Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പൊതു തിരഞ്ഞെടുപ്പ് സംബന്ധിച്ച വാതുവെപ്പ് കേസിൽ പ്രധാനമന്ത്രി ഋഷി സുനകിൻ്റെ പ്രൊട്ടക്ഷൻ ഓഫീസർ അറസ്റ്റിലായി . തുടർന്ന് ഇയാളെ അദ്ദേഹത്തിൻറെ ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്തതായുള്ള വിവരങ്ങൾ പുറത്തുവന്നു. ജൂലൈ 4 ന് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന സംഭവങ്ങൾ പ്രധാനമന്ത്രി ഋഷി സുനകിനും കൺസർവേറ്റീവ് പാർട്ടിക്കും വൻ തിരിച്ചടിയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


മന്ത്രിമാരായ വിഐപികൾക്കും രാജകുടുംബത്തിലെ അംഗങ്ങൾക്കും വ്യക്തിപരമായ അടുത്ത സംരക്ഷണം നൽകുന്ന മെറ്റ്‌സ് റോയൽറ്റി ആൻഡ് സ്‌പെഷ്യലിസ്റ്റ് പ്രൊട്ടക്ഷൻ (RaSP) കമാൻഡിലെ അംഗമാണ് ഈ ഉദ്യോഗസ്ഥൻ. നേരത്തെ സുനകിൻ്റെ ക്ലോസ് പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ പെട്ട പോലീസ് കോൺസ്റ്റബിളിന്റെ പ്രവർത്തനത്തെ കുറിച്ച് അന്വേഷിക്കുന്നതായി ഗാംബ്ലിംഗ് കമ്മീഷൻ ജൂൺ 14 വെള്ളിയാഴ്ചയാണ് മെറ്റ് പോലീസിനെ അറിയിച്ചത്. ഇതിനെ തുടർന്ന് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ പ്രവർത്തന ചുമതലയിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു.


തുടർച്ചയായി പുറത്തുവരുന്ന സർവേ റിപ്പോർട്ടുകളിൽ ലേബർ പാർട്ടി വൻ മുന്നേറ്റം നടത്തുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഋഷി സുനകിനും കൺസർവേറ്റീവ് പാർട്ടിക്കും വൻ തിരിച്ചടി നൽകി വാതുവെപ്പ് വിവാദം പുറത്തുവന്നത്. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഞെട്ടിച്ചാണ് ജൂലൈ 4- ന് അപ്രതീക്ഷിതമായി പ്രധാനമന്ത്രി ഋഷി സുനക് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവർ ഈ വിവരങ്ങൾ ചൂതാട്ടത്തിനായി ഉപയോഗിച്ചിരിക്കാമെന്ന ഗുരുതരമായ ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കവൻട്രിയിൽ 7 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു . കുട്ടിയുടെ വീട്ടിൽ തന്നെ വളർത്തുന്ന നായയുടെ ആക്രമണത്തിലാണ് ദുരന്തം സംഭവിച്ചത്. വളർത്തു നായയുടെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്ന് പോലീസ് അറിയിച്ചു.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം റിപ്പോർട്ട് ചെയ്തത് എന്ന് വെസ്റ്റ് മിഡ്‌ലാൻഡ് പോലീസ് അറിയിച്ചു. നായ അപകടകാരിയായ ഇനത്തിൽ പെട്ടതല്ലെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും ആക്രമിച്ച നായയുടെ ഇനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

വളർത്തു നായയുടെ ആക്രമണത്തിൽ 7 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മരണവാർത്ത കടുത്ത ഞടുക്കമാണ് ഉളവാക്കിയത്. കഴിഞ്ഞവർഷം അമേരിക്കൻ XL ബുള്ളി ഇനത്തിൽപ്പെട്ട നായയുടെ ആക്രമണങ്ങൾ യുകെയിൽ വൻ വാർത്തയായിരുന്നു. വാഴ്സാളിൽ ഒരാൾ ഈ ഇനത്തിൽ പെട്ട നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഈ വിഭാഗത്തിൽ പെട്ട നായകളെ നിരോധിക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മൂന്ന് വർഷത്തിൽ ആദ്യമായി യുകെയിലെ പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലെത്തി. നിലവിൽ പണപ്പെരുപ്പം 2 ശതമാനത്തിൽ ആണ് . ഇതിനു മുൻപ് പണപ്പെരുപ്പം 2.3 ശതമാനം ആയിരുന്നു. ജൂലൈ നാലിന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയും ഒരു പ്രധാന ചർച്ചാവിഷയമാണ്.

എല്ലാ പ്രധാന പാർട്ടികളും തങ്ങളുടെ പ്രകടന പത്രികയിൽ ജീവിത ചിലവ് കുറയ്ക്കുന്നതിന് വളരെ പ്രധാനം കൊടുത്തിട്ടുണ്ട്. പണപ്പെരുപ്പം കുറഞ്ഞത് നിലവിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയും പ്രത്യേകിച്ച് പ്രധാനമന്ത്രി ഋഷി സുനകിനും നേട്ടമാണ്. പണപ്പെരുപ്പത്തെ പിടിച്ചു കെട്ടുമെന്ന് പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോൾ ഋഷി സുനക് നൽകിയ പ്രധാന വാഗ്ദാനമായിരുന്നു.

ഭക്ഷ്യ വസ്തുക്കൾ, ഫർണിച്ചറുകൾ തുടങ്ങിയ സാധനങ്ങളിൽ ഉണ്ടായ ഇടിവാണ് വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനും പണപ്പെരുപ്പം കുറയുന്നതിനും കാരണമായത് . എന്നിരുന്നാലും പെട്രോൾ വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2022 ൻ്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോൾ ഭക്ഷണവിലയിൽ 25% കൂടുതലാണ്. നാളെ പലിശ നിരക്ക് സംബന്ധിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ അവലോകന യോഗം നടക്കാനിരിക്കെയാണ് പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾ പുറത്തു വന്നിരിക്കുന്നത്. തുടർച്ചയായ ഏഴാമത്തെ പ്രാവശ്യവും മാറ്റമില്ലാതെ തുടരുന്ന യുകെയിലെ പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറയ്ക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത് . നിലവിലെ പലിശ നിരക്ക് ആയ 5.25 ശതമാനം 16 വർഷത്തെ ഏറ്റവും കൂടിയ നിരക്കാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദിനംപ്രതി യുകെയിലെ കുട്ടികളുടെ ആരോഗ്യസ്‌ഥിതി മോശമാകുന്നതായി വിദഗ്ദ്ധർ. മോശം ഭക്ഷണക്രമം, ഭക്ഷ്യ അരക്ഷിതാവസ്ഥ, ദാരിദ്ര്യം എന്നിവ മൂലം യുകെയിലെ കുട്ടികളിൽ ഭൂരിഭാഗം പേരും ഉയരം കുറഞ്ഞവരും തടിച്ചവരും ആയി മാറുന്നതായി ഫുഡ് ഫൗണ്ടേഷൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇത് കുട്ടികളെ പല രോഗങ്ങൾക്കും അടിമയാക്കുകയും ചെയ്യുന്നു.

റിപ്പോർട്ടിൽ അഞ്ച് വയസ്സുള്ള കുട്ടികളുടെ ശരാശരി ഉയരം കുറയുന്നതായി പറയുന്നു. ഇതിന് പുറമെ കുട്ടികളിൽ പൊണ്ണത്തടിയുടെ അളവ് ഏകദേശം മൂന്നിലൊന്ന് വർദ്ധിച്ചു. യുവാക്കൾക്കിടയിൽ ടൈപ്പ് 2 പ്രമേഹ രോഗനിർണയം 20ശതമാനത്തിലധികം വർദ്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വിപണിയിലെ വിലകുറഞ്ഞ അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ ലഭ്യതയും പോഷകാഹാരങ്ങളുടെ കുറവ്, ഉയർന്ന ദാരിദ്ര്യം എന്നിവയാണ് റിപ്പോർട്ട് കുട്ടികളുടെ ആരോഗ്യം മോശമാകുന്നതിൻെറ കാരണങ്ങളായി പറയുന്നത്.

വേണ്ട ഇടപെടലുകൾ നടത്തിയില്ലെങ്കിൽ കുട്ടികളിൽ ഇത് ആജീവനാന്ത ആരോഗ്യപ്രശ്നങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, അകാല മരണം എന്നിവയ്ക്ക് വരെ കാരണമാകാം. സർക്കാരിൻെറ ഭാഗത്ത് നിന്ന് ഉടനെ ഒരു നീക്കം ഉണ്ടായില്ലെങ്കിൽ ഭാവിയിൽ യുകെയുടെ സമ്പദ് വ്യവസ്ഥയെ ഇത് കാര്യമായി ബാധിക്കുമെന്ന് അധികൃതർ പറയുന്നു. ആരോഗ്യകരമായ ഭക്ഷണം താങ്ങാനാവുന്ന വിലയുള്ളതാക്കുന്നതിനും ജങ്ക് ഫുഡ് ലഭ്യത കുറയ്ക്കുന്നതിനും ഉള്ള നടപടികൾ സർക്കാരിൻെറ ഭാഗത്ത് നിന്ന് അടിയന്തിരമായി വേണമെന്ന് മുൻ ഗവൺമെൻ്റ് ഫുഡ് സായായിരുന്ന ഹെൻറി ഡിംബിൾബി പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്പെയിനിലെ ടെനറൈഫിൽ ബ്രിട്ടീഷുകാരനെ കാണാതായി. 19 വയസ്സ് പ്രായമുള്ള ജെയ് സ്ലേറ്ററിനെ ആണ് തിങ്കളാഴ്ച മുതൽ കാണാതായിരിക്കുന്നത്. ലങ്ക ഷെറിൽ നിന്നുള്ള ജെയ് സ്പാനിഷ് ദ്വീപിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു.


ഷോർട്ട്സും വെള്ള ടീഷർട്ടും ആണ് ജെയ് ധരിച്ചിരുന്നത്. ഒരു കറുത്ത ബാഗും ഇയാളുടെ കൈയ്യിൽ ഉണ്ടായിരുന്നതായാണ് കരുതപ്പെടുന്നത് . സംഭവം അറിഞ്ഞതിനെ തുടർന്ന് ജെയിയുടെ അമ്മ യുകെയിൽ നിന്ന് ടെനറൈഫിലേയ്ക്ക് പോയിട്ടുണ്ട്. പോലീസ് ഊർജിതമായി അന്വേഷണം നടത്തുന്നുണ്ടെന്നും സംഭവത്തെ തുടർന്ന് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ നടപടികളിൽ താൻ തൃപ്തയാണെന്നും ജെയിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ പുറത്തുവന്ന ഏറ്റവും പുതിയ സർവേയിൽ ലേബർ പാർട്ടി 256 സീറ്റുകളുടെ ഭൂരിപക്ഷം നേടുമെന്നുള്ള പ്രവചനം പുറത്തുവന്നു. പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് നിലവിലെ ഭരണപക്ഷമായ ടോറികൾ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേയ്ക്ക് നീങ്ങുകയാണ് . സർ കെയർ സ്റ്റാർമർ നയിക്കുന്ന ലേബർ പാർട്ടിക്ക് 453 സീറ്റുകൾ ലഭിക്കുമെന്നാണ് സർവേയിലെ കണ്ടെത്തൽ. എന്നാൽ 115 സീറ്റുകൾ മാത്രമാണ് സർവേ ഫലം അനുസരിച്ച് കൺസർവേറ്റീവ് പാർട്ടിക്ക് കിട്ടുന്നത്.

സർവേ ഫലം അനുസരിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയമായിരിക്കും ലേബർ പാർട്ടിക്ക് ലഭിക്കുന്നത്. ഇത് യുദ്ധാനന്തരകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലെ ഏറ്റവും തിളക്കമാർന്ന വിജയമായിരിക്കും. അതേസമയം ടോറി എംപിമാരുടെ എണ്ണം ഏറ്റവും കുറഞ്ഞ പാർലമെൻറ് ആണ് നിലവിൽ വരാൻ പോകുന്നത് . അഭിപ്രായ സർവേകളിൽ സ്ഥിരമായി ലേബർ പാർട്ടി മുന്നിലാണെങ്കിലും അവരുടെ ഭൂരിപക്ഷത്തെ സംബന്ധിച്ച് ഏറ്റവും വ്യക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന സർവേ ഫലം നൽകിയിരിക്കുന്നത്.

ഗ്രാൻ്റ് ഷാപ്‌സ്, പെന്നി മോർഡൗണ്ട്, ഗില്ലിയൻ കീഗൻ, ജോണി മെർസർ, സർ ജേക്കബ് റീസ്-മോഗ് തുടങ്ങിയ മുതിർന്ന കൺസർവേറ്റീവ് നേതാക്കൾ പരാജയപ്പെടാനുള്ള സാധ്യതയിലേയ്ക്കാണ് സർവേ വിരൽ ചൂണ്ടുന്നത്. ലിബ് ഡെംസിന് 38 സീറ്റുകളും സ്കോട്ടിഷ് നാഷണൽ പാർട്ടിക്ക് 15 സീറ്റുകളും ഗ്രീൻ പാർട്ടിക്ക് മൂന്ന് സീറ്റുകളും റിഫോം യുകെയ്ക്ക് മൂന്ന് സീറ്റുകളും നേടാനാകുമെന്നും സർവേ പ്രവചിക്കുന്നു. കൂടുതൽ നികുതി ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ജനപിന്തുണ ഉറപ്പാക്കുന്നതിൽ ഋഷി സുനക് പരാജയപ്പെട്ടതായാണ് സർവേ ഫലം കാണിക്കുന്നത്. ഇന്ത്യയിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ പുറത്തുവന്ന ഫലങ്ങൾ അഭിപ്രായ സർവേകളെ പാടെ നിരാകരിക്കുന്നതായിരുന്നു . അതുകൊണ്ടുതന്നെ അന്തിമ ഫലപ്രഖ്യാപനം വരുമ്പോൾ മാത്രമെ ജനങ്ങൾ ആർക്കൊപ്പമെന്ന് അറിയാനാകും. ലേബർ പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷം കിട്ടുന്നതിന്റെ അപകട സാധ്യതയെ കുറിച്ച് അടുത്തിടെ വന്ന അഭിപ്രായങ്ങൾ വോട്ടർമാരെ സ്വാധീനിച്ചേക്കാമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നുണ്ട്.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പീറ്റർ ബറോയിൽ കുടുംബമായി താമസിച്ചിരുന്ന സുഭാഷ് മാത്യു (45) അന്തരിച്ചു. ഇന്നലെ വൈകിട്ട് ഏഴുമണിക്കായിരുന്നു അന്ത്യം. സുഭാഷ് ഭാര്യ മിന്നുവിനും മകനും ഒപ്പമാണ് പീറ്റർ ബറോയിൽ താമസിച്ചിരുന്നത്. സുഭാഷ് ഇവിടെ കമ്മ്യൂണിറ്റി നേഴ്സ് ആയി ജോലി ചെയ്ത് വരുകയായിരുന്നു. ഭാര്യ മിന്നു ഇവിടെ തന്നെ ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്യുകയാണ്. പീറ്റര്‍ബറോ മലയാളി കമ്മ്യൂണിറ്റിയില്‍ വളരെയധികം സജീവമായ വ്യക്തിയായിരുന്നു.

മരണം നടക്കുമ്പോൾ വീട്ടിൽ സുഭാഷും മകനും മാത്രമാണുണ്ടായിരുന്നത്. ഈ സമയമത്രയും അച്ഛൻ ഉറങ്ങുകയാണെന്നാണ് മകൻ കരുതിയത്. പിന്നീട് ഡ്യൂട്ടി കഴിഞ്ഞ് ഭാര്യ എത്തിയപ്പോഴാണ് സുഭാഷ് മരിച്ചത് പുറം ലോകമറിയുന്നത്. ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും മരണം സംഭവിച്ചിരുന്നു. മറ്റ് രോഗങ്ങൾ ഒന്നും തന്നെയില്ലാതിരുന്നതിനാൽ സുഭാഷിൻെറ ആകസ്‌മിക വേർപാടിൻെറ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

സുഭാഷ് മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തോർപ്പ് പാർക്കിൽ നിന്ന് കാണാതായ മൂന്നു കുട്ടികളെ സുരക്ഷിതരായി കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രി 7 മണിക്ക് ശേഷമാണ് സറേയിലെ തീം പാർക്ക് സന്ദർശിച്ച ശേഷം ഇവരെ കാണാതായത്. സംഭവം അറിഞ്ഞ ഉടനെ തന്നെ പോലീസ് ഇവർക്കായി അന്വേഷണം ആരംഭിച്ചിരുന്നു.


ഖാണ്ടി (14), അമേലിയ (9), മാലിക് (ഏഴ്) എന്നീ കുട്ടികളെയാണ് തീം പാർക്ക് സന്ദർശനത്തിനുശേഷം കാണാതായത്. ഇവർ ലണ്ടനിലേക്ക് യാത്ര ചെയ്തിരിക്കാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഇതനുസരിച്ചുള്ള തിരച്ചിൽ നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ലണ്ടനിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഒറ്റ രാത്രികൊണ്ട് ഇവരെ കാണാതായതും കുട്ടികളുടെ പ്രായവും കണക്കിലെടുക്കുമ്പോൾ സംഭവം കടുത്ത ആശങ്ക ഉളവാക്കിയെന്ന് നോർത്ത് സറേ ഡിറ്റക്റ്റീവ് സൂപ്രണ്ട് ട്രെവർ സ്‌ട്രൂതേഴ്‌സ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ മദ്യപിച്ച് വാഹനമോടിക്കുന്നതിൻ്റെ പരിധി മാറ്റാനുള്ള ആവശ്യം ശക്തം. റോഡ് മെഡിക്കൽ, റോഡ് സുരക്ഷാ ഓർഗനൈസേഷനുകളാണ് മദ്യപിച്ച് ഡ്രൈവിംഗ് പരിധി ഒരു ചെറിയ ഗ്ലാസ് വൈൻ അല്ലെങ്കിൽ ബിയറിന് തുല്യമായി കുറയ്ക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. നിലവിലെ നിയമം അനുസരിച്ചുള്ള പരിധി 100 മില്ലി രക്തത്തിന് 80 മില്ലിഗ്രാം ആൽക്കഹോൾ ആണ്. ഇതിൽ യൂറോപ്പിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. 1967-ലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.

അടുത്ത സർക്കാരിനോട് നിലവിലെ പരിധിയേക്കാൾ 100 മില്ലി രക്തത്തിന് 50 മില്ലിഗ്രാം ആൽക്കഹോൾ, അല്ലെങ്കിൽ 0.05% ആയി കുറയ്ക്കാൻ ആവശ്യപ്പെടുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) പറഞ്ഞു. 2021-ലും 2022-ലും മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങളും ഏറ്റവും ഉയർന്ന നിലയിലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ബിഎംഎ തങ്ങളുടെ പ്രസ്‌താവന പുറത്ത് വിട്ടത്.

മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും കഴിഞ്ഞ വർഷങ്ങളിൽ വർദ്ധിച്ച് വരുന്നതായി ചൂണ്ടിക്കാട്ടിയ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) റോഡിലെ മരണങ്ങളിൽ ഏകദേശം 20 ശതമാനവും മദ്യപാനം മൂലമാണെന്ന് പറയുന്നു. അയർലൻഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുമായി യോജിച്ച് നിയമപരമായ മദ്യത്തിൻ്റെ പരിധി സർക്കാർ കുറയ്ക്കേണ്ടതിൻ്റെ ആവശ്യകത ബിഎംഎയിൽ നിന്നുള്ള കാരി റെയ്ഡിംഗർ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് അതിൻറെ പ്രതാപം വീണ്ടെടുത്തു. വീണ്ടും യൂറോപ്പിലെ ഏറ്റവും വലിയ ഓഹരി വിപണിയായി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് മാറിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയുടെ ഓഹരി വിപണി രണ്ടു വർഷത്തിനിടെ ആദ്യമായാണ് യൂറോപ്പിലെ ഏറ്റവും മൂല്യമുള്ള വിപണിയായി കിരീടം തിരിച്ചുപിടിച്ചത്.

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം തിങ്കളാഴ്ച 3.18 ട്രില്യൺ ഡോളർ ആണ്. ബ്ലൂംബെർഗ് ഡാറ്റ പ്രകാരം പാരീസിൽ ലിസ്‌റ്റ് ചെയ്‌ത കമ്പനികളുടെ മൊത്തം മൂല്യം 3.13 ട്രില്യൺ ഡോളർ ആണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ മുന്നേറ്റത്തെ യുകെയുടെ സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരതയുടെയും വളർച്ചയുടെയും പ്രധാന നാഴികല്ലായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. രാജ്യത്തെ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ അനശ്ചിതത്വം മൂലം ഫ്രഞ്ച് വിപണി ഇടിഞ്ഞതാണ് ലണ്ടൻ വിപണിയുടെ മുന്നേറ്റത്തിന് സഹായകരമായത്.

2022 നവംബറിന് മുമ്പ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സ്റ്റോക്ക് മാർക്കറ്റ് ആയിരുന്നു. എന്നാൽ മുൻ പ്രധാനമന്ത്രി ലിസ് ട്ര സിന്റെ മിനി ബഡ്ജറ്റ്, പൗണ്ടിന്റെ നില ദുർബലമായത്, രാജ്യത്ത് മാന്ദ്യം ഉണ്ടാകുമെന്ന ഭയം, ബ്രെക്സിറ്റിന്റെ തുടർന്നുണ്ടായ പ്രശ്നങ്ങൾ എന്നീ കാരണങ്ങളാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മോശം പ്രകടനത്തിന് കാരണമായതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നത്. 2016 -ൽ പാരിസിനേക്കാൾ 1.4 ട്രില്യൺ ഡോളർ കൂടുതലായിരുന്നു ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വിപണിമൂല്യം. ഇപ്പോൾ ഫ്രാൻസിലെ രാഷ്ട്രീയ ആനശ്ചിതാവസ്ഥ അവിടുത്തെ വിപണിമൂല്യം ഇടിയുന്നതിന് കാരണമായിട്ടുണ്ട്. മറിച്ച് യു കെയിൽ മുഖ്യധാരാ പാർട്ടികളായ ലേബറും കൺസർവേറ്റീവ് പാർട്ടിയും നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്ന നയ സമീപനം സ്വീകരിക്കുമെന്ന് പ്രകടനപത്രിയിൽ വ്യക്തമാക്കിയത് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന് കരുത്തായതായാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്.

Copyright © . All rights reserved