്ന് തീരുമാനിക്കുകയുള്ളു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും സിബിഐ അറിയിച്ചു.

ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായത്. കേസില്‍ 505 ദിവസമായി അന്വേഷണം നടക്കുകയാണെങ്കിലും ജയരാജനെതിരെ എന്തെങ്കിലും തെളിവ് ഹാജരാക്കാനോ പ്രതിയാക്കാനോ സി.ബി.ഐക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യം കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്ന് ജയരാജന്റെ അഭിഭാഷകന്‍ വാദിച്ചു.

ജനുവരി നാലിന് ഹാജരാകുവാന്‍ സിബിഐ ജയരാജനോട് ആവിശ്യപ്പെട്ടിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുളളതിനാല്‍ ഒരാഴ്ചത്തേക്ക് അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. പിന്നീട് 12ന് ഹാജരാകുവാന്‍ നോട്ടീസ് നല്‍കി. സിബിഐ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് ജയരാജന്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അന്വേഷണ സംഘവുമായി സഹകരിക്കാനും, ഹാജരാകാനും തയ്യാറാണെന്നും അഭിഭാഷകന്‍ മുഖേന ജാമ്യാപേക്ഷയില്‍ വിശദമാക്കിയിരുന്നു.

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ഉത്സവത്തിനു സമാപനം കുറിച്ച് പമ്പയില്‍ നടക്കുന്ന ആറാട്ടിനും ഇനി മുതല്‍ സ്ത്രീകള്‍ക്ക് വിലക്ക്. ഈ വര്‍ഷം മുതല്‍ ആറാട്ടിന് സ്ത്രീകളെ പങ്കെടുപ്പിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ ആറാട്ടിനു പങ്കെടുക്കുന്നത് ദേവഹിതത്തിന് എതിരാണ്. അതുകൊണ്ട് ഇത്തവണ പത്തിനും അമ്പതിനും മദ്ധ്യേ പ്രായമുളള സ്ത്രീകള്‍ എത്തുന്നത് തടയുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 23നാണ് പമ്പയില്‍ ആറാട്ട് നടക്കുന്നത്.
തന്ത്രിമാരും, ദൈവജ്ഞന്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ആറാട്ട് സമയത്ത് സ്ത്രീകള്‍ എത്തുന്നത് ദേവഹിതത്തിന് എതിരാണെന്ന് നേരത്തെ തന്നെ വിധിച്ചിട്ടുണ്ട്. ഇത് ഹൈക്കോടതി ശരിവെക്കുകയും ചെയ്തിട്ടുണ്ട്. ശബരിമലയില്‍ എത്തി ഭഗവാനെ കാണുവാന്‍ കഴിയാത്തതിനാല്‍ പമ്പയില്‍ ആറാട്ടുസമയത്ത് കണ്ടുതൊഴാം എന്നാണ് വിശ്വാസികളായ സ്ത്രീകള്‍ ധരിച്ചിരുന്നത്. എന്നാല്‍ ആ ധാരണ തെറ്റാണെന്നും ഇനിയുളള കാലം ഇത് തുടരാന്‍ കഴിയില്ലെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. വിശ്വാസികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് വൃശ്ചിക മാസത്തിലെ കറുത്തവാവിന് പമ്പയില്‍ എത്താമെന്നും അദ്ദേഹം വിശദീകരിച്ചു. അന്നേദിവസം നടക്കുന്ന ദശരഥ ജടായു ബലിതര്‍പ്പണ ദിനത്തില്‍ സ്ത്രീകള്‍ക്ക് പമ്പയിലിറങ്ങി ബലിതര്‍പ്പണം നടത്താം. പമ്പയിലെ ഗണപതി, ഹനുമാന്‍,ദേവി, ശ്രീരാമ ക്ഷേത്രങ്ങളില്‍ അന്നേദിവസം സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താനുളള സജ്ജീകരണങ്ങള്‍ ദേവസ്വം ഒരുക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ബെര്‍ലിന്‍: ജര്‍മനിയിലെ മഞ്ഞുകാല വിനോദസഞ്ചാര കേന്ദ്രമായ ആള്‍ട്ടന്‍ബര്‍ഗില്‍ ഹിറ്റ്‌ലര്‍ മീശയും സ്വസ്തിക പതിച്ച ഹെല്‍മെറ്റുമായെത്തിയയാള്‍ അഭയാര്‍ത്ഥികളെ ആക്രമിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയാണ് ഇയാള്‍ ആക്രമിച്ചത്. ഓര്‍ മലനിരകളില്‍ സ്‌കീയിംഗിന് എത്തിയ അഭയാര്‍ത്ഥികളായ രണ്ടു യുവാക്കളെയാണ് ഇയാള്‍ ആക്രമിച്ചത്. ഹെല്‍മെറ്റു കൊണ്ട് തലക്കടിയേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21ഉം 26ഉം വയസുള്ള യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
സ്വസ്തിക ചിഹ്നം പതിച്ച ഹെല്‍മെറ്റ് ധരിച്ചെത്തിയ അക്രമി അഭയാര്‍ത്ഥികള്‍ക്കു നേരേ ചെല്ലുകയും ആക്രമണമഴിച്ചു വിടുകയുമായിരുന്നു. യുവാക്കളിലൊരാളുടെ തലയില്‍ ഹെല്‍മെറ്റു കൊണ്ട് ഇടിച്ച ഇയാള്‍ കണ്ടു നിന്നവര്‍ ഇടപെടുന്നതു വരെ മര്‍ദ്ദനം തുടര്‍ന്നു. സ്ഥലത്തു നിന്ന് പോകുന്നതിനു മുമ്പ് ഇയാള്‍ ഒരു നാസി സല്യട്ട് ചെയ്തുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജര്‍മനി നിരോധിച്ചിട്ടുള്ള നാസി സല്യൂട്ട് ചെയ്യുകയും നാസി ചിഹ്നങ്ങള്‍ അണിയുകയും ചെയ്തതിന്റെ പേരിലും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. അക്രമിക്ക് 25 വയസ് പ്രായം തോന്നിക്കുമെന്ന് പോലീസ് അറിയിച്ചു.

പുതുവല്‍സരാഘോഷത്തിനിടെ കൊളോണില്‍ ഉണ്ടായ ലൈംഗികാതിക്രമത്തേത്തുടര്‍ന്ന് ജര്‍മനിയില്‍ അഭയാര്‍ത്ഥികള്‍ക്കു നേരേയുള്ള അക്രമസംഭവങ്ങള്‍ പെരുകിയിട്ടുണ്ട്. മദ്യപിച്ചെത്തിയ നോര്‍ത്ത് ആഫ്രിക്കന്‍ അറബ് വംശത്തില്‍പ്പെടുന്ന ആയിരത്തോളം പേരാണ് കൊളോണ്‍ ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ നൂറുകണക്കിന് സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും അവരെ കൊള്ളയടിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 1.1 മില്യന്‍ അഭയാര്‍ത്ഥികള്‍ ജര്‍മനിയില്‍ എത്തിയതായാണ് കണക്ക്. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇതിലേറെയും.

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഭാഗ്യത്തിനു പിന്നില്‍ ഹനുമാന്‍. ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ വിശ്വസിക്കുന്ന ഒബാമയുടെ പോക്കറ്റില്‍ ഒരു ഹനുമാന്‍ പ്രതിമയുണ്ട്. ഒരു പോക്കറ്റില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജപമാലയും മറ്റൊന്നില്‍ ഹനുമാന്‍ വിഗ്രഹവുമായാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ യാത്രകള്‍.
വര്‍ഷം എട്ടായി ഒബാമയുടെ പോക്കറ്റില്‍ ഹനുമാന്‍ പ്രതിമ സ്ഥിരം താമസക്കാരനായിട്ട്. യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ഇന്ത്യന്‍ വംശജരുടെ പിന്തുണ കിട്ടിയതോടെയാണ്. അന്ന് ആകെ നാലു ഭാഗ്യചിഹ്നങ്ങളായിരുന്നെങ്കില്‍ ഇന്നു പല പോക്കറ്റുകളിലായി വിശ്രമിക്കുന്നത് അഞ്ചോളം ഭാഗ്യവസ്തുക്കള്‍. ഇതുമാത്രമല്ല ഒബാമയുടെ ഭാഗ്യ ചിഹ്നങ്ങള്‍, വെള്ളികൊണ്ടുള്ള ഒരു പോക്കര്‍ ചിപ്പും ശ്രീബുദ്ധന്റെ ചെറുപ്രതിമ, ഇത്യോപ്യയില്‍നിന്നുള്ള കുരിശ് എന്നിവയൊക്കെയുണ്ട് ഒബാമയുടെ ശേഖരത്തില്‍.

കഴിഞ്ഞ ചൊവ്വാഴ്ചത്തെ നയപ്രഖ്യാപന പ്രസംഗത്തിനു മുന്നോടിയായി പുറത്തിറങ്ങിയ യൂട്യൂബ് അഭിമുഖത്തിനിടെ ഷര്‍ട്ടിന്റെയും കോട്ടിന്റെയും പോക്കറ്റുകളില്‍ കയ്യിട്ട് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പുറത്തെടുത്ത ഭാഗ്യചിഹ്നങ്ങളാണ്.

തന്റെ ഇന്നോളം വരെയെത്തിയ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ ഈ വിശ്വാസങ്ങളുണ്ടെന്നും അന്ധവിശ്വാസിയൊന്നുമല്ലെങ്കിലും ഇതൊക്കെ പോക്കറ്റിലുള്ളത് ഒരു ബലമാണെന്നുമാണ് ഒബാമ പറയുന്നത്. ക്ഷീണം തോന്നുമ്പോഴോ ദുഃഖിച്ചിരിക്കുമ്പോഴോ പോക്കറ്റില്‍ കയ്യിട്ട് ഇവയിലൊന്നു തൊട്ടാല്‍ ഉന്മേഷം ലഭിയ്ക്കാറുണ്ടെന്നും പറയുന്നു.

RECENT POSTS
Copyright © . All rights reserved