Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലിവർപൂളിലെ ഒരു പ്രൈമറി സ്കൂളിൽ രണ്ട് കുട്ടികൾ മരണമടഞ്ഞത് ആശങ്ക ഉണർത്തി . യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ആണ് കുട്ടികളുടെ മരണത്തെ കുറിച്ചുള്ള വാർത്തകൾ സ്ഥിരീകരിച്ചത്. കുട്ടികൾ ഇരുവരും ലിവർപൂളിലെ എവർട്ടണിലുള്ള മിൽസ്റ്റെഡ് പ്രൈമറി സ്കൂളിൽ ആണ് പഠിച്ചിരുന്നത്. പഠനവൈകല്യമുള്ള കുട്ടികൾക്കായുള്ള സ്കൂൾ ആണ് മിൽസ്റ്റെഡ് പ്രൈമറി സ്കൂൾ.

മിൽസ്റ്റെഡ് പ്രൈമറി സ്കൂളിൽ നിലവിൽ ജിയാർഡിയ അണുബാധയുടെ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും രണ്ടു കുട്ടികളുടെ മരണത്തിനു കാരണം ജിയാർഡിയ ആണെന്ന് പറയാൻ പറ്റില്ലെന്നാണ് യുകെ എസ് എച്ച് എ അറിയിച്ചത്. സാധാരണ ഗ്യാസ്ട്രിക് രോഗം മൂലം മരണം സംഭവിക്കുക ഇല്ല എന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. രണ്ട് കുട്ടികളുടെ മരണവാർത്ത കടുത്ത ആശങ്കയാണ് അധ്യാപകരിലും മാതാപിതാക്കളിലും ഉളവാക്കിയത്.

മിൽസ്റ്റെഡ് പ്രൈമറി സ്‌കൂളുമായി ബന്ധപ്പെട്ട നിരവധി ജിയാർഡിയ കേസുകൾക്ക് ശേഷം യുകെഎച്ച്എസ്എ ലിവർപൂൾ സിറ്റി കൗൺസിലിനോടും ആരോഗ്യവകുപ്പുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് യുകെഎച്ച്എസ്എയുടെ ചെഷയർ, മെഴ്‌സിസൈഡ് ഹെൽത്ത് പ്രൊട്ടക്ഷൻ ടീമിൻ്റെ കൺസൾട്ടൻ്റ് എമ്മ സാവേജ് പറഞ്ഞു, മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണ് രോഗം പകരുന്നത്. ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ നാലിന് നടന്ന തിരഞ്ഞെടുപ്പിനെ തുടർന്ന് അധികാരത്തിലെത്തിയ ലേബർ പാർട്ടി സർക്കാർ ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങളാണ് മന്ത്രിസഭാ രൂപീകരണത്തിൽ വരുത്തിയിരിക്കുന്നത്. ഇത്രയും കാലത്തിനിടെ യുകെ മന്ത്രിസഭയിൽ അധികാരം ഏൽക്കുന്ന ആദ്യത്തെ വനിതാ ചാൻസലർ ആണ് റേച്ചൽ റീവ്സ് . സ്ത്രീ പ്രാതിനിധ്യത്തിലും കെയർ സ്റ്റാർമർ മന്ത്രിസഭയും പാർലമെന്റും വളരെ മുന്നിലാണ്. ബ്രിട്ടീഷ് ജനസംഖ്യയുടെ 18 ശതമാനം വരുന്ന വെള്ളക്കാരല്ലാത്ത വംശീയ ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന 87 എം പി മാരാണ് പുതിയ പാർലമെൻറിൽ ഉള്ളത്. അവരിൽ 66 പേരും ലേബർ പാർട്ടിയെയാണ് പ്രതിനിധീകരിക്കുന്നത്.


യുവ എംപിമാരെ നേതൃത്വനിരയിലേയ്ക്ക് കൊണ്ടു വരുന്നതിന് പ്രത്യേക പ്രാധാന്യമാണ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ നടത്തിയിരിക്കുന്നത്. ഈ പാർലമെന്റിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട 5 എംപിമാർക്കാണ് സ്റ്റാർമർ തന്റെ മന്ത്രിസഭയിൽ സ്ഥാനം നൽകിയത്. പാർലമെൻറിൽ മുൻ പരിചയമില്ലാത്ത എംപിമാർക്ക് മന്ത്രിസ്ഥാനം നൽകുന്നത് അസാധാരണമായ നടപടിയാണ്. അതിൽ പ്രധാനപ്പെട്ടതാണ് മുൻകാല ലേബർ നേതാവായിരുന്ന ലോർഡ് ഫിലിപ്പ് ഗൗൾഡിൻ്റെ മകളുമായ ജോർജിയ ഗൗൾഡിനെ കാബിനറ്റ് ഓഫീസിൽ പാർലമെൻ്ററി സെക്രട്ടറിയായി നിയമിച്ചത് .


എനർജി സെക്യൂരിറ്റി ആൻഡ് നെറ്റ് സീറോയിലെ ജൂനിയർ മിനിസ്റ്റർ ആയി സ്ഥാനമേറ്റ മിയാറ്റ ഫാൻബുള്ളെ , മിനിസ്റ്റർ ഓഫ് വെറ്ററൻസ് ആയ കേണൽ അലിസ്റ്റർ കാർൺസ് എന്നിവരെല്ലാം ആദ്യമായി പാർലമെൻറിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണ് .ആസൂത്രണ നിയമ വിദഗ്ധയായ സാറാ സാക്ക്മാൻ ആണ് പുതിയ സോളിസിറ്റർ ജനറൽ. ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട കിർസ്റ്റി മക്നീൽ ആണ് സ്കോട്ട്‌ലൻഡ് ഒഫീഷ്യൽ ജൂണിയർ മന്ത്രി. ജൂണിയർ മന്ത്രിമാരുടെ നിയമനം ഇതുവരെ പൂർത്തിയാട്ടില്ല . മന്ത്രി തലത്തിൽ യുവരക്തത്തെ ഉൾപ്പെടുത്തി തലമുറ മാറ്റത്തിനും കെയർ സ്റ്റാർമർ മുൻ കൈ എടുക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ പുതിയ അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖല ആരംഭിക്കാൻ പോകുന്നു. ഡേവ്സ് ഹോട്ട് ചിക്കൻ യുകെയിലും അയർലൻഡിലുമായി 60 സ്ഥലങ്ങളിലാണ് തുറക്കാനിരിക്കുന്നതു. 2025 ആരംഭത്തോടെ റെസ്റ്റോറൻ്റ് തുറക്കുമെന്നാണ് സൂചന. സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത ലഭിച്ച ഡേവ്സ് ഹോട്ട് ചിക്കൻെറ ജംബോ ചിക്കൻ സ്ലൈഡർസിന് ആരാധകർ ഏറെയാണ്.

മുൻനിര ഓപ്പറേറ്റർമാരായ അസുറി ഗ്രൂപ്പിൻെറ സഹരണത്തോടെ ഡേവ്സ് ഹോട്ട് ചിക്കനെ യുകെയിൽ ഉടനീളം ജനസ്വീകാര്യത ഉള്ള ബ്രാൻഡ് ആക്കി മാറ്റാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഡേവ്സ് ഹോട്ട് ചിക്കനിലെ വിദഗ്ദ്ധർ ഇപ്പോൾ. യുകെയിലെ ആദ്യത്തെ സ്റ്റോർ ഉടൻ തുറക്കാനുള്ള നീക്കത്തിലാണ് ഇപ്പോഴെന്ന് ഡേവ്സ് ഹോട്ട് ചിക്കൻ സിഇഒ ബിൽ ഫെൽപ്സ് പറയുന്നു. യുകെയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി നിക്ഷേപ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് അസുറി ഗ്രൂപ്പ്.

നിലവിൽ ഇറ്റാലിയൻ റെസ്റ്റോറൻ്റുകളായ സിസി, ആസ്ക് ഇറ്റാലിയൻ , കൊക്കോ ഡി മാമ എന്നിവയും മെക്സിക്കൻ ഫാസ്റ്റ്-കാഷ്വൽ റെസ്റ്റോറൻ്റായ ബൂജുമുമായും അസൂറി ഗ്രൂപ്പിന് കരാർ ഉണ്ട്. സുഹൃത്തുക്കളായ ഡേവ് കോപുഷ്യൻ, അർമാൻ ഒഗനേഷ്യൻ, ടോമി റുബെനിയൻ എന്നിവർ ചേർന്ന് 2017-ൽ ഒരു കാർ പാർക്കിൽ വെറും 900 ഡോളറിൽ തുടങ്ങിയ ഡേവ്സ് ഹോട്ട് ചിക്കന് ഇപ്പോൾ യുഎസിലുടനീളം 200-ലധികം റെസ്റ്റോറൻ്റുകൾ ഉണ്ട്. ഗായകരായ ഡ്രേക്ക്, അഷർ, നടൻ സാമുവൽ എൽ. ജാക്സൺ എന്നിവരുൾപ്പെടെയുള്ളവർ കമ്പനിയുടെ നിക്ഷേപകരാണ്. ചിക്-ഫിൽ-എ യുകെയിൽ വരാനിരിക്കെയാണ് കമ്പനിയുടെ ഈ നീക്കം

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നൂതന സാങ്കേതികവിദ്യകളെയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെയും അമിതമായി ആശ്രയിക്കുന്നതിന് എൻഎച്ച്എസിനെ വിമർശിച്ച് വിദഗ്ദ്ധർ. ചികിത്സയ്ക്കായി സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നതിന് പകരം ക്യാൻസർ ചികിത്സയുടെ അടിസ്ഥാന വശങ്ങളിൽ എൻഎച്ച്എസ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. പ്രമുഖ കാൻസർ ഡോക്ടർമാരുടെയും അക്കാദമിക് വിദഗ്ധരുടെയും ലാൻസെറ്റ് ഓങ്കോളജിയിലെ റിപ്പോർട്ട് അനുസരിച്ച് എൻഎച്ച്എസ് ക്യാൻസർ പരിചരണത്തിൽ പിന്നോട്ട് പോവുകയാണെന്ന് പറയുന്നു. മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ക്യാൻസർ ബാധ മൂലമുള്ള മരണ നിരക്കും രാജ്യത്ത് കൂടുതലാണ്.

2015 ഡിസംബറിൽ രണ്ട് മാസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ച 85% ക്യാൻസർ രോഗികൾക്കെങ്കിലും ചികിത്സ നൽകണമെന്ന ലക്‌ഷ്യം എൻഎച്ച്എസിന് ഇതുവരെയും നിർവഹിക്കാൻ കഴിഞ്ഞിട്ടില്ല. നാലാഴ്ച് വരെ ചികിത്സ വൈകുന്നത് മരണസാധ്യത 10 ശതമാനം വരെ വർദ്ധിപ്പിക്കും. അതേസമയം നിലവിൽ ലക്ഷക്കണക്കിന് രോഗികൾക്ക് അത്യാവശ്യ ക്യാൻസർ ചികിത്സയ്ക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടതായി വരുന്നുണ്ട്. രോഗം സ്ഥിരീകരിച്ച്‌ 62 ദിവസത്തിനുള്ളിൽ ചികിത്സ ലഭിച്ചത് 67 ശതമാനം രോഗികൾക്ക് മാത്രമാണ്.

രോഗനിർണ്ണയത്തിലും ചികിത്സയിലും കാലതാമസം, ചികിത്സയിലുള്ള വീഴ്ച് എന്നിവയാണ് മരണ നിരക്ക് ഉയരാനുള്ള കാരണങ്ങളായി റിപ്പോർട്ടിൽ പറയുന്നത്. പ്രശ്‌നത്തിൻെറ തീവ്രത മനസിലാക്കി എൻഎച്ച്എസ് പ്രവർത്തിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത്തരം വിഷയങ്ങളിൽ എഐ പോലുള്ള സാങ്കേതിക വിദ്യകൾ എൻഎച്ച്എസ് മേധാവികൾ അമിതമായി ആശ്രയിക്കുന്നതിനെയും വിദഗ്ദ്ധർ കുറ്റപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെറും നാലുമാസം മുമ്പ് മാത്രം യുകെയിലെത്തിയ 36 വയസ്സുകാരനായ റൈഗൻ ജോസിന്റെ ദാരുണ മരണത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ യുകെ മലയാളികൾ വിമുക്തരായിട്ടില്ല. ജോലി സ്ഥലത്ത് ക്രെയിനിൽ നിന്ന് ലോഡ് താഴേക്ക് പതിച്ചാണ് അപകടം സംഭവിച്ചത് . വെയർ ഹൗസ് ജോലിക്കിടെയാണ് കുടുംബത്തിൻറെ ആകെ പ്രതീക്ഷകളെ തകിടം മറിച്ച് ദുരന്തം എത്തിയത്.

അപകടം മരണത്തെ തുടർന്ന് സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അപകട മരണത്തെ തുടർന്ന് യുകെയിലെ നടപടിക്രമങ്ങൾ നീണ്ടതാണ് ബന്ധുക്കൾക്ക് ഇങ്ങനെ തോന്നാൻ കാരണമെന്നാണ് വിലയിരുത്തുന്നത്. ഇത്തരം അപകട മരണങ്ങൾ യുകെയിൽ പതിവുള്ളതല്ല. അതുകൊണ്ടു തന്നെ വളരെ സങ്കീർണമായ നടപടിക്രമങ്ങളാണ് ഇത്തരം മരണങ്ങളിൽ പോലീസും അധികൃതരും സ്വീകരിക്കുന്നത്.

റൈഗൻ ഉൾപ്പെടെ അവിടെ ജോലി ചെയ്തിരുന്നവർക്ക് മതിയായ പരിശീലനം ലഭിച്ചിട്ടുണ്ടോ?, സുരക്ഷാ മുൻകരുതൽ എടുത്തിട്ടുണ്ടോ ? തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പോലീസിന്റെ ഭാഗത്തുനിന്നും അന്വേഷണം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .ജൂൺ 29 -ന് നടന്ന അപകടത്തെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട മൂന്നുപേർ അറസ്റ്റിലായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആദരാഞ്ജലി അർപ്പിക്കാനുള്ള പൊതു ദർശനത്തിനും പിന്നീട് മൃതദേഹം നാട്ടിലെത്തിക്കുന്നതിനും സാധിക്കുമെന്നാണ് അറിയാൻ സാധിച്ചത്.

റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാൻ ധാരണയായി.പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

യുക്രെയ്‌നെതിരായി നടത്തുന്ന യുദ്ധത്തിനായാണ് ഇന്ത്യക്കാരെയും റഷ്യൻ സേനയിൽ ഉൾക്കൊള്ളിച്ചത്.മറ്റു മികച്ച ജോലികൾ വാഗ്ദാനം ചെയ്താണ് വരിൽ പലരെയും റഷ്യയിലെത്തിച്ചത്. എന്നാൽ ജോലിത്തട്ടിപ്പിനിരയായ ഇവരിൽ പലരും റഷ്യൻ സേനയുടെ ഭാഗമാകാൻ നിർബന്ധിതരാവുകയായിരുന്നു. ഇവരിൽ 12ഓളം പേരെ ഇതിനകം തന്നെ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചിരുന്നു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോസ്‌കോയിലെത്തിയ പ്രധാനമന്ത്രി ഇന്നലെ വൈകിട്ട് പുടിൻ നടത്തിയ സ്വകാര്യ അത്താഴവിരുന്നിൽ ഇക്കാര്യം ഉന്നയിച്ചതിനെത്തുടർന്നാണ് ഇന്ത്യക്കാരെ വിട്ടയക്കണമെന്ന ആവശ്യം റഷ്യ അംഗീകരിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമായി യുദ്ധമുഖത്തെത്തിയ രണ്ട് ഇന്ത്യക്കാർ മരിച്ചിരുന്നു. ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കുമെന്ന് പറഞ്ഞ കബളിപ്പിച്ചാണ് ഏജന്റുമാർ ഇന്ത്യക്കാരെ റഷ്യൻ സേനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നത്.

വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയ കേന്ദ്രസർക്കാർ ഇന്ത്യക്കാരെ കബളിപ്പിച്ച് റഷ്യയിലേക്ക് കടത്തിയ സംഘത്തെ പിടികൂടുകയും ഇവരുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

ഇവർ ഏകദേശം 35 ഓളം ഇന്ത്യക്കാരെ റഷ്യയിലേക്ക് കടത്തിയെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മോദി-പുടിൻ കൂടിക്കാഴ്ചയിൽ ഇന്ത്യക്കാരുടെ മടങ്ങിവരവ് സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായാണ് വിവരം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പാർലമെൻറ് സംവിധാനത്തിൽ ഷാഡോ ക്യാബിനറ്റിന് നിർണ്ണായക സ്ഥാനമാണ് ഉള്ളത്. പ്രതിപക്ഷ പാർട്ടിയുടെ നേതാവ് ആണ് ഷാഡോ ക്യാബിനറ്റിൻ്റെ നേതൃസ്ഥാനം. പ്രതിപക്ഷ പാർട്ടിയിലെ മുതിർന്ന അംഗങ്ങൾ യഥാർത്ഥ ക്യാബിനറ്റ് ഘടന പ്രതിഫലിപ്പിക്കുന്ന രീതിയിൽ ഓരോ മന്ത്രാലയത്തിലെയും സർക്കാരിന്റെ നയപരിപാടികൾ സ്പഷ്ടമായി നിരീക്ഷിക്കുന്നതിനും വിമർശനങ്ങളും നിർദ്ദേശങ്ങളും നൽകുകയും ചെയ്യും. പാർട്ടിക്കുള്ളിലെ സീനിയോറിറ്റിയും അതാത് വിഷയങ്ങളിലെ വൈദഗ്ദ്യവും കണക്കിലെടുത്ത് പ്രതിപക്ഷ നേതാവാണ് ഷാഡോ ക്യാബിനറ്റിനെ നിയമിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് തിരിച്ചടി നേരിട്ട കൺസർവേറ്റീവ് പാർട്ടിയുടെ പല മുൻനിര നേതാക്കളും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ഇടക്കാല ഷാഡോ ക്യാബിനറ്റ് രൂപീകരിക്കുക എന്നത് ഋഷി സുനകിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത് . നവംബറിൽ അപ്രതീക്ഷിതമായി മന്ത്രിസഭയിൽ തിരിച്ചെത്തിയ മുൻ പ്രധാനമന്ത്രി ലോർഡ് കാമറൂൺ ഷാഡോ ക്യാബിനറ്റിൽ ഉണ്ടാകില്ലെന്ന് ഉറപ്പായി. അദ്ദേഹത്തിന് പകരം ആൻഡ്രൂ മിച്ചലിനെ ഷാഡോ ഫോറിൻ സെക്രട്ടറിയായി നിയമിച്ചു.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ വെളിച്ചത്തിൽ റിച്ചാർഡ് ഹോൾഡൻ പാർട്ടി ചെയർമാൻ സ്ഥാനവും രാജിവച്ചതാണ് മറ്റൊരു സംഭവവികാസം.പ്രധാന വകുപ്പുകൾ പലതും മാറ്റമില്ലാതെ തുടരുകയാണ്. ജെറമി ഹണ്ട് ഷാഡോ ചാൻസലറായും ജെയിംസ് ക്ലെവർലി ഷാഡോ ഹോം സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് ഇവർ ഈ വകുപ്പുകൾ തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പൊതു ആരോഗ്യ സംവിധാനമായ എൻഎച്ച്എസ് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. അത്യാഹിത ഇതര ചികിത്സയ്ക്കായി 70 ലക്ഷത്തിലധികം ആളുകളാണ് വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളത്. എൻ എച്ച് എസ് പ്രതിസന്ധി പരിഹരിക്കുന്നതിൽ മുൻഗണന നൽകുമെന്നാണ് ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞത്. പുതിയ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് ഇത് എത്രമാത്രം നടപ്പിലാക്കാനാകും എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്.

എൻഎച്ച്എസിലെ നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ജോലി സാഹചര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യം സർക്കാരിൻ്റെ മുന്നിൽ ശക്തമായി ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേഴ്സിങ് ആൻഡ് മിഡ് വൈഫറി കൗൺസിലിന്റെ അന്വേഷണത്തിനിടെ കഴിഞ്ഞവർഷം 6 നേഴ്സുമാർ ആണ് ആത്മഹത്യ ചെയ്തത്. പലരും കടുത്ത രീതിയിലുള്ള വംശീയ വിദ്വേഷം ജോലിസ്ഥലത്ത് നേരിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻഎച്ച്എസിലെ വംശീയത നേരിടാൻ നടപടി സ്വീകരിക്കണമെന്ന് പുതിയ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിനോട് ആവശ്യപ്പെടുന്ന ഒരു നിവേദനം ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു. ഹ്യൂമൻ റൈറ്റ് ചാരിറ്റിയായ ബ്രോപ്പ് ആണ് ഹെൽത്ത് സെക്യൂരിറ്റിക്ക് കത്ത് നൽകിയത്. ജീവനക്കാർക്ക് കൂടുതൽ സമത്വം ഉൾക്കൊള്ളുന്ന എൻ എച്ച് എസ് സൃഷ്ടിക്കാനായി നടപടികൾ സ്വീകരിക്കണമെന്നാണ് കത്തിൽ മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യുകെ മലയാളികളിൽ ഭൂരിപക്ഷവും തങ്ങളുടെ ജോലിക്കായി ആശ്രയിക്കുന്നത് എൻഎച്ച്എസിനെയാണ്. അതുകൊണ്ടു തന്നെ എൻഎച്ച് എസിൻ്റെ നവീകരണത്തിനായി സർക്കാർ സ്വീകരിക്കുന്ന ഓരോ നടപടികളും ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളി സമൂഹത്തെ കൂടിയാണ്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിലവിലും സമീപഭാവിയിലും യുകെയിൽ ജോലി സമ്പാദിക്കുന്നതിനും പെർമനന്റ് വിസ സമ്പാദിക്കുന്നതിനും നേഴ്സിംഗ് ജോലിയുള്ളവർക്ക് മാത്രമേ സാധിക്കുകയുള്ളൂ. കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി കെയർ, സ്റ്റുഡൻറ് വിസകളിൽ വന്നവർക്കുള്ള ആശ്രിത വിസ അനുവദിക്കുന്ന നയം കഴിഞ്ഞ സർക്കാർ നിർത്തലാക്കിയിരുന്നു. ഉടനെയെങ്ങും അതിൽ നിന്ന് ഒരു മാറ്റം പ്രതീക്ഷിക്കുന്നില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡാർലിംഗ്ടണിലെ ജനീവ റോഡിൽ ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായത് മാതാപിതാക്കൾ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു സ്ത്രീയെയും പുരുഷനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നു മാത്രമാണ് ഇന്നലെ പോലീസ് അറിയിച്ചത്.

സിമോൺ വിമന്മാരും സാറാ ഹാളും ആണ് 14 വയസ്സുകാരിയായ മകൾ സ്കാർലെറ്റ് വിക്കറിന് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത് . വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് . പെൺകുട്ടി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. കൊലപാതകത്തെ കുറിച്ച് തുടർ അന്വേഷണം നടക്കുകയാണെന്നും പ്രാദേശിക സമൂഹത്തിന്റെ സഹകരണത്തിന് നന്ദി പറയുന്നതായും സർഹം പോലീസ് പ്രതിനിധി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ നാലിന് നടന്ന തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിൽ ഒന്ന് അനധികൃത കുടിയേറ്റം ആയിരുന്നു . കുടിയേറ്റം ചെറുക്കുന്നതിൽ പരാജയപ്പെട്ടതാണ് ഋഷി സുനക് സർക്കാരിൻറെ ജനപിന്തുണ കാര്യമായി കുറയുന്നതിന് കാരണമായത്. അനധികൃത കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേയ്ക്ക് മാറ്റുന്നതിനുള്ള നടപടികളും തിരിച്ചടിയായതായാണ് വിലയിരുത്തപ്പെടുന്നത്. പുതിയ ഗവൺമെൻറ് അധികാരത്തിലെത്തി റുവാണ്ട പദ്ധതി റദ്ദാക്കിയതോടെ ഇതിനായി ചിലവഴിച്ച 320 മില്യൺ പൗണ്ട് ആണ് വെള്ളത്തിലായത്. ഈ സാഹചര്യത്തിൽ അനധികൃത കുടിയേറ്റം തടയാൻ പുതിയ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

യെവെറ്റ് കൂപ്പർ ആണ് പുതിയ ആഭ്യന്തര സെക്രട്ടറി. കുടിയേറ്റം കുറയ്ക്കുന്നതിനായി യുകെ ബോർഡർ സെക്യൂരിറ്റി കമാൻഡ് സ്ഥാപിക്കുന്നതിനുള്ള ആദ്യ നടപടികൾ ആരംഭിച്ചതായി യെവെറ്റ് കൂപ്പർ അറിയിച്ചു. കുടിയേറ്റ വിഷയത്തിൽ എടുക്കുന്ന ഫലപ്രദമായ നടപടികളെ കുറിച്ച് പുതിയ സർക്കാരിൻറെ ആദ്യ പ്രതികരണമാണ് ഇത്. ഇംഗ്ലീഷ് ചാനലിലെ ചെറിയ ബോട്ടുകൾ ഉപയോഗിച്ചുള്ള അനധികൃത കടന്നു കയറ്റം കുറയ്ക്കുന്നതിന് യുകെ ബോർഡർ സെക്യൂരിറ്റി കമാൻഡ് സ്ഥാപിക്കുന്നതിലൂടെ തടയാൻ സാധിക്കുമെന്നാണ് ഗവൺമെൻറ് വിലയിരുത്തുന്നത്.

രാജ്യത്ത് ആസൂത്രിതമായി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനായി സംഘടിതമായി കുടിയേറ്റം നടത്തുന്ന തീവ്രവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് പുതിയ നിയമം പാർലമെൻറിൽ അവതരിപ്പിക്കാനും സർക്കാർ തലത്തിൽ തീരുമാനമായിട്ടുണ്ട്. ഇൻ്റലിജൻസ് ഏജൻസികൾ, പോലീസ്, ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻ്റ്, ബോർഡർ ഫോഴ്‌സ് എന്നിവയുടെ പ്രവർത്തനങ്ങൾ ഒരുമിച്ച് കൊണ്ടുവരാനായി ഒരു കമാൻഡ് ലീഡറിൻ്റെ നിയമനം ഉടനെ ഉണ്ടാകുമെന്ന് ഹോം ഓഫീസ് അറിയിച്ചു. ബോർഡർ സെക്യൂരിറ്റി കമാൻഡ് സ്ഥാപിക്കുന്നതിന് റുവാണ്ട പദ്ധതിയിൽ നിന്ന് 75 മില്യൺ പൗണ്ട് വിനിയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ലേബർ പാർട്ടിയുടെ വാഗ്ദാനത്തിന്റെ തുടർച്ചയായാണ് ഹോം ഓഫീസിന്റെ ഈ നടപടികൾ.

Copyright © . All rights reserved