Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പതിനഞ്ച് ഗ്രൂപ്പുകാർക്ക് എൻ എച്ച് എസിൽ നിന്ന് സൗജന്യ ചികിത്സ തുടരും. സൗജന്യ കുറിപ്പടികൾക്കുള്ള പ്രായം 66 ആയി ഉയർത്താൻ സർക്കാർ കഴിഞ്ഞ വർഷം കൂടിയാലോചന നടത്തിയിരുന്നു. 2021 ജൂലൈയിൽ, സംസ്ഥാന പെൻഷൻ പ്രായത്തിന് അനുസൃതമായി, സൗജന്യ കുറിപ്പടിയുടെ കുറഞ്ഞ പ്രായം 60 ൽ നിന്ന് 66 ആയി ഉയർത്താൻ സർക്കാർ ഒരു കൺസൾട്ടേഷൻ ആരംഭിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കൺസൾട്ടേഷൻ അവസാനിച്ചു. എന്നാൽ മാറ്റങ്ങൾ ഒന്നും കൊണ്ടുവന്നിട്ടില്ല. പ്രായത്തിന്റെ അടിസ്ഥാനത്തിൽ നിരവധി ആളുകൾക്ക് ഡോക്ടറിൽ നിന്ന് സൗജന്യ സേവനം ലഭ്യമാകും. പണം ചിലവാക്കാതെ ആരോഗ്യ സേവനങ്ങൾ ഇതിലൂടെ കിട്ടും.

തീരുമാനത്തെ അപലപിച്ചു ചാരിറ്റി ഏജ് യുകെ രംഗത്ത് വന്നു. പണം ഒഴിവാക്കിയുള്ള ചികിത്സ അവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഈ തീരുമാനം പരാജയത്തിലേക്കുള്ള പടിയാണെന്നും അവർ പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബറിനുശേഷം ഈ നിർദ്ദേശത്തിൽ ഒരു പുതിയ തീരുമാനവും വന്നിട്ടില്ല. എന്നിരുന്നാലും കൂടുതൽ ചെലവുചുരുക്കൽ വരാൻ സാധ്യതയുണ്ടെന്ന് ചാൻസലർ ജെറമി ഹണ്ട് സൂചിപ്പിച്ചു. അതായത് ഏതൊക്കെ സേവനങ്ങൾ വെട്ടിക്കുറയ്ക്കാമെന്ന് സർക്കാർ വീണ്ടും ചർച്ച നടത്തുകയാണെന്ന് ചുരുക്കം.

സൗജന്യ ചികിത്സ ലഭിക്കാനുള്ള മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ടവ.

* 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ

* 16 വയസ്സിന് താഴെയുള്ളവർ

* ഗർഭിണികളോ അല്ലെങ്കിൽ മെറ്റേണിറ്റി എക്‌സെംപ്ഷൻ സർട്ടിഫിക്കറ്റ് (MatEx) കൈവശം ഉള്ളവർക്കോ

*സാധുവായ ഒരു മെഡിക്കൽ എക്‌സെംപ്‌ഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക്

*ഒരു എൻ എച്ച് എസ് ഇൻപേഷ്യന്റ് ആണെങ്കിൽ

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടനിൽ കാലാവസ്ഥയെ ചുറ്റുപറ്റിയുള്ള പ്രതിഷേധം തുടരുകയാണ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടക്കുന്ന സമരത്തിന്റെ സ്വഭാവം ദിനംതോറും മാറിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധത്തിനിടയിൽ ഉണ്ടായ വാഹന അപകടത്തിൽ തലനാരിഴയ്ക്കാണ് പോലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത്.

ബുധനാഴ്ച റോളിംഗ് റോഡ് ബ്ലോക്കിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എസ്സെക്സ് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. മോട്ടോർ സൈക്കിളിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. 20 വർഷത്തെ അനുഭവപരിചയമുള്ള ഉദ്യോഗസ്ഥൻ ഇപ്പോഴും പരിക്കിൽ നിന്ന് പൂർണമായും മുക്തനായിട്ടില്ല. ജസ്റ്റ് സ്റ്റോപ്പ് ഓയിൽ ഗ്രൂപ്പ് മൂന്നാം ദിവസവും പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.

പരിക്കേറ്റ ഉദ്യോഗസ്ഥൻ എസെക്‌സ് റോഡ്‌സ് പോലീസിംഗ് യൂണിറ്റിലെ അംഗമാണ്. ഇദ്ദേഹം സേനയുടെ ഏറ്റവും പുതിയ മോട്ടോർ സൈക്കിളും സംരക്ഷിത വസ്ത്രങ്ങളും സജ്ജീകരിച്ചിരുന്നു, അതിൽ ബിൽറ്റ്-ഇൻ എയർബാഗുകൾ ഉണ്ടായിരുന്നെന്നും ആളുകൾ അഭിപ്രായപ്പെട്ടു. പ്രതിഷേധക്കാർ റോഡിൽ ബ്ലോക്ക്‌ സൃഷ്ടിക്കുന്നതായും, ഇത് വലിയ തിരക്കിലേക്ക് നയിക്കുന്നുവെന്നും പൊതുവെ വിമർശനമുണ്ട്. ഇതിനിടയിലാണ് അപകട വാർത്ത എന്നുള്ളത് കാര്യങ്ങൾ കൂടുതൽ ഗൗരവമുള്ളതാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം ഉയർന്ന പണപ്പെരുപ്പവും അനുബന്ധമായി വർദ്ധിച്ചുവരുന്ന ജീവിത ചിലവുകളുമാണ്. ദിനംപ്രതി വർദ്ധിച്ചുവരുന്ന ജീവിത ചിലവിനെ എങ്ങനെ നേരിടുമെന്നത് സാധാരണ ജനങ്ങളുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തന്റെ എല്ലാ ജീവനക്കാർക്കും 600 പൗണ്ട് വരെ ബോണസ് നൽകി മാതൃകയായിരിക്കുകയാണ് ചാൾസ് രാജാവ്. തൻറെ സ്വകാര്യ വരുമാനത്തിൽ നിന്നാണ് രാജാവ് ഇതിനായി പണം കണ്ടെത്തിയിരിക്കുന്നത്.

മുപ്പതിനായിരം പൗണ്ടിൽ താഴെ വരുമാനമുള്ള ജീവനക്കാർക്ക് 600 പൗണ്ട് ബോണസ് ലഭിക്കുമ്പോൾ കൂടുതൽ വരുമാനമുള്ള ജീവനക്കാർക്ക് അതിലും കുറവാണ് ലഭിക്കുക. ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ബോണസ് നൽകുന്നതിന് നല്ലൊരു തുക രാജാവ് കണ്ടെത്തേണ്ടതായി വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 30,000 പൗണ്ടിനും 40,000 പൗണ്ടിനും ഇടയിൽ ശമ്പളമുള്ളവർക്ക് 400 പൗണ്ട് ആണ് ലഭിക്കുന്നത് . 40,000 പൗണ്ടിനും 45,000 പൗണ്ടിനും ഇടയിൽ ശമ്പളമുള്ളവർക്ക് 350 പൗണ്ടും ലഭിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പണപ്പെരുപ്പവും ജീവിത ചെലവിലെ വർദ്ധനവും മൂലം കഷ്ടപ്പെടുന്ന ജീവനക്കാർക്ക് ഇത് ഒരു ഇടക്കാല ആശ്വാസമാകുമെന്നാണ് ഒരു ജീവനക്കാരൻ വെളിപ്പെടുത്തിയത് . 2020 – 21ലെ കണക്കുകൾ പ്രകാരം കൊട്ടാരത്തിൽ 491 മുഴുവൻ സമയ ജീവനക്കാരാണുള്ളത്.

ജീവിത ചിലവിനെ എങ്ങനെ നേരിടണമെന്ന ആശങ്കയിലാണ് യുകെയിലെ മലയാളികളും . യുകെയിലെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ ആവശ്യപ്പെട്ടുകൊണ്ട് നേഴ്സുമാർ സമര പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. അതിനു പിന്നാലെ 126 മേഖലകളിലെ ജീവനക്കാരെ ഉൾക്കൊള്ളുന്ന പബ്ലിക് കൊമേഴ്സ്യൽ സർവീസ് യൂണിയനും സമരത്തിന് നോട്ടീസ് നൽകി കഴിഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യു കെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മറ്റു രാജ്യങ്ങളെക്കാൾ യു കെ ഇത്രയും ബുദ്ധിമുട്ടുന്ന സാഹചര്യം വന്നതിനു പിന്നിൽ ധാരാളം കാരണങ്ങൾ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജിഡിപി വീണ്ടും 0.2% ഇടിവുണ്ടായപ്പോൾ നിലവിലെ അവസ്ഥയുടെ തീവ്രത വ്യക്തമായി.

പിന്നിലേക്ക് നോക്കുമ്പോൾ, യുകെ സമ്പദ്‌വ്യവസ്ഥ മൂന്ന് വർഷം മുമ്പ് പാൻഡെമിക്കിന് തൊട്ടുമുമ്പുള്ളതിനേക്കാൾ ചെറുതായി തുടരുന്നു എന്നത് ആശങ്കാജനകമാണ്. സെപ്റ്റംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ സാമ്പത്തികരംഗം ആകെ ചുരുങ്ങുകയും കോവിഡ് സമയത്ത് നഷ്ടപ്പെട്ടവ തിരികെ പിടിക്കാൻ കഴിയാത്തതുമാണ് നിലവിൽ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.

കോവിഡ് മുതൽ യൂറോപ്യൻ ഊർജ ഞെരുക്കം തുടങ്ങി വിവിധ പ്രശ്നങ്ങൾ ഈ കാലയളവിൽ പ്രതിസന്ധിയായി നിലകൊണ്ടു. ഇതിനെ എല്ലാം അതിജീവിച്ചു സാമ്പത്തിക രംഗത്തെ തിരികെ കൊണ്ടുവരിക എന്നുള്ളത് വെല്ലുവിളിയാണ്. ആഗോളതലത്തിൽ നിരവധി സമ്മർദ്ദങ്ങൾ വേറെയുമുണ്ട്. അടുത്ത ആഴ്ചയിലെ ശരത്കാല പ്രസ്താവനയിൽ പലിശനിരക്കുകൾ ഉയരുമ്പോൾ സാമ്പത്തിക സമ്മർദ്ദങ്ങൾ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ നിലവിൽ ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി, ഇനിമുതൽ ഇലക്ട്രിക് കാർ ഉടമകൾക്കും ടാക്സ് അടയ്ക്കണമെന്ന നിബന്ധന ഉടൻ നിലവിൽ വരും. വ്യാഴാഴ്ച നടത്തുന്ന പ്രസ്താവനയിൽ ചാൻസലർ ജെറെമി ഹണ്ട് ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം ദ്രുതഗതിയിൽ ആയതോടെ , റോഡ് നികുതിയിൽ ഉണ്ടായിരിക്കുന്ന 7 ബില്യൺ പൗണ്ടിന്റെ കുറവ് നികത്താനാണ് ഈ നീക്കം. എന്നാൽ ഈ തീരുമാനം കടുത്ത വിമർശനങ്ങൾക്ക് വിധേയമാകുമെന്ന മുന്നറിയിപ്പുകളും ഉയർന്നു കഴിഞ്ഞു.

നിലവിൽ ഇന്ധന വിലയിൽ ഉണ്ടായിരിക്കുന്ന ക്രമാതീതമായ വർദ്ധന ജനങ്ങളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് നയിക്കുമ്പോൾ, അതിൽ സർക്കാർ ഏർപ്പെടുത്തുന്ന ടാക്സ് കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിതെളിക്കും. എന്നാൽ പൊതു ധനകാര്യത്തിന്റെ ദയനീയാവസ്ഥ അടുത്ത ആഴ്ചത്തെ ബജറ്റിൽ കടുത്ത തീരുമാനങ്ങളുടെ ഒരു നീണ്ട നിര തന്നെ എടുക്കേണ്ടിവരുമെന്ന് മിസ്റ്റർ ഹണ്ട് ഇന്നലെ മുന്നറിയിപ്പ് നൽകി കഴിഞ്ഞിരുന്നു. രണ്ട് വർഷം നീണ്ട സാമ്പത്തിക മാന്ദ്യത്തിലേക്ക് ബ്രിട്ടൻ പ്രവേശിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

നിലവിൽ ബ്രിട്ടന്റെ പൊതു ധനകാര്യത്തിൽ ഉണ്ടായിരിക്കുന്ന വിടവ് ഏകദേശം 54 മില്യൺ പൗണ്ടാണെന്നാണ് ഏകദേശം കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ടാക്സുകൾ വർദ്ധിപ്പിക്കുന്നതും പൊതു ചെലവുകൾ കുറയ്ക്കുന്നതും കൂടുതൽ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ചില കൺസർവേറ്റീവ് എംപിമാർ ഭയപ്പെടുന്നുണ്ട്. യുകെയിലെ റോഡുകളിൽ ഏകദേശം 600,000 ഇലക്ട്രിക് വാഹനങ്ങൾ ഉണ്ടെന്നും, ഇപ്പോൾ വിൽക്കുന്ന ആറ് പുതിയ കാറുകളിൽ ഒന്ന് അവയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ടാക്സുകൾ ഏർപ്പെടുത്തിയില്ലെങ്കിൽ അത് സാമ്പത്തിക രംഗത്തെ കൂടുതൽ തകരാറിലാക്കും എന്ന വിലയിരുത്തലാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് സർക്കാരിനെ നയിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ രാജ്യത്ത് വർദ്ധിച്ചു വരികയാണ്. ഇതിന്റെ ഒരു കണക്ക് വെളിപ്പെടുത്തി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ദേശീയ ക്രൈം ഏജൻസി. ബ്രിട്ടനിൽ കുട്ടികൾക്കെതിരെ ഇത്തരത്തിൽ അക്രമം നടത്തുന്നവർ 85000ത്തിലധികം ആളുകൾ ഉണ്ടെന്നാണ് ഞെട്ടിക്കുന്ന വാർത്ത. ഇതിന്റെ ഭാഗമായി മാസം തോറും 800 ആളുകൾ അറസ്റ്റിലാകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ പിന്തിരിപ്പിക്കാൻ സമൂഹവും അധികാരികളും ശ്രദ്ധിക്കണമെന്നും ഈ കണക്കുകൾ പറയുന്നു.

കുട്ടികൾക്കെതിരെ ഇത്തരം ആക്രമണങ്ങൾ പ്രധാനമായും വരുന്നത് ഓൺലൈനിലൂടെയാണ്. ഇന്റർനെറ്റിൽ ഒളിച്ചിരിക്കുന്ന ക്രിമിനലുകൾ കുട്ടികളെ യഥാർത്ഥത്തിൽ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്. 12 വയസ്സുള്ള പെൺകുട്ടികളെ തന്റെ ലൈംഗിക അടിമകളാക്കാൻ ബ്ലാക്ക് മെയിൽ ചെയ്ത സൈബർ സുരക്ഷാ വിദഗ്‌ദ്ധന് 26 വർഷം തടവ് ശിക്ഷ ലഭിച്ച സാഹചര്യത്തിലാണ് എൻ സി എ ഡയറക്ടർ ക്രിസ് ഫാരിമോണ്ടിന്റെ ഞെട്ടിക്കുന്ന മുന്നറിയിപ്പ്. ഓൺലൈനിലൂടെ പരിചയപ്പെട്ട ശേഷം കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും കൈവശപ്പെടുത്തുകയും പിന്നീട് ഇതുപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യന്നതാണ് അവരുടെ ശൈലി.

ഇത്തരത്തിലുള്ള സംഘങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളെ ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഇവർ, കെണിയുണ്ടാക്കി വലയിൽ വീഴ്ത്തുകയാണ് ചെയ്യുന്നത്. മാതാപിതാക്കൾ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. ഇന്റർനെറ്റ്‌ എന്ന കടലിന്റെ പല ഇടങ്ങളും അജ്ഞാതമാണ്. അത് നീന്തികയറാനും ഇത്തരം ചതിക്കുഴികളെ കുറിച്ച് അവരെ ബോധവാന്മാരാക്കാനും ശ്രദ്ധിക്കണം

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അമ്മ ഏലിക്കുട്ടി മാത്യു (89 ) നിര്യാതയായി. പൂവരണി പൂവത്താനിക്കൽ കുടുംബാംഗമാണ്. ഭർത്താവ്  പരേതനായ മാത്യു മത്തായിയാണ് .

സംസ്കാര ശുശ്രൂഷകൾ നാളെ (13/11/2022,ഞായർ ) ഉച്ചകഴിഞ്ഞ് 2 : 30ന് ഉരുളിക്കുന്നത്തുള്ള സ്വഭവനത്തിൽ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ ആരംഭിച്ച് ഉരുളികുന്നം സെന്റ് ജോർജ് ദേവാലയത്തിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്.പരേത പൂവരണി പൂവത്താനിക്കൽ കുടുംബാംഗമാണ്.

സ്രാമ്പിക്കല്‍ പിതാവിന്‍റെ അമ്മയുടെ വിയോഗത്തില്‍ ലെസ്റ്റര്‍ ഇടവകയിലെ വിശ്വാസി സമൂഹത്തിന്‍റെ അനുശോചനങ്ങള്‍ ലെസ്റ്റര്‍ ഇടവക വികാരിയും ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫാ. ജോര്‍ജ്ജ് ചേലക്കല്‍ അറിയിച്ചു.

മറ്റു മക്കൾ : പരേതനായ അഡ്വ. മാത്യു, ജോൺസ് മാത്യു, ഷാജി മാത്യു ,ബിജു മാത്യു, ജിപ്സൺ മാത്യു ( സെൻറ് ജോസഫ് എൻജിനീയറിങ് കോളേജ് പാലാ) മരുമക്കൾ : ഫിലോമിന തൊടുകയിൽ (വലിയ കൊട്ടാരം), ആഗ്നസ് ഇടയാടിയിൽ (പൂഞ്ഞാർ), ബിജി പുരയിടത്തിൽ (കൊല്ലപ്പള്ളി ), ദീപ മടുക്കാവിൽ ( ഉരുളികുന്നം), പഴയിടം പാമ്പൂരിക്കൽ ജിഷ (അധ്യാപിക, സെന്റ് തോമസ് ഹൈസ്കൂൾ, പാലാ).

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സാമ്പത്തികരംഗത്തെ പ്രതിസന്ധി പഴയത് പോലെ തുടരുകയാണ്. മാറ്റങ്ങൾ കൊണ്ടുവരുമെന്നും, നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുമെന്നും പറഞ്ഞ് അധികാരത്തിൽ വന്ന പുതിയ ഗവണ്മെന്റ് വാഗ്ദാനം മറന്നുപോയോ എന്നും വിമർശനം ഉയരുന്നുണ്ട്. സമ്പദ് വ്യവസ്ഥ തിരിച്ചുവരുമെന്ന് ജെറമി ഹണ്ട് നടത്തിയ പരാമർശം ഏറെ ചർച്ചയായിരുന്നു.

എന്നാൽ അദ്ദേഹം ഇപ്പോൾ നിർണായക മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. മുൻപോട്ടുള്ളത് കഠിനമായ പാതയാണെന്നും ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ജിഡിപിയിൽ 0.2 ശതമാനം ഇടിവുണ്ടായത് നിലവിൽ സാമ്പത്തിക രംഗത്ത് വലിയ പ്രഹരമാണ് ഏൽപ്പിച്ചത്. ഇത് പരിമിതപെടുത്താൻ അടിയന്തിര ഇടപെടൽ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വളരെ വേഗത്തിൽ ഇത് പരിഹരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. കണക്കുകൾ ആശങ്കയ്ക്ക് കാരണം ആകുന്നുണ്ടെങ്കിലും വലിയൊരു മാന്ദ്യത്തിലേക്ക് പോകില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ രണ്ടാം പാദത്തിൽ 0.2 ശതമാനം വളർച്ചയാണെന്ന് കാണിച്ചിരുന്നു. ആ സാഹചര്യത്തിൽ രാജ്യം ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് വീഴുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പുമായി രംഗത്ത് വന്നിരുന്നു. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കേണ്ടതിന്റെയും സർക്കാർ കടം കുറയ്ക്കുന്നതിന്റെയും ആവശ്യകതയാണ് ജിഡിപി കണക്കുകൾ ഉയർത്തിക്കാട്ടുന്നതെന്ന് ചാൻസിലർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നേഴ്സുമാർക്ക് പിന്നാലെ പബ്ലിക് ആൻഡ് കൊമേഴ്സ്യൽ സർവീസ് യൂണിയനും സമരം പ്രഖ്യാപിച്ചത് ഭരണനേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. പിസിഎസിലെ ഒരു ലക്ഷത്തോളം അംഗങ്ങളാണ് സമരത്തിന് അനുകൂലമായി വോട്ട് ചെയ്തിരിക്കുന്നത്. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായിട്ടുള്ള മെച്ചപ്പെട്ട ശമ്പള വർദ്ധനവിന് വേണ്ടിയാണ് സമരപ്രഖ്യാപനമെന്ന് പബ്ലിക് ആൻഡ് കൊമേഴ്സ് സർവീസ് യൂണിയൻ അറിയിച്ചു.

പി സി എസിയുടെ സമരപ്രഖ്യാപനം രാജ്യത്തെ ഒട്ടുമിക്ക ഓഫീസുകളുടെയും പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ മുതൽ ഡ്രൈവിംഗ് ടെസ്റ്റ് എക്സാമിനർ വരെയുള്ള 126 വിവിധ മേഖലകളിലെ ജീവനക്കാരാണ് പബ്ലിക് ആൻഡ് കൊമേഴ്സ്യൽ സർവീസ് യൂണിയനിൽ അംഗങ്ങളായിട്ടുള്ളത്. 10 ശതമാനം ശമ്പള വർദ്ധനവാണ് യൂണിയൻറെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. ഇത് കൂടാതെ മെച്ചപ്പെട്ട പെൻഷനും തൊഴിൽ സുരക്ഷയുമാണ് യൂണിയൻ മുന്നോട്ട് വയ്ക്കുന്ന മറ്റ് ആവശ്യങ്ങൾ .

അടുത്ത രണ്ട് വർഷത്തേയ്ക്ക് രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്തുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പണപ്പെരുപ്പവും ജീവിത ചിലവിലെ വർദ്ധനവും രാജ്യമൊട്ടാകെയുള്ള ജനങ്ങളെ വീർപ്പുമുട്ടിക്കുകയാണ്. രാജ്യം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത സമര പ്രഖ്യാപനങ്ങൾ ഋഷി സുനക് സർക്കാരിന് ഒരു വെല്ലുവിളി തന്നെയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പ്രമേഹരോഗം പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. പ്രമേഹരോഗികളിൽ വിരൽ വികസിക്കാനുള്ള സാധ്യത കൂടുതലാണെന്നുള്ള ഏറ്റവും പുതിയ പഠനം ഇപ്പോൾ ചർച്ചയാവുകയാണ്. സ്വീഡനിലെ ലണ്ട് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ട്രിഗർ ഫിംഗർ എന്നത് കൈയുടെ ഒന്നോ അതിലധികമോ ടെൻഡോണുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ്, ഇത് ബാധിച്ച വിരലോ തള്ളവിരലോ വളയ്ക്കുന്നതിന് ബുദ്ധിമുട്ടാണ്.

ട്രിഗർ വിരൽ ഉള്ള ആളുകൾക്ക് സാധാരണയായി കോർട്ടിസോൺ കുത്തിവെപ്പ് ഉപയോഗിച്ച് ഈ അവസ്ഥയെ ചികിത്സിക്കാൻ കഴിയും, എന്നാൽ ചില സന്ദർഭങ്ങളിൽ, ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ഇത്തരം സാഹചര്യങ്ങളിൽ അത് തന്നെയാണ് മുഖ്യപരിഹാരമെന്നും പഠനം പറയുന്നുണ്ട്. എന്നാൽ വിഷയത്തിൽ വിദഗ്ധർ പലരീതിയിലാണ് അഭിപ്രായപ്പെടുന്നത്. മുതിർന്ന എഴുത്തുകാരനായ മത്തിയാസ് റൈഡ്‌ബെർഗിന്റെ വാക്കുകൾ, ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾക്ക് ട്രിഗർ വിരലുകൾ കൂടുതലായി ബാധിക്കുന്നുവെന്നും, ശസ്ത്രക്രിയ ആവശ്യമായി വരുന്നവരിൽ 20 ശതമാനത്തിലധികം പേരും പ്രമേഹമുള്ളവരാണെന്നും പറയുന്നു.

ഗവേഷണത്തിൽ ആളുകൾ ഔദ്യോകിക കണക്കുകളെയും കേന്ദ്രങ്ങളെയും ഉപയോഗിച്ചാണ് പഠനം നടത്തിയത്. ആരോഗ്യസംവിധാനത്തിന്റെ കേന്ദ്രങ്ങൾ അവർ ഇതിനായി ഉപയോഗപ്പെടുത്തി. കണക്കുകൾ അനുസരിച്ച് സ്വീഡിഷ് ജനസംഖ്യയുടെ ഒരു ശതമാനത്തോളം പേരിൽ ട്രിഗർ വിരൽ ബാധിക്കുന്നുണ്ടെന്നും, പ്രമേഹമുള്ളവരിൽ 10 മുതൽ 15 ശതമാനം വരെ ഈ അവസ്ഥ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

RECENT POSTS
Copyright © . All rights reserved