ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക്ഷെയറിലെ വെയ്ക്ക്ഫീൽഡിൽ നായയുടെ കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ഒരാൾ മരിച്ച സംഭവത്തിൽ പൊലീസ് കൊലപാതക അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെ പഴയ റെയിൽപാതയോരത്തെ നടപ്പാതയിൽ രണ്ട് പേർ തമ്മിൽ ഉണ്ടായ തർക്കത്തിനിടെയാണ് സംഭവം. ആക്രമണത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ട് 7 മണിയോടെ മരണം സംഭവിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 55 വയസ്സുള്ള ഒരാളെ കൊലപാതക സംശയത്തിലും പൊതുസ്ഥലത്ത് നിയന്ത്രണം വിട്ട അപകടകാരിയായ നായയെ കൈവശം വച്ചതിന്റെയും പേരിൽ അറസ്റ്റ് ചെയ്തതായി വെസ്റ്റ് യോർക്ക്ഷെയർ പൊലീസ് അറിയിച്ചു. സംഭവത്തിൽ പങ്കുണ്ടായതായി കരുതുന്ന നായയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മരിച്ചയാളുടെ മരണത്തെക്കുറിച്ച് ഹോമിസൈഡ് ആൻഡ് മേജർ ഇൻക്വയറി ടീം അന്വേഷണം നടത്തുകയാണ്. പരുക്കേറ്റയാളെ സഹായിക്കാൻ മുന്നോട്ടുവന്ന രണ്ട് സ്ത്രീകളടക്കം സംഭവത്തിന് സാക്ഷികളായവർ വിവരങ്ങൾ നൽകണമെന്ന് പൊലീസ് അഭ്യർഥിച്ചു. പ്രദേശം പതിവായി നടപ്പാതയായി ഉപയോഗിക്കുന്നതിനാൽ സംഭവത്തിന് മുൻപുണ്ടായ തർക്കം കണ്ടതോ കേട്ടതോ ആയവർ അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.











Leave a Reply