ന്യൂസ് ഡെസ്ക്, മലയാളം യുകെ
എവിടെയാണ് ഋഷി സുനകിന് പിഴച്ചത്? ലോകമെങ്ങുമുള്ള മാധ്യമങ്ങളുടെ പ്രധാന ചർച്ചാ വിഷയമായിരുന്നു ഈ ചോദ്യം. ജൂലൈ 4-ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി നേരിട്ട ഏറ്റവും ദയനീയമായ തോൽവിക്ക് ഇന്ത്യൻ വംശജനായ റിഷി സുനകിൻ്റെ മേൽ മാത്രം കുറ്റം ചാർത്തുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അഞ്ച് വർഷം മുമ്പ് മിന്നുന്ന പ്രകടനവുമായി ബോറിസ് ജോൺസൺ സർക്കാർ അധികാരത്തിൽ വന്നപ്പോൾ നിറവേറ്റാൻ ഉണ്ടായിരുന്നത് ഒട്ടേറെ പ്രതീക്ഷകൾ ആയിരുന്നു. എന്നാൽ ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള ഒരു വീഴ്ച്ചയിലേക്കാണ് കൺസർവേറ്റീവ് പാർട്ടി കൂപ്പ് കുത്തിയിരിക്കുന്നത്. കോവിഡ് മഹാമാരിയും ലോക്ക്ഡൗണും അനുബന്ധ പ്രശ്നങ്ങളുമാണ് ബോറിസ് ജോൺസന്റെ പടിയിറക്കത്തിലേക്ക് നയിച്ചത്. ലോക്ക് ഡൗൺ സമയത്ത് മികച്ച സാമ്പത്തിക നയങ്ങളാണ് ബോറിസിന്റെ മന്ത്രിസഭയിൽ ചാൻസിലറായിരുന്ന ഋഷി സുനകിൻ്റെ പ്രാധാന്യമേറാൻ കാരണമായത്. ലോക്ക്ഡൗൺ സമയത്ത് ജോലിയില്ലാത്തയാളുകൾക്ക് മറ്റും നൽകി വന്ന സാമ്പത്തിക സഹായവും മറ്റ് പരിഷ്കരണങ്ങളും ഋഷി സുനകിന്റെ ജനപ്രീതി കുതിച്ചുയരാൻ കാരണമായി.
ഡേവിഡ് കാമറൂൺ രാജി വച്ചതിന് പിന്നാലെ അധികാരത്തിലേറിയ തെരേസ മേ, ബോറിസ് ജോൺസൺ , ലിസ് ട്രസ് എന്നീ മുൻ പ്രധാനമന്ത്രിമാരുടെ നയങ്ങളുടെ ബലിയാടു മാത്രമാണ് ഋഷി സുനക് എന്ന ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി എന്ന യാഥാർത്ഥ്യത്തെ മന:പൂർവ്വം തമസ്കരിക്കുന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ലോകത്തിലെ പല രാജ്യങ്ങളും കോവിഡ് ലോക്ക്ഡൗണിന്റെ ഭാഗമായി സാമ്പത്തികമായി അസ്ഥിരതയിലേക്ക് കൂപ്പുകുത്തിയപ്പോൾ ഋഷി സുനകിന്റെ നയങ്ങളാണ് ബ്രിട്ടനെ പിടിച്ചു നിർത്തിയത്.
ഉയർന്ന ജീവിത ചെലവും പണപ്പെരുപ്പവും രാജ്യത്തെ ജീവിതം ദുഷ്കരമാക്കിയ കടുത്ത പ്രതിസന്ധിഘട്ടത്തിലാണ് ഋഷി സുനക് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. അദ്ദേഹം പടിയിറങ്ങുമ്പോൾ 11 ശതമാനമായിരുന്ന പണപ്പെരുപ്പം 2 ശതമാനത്തിലേയ്ക്ക് എത്തിയിരുന്നു. പോയ മാസങ്ങളിൽ ന്യായമായും കുറയ്ക്കുമായിരുന്ന പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്തുകൊണ്ട് കുറച്ചില്ല? അത് സാമ്പത്തിക വിദഗ്ദ്ധരെ അത്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു. തിരഞ്ഞെടുപ്പ് സർവ്വേഫലങ്ങൾ ലേബർ പാർട്ടിക്ക് നൽകിയ മുൻതൂക്കം ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോൾ മുന്നിൽ നിന്ന ഋഷി സുനകിനെതിരെ ആസൂത്രിതമായ ചരടുവലികൾ സംഭവിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇത്രയും വലിയ ഒരു തിരഞ്ഞെടുപ്പ് പരാജയം കാരണം കൺസെർവേറ്റീവുകളുടെ ഇടയിലെ ഉൾപാർട്ടി പോരു തന്നെയാണ്. പരാജിതരായി പടിയിറങ്ങിയ ബോറിസിൻ്റെയും ലിസ് ട്രസിൻ്റെയും വീഴ്ചകളുടെ ഭാരം ഏറ്റെടുക്കേണ്ടി വന്നത് ഋഷി സുനകിനായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
16 ലക്ഷത്തോളം വരുന്ന ഇന്ത്യൻ വംശജരാണ് ബ്രിട്ടനിലുള്ളത്. ജോലിക്കായും പഠനത്തിനായും ബ്രിട്ടനിൽ ഓരോ വർഷവും ഒട്ടേറെ പേരാണ് ഇന്ത്യയിൽ നിന്ന് എത്തി കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ സർക്കാരിൻറെ നയ സമീപനങ്ങളെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യ നോക്കി കാണുന്നത്. ഇന്ത്യയോട് അതീവ സൗഹൃദമായുള്ള പെരുമാറ്റമാണ് പ്രതിപക്ഷ നേതാവായിരുന്ന സർ കെയർ സ്റ്റാമർ വെച്ചു പുലർത്തിയിരുന്നത്. അതുകൊണ്ടു തന്നെ തുടർന്നും ലണ്ടനും ഡൽഹിയുമായി ഊഷ്മളമായ നയതന്ത്ര ബന്ധം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ചരിത്രപരമായി ലേബർ പാർട്ടിയെ പിന്തുണയ്ക്കുന്നവരാണ് ബ്രിട്ടനിലെ ഇന്ത്യൻ വംശജർ ,പ്രത്യേകിച്ച് മലയാളികൾ. ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി പാർലമെന്റിൽ എംപിയായി എത്തുന്നത് ലേബർ പാർട്ടിയെ പ്രതിനിധീകരിച്ചതാണെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിലുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർക്കാരും 14 വർഷമായി ബ്രിട്ടൻ ഭരിച്ചിരുന്ന കൺസർവേറ്റീവ് പാർട്ടിയുടെ സർക്കാരുമായി നല്ല സൗഹൃദബന്ധം ആയിരുന്നു കാത്തുസൂക്ഷിച്ചിരുന്നത്. ഇന്ത്യയോടുള്ള നയ സമീപനങ്ങളിൽ പുതിയ സർക്കാരും മാറ്റത്തിന് മുതിർന്നേക്കില്ല. പുതിയ സർക്കാർ കുടിയേറ്റ നയം എത്രമാത്രം ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെയും ജോലിക്കായി എത്തുന്നവരെയും ഭാവിയിൽ ബാധിക്കും എന്നതും പ്രധാനപ്പെട്ട വിഷയമാണ് . എന്നാൽ ഏതാനും വർഷങ്ങളായി ചർച്ചയിലായിരുന്ന സ്വതന്ത്ര വ്യാപാര കരാർ തന്നെയായിരിക്കും ഇന്ത്യ -ബ്രിട്ടൻ ചർച്ചകളിലെ പ്രധാന അജണ്ട. കരാറിലെ ഒട്ടുമിക്ക കാര്യങ്ങളിലും ഇരുപക്ഷത്തിനും ധാരണയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മലയാളികളുടെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇനി ധാരണയിൽ എത്താൻ ഉള്ളത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടന്റെ 58 – മത്തെ പ്രധാനമന്ത്രിയായി കെയർ സ്റ്റാമർ ചരിത്രം കുറിച്ച് അധികാരമേറ്റെടുത്തു . എന്നാൽ പുതിയ സർക്കാർ ഭരണം നടത്തുമ്പോൾ പ്രതിപക്ഷത്തിരുന്നു നൽകിയ വാഗ്ദാനങ്ങൾ എല്ലാം അതേപടി നടപ്പിലാക്കാൻ ലേബർ പാർട്ടിക്ക് സാധിക്കുമോ? സാമ്പത്തിക, കുടിയേറ്റ പ്രശനങ്ങൾ ഉയർത്തിയാണ് ലേബർ പാർട്ടി ഇത്രയും ജനപിന്തുണ ആർജിച്ചത്. എന്നാൽ വിദേശകാര്യം ഉൾപ്പെടെയുള്ള കാര്യത്തിൽ കൺസർവേറ്റീവ് പാർട്ടി സ്വീകരിച്ച നയപരിപാടികൾ തുടരാനുള്ള സമീപനമായിരിക്കും ലേബർ പാർട്ടിയും തുടരുക എന്നാണ് കരുതപ്പെടുന്നത് . കഴിഞ്ഞ 14 വർഷമായി ഭരണത്തിൽ നിന്ന് മാറിനിന്ന പാർട്ടിയെ സംബന്ധിച്ച് വരുന്ന നാളുകളിൽ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരുക എന്നത് വലിയ വെല്ലുവിളിയായിരിക്കും. തൻറെ ക്യാബിനറ്റ് മന്ത്രിമാരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതിൽ വളരെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റു നോക്കുന്നത്.
ഏഞ്ചല റെയ്നർ ആണ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ആയി സ്റ്റാർമർ നിയമിച്ചിരിക്കുന്നത്. കടുത്ത ഇടതുപക്ഷ ചിന്താഗതിക്കാരിയായ ഏഞ്ചല റെയ്നർ തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് വേണ്ടി പോരാടിയാണ് നേതൃത്വത്തിലേയ്ക്ക് ഉയർന്നുവന്നത്. ഒട്ടേറെ പ്രതികൂല ജീവിത സാഹചര്യങ്ങളിലൂടെയാണ് ഏഞ്ചല റെയ്നർ കടന്നുവന്നത് . തൻറെ 16- മത്തെ വയസ്സിൽ ഒരു കുഞ്ഞിന് ജന്മം നൽകി സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്ന ഏഞ്ചല റെയ്നറിൻ്റെ ജീവിതം ഒട്ടേറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു . ഗവൺമെൻറിൻറെ ഭവന നിർമ്മാണത്തിനും തൊഴിലാളികളുടെ ആവശ്യങ്ങൾക്കും വരും ദിവസങ്ങളിൽ ചുക്കാൻ പിടിക്കുന്നത് ഏഞ്ചല റെയ്നർ ആയിരിക്കും.
ബ്രിട്ടന്റെ ആദ്യത്തെ വനിതാ ചാൻസിലറായി സ്ഥാനമേറ്റ റേച്ചൽ റീവ്സിന് മുന്നിലുള്ളത് ഒട്ടേറെ പ്രതിസന്ധികളാണ്. ഉയർന്ന പലിശ നിരക്കും ജീവിത ചിലവ് വർദ്ധനവും രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധികളാണ്. ഇങ്ങനെയുള്ള സാമ്പത്തിക പ്രശ്‌നങ്ങളെ എങ്ങനെ മറികടക്കാമെന്നതാണ് റേച്ചൽ റീവ്സ് നേരിടുന്ന വെല്ലുവിളി. യെവെറ്റ് കൂപ്പർ ആണ് ആദ്യത്തെ സെക്രട്ടറി . ഡേവിഡ് ലാമി വിദേശകാര്യ സെക്രട്ടറിയുമാണ്. ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പറും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും ആണ്. കെയർ സ്റ്റാമർ മന്ത്രിസഭയുടെ പൂർണ്ണമായ രൂപം താഴെ കൊടുത്തിരിക്കുന്നു.
പ്രധാനമന്ത്രി – കെയർ സ്റ്റാർമർ.
ഉപപ്രധാനമന്ത്രി – ഏഞ്ചല റെയ്നർ
ധനകാര്യ സെക്രട്ടറി – റേച്ചൽ റീവ്സ്
ആഭ്യന്തര സെക്രട്ടറി – യെവെറ്റ് കൂപ്പർ
പ്രതിരോധ സെക്രട്ടറി – ജോൺ ഹീലി
വിദേശകാര്യ സെക്രട്ടറി – ഡേവിഡ് ലാമി
ജസ്റ്റിസ് സെക്രട്ടറി – ഷബാന മഹമൂദ്
ആരോഗ്യ സെക്രട്ടറി – വെസ് സ്ട്രീറ്റിംഗ്
വിദ്യാഭ്യാസ സെക്രട്ടറി – ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ
ഊർജ്ജ സെക്രട്ടറി – എഡ് മിലിബാൻഡ്
വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി – ലിസ് കെൻഡൽ
ബിസിനസ് സെക്രട്ടറി – ജോനാഥൻ റെയ്നോൾഡ്സ്
സയൻസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സെക്രട്ടറി – പീറ്റർ കെയ്ൽ
ഗതാഗത സെക്രട്ടറി – ലൂയിസ് ഹൈ
പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമകാര്യ സെക്രട്ടറി – സ്റ്റീവ് റീഡ്
സാംസ്കാരിക സെക്രട്ടറി – ലിസ നന്ദി
വടക്കൻ അയർലൻഡ് സ്റ്റേറ്റ് സെക്രട്ടറി – ഹിലാരി ബെൻ
സ്കോട്ട്ലൻഡ് സ്റ്റേറ്റ് സെക്രട്ടറി – ഇയാൻ മുറെ
അറ്റോർണി ജനറൽ – റിച്ചാർഡ് ഹെർമർ കെ.സി
ഹൗസ് ഓഫ് ലോർഡ്സിൻ്റെ നേതാവ് – ബാസിൽഡണിലെ ബറോണസ് സ്മിത്ത്
ഹൗസ് ഓഫ് കോമൺസിൻ്റെ നേതാവ് – ലൂസി പവൽ
വെയിൽസ് സ്റ്റേറ്റ് സെക്രട്ടറി – ജോ സ്റ്റീവൻസ്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2010 ന് ശേഷം യുകെയിലെ ആദ്യത്തെ ലേബർ പ്രധാനമന്ത്രിയായി സർ കെയർ സ്റ്റാമർ സ്ഥാനമേൽക്കും. പൊതുതിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്‌ത അദ്ദേഹം രാജ്യത്തെ പഴയനിലയിലേയ്ക്ക് കൊണ്ടുവരുമെന്ന് പ്രതിജ്ഞ ചെയ്‌തു. തിരഞ്ഞെടുപ്പിൽ 412 സീറ്റുകൾ വിജയിച്ചാണ് ലേബർ പാർട്ടി അധികാരത്തിലെത്തിയിരിക്കുന്നത്. വൻ വിജയത്തോടെ അധികാരമേൽക്കുന്ന കെയർ സ്റ്റാമറിന് ബ്രിട്ടൻെറ സമ്പദ് വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതുൾപ്പെടെ നിരവധി വെല്ലുവിളികളാണ് നേരിടാനുള്ളത്.
അതേസമയം തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് രാജിവെച്ചു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് റിഷി സുനക് തന്റെ രാജിക്കത്ത് കൈമാറി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്തുനിന്നും സുനക് ഒഴിഞ്ഞു. പാർട്ടിയുടെ തോൽവിക്ക് പിന്നാലെ പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും സുനക് പറഞ്ഞു.
സ്റ്റാര്‍മറെ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചാള്‍സ് രാജാവ് ഔദ്യോഗികമായി നിയമിച്ചു. ശനിയാഴ്ച് പുതിയ മന്ത്രിസഭ ആദ്യമായി യോഗം ചേരും. സർവേകളിൽ പ്രവചിച്ച പോലെ തന്നെ കണ്‍സര്‍വേറ്റീവുകള്‍ക്കു കനത്ത തോല്‍വി നേരിടുമെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ആദ്യ ഫലങ്ങള്‍ പുറത്തു വന്നത്. പല മണ്ഡലങ്ങളിലും ടോറികളെ പിന്നിലാക്കി റിഫോം യുകെ രണ്ടാമതെത്തി. 2025 ജനുവരി വരെയായിരുന്നു ഋഷി സുനക് സർക്കാരിന്റെ കാലാവധി. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് മെയ് 22 – ന് പ്രധാനമന്ത്രി രാജ്യത്ത് അപ്രതീക്ഷിതമായി പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ചരിത്ര നേട്ടവുമായി ഒരു മലയാളി നേഴ്സ് വിജയിച്ചു . ഇംഗ്ലണ്ടിലെ ആഷ്ഫോർഡിൽ നിന്നുള്ള മലയാളിയായ സോജൻ ജോസഫാണ് വിജയിച്ചത്. കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിംഗ് സീറ്റാണ് സോജൻ ജോസഫ് പിടിച്ചെടുത്തത്. 1774 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് സോജൻ വിജയിച്ചത്. ആഷ്‌ഫോർഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്‍റൽ ഹെൽത്ത് നഴ്‌സിങ് മേധാവിയുമാണ് സോജൻ ജോസഫ്.
യുകെയിലെ ഭൂരിപക്ഷ മലയാളികളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. നഴ്‌സായി യുകെയിലെത്തിയ സോജന് മലയാളി നേഴ്‌സുമാരും കെയറർമാരും നേരിടുന്ന പ്രശ്‌നങ്ങൾ പാർലമെൻറിൽ അവതരിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലും സന്തോഷത്തിലുമാണ് യുകെ മലയാളികൾ. കോട്ടയം കൈപ്പുഴ ചാമക്കാലായിൽ ജോസഫിന്‍റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് മെയിൽ നേഴ്സായ സോജൻ. ഭാര്യ- ബ്രൈറ്റ ജോസഫ്. വിദ്യാർഥികളായ ഹാന്ന, സാറ, മാത്യു എന്നിവർ മക്കളാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുതിയ ആശുപത്രികൾ നിർമ്മിക്കുന്നതിന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുമായും പ്രോപ്പർട്ടി ഡെവലപ്പർമാരുമായും സഹകരിക്കാൻ എൻഎച്ച്എസിനെ അനുവദിക്കണമെന്ന ആവശ്യവുമായി ഹെൽത്ത് സർവീസിലെ ഉദ്യോഗസ്ഥർ. എൻഎച്ച്എസിൽ പുരോഗമനത്തിനായി സ്വകാര്യ ധനകാര്യ സംരംഭങ്ങളുടെ ഡീലുകൾ ഉപയോഗിച്ചതിന് കഴിഞ്ഞ ലേബർ ഗവൺമെൻ്റ് കടുത്ത വിമർശനം നേരിട്ടിരുന്നു. ഇത് കോർപ്പറേഷനുകൾക്ക് ഗണ്യമായ ലാഭമുണ്ടാക്കിയിരുന്നു.
എന്നാൽ പുതിയ ഭരണകൂടത്തോട് രാജ്യത്തെ ആരോഗ്യ സേവന ട്രസ്റ്റുകളെ സ്വകാര്യ സ്ഥാപനങ്ങളുമായി പങ്കാളിത്തം ഉണ്ടാക്കുന്നതിൽ നിന്ന് നിയന്ത്രിക്കുന്ന ട്രഷറി നിയമങ്ങൾ ലഘൂകരിക്കണം എന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് എൻഎച്ച്എസ് പ്രൊവൈഡേഴ്‌സിൻ്റെ തലവനായ ജൂലിയൻ ഹാർട്ട്‌ലി. ഇത്തരത്തിലുള്ള ധന സഹായങ്ങൾ എൻഎച്ച്എസിൻെറ അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ ഹെൽത്ത് കെയർ പ്രൊവൈഡർമാർ, ലോക്കൽ കൗൺസിലുകൾ തുടങ്ങിയ പൊതു-സ്വകാര്യ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം, നിലവിലെ സാഹചര്യത്തിൽ എൻഎച്ച്എസിൻെറ സുസ്ഥിരമായ നടത്തിപ്പിന് ഏറെ സഹായകരമായിരിക്കുമെന്ന് ജൂലിയൻ ഹാർട്ട് ലി പറയുന്നു. എന്നാൽ എൻഎച്ച്എസ് തലവൻെറ ആശയത്തിന് കടുത്ത വിമർശനവും ഉയർന്ന് വരുന്നുണ്ട്. അതേസമയം സമീപകാലങ്ങളിൽ എൻഎച്ച്എസും സ്വകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തം വിജയകരമായ ഉദാഹരണങ്ങളായി ജൂലിയൻ ഹാർട്ട് ലി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള അത്തരം സഹകരണങ്ങൾ എൻഎച്ച്എസ് സേവനങ്ങൾക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം വാദിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ വന്നുതുടങ്ങി. എക്സിറ്റ് പോളും അഭിപ്രായ സർവേകളും ശരിവെക്കുന്ന രീതിയിൽ ലേബർ പാർട്ടി വൻ മുന്നേറ്റമാണ് നടത്തുന്നത്. നിലവിൽ 236 സീറ്റുകളിൽ ലേബർ പാർട്ടിയുടെ ആധിപത്യമാണ് പ്രകടമായിരിക്കുന്നത്. 44 സീറ്റുകളിൽ കൺസർവേറ്റീവുകൾ മുന്നേറുന്നു.
തിരഞ്ഞെടുപ്പ് നിരീക്ഷകരെ ആകെ അമ്പരപ്പിച്ചു കൊണ്ടുള്ള മുന്നേറ്റം നടത്തിയിരിക്കുന്നത് ലിബറൽ ഡെമോക്രാറ്റിക് ആണ്. നിലവിൽ 27 സീറ്റുകളിൽ ലിബറൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥികൾ മുന്നേറുന്നതായുള്ള സൂചനകൾ ആണ് പുറത്തു വന്നിരിക്കുന്നത്.
ചാനലുകൾ പ്രവചിച്ചതു പോലുള്ള ചലനങ്ങൾ സൃഷ്ടികൾ റീഫോം യുകെയുടെ സ്ഥാനാർത്ഥികൾക്ക് ആയിട്ടില്ല . റീഫോം യുകെയുടെ 4 സ്ഥാനാർത്ഥികളാണ് വിജയം കണ്ടിരിക്കുന്നത്. റീഫോം യുകെ ലീഡർ നൈജൽ ഫരാഗ് ആദ്യമായി പാർലമെന്റിലേക്ക് വിജയം കണ്ടു. കൺസർവേറ്റീവ് പാർട്ടിയുടെ മുന്നണി പോരാളിയായിരുന്ന ഡിഫൻസ് മിനിസ്റ്റർ ഗ്രാൻഡ് ഷാപ്പറിന്റെ പരാജയം വൻ ഞെട്ടലാണ് കൺസർവേറ്റീവ് പാർട്ടിക്ക് ഉണ്ടാക്കിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടോളം അദ്ദേഹം കൈവശം വച്ചിരുന്ന തെക്കൻ ഇംഗ്ലണ്ടിലെ വെൽവിൻ ഹാറ്റ്‌ഫീൽഡ് മണ്ഡലത്തിൽ ലേബർ പാർട്ടിയുടെ ആൻഡ്രൂ ലെവിൻ ആണ് ഷാപ്‌സിനെ പരാജയപ്പെടുത്തിയത് . ഷാപ്‌സിൻ്റെ 16,078 വോട്ടു ലഭിച്ചപ്പോൾ ലെവിൻ 19,877 വോട്ടുകൾ നേടിയാണ് വിജയം കണ്ടത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയുടെ പൊതു തിരഞ്ഞെടുപ്പിൽ ആരാണ് വിജയിക്കുന്നത് എന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. രാത്രി 10 മണിക്ക് തിരഞ്ഞെടുപ്പ് അവസാനിച്ചതിനെ തുടർന്ന് വോട്ടെണ്ണൽ ആരംഭിച്ചു. ബിബിസി, ഐടിവി, സ്കൈ എന്നിവയുടെ എക്‌സിറ്റ് പോൾ പ്രകാരം ലേബർ 170 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ പൊതുതിരഞ്ഞെടുപ്പിൽ വിജയിക്കും. എക്സിറ്റ് പോൾ പ്രവചനങ്ങൾ യാഥാർത്ഥ്യമാവുകയാണെങ്കിൽ 410 ലേബർ എംപിമാരുമായി സർ കെയർ സ്റ്റാർമർ പ്രധാനമന്ത്രിയായി ചുമതലയേൽക്കും.
യുകെയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മലയാളികൾ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണ് ഇന്നലെ കഴിഞ്ഞത്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. മലയാളികളുടെ പുതുതലമുറ വളരെ ആവേശത്തോടെയാണ് യുകെയിലെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ മുന്നോട്ട് വന്നത്. മിക്ക മലയാളി യുവതി യുവാക്കളും ആദ്യമായാണ് പൊതു തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ വളരെ ആവേശത്തോടെയാണ് തിരഞ്ഞെടുപ്പിനെ കുറിച്ച് അവർ പ്രതികരിച്ചത്.
വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലി സ്വദേശിയായ മലയാളി പെൺകുട്ടി ആര്യ ഷിബു വളരെ ആവേശത്തോടെയാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. എൻറെ വോട്ട് ഈ രാജ്യത്തെ മാറ്റിമറിക്കും എന്നാണ് ആദ്യമായി സമ്മതിദാനാവകാശം രേഖപ്പെടുത്തിയ അനുഭവത്തെ കുറിച്ച് ആര്യ മലയാളം യുകെ ന്യൂസിനോട് പ്രതികരിച്ചത്.
ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സംവാദങ്ങളും ചർച്ചകളും കലാശക്കൊട്ടുകളും പോളിംഗ് ദിനത്തിലെ ദൃശ്യങ്ങളും മുതിർന്നവരോടൊപ്പം ടിവിയിൽ കണ്ടതിന്റെ ഓർമ്മകളുമായാണ് പുതുതലമുറ പോളിംഗ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ യുകെയിൽ ഉടനീളമുള്ള ദൃശ്യങ്ങളും നടപടിക്രമങ്ങളും ഇന്ത്യൻ സാഹചര്യത്തിൽ തികച്ചും വ്യത്യസ്തമായിരുന്നു. ഒരു ബഹളവും തിക്കും തിരക്കും ഇല്ലാതെ സാധാരണ ദിവസത്തെ പോലെ തന്നെ പോളിംഗ് ദിനവും കടന്നു പോയി . ചുറ്റും കൊടി തോരണങ്ങളും പാർട്ടി പ്രവർത്തകരും ഒന്നുമില്ലാത്ത പോളിംഗ് സ്റ്റേഷൻ പലർക്കും അത്ഭുതമായിരുന്നു . വോട്ടെടുപ്പിനോടനുബന്ധിച്ച് പൊതു അവധി ഇല്ലായിരുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. സാധാരണ പോലെ ആളുകൾ തങ്ങളുടെ ദൈനംദിന ജോലികൾ ചെയ്യുന്നതിനൊപ്പം ഏതെങ്കിലും സമയത്ത് വോട്ട് രേഖപ്പെടുത്താൻ സമയം കണ്ടെത്തുന്നു. വിദ്യാർഥികളിൽ പലരും തങ്ങളുടെ ക്ലാസുകളിലും പരീക്ഷകളിലും പങ്കെടുത്തിട്ടാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്.
പുതിയ സർക്കാരിന്റെ നയങ്ങൾ തങ്ങളെ എങ്ങനെ ബാധിക്കും എന്നത് ഒട്ടുമിക്ക മലയാളി കുടുംബങ്ങളെയും അലട്ടുന്ന പ്രശ്നമാണ്. ആദ്യകാലങ്ങളിൽ ഭൂരിപക്ഷം മലയാളികളും എൻഎച്ച്എസിൻ്റെ കീഴിൽ ആണ് ജോലി ചെയ്തിരുന്നത് . എന്നാൽ ഇന്ന് സ്ഥിതി വളരെ വ്യത്യസ്തമാണ്. സ്റ്റുഡൻറ് വിസയിലും കെയർ വിസയിലും ഇവിടെ എത്തിയിരിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം പുതിയ സർക്കാർ നടപ്പിലാക്കുന്ന നയങ്ങൾ അവരുടെ ജീവിതത്തെ കാര്യമായി സ്വാധീനിക്കും. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നടപടികളുമായി പുതിയ സർക്കാർ മുന്നോട്ടുപോകും എന്നത് 100 ശതമാനം ഉറപ്പാണ്.
ഉപരിപഠനത്തിനായി യുകെയിലെത്തുന്ന മലയാളി വിദ്യാർഥികളെ ബാധിക്കുന്ന സുപ്രധാനമായ പല മാറ്റങ്ങളും പുതിയ സർക്കാർ നടിപ്പിലാക്കിയേക്കും . യുകെയിൽ എത്തിച്ചേരാൻ മാത്രമായി ഭാര്യയോ ഭർത്താവോ സ്റ്റഡി വിസയിൽ എത്തിയ ആയിരങ്ങളാണ് ഇവിടെയുള്ളത്. എല്ലാവരും ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ ആണ് ലോണായി എടുത്തിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന യൂണിവേഴ്സിറ്റികളെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കരകയറ്റാനാണ് വിദേശ വിദ്യാർഥികളെ ആകർഷിക്കാനുള്ള പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റും മറ്റ് ആനുകൂല്യങ്ങളും സർക്കാർ നടപ്പിലാക്കിയത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ വിദേശ മൂലധനമാണ് ഇതിലൂടെ യുകെയിലേയ്ക്ക് ഒഴുകിയെത്തിയത്. ആവശ്യമായ മൂലധന സമ്പാദനത്തിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുരക്ഷിതമായപ്പോൾ പെട്ടെന്ന് സർക്കാർ നയം മാറ്റിയത് മൂലം കണ്ണീരിലായത് ഒട്ടേറെ വിദ്യാർഥികളുടെ ഭാവി പ്രതീക്ഷകളെയാണ്.
കെയർ വിസയിൽ എത്തിയവരും പുതിയ സർക്കാർ നയങ്ങൾ തങ്ങളെ എങ്ങനെ ബാധിക്കും എന്ന കാര്യത്തിൽ വളരെ ആശങ്കയിലാണ് . യുകെയിൽ എത്താൻ വേണ്ടിയുള്ള പാലമായാണ് പലരും ലക്ഷങ്ങൾ മുടക്കി കെയർ വിസ സംഘടിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കെയർ വിസയിൽ എത്തുന്നവർക്ക് ആശ്രിത വിസ അനുവദിക്കുന്ന നയം സർക്കാർ പിൻവലിച്ചത്. കുടിയേറ്റം കൂടിയതാണ് ഋഷി സുനക് സർക്കാരിന് ജനപ്രീതി ഇടിയാൻ ഒരു പ്രധാന കാരണമായത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ പൊതുതിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ് ശതമാനം. 1945 നു ശേഷം ഉള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ് ഈ വർഷം രേഖപെടുത്തിയിരിക്കുന്നത്. പ്രാദേശിക സ്കൂളുകൾ, കമ്മ്യൂണിറ്റി ഹാളുകൾ തുടങ്ങിയ കെട്ടിടങ്ങളിൽ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനുകൾ ഇന്ന് രാവിലെ 7 മണി മുതൽ രാത്രി 10 വരെ തുറന്നിരിക്കും. പൊതു തിരഞ്ഞെടുപ്പ് പുരോഗമിക്കവേ വിജയ പ്രതീക്ഷയിലാണ് ലേബർ പാർട്ടി. സർവേകൾ എല്ലാം തന്നെ ലേബർ പാർട്ടിക്ക് അനുകൂലമായ വിധിയാണ് എഴുതിയിരിക്കുന്നത്.
ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലൻഡ്, നോര്‍ത്തേണ്‍ അയര്‍ലൻഡ് എന്നിവിടങ്ങളിലായി 650 മണ്ഡലങ്ങളിലായാണ് പോളിംഗ് സ്‌റ്റേഷനുകൾ ഉള്ളത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഫലപ്രഖ്യാപനം വന്നു തുടങ്ങും. പ്രധാനമന്ത്രി ഋഷി സുനക് നോർത്ത് യോർക്ക്ഷെയറിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ വടക്കൻ ലണ്ടനിൽ വോട്ട് ചെയ്തു. ആറാഴ്ച നീണ്ട പ്രചാരണത്തിനൊടുവിലാണ് തിരഞ്ഞെടുപ്പ് ഇന്ന് നടന്നത്.
തിരഞ്ഞെടുപ്പിൽ വൻ വിജയം പ്രതീക്ഷിച്ചിരിക്കുന്ന കെയർ സ്റ്റാർമര്‍ വോട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ തയ്യാറാണെന്നും വ്യാഴാഴ്ച തിരഞ്ഞെടുപ്പിൽ വിജയിച്ചാല്‍ ക്യാബിനറ്റ് ഉടന്‍ വിളിക്കുമെന്നും വ്യക്തമാക്കി. അതേസമയം കണ്‍സര്‍വേറ്റീവ് പാർട്ടിക്ക് ഏറെ ആശങ്കയുടെ സമയമാണ് ഇപ്പോൾ. ജനം പോളിംഗ് ബൂത്തിലെത്തുന്നതിന് മുന്‍പുള്ള അവസാന അഭിപ്രായ സര്‍വേയും ലേബറിന് വന്‍വിജയം പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ തോൽവിയുടെ ആഴം എത്രമാത്രം ആയിരിക്കുമെന്ന ആശങ്കയിലാണ് പാർട്ടി അംഗങ്ങൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പുറത്തു വന്ന സര്‍വേ ഫലങ്ങള്‍ ഒക്കെയും ടോറികള്‍ക്ക് എതിരായിരുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യത്ത് ഉടനീളം ഇന്ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ദശലക്ഷകണക്കിന് വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തും. പ്രാദേശിക സ്കൂളുകളിലും കമ്മ്യൂണിറ്റി ഹാളുകളിലുമാണ് പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 9 മണി വരെയാണ് വോട്ടുകൾ രേഖപ്പെടുത്താനുള്ള സമയം.
ഏകദേശം 46 ദശലക്ഷം വോട്ടർമാർക്കാണ് വോട്ടവകാശം ഉള്ളത്. 650 എംപിമാർ ആണ് ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ പാർലമെൻറിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. നാളെ രാവിലെ മുതൽ ഫലപ്രഖ്യാപനം നടക്കും. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷത്തിന് 326 സീറ്റുകൾ ആണ് നേടേണ്ടത്. വോട്ടർമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിൽ 10 പാർലമെൻറ് മണ്ഡലങ്ങൾ കൂടിയിട്ടുണ്ട്. ഇതോടെ ഇംഗ്ലണ്ടിലെ മൊത്തം സീറ്റുകളുടെ എണ്ണം 543 ആയി .
വെയിൽസിലും സ്കോട്ട് ലൻഡിലും സീറ്റുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. വോട്ടവകാശമുള്ള 18 വയസ്സ് പൂർത്തിയായ ആർക്കും വോട്ടെടുപ്പിൽ പങ്കെടുക്കാം. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാനുള്ള അവസാന തീയതി ജൂൺ 18 -ാം തീയതി ആയിരുന്നു. പാസ്പോർട്ട് , ഡ്രൈവിംഗ് കാർഡ് ഉൾപ്പെടെ 22 സ്വീകാര്യമായ തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമായി വേണം വോട്ട് ചെയ്യാൻ പോളിംഗ് സ്റ്റേഷനിൽ എത്തേണ്ടത്.