ലഭിച്ചിരുന്ന പദവികൾ പോലും അറിയിപ്പില്ലാതെ പിൻവലിച്ചെന്നും പ്രവർത്തിക്കാൻ ആവശ്യമായ അവസരവും പരിഗണനയും ലഭിച്ചില്ലെന്നുമുള്ള ആരോപണങ്ങളുമായി ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ചതായി നടൻ ദേവൻ. കേരള ബിജെപി നേതൃത്വവുമായി ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും, കഴിഞ്ഞ അഞ്ചാറ് മാസമായി രാജിയെക്കുറിച്ച് ആലോചിച്ചുവരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2023-ൽ ലഭിച്ച വൈസ് പ്രസിഡന്റ് പദവി 2024-ൽ പിൻവലിച്ചെങ്കിലും അതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുപോലും ലഭിച്ചില്ലെന്ന് ദേവൻ ആരോപിച്ചു.

പാർട്ടിയിൽ പ്രവർത്തിക്കാൻ വേണ്ട ‘സ്പേസ്’ ലഭിച്ചില്ലെന്നും വിഷയങ്ങൾ ചർച്ച ചെയ്യാൻ ശ്രമിച്ചിട്ടും സംസ്ഥാന നേതൃത്വത്തിൽനിന്ന് പ്രതികരണമുണ്ടായില്ലെന്നും ദേവൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ഫോണിലും സന്ദേശത്തിലുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും അതും ഫലിച്ചില്ലെന്നും, ഇതാണ് പാർട്ടി വിടാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2004-ൽ രൂപീകരിച്ച കേരള പീപ്പിൾസ് പാർട്ടി പുനരുജ്ജീവിപ്പിക്കാനാണ് ഇനി ലക്ഷ്യമെന്ന് ദേവൻ അറിയിച്ചു. മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിലേക്കോ മുന്നണിയിലേക്കോ പോകില്ലെന്നും നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി കേരള പീപ്പിൾസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ സജീവമാക്കാനുള്ള ശ്രമങ്ങളിലാണെന്നും ദേവൻ കൂട്ടിച്ചേർത്തു.