Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജൂനിയർ ഡോക്ടർമാർ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഇംഗ്ലണ്ടിലെ ആശുപത്രി മേധാവികൾ രംഗത്ത്. അടുത്തയാഴ്ച നാല് ദിവസമാണ് ജൂനിയർ ഡോക്ടർമാർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് രോഗികളെ കാര്യമായി ബാധിക്കുമെന്നും, മറ്റ് ക്രമീകരണങ്ങൾ ആലോചനയിലുണ്ടെന്നും ലണ്ടനിലെ ഗയ്‌സ് ആൻഡ് സെന്റ് തോമസിന്റെ എൻഎച്ച്എസ് ട്രസ്റ്റ് മേധാവികൾ പറഞ്ഞു. ഡോക്ടർമാരിൽ ഭൂരിപക്ഷമാളുകളും വാക്ക് ഔട്ട്‌ നടത്തുമെന്നാണ് പുറത്ത് വരുന്ന വിവരം.

അതേസമയം, അടിയന്തിര സാഹചര്യത്തെ നേരിടാൻ തക്കതായ പദ്ധതികൾ ആലോചനയിലുണ്ടെന്നാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. അടിയന്തിര സേവനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ യൂണിയനുമായും, ആംബുലൻസ് യൂണിയൻ മേധാവികളുമായും അസോസിയേഷൻ പ്രതിനിധികൾ ചർച്ച നടത്തും. ഏപ്രിൽ 7 മുതൽ പണിമുടക്ക് കൂടുതൽ വ്യാപിപ്പിക്കാനാണ് നീക്കം. തുടർച്ചയായി സർക്കാർ പ്രതിനിധികളുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി.

സമരത്തിലേക്ക് നീങ്ങാനുള്ള ജൂനിയർ ഡോക്ടർമാരുടെ തീരുമാനം പുനഃപരിശോധിക്കാൻ യൂണിയൻ തയാറാകണമെന്നും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടു യൂണിയൻ കൂടുതൽ കടുത്ത നടപടികളിലേയ്ക്ക് നീങ്ങുകയാണ്. ഈസ്റ്റർ വാരാന്ത്യത്തിന് തൊട്ടുപിന്നാലെയാണ് നാല് ദിവസത്തെ വാക്ക് ഔട്ട്‌ പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ സാഹചര്യം കൂടുതൽ മോശമാകുമെന്നാണ് എൻ എച്ച് എസ് നൽകുന്ന മുന്നറിയിപ്പ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചാൾസ് രാജാവിന്റെ കിരീടധാരണം മെയ് ആറിന് നടക്കും. വെസ്റ്റ്മിനിസ്റ്റര്‍ ആബിയിൽ വെച്ചു നടക്കുന്ന ചടങ്ങുകളിൽ 2000 അതിഥികൾ പങ്കെടുക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക ക്ഷണക്കത്ത് കൊട്ടാരം പുറത്തിറക്കി. ചടങ്ങുകൾ പൂർത്തിയാകുന്നതതോടെ, കാമിലയ്ക്ക് രാജ്ഞി പദവിയും ലഭിക്കും. തന്റെ പ്രിയപത്നിയെ തനിക്കൊപ്പം രാജ്ഞിയായി കിരീടധാരണം നടത്തണം എന്ന ചാള്‍സിന്റെ ഏറെക്കാലത്തെ മോഹമാണ് ഇപ്പോള്‍ യാഥാർഥ്യമാകാന്‍ പോകുന്നത്.

ക്ഷണക്കത്തിലും ഔദ്യോഗികമായി കാമിലയുടെ രാജ്ഞി കിരീടധാരണത്തിനായും ക്ഷണിക്കുന്നു എന്ന് തന്നെയാണ് പരാമർശിച്ചിരിക്കുന്നത്. ഇതുവരെ രാജപത്നി (ക്വീൻ കണ്‍സോര്‍ട്ട്) എന്ന പദവിയായിരുന്നു കാമിലയ്ക്ക് ഉണ്ടായിരുന്നത്. 2005 ല്‍ വെയില്‍സ് രാജകുമാരനായിരുന്ന ചാള്‍സ് കാമിലയെ വിവാഹം ചെയ്യുമ്പോൾ എലിസബത്ത് രാജ്ഞിക്ക് ശേഷം ചാൾസ് രാജാവായാലും കാമില രാജ്ഞിയാകുമെന്ന് ആരും കരുതിയിരുന്നില്ല.

ഇവരുടെ വിവാഹത്തില്‍ തീരെ താൽപര്യമില്ലാതിരുന്ന എലിസബത്ത് രാജ്ഞി വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. ചാള്‍സിന്റെയും ഡയാന രാജകുമാരിയുടെയും വിവാഹ ബന്ധം തകര്‍ന്നതിനു ഉത്തരവാദിയായി പലരും ചൂണ്ടിക്കാട്ടിയിരുന്നത് കാമിലയെ ആയിരുന്നു. കിരീടധാരണം സംബന്ധിച്ച് ഏറെ നാളുകളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് ക്ഷണക്കത്ത് പുറത്ത് വന്നതോടെ വിരാമമായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നും അറസ്റ്റിലായ മൂന്നു മലയാളി വിദ്യാര്‍ത്ഥികളില്‍ രണ്ടു പേരെ നാട് കടത്താന്‍ തീരുമാനം. ആഴ്ചകള്‍ക്ക് മുന്‍പാണ് മൂവരെയും പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടന്ന കേസ് വാദത്തിൽ ആണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. ഇവർക്ക് യുകെയിൽ തുടരാൻ കഴിയില്ലെന്നും ഹോം ഓഫീസ് വ്യക്തമാക്കുന്നു. യൂണിവേഴ്സിറ്റിയില്‍ ക്ളാസ് നടക്കുന്ന സമയത്ത് വിദ്യാര്‍ത്ഥിനി 13 മണിക്കൂര്‍ അധികമായി ജോലി ചെയ്തു എന്നാണ് ഹോം ഓഫിസ് കണ്ടെത്തൽ. ഇതിനെ തുടർന്നാണ് നിയമനടപടികൾ നേരിട്ടത്.

നിലവിൽ, വിദ്യാര്‍ത്ഥിനിയുടെ ആശ്രിത വിസയില്‍ എത്തിയ ഭര്‍ത്താവിനും ഇതോടെ യുകെയില്‍ തുടരാനാകാത്ത സാഹചര്യമാണ്. ഇവരെ രണ്ടുപേരെയുമാണ് നാടുകടത്താൻ തീരുമാനമായത്. അതേസമയം, ഇവർക്കൊപ്പം അറസ്റ്റിൽ ആയ യുവാവിനെ താത്കാലികമായി യുകെയിൽ തുടരാൻ അനുവദിച്ചിട്ടുമുണ്ട്. മൂന്നു പേരുടെയും കേസ് മലയാളിയും ലോക കേരള സഭ അംഗവുമായ അഭിഭാഷകന്‍ ദിലീപ് കുമാറാണ് വാദിച്ചത്. കയ്യില്‍ എത്തിയ പണത്തിന്റെ കണക്ക് നോക്കാതെ നിയമ ലംഘനം നടത്തി എന്നതാണ് ഹോം ഓഫിസ് അധികൃതര്‍ ഇവർക്കെതിരെ ചുമത്തിയ കുറ്റം.

അറസ്റ്റിൽ ആയ മൂന്നാമത്തെ ആൾ താന്‍ യൂണിവേഴ്സിറ്റിയില്‍ ക്ളാസ് ഇല്ലാതിരുന്ന സമയത്താണ് അധിക ജോലി ചെയ്തതെന്ന് ഹോം ഓഫീസിനെ ധരിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് യുകെയിൽ തുടരാൻ അനുവദിച്ചത്. മാത്രമല്ല ഇയാള്‍ വെറും രണ്ടു മണിക്കൂര്‍ ആണ് അധികമായി ജോലി ചെയ്തത്. ഇതോടെ ഈ കേസില്‍ ജാമ്യം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എങ്കിലും അവസാന തീരുമാനം യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട ശേഷമേ ഉണ്ടാകൂ എന്നാണ് പുറത്തുവരുന്ന വിവരം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കെറ്ററിങ്ങിൽ എൻഎച്ച്എസ് നേഴ്സായ അഞ്ജു (35)മക്കളായ ജീവ (6), ജാൻവി (4) എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് സാജു കോടതിയിൽ കുറ്റസമ്മതം നടത്തി. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ പ്രതി കുറ്റം ഏറ്റുപറഞ്ഞു. പരിഭാഷകന്റെ സഹായത്തോടെയാണ് കോടതിയിൽ സാജു മറുപടി പറഞ്ഞത്. ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം ഏറ്റുപറഞ്ഞ സാജു പക്ഷേ മക്കളുടെ കാര്യത്തിൽ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് കോടതിയിൽ അറിയിച്ചത്. പ്രതി സാജുവിന്റെ ശിക്ഷ ജൂലൈ മൂന്നാം തീയതി കോടതി വിധിയ്ക്കും.

പ്രതിയായ സാജു കുറ്റസമ്മതം നടത്തിയിരുന്നില്ലെങ്കിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയിൽ വിചാരണ നടത്തേണ്ടതായി വന്നേനെ. പ്രതി കുറ്റം സമ്മതിക്കുകയും അഞ്ജുവിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരു വിചാരണയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തതിൽ സന്തോഷമുണ്ടെന്ന് അന്വേഷണത്തിന്റെ ഉദ്യോഗസ്ഥനായ സൈമൺ ബാൺസ് പറഞ്ഞു.

കഴിഞ്ഞവർഷം ഡിസംബർ 15-ാം തീയതി എൻ എച്ച് എസ് നേഴ്സായ അഞ്‌ജുവും മക്കളായ ജീവ, ജാൻവി എന്നിവരും കെറ്ററിങ്ങിൽ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം ബ്രിട്ടനിൽ വളരെ കോളിളക്കം സൃഷ്ടിച്ച കുറ്റകൃത്യമായിരുന്നു. ഭാര്യയെയും മക്കളെയും ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ അധികം താമസിയാതെ ഭർത്താവ് സാജു അറസ്റ്റിലായി . മദ്യ ലഹരിയിലാണ് പ്രതി കുറ്റകൃത്യം നടത്തിയത്. ആശ്രിത വിസയിൽ ബ്രിട്ടനിൽ എത്തിയ സാജുവിന് ജോലി ലഭിക്കാതിരുന്നതിന്റെ നിരാശയും മറ്റു മാനസിക പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വൈക്കം സ്വദേശിയായ അഞ്ജുവും കണ്ണൂർ സ്വദേശിയായ സാജുവും ബാംഗ്ലൂരിൽ വച്ചാണ് കണ്ടുമുട്ടിയതും പ്രണയിച്ച് വിവാഹം കഴിച്ചതും. ഇവർ ഏറെ നാൾ സൗദിയിൽ ജോലി ചെയ്തതിനുശേഷമാണ് യുകെയിലെത്തിയത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ പ്രധാനമന്ത്രി നിക്കോള സ്റ്റർജന്റെ ഭർത്താവ് പീറ്റർ മുറെൽ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് മുറെലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി നിരവധി ഇടങ്ങളിൽ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നുണ്ടെന്ന് സ്‌കോട്ട്‌ലൻഡ് പോലീസ് പറഞ്ഞു.

1999 മുതൽ അദ്ദേഹം വഹിച്ചിരുന്ന പാർട്ടിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം കഴിഞ്ഞ മാസം രാജിവച്ചിരുന്നു. 2010 ലാണ് നിക്കോള സ്റ്റർജനെ വിവാഹം കഴിച്ചത്. കഴിഞ്ഞ മാസമാണ് നിക്കോള സ്റ്റർജൻ രാജ്യത്തിന്റെ പ്രധാനമന്ത്രി പദവി രാജിവെച്ചത്. തുടർന്ന് ഹംസ യൂസഫ് അധികാരത്തിലെത്തി. എസ്എൻപിയെ സംബന്ധിച്ചിടത്തോളം നടപടി ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്വേഷണത്തോട് ഇതുവരെ സഹകരിച്ചിട്ടുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഭരണത്തെക്കുറിച്ചും അന്വേഷണത്തിന്റെ സുതാര്യതയെ കുറിച്ചും പാർട്ടി അവലോകനം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുറെലിന്റെയും സ്റ്റർജന്റെയും ഗ്ലാസ്‌ഗോയിലെ വീട്ടിലും എഡിൻബർഗിലെ എസ്‌എൻ‌പി ആസ്ഥാനത്തും പോലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. ഏകദേശം 10:00 മണിയോടെ ആരംഭിച്ച പരിശോധന മണിക്കൂറുകൾ നീണ്ടിരുന്നു. പത്തോളം യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ വീടിന്റെ പരിസരവും മുറികളും പരിശോധിച്ചു. രണ്ട് ഉദ്യോഗസ്ഥരെ എസ്എൻപി എച്ച്ക്യുവിന് പുറത്ത് നിയമിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മുതിർന്ന ബ്രിട്ടീഷ് പൗരന്മാരിൽ പകുതി പേരും വിൽപത്രം എഴുതുന്നില്ലെന്ന് പുതിയ ഗവേഷണഫലം. ഇൻഷുറൻസ് കമ്പനിയായ കാനഡ ലൈഫ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വന്നത്. പലരുടെയും ചിന്ത സമ്പത്തിനെ കുറിച്ച് മാത്രമാണെന്നും ഗവേഷകർ പറയുന്നു. സമ്പത്ത് മാത്രം ലക്ഷ്യം വെക്കുന്ന മുതിർന്നവർ ഇതുവരെ വിൽപത്രം എഴുതിവെക്കാൻ പോലും തയാറായിട്ടില്ല എന്നുള്ളതാണ് പഠനത്തിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം. എന്നാൽ 55 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരിൽ മൂന്നിൽ ഒരാൾ ഇപ്പോഴും വിൽപത്രം നൽകിയിട്ടില്ലെന്നാണ് പഠനം പറയുന്നത്.

ഭാവി തലമുറയ്ക്ക് സ്വത്ത് കൈമാറാൻ ഇവർ അസ്വസ്ഥരാണെന്നും തങ്ങളുടെ സമ്പത്ത് മറ്റൊരാൾ കൈവശം വെക്കുന്നത്തിൽ തൃപതരല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല മരണത്തെക്കുറിച്ച് ചിന്തിക്കാനോ സംസാരിക്കാനോ ആഗ്രഹിക്കാത്തവരാണ് ഇക്കൂട്ടർ. ഒരു വിൽപത്രം ഉണ്ടാക്കുന്നത് മരണശേഷം നിങ്ങളുടെ സമ്പത്തിന്റെ പങ്ക് ആർക്കൊക്കെ ലഭിക്കുമെന്നും, അപ്രതീക്ഷിതമായി മരണം കവർന്നാൽ നിക്ഷേപങ്ങളും സ്വത്തുവകകളും എവിടെയാണെന്ന് കണ്ടെത്താനും സഹായിക്കുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിലവിലെ പിന്തുടർച്ചാവകാശ നിയമങ്ങൾ അനുസരിച്ച്, വിൽപത്രം രജിസ്റ്റർ ചെയ്യണം.

എങ്കിൽ മാത്രമേ മാതാപിതാക്കളുടെ സ്വത്തും സമ്പാദ്യവും മക്കൾക്ക് ഉപയോഗിക്കാൻ കഴിയുകയുള്ളു. വിൽപ്പത്രം തയ്യാറാക്കുന്നത് ഒരു വെല്ലുവിളി നിറഞ്ഞ പ്രക്രിയയാണെന്ന് ആളുകൾ ഇപ്പോഴും വിശ്വസിക്കുന്നത് ലജ്ജാകരമാണെന്നും, കാനഡ ലൈഫിലെ ടെക്‌നിക്കൽ മാനേജർ സ്റ്റേസി ലവ് പറയുന്നു. ‘മരണം അപ്രതീക്ഷിതമാണ്. ആരൊക്കെ എന്നൊക്കെ എപ്പോൾ മരിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല. അതുകൊണ്ട് വിൽപത്രം എഴുതി വെക്കുക എന്നുള്ളത് പ്രായഭേദമന്യേ എല്ലാവർക്കും കഴിയുന്ന ഒന്നാണ്. പക്ഷെ ഈ സർവേ ഫലം ചൂണ്ടിക്കാട്ടുന്നത് മുതിർന്നവർ പോലും അതിന് തയാറാകുന്നില്ല എന്നാണ്’ – സ്റ്റേസി ലവ് കൂട്ടിച്ചേർത്തു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കുട്ടികൾക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും പ്രതികളെ പിടികൂടുന്നതിനും പോലീസിന് വൻ വീഴ്ച പറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.കുറ്റകൃത്യങ്ങളിൽ പ്രതികളെ പ്രതികൂടുന്നതിൽ പലപ്പോഴും പോലീസ് പരാജയപ്പെടുകയാണ്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന അന്വേഷണത്തിൽ ചില കേസുകളിൽ 18 മാസമായിട്ടും ഒന്നും ചെയ്യാത്ത ഉദ്യോഗസ്ഥരെ വരെ കണ്ടെത്തുകയുണ്ടായി.

ഇൻറർനെറ്റിന്റെയും ഫോണിന്റെയും വ്യാപകമായ ഉപയോഗം മൂലം പലപ്പോഴും കുട്ടികൾ ഓൺലൈനിൽ വ്യാപകമായി ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഇങ്ങനെയുള്ള അവസരങ്ങൾ പോലീസും നിയമസംവിധാനവും കൂടി പരാജയപ്പെടുകയാണെങ്കിൽ സ്ഥിതി വളരെ ഗുരുതരമാകുമെന്ന മുന്നറിയിപ്പാണ് റിപ്പോർട്ടിലുള്ളത്. കേസുകൾ വലിയതോതിൽ വർദ്ധിച്ചിട്ടും പ്രശ്നത്തിന്റെ വ്യാപ്തി പോലീസ് സേനയ്ക്ക് മനസ്സിലായിട്ടില്ലെന്ന കുറ്റപ്പെടുത്തലും റിപ്പോർട്ടിലുണ്ട് .

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനായി വല വീശുന്നവരെ തിരിച്ചറിയുന്നതിനായി പോലീസ് ആധുനിക സാങ്കേതിക വിദ്യകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് കുട്ടികളെ അപകടസാധ്യത ഉള്ളവരായി തിരിച്ചറിഞ്ഞ് അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താനും സാധിച്ചിട്ടുണ്ട്. ഇത് നേട്ടം ആണെങ്കിലും പല തുടർ അന്വേഷണങ്ങൾക്കും മാസങ്ങൾ എടുക്കുന്നതായാണ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

തങ്ങൾക്കെതിരെയുള്ള 38000-ത്തോളം നിയമപരമായ കേസുകൾ പിൻവലിക്കാൻ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 9 ബില്യൺ യുഎസ് ഡോളർ പിഴ അടയ്ക്കാൻ സമ്മതിച്ചു. കമ്പനിയുടെ ബേബി
പൗഡർ ഉൾപ്പെടെയുള്ള പല ഉൽപ്പന്നങ്ങളിലും ക്യാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങൾ ഉണ്ടെന്ന കേസുകൾ ഒത്തുതീർപ്പാക്കാൻ വേണ്ടിയാണ് പിഴ ഒടുക്കാൻ കമ്പനി വഴങ്ങിയത്. ഈ ഭീമമായ തുക കൊടുക്കാൻ സമ്മതിക്കുമ്പോഴും തങ്ങളുടെ ബേബി പൗഡർ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നാണ് കമ്പനിയുടെ വാദം .

സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടികാണിച്ച് 2 ബില്യൺ യുഎസ് ഡോളറിൽ കേസ് ഒതുക്കാൻ കമ്പനി പരിശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 2019 ഒക്ടോബറിൽ ഒരു പൗഡർ ബോട്ടിലിൽ ആസ്ബെടോസ് കണ്ടത്തിയപ്പോഴാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആദ്യമായി കമ്പനിയുടെ ബേബി പ്രൊഡക്ടുകൾ പരിശോധിച്ചു തുടങ്ങിയത്.1971 ലെ ഒരു പഠനം പ്രകാരം 75 ശതമാനത്തോളം സ്ത്രീകളിലെ ഗർഭാശയ ട്യൂമറുകളിലും ഇതിനു സമാനമായ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ തന്നെ കേസിനോട് അനുബന്ധമായി മില്യൺ കണക്കിന് ഡോളർ ചിലവഴിച്ച ജോൺസൺ ആൻഡ് ജോൺസൺ എത്രയും പെട്ടെന്ന് പിഴ അടച്ച് കേസ് തീർപ്പാക്കാനാണ് ശ്രമിക്കുന്നത്.

1886 -ൽ റോബർട്ട് വുഡ് ജോൺസണും,ജെയിംസ് വുഡ് ജോൺസണും,എഡ്‌വേഡ്‌ മീഡ് ജോൺസണും ചേർന്നാണ് ലോകത്തെ തന്നെ വൻകിട ഫാർമസ്യൂട്ടിക്കൽ കമ്പനി ആയ ജോൺസൺ ആൻഡ് ജോൺസൺ(J &J )സ്ഥാപിച്ചത്. കുറച്ചധികം വർഷങ്ങളായി ജോൺസൺ ആൻഡ് ജോൺസൺ പല കേസുകളിലും വിവാദങ്ങളിലും കുരുങ്ങികിടക്കുകയാണ്. ക്യാൻസർ ഉണ്ടാവാൻ കമ്പനിയുടെ ബേബി പൗഡർ കാരണമാകുന്നുവെന്ന പേരിൽ 2014 മുതൽ ജോൺസൺ ആൻഡ് ജോൺസൺ നിയമപരമായ നടപടികൾ നേരിടുന്നുണ്ട്. 2020-ൽ അമേരിക്കയിലും ക്യാനഡയിലും ഉൽപ്പന്നങ്ങളുടെ വിൽപന പിൻവലിച്ചിരുന്നു. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ടങ്ങളിൽ ജെ ആൻഡ് ജെ യുടെ ഈ ഉല്പ്പന്നങ്ങൾ വിപണിയിൽ ഉണ്ട് .

ബേസിൽ ജോസഫ്

നാളെ പെസഹാ വ്യാഴം. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിശ്വാസ ജീവിതത്തിൻ്റെ അടിസ്ഥാനമായ വിശുദ്ധ കുർബാന സ്ഥാപിതമായ ദിവസം. പരമ്പരാകൃതമായി ക്രിസ്ത്യാനികൾ ആചരിച്ചുപോരുന്ന അപ്പം മുറിക്കൽ ശുശ്രൂഷ പുതു തലമുറയിലേയ്ക്കെത്തുമ്പോൾ പെസഹാ വ്യാഴത്തിൻ്റെ പവിത്രത ഒട്ടും നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുകയാണ് വീക്കൻ്റ് കുക്കിംഗിൻ്റെ അമരക്കാരൻ ബേസിൽ ജോസഫ്. പ്രവാസി മലയാളികൾക്കായി പെസഹാ അപ്പത്തിൻ്റെയും പാലിൻ്റെയും റെസിപ്പി ഒരിക്കൽ കൂടി പരിചയപ്പെടുത്തുന്നു.

ചേരുവകള്‍

അരിപ്പൊടി 1 കപ്പ്
ഉഴുന്ന് 1/ 4 കപ്പ്
തേങ്ങ 1 കപ്പ് ചിരകിയത്
വെളുത്തുള്ളി 1 എണ്ണം
കുഞ്ഞുള്ളി 4 എണ്ണം
ജീരകം 1 പിഞ്ച്
വെള്ളം 1 കപ്പ്

പെസഹ അപ്പം ഉണ്ടാക്കുന്ന വിധം

രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഉഴുന്ന് പരിപ്പ് നന്നായി അരച്ച് എടുക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി, കുഞ്ഞുള്ളി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ച് എടുക്കുക. ഒരു പാത്രത്തിലേയ്ക്ക് അരച്ചു വച്ച പരിപ്പ്, തേങ്ങാ, അരിപ്പൊടി. അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി ഒരു 20 മിനിറ്റ് വയ്ക്കുക. ഒരു ഇഡലിപാത്രത്തില്‍ ഒരു തട്ടു വച്ച് ഈ ബാറ്റെര്‍ അതിലേയ്ക്ക് ഒഴിക്കുക. ഓശാന ഞായറാഴ്ച പള്ളിയില്‍നിന്നും കിട്ടിയ ഓല ഒരു കുരിശുരൂപത്തില്‍ മധ്യത്തില്‍ വച്ച് ചെറുതീയില്‍ 20 മിനിട്ട് കുക്ക് ചെയ്യുക. അപ്പം നന്നായി വെന്തോ എന്നറിയാന്‍ ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കുക. ടൂത്ത് പിക്കില്‍ പറ്റിപ്പിടിച്ചിട്ടില്ല എങ്കില്‍ നന്നായി കുക്ക് ആയി എന്നര്‍ത്ഥം.

പാലുണ്ടാക്കുന്നതിനായി വേണ്ട ചേരുവകള്‍

ശര്‍ക്കര 400 ഗ്രാം
രണ്ടാംപാല്‍ 3 കപ്പ്
ഒന്നാംപാല്‍ 1 കപ്പ്
അരിപ്പൊടി 1/ 4 കപ്പ്
ചുക്ക്‌പൊടിച്ചത് 1/ 2 ടീസ്പൂണ്‍
ഏലക്കപൊടിച്ചത് 1/ 2 ടീസ്പൂണ്‍
ജീരകംപൊടിച്ചത് 1/ 2 ടീസ്പൂണ്‍
പാല്‍ ഉണ്ടാക്കുന്ന വിധം

ഒരു പാനില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കി എടുത്തു അരിച്ചെടുക്കുക. അരിപ്പൊടി ഒരു പാനില്‍ ചൂടാക്കി അതിലേയക്ക് രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കി എടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കരപാനി, ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത് ചേര്‍ത്ത് ചൂടാക്കുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഓഫ് ചെയ്യുക. പെസഹാ അപ്പവും പാലും റെഡിയായിക്കഴിഞ്ഞു.

എല്ലാ പ്രവാസി മലയാളികൾക്കും പെസഹായുടെ ആശംസകൾ നേരുന്നു.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

നേഹ ബേസിൽ

ചേരുവകൾ

പ്ലെയിൻ ഫ്ലോർ -325 ഗ്രാം
ഷുഗർ -50 ഗ്രാം
ഗ്രൗണ്ട് സ്‌പൈസസ് -1/ 2 ടീസ്പൂൺ
കറുവ പട്ട പൊടി -1/ 2 ടീസ്പൂൺ
മുട്ട -1 എണ്ണം
യീസ്റ്റ് -2
ഓറഞ്ച് സെസ്റ്റ് -1/ 2 ഓറഞ്ചിന്റെ
ഉപ്പ് -1/ 2 ടീസ്പൂൺ
മിൽക്ക് -125 മില്ലി
ബട്ടർ -3 ടേബിൾ സ്പൂൺ
വാനില എസ്ട്രാക്ട് -1 ടീസ്പൂൺ
ഉണക്ക മുന്തിരി -3/ 4 കപ്പ്
അര കപ്പ് പ്ലെയിൻ ഫ്ലോർ ക്രോസ് പൈപ്പ് ചെയ്യാൻ ഉള്ള പേസ്റ്റ് ഉണ്ടാക്കാൻ
ജാം -ഗ്ലൈസിങ് ചെയ്യാൻ ആവശ്യത്തിന്

പാചകം ചെയ്യേണ്ട വിധം

ഒരു ബൗളിൽ പ്ലെയിൻ ഫ്ലോർ ,ഷുഗർ ഗ്രൗണ്ട് സ്‌പൈസസ് കറുവ പട്ട പൊടി യീസ്റ്റ്,ഓറഞ്ച് സെസ്റ്റ് ,ഉപ്പ് എന്നിവ എടുത്തു നന്നായി മിക്സ് ചെയ്യുക. മറ്റൊരു ബൗളിൽ ചെറിയ ചൂടുള്ള മിൽക്ക് മുട്ട എന്നിവ എടുത്തു ഒരു വിസ്‌ക് കൊണ്ട് മിക്സ് ചെയ്തെടുക്കുക. അതിലേയ്ക്ക് വാനില എസ്ട്രാക്ട് ,ബട്ടർ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഈ മിശ്രിതം മിക്സ് ചെയ്തു വച്ചിരിക്കുന്ന ഫ്ലോറിലേയ്ക്ക് 2 -3 തവണയായി ചേർത്ത് നല്ല പോലെ കുഴച്ചെടുത്തു നല്ല സ്മൂത്ത് ആയ കുഴച്ചമാവ് ആക്കി എടുക്കുക. ഈ കുഴച്ചമാവ് നല്ല വൃത്തിയുള്ള ഒരു പ്രതലത്തിൽ മാറ്റി 5-6 മിനിറ്റ് കുഴച്ചു നല്ല സോഫ്റ്റ് ആക്കി എടുക്കുക.

ഒരു ബൗൾ എടുത്തു അല്പം ഓയിൽ ഉപയോഗിച്ച് ഗ്രീസ് ചെയ്ത് ഈ കുഴച്ചെടുത്ത മാവ് മാറ്റി ഒരു ക്ലിങ് ഫിലിം കൊണ്ട് കവർ ചെയ്ത് ഒന്നര മണിക്കൂർ വയ്ക്കുക അപ്പോൾ ഈ മാവു ഇരട്ടി വലിപ്പത്തിലും നല്ല സോഫ്റ്റും ആകും. ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്തു അരിച്ചെടുത്തു ഡ്രൈ ആക്കി എടുത്തു ഈ കുഴച്ചു വച്ച കുഴച്ചമാവിൽ ചേർത്ത് വീണ്ടും നന്നയി മിക്സ് ചെയ്തെടുക്കുക. കുഴച്ചമാവ് 12 പോർഷൻ ആയി ആക്കി ചെറിയ ബോൾ ഷെയ്പ്പിൽ ഉരുട്ടി എടുക്കുക. ഒരു ബേക്കിംഗ് ട്രേ എടുത്തു ഗ്രീസ് ചെയ്‌തു ഈ ബോളുകൾ മാറ്റി ഒരു ക്ലിങ് ഫിലിം കൊണ്ട് കവർ ചെയ്തു വീണ്ടും ഒരു 45 മിനിറ്റ് കൂടി വയ്ക്കുക. ബോളുകൾ തമ്മിൽ അല്പം അകലം ഉണ്ടായിരിക്കണം കാരണം വീണ്ടും ഈ ബോളുകൾ വികസിക്കും. ഈ സമയം മാറ്റി ക്രോസ് വരയ്ക്കാനുള്ള പേസ്റ്റ് ഉണ്ടാക്കുക. അതിനായി മാറ്റിവച്ചിരിക്കുന്ന അര കപ്പ് പ്ലെയിൻ ഫ്ലോർ വെള്ളം ചേർത്ത് പൈപ്പ് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള ഒരു പേസ്റ്റ് ആക്കി എടുത്തു ഒരു പൈപ്പിങ് ബാഗിലേയ്ക്ക് മാറ്റി വികസിച്ച ഈ ബോളുകൾക്കു മുകളിൽ കുരിശ് ആകൃതിയിൽ പൈപ്പ് ചെയ്ത് 200 ഡിഗ്രി പ്രീ ഹീത് ചെയ്ത ഓവനിൽ 15 മിനിറ്റ് ബേക്ക് ചെയ്യുക. ശേഷം ഓവന്റെ ചൂട് 180 ഡിഗ്രിയിലേക്ക് കുറച്ചു ഒരു 10 മിനിറ്റ് കൂടി ബേക്ക് ചെയ്യുക .അപ്പോൾ ബണ്ണിന് ഒരു ഗോൾഡൻ കളർ ആയി വരും. ജാം അല്പം വെള്ളം ചേർത്ത് ലൂസ് ആക്കി എടുത്തു ഒരു ബ്രഷ് കൊണ്ട് ബണ്ണിന്റെ മുകൾ വശം ഗ്‌ളൈസ് ചെയ്തെടുത്തു ചൂടോടെ സെർവ് ചെയ്യുക.

നേഹ ബേസിൽ

RECENT POSTS
Copyright © . All rights reserved