Main News

ന്യൂസൗത്ത് വെയില്‍സ്: കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ കോമണ്‍വെല്‍ത്ത് ബേയില്‍ അടിഞ്ഞ കൂറ്റന്‍ മഞ്ഞുപാളി അവിടെയുള്ള അഡീലി പെന്‍ഗ്വിനുകള്‍ വന്‍ തോതില്‍ ചത്തൊടുങ്ങാന്‍ കാരണമാകുന്നതായി റിപ്പോര്‍ട്ട്. 2011 മുതല്‍ ഒന്നര ലക്ഷത്തോളം പെന്‍ഗ്വിനുകള്‍ ഇവിടെ ചത്തൊടുങ്ങിയിതായാണ് കണക്ക. 1120 ചതുരശ്രമൈല്‍ നീളമുളള മഞ്ഞുപാളി മൂലം ഈ പെന്‍ഗ്വിന്‍ കൂട്ടത്തിന് തീറ്റതേടി തങ്ങളുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് 70 മൈല്‍ ദൂരത്തേക്ക് പോകേണ്ടി വന്നു. ഈ യാത്ര അതിജീവിക്കാനാകാതെയാണ് പെന്‍ഗ്വിനുകള്‍ ചത്തത്.
വെളളത്തിന്റെ സാന്നിധ്യമുളളയിടത്ത് മാത്രമേ ഇവയ്ക്ക് ജീവിക്കാനാകൂ. കിഴക്കന്‍ അന്റാര്‍ട്ടിക്കയില്‍ നിന്നുളള വലിയ മഞ്ഞ് പാളി എത്തിയതോടെ ഇവയ്ക്ക് അകലേക്ക് തീറ്റ തേടിപ്പോകേണ്ടതായി വന്നു. 2011ന് ശേഷം ഇവിടെയുണ്ടായിരുന്ന പെന്‍ഗ്വിന്‍ സമൂഹത്തിന്റെ എണ്ണം വെറും പതിനായിരമായി ചുരുങ്ങാന്‍ ഇത് കാരണമായി. ആസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയുടെ കാലാവസ്ഥ വ്യതിയാ ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

കേപ് ഡെനിസണ്‍ നൂറ് വര്‍ഷത്തിലേറെയായി പെന്‍ഗ്വിനുകളുടെ ആവാസ കേന്ദ്രമാണ്. എന്നാല്‍ ഇപ്പോള്‍ ഇവ കടുത്ത വെല്ലുവിളികള്‍ നേരിടുന്നു. ഈ വന്‍ ഹിമപാളി തകര്‍ന്നില്ലെങ്കില്‍ ഇരുപത് വര്‍ഷത്തിനകം ഇവിടെയുളള മുഴുവന്‍ പെന്‍ഗ്വിനുകളും ഇല്ലാതാകുമെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ്പ്രതിഷേധം ശക്തമാകുന്നു. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനേയും മറ്റ് അഞ്ചു വിദ്യാര്‍ത്ഥികളേയും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇവരെ വിട്ടയക്കുക, ക്യാംപസിനുള്ളില്‍ സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റ് ഒഴിവാക്കുക, വിദ്യാര്‍ഥികളുടെ മേല്‍ അന്യായമായി ചുമത്തിയ രാജ്യദ്രോഹകുറ്റം ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നു വൈകുന്നേരം ക്യാംപസിനുള്ളില്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും.
ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷനും ഇതിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ വിദ്യാര്‍ഥികള്‍ ക്യാംപസില്‍ അനിശ്ചിതകാല പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭങ്ങളെ പിന്തുണച്ച് അധ്യാപകരടക്കമുളള ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ ക്യാംപസില്‍ നിന്നും ഏഴു വിദ്യാര്‍ഥികളെ അന്വേഷണങ്ങളുടെ ഭാഗമായി പുറത്താക്കിയിരുന്നു. ഹോസ്റ്റലില്‍ താമസിക്കാമെങ്കിലും ഇവര്‍ക്ക് പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ അഞ്ചുവിദ്യാര്‍ഥികളെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ വൈസ് ചാന്‍സലര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്.

അഫ്‌സല്‍ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷിക ദിനമായ ചൊവ്വാഴ്ച ഒരുവിഭാഗം ഇടതു വിദ്യാര്‍ത്ഥി സംഘടനകളും കശ്മീരി വിദ്യാര്‍ത്ഥികളും ചേര്‍ന്നു നടത്തിയ പ്രതിഷേധയോഗം എബിവിപി പ്രവര്‍ത്തകര്‍ തടസപ്പെടുത്താന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. വിദ്യാര്‍ത്ഥികളുടെ ചടങ്ങിനെതിരെ എബിവിപി സര്‍വകലാശാല അധികൃതരോട് പരാതിപ്പെടുകയും അധികൃതര്‍ യോഗത്തിന് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. യോഗത്തില്‍ ചിലര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഡല്‍ഹി പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

റവ. ഫാ. ഹാപ്പി ജേക്കബ്
ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ഒന്നാം വാരം പിന്നിടുമ്പോള്‍ ആത്മീയ തേജസ്സിന്റെ ഉന്നതാവസ്ഥയില്‍ നിന്നു കൊണ്ട് ഒരു ആത്മശോധന നമുക്ക് നിവ്വഹിക്കാം. പലതും ഉപേക്ഷിക്കണമെന്ന് നോമ്പില്‍ പലരും നിഷ്‌കര്‍ഷിക്കാറുണ്ട്. ഉപേക്ഷണത്തോടൊപ്പം സ്വീകരണവും നോമ്പിന്റെ പ്രത്യേകതയാണ്. അസൂയയും, ദേഷ്യവും, തിന്മയും, വെറുപ്പും, വിദ്വേഷവും മനസ്സില്‍ നിന്നകറ്റി നന്മയും, ഭയവും, ക്ഷമയും, സ്‌നേഹവും, പ്രത്യാശയും നമ്മുടെ മനസ്സില്‍ നിറയട്ടെ. ദൈവവും ദേവസ്‌നേഹവും കേട്ടറിഞ്ഞ അറിവായിട്ടല്ല, ഓരോരുത്തരും സ്വയമായി അതനുഭവിക്കുമ്പോള്‍ ദൈവരാജ്യം സമാഗതമാകും.

വേദനയുടേയും, രോഗത്തിന്റേയും, പീഡയുടെയും അനുഭവത്തില്‍ നിന്നുള്ള വിടുതല്‍ നോമ്പിലൂടെ ലഭിക്കട്ടെ. ആത്മാവിന്റെ സഹയാത്രികനാണല്ലോ പ്രാര്‍ത്ഥന. നാമെല്ലാവരും പ്രാര്‍ത്ഥിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്നവരുമാണ്. സമൂഹ ജീവിതത്തിന്റെ ജീര്‍ണ്ണതയാകുന്ന ‘അഹം’ പ്രാര്‍ത്ഥനയിലും ഇന്ന് പ്രകടമാണ്. വിരുദ്ധ ലൂക്കോസിന്റെ സുവിശേഷം 5:1216, 4:4041 ഭാഗങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനയിലെ കുറവ് നമുക്ക് മനസ്സിലാക്കാം. എനിക്ക് വേണം എനിക്ക് തരണം എന്ന് പ്രാര്‍ത്ഥിക്കുന്ന നാം ഈ കുഷ്ഠരോഗിയുടെ പ്രാര്‍ത്ഥന ഒരു നിമിഷം ശ്രദ്ധിക്കൂ.

‘കര്‍ത്താവേ അവിടുത്തേയ്ക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും’ . കര്‍ത്താവ് അവനെ തൊട്ടു അവനോട് പറഞ്ഞു. എനിക്ക് മനസ്സുണ്ട്, നീ സൗഖ്യമാവുക.
പ്രാര്‍ത്ഥിച്ച് ഉടനേ ഫലം കാണാതെ നിരാശപ്പെട്ട് പിന്തിരിഞ്ഞ ഒരു പാട് പേരുണ്ട് നമ്മുടെ ഇടയില്‍. എപ്പോഴെങ്കിലും തിരുഹിതം എന്തെന്ന് അന്വേഷിച്ചിട്ടുണ്ടോ? നമുക്കും പ്രാര്‍ത്ഥിക്കാം നിനക്ക് ഹിതമെങ്കില്‍ എനിക്ക് സൗഖ്യം തരിക. ആ കുഷ്ഠരോഗിക്ക് പൂര്‍ണ്ണ വിശ്വാസമായിരുന്നു. വിശ്വാസത്തില്‍ നാം എവിടെ നില്ക്കുന്നു. തീര്‍ത്ഥാടനവും ധ്യാനവും ഞായറാഴ്ച ആരാധനയും വിശ്വാസത്തോടെയാണോ നാം നടത്തുന്നത്? അല്ലായെങ്കില്‍ ആള്‍കൂടത്തില്‍ ഒരാള്‍ എന്നതിനപ്പുറം ഒന്നുമാവില്ല.

എന്നാല്‍ പരിപൂര്‍ണ്ണ വിശ്വാസത്തോടെ സമര്‍പ്പിതമായി അത് നാം നിര്‍വ്വഹിക്കുമ്പോള്‍ അതിന്റെ ഫലവുമുണ്ടാകും. ഉപേക്ഷിക്കേണ്ടതിനെ ഉപേക്ഷിച്ച് സ്വീകരിക്കേണ്ടതിനെ സ്വീകരിച്ച് ഈ നോമ്പിലൂടെ നമുക്ക് യാത്ര ചെയ്യാം. കര്‍ത്താവേ, നിനക്ക് ഹിതമെങ്കില്‍ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

ദൈവം അനുഗ്രഹിക്കട്ടെ

fr. happy jacob-124x150ഹാപ്പി അച്ചന്‍ എന്ന്‍ വിശ്വാസികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന റവ. ഫാ. ഹാപ്പി ജേക്കബ് നോമ്പ് കാലത്തെ എല്ലാ ഞായറാഴ്ചകളിലും മലയാളം യുകെ വായനക്കാര്‍ക്കായി നോമ്പ് കാല സന്ദേശം നല്‍കുന്നതാണ്. തിരുവനന്തപുരം സ്വദേശിയായ ഹാപ്പി അച്ചന്‍ ഇപ്പോള്‍ യുകെയിലെ ഹാരോഗേറ്റില്‍ താമസിക്കുന്നു.

ലണ്ടന്‍: കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയിട്ടും ബ്രിട്ടന്‍ ബഹ്‌റൈനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍. 2011 സെപ്റ്റംബര്‍ മുതല്‍ 2015 വരെ യുകെ ബഹ്‌റൈന് 45 മില്യന്‍ പൗണ്ടിന്റെ ആയുധങ്ങള്‍ കൈമാറിയതായാണ് കണക്ക്. അറബ് വസന്തത്തെ അധികൃതര്‍ അടിച്ചമര്‍ത്തിയപ്പോള്‍ ആയിരങ്ങള്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്. ആയിരക്കണക്കിന് പേരെ ജയിലിലും അടച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബ്രിട്ടനും ബഹ്‌റൈനും തമ്മിലുളള ആയുധ ഇടപാടുകളിലും വന്‍ വര്‍ദ്ധനയുണ്ടായതായി മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തുന്നു.
ബഹ്‌റൈനില്‍ ഒരു നാവിക ആസ്ഥാനം സ്ഥാപിക്കാനും ബ്രിട്ടന്‍ ധാരണയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. പുതിയ പദ്ധതികള്‍ ബഹ്‌റൈനിലെ നികുതി ദായകര്‍ക്ക് ഏറെ സഹായകമാകുമെന്നാണ് ബ്രിട്ടന്റെ വിലയിരുത്തല്‍. എന്നാല്‍ രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം സഹായങ്ങള്‍ ലജ്ജിപ്പിക്കുന്നതാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണം. അറബ് വസന്തത്തിന്റെ ഓര്‍മകള്‍ പുതുക്കാന്‍ രാജ്യത്ത് വിവിധ പരിപാടികള്‍ ഇവര്‍ സംഘടിപ്പിച്ചിരുന്നു.

മെഷീന്‍ ഗണ്ണുകളും തോക്കുകളും അടക്കമുളള ആയുധങ്ങളാണ് ബഹ്‌റൈന് നല്‍കിയതെന്നും ആയുധ വ്യാപാര വിരുദ്ധ പ്രചാരക സംഘം പറഞ്ഞു. അറബ് വസന്തത്തിന് മൂന്ന് വര്‍ഷം മുമ്പ് വരെ ഇരുരാജ്യങ്ങളും തമ്മിലുളള ആയുധ ഇടപാടുകള്‍ വെറും ആറ് മില്യന്‍ പൗണ്ട് മാത്രമായിരുന്നു. സൗദി അറേബ്യയ്ക്ക് ബ്രിട്ടന്‍ നല്‍കിയ കവചിത വാഹനങ്ങളും അവര്‍ ബഹ്‌റൈന്റെ സംരക്ഷണത്തിന് വേണ്ടി വിട്ടു നല്‍കിയിരുന്നു. രാജ്യത്ത് ഉയര്‍ന്നു വന്ന ജനാധിപത്യത്തിന് വേണ്ടിയുളള പോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ ഇതിലൂടെ ബഹ്‌റൈന്‍ രാജവംശത്തിന് കഴിഞ്ഞു. രാജ്യത്തെ ഷിയാ മുസ്ലീങ്ങളാണ് പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ചത്. സര്‍ക്കാരിന്റെ പ്രത്യാക്രമണങ്ങളില്‍ പരിക്കേറ്റ പ്രതിഷേധക്കാരെ ചികിത്സിച്ച ഡോക്ടര്‍മാരെപ്പോലും അധികാരികള്‍ പീഡിപ്പിച്ചു.

സമരം നയിച്ച പലരും ഇന്നും ജയിലിലാണ് ഇവരെ പുറത്തിറക്കണമെങ്കില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സഹായം വേണമെന്നും സമരത്തില്‍ പങ്കെടുത്തതിന് ബഹ്‌റൈനില്‍ നിന്ന് നാടുകടത്തിയ ഇസാ ഹൈദര്‍ അലാലി പറഞ്ഞു. തനിക്ക് പഠനത്തിനുളള രണ്ട് വര്‍ഷം നഷ്ടമായി. ഇപ്പോള്‍ തുടര്‍ന്ന് പഠിക്കാന്‍ കഴിയുന്നുണ്ടെങ്കിലും തന്നെപ്പോലെ ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമായതായും ഇസ പറഞ്ഞു. 2013ല്‍ അറസ്റ്റ് ചെയ്യപ്പെട്ട താന്‍ പൊലീസിന്റെ കൊടിയ മര്‍ദ്ദനത്തിന്നാണ് ഇരയായത്. നടക്കാനോ ഇരിക്കാനോ കഴിക്കാനോ ഉറങ്ങാനോ കഴിയാത്ത സ്ഥിതിയിലായിരുന്നു താനെന്നും ഇസ വ്യക്തമാക്കി. കുളിക്കാനോ ഡോക്ടറെ കാണാനോ പോലും അധികൃതര്‍ അനുവദിച്ചില്ല. മൂന്ന് മാസത്തിന് ശേഷമാണ് മോചിപ്പിക്കപ്പെട്ടതെന്നും ഈസ വ്യക്തമാക്കി..

കൊച്ചി: ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ (62) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭരതം, സദയം, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അഥര്‍വം, നമ്പര്‍ 20 മദ്രാസ് മെയില്‍, ഹിസ് ഹൈനസ് അബ്ദുള്ള, ആകാശദൂത് തുടങ്ങിയ ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. 1977ല്‍ പി ചന്ദ്രകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മനസ് ഒരു മയില്‍ ആണ് ആദ്യ ചിത്രം. 15ലേറെ മലയാള ചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. അര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്ന് ഏറെ നാളായി കൊച്ചിയില്‍ ചികിത്സയിലായിരുന്നു.
അധ്യാപക ദമ്പതിമാരായ രാമകൃഷ്ണന്‍ നായരും കാര്‍ത്ത്യായനി അമ്മയുമാണ് മാതാപിതാക്കള്‍. ഏറ്റവുമധികം മലയാള ചലച്ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത റെക്കോര്‍ഡും ആനന്ദക്കുട്ടന്റെ പേരിലാണ്. ഒരു വര്‍ഷം 12 സിനിമകള്‍ക്കു വരെ അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. 1954ല്‍ ജനിച്ച അദ്ദേഹം പ്രീഡിഗ്രി പഠനത്തിനു ശേഷം ഛായാഗ്രഹണം പഠിക്കാനായി ചെനൈയിലെത്തി. ഒരു സ്റ്റുഡിയോയില്‍ സഹായിയായാണ് തുടക്കം. പ്രമുഖ ഛായാഗ്രാഹകരായ വിന്‍സെന്റ് മാസ്റ്റര്‍, ജി.കെ. രാമു എന്നിവരുടെ സഹായിയായി പിന്നീട് ചലച്ചിത്രലോകത്തെത്തുകയായിരുന്നു.

ഫാസിലിന്റെ രചനയില്‍ നവോദയ അപ്പച്ചന്‍ സംവിധാനം നിര്‍വഹിച്ച തീക്കടല്‍ എന്ന ചിത്രത്തിനു ശേഷമാണ് ഫാസില്‍-ആനന്ദക്കുട്ടന്‍ കൂട്ടുകെട്ട് ആരംഭിക്കുന്നത്. പിന്നീട് ഫാസിലിന്റെ നിരവധി ചിത്രങ്ങള്‍ക്ക് ആനന്ദക്കുട്ടന്‍ ദൃശ്യങ്ങളൊരുക്കി. മലയാളത്തിലെ ഒട്ടു മിക്ക സംവിധായകരുടേയും ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ഗീത. മൂന്നു മക്കളുണ്ട്.

ടോം ജോസ് തടിയംപാട്
ബെല്‍ഫാസ്റ്റ്: നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന കോട്ടയം സംക്രാന്തി സ്വദേശി സാബു തോമസ്‌ പുഴികുന്നേല്‍ (47 വയസ്സ്) ആണ് മരിച്ചത്. കുറച്ചു ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്നലെ രാത്രി പത്തരയോടെ ആണ് മരണം സംഭവിച്ചത്.

കോട്ടയം സംക്രാന്തി സ്വദേശിയായ സാബു ഡയബെറ്റിക് രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ സാബുവിന്റെ ആരോഗ്യനില അല്‍പം ഭേദമായപ്പോള്‍ സാബുവിന്റെ ആവശ്യപ്രകാരം തന്നെ വീട്ടിലേക്ക് മാറുകയുമായിരുന്നു. എന്നാല്‍ ആരോഗ്യനില വീണ്ടും വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കോട്ടയം പൈനാമൂട്ടില്‍ എച്ച്എസ് മൗണ്ട് സ്വദേശിനിയായ ദീപയാണ് ഭാര്യ. ജിസിഎസ്ഇ സെക്കന്റ് ഇയറിന് പഠിക്കുന്ന അലന്‍ ഏക മകനാണ്.
ഡയബെറ്റിക് രോഗത്തെ തുടര്‍ന്ന് മരണത്തെ പ്രതീക്ഷിച്ച് ജീവിതത്തെ അവസാനമായി സമീപിക്കുകയായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി സാബു. രോഗം ഇടയ്ക്ക് ഭേദമായതായി തോന്നിയപ്പോഴും ജീവിതത്തെ ശാന്തമായി നേരിടാന്‍ സാബു ഏറെ ശ്രദ്ധിച്ചിരുന്നു. താന്‍ മരിച്ചാല്‍ വയ്‌ക്കേണ്ട പുഷ്പങ്ങളെ കുറിച്ചും പാടേണ്ട പാട്ടുകളെ കുറിച്ചും വരെ സാബു ഭാര്യയെ പറഞ്ഞ് ഏല്‍പിച്ചിരുന്നു. ഇന്നലെ ആംബുലന്‍സിലേയ്ക്ക് കയറും മുമ്പ് താന്‍ നട്ടു വളര്‍ത്തിയ ചെടികളെയും പൂക്കളെയും ഒരിക്കല്‍ കൂടി കാണുവാനുള്ള മോഹം പ്രകടിപ്പിച്ച സാബുവിനെ ആംബുലന്‍സ് ജീവനക്കാര്‍ അനുവദിക്കുകയായിരുന്നു.

കഴിഞ്ഞ ഒരു മാസമായി ബെല്‍ഫാസ്റ്റ് റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ സാബു ചികിത്സയിലായിരുന്നു. ഒരാഴ്ച മുന്‍പാണ് സാബുവിന്റെ ആവശ്യപ്രകാരം ആശുപത്രി അധികൃതരുടെ അനുവാദത്തോടെ വീട്ടിലേക്ക് വന്നത്. എന്നാല്‍ വ്യാഴാഴ്ച രോഗം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും ആയിരുന്നു. അസുഖം കിഡ്‌നിയേയും കരളിനേയും ബാധിച്ചതോടെയാണ് രോഗം മൂര്‍ച്ഛിച്ചത്. മസ്‌കറ്റില്‍ നിന്നും 10 വര്‍ഷം മുന്‍പാണ് സാബു യുകെയിലെത്തിയത്. ആദ്യം യുകെയിലെ ലിങ്കണ്‍ഷെയറിലായിരുന്ന സാബുവും കുടുംബവും പിന്നീട് ദീപയുടെ ജോലിയുടെ സൗകര്യാര്‍ത്ഥം ബെല്‍ഫാസ്റ്റിലേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി ബെല്‍ഫാസ്റ്റിലാണ് താമസം.
സാബുവിന് മാതാവിനെ കൂടാതെ മൂന്ന് സഹോദരങ്ങളുള്ളത്. പിതാവ് നേരത്തെ നിര്യാതനായിരുന്നു. സാബുവിന്റെ മരണത്തില്‍ യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം അറിയിച്ചു. യുകെകെസിഎയുടെ നോര്‍ത്തേണ്‍ അയര്‍ലന്റ് ക്‌നാനായ കാത്തലിക് യൂണിറ്റിന്റെ സജീവപ്രവര്‍ത്തകനായിരുന്നു സാബു. സാബുവിന്റെ വേര്‍പാടില്‍ ദുഃഖിതരായ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. സാബുവിന്റെ അന്ത്യാഭിലാഷമനുസരിച്ച് ബെല്‍ഫാസ്റ്റിലെ ഗ്ലെന്‍ഗോമെര്‍ലി പള്ളിയിലായിരിക്കും സംസ്‌കാരം നടക്കുക. സംസ്‌കാര ചടങ്ങുകളുടെ ചെലവ് നോര്‍ത്തണ്‍ അയര്‍ലണ്ട് ക്‌നാനായ കുടുംബ യോഗം വഹിക്കുമെന്ന് സെക്രട്ടറി ടോമി ജോസഫ് അറിയിച്ചു. സൗദിയിലുള്ള സഹോദരന്‍ എത്തേണ്ടതിനാല്‍ തീയതി പിന്നീട് തീരുമാനിക്കും.

ഫെബ്രുവരി 14ന് നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടറിന്റെ 15 ാമത് വാര്‍ഷികം നടക്കാനിരിക്കെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. പ്രധാനമായും സ്‌കൂളുകളെ ലക്ഷ്യം വെച്ചാണ് അക്രമങ്ങള്‍.
രാജ്യത്തെ പല എലമെന്ററി സ്‌കൂളുകളിലേയ്ക്കുമുള്ള റോഡുകളില്‍ അക്രമികള്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ഈ റോഡുകള്‍ തടസപ്പെടുത്തുന്ന രീതിയിലാണ് അക്രമങ്ങള്‍ നടത്തുന്നത്.

വ്യാഴാഴ്ച വടക്കന്‍ ഗവേര്‍ണറ്റിലെ പ്രൈമറി ഗേള്‍സ് സ്‌കൂളിലേയ്ക്കുള്ള വഴിയ്ക്ക് കുറുകെ ചിലര്‍ സ്ഥാപിച്ച കൂര്‍ത്ത മുനകളുള്ള ഇരുമ്പ് ദണ്ഡുകളാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

സാര്‍ എലമെന്ററി സ്‌കൂളിലേയ്ക്കുള്ള വഴിയിലും മുന്‍പ് ഇതേ സംഭവം ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളിലേയ്ക്കുള്ള ഗതാഗതം തടയുകയും, അത് വഴി കുട്ടികളും അദ്ധ്യപകറരും ക്ലാസ്സില്‍ എത്തുന്നത് തടയുകയും ആണ് അക്രമികളുടെ ലക്ഷ്യമെന്ന് കരുതുന്നു. ഈ സ്‌കൂളിനു നേരെ മുന്‍പ് കല്ലേറും ഉണ്ടായിട്ടുണ്ട്. ഇതിനെ കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രാലയം അറിയിച്ചു.

തിരുവനന്തപുരം: ജ്ഞാനപീഠ പുരസ്‌കാര ജേതാവും പ്രശസ്ത കവിയുമായ ഒഎന്‍വി കുറുപ്പ് (ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ്, 84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007ലെ ജ്ഞാനപീഠ പുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. പത്മശ്രീ (1998), പത്മവിഭൂഷണ്‍ (2011) ബഹുമതികളും ഒഎന്‍വിയെ തേടിയെത്തി. നിരവധി സിനിമകള്‍ക്കും നാടകങ്ങള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ.എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി 1931 മേയ് 27 നാണ് ഒഎന്‍വി ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും 1948ല്‍ ഇന്റര്‍മീഡിയറ്റ് പാസ്സായ ഒഎന്‍വി കൊല്ലം എസ്.എന്‍.കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. 1952ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും 1955ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

1957 മുതല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളജിലും മലയാ!ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു.
1989ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ എ.ചാള്‍സിനോട് പരാജയപ്പെടുകയായിരുന്നു.

1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആറുപതിറ്റാണ്ടു ദൈര്‍ഘ്യമുള്ള സാഹിത്യജീവിതത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

ഒ.എന്‍.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങള്‍

. ആരെയും ഭാവ ഗായകനാക്കും…

. ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ…

. ഒരു ദലം മാത്രം വിടര്‍ന്നൊരു….

. സാഗരങ്ങളേ….

. നീരാടുവാന്‍ നിളയില്‍….

. മഞ്ഞള്‍ പ്രസാദവും നെറ്റിയില് ചാര്‍ത്തി….

. ഓര്‍മകളേ കൈവള ചാര്‍ത്തി………

. അരികില്‍ നീയുണ്ടായിരുന്നെങ്കില്‍…..

. വാതില്പഴുതിലൂടെന്‍ മുന്നില്‍…..

. ആദിയുഷസന്ധ്യപൂത്തതിവിടെ…

കവിതാ സമാഹാരങ്ങള്‍

പൊരുതുന്ന സൗന്ദര്യം, സമരത്തിന്റെ സന്തതികള്‍, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ട് ചക്രവര്‍ത്തിമാരും!, ഗാനമാല!, നീലക്കണ്ണുകള്‍, മയില്‍പ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, കാറല്‍മാര്‍ക്‌സിന്റെ കവിതകള്‍, ഞാന്‍ അഗ്‌നി, അരിവാളും രാക്കുയിലും!, അഗ്‌നിശലഭങ്ങള്‍, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ

സാഹിത്യമേഖലയിലെ പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 1971 (അഗ്‌നിശലഭങ്ങള്‍), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1975 അക്ഷരം), എഴുത്തച്ഛന്‍ പുരസ്‌കാരം (2007), ചങ്ങമ്പുഴ പുരസ്‌കാരം, സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു പുരസ്‌കാരം (1981 ഉപ്പ്), വയലാര്‍ രാമവര്‍മ പുരസ്‌കാരം (1982 ഉപ്പ്), മഹാകവി ഉള്ളൂര്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം.

ചലച്ചിത്രമേഖലയിലെ പുരസ്‌കാരങ്ങള്‍

മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം (1989 വൈശാലി)

മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍

2008 (ഗുല്‍മോഹര്‍), 1990 (രാധാമാധവം), 1989 (ഒരു സായാഹ്നത്തിന്റെ സ്വപ്നത്തില്‍, പുറപ്പാട്), 1988 (വൈശാലി), 1987 (മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍), 1986 (നഖക്ഷതങ്ങള്‍), 1984 (അക്ഷരങ്ങള്‍, ഇത്തിരിപ്പൂവേ ചുവന്നപൂവേ), 1983 (ആദാമിന്റെ വാരിയെല്ല്), 1980 (യാഗം, അമ്മയും മകളും), 1979 (ഉള്‍ക്കടല്‍), 1977 (മദനോത്സവം), 1976 (ആലിംഗനം), 1973 (സ്വപ്നാടനം)

മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം 2009 (പഴശ്ശിരാജ)

ന്യൂഡല്‍ഹി: ജെഎന്‍യു ക്യാംപസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ച എട്ടു വിദ്യാര്‍ത്ഥികളെ സര്‍വകലാശാല ഡീബാര്‍ ചെയ്തു. ഇവരെ അന്വേഷണവിധേയമായി ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അച്ചടക്ക സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടി എടുത്തത്. എന്നാല്‍ ഇവര്‍ക്ക് ഹോസ്റ്റല്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെ ഇന്നലെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരുന്നു. ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചനകള്‍. ക്യാംപസില്‍ പൊലീസ് സുരക്ഷയും ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും പൊലീസുകാരെ ക്യാംപസില്‍ നിന്നും ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹവും ക്രിമിനല്‍ ഗൂഢാലോചന കുറ്റവും ചുമത്തി ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം വിദ്യാര്‍ഥികള്‍ക്ക് എതിരെയുളള നടപടികള്‍ക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധവും അരങ്ങേറുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥി സംഘടനകള്‍ അഫ്‌സല്‍ ഗുരുവിന്റെ ചരമദിനം ആചരിച്ചത്. ഇതിനെതിരേ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് ക്യാംപസില്‍ പൊലീസിനെ വിന്യസിച്ചത്.

ലണ്ടന്‍: ലോകത്തെ മൂന്നില്‍ രണ്ട് ശതമാനം ജനങ്ങളും വര്‍ഷത്തില്‍ ഒരുമാസമെങ്കിലും കൊടിയ ജലദൗര്‍ലഭ്യം അനുഭവിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ലോകം നേരിടുന്ന കൊടും ഭീഷണിയാണിതെന്നും പഠനം സൂചിപ്പിക്കുന്നു. നേരത്തെ പ്രവചിച്ചിരുന്നതിനേക്കാള്‍ മോശമായിക്കൊണ്ടിരിക്കുകയാണ് കുടിവെളള പ്രശ്‌നം. അഞ്ഞൂറ് ദശലക്ഷം ജനതയ്ക്ക് എല്ലാവര്‍ഷവും മഴ മൂലം ലഭിക്കുന്ന വെളളത്തിന്റെ ഇരട്ടിയോളം ആവശ്യമുണ്ട്. ഭൂഗര്‍ഭ ജലനിരപ്പ് ഏറെ താഴുന്നത് ഇവരെ കടുത്ത പ്രതിസന്ധിയിലേക്ക് തളളി വിടുന്നു. ഇന്ത്യയിലും ചൈനയിലുമാണ് വളരെ ദുര്‍ബലമായ കുടിവെളള സ്രോതസുകള്‍ ഉളളത്. പശ്ചിമ മധ്യ അമേരിക്കയിലും ആസ്‌ട്രേലിയയിലും ലണ്ടന്‍ നഗരത്തിലും സ്ഥിതി ഏതാണ്ട് സമാനമാണ്. ജനസംഖ്യാ വര്‍ദ്ധനയും വെളളത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചതും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
അടുത്ത പതിറ്റാണ്ടില്‍ ജനങ്ങളെയും സമ്പദ്ഘടനയെയും ബാധിക്കുന്ന മൂന്ന് വെല്ലുവിളികളില്‍ പ്രധാനം ജലദൗര്‍ലഭ്യമാണെന്ന് ലോകസാമ്പത്തിക ഫോറം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും അഭയാര്‍ത്ഥി പ്രശ്‌നവുമാണ് മറ്റ് രണ്ട് വെല്ലുവിളികള്‍. സിറിയ പോലുളള രാജ്യങ്ങളില്‍ ഇവ മൂന്നും ഒന്നിച്ച് തന്നെ സംഭവിക്കുന്നു. 2007 മുതല്‍ 2010 വരെയുണ്ടായ കാലാവസ്ഥാ വ്യതിയാനം കടുത്ത വരള്‍ച്ചയിലേക്ക് ലോകത്തെ നയിച്ചു. ഇതോടെ കാര്‍ഷിക മേഖല തകരാന്‍ തുടങ്ങി. ഇതിന്റെ ഫലമായി കര്‍ഷകര്‍ കൂട്ടത്തോടെ നഗരങ്ങളിലേക്ക് പലായനം ചെയ്യാനും ആരംഭിച്ചു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഗണിച്ചാല്‍ പ്രമുഖ സ്ഥാനം വെളളമില്ലായ്മയ്ക്കാണ് പ്രഥമ സ്ഥാനമെന്ന് കാണാനാകും.

യെമനെ സംബന്ധിച്ചിടത്തോളം ഇത് കടുത്ത യാഥാര്‍ത്ഥ്യമാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ നെതര്‍ലന്‍ഡ്‌സിലെ ട്വെന്റെ സര്‍വകലാശാലയിലെ പ്രൊഫ.അര്‍ജന്‍ ഹൊക്‌സ്ത്ര പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ യെമനിലെ വെളളം മുഴുവന്‍ തീരും. പാകിസ്ഥാന്‍, ഇറാന്‍, മെക്‌സികോ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും ജലവിതാനം താഴ്ന്ന് കൊണ്ടിരിക്കുകയാണ്. ഇവിടെയും വലിയ താമസമില്ലാതെ തന്നെ ജലസ്രോതസുകള്‍ അപ്രത്യക്ഷമാകും. ആസ്‌ട്രേലിയയിലെ മുറെ-ഡാര്‍ലിംഗ് തടത്തിലും ജലനിരപ്പ് താഴുകയാണ്. വന്‍ നഗരമായ ലണ്ടനിലും വെളളം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

ദ ജേണല്‍ സയന്‍സ് അഡ്വാന്‍സസില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായാണ് ആഗോള ജലദൗര്‍ലഭ്യത്തെ മാസാടിസ്ഥാനത്തില്‍ ഒരു പഠനം വിശകലനം ചെയ്യുന്നത്. 1996 മുതല്‍ 2005 വരെയുളള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. പുനഃസ്ഥാപിക്കപ്പെടുന്ന വെളളത്തേക്കാള്‍ രണ്ട് മടങ്ങ് ഉപയോഗം വര്‍ദ്ധിച്ചതായി പഠനം ചൂണ്ടിക്കാട്ടുന്നു. 1.8 ബില്യന്‍ ജനതയ്ക്ക് ആറ് മാസവും കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നു.

കാര്‍ഷികാവശ്യങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ വെളളം ഉപയോഗിക്കുന്നത്. വളര്‍ന്നുകൊണ്ടിരിക്കുന്ന ആഗോള ജനതയ്ക്ക് ആവശ്യത്തിന് ഭക്ഷണവും വേണം. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷ്യശീലങ്ങളും ജലദൗര്‍ലഭ്യത്തിന് കാരണമാകുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ വരുമാനമുളളവര്‍ കൂടുതല്‍ മാംസം കഴിക്കുന്നുണ്ട്. ഒരു കിലോ ബീഫ് തയാറാക്കണമെങ്കില്‍ 15,000 ലിറ്റര്‍ വെളളം വേണമെന്നും പഠനം പറയുന്നു. മനുഷ്യരുടെ മറ്റൊരു പ്രധാന ഭക്ഷ്യവിഭവമായ മത്സ്യങ്ങള്‍ക്കും ജലം ആവശ്യമാണ്.

ഓരോ കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെളളത്തിന്റെ കാര്യത്തില്‍ സുതാര്യത പുലര്‍ത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇത് കുറയ്ക്കാനുളള മാര്‍ഗങ്ങളും ആവിഷ്‌ക്കരിക്കണം. ജല സുസ്ഥിരത ഓരോ കമ്പനികളും തങ്ങളുടെ നയരൂപവത്ക്കരണത്തിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.

Copyright © . All rights reserved