Main News

സ്റ്റോക്ക് ഓൺ ട്രെന്റ്:  പീഡാനുഭവാരം ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്ന പാരമ്പര്യമാണ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടേത്. ഓശാന തിരുനാളിൽ ആരംഭിച്ച് ഉയർപ്പിന്റെ പ്രത്യാശയിൽ അവസാനിക്കുന്ന വിശുദ്ധവാര കർമ്മങ്ങൾ ഭക്ത്യാദരപൂർവ്വം ഗൃഹാതുരത്വത്തോടെ ആചരിക്കുന്നതിൽ യു കെയിലുള്ള വിശ്വാസികളും ഒട്ടും പിന്നിലല്ല. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ മറ്റ് പള്ളികളിൽനിന്ന് വ്യത്യസ്തരായിട്ടായിരുന്നു സ്റ്റോക്ക് ഓൺ ട്രെന്റ് നിത്യസഹായ മാതാ മിഷനിലെ ഇടവകാംഗങ്ങൾ എത്തിയത്. എല്ലാവരും പരമ്പരാഗത വേഷത്തിലായിരുന്നു. പുരുഷന്മാർ മുണ്ടും ഷർട്ടും ധരിച്ചെത്തിയപ്പോൾ യുവതികളുടെ വേഷം ചട്ടയും മുണ്ടും കവണിയുമായിരുന്നു. കുഞ്ഞുങ്ങളും ഒട്ടും പിന്നിലായിരുന്നില്ല. കുട്ടികൾ എത്തിയത് പരമ്പരാഗത വേഷത്തിനൊപ്പം കൊന്തയും വെന്തിങ്ങയും കഴുത്തിലണിഞ്ഞായിരുന്നു.

പാലാ രൂപത അംഗമായ വികാരി ഫാ. ജോർജ് എട്ടുപറയിലച്ചൻറെ നേതൃത്വത്തിലായിരുന്നു തിരുകർമ്മങ്ങൾ. ഇംഗ്ലണ്ടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ ഇടവകാംഗങ്ങൾ പരമ്പരാഗത വേഷത്തിൽ എത്തി കുരുത്തോലയുമായി പ്രദക്ഷിണം വച്ചത് തദ്ദേശീയരായ ഇംഗ്ലീഷുകാരുൾപ്പെടെയുള്ളവർ കൗതുകത്തോടെയാണ് വീക്ഷിച്ചത് .

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ ഇടവകകളിലും മലയാളികൾ ഒത്തുചേരുന്ന മറ്റ് സഭകളുടെ പള്ളികളിലും കുരുത്തോലയുമേന്തിയാണ് വിശ്വാസികൾ ഓശാന ഞായർ കൊണ്ടാടിയത്. ലീഡ്‌സിലെ സെന്റ് മേരീസ് ആന്റ് സെന്റ് വിൽഫ്രഡ് സീറോ മലബാർ ഇടവകയിലെ ഓശാന ഞായറിന്റെ വിശേഷങ്ങൾ മലയാളം യുകെ ന്യൂസ് വായനക്കാരിൽ എത്തിച്ചിരുന്നു.

‘ചട്ട’ എന്ന വാക്ക് ജൂവിഷ് ഭാഷയിൽ നിന്നും ‘മുണ്ട്’ എന്നത് ഒരു സൗത്ത് ഇന്ത്യൻ ഒറിജിനുമാണ്. പണ്ടത്തെ ജീവിത സാഹചര്യങ്ങളിൽ മറ്റൊന്നും ലഭ്യമല്ലാതിരുന്നതുകൊണ്ടും അവലംബിച്ച  ഒരു വസ്ത്രധാരണ രീതിയാണ്. ചിലർ ഒറ്റമുണ്ടും ചട്ടയും കവണിയുമെങ്കിൽ ചിലർ അത് മുറിയും ചട്ടയും കസവുമായിട്ടാണ് പള്ളികളിൽ എത്തിയിരുന്നത്. അന്നത്തെ ജീവിത സാഹചര്യങ്ങളിൽ ധരിക്കാനുള്ള സമയലാഭം, സാമ്പത്തിക ലാഭം, തയ്യൽ കൂലി ഒഴിവാക്കൽ എന്നിവയെല്ലാം അതിൽ അന്തർലീനമായിരുന്നു. വിശുദ്ധവാരം ആരംഭിക്കുമ്പോൾ ഇത്തരം പ്രവൃത്തികളെ നല്ലൊരു വിഭാഗം പിന്തുണക്കുമ്പോൾ വിമർശകരും വെറുതെയിരുന്നില്ല. എളിമയുടെ, പീഡാനുഭവ നാളുകളിൽ ഡ്രസ്സിലല്ല പ്രവർത്തികളിൽ ആണ് കൂടുതൽ ശ്രദ്ധവേണ്ടത് എന്നാണ് അവരുടെ പക്ഷം.


ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ യൂണിയനായ നാഷണൽ എഡ്യൂക്കേഷൻ യൂണിയനിലെ അംഗങ്ങൾ സർക്കാർ മുന്നോട്ടുവച്ച ശമ്പള വർദ്ധനവിനുള്ള നിർദ്ദേശം നിരാകരിച്ചു. ഇതിനെ തുടർന്ന് ഏപ്രിൽ 27 വ്യാഴാഴ്ചയും മെയ് 2 ചൊവ്വാഴ്ചയും ഇംഗ്ലണ്ടിലെ അധ്യാപകർ പണിമുടക്കുന്നു. അധ്യാപകർ പണിമുടക്കുമായി മുന്നോട്ടു പോകുന്നതോടെ കടുത്ത അനിശ്ചിതത്വമാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്നത്. ജിസിഎസ്ഇ , എ ലെവൽ പരീക്ഷകളെയും മറ്റ് ക്ലാസുകളെയും സമരങ്ങൾ ബാധിക്കുമോ എന്ന ആശങ്ക വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ഉണ്ട് .

അധ്യാപകർക്ക് ഒറ്റ തവണ പെയ്മെൻറ് ആയി 1000 പൗണ്ടും അടുത്ത അധ്യയന വർഷം മുതൽ 4.3 % ശമ്പള വർധനവും ആണ് ശമ്പള കരാറിൽ ഉണ്ടായിരുന്നത്. പ്രാരംഭ ശമ്പളം സെപ്റ്റംബർ മുതൽ 3000 പൗണ്ട് ആയി ഉയരുകയും ചെയ്യും. ഈ കരാറിനെയാണ് യൂണിയൻ അംഗങ്ങൾ വോട്ടെടുപ്പിൽ നിരാകരിച്ചത്. നാഷണൽ എഡ്യൂക്കേഷൻ യൂണിയനിലെ 98% അംഗങ്ങളും കരാർ നിരസിക്കുന്നതിനെ അനുകൂലിക്കുകയാണ് ചെയ്തത്. യൂണിയൻ അംഗങ്ങളുടെ നടപടി അങ്ങേയറ്റം നിരാശജനകമാണെന്നാണ് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പ്രതികരിച്ചത് . 2010 നും 2022 നും ഇടയിലെ അധ്യാപകരുടെ ശമ്പളം ശരാശരി 11% കുറഞ്ഞതായാണ് പണപ്പെരുപ്പത്തിനെ അടിസ്ഥാനമാക്കി ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഫിസിക്കൽ സ്റ്റഡീസിന്റെ കണക്കുകൾ കാണിക്കുന്നത്.

നേഴ്സുമാരുടെ ശമ്പള കരാറിന്റെയും ഭാവി യൂണിയൻ അംഗങ്ങളുടെ വോട്ടെടുപ്പിന് അനുസരിച്ചാണ് ഇരിക്കുന്നത്. എൻ എച്ച് എസിലെ ശമ്പള വർദ്ധനവിനെക്കുറിചുള്ള വോട്ടെടുപ്പ് വിവിധ യൂണിയനുകൾ തങ്ങളുടെ അംഗങ്ങൾക്കിടയിൽ ആരംഭിചിട്ടുണ്ട്. ഭൂരിപക്ഷം യൂണിയൻ അംഗങ്ങളും ശമ്പള കരാറിനെ അനുകൂലിച്ചെങ്കിൽ മാത്രമെ മാർച്ച് 16-ാം തീയതി സർക്കാർ മുന്നോട്ടുവച്ച കരാറിനെ യൂണിയനുകൾക്ക് അംഗീകരിക്കാൻ സാധിക്കുകയുള്ളൂ. ഇംഗ്ലണ്ടിലെ ഏകദേശം 280,000 നേഴ്സുമാരാണ് സർക്കാർ പ്രഖ്യാപിച്ച പുതിയ സേവന വേതന വ്യവസ്ഥകൾ അംഗീകരിക്കണമോ എന്ന കാര്യത്തിൽ വോട്ട് ചെയ്യുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മാഞ്ചസ്റ്ററിലേക്കുള്ള ജെറ്റ് 2 വിമാനത്തിൽ യാത്രക്കാരന് ദാരുണാന്ത്യം. വിമാനത്തിലെ മറ്റൊരു യാത്രക്കാരിയ്ക്ക് വയ്യാതെ വന്നതിനെ തുടർന്ന് പ്രാഥമിക ശ്രുശ്രൂഷകൾ നൽകുന്നത് നോക്കി നിൽക്കെയാണ് മരണം സംഭവിച്ചത്. വൈദ്യസഹായം ആവശ്യമായി വന്നതിനെ തുടർന്ന് ഞായറാഴ്ച രാത്രി യാത്ര ആരംഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ ടെനെറിഫിൽ എത്തിച്ചേരുകയായിരുന്നു. കോൺവാൾ എയർപോർട്ട് ന്യൂക്വേയിൽ ലാൻഡ് ചെയ്യുന്നതിന് മുൻപാണ് സംഭവമെന്നും വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ പറയുന്നു.

വയ്യാതെ വന്ന സ്ത്രീയ്ക്ക് ഉടൻ തന്നെ വൈദ്യസഹായം നൽകി. തുടർന്ന് എയർ ആംബുലൻസിന്റെ സഹായത്തോടെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. വിമാനം ലാൻഡ് ചെയ്ത ശേഷം, സംഭവസ്ഥലത്തെ ജെറ്റ് 2 ജീവനക്കാരുമായി പോലീസ് സംസാരിച്ചിരുന്നു. ഇന്ധനം നിറച്ച ശേഷം വിമാനം വീണ്ടും പറന്നുയർന്നു. രാത്രി 10 മണിയോടെ മാഞ്ചസ്റ്ററിൽ ലാൻഡ് ചെയ്തു. കൃത്യ സമയത്ത് നടത്തിയ ഇടപെടലാണ് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചത്.

എന്നാൽ അപ്രതീക്ഷിതമായാണ് ഇത് കണ്ടു നിന്നായാൾ കുഴഞ്ഞുവീണത്. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ അന്വേഷണ റിപ്പോർട്ട്‌ പുറത്ത് വരുമെന്നും അധികൃതർ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പെട്രോൾ ഡീസൽ വില വർദ്ധനവിനെ തുടർന്ന് വാഹനമോടിക്കുന്നവർ പ്രതിസന്ധിയിൽ. ഓയിൽ കാർട്ടൽ ഒപെക്കും ഉത്പാദനം നിർത്തിയതിനെ തുടർന്നാണ് വില വർദ്ധനവ് ഉണ്ടായത്. സൗദി അറേബ്യ, ഇറാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന എണ്ണ ഉൽപാദക സംഘം നീക്കത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. ആഗോള വിതരണത്തിന്റെ 1 ശതമാനത്തിന് തുല്യമായ, പ്രതിദിനം ഏകദേശം 1.2 ദശലക്ഷം ബാരൽ എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുമെന്നും അപ്രതീക്ഷിത പ്രഖ്യാപനത്തിൽ പറയുന്നു.

അതേസമയം, വില വീണ്ടും വർധിക്കാൻ ഇടയുണ്ടെന്നും, ഇത് പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും ജീവിതച്ചെലവ് വർദ്ധിക്കാൻ ഇടയാക്കുമെന്നും ഫെയർ ഫ്യൂവൽ യുകെ ക്യാമ്പയിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഹോവാർഡ് കോക്‌സ് പറയുന്നു. കഴിഞ്ഞ മാസം 56.50 പൗണ്ട് വിലയുണ്ടായിരുന്ന എണ്ണയ്ക്ക് ഇന്നലെ അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 8 ശതമാനം വർദ്ധനവ് ഉണ്ടായതോടെ വില 69.77 പൗണ്ടിലെത്തി. മുൻപ് റഷ്യ യുക്രൈൻ യുദ്ധത്തെ തുടർന്ന് 105 പൗണ്ടിലേക്ക് വില വർദ്ധിച്ചിരുന്നു. ആഗോള വിപണിയിലെ വില വർദ്ധനവ് മൂലം പമ്പ് ഡീലർമാരും നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. നിലവിലെ നഷ്ടങ്ങൾ പരിഹരിക്കണമെങ്കിൽ കുറഞ്ഞത് 4 പൈസ വില വർധിപ്പിക്കേണ്ടി വരുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

യുക്രൈനിലെ റഷ്യൻ അധിനിവേശം ആഗോള വിപണിയിൽ സൃഷ്ടിച്ച വർദ്ധനവിന് സമാനമായാണ് നിലവിലെ കാര്യങ്ങളും കൊണ്ട് ചെന്ന് എത്തിക്കുന്നത്. പമ്പ് ഉടമസ്ഥരും വില വർദ്ധിച്ചു കഴിഞ്ഞാൽ ജനജീവിതം ദുഷ്കരമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. പണപെരുപ്പവും, ജീവിത ചിലവും അനിയന്ത്രിതമായി വർദ്ധിക്കുന്ന കാലയളവിൽ, ഇന്ധന വില വർദ്ധനവ് കൂടിയാകുമ്പോൾ ജനങ്ങൾക്ക് ഇരുട്ടടിയാണ് സമ്മാനിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ ബെർമിഹാം ഉൾപ്പെടെ മലയാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ മോഷണം പെരുകുന്നു. ഇവയിൽ ഏറെയും നടക്കുന്നത് മലയാളി വീടുകൾ കേന്ദ്രീകരിച്ചാണ് എന്നുള്ളതാണ് ഞെട്ടിക്കുന്ന സത്യം. ഇന്നലെ കവൻട്രിയിലും സമാനമായ കേസുകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. വാഹനങ്ങളുടെ മുൻഭാഗം അഴിച്ചെടുത്ത് മോഷ്ടിക്കുന്ന സംഘങ്ങളും ഇപ്പോൾ സജീവമാണ്. വിലകൂടിയ കാറുകളുടെ മുൻഭാഗവും, ബമ്പർ എന്നിങ്ങനെ വിവിധ പാർട്സുകൾ മോഷ്ടിച്ച് 4000 പൗണ്ടിനു വരെ മറിച്ചു വിൽക്കലാണ് ഇത്തരം മോഷ്ടാക്കൾ ചെയ്യുന്നത് . ബർമിംഗ്ഹാമിൽ മലയാളികളുടെ നിരവധി വാഹനങ്ങൾ സമാനമായ സാഹചര്യത്തിൽ മോഷണം പോയിരുന്നു.

ടയോട്ട വണ്ടികളാണ് മോഷ്ടാക്കൾ ലക്ഷ്യം വെക്കുന്നതിൽ ഏറെയും. യുകെയിലെ നിരത്തുകളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വാഹനം ടൊയോട്ട യാറിസ് ആണ്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യുകെ മലയാളിയുടെ വാഹനത്തിന്റെ കീ കഴിഞ്ഞദിവസം മോഷണം പോയി. വാഹനത്തിൻറെ കീ യ്ക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഡ്യൂപ്ലിക്കേറ്റ് കീ യ്ക്ക് വേണ്ടി 1500 പൗണ്ട് ചിലവഴിക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഇൻഷുറൻസ് പരിരക്ഷ കിട്ടാത്ത സാഹചര്യങ്ങളിൽ വൻ നഷ്ടങ്ങളാണ് ഓരോ മോഷണത്തിലൂടെയും സംഭവിക്കുന്നത്.

വാഹനത്തിന് പുറമെ, സ്വർണ്ണം, വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ എന്നിവയെ സംബന്ധിച്ചും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏത് സാധനം മോഷ്ടിക്കപ്പെട്ടാലും ഇൻഷുറൻസ് ഇല്ലെങ്കിൽ ക്ലെയിം തുക ലഭിക്കില്ല. അതിനാൽ, എല്ലാ വസ്തുക്കളും ഇൻഷുറൻസ് രജിസ്റ്റർ ചെയ്യുകയും, നിർബന്ധമായും ഇതിന്റെ എല്ലാം ഫോട്ടോകളും സൂക്ഷിക്കുകയും വേണം. പോലീസ് അന്വേഷണം നടത്തുമ്പോൾ ഫോട്ടോകൾ ഇല്ലെങ്കിൽ മതിയായ ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ ബുദ്ധിമുട്ടാണ്. ബ്രെക്സിറ്റിന് ശേഷം ജീവിത ചിലവ് ഉയരുകയും, ജോലി നഷ്ടപ്പെടുന്ന ആളുകളുടെ എണ്ണം കൂടുകയും ചെയ്തതാണ് മോഷണത്തിലേയ്ക്ക് കൂടുതൽ ആളുകളെ നയിക്കുന്നതിന്റെ പ്രധാന കാരണമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വിശുദ്ധവാരം ആയതിനാൽ മലയാളികളുടെ വീടുകളിൽ ആളുകൾ ഇല്ലെന്ന കാരണത്താൽ ഈ ദിവസങ്ങളിൽ മോഷണകേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത് വർദ്ധിക്കാൻ സാധ്യതയുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി കടുപ്പിച്ച് സർക്കാർ. നിയമപരമല്ലാതെ കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കുന്നവർക്കെതിരെയും നടപടി വ്യാപിപ്പിക്കാൻ ഇടയുണ്ട്. കഴിഞ്ഞ വർഷം കുട്ടികൾക്കെതിരെ റിപ്പോർട്ട്‌ ചെയ്ത ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഇൻഡിപെൻഡന്റ് എൻക്വയറി (IICSA) കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനെ തുടർന്നാണ് നടപടി. അതിക്രമ കേസുകൾ കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും, രാജ്യത്തെ കുട്ടികളുടെ സുരക്ഷിതത്വമാണ് പ്രധാനമെന്നും ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നും അവർ കൂട്ടിചേർത്തു.

കഴിഞ്ഞ ഒക്ടോബറിലെ റിപ്പോർട്ടിൽ, ഇംഗ്ലണ്ടിലും വെയിൽസിലും കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളുടെ നിരക്ക് വളരെ കൂടുതലായിരുന്നു. ദുരുപയോഗത്തിന് ഇരയായ ഏഴായിരത്തോളം പേർ ഏഴ് വർഷത്തെ അന്വേഷണത്തിന് സാക്ഷ്യപത്രം നൽകി. ലൈംഗികാതിക്രമ കേസുകൾ റിപ്പോർട്ട്‌ ചെയ്യാതെ ഇരുന്ന നിരവധി ആളുകൾക്കെതിരെയും നടപടിക്ക് പ്രോസിക്യൂഷൻ ശുപാർശ ചെയ്തു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിൽ അവരെ സഹായിക്കാൻ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒരു പുതിയ ടാസ്‌ക്ഫോഴ്‌സിനൊപ്പം ഗ്രൂമിംഗ് സംഘങ്ങളെ നേരിടാൻ പ്രാദേശിക പോലീസ് സേനകൾക്ക് കൂടുതൽ പിന്തുണയും ഇതിനോടൊപ്പം സർക്കാർ വാഗ്ദാനം ചെയ്യുന്നു.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുള്ള മറ്റ് നടപടികൾക്കൊപ്പം തിങ്കളാഴ്ച ടാസ്‌ക്ഫോഴ്‌സ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. “വളരെക്കാലമായി, കുട്ടികളെയും യുവതികളെയും വേട്ടയാടുന്ന കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനാണ് ലക്ഷ്യം. അതിനായി വിദഗ്ധ സമിതികൾക്ക് രൂപം നൽകും. നടപടി വ്യാപിപ്പിക്കും’- പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കുട്ടികളെ ചൂഷണം ചെയ്യുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. മയക്കുമരുന്ന് പോലുള്ള ലഹരി പദാർത്ഥങ്ങൾ ശരീരത്തിൽ കുത്തിവച്ച് കുട്ടികളെ കീഴ്പ്പെടുത്താനാണ് ഇത്തരം സംഘങ്ങൾ ശ്രമിക്കുന്നത്. നിയമത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്നാണ് അധികൃതർ പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അഫ്ഗാനിസ്ഥാനിൽ താലിബാൻ തടവിലാക്കിയ ബ്രിട്ടീഷുകാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇരുവരുടെയും കുടുംബങ്ങൾ അവരുമായി സംസാരിച്ചതായിട്ടുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. കെവിൻ കോൺവെൽ(53), മൈൽസ് റൗട്ട്‌ലെഡ്ജ് (23), ഒപ്പം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാളുമാണ് താലിബാന്റെ തടവിലാക്കപ്പെട്ടത്. വീട്ടുകാരോട് സംസാരിച്ചപ്പോൾ ഇരുവർക്കും ആശ്വാസമായി. ഇവരുടെ മോചനവുമായി ബന്ധപ്പെട്ടുള്ള കാര്യത്തിൽ അഫ്ഗാനിസ്ഥാനുമായി ചർച്ചകൾ നടക്കുകയാണെന്നാണ് ഔദ്യോഗികവൃത്തങ്ങൾ അറിയിക്കുന്നത്.

ഇത്തരത്തിൽ പ്രതിസന്ധിയിലായ ആളുകളെ സഹായിക്കുന്ന യുകെ ആസ്ഥാനമായുള്ള സംഘടനയായ പ്രെസിഡിയത്തിന്റെ ഇടപെടൽ മൂലമാണ് ഇരുവർക്കും ബന്ധുക്കളുമായി സംസാരിക്കാൻ സാധിച്ചത്. കെവിനുമായി സംസാരിക്കാൻ സാധിച്ചതിൽ സന്തോഷകരമായിരുന്നെന്നും കുടുംബം വ്യക്തമാക്കി. മൂന്ന് മാസത്തിനിടയിൽ ആദ്യമായാണ് കെവിന്റെ ശബ്ദം കേൾക്കുന്നതെന്നും അവർ കൂട്ടിചേർത്തു. ഉടൻ തന്നെ യുകെയിൽ ഇരുവർക്കും എത്താൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്ന് കുടുംബം പറഞ്ഞു. മിഡിൽസ്‌ബ്രോയിൽ ചാരിറ്റി ഗ്രൂപ്പിൽ ജോലി ചെയ്യുന്ന കോൺവെല്ലിനെയും മൂന്നാമനെയും ജനുവരി 11 നാണ് കസ്റ്റഡിയിൽ എടുത്തത്.

എന്നാൽ, കോൺവെല്ലിനെ മുറിയിൽ ആയുധം സൂക്ഷിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ലൈസൻസ് നഷ്ടപ്പെട്ടതാണ് നടപടിക്ക് കാരണമെന്നും അധികൃതർ പറയുന്നു.
അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം നൽകിയ ലൈസൻസ് ഉപയോഗിച്ചാണ് ആയുധം സൂക്ഷിച്ചിരിക്കുന്നതെന്നും എന്നാൽ ലൈസൻസ് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അഫ്ഗാനിസ്ഥാനിൽ താലിബാൻ കസ്റ്റഡിയിൽ എടുത്ത ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ മുന്നേറുകയാണെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മതസൗഹാർദത്തിന്റെയും മാനുഷിക സാഹോദര്യത്തിന്റെയും അപൂർവ്വ നിമിഷങ്ങൾക്കാണ് മാഞ്ചസ്റ്ററിലെ കത്തീഡ്രൽ വേദിയായത്. മാഞ്ചസ്റ്റർ കത്തീഡ്രലിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ നൂറുകണക്കിന് ആൾക്കാരാണ് പങ്കെടുത്തത് . ഇഫ്താർ വിരുന്നിനൊപ്പം ചരിത്രത്തിൽ ആദ്യമായി കത്തീഡ്രലിൽ ബാങ്ക് വിളി ഉയരുകയും ചെയ്തു.

മാർച്ച് 29-ാം തീയതി ബുധനാഴ്ചയാണ് കത്തീഡ്രൽ പള്ളിയിൽ ഇഫ്താർ സംഗമം നടന്നത്. യുകെയിലെ ഓപ്പൺ ഇഫ്താർ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ബാങ്ക് വിളിക്കുന്നതിന്റെയും ഇഫ്താർ വിരുന്നിന്റെയും ദൃശ്യങ്ങൾ സംഘാടകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇത്തരത്തിലുള്ള ചടങ്ങുകൾ വിവിധ വിശ്വാസികൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾക്കും അതുവഴി കൂടുതൽ മികച്ച ഒരു ലോകത്തേയ്ക്കും നമ്മെ നയിക്കുമെന്ന് കത്തീഡ്രലിന്റെ ചുമതലക്കാരനായ മാഞ്ചസ്റ്റർ ഡീൻ റോജേഴ്സ് പറഞ്ഞു.

പരിപാടിയിൽ പങ്കെടുക്കാൻ വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് കുടിയേറിയവരും ഇംഗ്ലീഷ് വംശജരുടെ ഒപ്പം കത്തീഡ്രലിൽ എത്തിച്ചേർന്നിരുന്നു. ബ്രിട്ടീഷ് പാരമ്പര്യത്തിലും വാസ്തുവിദ്യയിലും സമ്പന്നമായ മാഞ്ചസ്റ്റർ കത്തീഡ്രൽ ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് പകർന്നു നൽകിയത് അനിർവചനീയമായ അനുഭൂതിയായിരുന്നു. ഇഫ്താർ വിരുന്നിന് അതിഥികൾക്കിരിക്കാൻ പള്ളിയിലെ പീഠങ്ങൾ നീക്കം ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ മലയാളി ഡോക്ടർ അന്തരിച്ചു. സ്റ്റഫോർഡ്ഷെയറിലെ ബർട്ടണിൽ കൊല്ലം സ്വദേശി ഡോ. ചെറിയാൻ ആലിൻതെക്കേതിൽ ഗീവർഗീസ് (54) ആണ് അന്തരിച്ചത്. ബർട്ടൺ ക്വീൻസ് ഹോസ്പിറ്റലിൽ കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റായിരുന്നു. ഏറെ നാളായി പലവിധ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ഡോക്ടർ, ഇന്നലെ വൈകിട്ടാണ് മരിച്ചത്.

ആതുരസേവന രംഗത്തും വ്യക്തി ജീവിതത്തിലും ഒരുപോലെ പ്രവർത്തിച്ച ഡോക്ടർ, യുകെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരാളായിരുന്നു. സ്വതസിദ്ധമായ നര്‍മ്മബോധവും എല്ലാവരോടുമുള്ള ദയയും അദ്ദേഹത്തെ ഒരിക്കല്‍ പരിചയപ്പെട്ടാന്‍ ആര്‍ക്കും മറക്കാനാവില്ല. ഡെർബി ആന്റ് ബർട്ടൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിൽ വർഷങ്ങൾക്കു മുൻപാണ് അദ്ദേഹം ഡോക്ടറായി എത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നു മെഡിക്കൽ വിദ്യാഭ്യാസം. 1987ലെ ആദ്യ ബാച്ചിൽ അംഗമായിരുന്ന ഡോ. ചെറിയാൻ പഠനകാലത്തും മികവ് പുലർത്തിയിരുന്നു. 1974 മുതൽ 1984 വരെ കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് ഹൈസ്‌കൂളിലാണു സ്‌കൂൾ വിദ്യാഭ്യാസം നടത്തിയത്. ഭാര്യ: എലിസബത്ത്. മക്കൾ: എസ്തർ, ഗ്രേസ്, സൂസന്ന.

ഡോക്ടർ ചെറിയാന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്റ്റോക്ക് ഓൺ ട്രെൻഡ് : നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ കെയർ അസിസ്റ്റന്റ് ജോലിയിൽ നിന്ന് മാറി നേഴ്സായി ചുമതല ഏൽക്കാൻ ഒരുങ്ങുകയാണ് യുകെ മലയാളിയായ എബിൻ. നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിന്റെ (NMC) ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിലെ പുതിയ മാറ്റങ്ങൾ ഫെബ്രുവരി 8 മുതൽ പ്രാബല്യത്തിൽ വന്നതോടെയാണ് കെയർ അസിസ്റ്റന്റുകൾക്ക് നേഴ്സായി രജിസ്റ്റർ ചെയ്യാൻ സാധിച്ചത്. കോട്ടയം ജില്ലയിലെ പെരുവ സ്വദേശിയായ എബിൻ തോമസിനാണ് എൻ എം സിയിൽ നേഴ്സായി രജിസ്റ്റർ ചെയ്യാൻ അവസരം ലഭിച്ചത്. 2019ലാണ് എബിൻ യുകെയിൽ എത്തിയത്. ആദ്യം വോക്കിങിലായിരുന്ന എബിൻ ഇപ്പോൾ താമസിക്കുന്നത് സ്റ്റോക്ക് ഓൺ ട്രെൻഡിലാണ്. ഇംഗ്ലീഷ് ഭാഷാ പ്രവീണ്യം തെളിയിക്കുന്ന നിരവധി തവണ ഒ ഇ ടി പരീക്ഷ എഴുതിയെങ്കിലും നേരിയ വ്യത്യാസത്തിലായിരുന്നു പരാജയപ്പെട്ടതെന്ന് എബിൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

എൻ എം സിയുടെ പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരമാണ് എബിൻ എബിൻ രജിസ്റ്റർ ചെയ്തത്. ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ കത്തും ചേർത്താണ് അപേക്ഷ വച്ചത്. ഏകദേശം ഒന്നരമാസക്കാലം നീണ്ട വിവിധ നടപടി ക്രമങ്ങൾക്ക് ഒടുവിലാണ് പിൻ ലഭിച്ചത്’. ബാംഗ്ലൂരിൽ നേഴ്സിംഗ് പഠനം പൂർത്തീകരിച്ച എബിൻ, പൂനെ, സൗദി എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നതിനുശേഷമാണ് ഭാര്യയോടൊപ്പം യുകെയിൽ എത്തിയത്. എൻ എം സിയിൽ രജിസ്റ്റർ ചെയ്യാൻ ഇപ്പോൾ തന്നെ 1500 ലധികം മലയാളികൾ മാത്രം ഉണ്ട്. ഇതിനായി തന്നെ രണ്ട് വാട്സ് ആപ്പ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്.

ഏപ്രിൽ 17 നാണ് എബിൻ ജോലിയിൽ പ്രവേശിക്കുന്നത്. പത്തനംതിട്ട കൂടൽ സ്വദേശിനിയായ മോനിഷ മോനച്ചനാണ് എബിന്റെ ഭാര്യ. എസ് എം എ മലയാളി അസോസിയേഷന്റെ ജോയിൻ സെക്രട്ടറിയാണ് മോനിഷ. റയാനും സെറയുമാണ് മക്കൾ. സ്റ്റോക് ഓൺ ട്രെൻഡിൽ ഈ അടുത്ത് ആരംഭിച്ച സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയിലെ സജീവ അംഗങ്ങളാണ് എബിനും കുടുംബവും.

എൻ എം സി യിൽ രജിസ്റ്റർ ചെയ്യുന്നതിന് വായനക്കാർക്കുള്ള സംശയങ്ങൾക്ക് മറുപടി പറയാൻ സന്തോഷമേയുള്ളൂ എന്ന് എബിൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ എബിനെ ബന്ധപ്പെടാം.

എബിൻ തോമസിന്റെ ഫോൺ നമ്പർ : 7424 979357

RECENT POSTS
Copyright © . All rights reserved