Main News

ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നിലവിലുള്ള സഞ്ചാര സ്വാതന്ത്ര്യം ബ്രെക്‌സിറ്റിനു ശേഷവും തുടരാന്‍ മന്ത്രിസഭയുടെ അനുമതി. നാല് വര്‍ഷം കൂടി യൂറോപ്യന്‍ പൗരന്‍മാര്‍ക്കും യുകെ പൗരന്‍മാര്‍ക്കും നിയന്ത്രണങ്ങളില്ലാതെ അതിര്‍ത്തികളിലൂടെ യാത്ര ചെയ്യാം. രണ്ട് വര്‍ഷത്തേക്ക് അനുമതി നല്‍കാമെന്നാ പ്രധാനമന്ത്രി പറഞ്ഞതെങ്കിലും അത് നാല് വര്‍ഷം വരെ നീളാമെന്ന് ഒരു മുതിര്‍ന്ന ക്യാബിനറ്റ് അംഗത്തെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്ടെന്നുണ്ടാകുന്ന യാത്രാവിലക്കു മൂലം പല കാര്യങ്ങളും തടസപ്പെടുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. ഫിലിപ്പ് ഹാമണ്ടിന്റെ നിര്‍ദേശത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

2019 മാര്‍ച്ച് 29ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പൂര്‍ണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ മുതല്‍ യാത്രാ സ്വാതന്ത്ര്യവും വിലക്കപ്പെടുമെന്നായിരുന്നു കരുതിയിരുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ ന്യായീകരിക്കാനാകുന്ന വിധത്തിലുള്ള ബ്രെക്‌സിറ്റ് നയത്തിനായാണ് ഹാമണ്ട് ആവശ്യമുന്നയിക്കുന്നത്. എന്നാല്‍ യാത്രാ സ്വാതന്ത്ര്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ ഡൗണിംഗ് സ്്രടീറ്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബ്രെക്‌സിറ്റ് സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത വ്യവസായികളുടെ യോഗത്തിലും സഞ്ചാര സ്വാതന്ത്ര്യം പെട്ടെന്ന് ഒരു ദിവസം ഇല്ലാതാക്കില്ലെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.

യൂറോപ്പുമായി ഒരു സ്വതന്ത്ര വ്യാപാരക്കരാര്‍ ഉള്‍പ്പെടെ വളരെ വേഗത്തിലും എന്നാല്‍ തടസങ്ങള്‍ ഇല്ലാത്തതുമായ ബ്രെക്‌സിറ്റാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യവസായികളെ അറിയിച്ചിട്ടുണ്ട്. വ്യവസായങ്ങളെ മുഖവിലയ്ക്ക് എടുത്തുകൊണ്ടു മാത്രമേ സര്‍ക്കാര്‍ ബ്രെക്‌സിറ്റ് നയം പ്രഖ്യാപിക്കൂ എന്നാണ് വ്യക്തമാകുന്നതെന്ന് ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി ഫ്രാന്‍സിസ് മാര്‍ട്ടിന്‍ പറഞ്ഞു.

ലണ്ടന്‍: എന്‍എച്ച്എസില്‍ ഇനി മുതല്‍ ഹോമിയോ ചികിത്സ ലഭ്യമാകില്ല. വര്‍ഷത്തില്‍ 190 മില്യന്‍ പൗണ്ടിന്റെ ചെലവ് കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഈ പദ്ധതി. പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഹോമിയോ ചികിത്സയ്ക്കായി 2016ല്‍ 92,412 പൗണ്ട് ആണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന് ചെലവായത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 5,78,000 പൗണ്ട് ചെലവായിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഹോമിയോപ്പതി ചികിത്സ പ്ലാസിബോ മാത്രമാണ് ഉണ്ടാക്കുന്നതെന്നും ഇപ്പോള്‍ ലഭിക്കുന്ന കുറഞ്ഞ ഫണ്ടിന്റെ ദുരുപയോഗമാണ് ഇതെന്നും എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമന്‍ സ്റ്റീവന്‍സ് പറഞ്ഞു.

മരുന്ന് എന്ന പേരില്‍ വെള്ളം നല്‍കിയാലും രോഗമുക്തിയുണ്ടാകുമെന്ന് രോഗിക്ക് തോന്നുന്നതിനെയാണ് പ്ലാസിബോ ഇഫക്റ്റ് എന്ന് പറയുന്നത്. ഹോമിയോപ്പതി ചികിത്സയ്ക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നത് എന്നും വിവാദമായിരുന്നു. ഹോമിയോ പ്രിസ്‌ക്രിപ്ഷനുകള്‍ ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ഹൗസ് ഓഫ് കോമണ്‍സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കമ്മിറ്റിയും നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു. ഹോമിയോപ്പതിക്കു പുറമേ എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷനുകളില്‍നിന്ന് 17 മറ്റ് ഇനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ചെലവിനൊത്ത മൂല്യം നല്‍കാത്തതും ക്ലിനിക്കല്‍ ഫലങ്ങള്‍ കുറഞ്ഞതുമായ കാര്യങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്.

പച്ച മരുന്നുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ് കോംപൗണ്ടുകള്‍, പേശിവേദനയ്ക്ക് ഉപയോഗിക്കുന്ന ഓയിന്റ്‌മെന്റുകള്‍ തുടങ്ങിയവയും ഇനി എന്‍എച്ച്എസില്‍ രോഗികള്‍ക്കായി നിര്‍ദേശിക്കില്ല. ഹെപ്പറ്റൈറ്റിസ് ബി, യെല്ലോ ഫീവര്‍, റാബീസ് എന്നീ ട്രാവല്‍ വാക്‌സിനുകള്‍ എന്നറിയപ്പെടുന്ന പ്രതിരോധ മരുന്നുകളും ഇനി നല്‍കില്ല. ഇവ എന്‍എച്ച്എസ് നല്‍കേണ്ടതില്ലെങ്കിലും ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കി വരുന്നുണ്ട്.

ലണ്ടന്‍: ബ്രെന്‍ഡ് ഹെയില്‍ സുപ്രീം കോടതിയുടെ ആദ്യ വനിതാ പ്രസിഡന്റ് ആകുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് മൂന്ന് ജഡ്ജിമാരുടെയും നിയമനം ഇതിനൊപ്പം ഉണ്ടാകും. അതില്‍ ഒരാളും വനിതയാണ്. 2009ലാണ് ലേഡി ഹെയില്‍ സുപ്രീം കോടതിയില്‍ എത്തിയത്. ഈ നിയമനങ്ങളോടെ സുപ്രീം കോടതിയിലെ 12 ജഡ്ജിമാരില്‍ 2 പേര്‍ വനിതകളാകും.

സുപ്രീം കോടതിയില്‍ വനിതാ ജഡ്ജിമാരില്ലാത്തത് കാര്യമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ജുഡീഷ്യറിയില്‍ പുരുഷ മേധവിത്വം മാത്രമല്ല വെളുത്ത വര്‍ഗ്ഗക്കാരുടെ മേധാവിത്വവും വിമര്‍ശന വിധേയമായിരുന്നു. ഇത്തരം കാര്യങ്ങളില്‍ ഹെയില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. 2015ല്‍ ഈ വിഷയത്തില്‍ സുപ്രീം കോടതിക്കെതിരെ ഫാമിലി ലോ വിദഗ്ദ്ധ കൂടിയായ ഇവര്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്.

വിരമിക്കല്‍ പ്രായം 75 ആയ ജഡ്ജുമാരില്‍ ഏറ്റവും അവസാനത്തെ തലമുറയുടെ പ്രതിനിധി കൂടിയാണ് ലേഡി ഹെയില്‍. 1995ല്‍ വിരമിക്കല്‍ പ്രായം 70 ആക്കി നിജപ്പെടുത്തിയിരുന്നു. യോര്‍ക്ക്ഷയറില്‍ 194ല്‍ ജനിച്ച ഇവര്‍ കേംബ്രിഡ്ജില്‍ നിന്നാണ് നിയമ ബിരുദം കരസ്ഥമാക്കിയത്. 1989ല്‍ ക്വീന്‍സ് കൗണ്‍സല്‍ ആയി നിയമിതയായ ഇവര്‍ 1994ലാണ് ഹൈക്കോടതിയില്‍ ജഡ്ജിയായത്.

ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും കുറ്റകൃത്യങ്ങളുടെ നിരക്കില്‍ വന്‍ വര്‍ദ്ധന. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് തയ്യാറാക്കിയ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 10 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയത്. പത്ത് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തെ കണക്ക് അനുസരിച്ച് ക്രൂരമായ കുറ്റകൃത്യങ്ങൡ 18 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. തോക്കുകളും കഠാരയും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 20 ശതമാനം വര്‍ദ്ധനയും രേഖപ്പെടുത്തി.

നരഹത്യയുടെ നിരക്ക് 26 ശതമാനം ഉയര്‍ന്ന് 723ല്‍ എത്തിയെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 1989ല്‍ ഹില്‍സ്ബറോയില്‍ ഉണ്ടായ 96 കൊലപാതകക്കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. കുറ്റകൃത്യങ്ങളുടെ നിരക്ക് ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരികയാണ്. 2015ല്‍ 3 ശതമാനമാണ് ഉയര്‍ന്നതെങ്കില്‍ അടുത്ത വര്‍ഷം 8 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ഈ വര്‍ഷം 10 ശതമാനമാണ് നിരക്ക്. ഇത് ആശങ്കാജനകമാണെന്ന് കണക്കുകള്‍ തയ്യാറാക്കിയ വിദഗ്ദ്ധര്‍ പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതായി ഹോം ഓഫീസ് കണക്കുകളും സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 924 ഉദ്യോഗസ്ഥരാണ് സേനകള്‍ക്ക് പുറത്തേക്ക് പോയത്. ആയുധങ്ങള്‍ കാട്ടിയുള്ള അതിക്രമങ്ങളില്‍ കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലണ്ടനില്‍ മാത്രം ഇക്കാര്യത്തില്‍ 40 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കത്തിമുനയില്‍ നിര്‍ത്തിയുള്ള ലൈംഗിക കുറ്റകൃത്യങ്ങളിലും സാരമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു.

ലണ്ടന്‍: മുമ്പ് പ്രവചിച്ചതിനു വിരുദ്ധമായി യുകെ നഗരങ്ങളിലെ വസ്തു വിലയില്‍ വര്‍ദ്ധനയുണ്ടായേക്കാമെന്ന് നിരീക്ഷണം. 20 വന്‍ നഗരങ്ങളിലെ വസ്തു വിലയില്‍ 6 മുതല്‍ 7 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായേക്കാമെന്ന് പ്രോപ്പര്‍ട്ടി അനലിസ്റ്റ് ഹോംട്രാക്ക് തയ്യാറാക്കിയ ഇന്‍ഡെക്‌സ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 4 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. ബ്രെക്‌സിറ്റ് അനിശ്ചിതത്വമുണ്ടെങ്കിലും ലീഡ്‌സ്, ബര്‍മിംഗ്ഹാം തുടങ്ങിയ വലിയ നഗരങ്ങൡ വീടുകള്‍ക്ക് വില കുറയുന്നില്ലെന്നും ഇന്‍ഡെക്‌സ് പറയുന്നു. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായാണ് വസ്തുവില ഉയരുന്നത്.

ലണ്ടനിലെ വാര്‍ഷിക വില വര്‍ദ്ധനവ് 2.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. വസ്തു വില ഏറ്റവും വേഗത്തില്‍ വര്‍ദ്ധിക്കുന്നത് ബര്‍മിംഗ്ഹാമിലാണ്. 7.8 ശതമാനം വാര്‍ഷിക വര്‍ദ്ധനവാണ് ഇവിടെ രേഖപ്പെടുത്തിയത്. വില വര്‍ദ്ധനവ് ഈ വര്‍ഷം തുടരുമെന്നാണ് ഹോംട്രാക്ക് പ്രവചിക്കുന്നത്. ബര്‍മിംഗ്ഹാമിലെ ശരാശരി പ്രോപ്പര്‍ട്ടി വില 1,54,000 പൗണ്ട് ആണ്. എന്നാല്‍ ലണ്ടനില്‍ ഇത് 4,92,000 പൗണ്ട് വരും. മാഞ്ചസ്റ്റര്‍, ലീഡ്‌സ് എന്നീ നഗരങ്ങളിലും വിലവര്‍ദ്ധനവ് തുടരുകയാണ്.

ഒരു വര്‍ഷത്തിനിടെ ലണ്ടന്‍, ബ്രിസ്റ്റോള്‍, ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് എന്നിവിടങ്ങളിലെ വിലയില്‍ സാരമായ കുറവ് ഉണ്ടായിട്ടുണ്ട്. ബ്രെക്‌സിറ്റ് വോട്ടിനു ശേഷം ഉണ്ടായ അനിശ്ചിതാവസ്ഥ ഇതിന് കാരണമായിട്ടുണ്ട്. എന്നാല്‍ മോര്‍ട്ടഗേജ് നിരക്കുകള്‍ കുറഞ്ഞതും തൊഴിലില്ലായ്മ കുറഞ്ഞതും വസ്തു വില വര്‍ദ്ധിക്കുന്നതിനെ സ്വാധീനിച്ചിട്ടുണ്ടെന്നും ഹോംട്രാക്ക് ഇന്‍ഡെക്‌സ് വ്യക്തമാക്കുന്നു.

ബ്രിട്ടനിലെ 20 നഗരങ്ങളിലെ ഇന്‍ഡെക്‌സ് കാണാം

Aberdeen, £184,300, minus 2.7%

Belfast, £130,600, 4.3%

Birmingham, £154,900, 7.8%

Bournemouth, £280,400, 5.2%

Bristol, £270,900, 5.6%

Cambridge, £425,500, 1.9%

Cardiff, £195,800, 4%

Edinburgh, £211,100, 6.5%

Glasgow, £117,700, 3.3%

Leeds, £161,400, 5.4%

Leicester, £164,500, 5.8%

Liverpool, £118,300, 4.8%

London, £492,700, 2.6%

Manchester, £155,700, 6.4%

Newcastle, £126,600, 2.4%

Nottingham, £146,000, 6%

Oxford, £424,800, 2.1%

Portsmouth, £229,700, 5.6%

Sheffield, £133,700, 4.7%

Southampton, £228,100, 5.7%

ലണ്ടന്‍: എന്‍എച്ച്എസിന് അടിയന്തരമായി 2200 ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി കണ്‍സള്‍ട്ടന്റുമാരുടെ സേവനം ആവശ്യമുണ്ടെന്ന് കണക്കുകള്‍. രോഗികള്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിന് നിലവിലുള്ളതിന്റെ ഇരട്ടി കണ്‍സള്‍ട്ടന്റുമാരെയാണ് വേണ്ടത്. 1632 പേരാണ് ഇപ്പോള്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2200 പേരെക്കൂടി എന്‍എച്ച്എസ് ഇംഗ്ലണ്ടിന് നിയമിക്കേണ്ടി വരും. എമര്‍ജന്‍സി ഡോക്ടര്‍മാരുടെ സമിതിയായ റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ ആണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.

കഴിഞ്ഞ വിന്ററില്‍ നേരിട്ടതുപോലെയുള്ള പ്രതിസന്ധികള്‍ ഒഴിവാക്കണമെങ്കില്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഏജന്‍സികള്‍ക്ക് ഓരോ വര്‍ഷവും നല്‍കുന്ന 400 മില്യന്‍ പൗണ്ട് മാത്രം മതിയാകും പുതിയ ഡോക്ടര്‍മാരെ നിയമിക്കാനെന്നും ആര്‍സിഇഎം വ്യക്തമാക്കുന്നു. നിലവിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് പരിഹരിക്കാന്‍ ഏജന്‍സികളെയാണ് എന്‍എച്ച്എസ് ആശ്രയിക്കുന്നത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി കെയര്‍ ആവശ്യമുള്ളവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്നതും ഡോക്ടര്‍മാരില്‍ നല്ലൊരു ശതമാനം പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്നതും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നുണ്ട്.

എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന 6261 ഡോക്ടര്‍മാരില്‍ 1632 പേര്‍ മാത്രമേ കണ്‍സള്‍ട്ടന്റുമാരുള്ളു. ഇവര്‍ക്ക് പ്രതിവര്‍ഷം 10,000ത്തോളം രോഗികളെയാണ് ചികിത്സിക്കേണ്ടി വരുന്നത്. ആകെയുള്ളവരില്‍ മൂന്നിലൊന്ന് മാത്രമേ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ എന്ന ഈ ഗണത്തില്‍ വരുന്നുള്ളു. ബാക്കിയുള്ളവര്‍ ട്രെയിനികളാണ്. ട്രെയിനികളുടെ എണ്ണത്തില്‍ വര്‍ദ്ധന വരുത്താനും ശ്രദ്ധിക്കണമെന്ന് ആര്‍സിഇഎം പ്രസിഡന്റ് ഡോ.താജ് ഹസന്‍ പറഞ്ഞു.

 

ലണ്ടന്‍: ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഫസ്റ്റ്ക്ലാസ് ഡിഗ്രി കരസ്ഥമാക്കി പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന. വിദ്യാര്‍ത്ഥികളില്‍ നാലിലൊരാള്‍ വീതം ഉയര്‍ന്ന ഓണേഴ്‌സ് ബിരുദങ്ങള്‍ കരസ്ഥമാക്കുന്നുണ്ട്. രാജ്യത്തെ മൂന്നിലൊന്ന് സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥികള്‍ ഉന്നത ഗ്രേഡുകള്‍ നേടുന്നുണ്ട്. 2010 മുതല്‍ ട്യൂഷന്‍ ഫീസ് 9250 പൗണ്ട് ആയി വര്‍ദ്ധിപ്പിച്ചിട്ടും ഇതാണ് അവസ്ഥയെന്നാണ് പ്രസ് അസോസിയേഷന്‍ നടത്തിയ വിശകലനത്തില്‍ വ്യക്തമാകുന്നത്. ഗ്രേഡ് ഇന്‍ഫ്‌ളേഷന്‍ സംബന്ധിച്ചുള്ള സംവാദത്തിനും ഈ വിശകലനം തുടക്കമിട്ടിട്ടുണ്ട്.

ഗ്രേഡ് നിര്‍ണ്ണയ രീതികളില്‍ പുനഃപരിശോധന വേണമെന്ന ആവശ്യവും ഇതേത്തുടര്‍ന്ന് ഉയരുന്നുണ്ട്. നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന രീതിയാണ് ബ്രിട്ടീഷ് സര്‍വകലാശാലകള്‍ മിക്കവയും ഇപ്പോളും പിന്തുടരുന്നത്. പ്രവേശനത്തില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്നതിനാല്‍ മികച്ച വിദ്യാര്‍ത്ഥികളെ മാത്രം ലഭിക്കുന്നതും പഠന വിഭാഗങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതുമായിരിക്കാം കാരണങ്ങളൊന്നും എന്നാല്‍ ചില കാര്യങ്ങളില്‍ ഈ വര്‍ദ്ധനവ് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഹയര്‍ എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിയൂട്ട് ഡയറക്ടര്‍ നിക്ക് ഹില്‍മാന്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി ലീഗ് ടേബിളുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തുടങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉദാരമായി ഗ്രേഡുകള്‍ നല്‍കാന്‍ തുടങ്ങിയതും ഇതിന് കാരണമായിരിക്കാമെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ്‌റ്റേണല്‍ എക്‌സാമിനര്‍മാരെ പുറത്തുനിന്ന് കൊണ്ടുവരുന്ന രീതിയും കുറ്റമറ്റതല്ലെന്ന അഭിപ്രായവും അദ്ദേഹം രേഖപ്പെടുത്തി.

 

ലണ്ടന്‍: ബ്രിട്ടനില്‍ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ശുപാര്‍ശ. നിലവിലുള്ള 67 വയസില്‍ നിന്ന് 68 വയസായാണ് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചിക്കുന്നത്. സര്‍ക്കാരിന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്ന പദ്ധതി 2037 മുതല്‍ ഫലത്തില്‍ വരുമെന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ഡേവിഡ് ഗോക്ക് പറഞ്ഞു. ഈ മാറ്റം 60 ലക്ഷത്തിലേറെ ആളുകളെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ 47 വയസുള്ളവര്‍ സ്‌റ്റേറ്റ് പെന്‍ഷനായി അപേക്ഷിക്കണമെങ്കില്‍ ഇനി മുതല്‍ ഒരു വര്‍ഷം അധികം ജോലി ചെയ്യേണ്ടി വരും.

സര്‍ക്കാര്‍ പിന്തുടരുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നയത്തിന്റെ തുടര്‍ച്ചയാണ് ഈ തീരുമാനമെന്നാണ് ലേബര്‍ പ്രതികരിച്ചത്. പാര്‍ട്ടി പദ്ധതിയിട്ടിരുന്ന കാലയളവിനേക്കാള്‍ കൂടൂുതല്‍ കാലം ഏകദേശം 34 മില്യന്‍ ആളുകള്‍ ഇതനുസരിച്ച് ജോലി ചെയ്യേണ്ടി വരുമെന്ന് ലേബര്‍ ഷാഡോ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ഡെബ്ബി അബ്രഹാംസ് പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിത്തുടങ്ങുന്ന ഈ പദ്ധതി 1970 ഏപ്രില്‍ 6നും 1978 ഏപ്രില്‍ 5നും ഇടയില്‍ ജനിച്ചവരായിരിക്കും ഇതിനു കീഴില്‍ വരുന്നത്.

1970 ഏപ്രില്‍ 5ന് ജനിച്ചവര്‍ ഈ പദ്ധതിക്കു കീഴില്‍ വരില്ല. 2046-47 കാലയളവില്‍ 74 ബില്യന്‍ പൗണ്ട് ലാഭമുണ്ടാക്കുമെന്നാണ് ഈ പദ്ധതിയേക്കുറിച്ചുള്ള പ്രതീക്ഷ. ജീവിത ദൈര്‍ഘ്യം കൂടുന്നതിന് അനുസരിച്ചാണ് ഈ മാറ്റമെന്നാണ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിക്കുന്നത്. ജോണ്‍ ക്രിഡ്‌ലാന്‍ഡ് നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് പെന്‍ഷന്‍ പ്രായം കൂട്ടുന്നത്.

നഴ്‌സിംഗ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു UNA യോര്‍ക്ഷയര്‍ സപ്പോര്‍ട്ടേഴ്‌സ് എന്ന ഫേസ്ബുക് whatsapp കൂട്ടായ്മ നിലവില്‍ വന്നു. നിലനില്‍പ്പിനു വേണ്ടിയുള്ള ജീവിത സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേരള നേഴ്‌സ്മാരോട് ഐക്യദാര്‍ഢ്യം പ്രഖാപിച്ചുകൊണ്ടാണ് ഈ കൂട്ടായ്മ നിലവില്‍ വന്നിരിക്കുന്നത്. തങ്ങള്‍ അനുഭവിച്ചതും തങ്ങള്‍ക്കു ചെയ്യാന്‍ പറ്റാതിരുന്നതുമായ കാര്യങ്ങള്‍ തങ്ങളുടെ സഹോദരന്മാരും സഹോദരിമാരും ഏറ്റെടുത്തു വരുന്ന തലമുറക്കുവേണ്ടി നടത്തുന്ന ഈ സമരത്തിന് അകമഴിഞ്ഞ ഉപാധ്യകളില്ലാത്ത പിന്തുണയാണ് ഈ കൂട്ടായ്മ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്റര്‍നാഷണല്‍ കൌണ്‍സില്‍ ഫോര്‍ നഴ്‌സസ്, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ തുടങ്ങി അന്താരാഷ്ട്ര സംഘടനകളോട് ഈ വിഷയത്തില്‍ ഇടപെടാനും ഇന്ത്യ ഗവണ്മെന്റിനും ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണം എന്നും ആവശ്യപ്പെട്ടു കത്തെഴുതിക്കഴിഞ്ഞു ഈ കൂട്ടായ്മ.

അസന്ഘടിതമായിരുന്ന ഈ മേഖലയെ സംഘടിപ്പിച്ചു ന്യായമായ കൂലിക്കും തൊഴില്‍ രംഗത്തെ ചൂഷണങ്ങള്‍ക്ക് തടയിടുവാനും വേണ്ടി സമരമുഖത്തുള്ള നേഴ്‌സ്മാരോട് പിന്തുണ അറിയിക്കുവാന്‍ വേണ്ടി പ്രകടനങ്ങള്‍ നടത്തുവാനും , തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും നല്‍കുവാനും ഈ വിഷയത്തില്‍ അനുഭാവപൂര്‍വമായ തീരുമാനം എടുക്കണം എന്നും കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുവാനും കൂട്ടായ്മ തീരുമാനിച്ചു.

പൊതുജനാരാഗ്യത്തിനു ഭീഷണിയായി മാറിയ കണ്ണൂര്‍ കളക്ടറുടെ ഉത്തരവിനെ ശക്തമായി അപലപിക്കുകയും നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ ചൂഷണം അവസാനിപ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. പാവപ്പെട്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഭാവി പരിപാടികളും ഈ കൂട്ടായ്മ ഏറ്റെടുത്തുകഴിഞ്ഞു.

ലണ്ടന്‍: പ്രവാസി കേരള കൊണ്‍ഗ്രസ്സ് (എം) യുകെ ഘടകത്തിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി യുകെയുടെ വിവിധ പ്രദേശങ്ങളെ പതിനഞ്ചു റീജിയനുകള്‍ ആയി തിരിച്ചു റീജിയണല്‍ കമ്മറ്റികള്‍ ഉടന്‍ നിലവില്‍ വരുമെന്ന് ദേശീയ പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍, സെക്രട്ടറി ടോമിച്ചന്‍ കൊഴുവനാല്‍ എന്നിവര്‍ അറിയിച്ചു. വിവിധ റീജിയണല്‍ കമ്മറ്റികള്‍ രൂപീകരിക്കാന്‍ അതാതു പ്രദേശത്തെ പാര്‍ട്ടി പ്രതിനിധികളെയും, നിലവിലുള്ള ഭാരവാഹികളെയും ചുമതലപ്പെടുത്തി. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം പിയുടെ യുകെ സന്ദര്‍ശന വേളയില്‍ വിവിധ റീജിയണല്‍ കമ്മറ്റികള്‍ രൂപീകരിക്കാന്‍ വേണ്ടിയുള്ള പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശം അറിയിച്ചിരുന്നു. അതെ തുടര്‍ന്ന് ഇക്കഴിഞ്ഞ ദിവസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി മോന്‍സ് ജോസഫ് എം എല്‍ എയുടെ സാനിദ്ധ്യത്തില്‍ കൂടിയ ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് വിവിധ റീജിയനുകള്‍ രൂപീകരിക്കുകയും ഭാരവാഹികളെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തത്.

ഇതനുസരിച്ചു ഓരോ റീജിയണിന്റെയും ചുമതല ഓരോ എക്‌സിക്യൂട്ടീവ് ഭാരവാഹിക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. ഓരോ റീജിയനുകളിലും ഉള്ള പാര്‍ട്ടി പ്രതിനിധികളുടെയും, അനുഭാവികളുടെയും യോഗം അതാതു പ്രദേശങ്ങളില്‍ വിപുലമായി വിളിച്ചു ചേര്‍ത്ത് റീജിയണല്‍ കമ്മറ്റികള്‍ രൂപീകരിക്കാന്‍ ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. താഴെപ്പറയുന്ന വിധത്തിലാകും റീജിയണല്‍ കമ്മറ്റികള്‍ രൂപീകരിക്കേണ്ടത്. വിവിധ റീജിയനുകളും അവ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഭാരവാഹികളും താഴെപ്പറയുന്ന വിധത്തില്‍ ആകും. അവസാനം നല്‍കിയിരിക്കുന്ന ദേശീയ ഭാരവാഹിയുടെ മേല്‍നോട്ടത്തില്‍ ആവും റീജിയണല്‍ കമ്മറ്റികളുടെ രൂപീകരണം

ലണ്ടന്‍ റീജിയന്‍; സോജി ടി മാത്യു, എബ്രഹാം കുതിരവട്ടം, ജോമോന്‍ കുന്നേല്‍, ജിജോ അരയത്ത്

കെന്റ് റീജിയന്‍; എബി പൊന്നാംകുഴി, സഖറിയാസ് ഞാവള്ളി, ബേബിച്ചന്‍ തോമസ്, സി എ ജോസഫ്, ജോഷി സിറിയക്

ബ്രൈറ്റന്‍ റീജിയന്‍. ജിജോ അരയത് ,ഷാജി തോമസ്, ജോഷി ജേക്കബ്

സറെ റീജിയന്‍. സി എ ജോസഫ്, ടോമിച്ചന്‍ കൊഴുവനാല്‍, ജോണി കല്ലട, ടോമിച്ചന്‍ കൊഴുവനാല്‍

സൗത്താംപ്ടണ്‍ റീജിയന്‍. ബെന്നി അമ്പാട്ട് ,ഡാന്റോ പോള്‍,അനീഷ് ജോര്‍ജ്, ബെന്നി അമ്പാട്ട്

ബ്രിസ്റ്റോള്‍ റീജിയന്‍. മാനുവല്‍ മാത്യു, ജോര്‍ജ് ജോസഫ്, റോബിന്‍ പോള്‍, മാനുവല്‍ മാത്യു

കേംബ്രിഡ്ജ് റീജിയന്‍. ജോയ് വള്ളോംകോട്ട്, സിനീഷ് മാത്യു, ബെന്നി, മാനുവല്‍ മാത്യു

ഓക്‌സ്ഫോര്‍ഡ് റീജിയന്‍. പയസ് അനാലില്‍, ബിജു മാത്യു, ബോബി മാത്യു, ബിനു മുപ്രാപ്പള്ളില്‍

ബര്‍മിംഗ്ഹാം റീജിയന്‍. ജോര്‍ജ്കുട്ടി എണ്ണപ്ലാശേരി, ജിജി വരിക്കാശ്ശേരി, വിനോദ് ചുങ്കക്കാരോട്ട്, ബിനു മുപ്രാപ്പള്ളില്‍, ജോബിള്‍ ജോസ്, ജോര്‍ജ്കുട്ടി എണ്ണപ്ലാശേരി

നോട്ടിങ്ഹാം റീജിയന്‍. അഡ്വ. ജോബി പുതുക്കളങ്ങര, ഷാജി മാളിയേക്കല്‍, ബെന്നി, ജെയ്മോന്‍ വഞ്ചിത്താനം, വിജയ് ജോസഫ്, ജെയിംസ് തോമസ്, ജിജി വരിക്കാശ്ശേരി

മാഞ്ചെസ്റ്റെര്‍ റീജിയന്‍. ഷാജി വരാക്കുടി, സാബു ചുണ്ടക്കാട്ടില്‍, മനോജ് ,തോമസ് വാരികാട്ട് ,മാനുവല്‍ ബോസ്, സലാപ്പി പുതുപ്പറമ്പില്‍, ജോണി കണിവേലില്‍,ഷൈമോന്‍ തോട്ടുങ്കല്‍
പ്രെസ്റ്റന്‍ റീജിയന്‍., ജോഷി നടുത്തുണ്ടം, അലക്‌സ് പള്ളിയമ്പില്‍, ഷൈമോന്‍ തോട്ടുങ്കല്‍

ന്യൂകാസില്‍ റീജിയന്‍. ഷെല്ലി ഫിലിപ്പ്, ഷിബു എട്ടുകാട്ടില്‍, ബിനു കിഴക്കയില്‍ ,ജൂബി എം .സി ,ജിജോ മാധവപ്പള്ളില്‍,സജി കാഞ്ഞിരപ്പറമ്പില്‍, ഷൈമോന്‍ തോട്ടുങ്കല്‍

സ്‌കോട്‌ലന്‍ഡ് റീജിയന്‍. ടോം മാത്യു, സോണി ജോസഫ്, ടിജോ, ടോമിച്ചന്‍ കൊഴുവനാല്‍

വെയില്‍സ് റീജിയന്‍ എം സി ജോര്‍ജ്, രജി ജോസഫ്, ആല്‍വിന്‍ ജോര്‍ജ്, സി എ ജോസഫ്

ഇവരുടെ നേതൃത്വത്തില്‍ ചേരുന്ന റീജിയണല്‍ കമ്മറ്റികളുടെ രൂപീരണത്തിനുശേഷം റീജിയണല്‍ ഭാരവാഹികളുടെ വിപുലമായ യോഗം ചേരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved
➤