ന്യൂസ് ഡെസ്ക് മലയാളം യുകെ
ഈ വേനൽക്കാലത്ത് പ്രവർത്തനസജ്ജമാകാ നൊരുങ്ങി യുകെയിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് അക്വാ പാർക്ക്. ദേശീയ ഉദ്യാനത്തിൻെറ നടുവിലായാണ് പാർക്ക് സ്ഥിതി ചെയ്യുക. ന്യൂ ഫോറസ്ററ് വാട്ടർ പാർക്ക് 1989 -ലാണ് തുറന്നത്. ഇവിടെ 2015 -ൽ അക്വാ പാർക്ക് ആരംഭിച്ചു. യുകെയിലെ തന്നെ ആദ്യ അക്വാ പാർക്ക് ആയ ഇതിന് 260 അടിയിലധികം നീളമുണ്ട്. 50 ഏക്കർ വിസ്തൃതിയുള്ള ഈ സംരംഭത്തെ പോസിഡോൺ, നെപ്റ്റ്യൂൺ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുകയാണ്. ട്രാംപോളിൻ, വോൾ ക്ലൈമ്പിങ് തുടങ്ങിയ ആകർഷകമായ വിനോദങ്ങളും ഇവിടെ ഉണ്ട്.

ശൈത്യകാലത്ത് അടച്ച സംരംഭം ഈ മെയ് മാസം വീണ്ടും തുറക്കുകയാണ്. ഒക്ടോബർ വരെ ഇത് സജീവമായി പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മണിക്കൂറിന് £20 മുതലാണ് ടിക്കറ്റുകളുടെ വില. വെറ്റ് സ്യൂട്ടും മറ്റും വാടകയ്ക്ക് എടുക്കുന്നതിൽ അധിക ചിലവുകൾ ഉണ്ടാകും. വിവിധ തരത്തിലുള്ള പാനീയങ്ങൾ ലഭിക്കുന്ന ഓൺസൈറ്റ് ക്ലബ്ബ് ഹൗസുകൾ ഇവിടെയുണ്ട്. ബർഗർ, ഐസ്ക്രീം തുടങ്ങിയ ഭക്ഷണങ്ങൾ ലഭിക്കുന്ന കഫേകളും ഇവിടെ നിറസാന്നിധ്യമാണ്.

ഒരാൾക്ക് £17.50 നു രാത്രി ക്യാമ്പിംഗ് ചെയ്യാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. പാർക്കിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ആളുകൾ സമൂഹ മാധ്യമങ്ങളിലൂടെ അവരുടെ സന്തോഷം പങ്കിട്ടു. ഓൺലൈനിൽ വളരെ ഉയർന്ന റേറ്റിംഗാണ്. തങ്ങളുടെ ബാല്യകാല ഓർമ്മകൾ വീണ്ടെടുക്കാൻ പറ്റിയ നല്ലൊരു അവസരമായിരുന്നു പാർക്കിലെ അനുഭവങ്ങൾ എന്ന് പലരും പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- മനുഷ്യർക്കിടയിൽ അൽഷിമേഴ്സ് രോഗം പകരാമെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് ശാസ്ത്രലോകം പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോൾ നിരോധിക്കപ്പെട്ട, എന്നാൽ മുൻപ് നിലവിലുണ്ടായിരുന്ന ഹോർമോൺ ട്രീറ്റ്മെന്റുകൾ നടത്തിയ വ്യക്തികളിൽ കുറഞ്ഞത് അഞ്ച് പേർക്കെങ്കിലും രോഗമുണ്ടെന്ന തെളിവുകൾ ലഭിച്ചതായാണ് വിദഗ്ധർ വ്യക്തമാക്കിയിരിക്കുന്നത്. അമിലോയിഡ്-ബീറ്റ പ്രോട്ടീൻ എന്ന ഘടകമാണ് അൽഷിമേഴ്സ് രോഗത്തിന് കാരണമാകുന്നത്. കുട്ടികളായിരുന്നപ്പോൾ ലഭിച്ച ഹോർമോൺ ട്രീറ്റ്മെന്റുകളിൽ, കുത്തിവയ്ക്കപ്പെട്ട ഗ്രോത്ത് ഹോർമോണിൽ ഈ അമിലോയിഡ്-ബീറ്റ പ്രോട്ടീൻ ഉണ്ടെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. പഠനം നടത്തിയ ഗ്രോത്ത് ഹോർമോൺ ട്രീറ്റ്മെന്റ് ലഭിച്ച 1848 പേരിലാണ് രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇതേ ചികിത്സ ലഭിച്ച മറ്റുള്ളവർക്കും രോഗമുണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

1958 നും 1985 നും ഇടയിൽ, യുകെയിലെയും യുഎസിലെയും അസാധാരണമായി ഉയരം കുറഞ്ഞ കുട്ടികൾക്ക് അവരുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിന് ശവശരീരങ്ങളിൽ നിന്നും എടുത്ത ഹോർമോണുകൾ നൽകി വന്നിരുന്നു. എന്നാൽ പിന്നീട് ഈ രീതി നിരോധിക്കപ്പെട്ടിരുന്നു. ചില ബാച്ചുകളിൽ ക്രൂയ്റ്റ്സ്ഫെൽറ്റ് – ജക്കോബ് ഡിസീസ് എന്ന മാരകവും ഭേദമാക്കാനാവാത്തതുമായ മസ്തിഷ്ക രോഗത്തിന്റെ പ്രിയോണുകൾ കണ്ടെത്തിയതിനെ തുടർന്നാണിത്. പിന്നീട് ഡോക്ടർമാർ സിന്തറ്റിക് ഹോർമോണുകൾ നൽകുക എന്ന രീതിയാണ് പിന്തുടർന്നത്. എന്നാൽ ഇത്തരം ഗ്രോത് ഹോർമോൺ ട്രീറ്റ്മെന്റുകൾ ലഭിച്ചവരിൽ 38 മുതൽ 55 വയസ്സിനുള്ളിൽ തന്നെ അൽഷിമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.
ഹോസ്പിറ്റൽ സ്റ്റെറിലൈസേഷൻ രീതികളെ അതിജീവിക്കുന്ന പ്രിയോണുകൾ മറ്റു ചില സർജിക്കൽ പ്രൊസീജറുകളിലൂടെ മനുഷ്യരിലേക്ക് പകരാമെന്ന ഭയമാണ് ഇപ്പോൾ ശാസ്ത്രജ്ഞർ പങ്കുവയ്ക്കുന്നത്. ഇത്തരത്തിൽ പ്രിയോണുകൾ തലച്ചോറിൽ വർദ്ധിക്കുമ്പോഴാണ്, ന്യൂറോണുകൾക്ക് ചുറ്റും പിന്നീട് പ്രോട്ടീൻ ഫലകങ്ങൾ രൂപപ്പെടുന്നത്. ഇത് പിന്നീട് അൽഷിമേഴ്സ് രോഗത്തിലേക്ക് നയിക്കുന്നു. ഭാവിയിൽ ആകസ്മികമായി രോഗം പകരുന്നത് തടയാൻ നടപടിയെടുക്കണമെന്ന് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ പ്രൊഫസർ ജോൺ കോളിംഗ് പറഞ്ഞു.

ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിന്റെ ആർക്കൈവുകളിൽ സൂക്ഷിച്ചിരുന്ന ഗ്രോത് ഹോർമോണിന്റെ അവശിഷ്ടങ്ങൾ ശാസ്ത്രജ്ഞർ എലികളിൽ പരീക്ഷിച്ചപ്പോൾ, അവയിൽ അൽഷിമേഴ്‌സിന് കാരണമാകുന്ന പ്രോട്ടീനുകളുടെ ഉത്പാദനത്തിന് ഇവ കാരണമായതായി കണ്ടെത്തി.
ബാക്ടീരിയ, വൈറൽ ഇൻഫെക്ഷനുകൾ പകരുന്നത് പോലെ, ഈ രോഗം ഒരിക്കലും പകരുകയില്ലെന്നും, രോഗബാധിതമായ മനുഷ്യ ടിഷ്യൂ അബദ്ധവശാൽ ശരീരത്തിലേക്ക് എത്തിച്ചേരുമ്പോഴാണ് രോഗം പകരുന്നത് എന്നും പ്രൊഫസർ കോളിംങ് വ്യക്തമാക്കി. ഭാവിയിൽ അൽഷിമേഴ്‌സ് മനസ്സിലാക്കുന്നതിനും ചികിത്സിക്കുന്നതിനുമായി ഗവേഷകരെ ശരിയായ ദിശയിലേക്ക് നയിക്കാൻ പുതിയ കണ്ടെത്തലുകൾ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ടിൽ ഇന്ന് ട്രെയിൻ പണിമുടക്ക് ആരംഭിക്കും. ആറു ദിവസത്തിലായി നീണ്ടുനിൽക്കുന്ന സമരം ട്രെയിൻ യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കും. പണിമുടക്ക് കൂടാതെ ഇന്നലെ മുതൽ ഫെബ്രുവരി 6 ചൊവ്വാഴ്ച വരെ അധിക സമയം ജോലി ചെയ്യുന്നതിൽ നിന്ന് ജീവനക്കാർ വിട്ടുനിൽക്കും. പണിമുടക്കിനൊപ്പം ഈ നടപടിയും ട്രെയിൻ ഷെഡ്യൂളുകൾ താളം തെറ്റിക്കുന്നതിന് വഴി വെക്കും.

ജനുവരി 30 ചൊവ്വാഴ്ചയ്ക്കും ഫെബ്രുവരി 5 തിങ്കളാഴ്ചയ്ക്കുമിടയിൽ വിവിധ റൂട്ടുകളിൽ സമരത്തിൻറെ ഭാഗമായി ട്രെയിൻ ഗതാഗതം തടസ്സപ്പെടുമെന്ന് യൂണിയനായ എഎസ് എൽ ഇ എഫ് അറിയിച്ചു.
താഴെ പറയുന്ന സർവീസുകളെയാണ് സമരം ബാധിക്കുന്നത്.
ജനുവരി 30 ചൊവ്വാഴ്ച: തെക്കുകിഴക്കൻ, തെക്കൻ, ഗാറ്റ് വിക്ക് എക്സ്പ്രസ്, ഗ്രേറ്റ് നോർത്തേൺ, തേംസ്ലിങ്ക്, സൗത്ത് വെസ്റ്റേൺ റെയിൽവേ, എസ്ഡബ്ല്യുആർ ഐലൻഡ് ലൈൻ
ജനുവരി 31 ബുധനാഴ്ച: നോർത്തേൺ ട്രെയിനുകൾ, ട്രാൻസ്‌പെനൈൻ എക്സ്പ്രസ്
ഫെബ്രുവരി 2 വെള്ളിയാഴ്ച: ഗ്രേറ്റർ ആംഗ്ലിയ, C2C, LNER
ഫെബ്രുവരി 3 ശനിയാഴ്ച: വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ട്രെയിനുകൾ, അവന്തി വെസ്റ്റ് കോസ്റ്റ്, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേ
ഫെബ്രുവരി 5 തിങ്കൾ: ഗ്രേറ്റ് വെസ്റ്റേൺ, ക്രോസ് കൺട്രി, ചിൽട്ടേൺ

ഫെബ്രുവരി 1 വ്യാഴാഴ്ചയും 4-ാം തീയതി ഞായറാഴ്ചയും സമരം ഉണ്ടായിരിക്കുകയില്ല.
വിവിധ റെയിൽവേ യൂണിയനുകളുടെ പണിമുടക്കുകൾ മൂലം രാജ്യത്തെ ട്രെയിൻ ഗതാഗതം പലപ്പോഴും വൻ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. പണിമുടക്ക് ദിവസം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത ട്രെയിൻ യാത്രക്കാർക്ക് അവർ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കുകയോ, വൈകുകയോ, റീഷെഡ്യൂൾ ചെയ്യുകയോ ചെയ്താൽ ടിക്കറ്റ് ചാർജ് തിരികെ ലഭിക്കും. സമരമൂലം യാത്ര ചെയ്യാൻ കഴിയാത്ത ടിക്കറ്റ് ഉടമകൾക്ക് സമര ദിവസങ്ങളിൽ 100% നഷ്ടപരിഹാരത്തിനും അർഹതയുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സമാനതകളില്ലാത്ത ലൈംഗികാതിക്രമത്തിന്റെ വാർത്തയാണ് ഷെഫീൽഡ് നിന്ന് പുറത്തുവന്നിരിക്കുന്നത്. സുന്ദരമായ സ്വപ്നങ്ങൾ കണ്ട് ഉറങ്ങാൻ കിടന്ന ഒരു പെൺകുട്ടിയോട് മോഷ്ടാവ് അതിക്രൂരമായ ലൈംഗികാതിക്രമം നടത്തിയതിന്റെ വാർത്ത കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്.
മോഷ്ടാവ് മുകളിലത്തെ നിലയിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയുടെ മുറിയിൽ ജനലിലൂടെ പ്രവേശിച്ച് അവളെ ലൈംഗികമായി ആക്രമിച്ചപ്പോൾ ആ കുരുന്ന് ആദ്യം കരുതിയത് ഇത് ഒരു പേടിസ്വപ്നമാണെന്നാണ്. അവൾ ഉണർന്നപ്പോൾ അക്രമി തുറന്ന ജനലിലൂടെ പുറത്ത് ചാടി രക്ഷപ്പെടുകയും ചെയ്തു. ആദ്യം പെൺകുട്ടി സംഭവത്തെ കുറിച്ച് പറഞ്ഞപ്പോൾ അവളുടെ മാതാപിതാക്കളും കരുതിയത് അത് അവളുടെ പേടിസ്വപ്നമാണെന്നാണ്. എന്നാൽ താൻ നേരിട്ട ലൈംഗികാതിക്രമത്തിന്റെ മുറിപ്പാടുകൾ പെൺകുട്ടി കാണിച്ചപ്പോഴാണ് അവർ ആ നഗ്നസത്യം തിരിച്ചറിഞ്ഞതും പോലീസിൽ പരാതിപ്പെട്ടതും.

ഷെഫീൽഡിലെ ഡാർനാലിലുള്ള അവളുടെ വീടിന്റെ ജനൽ പാളികളിൽ നിന്ന് പോലീസ് കുറ്റവാളിയുടെ വിരലടയാളം കണ്ടെത്തിയതാണ് കേസിന് നിർണ്ണായകമായത്. അങ്ങനെ ആ ദുഃഖസത്യം വെളിവാക്കപ്പെട്ടു. ആ 12 വയസു മാത്രം പ്രായമുള്ള കുരുന്ന് ലൈംഗികാതിക്രമത്തിന് ഇരയായിരിക്കുന്നു.

കിടപ്പുമുറിയിലെ ജനൽ പടിയിൽ കുറ്റവാളിയായ ഹോർവാത്തിൻ്റെ വിരലടയാളം കണ്ടെത്തിയതിനെ തുടർന്ന് പ്രതി രണ്ടാം നിലയിൽ കയറാൻ ഉപയോഗിച്ച ഗോവണിയും പോലീസ് കണ്ടെത്തി. ആദ്യം ഗോവണി ഉപയോഗിച്ച് മോഷണത്തിന് ശ്രമിച്ചതായി പ്രതി സമ്മതിച്ചെങ്കിലും ലൈംഗികാതിക്രമം നടത്തിയത് അയാൾ നിഷേധിച്ചു. പക്ഷേ തെളിവുകൾ അയാൾക്ക് എതിരായിരുന്നു. ഈ കേസ് ശരിക്കും ഒരു വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ പോലീസ് ഓഫീസർ പറഞ്ഞു. ദു:സ്വപ്നം പോലെ ഒരു കേസ് എന്നാണ് പോലീസ് അന്വേഷണത്തെ വിശേഷിപ്പിച്ചത്. വരും വർഷങ്ങളിൽ ക്രൂരനായ ലൈംഗിക കുറ്റവാളി വർഷങ്ങളോളം ജയിലിൽ കഴിയേണ്ടതായി വരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പോലീസ് ഓഫീസർ ബസ് ഫീൽഡ് പറഞ്ഞു. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ധീരമായ നിലപാട് സ്വീകരിച്ച പെൺകുട്ടിയെയും കുടുംബത്തെയും അദ്ദേഹം അഭിനന്ദിച്ചു
എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ ചികിത്സയിലിരിക്കുന്ന മാനസികരോഗികൾ ക്രൂരമായ ബലാൽസംഗത്തിനും മറ്റു ലൈംഗിക അതിക്രമങ്ങൾക്കും ഇരയായതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 2019 മുതൽ ഇംഗ്ലണ്ടിലെ മുപ്പതിലധികം മാനസികാരോഗ്യ ആശുപത്രികളിൽ സ്കൈ ന്യൂസും ദി ഇൻഡിപെൻഡൻ്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ജീവനക്കാരുടെയും പുരുഷ രോഗികളുടെയും ഉൾപ്പെടെയുള്ള ലൈംഗികാതിക്രമം, ദുരുപയോഗം എന്നിവ ഉൾപ്പെടെയുള്ള 20,000 പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

മുൻ ബ്രിട്ടീഷ് യുവ നീന്തൽ താരം അലക്സിസ് ക്വിൻ ആണ് കുപ്പിക്കുള്ളിലെ ഭൂതത്തെ തുറന്നുവിട്ടത്. സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ തനിക്ക് മറ്റ് പുരുഷ രോഗികളിൽ നിന്ന് നേരിട്ട ക്രൂരമായ ലൈംഗികാതിക്രമത്തെ കുറിച്ച് അവർ തുറന്നു പറഞ്ഞതാണ് ഈ രംഗത്തെ ചൂഷണത്തെ കുറിച്ചുള്ള അന്വേഷണത്തിന് കാരണമായത്. അലക്സിസ് ക്വിൻ നേരിട്ട രണ്ട് ക്രൂര പീഡനങ്ങളിലും കുറ്റക്കാർ ഇതുവരെ ക്രിമിനൽ നടപടികൾ നേരിട്ടില്ല എന്നത് ഞെട്ടലോടെയാണ് പൊതുസമൂഹം ഏറ്റെടുത്തിരിക്കുന്നത്. അലക്സിസിന്റെ ജീവിതാനുഭവം പുറത്തുവന്നതോടെ ഒട്ടേറെ രോഗികളും അവരുടെ കുടുംബാംഗങ്ങളുമാണ് തങ്ങൾ നേരിട്ട ദുരന്ത കഥകൾ പറയാൻ മുന്നോട്ട് വന്നിരിക്കുന്നത്.

മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിന് മുമ്പ് തന്നെ ഒരു പുരുഷ ഉദ്യോഗസ്ഥൻ ലൈംഗികമായി ഉപദ്രവിച്ചെന്ന് നിയമ ബിരുദധാരിയായ ഒരു യുവതി വെളിപ്പെടുത്തി. രണ്ട് കുട്ടികളുടെ അമ്മയായ മറ്റൊരു രോഗിക്ക് ഒരു ജീവനക്കാരന്റെ കൈയ്യിൽ നിന്ന് നേരിട്ടത് 5 മാസം നീണ്ടുനിന്ന ലൈംഗിക പീഡനമാണ്. മാനസിക രോഗികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിൻ്റെ നേർസാക്ഷ്യങ്ങൾ വൻ വിവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. 2023 ജനുവരിയ്ക്കും ഓഗസ്റ്റിനുമിടയിൽ മാത്രം 4000 ലൈംഗിക അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് 2019 ലും 2020 ലും റിപ്പോർട്ട് ചെയ്യപ്പെട്ട വാർഷിക കണക്കുകളെക്കാൾ കൂടുതലാണ്. അതിലുപരിയായി ഉയർന്നു വന്ന 800 ലധികം ആരോപണങ്ങളിൽ 95 എണ്ണം മാത്രമാണ് പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് ഹോസ്പിറ്റൽ അധികാരികളുടെ ഭാഗത്തുനിന്നുമുള്ള കഠിന വീഴ്ചയായാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുട്ടികളിലും യുവാക്കളിലും പുകവലിയുടെ ദൂഷ്യം കുറയ്ക്കുന്നതിന്റെ ഭാഗമായി യുകെയിൽ ഡിസ്പോസിബിൾ വേപ്പുകൾ നിരോധിക്കും. പരമ്പരാഗത പുകയില ഉത്പന്നങ്ങളായ സിഗരറ്റുകളെ അപേക്ഷിച്ച് അപകട സാധ്യത കുറവാണെന്ന ധാരണയിൽ ഡിസ്പോസിബിൾ വേപ്പുകൾ രാജ്യത്ത് വ്യാപകമായ തോതിൽ ഉപയോഗിച്ചു വരുകയായിരുന്നു. ഒട്ടേറെ സ്ത്രീകളും കുട്ടികളും യുവജനങ്ങളും ഇ സിഗരറ്റുകൾ ഉപയോഗിക്കുന്നതായുള്ള കണക്കുകളും പുറത്തുവന്നിരുന്നു. ആക്ഷൻ ഓൺ സ്മോക്കിംഗ് ആൻഡ് ഹെൽത്ത് (ആഷ്) ചാരിറ്റിയുടെ കണക്കുകൾ പ്രകാരം 11 മുതൽ 17 വയസു വരെ പ്രായമുള്ള കുട്ടികളിൽ 7.6 % ഇപ്പോൾ പതിവായോ ഇടയ്ക്കിടയ്ക്കോ ഇവ ഉപയോഗിക്കുന്നുണ്ട്.

രാജ്യത്ത് ഉടനീളം നിരോധനം ഏർപ്പെടുത്താനാണ് സർക്കാർ നിലവിൽ പദ്ധതി തയ്യാറാക്കുന്നത്. നിരോധനത്തിന്റെ കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രി തന്നെ വിശദീകരിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. വേപ്പിംഗ് കുട്ടികളിൽ വർദ്ധിക്കുന്നുവെന്നും അത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് മുമ്പ് നമ്മൾ ഉചിതമായ നടപടി എടുക്കണമെന്നും പ്രധാനമന്ത്രി ഋഷി സുനക് ഒരു പ്രസ്താവനയിൽ പറഞ്ഞു . പുകവലി രഹിത തലമുറ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 2009 ജനുവരി 1 നോ അതിനുശേഷമോ ജനിച്ച ആർക്കും സിഗരറ്റ് വിൽക്കുന്നത് കഴിഞ്ഞവർഷം നിരോധിച്ചിരുന്നു. ഡിസ്പോസിബിൾ വേപ്പുകൾ നിരോധിക്കാനുള്ള തീരുമാനം അതിൻ്റെ തുടർച്ചയായാണ് പരിഗണിക്കുന്നത്.

ഡിസ്പോസിബിൾ വേപ്പുകളും അവയുടെ ബാറ്ററികളും പരിസ്ഥിതിയ്ക്ക് വൻ നാശം വരുത്തുമെന്ന വാദവും ശക്തമാണ്. നിരോധനത്തിന്റെ ഭാഗമായി എന്തൊക്കെ നടപടികളാണ് സർക്കാർ സ്വീകരിക്കുകയെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. കടകളിൽ കുട്ടികൾ കാണാതെയും മധുര പലഹാരങ്ങൾ പോലുള്ള മറ്റ് ഉത്പന്നങ്ങളിൽ നിന്ന് മാറ്റിയും വേപ്പുകൾ വയ്ക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ കർശന നിർദ്ദേശം നൽകുമെന്നാണ് കരുതപ്പെടുന്നത്. പരമ്പരാഗത സിഗരറ്റുകളുടെ അത്ര അപകടകാരികളല്ലെന്ന രീതിയിൽ പലപ്പോഴും വിൽക്കപ്പെടുന്ന ഇ സിഗരറ്റുകളുടെ ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ എന്താണെന്നതിനെ കുറിച്ച് മതിയായ ഗവേഷണങ്ങൾ ഇതുവരെ നടന്നിട്ടില്ല .
ന്യൂസ് ഡെസ്ക് മലയാളം യുകെ
റിട്ടയർമെന്റിന് ശേഷം വിദേശത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജീവിക്കാൻ അനുയോജ്യമായ രാജ്യങ്ങളുടെ ലിസ്റ്റ് പുറത്ത്. ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് സ്പെയിൻ. സ്പെയിനിലെ ജീവിതം യുകെയിലെ അപേക്ഷിച്ച് 700 പൗണ്ടിലധികം ചിലവ് കുറവാണ്. വിദേശ പ്രോപ്പർട്ടി വിദഗ്ധരായ പ്രോപ്പർട്ടി ഗൈഡ്‌സിൻ്റെ റിപ്പോർട്ടനുസരിച്ച് യുകെയിലെ പ്രവാസികൾക്ക് താമസിക്കാൻ ഏറ്റവും നല്ല രാജ്യങ്ങളിൽ ഒന്നാമത് സ്പെയിൻ ആണ്. യുകെയിൽ പ്രതിവർഷം പലചരക്ക് സാധനങ്ങൾ, ആരോഗ്യ സംരക്ഷണം, യാത്രകൾ, വിനോദങ്ങൾ എന്നിവയുൾപ്പെടെയുള്ള ശരാശരി ദൈനംദിന ചിലവുകൾ £1,996 വരുമ്പോൾ സ്പെയിനിൽ ഇത് £1,295 ആണ്.

അതായത് യുകെയിലെ പോലെ തന്നെയുള്ള ജീവിത നിലവാരം നിലനിർത്തികൊണ്ട് യുകെയിലേതിനേക്കാൾ 35 ശതമാനം കുറഞ്ഞ നിരക്കിൽ ഈ മെഡിറ്ററേനിയൻ രാജ്യത്ത് ജീവിക്കാം. ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് ടീബാഗുകൾ പോലുള്ള മികച്ച ബ്രിട്ടീഷ് സ്റ്റേപ്പിൾസ് പോലും യുകെയിൽ ലഭ്യമാകുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്പെയിനിൽ നിന്ന് വാങ്ങാം. പ്രോപ്പർട്ടി ഗൈഡ്‌സ് വിശകലനം ചെയ്‌ത ലോകമെമ്പാടുമുള്ള 13 പ്രവാസി ഹോട്ട്‌സ്‌പോട്ടുകളിൽ ഓസ്ട്രേലിയയും ന്യൂസിലൻഡും ആണ് ജീവിത ചിലവ് കൂടിയ രണ്ട് രാജ്യങ്ങൾ.

സ്പെയിൻ അല്ലാതെ ഫ്രാൻസ്, പോർച്ചുഗൽ, ഗ്രീസ്, ജർമ്മനി, സൈപ്രസ്, യുഎസ് എന്നീ രാജ്യങ്ങളിലെ ജീവിത ചിലവും യുകെയെ അപേക്ഷിച്ച് കുറവാണ്. യുകെയിലെ 18 മാസത്തെ പണപ്പെരുപ്പവും മറ്റുമാണ് ഇതിന് പിന്നിലെ കാരണമായി വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നത്. യുകെയിലെ വാർഷിക വിലക്കയറ്റം കഴിഞ്ഞ വർഷം അവസാനത്തോടെ രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് കുറഞ്ഞിരുന്നു. എന്നാൽ മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യത്തെ ജീവിത ചിലവ് ഇപ്പോഴും വർദ്ധിച്ച് വരികയാണ്.
യുകെയെ വച്ച് സ്പെയിനിനെ താരതമ്യം ചെയ്യുമ്പോൾ വർഷത്തിൽ 3,000 മണിക്കൂർ സൂര്യപ്രകാശം സ്പെയിനിൽ ലഭിക്കുന്നുണ്ട്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, സ്പെയിനിൽ ബ്രിട്ടീഷ് സ്റ്റേറ്റ് പെൻഷൻ സ്വീകരിക്കുന്ന 103,000-ത്തിലധികം ബ്രിട്ടീഷുകാരുള്ള ഒരു വലിയ പ്രവാസി സമൂഹം സ്പെയിനിൽ ഉണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വന്തമായി നിർമ്മിച്ച ചെറുവിമാനത്തിൽ ലോകം ചുറ്റുന്ന യുകെ മലയാളിയുടെ കുടുംബത്തിന്റെ അവിശ്വസനീയ വാർത്തയാണിത്. ആകാശം അതിരുകളാക്കി വിവിധ ലോകരാജ്യങ്ങൾ സ്വന്തം വിമാനത്തിൽ സന്ദർശിക്കുന്ന അശോക് ആലിശ്ശേരിൽ, ഭാര്യ അഭിലാഷ മക്കളായ എട്ടു വയസ്സുകാരി താര, അഞ്ച് വയസ്സുകാരി ദിയ എന്നിവർ വാർത്താ താരങ്ങളായിരിക്കുകയാണ്.
ചെറുപ്പം മുതൽ വിമാനമെന്ന സ്വപ്നം താലോലിച്ചു നടന്നിരുന്നയാളാണ് അശോക്. അശോകിന്റെ താത്പര്യം മനസ്സിലാക്കി 2018 ൽ ഭാര്യ പിറന്നാൾ സമ്മാനമായി നൽകിയത് അര മണിക്കൂർ ഫ്ളയിങ് ലെസൻ ആയിരുന്നു. ഇതോടെ വിമാനം പറപ്പിക്കൽ ലഹരിയായ അശോക് അടുത്ത ഒരു വർഷം കൊണ്ട് അൻപത് മണിക്കൂർ ആകാശത്ത് ചെലവഴിച്ചും പതിനാല് തിയറി പരീക്ഷകൾ പാസ്സായും നേടിയെടുത്തത് പ്രൈവറ്റ് പൈലറ്റ് ലൈസൻസ് ആയിരുന്നു. ഏകദേശം പതിനായിരം പൗണ്ടോളമാണ് (പത്ത് ലക്ഷം രൂപ) അശോക് ഇതിനായി ചെലവഴിച്ചത്.
തുടർന്ന് വന്ന കോവിഡ് കാലം അശോകിനെ താഴെയിറക്കിയതോടെ ഓട്ടോമോട്ടീവ് മെക്കാനിക്കൽ എൻജിനീയർ കൂടിയായ ഇദ്ദേഹം ഒരു നാലു സീറ്റർ വിമാനം നിർമ്മിക്കാനാവശ്യമായ കിറ്റും വാങ്ങി സ്വന്തം വീടിന്റെ ഗാർഡനിൽ പണി തുടങ്ങുകയായിരുന്നു. യു ട്യൂബ് വീഡിയോകളുടെ സഹായത്തോടെ രണ്ടു കൊല്ലം എടുത്ത് അശോക് ഒടുവിൽ ഒരു സ്ലിംഗ് ടി എസ് ഐ മോഡൽ ചെറുവിമാനത്തിന്റെ പണി തീർത്തെടുത്തു. 18000 അടി വരെ ഉയരത്തിൽ മണിക്കൂറിൽ 175 മൈൽ വേഗതയിൽ സഞ്ചരിക്കാവുന്ന ചെറുവിമാനം ആണ് അശോക് നിർമ്മിച്ചെടുത്തത്.

2022 ഫെബ്രുവരിയിൽ സിവിൽ ഏവിയേഷൻ അതോറിറ്റി അശോക് നിർമ്മിച്ച വിമാനത്തിന് അംഗീകാരം നൽകിയതോടെ അശോക് സ്വന്തം വിമാനത്തിൽ ആകാശത്തേയ്ക്ക് ഉയർന്നു. ഒറ്റയ്ക്ക് നടത്തിയ ആദ്യ പറക്കലുകൾ ഏകദേശം ഇരുപത് മണിക്കൂർ ദൈർഘ്യം ഉണ്ടായിരുന്നു. പിന്നീടുള്ള യാത്രയിൽ കുടുംബത്തെയും ഒപ്പം കൂട്ടിയ അശോക് ഡേറ്റ അനലിസ്റ്റ് ആയ ഭാര്യ അഭിലാഷയ്ക്കും മക്കൾക്കും ഒപ്പം 1200 മൈൽ അകലെയുള്ള നോർവേയിൽ ആണ് ലാൻഡ് ചെയ്തത്.
കുടുംബത്തെയും കൂട്ടിയുള്ള ആദ്യ യാത്രയുടെ ആവേശം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു എന്ന് പറയുന്ന അശോക് കുട്ടികളും ഒത്തുള്ള യാത്രയുടെ വിഷമതകളും ഓർമ്മിക്കുന്നു. വിമാനത്തവാളത്തിൽ വിമാനം പാർക്ക് ചെയ്യുന്ന ഏപ്രൺ വളരെ തിരക്കേറിയതും ഇടുങ്ങിയതും ആയതിനാൽ കുട്ടികളെ വിമാനത്തിൽ എത്തിക്കുക എന്നത് തന്നെ പ്രയാസകരമായിരുന്നു . കുട്ടികൾക്ക് വിമാനത്തിൽ ഇരിക്കുമ്പോൾ പുറത്തെ കാഴ്ചകൾ കാണാനായി പ്രത്യേകം ബൂസ്റ്റർ സീറ്റുകളും തയ്യാറാക്കേണ്ടി വന്നു. ചില നീണ്ട പറക്കലുകളിൽ കുട്ടികൾക്ക് ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനായി ഷെഡ്യൂൾ ചെയ്യാത്ത എയർപോർട്ടുകളിൽ ലാൻഡ് ചെയ്യേണ്ടിയും വന്നിട്ടുണ്ടെന്നും അശോക് കൂട്ടിച്ചേർത്തു.
കാലാവസ്ഥ നല്ലതാണെങ്കിൽ കുട്ടികളെയും കൂട്ടി ബ്രെക്ഫാസ്റ്റ് കഴിക്കാൻ പാരീസിൽ പോകാൻ പോലും ഇപ്പോൾ പ്രയാസമില്ല എന്ന് പറഞ്ഞ അഭിലാഷ വിമാനം അവർക്ക് നൽകിയിരിക്കുന്ന അവസരം അതിരുകളില്ലാത്തതാണെന്ന് വിവരിച്ചു. ചുരുങ്ങിയ കാലത്തിനുള്ളിൽ പന്ത്രണ്ടിലധികം രാജ്യങ്ങൾ സ്വന്തം വിമാനത്തിൽ സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ടിക്കറ്റ് ചാർജ്ജ് ഇനത്തിൽ തന്നെ നല്ലൊരു തുക ലാഭിക്കാൻ കഴിഞ്ഞതായും അഭിലാഷ പറഞ്ഞു. യാത്രകളിൽ അശോകിനെ സഹായിക്കാനായി അഭിലാഷയും ഇപ്പോൾ വിമാനം പറത്താൻ പഠിക്കാനുള്ള ഒരുക്കത്തിലാണ്. പതിനാറു വയസ്സ് കഴിഞ്ഞാൽ കുട്ടികളെയും വൈമാനികരാക്കണമെന്നുള്ള തീരുമാനത്തിലാണ് ഇവർ.

വിമാനത്തിന്റെ നിർമ്മാണത്തിനും ലൈസൻസ് ലഭിക്കുന്നതിനും ഒക്കെ കൂടി ഏകദേശം 180000 പൗണ്ടാണ് ഇവർക്ക് ചെലവഴിക്കേണ്ടി വന്നത്. ഇപ്പോളാണെങ്കിൽ ചെലവുകൾ എല്ലാം കൂടി 3000000 കടന്നേനെ എന്ന് അശോക് പറഞ്ഞു. ഒരു വിമാനം വാങ്ങുന്നതിനുള്ള ചെലവ് വച്ച് നോക്കിയാൽ സ്വന്തമായി നിർമ്മിച്ചത് വളരെ ലാഭകരമായി എന്ന് അശോക് അവകാശപ്പെട്ടു. കഴിഞ്ഞ ഈസ്റ്ററിന് കുടുംബസമേതം ഫ്രാൻസിൽ പോയി വരാൻ ചെലവായത് ഏകദേശം 250 പൗണ്ട് മാത്രമായിരുന്നു എന്ന് അറിയുമ്പോൾ ആണ് ഇതിലെ മെച്ചം മനസിലാകുന്നത്. കൊമേഴ്‌സ്യൽ വിമാനത്തിൽ ഏകദേശം 900 പൗണ്ട് ടിക്കറ്റ് നിരക്ക് ഉള്ളപ്പോഴാണ് ഇതെന്നത് ഓർക്കണം.
ഒരു പ്രാവശ്യം ഇന്ധനം നിറച്ചാൽ എട്ടു മണിക്കൂർ തുടർച്ചയായി പറക്കാവുന്നതാണ് അശോക് നിർമ്മിച്ച നാല് സീറ്റുള്ള ഈ ചെറുവിമാനം. ഇത്രയും ഇന്ധനത്തിന് ഏകദേശം 80 പൗണ്ട് ചെലവാകും. മിക്ക എയർപോർട്ടുകളിലും അഞ്ച് പൗണ്ടോളം മാത്രമേ ഒരു ദിവസം പാർക്കിംഗ് ചാർജ്ജ് ആവുകയുള്ളൂ. കാലാവസ്ഥയും മറ്റ് അനുബന്ധ ഘടകങ്ങളും നോക്കി യാത്ര ചെയ്യുകയാണെങ്കിൽ വിമാനയാത്രയിൽ അപകടസാധ്യത വളരെ കുറവാണെന്നും അശോകും അഭിലാഷയും പറയുന്നു.

യുകെ മലയാളി ജെറാൾഡ് നെറ്റോയെ (62) കൊലപ്പെടുത്തിയ കേസ്. പതിനേഴുകാരനായ പ്രതിക്ക് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഒരു വർഷം ബാല കുറ്റവാളികൾക്കുള്ള സ്ഥാപനത്തിലും അടുത്ത ഒരു വർഷം കമ്മ്യൂണിറ്റി സൂപ്പർ വിഷനിലും സേവനം അനുഷ്ഠിക്കണമെന്നാണ് കോടതി വിധി. അതേസമയം ശിക്ഷാ വിധിക്ക് പിന്നാലെ പ്രതിക്ക് മതിയായ ശിക്ഷ ലഭിച്ചില്ലെന്ന ആരോപണവുമായി ജെറാൾഡ് നെറ്റോയുടെ കുടുംബം രംഗത്ത് വന്നു. താൻ ആക്രമിക്കപെട്ടപ്പോൾ നെറ്റോ യാതൊരു പ്രകോപനവും സൃഷടിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ജഡ്‌ജി റെബേക്ക ട്രോളർ കെസി, അദ്ദേഹത്തിന്‍റെ മരണം അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ഉണ്ടാക്കിയ വേദനയും ദുഃഖവും ചൂണ്ടിക്കാട്ടി.
പിതാവിൻെറ ഘാതകനെതിരെ ഓൺലൈൻ പെറ്റീഷൻ നൽകുന്നതിനുള്ള ശ്രമത്തിലാണ് നെറ്റോയുടെ മകൾ ജെന്നിഫർ. സംഭവത്തിന് ശേഷം രണ്ട് തവണ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഇലക്ട്രോണിക് ടാഗിന്‍റെ നിബന്ധനകൾ ലംഘിച്ചിരുന്നു. ഇതിന് പിന്നാലെ കോടതിയിലേക്ക് വിളിച്ചുവരുത്തിയ പ്രതിയെ പിന്നീട് വീട്ടിലേക്ക് തിരികെ അയച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ കർശനമായ ജാമ്യ വ്യവസ്ഥകൾ ആവശ്യപ്പെട്ടാണ് ഓൺലൈൻ പെറ്റീഷൻ നൽകാനുള്ള ശ്രമം മകൾ ജെന്നിഫർ നടത്തുന്നത്.
കൊലപാതക കുറ്റം നടത്തിയാൽ കടുത്ത ശിക്ഷ ലഭിക്കില്ലെന്ന സന്ദേശം ഈ വിധിയിലൂടെ യുവാക്കൾക്ക് ലഭിക്കുമെന്നും ജെന്നിഫർ ആരോപിച്ചു. 62 കാരനായ ജെറാൾഡ് നെറ്റോയെ 2023-ൽ അന്ന് 16 വയസുള്ള പ്രതി നിലത്തു വലിച്ചിഴയ്ക്കുകയും ഉപദ്രവിക്കുകയും ആയിരുന്നു. ആക്രമണത്തെ തുടർന്നുള്ള മസ്തിഷ്ക ക്ഷതവും ഹൃദയാഘാതവും മരണത്തിന് കാരണമാകുകയായിരുന്നു. അതേസമയം നെറ്റോയെ ഉപദ്രവിക്കാനോ കൊല്ലാനോ തനിക്ക് ഉദ്ദേശമില്ലായിരുന്നെന്നും. നെറ്റോ മരിച്ചതിൽ താൻ ഖേദിക്കുന്നുവെന്നും പ്രതി പറഞ്ഞു.
കഴിഞ്ഞ വർഷം മാർച്ച് 19 – ന് പുലർച്ചെയാണ് നെറ്റോയുടെ മരണത്തിന് കാരണമായ സംഭവം നടന്നത്. ഹാൻവെല്ലിലെ യുക്സ്ബ്രിഡ്ജ് റോഡിലുള്ള ഡ്യൂക്ക് ഓഫ് യോർക്ക് പബ്ബിൽ നിന്ന് തെരുവ് മുറിച്ചുകടന്ന് കൗമാരക്കാരനെയും സുഹൃത്തുക്കളെയും നെറ്റോ സമീപിച്ചു. പ്രതിയായ കൗമാരക്കാരൻ നെറ്റോയെ പരിഹസിക്കുന്നതിന് അയാളുടെ പാന്‍റ് വലിച്ച് ഊരാൻ ശ്രമിച്ചു. ഇതിനെ തുടർന്നുണ്ടായ ഉന്തിലും തള്ളിലും നെറ്റോ രണ്ടുതവണ നിലത്തുവീണതായി സിസിടിവി ദൃശ്യങ്ങളിൽ പോലീസ് കണ്ടെത്തി. ജെറാൾഡിന്‍റെ മുഖം നിലത്ത് അമർന്നുവെന്ന് ഉറപ്പാക്കാൻ പ്രതികൾ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ബ്രയാൻ ഹോവി പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതിന് മുമ്പ് കൗമാരക്കാരനായ പ്രതി നെറ്റോയുടെ ശരീരത്ത് ചാടികയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ ഉടൻ തന്നെ നെറ്റോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കഠിനമായ തണുപ്പും മറ്റ് കാലാവസ്ഥാ പ്രശ്നങ്ങൾ മൂലം ഒട്ടേറെ യു കെ മലയാളികളാണ് വിവിധ ആരോഗ്യ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്. ആസ്മയും മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങളും മൂലം പ്രശ്നങ്ങൾ നേരിടുന്നവർക്ക് ആശ്വാസകരമായ വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. നിങ്ങൾക്ക് ഏതെങ്കിലും രീതിയിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡിപ്പാർട്ട്മെൻറ് ഫോർ വർക്ക് ആൻ്റ് പെൻഷനിൽ നിന്ന് പ്രതിവർഷം 8000 പൗണ്ട് വരെ ലഭിക്കാനുള്ള അർഹതയുണ്ട്.

ആസ്മ, സ്‌റ്റീപ്പ് ആപ്നിയ , വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കൽ തുടങ്ങിയ 25 ഓളം രോഗാവസ്ഥയിലുള്ളവർക്കാണ് പ്രസ്തുത ആനുകൂല്യത്തിന് അർഹത ഉള്ളത്. മേൽപ്പറഞ്ഞ ആരോഗ്യസ്ഥിതിയിലുള്ളവർക്ക് പേഴ്സണൽ ഇൻഡിപെൻഡൻസ് പെയ്മെൻറ് (പി ഐപി) വഴിയാണ് പണം നൽകുന്നത് . ഇതിൻറെ ഭാഗമായി ഓരോ ആഴ്ചയും 172.75 പൗണ്ട് എന്ന കണക്കിൽ പ്രതിമാസം 691 പൗണ്ട് ആണ് ഒരാൾക്ക് ലഭിക്കുന്നത്. ഇതിൻ പ്രകാരം പ്രതിവർഷം ഒരു വ്യക്തിക്ക് 8292 പൗണ്ട് വരെ ലഭിക്കും. ഓരോ വ്യക്തിക്കും ലഭിക്കുന്ന സഹായത്തിന്റെ തോത് നിർണ്ണയിക്കുന്നത് വിശദമായ മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിലാണ് .

പി ഐ പി യുടെ അടിസ്ഥാനത്തിൽ സഹായം ലഭിക്കുന്നതിന് മൂന്നുമാസം ദൈനംദിന ജീവിതത്തിലോ, ജോലിയെ ബാധിക്കുന്ന രീതിയിലോ ബുദ്ധിമുട്ടുകൾ ഉള്ള ആരോഗ്യസ്ഥിതി ഉള്ളവരായിരിക്കണം. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ കുറഞ്ഞത് 9 മാസമെങ്കിലും വിട്ടുമാറാത്തവരെയുമാണ് സഹായത്തിനായി പരിഗണിക്കുന്നത്. അപേക്ഷകർ കഴിഞ്ഞ മൂന്നു വർഷത്തിൽ രണ്ടു വർഷമെങ്കിലും യുകെയിൽ താമസിച്ചിരിക്കണം. ഇതുകൂടാതെ അപേക്ഷിക്കുന്ന സമയത്ത് രാജ്യത്ത് ഉണ്ടായിരിക്കുകയും വേണം .കൂടുതൽ വിവരങ്ങൾ Gov.uk എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.