Main News

വാഷിങ്ടണ്‍: പാകിസ്ഥാനില്‍ നിന്ന് ഭീകരവാദം തുടച്ചു നീക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഒബാമ പാകിസ്ഥാനോട് നിര്‍ദേശിച്ചു. പത്താന്‍കോട്ട് ഭീകരാക്രമണം ചൂണ്ടിക്കാട്ടിയാണ് ഒബാമയുടെ താക്കീത്. ഭീകരസംഘടനകളെ അമര്‍ച്ച ചെയ്യാന്‍ പാകിസ്താന് സാധിക്കുമെന്നും അവര്‍ അത് തീര്‍ച്ചയായും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഒബാമയുടെ പ്രതികരണം.
പത്താന്‍കോട്ട് ആക്രമണ സമയത്ത് അമേരിക്ക ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഭീകരവാദത്തിനെതിരെ ഇന്ത്യയും യുഎസും ഇനിയും ഒരുമിച്ച് പൊരുതേണ്ടതിന്റെ ആവശ്യകതയാണ് ഇത് വിരല്‍ചൂണ്ടുന്നത്. പാകിസ്ഥാനിലെ അരക്ഷിതാവസ്ഥ തന്റെ രാജ്യത്തിന്റെ നിലനില്‍പിന് ഭീഷണിയാണെന്ന് നവാസ് ഷെരീഫ് മനസ്സിലാക്കിയിട്ടുണ്ട്. 2014ലെ പെഷവാര്‍ സ്‌കൂള്‍ ആക്രമണത്തിന് ശേഷം ഭീകരസംഘടനകള്‍ക്കെതിരെ പക്ഷപാതിത്തമില്ലാതെ നടപടി സ്വീകരിക്കുന്നുണ്ട്. എന്നാലും ചില സംഘടനകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ സര്‍വകലാശാലയില്‍ അടുത്തിടെ ഉണ്ടായ ആക്രമണം നാം കണ്ടതാണെന്നും ഒബാമ പറഞ്ഞു.

കഴിഞ്ഞ കുറേ കാലമായി ഇന്ത്യയ്ക്ക് നേരെയുണ്ടാകുന്ന ഭീകരതയുടെ മറ്റൊരു ഉദാഹരണമാണ് പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ഉണ്ടായത്. ഇരു രാജ്യങ്ങളുടെ നേതാക്കളും അതിര്‍ത്തി കടന്നുള്ള ഭീകരവാദവും തീവ്രവാദവും ഇല്ലാതാക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ആക്രമണത്തിന് ശേഷവും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ബന്ധം സൂക്ഷിക്കുന്ന നരേന്ദ്ര മോഡിയുടെ പ്രവൃത്തിയെ ഒബാമ അഭിനന്ദിച്ചു.

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഹോംസ്‌റ്റേയില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തിലെ അഞ്ചു പ്രതികള്‍ പിടിയില്‍. ഫോര്‍ട്ട്‌കൊച്ചി പോലീസ് സ്‌റ്റേഷനിലെ പോലീസുരകാരന്റെ മകനുള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. സിവില്‍ പൊലിസ് ഓഫിസറിന്റെ മകന്‍ അഫ്‌സല്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. കേസിലെ ആറു പ്രതികളില്‍ അഞ്ചുപേരെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. ഹോം സ്‌റ്റേ ജീവനക്കാരനായ ക്രിസ്റ്റി, അല്‍ത്താഫ്, ഇജാസ്, സജു അപ്പു എന്നിവരാണ് പിടിയിലായത്.
രണ്ടുമാസം മുമ്പ് ഒരു സ്വകാര്യ ഹോംസ്‌റ്റേയില്‍ താമസിക്കാനെത്തിയ യുവാവിനും യുവതിക്കും നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ മുറിക്ക് പുറത്താക്കിയ ശേഷമായിരുന്നു പീഡനം. ബലാത്സംഗത്തിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പീഡനദൃശ്യങ്ങള്‍ കാട്ടി പലരില്‍ നിന്നും ഇവര്‍ പണം തട്ടാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.

പ്രതിയുടെ അച്ഛനായ പൊലീസുകാരനെ ഫോര്‍ട്ട്‌കൊച്ചി സ്‌റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റി. പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും ഇവര്‍ നേരത്തെയും പല പെണ്‍കുട്ടികളെയും പീഡിപ്പിച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പീഡനം നടന്ന് രണ്ടു മാസമായെങ്കിലും ഇതുവരെ വിവരം പുറത്തുവിടാനോ പൊലീസില്‍ പരാതി നല്‍കാനോ ഇവര്‍ തയ്യാറായില്ല. മൊബൈലില്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.

ചെന്നൈ: മാനേജ്‌മെന്റ്ിന്റെ പീഡനത്തേത്തുടര്‍ന്ന് തമിഴനാട്ടില്‍ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു. ഫീസടക്കാത്തതിനേത്തുടര്‍ന്ന് മാനേജ്‌മെന്റ് ഇവര്‍ക്കെതിരേ പീഡന നടപടികള്‍ ആരംഭിച്ചിരുന്നു. തങ്ങളില്‍ നി്ന്ന് കൂടുതല്‍ ഫീസ് ഈടാക്കിയതായി ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുണ്ട്. തമിഴ്‌നാട്ടിലെ വില്ലുപുരം കല്ലാകുറുച്ചി എസ്വിഎസ് യോഗാ മെഡിക്കല്‍ കോളെജിലെ ബിരുദ വിദ്യാര്‍ത്ഥിനികളാണ് ഇന്നലെ രാത്രി കോളെജിനടുത്തുള്ള കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ന്യൂറോപതി വിദ്യാര്‍ത്ഥിനികളാണിവര്‍.
ന്യൂറോപതി വിദ്യാര്‍ത്ഥിനികളായ ഇ ശരണ്യ, വി പ്രിയങ്ക (ഇരുവരും 18), ടി മോനിഷ (19) എന്നിവരാണ് ജീവനൊടുക്കിയത്. വിദ്യാര്‍ത്ഥികളോടുള്ള പീഡനത്തിനെതിരെ കോളെജ് മാനേജ്‌മെന്റിനും ചെയര്‍മാനുമെതിരെ വിദ്യാര്‍ത്ഥികള്‍ നിരവധി തവണ പരാതികള്‍ നല്‍കിയതാണെന്നും എന്നാല്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും മൂവരും ഒപ്പുവെച്ച ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. കോളെജ് അധികൃതര്‍ക്കെതിരെ നടപടിഎടുക്കാന്‍ തങ്ങളുടെ മരണം വഴിവെക്കുമെന്നാണ് പ്രതീക്ഷയെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

കോളേജ് ചെയര്‍മാന്‍ വാസുകി സുബ്രഹ്മണ്യനെതിരെയാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മകന്‍ സുഖി വര്‍മയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വില്ലുപുരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചതായി വില്ലുപുരം റെയ്ഞ്ച് ഡിഐജി അനീസാ ഹുസൈന്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്നുവെന്ന ആരോപണം നേരത്തെയും ഇതേ കോളെജിനെതിരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ സെപ്തംബറിലും ഒക്ടോബറിലും വിദ്യാര്‍ത്ഥികള്‍ ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്ന് കോളെജിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തിയിരുന്നു.

മാനേജ്‌മെന്റ് അമിത ഫീസ് ഈടാക്കുകയണ്. ആറ് ലക്ഷം രൂപ വാങ്ങിയെങ്കിലും പണം കൈപറ്റിയതിന്റെ ബില്ലുകളൊന്നും തന്നില്ല. വേണ്ടത്ര ക്ലാസുകളോ അധ്യാപകരോ ഇല്ലാത്ത കോളേജില്‍ ഒന്നും പഠിപ്പിക്കുന്നില്ല. ഞങ്ങള്‍ ആത്മഹത്യ ചെയ്ത ശേഷം ചെയര്‍മാന്‍ വാസുകി സുബ്രഹ്മണ്യം പറയുക ഞങ്ങള്‍ക്ക് സ്വഭാവ ദൂഷ്യമുണ്ടെന്നായിരിക്കും. അത് വിശ്വസിക്കരുത്. സംഭവം അന്വേഷിച്ച് അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു.

ലണ്ടന്‍: വിമാന യാത്രകള്‍ ചെയ്യുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഏറ്റവും അനുയോജ്യമായ സമയംഏതൊക്കെയാണെന്ന് വിമാന നിരക്കുകള്‍ താരതമ്യം ചെയ്യുന്ന വെബ്‌സൈറ്റുകള്‍ വ്യക്തമാക്കുന്നത്‌ ശ്രദ്ധിക്കൂ. ചില സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഏഴ് ആഴ്ചകള്‍ക്കു മുമ്പ് ബുക്ക് ചെയ്യുന്നത് യാത്രാ നിരക്കുകളില്‍ വിലപേശല്‍ നടത്താന്‍ ഏറ്റവും സഹായകരം എന്നാണ് സ്‌കൈസ്‌കാനര്‍ എന്ന വെബ്സൈറ്റ് പറയുന്നത്. അതേസമയം മറ്റ് ചിലയിടങ്ങളിലേക്ക് ഇത് പതിനെട്ട് ആഴ്ചകള്‍ക്കു മുമ്പ് ചെയ്യുന്നതാണ് ഉചിതമെന്ന് ഇവര്‍ പറയുന്നു.
എന്നാല്‍ കയാക്ക് എന്ന വെബ്സൈറ്റ് ഉപദേശിക്കുന്നത് യാത്രയ്ക്ക് നാല് മാസം മുന്‍പ് ബുക്ക് ചെയ്യാനാണ്. ഏതൊക്കെ സീസണില്‍ എത്രകാലം മുമ്പ് ബുക്ക് ചെയ്യണമെന്നതുള്‍പ്പെടെയുള്ള വിവരങ്ങളാണ് സൈറ്റ് നല്‍കുന്നത്. ഉദാഹരണത്തിന് വസന്തകാലത്ത് യാത്ര ചെയ്യണമെങ്കില്‍ നാലു മാസത്തിനു മുമ്പ് ബുക്ക് ചെയ്യാനാണ് കയാക്ക് ഉപദേശിക്കുന്നത്. വേനലില്‍ ഇത് എട്ടു മാസങ്ങള്‍ക്കു മുമ്പായാല്‍ കുറഞ്ഞ നിരക്കുകള്‍ ലഭിക്കുമെന്നും സൈറ്റ് പറയുന്നു.

മോമോന്‍ഡോ എന്ന വെബ്സൈറ്റ് നല്‍കുന്ന വിവരങ്ങളനുസരിച്ച് യാത്രക്ക് 53 ദിവസം മുമ്പ് ബുക്ക് ചെയ്യുന്നതാണ് കുറഞ്ഞ നിരക്കുകള്‍ ലഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. കുറഞ്ഞ വിമാനടിക്കറ്റു നിരക്കുകള്‍ ലഭിക്കുന്നത് ചൊവ്വാഴ്ചകളിലാണെന്നും വൈകുന്നേരം ആറു മണിക്കും അര്‍ദ്ധരാത്രിക്കുമിടയില്‍ പുറപ്പെടുന്ന വിമാനങ്ങളിലെ നിരക്കുകള്‍ വളരെ കുറവായിരിക്കുമെന്നും ഇവര്‍ പറയുന്നു. വീക്കെണ്ടുകള്‍ ഒഴിവാക്കി യാത്ര ദിനങ്ങള്‍ പ്ലാന്‍ ചെയ്താലും ടിക്കറ്റ് നിരക്കില്‍ കാര്യമായ കുറവ് ലഭിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

മോണ്‍ട്രിയല്‍: 37,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുന്ന വിമാനം അടിയന്തര സാഹചര്യത്തില്‍ 7000 അടി താഴ്ത്തിയാല്‍ എന്തായിരിക്കും യാത്രക്കാരുടെ സഅവസ്ഥ. അതും ക്യാബിന്‍ പ്രഷര്‍ കുറഞ്ഞിട്ടാണെങ്കിലോ. ഓക്‌സിജന്‍ മാസ്‌കിനായുള്ള പരക്കം പാച്ചിലും നിലവിളികളുമൊക്കെയായി ജീവന്‍ മരണപ്പോരാട്ടമായിരിക്കും വിമാനത്തിനുള്ളില്‍ നടക്കുക. എന്നാല്‍ മെക്‌സിക്കോയില്‍ നിന്ന് മോണ്‍ട്രിയലിലേക്ക് പറക്കുകയായിരുന്ന എയര്‍ ട്രാന്‍സാറ്റ് വിമാനത്തിലെ ഒരു യാത്രക്കാരി ഇക്കാര്യത്തില്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഓക്‌സിജന്‍ മാസ്‌കിനായി മറ്റുള്ള യാത്രക്കാര്‍ക്കൊപ്പം പരാക്രമം നടത്തുമ്പോളും സെല്‍ഫിയെടുക്കാന്‍ സമയം കണ്ടെത്തിയ യാത്രക്കാരിയാണ് എല്ലാവരേയും അതിശയിപ്പിച്ചത്.
ക്യാബിനില്‍ മര്‍ദ്ദം കുറഞ്ഞതിനേത്തുടര്‍ന്ന് അമേരിക്കയിലെ ജോര്‍ജിയയ്ക്കു മുകളിലൂടെ പറക്കുകയായിരുന്ന വിമാനം 37,000 അടിയില്‍ നിന്ന് 30,000 അടിയിലേക്ക് രണ്ടു മിനിറ്റിനുള്ളില്‍ താഴ്ത്തുകയായിരുന്നു. യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണ് പൈലറ്റ് വിമാനം താഴ്ത്തിയത്. എന്നാല്‍ വലിയൊരു ശബ്ദം കേട്ടെന്നും വിമാനത്തിനുള്ളില്‍ എന്തോ കത്തിയതിന്റെ മണം പരന്നുവെന്നും ക്യാബിന്‍ ക്രൂ അഗ്നിശമന സംവിധാനങ്ങളുമായി നില്‍ക്കുന്നത് കണ്ടുവെന്നും മേരി ഈവ് എന്ന യാത്രക്കാരി പറഞ്ഞു. എന്നാല്‍ അത് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ആയിരുന്നുവെന്ന് എയര്‍ ട്രാന്‍സാറ്റ് അറിയിച്ചു.

air transat1

ഓക്‌സിജന്‍ മാസ്‌കുകള്‍ പുറത്തേക്ക് വരികയും വിമാനം അസാധാരണമായി താഴേക്ക് കുതിക്കുകയും ചെയ്തതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. പറന്നുയര്‍ന്ന് ഒന്നര മണിക്കൂറിനു ശേഷം ഉണ്ടായ സാങ്കേതികത്തകരാറിനേത്തുടര്‍ന്നായിരുന്നു സംഭവമെന്ന് വിമാനക്കമ്പനി സ്ഥിരീകരിച്ചു. വിമാനം അടിയന്തരമായി താഴ്ത്തി അടുത്ത മൂന്നു മിനിറ്റിനുള്ളില്‍ 25,000 അടിയിലേക്ക് എത്തിക്കുകയും ചെയ്തു. കോക്പിറ്റില്‍ നിമന്ന് പുറത്തു വന്ന പൈലറ്റ് എന്താണ് സംഭവിച്ചതെന്ന് യാത്രക്കാരോട് വിശദമാക്കുകയും ചെയ്തു. തുടര്‍ന്നുള്ള യാത്രയില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെന്നും എയര്‍ ട്രാന്‍സാറ്റ് അറിയിച്ചു.

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷനായി അമിത് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എതിരാളികളില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തില്ല. ഇന്നു രാവിലെയാണ് ഷാ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കേന്ദ്രമന്ത്രിസഭയിലെ ബി.ജെ.പി അംഗങ്ങളും പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാര്‍ട്ടി വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ അടക്കമുള്ള നേതാക്കളും ഷായ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.
ഇത് രണ്ടാം തവണയാണ് അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തെത്തുന്നത്. മോഡി അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ 2014 ജൂണിലാണ് അമിത്ഷാ ബിജെപി അധ്യക്ഷനായി ചുമതലയേറ്റത്. ആഭ്യന്തരമന്ത്രിയായതിനെ തുടര്‍ന്ന് രാജ്‌നാഥ് സിങ് സ്ഥനമൊഴിഞ്ഞതോടെയാണ് തന്റെ വലംകൈയ്യായ അമിത് ഷായെ അന്ന് മോഡി പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് അവരോധിച്ചത്.

അമിത് ഷായുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞത് അധ്യക്ഷ പദവിയിലേക്ക് വീണ്ടും എത്തുന്നതിനു വഴി തുറന്നു. എന്നാല്‍ ഡല്‍ഹി, ബിഹാര്‍ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കേണ്ട തിരിച്ചടി ചെറുതായിരുന്നില്ല. ഈ വര്‍ഷം കേരളം, അസ്സം ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ പ്രതീക്ഷ ഷായിലാണ്.

പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ വൈകാതെ കേന്ദ്രമന്ത്രിസഭയിലും അഴിച്ചുപണിയുണ്ടാകുമെന്ന് സൂചനയുണ്ട്.
പ്രസിഡന്റ് പദവിയില്‍ അമിത് ഷായുടെ നിലവിലെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഇന്നു മുതല്‍ മൂന്നു വര്‍ഷമാണ് പുതിയ കാലാവധി. 2014 മേയില്‍ രാജ്‌നാഥ് സിംഗ് കേന്ദ്രമന്ത്രിയില്‍ എത്തിയതോടെ ഒഴിവുവന്ന പാര്‍ട്ടി അധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തന്‍ കൂടിയായ അമിത് ഷായ്ക്ക് കൈമാറുകയായിരുന്നു. ബി.ജെ.പി അധ്യക്ഷനെ എതിരില്ലാതെ തെരഞ്ഞെടുക്കുകയാണ് പതിവ്.

ബിഹാര്‍ പരാജയത്തിന് പിന്നാലെ മോഡി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ കലാപക്കൊടിയുയര്‍ത്തിയ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും അമിത് ഷായുടെ രണ്ടാം സ്ഥാനാരോഹണത്തിന് പങ്കെടുക്കാത്തത് ബിജെപിയ്ക്ക് പുതിയ തലവേദനയാകും. പുതിയ നേതൃത്വത്തിനെതിരെ ഇവര്‍ക്കൊപ്പം യശ്വന്ത് സിന്‍ഹ, ശാന്തകുമാര്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളുമുണ്ട്. അടിക്കടി തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുന്നതിന്റെ പശ്ചാതലത്തില്‍ പാര്‍ട്ടി നേതൃത്വം പരാജയങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുന്നില്ലെന്ന് നാല് മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് കത്ത് പുറത്തിറക്കിയത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു. നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്ന എംപിമാരായ കീര്‍ത്തി ആസാദും ശത്രുഘ്‌നന്‍ സിന്‍ഹയും ബിജെപിയെ വെട്ടിലാക്കിയിരുന്നു.

അമിത് ഷായുടെ നേതൃത്വം കേരളം, ആസാം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് കരുത്തുപകരാനാകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. 2019ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മോഡി രണ്ടാമൂഴത്തിന് ശ്രമിക്കുമ്പോള്‍ അമിത് ഷാ തന്നെയായിരിക്കും പാര്‍ട്ടിയെ നയിക്കുക.

ടോം ജോസ്, തടിയംപാട്

വിനു ജോസഫിനു ലിവര്‍പൂള്‍ വലിയ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വിട നല്‍കി. കഴിഞ്ഞ ദിവസം മരിച്ച ലിവര്‍പൂള്‍ നോട്ടിയാഷില്‍ താമസിക്കുന്ന പുനലൂര്‍ അഞ്ചല്‍ സ്വദേശി വിനു ജോസഫീന് തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തില്‍, സെയിന്റ് പാരിഷ് ചര്‍ച്ച് അങ്കണത്തില്‍ വച്ച് ലിവര്‍പൂള്‍ മലയാളി സമൂഹവും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ബന്ധുമിത്രാദികളും വിടനല്‍കി.

ലിവര്‍പൂള്‍ മാര്‍ത്തോമ്മാ ഇടവകയില്‍ അംഗമായിരുന്ന വിനുവിനെ അവസാനം ഒരു നോക്കു കാണുവാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള മാര്‍ത്തോമ്മാ സഭാ വിശ്വസികള്‍ എത്തിച്ചേര്‍ന്നിരുന്നു. ഇന്നു ഉച്ചകഴിഞ്ഞ് മൃതദേഹം വഹിച്ചുകൊണ്ടുള്ള ഫ്യുണറല്‍ ഡയറക്‌റ്റെഴ്‌സിന്റെ വാഹനം പള്ളി അങ്കണത്തില്‍ പ്രവേശിച്ചപ്പോള്‍ തന്നെ പള്ളിയും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു.

vinu 2

അന്ത്യോപചാര ചടങ്ങുകള്‍ക്ക് ലിവര്‍പൂള്‍ മാര്‍ത്തോമ്മാ പള്ളി വികാരി ഫാദര്‍ റോണി ചെറിയാന്‍, ബ്രിസ്റ്റോള്‍ മാര്‍ത്തോമ്മാ പള്ളി വികാരി ഫാദര്‍ അബ്രാഹം മാത്യു, ലിവര്‍പൂള്‍ കാത്തോലിക്ക വികാരി ഫാദര്‍ ജിനോ അരികാട്ട് എന്നിവര്‍ നേതൃത്വം കൊടുത്തു.

വിശുദ്ധ പൗലോസിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് നിങ്ങള്‍ പ്രത്യാശ ഉള്ളവരായി ജീവിക്കണം എന്നു ഫാദര്‍ ജിനോ അരിക്കാട്ട് വിശ്വാസികളെ ഓര്‍മിപ്പിച്ചു . മനുഷ്യ ജീവിതം കേവലം ഒരു തീര്‍ഥാടനം മാത്രമാണ് എന്നും അതുകൊണ്ട് ഈ ഭൌതിക ജീവിതത്തിന് അപ്പുറത്ത് ഒരു യഥാര്‍ത്ഥ ജീവിതമുണ്ട് എന്നും നമ്മള്‍ അതില്‍ പ്രത്യാശയുള്ളവരായിരിക്കണം എന്നും ഫാദര്‍ അബ്രാഹം മാത്യു പറഞ്ഞു.

vinu 3

ലിവര്‍പൂള്‍ മലയാളി അസോസിയേഷനുകള്‍ക്ക് വേണ്ടി തോമസ് ജോണ്‍ , ഷാജു ഉതുപ്പ് , തോമസ് ജോര്‍ജ് എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഇതര ക്രൈസ്തവ സഭകള്‍ക്ക് വേണ്ടി പ്രതിനിധികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച . യുക്മ, ഫോബ്മ, ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നീ സംഘടനകള്‍ക്ക് വേണ്ടിയും റീത്ത് സമര്‍പ്പിച്ചു.

vinu4

പിതാവിന്റെ വേര്‍പാടിന്റെ വേദന പങ്കിട്ട മൂത്ത മകള്‍ നേഹ സൗദി അറേബ്യയില്‍ വച്ച് പപ്പകാണിച്ച സ്‌നേഹം മുതലാണ് വിവരിച്ചു തുടങ്ങിയത്. അവള്‍ക്ക് നഷ്ട്ടമായത് എല്ലാം എല്ലാം ആയ പിതാവ് ആണ് എന്നു പറഞ്ഞപ്പോള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ കണ്ണുകള്‍ നിറഞ്ഞു. അവളുടെ ഇളയ രണ്ടു കുഞ്ഞനുജത്തിമാര്‍ അവര്‍ക്ക് നഷ്ട്ടപ്പെട്ട പിതാവിനെ പറ്റി വേണ്ടവിധം തിരിച്ചറിയാന്‍ ഉള്ള പ്രായം പോലും ഇല്ലാത്തവരായിരുന്നു. അവര്‍ നിറഞ്ഞ കണ്ണുമായി ഇരിക്കുന്ന വിനുവിന്റെ ഭാര്യ ലെനിയുടെ അരികില്‍ ഇരിപ്പുണ്ടായിരുന്നു.

vinu5

ലെനിയുടെ അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയിരുന്നു. ആകെ ബാക്കി ആയി ഉണ്ടായിരുന്ന അടുത്ത ബന്ധുവായ അങ്കിള്‍ അമേരിക്കയില്‍ നിന്നും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ലെനിയുടെ സഹോദരിയും ഭര്‍ത്താവും ലിവര്‍പൂളില്‍ തന്നെയാണ്.

vinu6

നന്ദി പ്രകാശിപ്പിച്ച് കൊണ്ട് സംസാരിച്ച അബ്രാഹം ജോര്‍ജ്ജ് വിനു മരിച്ചപ്പോള്‍ മുതല്‍ ഞങ്ങളെ സമാശ്വസിപ്പിക്കാന്‍ ശ്രമിച്ച മാര്‍ത്തോമ്മാ സഭാ അംഗങ്ങള്‍ക്കും ഫാദര്‍ റോണി ചെറിയാനും, മറ്റു ലിവര്‍പൂള്‍ സമൂഹത്തിനും നന്ദി പറഞ്ഞു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള സഹായങ്ങള്‍ ചെയ്യാന്‍ മാര്‍ത്തോമ്മാസഭ വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഇന്നത്തെ പള്ളിയിലെ ക്രമികരണങ്ങളും വളരെ നന്നായിരുന്നു.

vinu8

വിനുവിന്റെ മൃതദേഹം നാളെ നാട്ടിലേക്കു കൊണ്ടുപോകും. അടുത്ത ചൊവ്വാഴ്ച വിനുവിന്റെ സ്വദേശമായ കരവാളൂര്‍ പള്ളിയില്‍ സംസ്‌കരിക്കും. വിനുവിന്റെ ലിവര്‍പൂള്‍ ജീവിതത്തിന്റെ ഫോട്ടോ പ്രദര്‍ശനവും അന്തിമോപചാര ചടങ്ങുകള്‍ക്കൊപ്പം നടത്തിയിരുന്നു.

vinu9

നോര്‍ത്ത് യോര്‍ക്ക്‌ഷെയര്‍: 40കാരന്‍ ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ ശേഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും കോടതി ഒരു കര്‍ശന നിര്‍ത്തേശം വെച്ചു. ആരുമായിട്ടാണെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പദ്ധതിയുണ്ടെങ്കില്‍ 24 മണിക്കൂര്‍ മുമ്പ് പൊലീസില്‍ വിവരം അറിയിക്കണം. അറിയിക്കേണ്ടത് ലൈംഗിക ബന്ധത്തിലേര്‍ പ്പെടുന്ന പങ്കാളിയുടെ പേര്, വിലാസം, ജനന തീയ്യതി, എന്നീ വിവരങ്ങളാണ്.

40 വയസ്സുള്ള ഈ അമേരിക്കക്കാരന്‍ 2015ലാണ് ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട് കോടതി കയറുന്നത്. പിന്നീട് കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ലൈംഗിക ബന്ധം നടന്ന സമയത്ത് പങ്കാളി അതിന് അനുമതി നല്‍കിയിരുന്നെന്നും പിന്നീടുള്ള വഴക്കിന്റെ പേരിലാണ് പരാതി നല്‍കപ്പെട്ടതെന്നും തെളിഞ്ഞു. കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത് ഇതേ തുടര്‍ന്നാണ്. എന്നാലും ഇയാളുടെ സ്വഭാവം മോശമാണെന്ന് പറഞ്ഞ് മജിസ്‌ട്രേറ്റ് വിചിത്രമായൊരു ഉത്തരവുമിട്ടു. കുറഞ്ഞത് 24 മണിക്കൂര്‍ മുമ്പെങ്കിലും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ബന്ധത്തിന് തയ്യാറെടുക്കുമ്പോഴെ പൊലീസില്‍ വിവരമറിയിക്കം.ഉത്തരവ് ലംഘിച്ചാല്‍ അഞ്ച് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരു വര്‍ഷത്തേക്ക് കോടതി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇപ്പോള്‍ നാല് മാസത്തേക്ക് കൂടി നീട്ടി. ഇയാള്‍ സ്വന്തം കാര്യത്തിന് വരുന്ന മെയ് മാസം വരെ പൊലീസിനെ വിളിച്ച് അറിയിക്കണം. ടെലിഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗ വിവരങ്ങളും ലൈംഗിക ബന്ധത്തിന് പുറമേ ഇയാള്‍ പൊലീസിനെ അറിയിക്കണമെന്നാണ് ഉത്തരവ്.

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് 70 യാത്രക്കാരെ ഇറക്കിവിട്ടു. കഴിഞ്ഞ ദിവസം രാത്രി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് 70 അംഗ സംഘത്തെ ഇറക്കിവിട്ടത്. ഹൈദരാബാദില്‍നിന്നു റായ്പൂരിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന ഒരു സംഘം യാത്രക്കാര്‍ സീറ്റുകള്‍ പരസ്പരം വച്ചുമാറാനാരംഭിച്ചതാണ് പ്രശ്നങ്ങള്‍ക്കു വഴിവെച്ചത്.
ഇത് ശ്രദ്ധയില്‍പ്പെട്ട വിമാന ജീവനക്കാര്‍ യാത്രക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി വിടുകയുമായിരുന്നു. അതേസമയം എയര്‍ലൈന്‍സ് ജീവനക്കാര്‍ തങ്ങളോട് മോശമായി പെരുമാറിയെന്നാരോപിച്ച് യാത്രക്കാര്‍ ഹൈദരാബാദ് എയര്‍പോര്‍ട്ട് പൊലീസില്‍ പരാതി നല്‍കി. പിന്നീട് മറ്റൊരു വിമാനത്തില്‍ ഈ 70 പേരെയും റായ്പൂരിലെത്തിച്ചു.

അനീഷ്‌ ജോണ്‍, പിആര്‍ഒ യുക്മ
പ്രവാസി മലയാളി പ്രസ്ഥാനങ്ങളില്‍ ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവു കൊണ്ടും വേറിട്ട ശബ്ദമായ യുക്മ ദേശിയ ഉത്സവമായ യുക്മ ഫെസ്റ്റ് സൗത്താംപ്റ്റണില്‍ നടത്തുന്നു . ഇത്തവണ അനവധി അംഗ സംഘടനകളുടെ ആത്മ ധൈര്യത്തെ ആയുധ ബലമാക്കി മാറ്റിയാണ് യുക്മ ദേശിയ സമിതി യുക്മ ഫെസ്റ്റ് സംഘടിപ്പിക്കുന്നത് .

യുക്മ ദേശീയ കുടുംബ സംഗമം എന്ന പേരില്‍ അറിയപ്പെടുന്ന ‘യുക്മ ഫെസ്റ്റ് 2016’ മാര്‍ച്ച് അഞ്ച് ശനിയാഴ്ച സൗത്താംപ്റ്റണില്‍ വെച്ചാണ് നടക്കുന്നത്. 2014, 2015 വര്‍ഷങ്ങളില്‍ സംഘടനയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചവര്‍ക്കും, വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച യു.കെ.മലയാളികള്‍ക്കും അവാര്‍ഡുകള്‍ നല്കി ആദരിക്കുവാനുള്ള വേദി കൂടിയാകുന്നു ‘യുക്മ ഫെസ്റ്റ് 2016’ . യുക്മ ദേശീയ കലാമേള കഴിഞ്ഞാല്‍ ഏറ്റവുമധികം ജനപ്രിയമായ ദേശീയ പരിപാടി എന്ന നിലയില്‍ ‘യുക്മ ഫെസ്റ്റ്’ ന്റെ പ്രസക്തി വളരെ വലുതാണ്. കൂട്ടായ പ്രവര്‍ത്തന മികവിലുടെ ദേശിയ കായിക മേള, ബാഡ്മിന്ടന്‍ മത്സരം, നേപ്പാള്‍ ചാരിറ്റി അപ്പീല്‍ , യുക്മ ദേശിയ റിജിയണല്‍ കലാമേളകള്‍ എന്നിവയുടെ വിജയം യു കെ മലയാളികളെ മുഴുവന്‍ യുക്മയിലേക്ക് ആഴത്തില്‍ ഉറപ്പിച്ചു എന്ന കാര്യത്തിനു തര്‍ക്കമില്ല.

സൗത്താംപ്റ്റണില്‍ വച്ച് നടക്കുന്ന യുക്മ ഫെസ്റ്റില്‍ വിവിധ മേഖലകളില്‍ യുക്മയോടൊപ്പം പ്രവര്‍ത്തിച്ചവരെയും, യുക്മ വേദികളില്‍ മികവു തെളിയിച്ചവരെയും ആദരിക്കുന്നത്തിനൊപ്പം വിവിധ അസ്സോസ്സിയെഷനുകളെയും, മികച്ച പ്രവര്‍ത്തകരെയും യുക്മയെ നാളിതു വരെ സഹായിച്ച മുഴുവന്‍ വ്യക്തികളെയും ആദരിക്കും.
യുക്മ വേദികളില്‍ എക്കാലവും മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന റീജിയനാണ് സൗത്ത് ഈസ്റ്റ്. ഇത്തവണ സൗത്ത് ഈസ്റ്റ് റീജിയനിലെ സൗത്താംപ്ടണില്‍ വെച്ച് നടക്കുന്നത് കൊണ്ട് റീജിയന്‍റെ മികച്ച പിന്തുണയോടെയാണ് യുക്മ ഫെസ്റ്റ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത് .എല്ലാ റീജിയനിലെയും യുക്മയുടെ മികച്ച കലാകാരന്മാരെ അണിനിരത്തി കൊണ്ട് സംഘടിപ്പിക്കുന്ന യുക്മഫെസ്റ്റ് എല്ലാ വര്‍ഷവും ആവേശത്തോടെയാണ് യുക്മ സ്‌നേഹികള്‍ നോക്കി കാണുന്നത്.

uukma fest

യുക്മ സൗത്ത് ഈസ്റ്റ് റീജിയണിലെ ഏറ്റവും വലിയ അസോസിയേഷനുകളില്‍ ഒന്നായ മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്റ്റണ്‍ (MAS) ന്റെ ആതിഥേയത്വത്തില്‍ ആണ് ‘യുക്മ ഫെസ്റ്റ് 2016’ അരങ്ങേറുന്നത്. അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ.റോബിന്‍ എബ്രഹാമിന്റെയും സെക്രട്ടറി ശ്രീ.ബിനു ആന്റണിയുടെയും നേതൃത്വത്തില്‍ അസോസിയേഷനിലെ 150 ല്‍ അധികം വരുന്ന കുടുംബങ്ങളുടെ സഹകരണം ഇത്തവണത്തെ യുക്മ ഫെസ്റ്റിന്റെ വിജയം ഉറപ്പ് വരുത്തുന്നു.

ആട്ടവും പാട്ടും സാംസ്‌കാരിക ആഘോഷങ്ങളും ആയി ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രോഗ്രാമാണ് യുക്മയുടെ വാര്‍ഷിക ഉത്സവമായി ആഘോഷിക്കപ്പെടുന്ന യുക്മ ഫെസ്റ്റ്. ഈ വര്‍ഷത്തെ യുക്മയുടെ പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയവരെ അനുമോദിക്കുവാനും ഈ ആഘോഷ വേളയില്‍ യുക്മ മറക്കാറില്ല. രുചികരമായ ഭക്ഷണങ്ങള്‍ മിതമായ വിലക്ക് യുക്മ ഫെസ്റ്റ് വേദിയില്‍ ഉണ്ടായിരിക്കും. യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊള്ളുന്ന എല്ലാ സംഘടനകളും യുക്മ ഫെസ്റ്റില്‍ പങ്കെടുത്ത് യുക്മയുടെ ഈ ആഘോഷത്തില്‍ പങ്കുചേരണമെന്ന് യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യുവും യുക്മ നാഷണല്‍ട്രഷററും യുക്മ ഫെസ്റ്റ് കണ്‍വീനറുമായ ഷാജി തോമസും അഭ്യര്‍ത്ഥിച്ചു .

യുക്മ യുടെ അംഗ അസോസിയേഷനുകളില്‍ നിന്നുമുള്ള കലാകാരികള്‍ക്കും കലാകാരന്മാര്‍ക്കും, മത്സരത്തിന്റെ സമ്മര്‍ദമില്ലാതെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള സുവര്‍ണാവസരം കൂടിയാണ് ‘യുക്മ ഫെസ്റ്റ്’. പരിപാടികളുടെ ആധിക്യം മൂലം അവസരം നഷ്ട്ടപ്പെടാതിരിക്കുവാന്‍ വേണ്ടി, അവതരിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി അസോസിയേഷന്‍ ഭാരവാഹികള്‍ ഫെബ്രുവരി അഞ്ചു വെള്ളിയാഴ്ചക്ക് മുന്‍പായി [email protected] എന്ന ഇമെയിലിലേക്കോ, യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം (07706913887), ‘യുക്മ ഫെസ്റ്റ്’ ജനറല്‍ കണ്‍വീനര്‍ ഷാജി തോമസ് (07737736549) എന്നിവരെ നേരിട്ട് വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

RECENT POSTS
Copyright © . All rights reserved