ന്യൂസ് ഡെസ്ക്, മലയാളം യുകെ
റൊമാനിയൻ എൻഎച്ച്എസ് ഡോക്ടർ സ്വന്തം ലൈംഗിക സംതൃപ്തിക്കായി കുട്ടികളിൽ മെഡിക്കൽ നടപടിക്രമങ്ങൾ നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെ പുറത്താക്കി. റോയൽ കോൺവാൾ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ രോഗികളെ അനാവശ്യ പരിശോധനയ്ക്ക് ഇരയാക്കിയ ഡോ. യൂലിയു സ്റ്റാൻ അവരുടെ മലാശയത്തിൽ മരുന്നുകൾ കയറ്റുകയായിരുന്നു. ഇവരിൽ പലരിലും നടപടി ക്രമങ്ങൾ നടത്തുന്നതിന് മുൻപായി അനുവാദം വാങ്ങിച്ചിരുന്നില്ല.
ചില രോഗികളുടെ മലാശയത്തിൽ എട്ടു തവണ വരെ മരുന്നുകൾ ഉപയോഗിച്ചതായി കണ്ടെത്തി. അഞ്ച് വർഷത്തിനിടെ ഇരുപത്തിയൊന്ന് രോഗികളെ ഇത്തരത്തിൽ ദുരുപയോഗം ചെയ്‌തതായി ട്രൈബ്യുണൽ കണ്ടെത്തി. ഡോക്ടറുടെ അപമര്യാദയോടെയുള്ള പെരുമാറ്റത്തെ തുടർന്ന് ആൻറിബയോട്ടിക്കുകൾ സ്വീകരിക്കുന്നതിന് മുമ്പ് തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ ഒരു രോഗി ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
തൻ്റെ ലൈംഗിക സംതൃപ്തിക്ക് വേണ്ടി അനാവശ്യവും ആക്രമണാത്മകവും ആയ നടപടിക്രമകൾക്ക് പ്രതി രോഗികളെ വിധേയമാക്കിയതായി കണ്ടെത്തി. പല രോഗികളെയും ഒന്നിലധികം തവണ ഇയാൾ ഉപദ്രവിച്ചതായി സമ്മതിച്ചു. 2007-ൽ റൊമാനിയയിൽ ബിരുദം നേടിയ ഡോ. സ്റ്റാൻ, മസ്കുലോസ്കെലെറ്റൽ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വൈദ്യശാസ്‌ത്ര ശാഖയായ ട്രോമ, ഓർത്തോപീഡിക്‌സ് മേഖലയിൽ വൈദഗ്ധ്യം നേടുന്നതിന് മുമ്പ് യുകെയിൽ ജോലി ചെയ്‌തിരുന്നു. 2015 ലാണ് അദ്ദേഹം തൻ്റെ ഏറ്റവും ഒടുവിലെ എൻഎച്ച്എസ് പോസ്റ്റ് ആരംഭിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രെസ്റ്റൺ മലയാളി ഡോ.എ.ജെ.ജേക്കബ് (64) നിര്യാതനായി. പ്രെസ്റ്റൺ കത്തീഡ്രൽ ഇടവകാംഗമാണ് ഡോ.എ.ജെ.ജേക്കബ്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ഡോ.എ.ജെ.ജേക്കബിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മിസൈൽ പരീക്ഷണങ്ങളിൽ ബ്രിട്ടന് കനത്ത തിരിച്ചടി. മിസൈൽ പരീക്ഷണം തുടർച്ചയായ രണ്ടാം വട്ടവും പരാജയപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതിനു മുമ്പ് 2016 ലെ പരീക്ഷണവും പരാജയമടഞ്ഞിരുന്നു. ഏകദേശം 17 മില്യൺ പൗണ്ടാണ് ഒരു മിസൈൽ നിർമ്മാണത്തിന്റെ ചിലവ്.
2012 -ലാണ് ഈ ഇനത്തിൽപ്പെട്ട മിസൈലിൻ്റെ വിജയകരമായ പരീക്ഷണം യുകെ അവസാനമായി നടത്തിയത്. പ്രധാനമായും ആണവായുധങ്ങൾ വഹിക്കാനായി രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ള മിസൈലാണ് ട്രൈസന്റ്’ അതുകൊണ്ട് തന്നെ പരീക്ഷണം പരാജയമായത് യുകെയുടെ പ്രതിരോധ സംവിധാനത്തെ സംബന്ധിച്ച് വളരെ നിർണായകമാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
മിസൈലിന്റെ ബൂസ്റ്റർ റോക്കറ്റുകൾ തകരാറിലാവുകയും വിക്ഷേപണ സ്ഥലത്തിന് സമീപമുള്ള കടലിൽ പതിക്കുകയും ചെയ്തതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ട്രൈസന്റ് മിസൈൽ പരീക്ഷണത്തിലെ പരാജയം യു കെയ്ക്ക് ഒപ്പം യുഎസിനും നാണക്കേട് ഉണ്ടാക്കുന്ന സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ട്രൈസന്റ് അന്തർവാഹിനികളിലും മിസൈലുകളിലും തനിക്ക് തികച്ചും ആത്മവിശ്വാസമുണ്ടെന്ന് പ്രതിരോധ സെക്രട്ടറി ഗ്രാൻറ് ഷാപ്സ് പറഞ്ഞു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു. 2024ലെ ഹെൻലി പാസ്പോർട്ട് സൂചിക അനുസരിച്ചുള്ള പട്ടിക പുറത്തു വന്നപ്പോൾ യുകെ 6-ാം സ്ഥാനത്തു നിന്നും 3 -ാം സ്ഥാനത്തേയ്ക്ക് എത്തി നില മെച്ചപ്പെടുത്തി. എന്നാൽ ഇന്ത്യൻ പാസ്പോർട്ടിന്റെ സ്ഥാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുറകിലേയ്ക്ക് പോയി.
കഴിഞ്ഞവർഷം 84-ാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യയുടെ സ്ഥാനം 85 -ലേക്ക് താഴ്ന്നു. എത്ര വിദേശ രാജ്യങ്ങളിലേയ്ക്ക് വിസയില്ലാതെ സഞ്ചരിക്കാം എന്നതിൻറെ അടിസ്ഥാനത്തിലാണ് ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക തയ്യാറാക്കുന്നത്. പട്ടികയിൽ ഫ്രാൻസ് ആണ് ഒന്നാമതുള്ളത്. ഫ്രാൻസിന് പുറമെ ഇപ്പോൾ സിംഗപ്പൂർ, ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിവയും ഒന്നാം സ്ഥാനം പങ്കിടുന്നുണ്ട്.
അമേരിക്കയും കാനഡയും ആണ് 6-ാം സ്ഥാനം പങ്കിടുന്നത് . ബ്രിട്ടീഷ് പൗരന്മാർക്ക് കഴിഞ്ഞവർഷം 187 രാജ്യങ്ങളിലേയ്ക്ക് ആയിരുന്നു വിസയില്ലാതെ യാത്ര ചെയ്യാൻ സാധിച്ചിരുന്നത്. എന്നാൽ ഈ വർഷം 192 രാജ്യങ്ങളിലേയ്ക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകും. യുകെ യ്ക്ക് പുറമെ ലക്സംബര്‍ഗ്, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ എന്നിവരും മൂന്നാം സ്ഥാനം പങ്കിടുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒട്ടേറെ യു കെ മലയാളികളാണ് ബെർമിംഗ്ഹാമിൽ താമസിക്കുന്നത്. ക്രൗൺ എലിസബത്ത് ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട എൻഎച്ച്എസ് ഹോസ്പിറ്റലുകൾ ഉള്ളത് ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് ഒട്ടേറെ തൊഴിൽ അവസരങ്ങൾ തുറന്നുകൊടുക്കുന്നു എന്നത് തന്നെയാണ് മലയാളികൾ യുകെയിലെ ബെർമിംഗ്ഹാമിൽ എത്താനുള്ള പ്രധാന കാരണം. ലണ്ടൻ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ നഗരം തുറന്നു കൊടുക്കുന്ന അവസരങ്ങളാണ് മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രധാനമായും ഈ നഗരത്തിലേക്ക് ആകർഷിച്ചിരുന്നത്.
എന്നാൽ ഇന്ന് ബർമിംഗ്ഹാം നഗരം വാർത്തയിൽ നിറഞ്ഞു നിൽക്കുന്നത് കടബാധ്യതയുടെ പേരിലാണ് . വികസന പ്രവർത്തനങ്ങൾക്ക് പണം ഇല്ലാതായിരിക്കുന്നു. പണം കണ്ടെത്താൻ ബാർമിംഗ്ഹാം സിറ്റി കൗൺസിൽ ടാക്സ് കുത്തനെ ഉയർത്തിയിരിക്കുകയാണ്. 21 ശതമാനമാണ് കൗൺസിൽ ടാക്സിൽ വരുത്തിയിരിക്കുന്ന വർദ്ധനവ്. മലയാളികൾ ഉൾപ്പെടെ നഗരപരിധിയിൽ താമസിക്കുന്ന ജനങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യതയാണ് ടാക്സ് ഉയർത്തിയതോടെ വന്നിരിക്കുന്നത്. ഉദാഹരണത്തിന് 300 പൗണ്ട് കൗൺസിൽ ടാക്സ് നൽകിയവർ ഇനിമുതൽ 363 പൗണ്ട് നൽകേണ്ടിവരും.
കൗൺസിൽ ടാക്സ് ഉയർത്തുക മാത്രമല്ല പല വികസന പ്രവർത്തനങ്ങളും പണം ഇല്ലാത്തതിന്റെ പേരിൽ മുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. വിളക്കുകൾ കത്തിക്കാതിരിക്കുന്നതിലൂടെ പ്രതിവർഷം ഒരു മില്യൺ പൗണ്ട് വരെയും ഹൈവകളുടെ അറ്റകുറ്റ പണികൾ വെട്ടികുറച്ചാൽ 12 മില്യൺ പൗണ്ട് വരെയും ലാഭിക്കാമെന്നുമാണ് നഗരസഭയുടെ കണക്കുകൂട്ടൽ. മുതിർന്നവരുടെ സാമൂഹിക പരിചരണം പോലുള്ള കാര്യങ്ങളും വെട്ടികുറയ്ക്കാനാണ് തീരുമാനം. ഇതിലൂടെ 23.7 മില്യൺ പൗണ്ട് ആണ് ലാഭിക്കാൻ ലക്ഷ്യമിടുന്നത്.
നികുതി വർദ്ധിപ്പിക്കുകയും ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങളിൽ വീഴ്ച വരുത്തുകയും ചെയ്യുന്ന കൗൺസിലിൻറെ നടപടിയിൽ വൻ ജനരോക്ഷമാണ് ഉയർന്നു വന്നിരിക്കുന്നത്. ബെർമിംഗ്ഹാം നഗരത്തെ ജനപ്രിയമാക്കിയിരുന്ന പല കാര്യങ്ങളും ഇല്ലാതായതോടെ ഇവിടേയ്ക്ക് മറ്റു സ്ഥലങ്ങളിൽ നിന്ന് വന്നു താമസിക്കുന്നവരുടെ ഒഴുക്ക് കുറയാനാണ് സാധ്യത.
ബെർമിംഗ്ഹാമിൽ തുടങ്ങിവച്ച പല ബിസിനസ് സംരംഭങ്ങളും വീണ്ടും നഷ്ടത്തിലേയ്ക്ക് കൂപ്പു കുത്താനുള്ള സാധ്യതയും മുന്നിലുണ്ട്. പ്രോപ്പർട്ടി മാർക്കറ്റിലുൾപ്പെടെ നിക്ഷേപം നടത്തിയ മലയാളികൾ ഉൾപ്പെടെയുള്ളവർ കടുത്ത നിരാശയിലാണ്.
ഏറെ നാളുകളായി ബെർമിംഗ്ഹാം കൗൺസിൽ ഭരിക്കുന്ന ലേബർ പാർട്ടിയെയാണ് ഈ ദുരവസ്ഥയ്ക്ക് മിക്കവരും കുറ്റപ്പെടുത്തുന്നത്. ഭരണകർത്താക്കളുടെ പിടിപ്പുകേടിന് ജനങ്ങൾ ബലിയാടാകേണ്ടതായി വരുന്ന അവസ്ഥയെന്നാണ് ഒട്ടുമിക്ക മലയാളികളും കൗൺസിൽ ടാക്സ് വർദ്ധിപ്പിച്ചതിനോട് പ്രതികരിച്ചത്. സിറ്റി കൗൺസിലിന്റെ മോശം പ്രകടനം വരുന്ന പൊതു തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന ഭയം ലേബർ പാർട്ടി നേതൃത്വത്തിനുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആൺകുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കകം 26 കാരിയായ അമ്മ മരണമടഞ്ഞത് കനത്ത വേദനയാണ് കുടുംബാംഗങ്ങൾക്ക് സമ്മാനിച്ചത്. 26-ാം പിറന്നാളിൻ്റെ അന്ന് രാത്രിയാണ് എമിലി ലോക്ക്‌ലിയെ റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. എന്നാൽ പ്രസവത്തിനു ശേഷം നാലു മണിക്കൂറിനകം എമിലി മരിച്ചെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നത് .
ഒരു സങ്കീർണ്ണതകളുമില്ലാത്ത പ്രസവമായിരുന്നു എമിലിയുടേത് . അതു മാത്രമല്ല കുഞ്ഞിനെ ഉദരത്തിൽ വഹിച്ചിരുന്നപ്പോഴും യാതൊരു ആരോഗ്യ പ്രശ്നങ്ങളും അവൾ നേരിട്ടിരുന്നില്ല. ഫെബ്രുവരി 6- ന് തികച്ചും ആരോഗ്യവാനായ കുഞ്ഞിനാണ് അവൾ ജന്മം നൽകിയത്. 27 വയസ്സുകാരനായ തൻറെ പങ്കാളി ടൈലർ കോളിൻസണിനെ കുഞ്ഞിനെ ഏൽപ്പിച്ച് അവൾ ജീവൻ വെടിഞ്ഞു. തൻറെ അമ്മ ട്രേസി വൂട്ടണും രണ്ടാനച്ഛൻ മാർക്ക് വൂട്ടണും ഒപ്പം സ്റ്റോക്ക് ഓൺ ട്രെൻഡിലായിരുന്നു എമിലിയും കുടുംബവും താമസിച്ചിരുന്നത്.
എമിലി ലോക്ക്‌ലിയുടെ പ്രസവാനന്തര മരണം ഹൃദയത്തിൻറെ തകരാർ മൂലമാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്. പൾമണറി അനൂറിസം എന്ന രോഗാവസ്ഥയാണ് എമിലിയുടെ ജീവനെടുത്തത്. അവളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. കുഞ്ഞിനെ പ്രസവിച്ച് 4 മണിക്കൂറിനകം അവൾ മരണമടഞ്ഞു. അസ്വാഭാവികമായി രക്തക്കുഴലുകൾ വികസിക്കുകയോ വീർക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് പൾമണറി അനൂറിസം എന്ന് അറിയപ്പെടുന്നത്.
എമിലി ലോക്ക്‌ലിയുടെ അകാലത്തിലുള്ള പ്രത്യേകിച്ച് ഒരു കുട്ടിക്ക് ജന്മം നൽകി 4 മണിക്കൂറിനിടെയുള്ള മരണം അവളുടെ ബന്ധുക്കളെ മാത്രമല്ല ആയിരക്കണക്കിന് വരുന്ന സമൂഹമാധ്യമ സുഹൃത്തുക്കൾക്കും തീരാ വേദനയാണ് സമ്മാനിച്ചത്. അമ്മയാകാൻ പോകുന്നതിൻ്റെയും കുഞ്ഞിനെ വളർത്തുന്നതിന്റെയും ഒട്ടേറെ സുന്ദരസ്വപ്നങ്ങൾ അവൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ പ്രമുഖ നാല് മോട്ടോർവേകളിൽ സ്പീഡ് ലിമിറ്റുകൾ പുതുക്കിയ വാർത്ത പലരും ഇതുവരെ അറിഞ്ഞിട്ടില്ല. മണിക്കൂറിൽ 60 മൈൽ എന്ന രീതിയിലേക്കാണ് ഇപ്പോൾ സ്പീഡ് ലിമിറ്റ് ചെയ്തിരിക്കുന്നത്. ബ്രിട്ടനിലെ റോഡുകൾ സുരക്ഷിതമാക്കുവാനും, അപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പരീക്ഷണത്തിന്റെ ഭാഗമാണ് ഈ പുതിയ മാറ്റങ്ങൾ. ഇതോടൊപ്പം തന്നെ ഷെഫീൽഡിനും റോതർഹാമിനും സമീപം ജംഗ്ഷൻ 33 നും 34 നും ഇടയിൽ M1 ൻ്റെ വടക്കുഭാഗത്തായി ഒരു ക്യാമറ പുതിയതായി സ്ഥാപിച്ചിട്ടുമുണ്ട്. ഇതിൽ നിന്നും മാത്രം പ്രതിദിനം 8000 പൗണ്ടാണ് ഫൈനായി സർക്കാരിന് ലഭിച്ചത്.
സൗത്ത് യോർക്ക്ഷെയർ പോലീസിന്റെ കണക്കുകൾ പ്രകാരം, M1 ന്റെ 2.6 മൈൽ വരുന്ന ചെറിയ ഭാഗത്ത് മാത്രം അമിതവേഗതയിൽ വാഹനം ഓടിച്ചതിന് 22,000-ത്തിലധികം ഡ്രൈവർമാർക്കാണ് പിഴലഭിച്ചതെന്ന് വ്യക്തമാക്കുന്നു. M1 ൽ മാത്രമല്ല, മറിച്ച് M5, M6, M602 എന്നിവിടങ്ങളിൽ എല്ലാം തന്നെ 60 മൈലായി കുറച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വേഗത കുറച്ചുള്ള ഡ്രൈവിംഗ് കൂടുതൽ മാലിന്യങ്ങൾ തള്ളുന്നത് ഒഴിവാക്കാൻ സാധിക്കുമെന്ന ചിന്തയും ഇതിന് പിന്നിലുണ്ട്.
തങ്ങൾ ശേഖരിച്ച വൻതോതിലുള്ള ഡേറ്റയുടെ വിശകലനം നടന്നുവരികയാണെന്നും അന്തിമ റിപ്പോർട്ട് ഉടൻതന്നെ പുറത്തിറക്കുമെന്നും നാഷണൽ ഹൈവേസ് ഡയറക്ടർ ഓഫ് എൻവയോൺമെൻ്റൽ സസ്റ്റൈനബിലിറ്റി സ്റ്റീഫൻ എൽഡർകിൻ പറഞ്ഞു. ഇത്തരം ഫൈനുകളിൽ നിന്ന് ലഭിക്കുന്ന തുക സർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിലേക്കാണ് പോകുന്നത്. റോഡിലൂടെ അമിതവേഗത്തിൽ വാഹനം ഓടിക്കുന്നത് അപകടങ്ങൾക്ക് ഇടയാകുമെന്നും, അതിനാൽ ഇത്തരം ഫൈനുകൾ അത്തരത്തിലുള്ള അപകടങ്ങൾ കുറയ്ക്കും എന്നും ഗവൺമെന്റ് വക്താവ് വ്യക്തമാക്കി. ഏകദേശം 900 മില്യൻ പൗണ്ടോളം റോഡുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിസ്റ്റാളിൽ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ 42 വയസ്സുകാരിയായ അമ്മയെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന വാർത്തകൾ പുറത്തുവന്നു . ഞായറാഴ്ച പുലർച്ചെ 12:40 -നാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തെ തുടർന്ന് ഒരു സ്ത്രീ അറസ്റ്റിലായതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ മരിച്ച കുട്ടികളും അറസ്റ്റിലായ സ്ത്രീയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. ഇപ്പോഴാണ് അറസ്റ്റിലായ സ്ത്രീ കുട്ടികളുടെ അമ്മ തന്നെയാണെന്ന വാർത്ത പോലീസ് പുറത്തു വിട്ടത്.
അറസ്റ്റിലായ കുട്ടികളുടെ അമ്മ സുഡാൻ വംശജയാണെന്നാണ് കരുതപ്പെടുന്നത്. 2 ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. ആൺകുട്ടികളിൽ ഒരാൾക്ക് 8 വയസ്സും മറ്റേയാൾക്ക് വെറും ആറുമാസവുമാണ് പ്രായം. 4 വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയാണ് കൊല്ലപ്പെട്ടവരിൽ മൂന്നാമത്തെയാൾ. കുടുംബ വഴക്കിനെ തുടർന്നാണ് ഇവർ ക്രൂരകൃത്യം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ . കുട്ടികളുടെ പിതാവ് സെക്യൂരിറ്റി ഗാർഡ് ആയി ആണ് ജോലി ചെയ്യുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല.
ഞായറാഴ്ച പുലർച്ചെ പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് ഒരു നാടിനെയാകെ ഞെട്ടിച്ച സംഭവങ്ങൾ പുറത്തറിഞ്ഞത്. പ്രാദേശിക സമൂഹത്തിലും ഇംഗ്ലണ്ടിലുമൊട്ടാകെ സംഭവം കടുത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. അവോൺ, സോമർസെറ്റ് പോലീസാണ് കൊലപാതകത്തിന്റെ തുടർ നടപടികൾ സ്വീകരിക്കുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ് എന്നാണ് കൊലപാതകത്തെ കുറിച്ച് ചീഫ് ഇൻസ്പെക്ടർ വിക്സ് ഹേവാർഡ് മെലർ പറഞ്ഞു . മേജർ ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമിലെ ഡിറ്റക്ടീവുകളാണ് കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം നടത്തുന്നത്. വരും ദിവസങ്ങളിൽ സംഭവം നടന്ന സ്ഥലത്ത് കൂടുതൽ പോലീസ് സാന്നിധ്യം ഉണ്ടാകുമെന്നും ഇത് ഇവിടുത്തെ താമസക്കാർക്ക് കൂടുതൽ സുരക്ഷിതത്വം നൽകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടികളുമായി അടുത്ത പ്രവർത്തിച്ചിരുന്നവർക്ക് എല്ലാവിധ പിന്തുണയും നൽകാൻ ശ്രമിക്കുമെന്ന് ബ്രിസ്റ്റാളിലെ മേയറായ മാർവിൻ റീസ് പറഞ്ഞു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയെ നടുക്കിയ ആസിഡ് ആക്രമണത്തിലെ പ്രതിയുടെതെന്ന് കരുതപ്പെടുന്ന മൃതദേഹം പോലീസ് തേംസ് നദിയിൽ നിന്ന് കണ്ടെടുത്തു. ജനുവരി 31 -നാണ് യുകെയെ നടുക്കി അബ്ദുൽ ഷോക്കൂർ എസെദിയെന്ന 35 വയസ്സുകാരനായ പ്രതി തൻറെ മുൻ പങ്കാളിയുടെയും രണ്ട് കുട്ടികളുടെയും മേൽ ആസിഡ് ആക്രമണം നടത്തിയത്. ലണ്ടനിലെ ചെൽസി പാലത്തിന് മുകളിൽ നിൽക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇയാളെക്കുറിച്ച് അവസാനമായി ലഭിച്ചത്.
ഇയാൾ തേംസ് നദിയിൽ ചാടി ജീവനൊടുക്കിയേക്കാമെന്ന് പോലീസ് ആദ്യം തന്നെ പറഞ്ഞിരുന്നെങ്കിലും മൃതദേഹം വീണ്ടെടുക്കാനാവാത്തത് കടുത്ത ദുരൂഹത ഉളവാക്കിയിരുന്നു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു. കണ്ടെടുത്ത മൃതദേഹത്തിലെ വസ്ത്രങ്ങൾ എസെദിയുടേതാണെന്ന് കരുതുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് പോലീസ് അറിയിച്ചു, എന്നിരുന്നാലും ഔദ്യോഗികമായി മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഡി എൻ എ പരിശോധന അടക്കമുള്ള കൂടുതൽ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു.
ക്ലാഫാമിൽ ആക്രമിക്കപ്പെട്ട സ്ത്രീ ആശുപത്രിയിൽ തുടരുകയാണെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ ഇവരുടെ ഒരു കണ്ണിൻറെ കാഴ്ച പൂർണ്ണമായി നഷ്ടപ്പെട്ടു. പ്രതി അബ്ദുൾ ഷോക്കൂർ എസെദിയ്ക്ക് ആക്രമണത്തിന് ഇരയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു . ഈ ബന്ധത്തിൻറെ തകർച്ചയാകാം ഗുരുതരമായ ആക്രമണത്തിന് കാരണം. എത്ര നാളായി എസെദിയും ഇരയുമായി ബന്ധം നിലനിന്നിരുന്നുവെന്നോ എങ്ങനെയാണ് അത് തകർന്നതിനെ കുറിച്ചോ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല . 2016 -ലാണ് അഫ്ഗാനിസ്ഥാനിൽ നിന്നാണ് എസെദി ഒരു ലോറിയിൽ അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറിയത് എന്നാണ് റിപ്പോർട്ടുകൾ. 2018 -ൽ ഇയാളെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ മുസ്ലീമായിരുന്ന പ്രതി യുകെയിൽ നിന്ന് നാടു കടത്താതിരിക്കാനായിട്ട് ക്രിസ്തുമതം സ്വീകരിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നത് വൻ ചർച്ചയ്ക്കാണ് വഴി വച്ചിരിക്കുന്നത്. അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറുന്ന കുറ്റകൃത്യത്തിനും ഭീകര പ്രവർത്തനങ്ങളിലും മറ്റും ഏർപ്പെട്ടിരിക്കുന്നവരുമായ ഒട്ടേറെ പേർ ഈ രീതിയിൽ യുകെയിൽ സ്ഥിരതാമസത്തിനായി മാത്രം ക്രിസ്തുമതം സ്വീകരിച്ചിരിക്കാനുള്ള സാധ്യതയിലേയ്ക്കാണ് ലണ്ടനിലെ ആസിഡ് ആക്രമണ കേസിലെ പ്രതിയുടെ വാർത്ത വിരൽ ചൂണ്ടുന്നത്.
ഷിബു മാത്യൂ, ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രണയിക്കുന്നവരുടെ ദിനമായ ഫെബ്രുവരി പതിനാലിനോടനുബന്ധിച്ച് യൂറോപ്പിൻ്റെ സൗന്ദര്യമായ യോർക്ഷയറിലെ കീത്തിലിയിൽ അടുത്ത കാലത്ത് രൂപം കൊണ്ട പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ സംഘടിപ്പിച്ച പങ്കാളിയോടൊപ്പമുള്ള തീവ്ര പ്രണയത്തെ ആസ്പദമാക്കി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ അസ്സോസിയേഷൻ അംഗം കൂടിയായ ചെട്ടിക്കുളങ്ങരക്കാരൻ ഗിരീഷ് ദേവരാജനും പ്രിയപത്നി ആതിര മോഹനനും ഒന്നാമതെത്തി.
നാട്ടിലെ വീട്ടിൽ എതിർപ്പുകൾ ധാരാളം ഉണ്ടായിരുന്നെങ്കിലും ആറ് വർഷം കഠിനമായി പ്രണയിച്ച് ലക്‌ഷ്യം കണ്ട ഗിരീഷിൻ്റെ യുകെയിലെ പ്രണയമാണ് മത്സരത്തിൽ ഒന്നാമതെത്തിച്ചത്. പ്രണയത്തിന് അതിരുകളില്ലെന്ന് ആതിര പറയുന്നു. ഗിരീഷിനെ പറ്റിപ്പിടിച്ചു നിൽക്കുന്ന പ്രണയ ചിത്രം അതിന് വ്യക്തമായ ഉദാഹരണമാണ്.
വെലെൻ്റൻസ് ഡേയുമായി ‘പ്രതീക്ഷ’ സംഘടിപ്പിച്ച പ്രണയാത്ഭുത മത്സരത്തിന്
സോഷ്യൽ മീഡിയ ആയിരുന്നു പ്രധാന പ്ലാറ്റ്ഫോം. അസ്സോസിയേഷനിൽ അംഗത്വമുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. തീവ്രപ്രണയത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഏറ്റവും കൂടുതൽ ലൈക്ക് വാങ്ങുക. കൂടുതൽ ലൈക്ക് വാങ്ങുന്നയാൾ മത്സരത്തിൽ വിജയിയാകും. വളരെ ലളിതമായി തുടങ്ങിയ മത്സരത്തിൽ പതിനാറ് ചിത്രങ്ങളാണ് പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷനിൽ നിന്നും സോഷ്യൽ മീഡിയയിൽ എത്തിയത്. മത്സരങ്ങൾ പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു. ലൈക്കും ഷെയറുകളുമായി പ്രതീക്ഷയുടെ പ്രണയ ചിത്രങ്ങൾ ഭൂലോകമെങ്ങും കറങ്ങി. 1. 2 മില്യൻ ആൾക്കാർ പ്രതീക്ഷയുടെ ഫേസ്ബുക്ക് പേജിൽ കാഴ്ച്ചക്കാരായി. ഒടുവിൽ 1.6K ലൈക്കുമായി ഗിരീഷ് ദേവരാജൻ ആതിര മോഹനൻ പ്രണയ ജോഡികൾ മത്സരത്തിൽ ഒന്നാമതെത്തി. പ്രതീക്ഷയുടെ അടുത്തു വരുന്ന ഈസ്റ്റർ വിഷു ആഘോഷ വേളയിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ മത്സരവിജയിയ്ക്ക് സമ്മാനങ്ങൾ നൽകപ്പെടും.
പ്രസിഡൻ്റ് ജിൻ്റോ സേവ്യറിൻ്റെ നേതൃത്വത്തിൽ ഒരു വലിയ ടീം തന്നെയാണ് മുന്നൂറിൽപ്പരം അംഗബലമുള്ള പ്രതീക്ഷയെ 2024 ൽ നയിക്കുന്നത്. കലാ,കായിക, സാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച് യൂറോപ്പിലെ അസ്സോസിയേഷനുകളിൽ നിന്നും പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷനെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതീക്ഷയുടെ പ്രവർത്തനങ്ങൾ മുന്നേറുന്നത്.
പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷനെ നയിക്കുന്നവർ:-
പ്രസിഡൻ്റ് – ജിൻ്റോ സേവ്യർ
സെക്രട്ടറി – ചിന്ദു പ്രതാപൻ
വൈസ് പ്രസിഡൻ്റ് – ലിസ സെലിൻ
ജോയിൻ്റ് സെക്രട്ടറി – ബിനീഷ് ജോൺ
ട്രഷറർ – ജീവൻ സണ്ണി
കമ്മറ്റിയംഗങ്ങൾ :-
ദൃശ്യാ, ലിബിൻ, നീതു, അജീഷ്, ജോമിഷ്, സരിത, നീരജ, എഡ് വിൻ, റിച്ചി, നിമ്മി.