Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : നീണ്ട കാത്തിരിപ്പിന് വിരാമം. ബ്രിട്ടനെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റാൻ യോഗ്യതയുള്ള ആൾ ആരാണെന്നു ഇന്നറിയാം. ബ്രിട്ടീഷ് സമയം ഉച്ചകഴിഞ്ഞു 12.30 ന് (ഇന്ത്യന്‍ സമയം വൈകിട്ട് 5 ന്) പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണെന്ന് പ്രഖ്യാപിക്കും. കടുത്ത മത്സരത്തിനു ശേഷം ആരാണ് പ്രധാനമന്ത്രി പദത്തിൽ എത്തുകയെന്നും കൺസെർവേറ്റീവ് പാർട്ടി നേതാവായി ആര് തിരഞ്ഞെടുക്കപ്പെടുമെന്നുമുള്ള ആകാംക്ഷയിലാണ് പ്രവർത്തകർ. ആദ്യ റൗണ്ടുകളിലെല്ലാം മൂന്നാം സ്ഥാനത്തെത്തി, പിന്നീട് പിന്തുണ ഉറപ്പാക്കി മുന്നേറിയ ലിസ് ട്രസിന് തന്നെയാണ് മുൻ‌തൂക്കം. എന്നാൽ പ്രതീക്ഷ കൈവിടാൻ ഋഷി സുനകും തയ്യാറായിട്ടില്ല.


ബോറിസ് ജോൺസൺ രാജിവച്ചതിന് ശേഷം പാർട്ടിയെയും രാജ്യത്തെയും നയിക്കാൻ ആവശ്യമായതെല്ലാം തങ്ങൾക്കുണ്ടെന്ന്, അംഗങ്ങളെ ബോധ്യപ്പെടുത്താൻ പ്രചാരണ സമയത്ത് കഴിഞ്ഞെന്ന് ഇരുവരും അവകാശപ്പെടുന്നു. ഇത് ഗുണം ചെയ്തെന്നാണ് അവർ വിലയിരുത്തുന്നത്. കൺസർവേറ്റീവ് നേതൃത്വ തിരഞ്ഞെടുപ്പിനുള്ള റിട്ടേണിംഗ് ഓഫീസർ ഗ്രഹാം ബ്രാഡി മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കും. ബോറിസ് ജോൺസൻ നാളെ സ്ഥാനമൊഴിയും.

എതിരാളിയായ ഋഷി സുനകിനെ പരാജയപ്പെടുത്തുമെന്നും, പ്രധാനമന്ത്രിയായി തിരഞ്ഞെടുത്താൽ നിലവിലെ ഊർജ പ്രതിസന്ധി പരിഹരിക്കുമെന്നും ലിസ് ട്രസ് അവകാശപ്പെടുന്നുണ്ട്. ഇന്ത്യൻ വംശജനായ ഋഷി സുനക് അധികാരത്തിലെത്തിയാൽ നിലവിലെ പ്രശ്ങ്ങൾക്കെല്ലാം പരിഹാരമാകുമെന്ന് വിശ്വസിക്കുന്നവരും ഏറെയുണ്ട്. ഉയർന്ന ജീവിത ചെലവ്, വിലക്കയറ്റം, ഊർജ പ്രതിസന്ധി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള ഒരാൾ പ്രധാനമന്ത്രി പദത്തിലെത്തണമെന്നാണ് ഭൂരിഭാഗം ജനതയുടെയും ആഗ്രഹം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബാൽമോറൽ എസ്റ്റേറ്റിലെ സ്കോട്ടിഷ് ഹോളിഡേ ഹൗസിൽ ചാൾസ് രാജകുമാരനൊപ്പം താമസിക്കാനുള്ള ക്ഷണം ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും നിരസിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. യു കെയിലേക്കുള്ള ഇരുവരുടെയും യാത്രയ്ക്ക് മുന്നോടിയായി വെയിൽസ് രാജകുമാരൻ ക്ഷണിച്ചിരുന്നു. തന്നോടൊപ്പം താമസിക്കുന്നത് സന്തോഷം പങ്കിടാനുള്ള നല്ല അവസരമാണെന്ന് ചാൾസ് കരുതിയിരുന്നതായുള്ള വാർത്ത ഏജൻസികൾ സ്ഥിരീകരിക്കുന്നുണ്ട്.

‘എന്നാൽ ക്ഷണം നിരസിക്കപ്പെട്ടു, മുമ്പത്തെപ്പോലെ, പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്നതായി തോന്നുന്നുണ്ടെങ്കിലും, മകനുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ ചാൾസ് പിന്നോട്ടില്ല’ എന്നും റിപ്പോർട്ടുകളിൽ പറയുന്നു.

73 കാരനായ ചാൾസ് ഞായറാഴ്ച രാവിലെ ബൽമോറലിലെ പള്ളിയിലേക്ക് പോയതിനു ശേഷമാണ് ക്ഷണം നിരസിച്ചതിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. അതേസമയം ഹാരിയുടെയും മേഗന്റെയും കുടുംബങ്ങളെ പരിഹസിക്കുന്നത് വേദനാജനകമാണെന്നും അവരുടെ പെരുമാറ്റത്തിൽ അദ്ദേഹം വിഷമിച്ചുവെന്നും ഇപ്പോൾ ആരോപണം ഉയർന്നുവരുന്നുണ്ട്. നിലവിൽ കാലിഫോർണിയയിൽ താമസിക്കുന്ന ഹാരിയും മേഗനും ചാരിറ്റി പരിപാടികൾക്കായാണ് ഈ ആഴ്ച യുകെയിലെത്തിയത്. തിങ്കളാഴ്ച ഇരുവരും മാഞ്ചസ്റ്ററിലേക്ക് പോകും. അവിടെ മേഗൻ ലിംഗസമത്വത്തെക്കുറിച്ച് പ്രസംഗിക്കുമെന്നുമാണ് ലഭിക്കുന്ന സൂചനകൾ.

ജീവിത ചെലവുകളിലുള്ള വർദ്ധനവ് കൂടുതൽ യുവാക്കളെ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിലെ മുൻ ഓഫീസർ പറഞ്ഞു. വർദ്ധിച്ചു വരുന്ന ജീവിത ചിലവുകളുടെ സാഹചര്യത്തിൽ യുവാക്കൾ ക്രിമിനൽ സംഘങ്ങളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് 34 വർഷമായി പോലീസ് ഓഫീസറായി സേവനമനുഷ്ഠിച്ച സർ പീറ്റർ ഫാഹി പറഞ്ഞു. പകർച്ചവ്യാധിയുടെ പേരിൽ വളരെയധികം യുവാക്കളാണ് സ്കൂൾ പഠനം ഉപേക്ഷിച്ചത്. ഇവർ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നും 2015-ൽ വിരമിച്ച സർ പീറ്റർ പറഞ്ഞു. അക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കാര്യത്തിൽ യുകെ അമേരിക്കയുടെ അതേ ദിശയിൽ തന്നെയാണ് പോകുന്നതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

അമേരിക്കയിൽ കൊലപാതകങ്ങളും ആക്രമങ്ങളും അവിശ്വസനീയമായ രീതിയിൽ വർദ്ധിച്ചു വരികയാണ്. ഇത്തരത്തിൽ ഒന്നും തന്നെ യുകെയിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും രാജ്യത്തിൻറെ ഗതി അങ്ങോട്ടേക്കാണെന്ന് നമുക്ക് കാണാം സാധിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളെ പരിഗണിക്കാതെയുള്ള തീരുമാനങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കുറ്റകൃത്യങ്ങളുടെ എണ്ണം കൂടുന്നതിന് ഇതൊരു കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ആൾട്രിഞ്ചാമിലെ ഒരു ബാറിന് പുറത്ത് ടൈസൺ ഫ്യൂറിയുടെ ബന്ധുവായ റിക്കോ ബർട്ടന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു സർ പീറ്റർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതുതായി രൂപപ്പെടുന്ന സർക്കാരിന് തൻെറ പൂർണ പിന്തുണ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് റിഷി സുനക്. ലോറ ക്യൂൻസ്ബെർഗുമായി ഞായറാഴ്ച നടന്ന അഭിമുഖത്തിൽ മുൻ ചാൻസിലർ അടുത്ത ആഴ്ച പ്രധാനമന്ത്രിയായില്ലെങ്കിൽ താൻ എംപി പദവി തുടരുമെന്നും പറഞ്ഞു. എന്നാൽ കൺസർവേറ്റീവ് പാർട്ടി നേതാവാകാൻ വീണ്ടും മത്സരിക്കുന്നതിനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല. ബോറിസ് ജോൺസൺ രാജിവെച്ചതിന് പിന്നാലെ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃത്വ സ്ഥാനത്തേക്കുള്ള മത്സരത്തിലെ വിജയിയെ തിങ്കളാഴ്ച പ്രഖ്യാപിക്കും. അടുത്ത ദിവസം തന്നെ ജോൺസൺ രാജ്ഞിക്ക് രാജികത്ത് സമർപ്പിക്കും. തുടക്കത്തിൽ ജനപിന്തുണയിൽ മുന്നിട്ട് നിന്നത് റിഷി സുനക് ആയിരുന്നെങ്കിലും ഇപ്പോൾ കൂടുതൽ പിന്തുണ ലിസ് ട്രസിനാണ്.

പണപ്പെരുപ്പം നിയന്ത്രണവിധേയമാകുന്നത് വരെ നികുതി വെട്ടി കുറയ്ക്കുന്നത് വൈകിക്കും എന്ന സുനകിൻെറ വാഗ്ദാനത്തിന് വ്യത്യസ്തമായി ഉടനടിയുള്ള നികുതി വെട്ടിക്കുറയ്‌ക്കലിന് പ്രാധാന്യം നൽകുമെന്ന് ലിസ് ട്രസ് പറഞ്ഞിരുന്നു. സുനക് ഇത്തരത്തിലുള്ള ട്രസിന്റെ സാമ്പത്തിക പദ്ധതികളെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ പദ്ധതികൾ ആവിഷ്കരിക്കുന്നത് വഴി യുകെയുടെ പൊതു ധനകാര്യം അപകടത്തിൽ ആകുമെന്നും അദ്ദേഹം വാദിച്ചു. അഭിമുഖത്തിൽ താൻ പുതിയ സർക്കാരിനെ പിന്തുണയ്ക്കുമെന്നും എംപി സ്ഥാനം തുടരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. നോർത്ത് യോർക്ക്ഷെയർ മണ്ഡലമായ റിച്ച്മണ്ടിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താൻ പ്രധാനമന്ത്രിയായാൽ കുതിച്ചുയരുന്ന ഊർജ്ജ ചിലവുകൾ കുറയ്ക്കാനുള്ള പദ്ധതി ഒരാഴ്ചയ്ക്കകം തന്നെ പ്രഖ്യാപിക്കുമെന്ന് ലിസ് ട്രസ് പറഞ്ഞു. കൂടാതെ ഗാർഹിക ഊർജ്ജ വിതരണം വർധിപ്പിക്കാൻ ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രണ്ടു മാസങ്ങൾക്ക് മുമ്പ് മാഞ്ചസ്റ്ററിൽ നടന്ന ആക്രമണത്തിൽ മരിച്ച സിക്ക് പുരോഹിതൻറെ കുടുംബം അക്രമിയെ കണ്ടെത്താനുള്ള അഭ്യർത്ഥനയുമായി മുന്നോട്ട്. പുരോഹിതന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 62 കാരനായ ഇയാൾ ജൂൺ 23-ന് മാഞ്ചസ്റ്ററിൽ നടന്ന ആക്രമണത്തിന് ശേഷം ആശുപത്രിയിൽ കഴിയുകയായിരുന്നു. ഹിൽട്ടൺ സ്ട്രീറ്റിന് സമീപമുള്ള ടിബ് സ്ട്രീറ്റിൽ ഇയാളെ മർദിക്കുന്ന സിസിടിവി ക്യാമറ ദൃശ്യങ്ങൾ കണ്ടെത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇരയുടെ കുടുംബത്തിൻറെ സമ്മതത്തോടെ പോലീസ് പുറത്തുവിട്ടു.

അന്വേഷണത്തിന്റെ ഭാഗമായി ഒരു പുരുഷന്റെയും സ്ത്രീയുടെയും ചിത്രം ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. അക്രമി പുരോഹിതനെ ആക്രമിച്ച് റോഡിൽ ഉപേക്ഷിച്ച് പോവുകയായിരുന്നു. ആക്രമണത്തെ തുടർന്നുള്ള മസ്തിഷ്ക ക്ഷതമാണ് അദ്ദേഹത്തിൻറെ മരണത്തിൻെറ കാരണമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മരിച്ചയാൾ 37 വർഷമായി മാഞ്ചസ്റ്റർ നഗരത്തിൽ ആണ് താമസിച്ചിരുന്നത്.

മാഞ്ചസ്റ്ററിലെ തിരക്കേറിയ തെരുവിൽ മുറിവുകളുടെ ഉപേക്ഷിക്കപ്പെട്ട രീതിയിൽ ഇരയെ കണ്ടെത്തുകയായിരുന്നു. ആരോടും തന്നെ ഒരുതരത്തിലുള്ള വിദ്വേഷവും ഇയാൾ പുലർത്തിയിട്ടില്ല എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. അതേസമയം സംഭവത്തെപ്പറ്റി എന്തെങ്കിലും അറിവുള്ളവരോ കുറ്റവാളികളെപ്പറ്റി അറിയുന്നവരോ മുന്നോട്ടുവരണമെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തെ സഹായിക്കുന്ന കണ്ടെത്തലുകൾ ഉണ്ടെങ്കിൽ അത് പോലീസിനെ അറിയിക്കണമെന്നും തങ്ങൾ അനുഭവിച്ച വേദന മറ്റാരും അനുഭവിക്കാതിരിക്കാൻ വേണ്ടിയാണിതെന്നും ഇരയുടെ കുടുംബം അഭ്യർഥിച്ചു.

ജേക്കബ് പ്ലാക്കൻ

ഊനമില്ലാത്ത പൂക്കളാണ് പൂജയ്ക്ക് എടുക്കുക …ദൈവം സ്വികരിക്കുന്നതും ദൈവത്തിനു സമർപ്പിക്കുന്നതും അതാണ് ..!
കേവലം 16വയസ്സിനുള്ളിൽ അവർ വളർന്നത് ഒരു രാജ്യത്തിൻറെ ആകാശമാകെയാണ് …!അവർ പഠിച്ചിരുന്നിടത്തു ,കളിച്ചിരുന്നിടത്തു ,സമൂഹത്തിൽ ,വീട്ടിൽ …,കൂട്ടുകാർക്കിടയിൽ എന്നുവേണ്ടാ അവർ വ്യപിച്ചിരുന്നിടങ്ങളിലെല്ലാം ….അവർ അവരുടെ കയ്യൊപ്പ് ചാർത്തിയവർ …അവരായിരുന്നു മറ്റുള്ള മനസ്സിന്റെ ആകാശം ..ആഹ്ളാദത്തിന്റെയും ഊർജ്വസ്വലതയുടെയും സുര്യപ്രഭയായിരുന്നവർ …
പ്രായത്തിൽ കവിഞ്ഞ വളർച്ചയുണ്ടായിരുന്നവർ …
പക്വതയുണ്ടായിരുന്നവർ …
പാകതയുണ്ടായിരുന്നവർ …
ആരെയും ആകർഷിക്കുന്ന വ്യക്തിത്വമുണ്ടായിരുന്നവർ … കുട്ടുകാരുടെ കൂട്ടത്തിലായിരുന്നില്ലവർ …..
കുട്ടുകാർ അവരുടെ കൂട്ടത്തിലായിരുന്നു …!
അവരുടെ കൊച്ചുകൊച്ചു തമാശകൾ കേൾക്കാൻ ക്രിക്കറ്റിന്റെ ആവേശംആസ്വദിക്കാൻ …ഫുട്ബോൾ പിച്ചിലെ ചടുല ചലനങ്ങൾ കൊണ്ട് വിസ്‌മയിക്കാൻ ….കുട്ടുകാർ എന്നും അവരുടെ സാമിപ്യം കൊതിച്ചിരുന്നു ….!
കുട്ടുകാരുടെ പ്രദക്ഷിണപദങ്ങളെപോലും നിയന്ത്രിച്ചിരുന്ന സൂര്യ തേജസുകൾ ….!റുവാനും ജോപ്പുവും ….ഒരേ ക്ലാസ്സിൽ പഠിച്ചവർ ..ചെറുപ്പം മുതലെ ആത്മമിത്രങ്ങൾ ….ക്ലാസ്സിലും കളിക്കളത്തിലും ആഘോഷങ്ങളിലും ഇരട്ട സഹോദരങ്ങളെ പോലെ ജീവിച്ചവർ …!ആർക്കും വേർപിരിക്കാൻ കഴിയാത്തവർ …ആർക്കും പകരം വയ്ക്കാൻ കഴിയാത്തവർ ….എത്ര ലാഘവത്തോടെയാണ് അവർ രണ്ടുപേരും അവരുടെ ‘ചങ്ക്സായ ‘…അവരുടെ സ്നേഹ തണലത്തു നിന്നിരുന്ന കുട്ടുകാരോട് യാത്ര പറഞ്ഞത് .. അവരുടെ ഓരോ ചലനങ്ങളും ആകാംക്ഷയോടെ നോക്കികണ്ടിരുന്ന ഡെറിയിലെ സമൂഹത്തോട് …അവരുടെ എല്ലാമെല്ലാം ആയിരുന്ന മാതാപിതാക്കളോട് …നിങ്ങൾ ഞങ്ങളുടെ കരളാണ് മുറിച്ചുകൊണ്ടുപോയത് ….ഒരിക്കലും ആർക്കും സുഖപ്പെടുത്തുവാൻ കഴിയാത്ത കരളിന്റെ മുറിവ് …!

അന്ന് വേനലിന്റെ എല്ലാ അസുരഭാവങ്ങളും നിറഞ്ഞ ദിവസമായിരുന്നു …!സൂര്യൻ ആകാശത്തു ജ്വലിച്ചു നിന്നു …ബാങ്ക് അവധികൂടിയായതിനാൽ
എല്ലാവരും വെളിയിലായിരുന്നു …അപൂർവമായി ലഭിക്കുന്ന സൂര്യപ്രകാശം ആസ്വദിക്കുന്ന തിരക്കിലായിരുന്നു നാട് …കഴിയാത്തവർ വിഷമത്തോടെ പുറത്തേക്കു നോക്കി സങ്കടപ്പെട്ട ദിവസം …!
ജി സി എസ് ഇ പരീക്ഷയുടെ റിസൾട്ട് വന്നിട്ട് അധികദിവസങ്ങളായിട്ടില്ല …അവർ നേടിയെടുത്ത ഔട്‍സ്റ്റാൻഡിങ് പെർഫോമൻസിന്റെ ആഹ്ളാദം അവരിൽനിറഞ്ഞു തുളുമ്പുന്ന ദിവസങ്ങൾ …
ആഘോഷങ്ങളുടെ പെരുമഴക്കാലം കഴിയാൻ അവർക്കിനി കുറച്ചു ദിവസങ്ങൾ മാത്രം ….പുതിയ യൂണിഫോമിട്ടു ,ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കോളേജിലേക്കുള്ള
ആദ്യ ചുവടുവെപ്പിന് കേവലം മൂന്നാലു ദിവസങ്ങൾ മാത്രം ബാക്കി …
കോളേജ്‌ പഠനാരംഭത്തിന്റെ അത്വാകാംക്ഷയുടെ ഉത്തംഗശൃങ്ഗത്തിൽ …

പതിവ് പോൽ സിറ്റിയിലെ സൈക്കിൾ പാത്തിലൂടെ കുട്ടുകാർ എട്ടുപേർ ഒന്നിച്ചൊരു സവാരിക്കിറങ്ങിയതായിരുന്നു …തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചും അവരന്ന് പതിവിനു വിരുദ്ധമായി സിറ്റി വിട്ട് അല്പം ദൂരെയുള്ള ആൾക്കാരൊഴിഞ്ഞൊരു പാർക്കിലേക്ക് പോയി …അതിനവരെ പ്രേരിപ്പിച്ചതും അന്നത്തെ
സൂര്യന്റെ രാക്ഷസ പ്രകാശമായിരുന്നിരിക്കാം ..!
മഴ മാറാത്ത നാട്ടിൽ സൂര്യനന്നു മധ്യാഹ്ന രേഖയിൽ എന്നപോലെ ജ്വലിക്കുകയായിരുന്നു ..!
കണ്ണാടി പോലെ തെളിഞ്ഞ തടാകം ..സൂര്യപ്രകാശത്തിൽ തടാകത്തിന്റെ കരയോടുടുത്ത പ്രദേശത്തെ അടിത്തട്ട് തെളിഞ്ഞു കാണാമായിരുന്നു …..!
പിന്നെ എല്ലാം നൊടിയിടെ …
കുട്ടുകാർ നോക്കിനിൽക്കെ …അവരുടെ വാവിട്ട നിലവിളികളും അലർച്ചയും കേൾക്കാതെ ജോപ്പുവും റുവാനും സ്വർഗത്തിലേക്ക് നടന്നു കയറി …ആദ്യം പോയ ജോപ്പുവിനെ തിരികെ കൂട്ടുകാരുടെ അടുത്തേക്ക് കൂട്ടികൊണ്ടുവരാനായി പോയ റുവാൻ പിന്നെ അവനൊപ്പം മാലാഖമാരുടെ കൂടെ സ്വർഗത്തിലേക്ക് പോകുകയായിരുന്നു …!

പിന്നീട് ഒരു രാജ്യം രണ്ടു ഭാവി വാഗ്ദാനങ്ങളുടെ വേർപാടിൽ നിലവിളിക്കുയായിരുന്നു ….ലണ്ടൻ ഡെറി സിറ്റി കൗൺസിൽ …,ഹോസ്പിറ്റൽ സ്റ്റാഫ് ..,എം എൽഎ മാർ പൊലീസ് ഉദ്യോഗസ്ഥർ ഡെറിയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർഥികൾ അദ്ധ്യാപകർ ..വൈദികർ ..
തുടങ്ങി യുകെയിലും അയർലണ്ടിലുമുള്ള ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ ആയിരക്കണക്കിനാളുകൾ
വെള്ളിയാഴ്ച്ച രാവിലെ മുതൽ വൈകുന്നേരം വരെ ആഡ്‌മോർ സെന്റ് മേരീസ് ചാപ്പലിന്റെ മുറ്റത്തും പരിസരത്തും തിങ്ങിനിറഞ്ഞു വിതുമ്പികരയുകയായിരുന്നു …
അക്ഷരർത്ഥത്തിൽ ലണ്ടൻ ഡെറികഴിഞ്ഞ ദിവസങ്ങളിൽ സ്‌തംഭിച്ചു നിൽക്കുയായിരുന്നു …
എവിടെയും ഈ ദുഃഖം തളംകെട്ടിയ മുഖങ്ങൾ മാത്രം …
വിശുദ്ധ കുർബാനയ്ക്ക് ശേഷം അനുസ്മരണ പ്രസംഗങ്ങളിൽ കൂട്ടുകാരുടെയും റുവാന്റെ സഹോദന്റെയും കസിൻസിന്റെയും ഒക്കെ അനുസ്‌മരണം കരളുരുക്കുന്നതായിരുന്നു …!
ഡെറി ബിഷപ്പ് ഡോ. ഡോണൽ മക്‌കൗൺ അവരുടെ ഭൗതിക ശരീരത്തെ ഉയിർപ്പിന്റെ കാഹളത്തിനായി അന്ത്യാശീർവാദം നൽകി ഒരുക്കിയപ്പോൾ …,പിന്നെ എല്ലാവരും പൂക്കൾ നൽകി അവരോട് യാത്ര ചോദിക്കുമ്പോൾ ….,
മാതാപിതാക്കൾ അലമുറയിട്ടുകൊണ്ട് പൊന്നുമക്കൾക്ക് അന്ത്യചുബംനം നൽകിയപ്പോൾ …ഹൃദയഭേദകമായ ആ കാഴ്ച്ച കണ്ടുനിൽക്കാൻ കഴിയാതെ മേഘങ്ങൾ പോലും മഴ പൊടിച്ചു മനുഷ്യ മഹാസാഗരമനസ്സിനോട്
ചേർന്നുപോയി …!

ഇല്ല നിങ്ങൾ മരിക്കില്ല …നിങ്ങളെ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവരിൽ …എന്തിനു ഈ ദുഃഖ തിങ്കളിനു സാഷ്യം വഹിച്ചവരിൽ നിങ്ങൾ ജീവിക്കും …!നക്ഷത്രങ്ങളിൽ നിങ്ങളുടെ ചിരി ഞങ്ങൾ കാണും …!
പൂക്കളിൽ നിന്നും നിങ്ങളുടെ സ്നേഹം ഞങ്ങൾ ഇനിയും നുകരും …മഴയിലും വെയിലിലും നിങ്ങളുടെ ചൂടും തണുപ്പുമായിരിക്കും ഞങ്ങൾ ഇനി അറിയുക …കാറ്റിലൂടെ നിങ്ങളുടെ കുസൃതിയും കൊഞ്ചലും ഞങ്ങൾ വീണ്ടും കേൾക്കും ….സ്വർഗത്തിൽ ഞങ്ങൾ എത്തുംവരെ …!

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വെയിൽസ് : കൊലപാതകക്കുറ്റത്തിന് തെറ്റായി ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ കുടുംബത്തോട് 70 വർഷത്തിന് ശേഷം മാപ്പ് പറഞ്ഞ് പോലീസ്. നീതിനിഷേധത്തിന് ഇരയായി കൊല്ലപ്പെട്ട മഹ് മൂദ് മട്ടന്റെ കുടുംബത്തോടാണ് സൗത്ത് വെയിൽസ് പോലീസ് ക്ഷമാപണം നടത്തിയത്. ബ്രിട്ടീഷ് സൊമാലിയനും മുൻ നാവികനുമായ മഹ് മൂദ് മട്ടൻ 1952-ൽ കാർഡിഫിലെ കടയിൽ കടയുടമയെ കൊലപ്പെടുത്തിയതിന് തൂക്കിലേറ്റപ്പെട്ടു. എന്നാൽ പോലീസിന്റെ കണ്ടെത്തൽ പിന്നീട് തെറ്റാണെന്ന് തെളിഞ്ഞു. “പിഴവുള്ള കുറ്റാന്വേഷണം കാരണം നീതിനിഷേധത്തിന് ഇരയായി കൊല്ലപ്പെട്ട ആളാണ് മട്ടൻ. 70 വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച തെറ്റിൽ മട്ടന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു.” പൊലീസ് പ്രസ്താവനയിൽ പറയുന്നു.

2001- ൽ കുടുംബത്തിന് ഹോം ഓഫീസിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചെങ്കിലും ഇതുവരെ പോലീസ് സേന മാപ്പ് പറയാൻ തയ്യാറായില്ല. “ഇത് അക്കാലത്തെ ഒരു കേസാണ്. നീതിന്യായ വ്യവസ്ഥ ഉൾപ്പെടെ സമൂഹത്തിലുടനീളം വംശീയതയും പക്ഷപാതവും മുൻവിധിയും വ്യാപകമാകമായിരുന്നു.” ചീഫ് കോൺസ്റ്റബിൾ ജെറമി വോൺ പറഞ്ഞു. എന്നാൽ ഈ ക്ഷമാപണം ആത്മാർത്ഥതയില്ലാത്തതാണെന്ന് മട്ടന്റെ ആറ് പേരക്കുട്ടികളിൽ ഒരാൾ പറഞ്ഞു.

“ഈ ദുരന്തം നേരിട്ട് ബാധിച്ച ആളുകൾ ഞങ്ങളോടൊപ്പമില്ല. അതിനാൽ ഇത് വൈകിപ്പോയി.” ചെറുമകൾ താന്യ മട്ടൻ പറഞ്ഞു. “അവൻ എല്ലാവരേയും സ്നേഹിച്ചു, എല്ലാവരും അവനെ സ്നേഹിക്കുന്നുവെന്ന് കരുതി. എന്നാൽ ചുറ്റുമുള്ള ശത്രുതകൾ അവന് അറിയില്ലായിരുന്നു. ബ്രിട്ടീഷ് സൊമാലിയൻ ആയതിനാലാണ് അവൻ കൊല്ലപ്പെട്ടത്” – ഒരിക്കൽ മട്ടന്റെ ഭാര്യ ലോറ പറയുകയുണ്ടായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ശരത്ക്കാലത്തിനു മുന്നോടിയായി കോവിഡ് ബൂസ്റ്റർ വാക്സിനുകൾ അടുത്ത ആഴ്ച മുതൽ ഇംഗ്ലണ്ടിലും സ്കോട്ട്‌ലൻഡിലും നൽകും. ആദ്യമായി കെയർഹോം നിവാസികൾക്കായിരിക്കും ബൂസ്റ്റർ വാക്സിൻ ലഭിക്കുക. അണുബാധകളുടെ നിരക്ക് കുറയുന്നുണ്ടെങ്കിലും ശരത്കാലത്തും ശൈത്യകാലത്തും കോവിഡും പനിയും വർദ്ധിക്കുമെന്ന കണക്കുകൂട്ടലിനെ തുടർന്നാണ് ഇത്തരത്തിലൊരു നീക്കം. ഇതിനു രണ്ടിനെതിരെയും വാക്സിനുകൾ എടുത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷണം നേടണമെന്ന് വിദഗ്ദ്ധർ ജനങ്ങളോട് ആവശ്യപ്പെട്ടു. ഒമൈക്രോൺ വേരിയന്റിനെതിരെ അടുത്തയിടെ അംഗീകരിച്ച വാക്സിൻ ആദ്യം ഉപയോഗിക്കുമെന്നാണ് സൂചന.

50 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നൽകുവാനായി മോഡേണയുടെ ബൈപാലൻ വാക്സിൻ ലഭ്യമല്ല. അതിനാൽ തന്നെ ആളുകൾ ലഭിക്കുന്ന ബൂസ്റ്റർ വാക്സിനുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. 12 വയസ്സും അതിൽ കൂടുതൽ ഉള്ളവർക്കുമായി ഫൈസർ/ബയോഎൻടെക്കിൽ നിന്നുള്ള രണ്ടാമത്തെ “ബൈവാലന്റ്” കൊറോണ വൈറസ് വാക്സിൻ അംഗീകരിച്ചതായി യുകെയുടെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) ശനിയാഴ്ച അറിയിച്ചിരുന്നു. കെയർ ഹോം നിവാസികൾക്കും ജീവനക്കാർക്കും കോവിഡ് ബൂസ്റ്ററുകൾ നൽകുവാൻ വെയിൽസ് ആരംഭിച്ചു കഴിഞ്ഞു. നോർത്തേൺ അയർലണ്ടിൽ ഇവർക്ക് സെപ്റ്റംബർ 19 മുതൽ വിതരണം ആരംഭിക്കും. സ്കോട്ട്‌ലൻഡിലെ കെയർ ഹോം നിവാസികൾക്ക് തിങ്കളാഴ്ച മുതൽ കോവിഡ് ബൂസ്റ്റർ നൽകും. തുടർന്ന് ആരോഗ്യ,സാമൂഹിക പരിപാലന പ്രവർത്തകർക്കായിരിക്കും മുൻഗണന നൽകുക. ഇംഗ്ലണ്ടിന്റെ ശരത്കാല ബൂസ്റ്റർ കാമ്പെയ്‌നും അതേ ദിവസം തന്നെ ആരംഭിക്കും. 1.6 ലക്ഷം കെയർ ഹോം നിവാസികളും ജീവനക്കാരുമായിരിക്കും ഇവ ആദ്യമായി സ്വീകരിക്കുക.

യു.കെ യിലെ പ്രമുഖ ചാരിറ്റി മലയാളി അസോസിയേഷനുകളിൽ ഒന്നായ ”സഹൃദയ ദി കെന്റ് കേരളൈറ്റ്സ് – മുൻ കാലങ്ങളിൽ വ്യത്യസ്തങ്ങളായ കലാ കായിക പരിപാടികളിലൂടെ പുതുമയും, വൈവിദ്ധ്യവും സംഘടനാപാടവ മികവും ഒരുപോലെ തെളിയിച്ച സഹൃദയ ഇന്നിതാ അഭിമാന പുരസരം അണിയിച്ചൊരുക്കുന്ന ആദ്യ അഖില യു. കെ ഡ്രാഗൺ ബോട്ട് റേസ് 2022 ” കെന്റ് ജലോത്സവം ” ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച്ച വാട്ഹർസ്റ്റിൽ ഉള്ള ബിവൽ വാട്ടർ ജലാശയത്തിൽ നടക്കുന്നു.

കെന്റ്- ഈസ്റ്റ് സസക്സ് അതിരുകൾക്കിടയിൽ ഏതാണ്ട് 800 ഏക്കർ വിസ്തീർണത്തിൽ പ്രകൃതി സൗന്ദര്യത്തിന്റെ എല്ലാ വശ്യതകളും ആവാഹിച്ച് കാനന ഭംഗിയുടെ മനം കുളിരുന്ന കാഴ്ച ഒരുക്കുന്ന ബിവൽ വാട്ടറിന്റെ ഓളപ്പരപ്പിൽ സഹൃദയ പുതു ചരിത്രം രചിക്കുമ്പോൾ അത് യു.കെയിൽ ഉള്ള എല്ലാ ജലോത്സവ പ്രേമികൾക്കും ആവേശം പകരുമെന്നതിൽ സംശയം ഇല്ല.

കെന്റ് ജലോത്സവം ഒരു വൻ വിജയമാക്കി മാറ്റുവാനുള്ള പ്രാഥമിക നടപടികളുമായി സഹൃദയയുടെ ജലോത്സവ കമ്മിറ്റി മുന്നേറുമ്പോൾ ടീം രജിഷ്ട്രേഷന്റെ ഔപചാരികമായ ഉദ്ഘാടനം ബിവൽ വാട്ടറിൽ വെച്ച് തിങ്കളാഴ്ച്ച നടന്നു. ആദ്യ രജിസ്ട്രേഷൻ മിസ്മ ഹെവാർഡ്സ് ഹീത്ത് ബോട്ട് ക്ലബ് ടീം ക്യാപ്റ്റൻ ജോസഫ് തോമസിൽ നിന്നും, മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ ട്രഷറർ ശ്രീജിത്ത് കുരുവൻകാട്ടിൽ നിന്നും 350 പൗണ്ടിന്റെ ചെക്ക് സ്വീകരിച്ചു സഹൃദയ പ്രസിഡന്റ് ശ്രീ അജിത്ത് വെൺമണി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന യോഗത്തിൽ ശ്രീ അജിത്ത് വെൺമണി മുഖ്യ പ്രഭാഷണം നടത്തിയപ്പോൾ സഹൃദയ ബോട്ട് ക്ലബ് ടീം ക്യാപ്റ്റനും മുൻ പ്രസിഡന്റുമായ ശ്രീ ജോഷി സിറിയക്, സഹൃദയയുടെ മുൻ പ്രസിഡന്റുമാരായ ശ്രീ ജേക്കബ് കോയിപ്പള്ളി, ശ്രീ ടോമി വർക്കി, ശ്രീ മജോ തോമസ്, മുൻ വൈസ് പ്രസിഡന്റ് ശ്രീമതി ഷീനാ ജേക്കബ് തുടങ്ങിയവർ ആശംസ അറിയിച്ചു. സെക്രട്ടറി ശ്രീ ബിബിൻ എബ്രഹാം നന്ദി അറിയിച്ചു. സഹൃദയ വൈസ് പ്രസിഡന്റ് ലിജി സേവ്യർ, ട്രഷറർ മനോജ് കോത്തൂർ, മുൻ ഭാരവാഹികളായ സുജ ജോഷി, ഫെബി ജേക്കബ്, ഇമ്മാനുവേൽ ജോർജ്, ലാലു തോമസ്, എക്സിക്യൂട്ടിവ് അംഗങ്ങളായിരുന്നു അജി മാത്യു, നിലവിലെ എക്സിക്യൂട്ടിവ് അംഗം ബിജി മെറിൻ, മിസ്മ ഹെവാർഡ് ഹീത്ത് അസോസിയേഷനിൽ നിന്നു ജിജോ അരയത്ത്, ഗംഗപ്രസാദ്, ബാബു മാത്യുവും , മെയ്ഡ് സ്റ്റോൺ മലയാളി അസോസിയേഷനിൽ നിന്നു ബിനു ജോർജ്, ജോഷി ആനിത്തോട്ടിൽ, എബി എബ്രഹാം, റോയ് മോൻ തോമസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ടീം രജിസ്ട്രേഷൻ സംബന്ധിച്ച വിശദവിവരങ്ങൾ ഇപ്രാകാരമാണ്:

രജിസ്ട്രേഷൻ ഫീസ് 350 പൗണ്ട്. ഒരു ടീമിൽ ടീം ക്യാപ്റ്റൻ ഉൾപ്പെടെ പരമാവധി 20 മലയാളി അംഗങ്ങൾ വരെയാകാം. 16 പേർ തുഴക്കാരും,ഒരാൾ ഡ്രമ്മറും, മറ്റ് മൂന്നു പേർ സബ്സ്റ്റിറ്റ്യൂട്ടും ആയിരിക്കും. ടീം ക്യാപ്റ്റൻ മത്സരത്തിൽ പങ്കെടുക്കണമെന്ന് നിബന്ധനയില്ല.

സഹൃദയയുടെ *കെന്റ് ജലോത്സവം 2022 * ൽ പങ്കെടുക്കുന്ന എല്ലാ ടീമുകളിലേയും അംഗങ്ങൾക്കുള്ള
ജഴ്സികൾ സഹൃദയ നൽകുന്നതായിരിക്കും. ആയതിനാൽ ഫീസടച്ച് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ മുഴുവൻ പേരും ജഴ്സി സൈസും നൽകേണ്ടതാണ്.

സഹൃദയ കെന്റ് ജലോത്സവത്തിൽ യു.കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ലബുകൾക്കും, ചാരിറ്റി സംഘടനകൾക്കും, മലയാളി കമ്യൂണിറ്റികൾക്കും പങ്കെടുക്കാവുന്നതാണ്. ടീം രജിസ്റ്റർ ചെയേണ്ട അവസാന തീയതി സെപ്റ്റംബർ ആണ്.

ടീം രജിസ്ട്രേഷൻ, ജേഴ്സി, സ്പോൺസർഷിപ്പ്, ഫുഡ് സ്റ്റാൾ തുടങ്ങിയ വിവരങ്ങൾക്കായി ബന്ധപ്പെടുക

അജിത്ത് വെൺമണി 07957 100426
ബിബിൻ എബ്രഹാം 07534893125
മനോജ് കോത്തൂർ 07767 008991
വിജു വറുഗീസ് 07984 534481
ജോഷി സിറിയ്ക്ക് 07958 236786

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടൻെറ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കൺസർവേറ്റീവ് പാർട്ടിയിലെ അംഗങ്ങൾക്കിടയിൽ നടത്തിയ തിരഞ്ഞെടുപ്പ് ഇന്നലെ അവസാനിച്ചു. ഇതിൻറെ ഫലം സെപ്റ്റംബർ അഞ്ചാം തീയതി തിങ്കളാഴ്ച്ച ഉച്ച 12 . 30 – ന് അറിയാം. വിദേശകാര്യമന്ത്രി ലിസ് ട്രസും (47) ഇന്ത്യൻ വംശജനായ മുൻ ധനകാര്യമന്ത്രി റിഷി സുനകും (42) തമ്മിലാണ് മത്സരം. പുതിയ പ്രധാനമന്ത്രി വരുന്ന ബുധനാഴ്ച്ച പാർലമെന്റിനെ അഭിസംബോധന ചെയ്യും. തുടക്കത്തിൽ റിഷി സുനകായിരുന്നു പ്രധാനമന്ത്രി പദത്തിലേക്കുള്ള പിന്തുണയിൽ മുന്നിട്ട് നിന്നിരുന്നത്. എന്നാൽ നിലവിൽ രാഷ്ട്രീയ നിരീക്ഷകർ സാധ്യത കൽപ്പിക്കുന്നത് ലിസ് ട്രസിനാണ്. 1.60 ലക്ഷം കൺസർവേറ്റീവ് പാർട്ടി അംഗങ്ങളാണ് ഒരു മാസം നീണ്ടുനിന്ന ഓൺലൈൻ പോസ്റ്റൽ വോട്ടെടുപ്പിൽ പങ്കെടുത്തത്.

ഒരുമാസം നീണ്ടുനിന്ന പ്രചാരണത്തിൽ നാണ്യപെരുപ്പം തടയുമെന്നാണ് പ്രധാനമായും സുനക് വാഗ്ദാനം ചെയ്തത്. എന്നാൽ നികുതികൾ വെട്ടി കുറയ്ക്കും എന്നാണ് ട്രസ്റ്റിന്റെ വാഗ്ദാനങ്ങളിൽ പ്രധാനം. പ്രചാരണത്തിനിടയിൽ ലണ്ടനിൽ വച്ച് റിഷി സുനക് ഗോപൂജ നടത്തിയത് വൻ ചർച്ചയായിരുന്നു. ഭാര്യ അക്ഷതാ മൂർത്തിക്കൊപ്പം എത്തിയാണ് റിഷി സുനക് ഗോപൂജ നടത്തിയത്. റിഷി സുനക് പ്രധാനമന്ത്രി പദത്തിലേറിയാൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും കമ്പനികൾക്കും ബ്രിട്ടനിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതൽ സജീവമാകണമെന്ന് ഇന്ത്യൻ വംശജരായ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടത്തിയ പ്രചാരണത്തിനിടയിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Copyright © . All rights reserved