Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലേക്കുള്ള വിസ ഫീസ് വർദ്ധനവ് ഇന്ന് ഒക്ടോബർ 4-ാം തീയതി ബുധനാഴ്ച മുതൽ നിലവിൽ വന്നു. ഫീസ് വർദ്ധനവിന് പാർലമെന്റിന്റെ അനുമതി ലഭിച്ചിരുന്നു. വർക്ക് വിസകളുടെയും സന്ദർശന വിസകളുടെയും 1ഫീസുകളിൽ 15 ശതമാനം വർദ്ധനവ് കഴിഞ്ഞ ജൂലൈയിലാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതു കൂടാതെ സ്റ്റഡി വിസ, മുൻഗണനാ വിസ തുടങ്ങിയ വിഭാഗങ്ങൾക്കും ഫീസുകളിൽ 20 ശതമാനം വർദ്ധനവാണ് വരുത്തിയിരിക്കുന്നത്.


മലയാളികൾ കൂടുതലായും ആരോഗ്യ മേഖലയിലെ ജോലികൾക്കും പഠനത്തിനുമായാണ് യുകെയിൽ എത്തുന്നത്. നേഴ്സുമാർ , ഡോക്ടർമാർ , കെയറർമാർ തുടങ്ങിയ ആരോഗ്യ മേഖലയിലെ വിദഗ്ധ തസ്തികകളിൽ വന്നിട്ടുള്ള വിസ ഫീസുകളിലെ വർദ്ധനവ് മലയാളികളെ കാര്യമായി ബാധിക്കും. സന്ദർശന വിസയിലും മുൻഗണനാ വിസയിലുമുള്ള ഫീസ് വർദ്ധനവ് മാതാപിതാക്കളെ യുകെയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് തിരിച്ചടിയാകും. 6 മാസത്തിൽ താഴെയുള്ള സന്ദർശന വിസയുടെ ഫീസ് 115 പൗണ്ട് ആയാണ് ഉയർന്നിരിക്കുന്നത്. വിദേശ വിദ്യാർഥികൾക്കുള്ള ഫീസ് 490 പൗണ്ട് ആയി ഉയർന്നു.

3 വർഷം വരെയുള്ള സ്കിൽഡ് വർക്കർമാർക്കുള്ള വിസ ഫീസുകൾ 459 പൗണ്ടിൽ നിന്ന് 551 പൗണ്ട് ആയി വർദ്ധിച്ചു . സ്കിൽഡ് വർക്കർ വിസ മൂന്ന് വർഷത്തിൽ കൂടുതൽ ലഭിക്കണമെങ്കിൽ 1500 പൗണ്ട് ആണ് അടയ്ക്കേണ്ടത്. നേരത്തെ ഇത് 1423 പൗണ്ട് ആയിരുന്നു.

എൻഎച്ച്എസ്സിന്റെ നവീകരണത്തിനും പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പള വർദ്ധനവിന്റെ അധിക ചിലവുകൾ കണ്ടെത്തുന്നതിനുമായാണ് വിസ ഫീസുകളിലെ വർദ്ധനവ് ഉപയോഗിക്കുക എന്ന് പ്രധാനമന്ത്രി ഋഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മിഡ് ലാന്റ് – മാഞ്ചസ്റ്റർ അതിവേഗ റെയിൽ പദ്ധതി ബ്രിട്ടൻ ഉപേക്ഷിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഇതിനോട് അനുബന്ധിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ സമ്മേളനത്തിലെ തന്റെ പ്രസംഗത്തിൽ ഇതിന് പകരമായി നിരവധി ബദൽ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കും എന്നാണ് റിപോർട്ടുകൾ. മിഡ് ലാന്റ് – മാഞ്ചസ്റ്റർ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ആഴ്ചകൾ നീണ്ട ഊഹാപോഹങ്ങളും വിവാദങ്ങളും അരങ്ങേറിയിരുന്നു. പദ്ധതിയെക്കുറിച്ച് കൺസർവേറ്റീവ് പാർട്ടിയിൽ തന്നെ രണ്ട് അഭിപ്രായങ്ങൾ നിലനിൽക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.


പദ്ധതി ഒഴിവാക്കാനുള്ള തീരുമാനം പ്രാദേശിക തലത്തിലും ബിസിനസുകാർക്കിടയിലും കടുത്ത എതിർപ്പിന് കാരണമായിട്ടുണ്ട്. പദ്ധതി ഉപേക്ഷിക്കുന്നത് നോർത്തേൺ ഇംഗ്ലണ്ടിലുള്ളവർക്ക് തങ്ങളെ രണ്ടാം തരം പൗരന്മാരാക്കുന്നതെന്ന ചിന്ത നൽകുമെന്ന് മാഞ്ചസ്റ്റർ മേയറും ലേബർ പാർട്ടിയുടെ നേതാവുമായ ആൻഡി ബേൺഹാം പറഞ്ഞു, വെസ്റ്റ് മിഡ് ലാൻഡിലെ തന്നെ കൺസർവേറ്റീവ് പാർട്ടിയുടെ മേയറും പദ്ധതി റദ്ദാക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ അതിവേഗ റെയിൽ പാത യാത്രാസമയം കുറയ്ക്കുമെന്നും ലണ്ടന് പുറത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു .

മിഡ്‌ലാൻഡ് – മാഞ്ചസ്റ്റർ അതിവേഗ റെയിൽ പാതയുടെ ചെലവിനെ കുറിച്ചുള്ള ആശങ്കകൾ ശക്തമായതാണ് പദ്ധതി ഉപേക്ഷിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . പദ്ധതിയുടെ എസ്റ്റിമേറ്റ് ഏകദേശം 71 മില്യൻ പൗണ്ട് ആയിരുന്നു . എന്നാൽ 2019 -ൽ തയ്യാറാക്കിയ ഈ എസ്റ്റിമേറ്റിൽ നിലവിലെ സാഹചര്യത്തിൽ വൻ വർദ്ധനവ് വന്നിട്ടുണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. പണപ്പെരുപ്പത്തിന്റെ തോത് കണക്കിലെടുത്ത് പദ്ധതിയുടെ പ്രായോഗികതയെ കുറിച്ച് വിശകലനം ചെയ്യാത്തത് മണ്ടത്തരമായിരിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് കഴിഞ്ഞമാസം അഭിപ്രായപ്പെട്ടിരുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

നാളെയും വെള്ളിയാഴ്ചയുമായി നടത്താനിരുന്ന ലണ്ടൻ ട്യൂബ് സ്ട്രൈക്ക് യൂണിയൻ പിൻവലിച്ചു. ജോലിയും മറ്റ് സേവന വേതന വ്യവസ്ഥകളും സംബന്ധിച്ചുള്ള ചർച്ചകളിൽ കാര്യമായി പുരോഗതി ഉണ്ടായതായി യൂണിയൻ അറിയിച്ചു.


സമരം നടക്കുകയാണെങ്കിൽ 3000 ത്തോളം റെയിൽ, മാരിടൈം ട്രാൻസ്പോർട്ട് (ആർഎം റ്റി) യൂണിയൻ അംഗങ്ങൾ ബുധനും വെള്ളിയാഴ്ചയും പണിമുടക്കിൽ ഏർപ്പെടുമായിരുന്നതാണ് ഒഴിവായത്. 600 പോസ്റ്റുകൾ ഇല്ലാതാകുന്നതുമായി ബന്ധപ്പെട്ട് യൂണിയനും അധികൃതരുമായി കത്തിൽ ആയിരുന്നു. ജോലി, പെൻഷൻ, വർക്കിങ് എഗ്രിമെൻറ് എന്നീ കാര്യങ്ങളിൽ വിപുലമായ ചർച്ചകൾ ഇനിയും നടക്കേണ്ടതുണ്ടെങ്കിലും പ്രധാന തർക്ക വിഷയങ്ങൾ പരിഹരിക്കപ്പെട്ടതായി യൂണിയൻ അറിയിച്ചു.


ആർ എം റ്റി ഈ ആഴ്ച ആസൂത്രണം ചെയ്ത പണിമുടക്ക് പിൻവലിച്ചതിനും സ്റ്റേഷനുകളുടെ പ്രവർത്തനം തടസ്സമില്ലാതെ നടക്കുന്നതിലും അതിയായ സന്തോഷമുണ്ടെന്ന് ലണ്ടൻ അണ്ടർ ഗ്രൗണ്ടിലെ കസ്റ്റമർ ഓപ്പറേഷൻസ് ഡയറക്ടർ നിക്ക് ഡെന്റ് പറഞ്ഞു. ഇത് ലണ്ടനിലെ ട്യൂബ് യാത്രക്കാരെയും സന്ദർശകരെയും സംബന്ധിച്ച് നല്ല ഒരു വാർത്തയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ ജീവനക്കാരുടെ തൊഴിൽ നഷ്ടവും ജോലിഭാരം കൂടുമെന്ന ഭയവുമാണ് ആർഎം റ്റി യൂണിയനെ സമരത്തിലേക്ക് തള്ളിവിട്ടത്. എന്നാൽ ആർക്കും ജോലി നഷ്ടപ്പെടില്ലെന്ന ഉറപ്പ് മാനേജ്മെന്റിൽ നിന്നും യൂണിയന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 2023-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞർക്ക്. കാറ്റലിൻ കരീക്കോ, ഡ്രൂ വീസ്മാൻ എന്നിവരാണ് ഈ വർഷത്തെ നോബേലിന് അർഹരായത്. ഇവരുടെ കണ്ടുപിടിത്തങ്ങളാണ് കോവിഡ് 19 നെതിരായ എംആർഎൻഎ (മെസഞ്ചർ ആർഎൻഎ) വാക്സിൻ വികസിപ്പിക്കുന്നതിലേക്ക് ശാസ്ത്രസമൂഹത്തെ നയിച്ചത്.

ഹംഗറിയിലെ സഗാൻ യൂണിവേഴ്സിറ്റിയിലെ പ്രഫസറാണ് കാറ്റലിൻ കരീക്കോ. പെൻസിൽവാനിയ സർവകലാശാലയിലെ പ്രഫസറാണ് ഡ്രൂ വീസ്മാൻ. രണ്ട് പേരും പെൻസിൽവാനിയ സർവകലാശാലയിൽ നടത്തിയ പരീക്ഷണമാണ് മരുന്ന് വികസിപ്പിക്കുന്നതിൽ നിർണായകമായത്.

എംആർഎൻഎ എങ്ങനെ രോഗപ്രതിരോധ സംവിധാനവുമായി യോജിച്ച് പ്രവർത്തിക്കുന്നു എന്ന കണ്ടെത്തലാണ് പുരസ്കാര നേട്ടത്തിലേക്ക് രണ്ട് പേരെയും നയിച്ചത്. ഹെപ്പറ്റൈറ്റിസ്, മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്‌സിൻ ഒരുക്കുന്നതിലും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായകമായി. നൊബേൽ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പൾമൻ ആണ് വിജയികളെ പ്രഖ്യാപിച്ചത്. ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 10ന് പുരസ്‌കാരം സമ്മാനിക്കും. സര്‍ട്ടിഫിക്കറ്റും സ്വർണമെഡലും 1.1 കോടി സ്വീഡിഷ് ക്രോണയും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.

ഇന്നലെ ആരംഭിച്ച ഡോക്ടർമാരുടെ 72 മണിക്കൂർ പണിമുടക്ക് രോഗികളെ കടുത്ത ദുരിതത്തിലാക്കി. ജൂണിയർ ഡോക്ടർമാരും കൺസൾട്ടന്മാരുമാണ് മൂന്ന് ദിവസത്തെ സംയുക്ത പണിമുടക്കിൽ പങ്കെടുക്കുന്നത്. സമരമൂലം ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന് എൻഎച്ച്എസ് മേധാവികൾ രോഗികൾക്ക് മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു.


ഇന്നലെ 7 മണിക്ക് ആരംഭിച്ച പണിമുടക്ക് അടിയന്തര സേവനങ്ങളെ ബാധിക്കുമെന്ന് ഉറപ്പാണ്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടക്കുന്നത്. രണ്ടാഴ്ച മുമ്പ് സമാനമായ രീതിയിൽ ഡോക്ടർമാരുടെയും കൺസൾട്ടന്മാരുടെയും സമരം നടത്തിയിരുന്നു. എന്നാൽ ആ സമരം 24 മണിക്കൂർ മാത്രമായതിനാൽ രോഗികൾക്ക് അധികം ദുരിതം സമ്മാനിച്ചിരുന്നില്ല. കോവിഡ് കാലത്തെ സമ്മർദ്ദത്തെ തുടർന്ന് എൻഎച്ച്എസ് സേവനങ്ങൾക്കായി കാത്തിരിക്കുന്നവരുടെ പട്ടിക വളരെ കൂടിയിരുന്നു. എൻഎച്ച്എസിൽ നടന്നുകൊണ്ടിരിക്കുന്ന തുടർ സമരങ്ങൾ രോഗികളുടെ കാത്തിരിപ്പ് സമയം ഇനിയും കൂട്ടുമെന്ന ആശങ്കയിലാണ് അധികൃതർ.


തുടർച്ചയായ സമരങ്ങൾ വെല്ലുവിളി നിറഞ്ഞതാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിസ് പറഞ്ഞു. അടിയന്തര പരിചരണം ആവശ്യമുള്ള ആളുകളോട് എ & ഇ യൂണിറ്റുകളെ ആശ്രയിക്കാനോ 999 എന്ന നമ്പറിൽ വിളിക്കാനോ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ 111 എന്ന നമ്പറിൽ ആണ് ബന്ധപ്പെടേണ്ടത്. കഴിഞ്ഞ ഡിസംബറിൽ എൻഎച്ച്എസ് പണിമുടക്ക് ആരംഭിച്ചതിനുശേഷം ഇതുവരെ ഒരു ദശലക്ഷത്തിലധികം രോഗികളുടെ ബുക്കിങ്ങുകൾ പുന:ക്രമീകരിക്കേണ്ടതായി വന്നതായാണ് കണക്കുകൾ .

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൂപ്പർമാർക്കറ്റുകൾ തമ്മിലുള്ള കടുത്ത മത്സരം മൂലം രണ്ട് വർഷത്തിനുള്ളിൽ ആദ്യമായി രാജ്യത്തെ ഭക്ഷ്യവിപണിയിൽ വിലകുറഞ്ഞു. സെപ്റ്റംബർ മാസത്തിൽ വില കഴിഞ്ഞ മാസത്തേക്കാൾ 0.1% കുറഞ്ഞതായാണ് ബ്രിട്ടീഷ് റീറ്റെയിൽ കൺസോർഷ്യം (ബി ആർ സി ) വെളിപ്പെടുത്തിയത്. പാലുത്പന്നങ്ങൾ, മത്സ്യം , പച്ചക്കറികൾ എന്നിവയുടെ വിപണി വിലയാണ് കുറഞ്ഞത്. എന്നാൽ പലചരക്ക് സാധനങ്ങളുടെ വില ഉയർന്ന നിലയിൽ തന്നെയാണെങ്കിലും വരും മാസങ്ങളിൽ കുറയുമെന്നാണ് കരുതപ്പെടുന്നത്.


മൊത്തത്തിൽ ഭക്ഷ്യേതര സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില 6.2% ആയി കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. സ്കൂൾ യൂണിഫോമുകളുടെയും കുട്ടികൾക്ക് ആവശ്യമായ മറ്റ് സാധനങ്ങളുടെയും വിലകുറഞ്ഞത് കുടുംബങ്ങളെ വളരെയേറെ സഹായിച്ചതായി ബി ആർ സി പറഞ്ഞു. ഈ വർഷം മുതൽ വിലക്കയറ്റം മന്ദഗതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബി ആർ സി യുടെ ചീഫ് എക്സിക്യൂട്ടീവ് ഹെലൻ സീക്കിൻസൺ പറഞ്ഞു.


എന്നാൽ സൂപ്പർമാർക്കറ്റുകൾ വില കുറച്ചിട്ടും കുടുംബ ബഡ്ജറ്റുകൾ താളം തെറ്റിയതായി ബി ആർ സി യുമായി ചേർന്ന് ഷോപ്പ് വിലസൂചിക നിർണ്ണയിക്കുന്ന നീൽസെൻഐക്യു, -ൽ നിന്നുള്ള മൈക്ക് വാറ്റ് കിൻസ് പറഞ്ഞു. യുകെയിൽ ആഗസ്റ്റ് വരെയുള്ള പണപ്പെരുപ്പ നിരക്ക് 6.7% ആയി കുറഞ്ഞത് പാൽ, ചീസ്, പച്ചക്കറി എന്നിവയുടെ വിലയിടിവിന് സഹായിച്ചതായാണ് കണക്കുകൂട്ടുന്നത്. പണപ്പെരുപ്പത്തിലെ കുറവാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ കഴിഞ്ഞ മാസം നടന്ന യോഗത്തിൽ യുകെയിലെ പലിശ നിരക്കിൽ മാറ്റമില്ലാതെ നിലനിർത്താൻ സഹായിച്ചത്

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് 90 മിനിറ്റോളം ഓഫ്‌ലൈനാക്കിയ സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് റഷ്യൻ ഹാക്കർമാർ. royal.uk എന്ന URL ഇന്നലെ രാവിലെ എറർ സന്ദേശം കാണിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യൻ ഹാക്കർ ഗ്രൂപ്പായ ഹാക്ക് ടിവിസ്റ്റ് കിൽമിൽക്ക് തങ്ങളുടെ ആക്രമണം വിജയിച്ചതായി പോസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതു മുതൽ ഉക്രെയ്‌നെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെ, പ്രത്യേകിച്ച് നാറ്റോ രാജ്യങ്ങൾക്കെതിരെയുള്ള ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് (ഡിഡിഒഎസ്) ക്യാമ്പെയ്‌നുകൾ കിൽനെറ്റ് നടത്തിയിരുന്നു.

ഡിഡിഒഎസ് ആക്രമണങ്ങൾ മിനിറ്റിൽ ആയിരക്കണക്കിന് കണക്ഷൻ അഭ്യർത്ഥനകളും പാക്കറ്റുകളും ടാർഗെറ്റ് സെർവറിലേക്കോ വെബ്‌സൈറ്റിലേക്കോ അയയ്‌ക്കും. ഇത് സിസ്റ്റങ്ങളെ മന്ദഗതിയിലാക്കും. കിൽനെറ്റ് ആക്രമണങ്ങൾ സാധാരണയായി വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാറില്ല. എന്നാൽ ഇവ മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനിൽക്കുന്ന തകരാറുകൾക്ക് കാരണമാകും. അമേരിക്കൻ ജനതയുടെ ആരോഗ്യ-വ്യക്തിഗത വിവരങ്ങളുടെ വിൽപ്പന ഉൾപ്പെടെ, ഹെൽത്ത് കെയർ, പബ്ലിക് ഹെൽത്ത് മേഖലയിലെ ഓർഗനൈസേഷനുകളെ ടാർഗെറ്റുചെയ്യുമെന്ന് കിൽമിൽക്ക് മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു.

റൊമാനിയൻ സർക്കാർ വെബ്‌സൈറ്റുകൾക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കിൽനെറ്റ് അംഗമെന്ന് കരുതപ്പെടുന്ന 23 കാരനെ കഴിഞ്ഞ വർഷം മെയ് മാസത്തിൽ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ ബ്രിട്ടീഷ് ആശുപത്രികളിലെ വെന്റിലേറ്ററുകൾ ലക്ഷ്യമിടുമെന്ന ഭീഷണിയുമായി സംഘം രംഗത്ത് വന്നിരുന്നു. യുകെ ആരോഗ്യ മന്ത്രാലയത്തിനെതിരെയും ഭീഷണികൾ ഉയർന്നിരുന്നു.

സ്കോട്ട്ലൻഡ്: മലയാളം യുകെ ന്യൂസ് സ്കോട്ട്ലന്റിൽ വച്ച് നടത്തുന്ന അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സിനും കെയറർക്കും മികവിന്റെ അംഗീകാരം നൽകുന്നു. ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനിക്കുന്നത്. താല്പര്യമുള്ളവർക്കും അതോടൊപ്പം തന്നെ നിങ്ങളുടെ കൂട്ടുകാരായ ആരെങ്കിലും ആരോഗ്യ രംഗത്ത് നൽകിയിട്ടുള്ള കാര്യങ്ങൾ അത് ചെറുതോ വലിയതോ ഏതുമാകട്ടെ നിങ്ങൾക്ക് അവരെ നോമിനേറ്റ് ചെയ്യുവാനുള്ള അവസരവും ഉണ്ട് എന്ന് അറിയുക. ഈ മാസം ( ഒക്ടോബർ) 10-ാം തീയതിക്ക് മുമ്പായി [email protected] എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷിക്കുന്നവർ നിങ്ങളുടെ പേര്, ജോലി ചെയ്യുന്ന സ്ഥലം അല്ലെങ്കിൽ ചെയ്തിരുന്ന സ്ഥലം, ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്സ്, ഒരു ഫോട്ടോ എന്നിവ ഉൾപ്പെടുത്തിയ ശേഷം താഴെ കൊടുത്തിരിക്കുന്ന ഭാഗം കൂടി ചേർത്താൽ നിങ്ങളുടെ ആപ്ലിക്കേഷൻ ആയി…. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ മറ്റുള്ളവർക്ക് അതൊരു പ്രചോദനം ആകുന്നു എന്ന് തിരിച്ചറിയുക. അതുകൊണ്ട് ഇന്ന് തന്നെ അപ്ലിക്കേഷൻ പൂരിപ്പിച്ച് ചെയ്‌ത്‌ അയക്കുക.

മികച്ച നേഴ്സിനും കെയറർക്കുമുള്ള അവാർഡിനായി അപേക്ഷകൾ അയക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണം .

Criteria Nurse And Carer of the year

A-Self nomination or nomination by others

B- All shortlisted nominations will get recognition

C- Nomination deadline October 10th.

1 (a)-Describe the initiatives undertaken to improve quality of patient care or patient safety in your work environment last 12 months

maximum 200 words

1(b) -Describe the challenges faced and how you overcome them

Maximum 200 words

1(c) -Describe the impact on patients

Maximum 200 words

1(d) – what differentiates you from other nurses

Maximum 200 words

Any enquires contact – 07717754609

വിജയിയെ തിരഞ്ഞെടുക്കുന്നവരെ അറിയാം

കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ലീഡ് നേഴ്സുമായി സേവനം ചെയ്യുന്ന മിനിജാ ജോസഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മികച്ച നേഴ്സിനെയും കെയററെയും തെരഞ്ഞെടുക്കുന്നത്. 2008ലും 2015ലും ബെസ്റ്റ് തീയേറ്റർ നേഴ്സ് ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ മിനിജ ജോസഫ് 2017 – ൽ ബക്കിംഗ്ഹാം പാലസിലെ ഗാർഡൻ പാർട്ടിയിൽ രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു . കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ആദ്യമായി റോബോട്ടിക് സർജറി നടത്തിയ മെഡിക്കൽ സംഘത്തിൽ മലയാളി നേഴ്സ് മിനിജാ ജോസഫ് ഉൾപ്പെട്ടത് ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാർക്ക് അഭിമാനമായിരുന്നു . കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ വൻ പ്രതിസന്ധിയെ നേരിട്ടപ്പോൾ പി പി ഇ കിറ്റ് ഉപയോഗിക്കുന്നത് മുതലുള്ള കാര്യങ്ങളെ കുറിച്ച് മിനിജാ ജോസഫ് ചെയ്ത വീഡിയോകൾ വളരെ ശ്രദ്ധ നേടിയിരുന്നു.

മിനിജാ ജോസഫിന് ഒപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ .

23 വർഷമായി എൻഎച്ച്എസ്സിലെ വിവിധ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സേവനമനുഷ്ഠിക്കുന്ന ജെനി കാഗുയോവ 2016 -ൽ ബ്രിട്ടീഷ് ജേർണൽ ഓഫ് നേഴ്സിങ്ങിന്റെ ഐ വി തെറാപ്പി നേഴ്സ് ഓഫ് ദ ഇയർ അവാർഡ് ജേതാവാമികവിന്റെ അംഗീകാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് പ്രവർത്തന മികവിന്റെയും അർപ്പണമനോഭാവത്തിന്റെയും പ്രതിഫലമായി എൻഎച്ച്എസ് ഇംഗ്ലണ്ടിലെ ചീഫ് നേഴ്സിങ് ഓഫീസറുടെ ഉപദേശകയായിരുന്നു ജെനി. ഈ സ്ഥാനത്ത് വരുന്ന ആദ്യത്തെ ഫിലിപ്പീൻസുകാരി എന്നു മാത്രമല്ല ബ്ലാക്ക് ന്യൂനപക്ഷ വംശത്തിൽപ്പെട്ടയാളുമാണ് ജെനി. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറർനാഷണൽ നേഴ്സിങ് ആൻഡ് മിഡ് വൈഫറി അസോസിയേഷനുമായി സഹകരിച്ച് യുകെയിലെത്തുന്ന മറ്റ് രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന നേഴ്സുമാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജെനി ഫ്ളോറിങ് സ്നൈറ്റിങലിന്റെ ഫൗണ്ടേഷൻ ഗ്ലോബൽ നേതൃസ്ഥാനവും അലങ്കരിക്കുന്നുണ്ട്.

35 വർഷമായി എൻഎച്ച്എസിൻ്റെ ഭാഗമായ കെറി വാൾട്ടേഴ്സ് വയോജനങ്ങളുടെ പരിചരണം എമർജൻസി / അക്യൂട്ട് മെഡിസിൻ, വൃക്ക രോഗികളുടെ ഡയാലിസിസ് എന്നീ മേഖലകളിൽ തന്റെ നിസ്വാർത്ഥ സേവനം നൽകിയ വ്യക്തിത്വമാണ്. പുതിയതായി എൻഎച്ച്എസിൽ റിക്രൂട്ട് ചെയ്യുന്നവരുടെ പരിശീലനത്തിലും തൻറെ സംഭാവനകൾ നൽകാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് രോഗി പരിചരണത്തിലും പ്രതിരോധ കുത്തിവയ്പ്പ് ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിലും കെറിയുടെ പ്രവർത്തനം സുത്യർഹമായിരുന്നു. .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നാഷണൽ ലിവിങ് വേജ് അടുത്ത ഏപ്രിൽ മുതൽ മണിക്കൂറിന് 11 പൗണ്ടായി ഉയർത്തിയേക്കും. ഈ നീക്കം ഏറ്റവും കുറഞ്ഞ ശമ്പളമുള്ള ഇരുപത് ലക്ഷം തൊഴിലാളികൾക്ക് പ്രയോജനപ്പെടുമെന്ന് കൺസർവേറ്റീവ് പാർട്ടി കോൺഫറൻസിൽ ഇന്ന് നടത്തുന്ന പ്രസംഗത്തിൽ ചാൻസലർ ജെറമി ഹണ്ട് പറഞ്ഞേക്കും. നാഷണൽ ലിവിങ് വേജ് നിലവിൽ മണിക്കൂറിന് 10.42 പൗണ്ട് ആണ്. ലോ പേ കമ്മീഷന്റെ സ്വതന്ത്ര ഉപദേശക സംഘത്തെ അടിസ്ഥാനമാക്കി ഓരോ വർഷവും സർക്കാർ നിരക്കുകൾ തീരുമാനിക്കുന്നു. മന്ത്രിമാർ പൊതുവെ കമ്മിഷന്റെ ശുപാർശകൾ അംഗീകരിക്കുന്നു.

ലോ പേ കമ്മീഷൻ അടുത്ത വർഷത്തേക്കുള്ള ശുപാർശകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, സർക്കാരിന്റെ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ നിരക്ക് 10.90 പൗണ്ടിനും 11.43 പൗണ്ടിനും ഇടയിലായിരിക്കുമെന്ന് കണക്കാക്കുന്നു. നാഷണൽ ലിവിങ് വേജിൽ ഒരു മുഴുവൻ സമയ തൊഴിലാളിയുടെ വാർഷിക വരുമാനം അടുത്ത വർഷം 1,000 പൗണ്ട് വർദ്ധിക്കുമെന്ന് കൺസർവേറ്റീവ്സ് പറഞ്ഞു.

എന്നിരുന്നാലും, ആനുകൂല്യങ്ങൾക്കായുള്ള പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നവംബർ വരെ പ്രസ്താവിക്കില്ല. ആളുകളെ തൊഴിലിലേക്ക് തിരികെ കൊണ്ടുവരിക എന്നത് സമ്പദ്‌വ്യവസ്ഥയെ വളർത്തുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാണ്. അതേസമയം, നികുതി കുറയ്ക്കുക എന്ന ആശയവും സ്വന്തം പാർട്ടിയിൽ നിന്ന് ഉയരുന്നുണ്ട്. ബിസിനസുകൾക്കുള്ള കോർപ്പറേഷൻ നികുതി വെട്ടിക്കുറയ്ക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചുകൊണ്ട് മുൻ പ്രധാനമന്ത്രി ലിസ് ട്രസ് പ്രസംഗം നടത്തും. സാമ്പത്തിക പശ്ചാത്തലം മെച്ചപ്പെടുന്നതുവരെ നികുതി വെട്ടിക്കുറയ്ക്കൽ ഇപ്പോൾ അസാധ്യമാണെന്ന് ചാൻസലർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് ലോകത്തിൽ നിന്ന് പൂർണ്ണമായി വിട്ടു മാറിയിട്ടില്ലെന്ന് എൻഎച്ച്എസ്. ശൈത്യകാലത്തിന് മുന്നോടിയായാണ് മുന്നറിയിപ്പുമായി വിദഗ്ദ്ധർ രംഗത്ത് വന്നിരിക്കുന്നത്. സൗജന്യ ഫ്ലൂ, കോവിഡ് വാക്സിനുകൾ ലഭിക്കാൻ അർഹതയുള്ള ഏതൊരാൾക്കും അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിൻെറ ഭാഗമായി ഇവ സ്വീകരിക്കാമെന്ന് ഡോ. തോമസ് വെയ്റ്റ് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ കണക്കുകൾ അനുസരിച്ച് ഫ്ലൂ വാക്സിൻ 25,000 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിൽ നിന്ന് തടഞ്ഞിട്ടുണ്ട്. ഇൻഫ്ലുവൻസ, കോവിഡ് വാക്സിനേഷൻ പ്രോഗ്രാമുകൾ ഈ മാസം ആരംഭിക്കേണ്ടതാണെങ്കിലും, പുതിയ കോവിഡ് വേരിയന്റായ BA.2.86 സംബന്ധിച്ച ആശങ്കകൾ കാരണം ഇവ സെപ്റ്റംബറിൽ തന്നെ ആരംഭിച്ചിരുന്നു. നിലവിൽ 65 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്കും കെയർ ഹോം അന്തേവാസികൾക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് വാക്‌സിൻ ലഭിക്കുന്നത്. യുകെയിൽ സ്വകാര്യമായി കോവിഡ് വാക്സിനുകൾ ലഭ്യമല്ല.

ഗർഭിണികൾ, 65 വയസ്സിനു മുകളിലുള്ളവർ, പ്രത്യേക ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് ഫ്ലൂ ജാബ് സൗജന്യമായി ലഭ്യമാണ്. രണ്ട് വയസ്സ് മുതലുള്ള കുട്ടികൾക്ക് നാസൽ സ്പ്രേ ആയി വാക്സിൻ ലഭിക്കും. ഫ്ലൂ വാക്സിൻ സ്വീകരിച്ചത് മൂലം കഴിഞ്ഞ വർഷം 25,000 പേർക്ക് ആശുപത്രി ചികിത്സ ഒഴിവാക്കാൻ സാധിച്ചുവെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ കണക്കുകൾ പറയുന്നു.

Copyright © . All rights reserved