Main News

ഷിബു മാത്യു

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ദേശീയ ബൈബിൾ കലോത്സവം സ്കൻതോർപ്പ് ഫെഡറിക് സ്കൂളിൽ അരങ്ങേറി. 12 റീജിയണുകളിലെ മത്സര വിജയികളാണ് രൂപതയുടെ ബൈബിൾ കലോത്സവത്തിന് എത്തിച്ചേർന്നത്. 12 വേദികളിലായി നടന്ന മത്സരത്തിൽ 1500 ഓളം പ്രതിഭകളാണ് പങ്കെടുത്തത്. ദൈവകാരണത്തിന്റെ വലിയ സാക്ഷ്യമാണ് ഇത്രയും രൂപതാംഗങ്ങൾ ബൈബിൾ കലോത്സവത്തിന്റെ കുടക്കീഴിൽ ഒത്തുചേർന്നത് എന്ന് ബൈബിൾ കലോത്സവം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് യുകെയിൽ എത്തിച്ചേർന്ന സീറോ മലബാർ സഭാംഗങ്ങളാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിൽ ഉള്ളത്. അതുകൊണ്ടുതന്നെ ബൈബിൾ കലോത്സവം കാസർകോഡ് മുതൽ കന്യാകുമാരി വരെയുള്ള കേരളത്തിൻറെ പ്രാതിനിധ്യം പ്രതിഫലിപ്പിക്കുന്നതായിരുന്നു. തങ്ങളുടെ കുട്ടികളെ വിവിധ വിഭാഗങ്ങളിൽ പരിശീലനം നൽകാനും പങ്കെടുപ്പിക്കാനും മാതാപിതാക്കളും വിവിധ ഇടവക തലത്തിലും റീജിയണൽ തലത്തിലുമുള്ള കോ- ഓർഡിനേറ്റേഴ്സും എടുക്കുന്ന ആത്മാർത്ഥമായ സമീപനം കാരണം എല്ലാ മത്സരങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ കലോത്സവമായാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കലോത്സവം അറിയപ്പെടുന്നത്.

വികാരി ജനറലമാരായ ഫാ . ജിനോ അരീക്കാട്ട് എം സി ബി എസ് , ഫാ സജിമോൻ മലയിൽ പുത്തൻപുരയിൽ , ചാൻസിലർ ഫാ.ഡോ മാത്യു പിണക്കാട് ,ഫിനാൻസ് ഓഫിസർ ഫാ . ജോ മൂലച്ചേരി വി സി ബൈബിൾ അപോസ്റ്റലേറ്റ് ചെയർമാൻ ഫാ. ജോർജ് എട്ടുപറ ,കോഡിനേറ്റർ ആന്റണി മാത്യു , ജോയിന്റ് കോഡിനേറ്റേഴ്‌സ്മാരായ ജോൺ കുര്യൻ , മർഫി തോമസ് , ബൈബിൾ കലോത്സവം ജോയിന്റ് കോഡിനേറ്റർ ജിമ്മിച്ചൻ ജോർജ് , ഫാ . ജോജോ പ്ലാപ്പള്ളിൽ സി .എം .ഐ , ഫാ ജോസഫ് പിണക്കാട് രൂപതയിലെ വിവിധ റീജനുകളിൽ നിന്നുള്ള വൈദികർ അല്മായ പ്രതിനിധികൾ എന്നിവരുടെ വിവിധ കമ്മറ്റികളാണ് കലോത്സവത്തിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്ലാക്ബേണില്‍ താമസിക്കുന്ന എലിസബത്ത് മാണി (26) വിടവാങ്ങി. യുകെയിൽ എത്തി ആറ് മാസം മാത്രം ആയിരിക്കെയാണ് എലിസബത്തിൻെറ മരണം. രണ്ടാഴ്ച മുൻപ് എലിസബത്തിന് ഗർഭസ്ഥ ശിശുവിനെ നഷ്ടമായിരുന്നു. ഇതിനുശേഷം അവശതകൾ കാണിച്ച എലിസബത്ത് വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഇതിനു പിന്നാലെ ലീഡ്‌സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ് കരളില്‍ പടര്‍ന്നു പിടിച്ച ക്യാന്‍സര്‍ അവസാന ഘട്ടത്തില്‍ ആണെന്ന് തിരിച്ചറിയുന്നത്.

രോഗം അതിൻെറ മൂര്‍ധന്യാവസ്ഥയില്‍ എത്തിയതിനാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ആയിരുന്നു. ഭര്‍ത്താവ് റോഫി ഗണരാജ് നേഴ്‌സാണ്. എലിസബത്തിന്റെ കുടുംബം ഏറെക്കാലമായി ചെന്നൈ നിവാസികളാണ്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.

എലിസബത്ത് മാണിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇന്ത്യ ഓസ്ട്രേലിയ കലാശപോരാട്ടത്തിന് കളമൊരുങ്ങി കഴിഞ്ഞു. ആരാധകരുടെ മനസ്സിൽ ഒരു ചോദ്യം മാത്രം. ഏകദിനത്തിലെ രാജാവാകുന്നത് ആര്? ഈ ലോകകപ്പിൽ അജയ്യരായി തുടരുന്ന ഇന്ത്യയോ? അതോ ലോകകപ്പിന്റെ ചരിത്രത്തിൽ കൂടുതൽ കപ്പ് ഉയർത്തിയിട്ടുള്ള ഓസീസോ.. ന്യൂസ് ലാൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ആ മത്സരത്തിന് മുമ്പ്, അനുവാദം ലഭിക്കുന്നതിന് മുമ്പ് ഇന്ത്യ പിച്ച് പരിശോധിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. ഐസിസിയുടെ അനുവാദമില്ലാതെ ഇന്ത്യയുടെ നിര്‍ദേശ പ്രകാരം പിച്ചില്‍ മാറ്റം വരുത്തിയെന്ന ആരോപണം ഡെയ്‌ലി മെയ്ല്‍ ആണ് റിപ്പോർട്ട്‌ ചെയ്തത്.

കഴിഞ്ഞ ദിവസം മുംബൈയിലെ പിച്ചില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ് പരിശോധന നടത്തുന്ന ചിത്രം പുറത്തുവന്നിരുന്നു. ഐസിസിയുടെ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് പിച്ച് തയ്യാറാക്കുന്നത്. ഇതില്‍ മാറ്റം വരുത്തണമെങ്കില്‍ ഇവരുടെ അറിവോടെയായിരിക്കണം. എന്നാല്‍ ബിസിസി ഐയുടെ ഇടപെടല്‍ മൂലം ഐസിസിയെ അറിയിക്കാതെ പിച്ചില്‍ മാറ്റം വരുത്തിയെന്ന ആരോപണമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. എന്നാല്‍ ഈ ആരോപണം ബിസിസി ഐ വൃത്തങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. ‘വേദിയില്‍ ഐസിസിയുടെ നിര്‍ദേശം അനുസരിച്ചുള്ള പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ ലോകകപ്പിലെ എല്ലാ വേദികളും അങ്ങനെ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ബിസിസി ഐയുടെ പരിശോധനയും ഇതിന്റെ ഭാഗമായി ഉണ്ടായിട്ടുണ്ട്.

ആതിഥേയ രാജ്യം സ്ലോ പിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനനുസരിച്ചുള്ള പിച്ചാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്’- ബിസിസി ഐ വൃത്തം പറഞ്ഞു. എന്നാല്‍ ഇന്ത്യ തങ്ങള്‍ക്ക് ആധിപത്യം നേടാന്‍ സഹായിക്കുന്ന തരത്തില്‍ പിച്ച് തയ്യാറാക്കാന്‍ ക്യൂറേറ്ററോട് ആവശ്യപ്പെട്ടെന്നാണ് വിവാദം ഉയർന്നത്. എന്നാൽ വിവാദങ്ങളെ എല്ലാം കാറ്റിൽപറത്തിയാണ് ഇന്ത്യ മാസ്മരിക ജയം നേടിയത്. ഇനി അവസാന യുദ്ധത്തിനായുള്ള പെരുമ്പറ മുഴക്കം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹമാസിനെ പിന്തുണച്ച് പ്രസംഗം നടത്തിയ വിദ്യാർത്ഥി യൂണിയൻ വനിതാ ഓഫീസർക്ക് യുകെ വിടുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഡിസംബർ 8 – ന് ഓൾഡ് ബെയ്‌ലിയിൽ വിചാരണ നേരിടുന്നതു വരെയാണ് വിലക്ക്. അതുവരെ 22 വയസ്സുകാരിയായ ഹനിൻ ബർഗൂത്തി എല്ലാദിവസവും അവളുടെ വിലാസത്തിൽ തന്നെയായിരിക്കണം താമസിക്കുന്നത് എന്ന കർശന നിർദേശമാണ് പോലീസിന്റെ ഭാഗത്തുനിന്നും നൽകിയിരിക്കുന്നത്.

കഴിഞ്ഞദിവസം വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ നടന്ന വാദത്തിൽ ബർഗൂത്തി പോലീസിന്റെ ആരോപണങ്ങൾ നിരസിച്ചിരുന്നു . എന്നാൽ അവളുടെ വാദങ്ങളെ തള്ളിയ കോടതി കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്താരാഷ്ട്ര യാത്രകൾക്കായി ശ്രമിക്കരുത് , പോലീസിൽ നൽകിയിരിക്കുന്ന മൊബൈൽ ഫോൺ അല്ലാതെ ഉപയോഗിക്കാൻ പാടില്ല തുടങ്ങിയവയാണ് ജാമ്യം അനുവദിക്കുന്നതിനുള്ള പ്രധാന ഉപാധികൾ .


ഡിസംബർ 8 – ന് ഓൾഡ് ബെയ്‌ലിയിൽ ഹാജരാകുന്നതു വരെയാണ് വ്യവസ്ഥകളോടെ ചീഫ് മജിസ്ട്രേറ്റ് പോൾ ഗോൾഡ്‌സ്‌പ്രിംഗ് ജാമ്യം അനുവദിച്ചത്. ഹനിൻ ബർഗൂത്തി ക്രിമിനൽ ആണോ അല്ലയോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം ഒന്നും എടുക്കുന്നില്ലെങ്കിലും വിശദമായ വാദം കോടതി കേട്ടതിനു ശേഷം തുടർനടപടികൾ വ്യക്തമാക്കുമെന്നാണ് ജഡ്ജി അവളോട് പറഞ്ഞത്. ഇസ്രയേൽ – ഹമാസ് സംഘർഷം യുകെയിൽ വലിയ പ്രത്യാഘാതങ്ങൾ ആണ് സൃഷ്ടിച്ചിരിക്കുന്നത്. പാലസ്തീൻ അനുകൂല റാലിയിൽ കഴിഞ്ഞ ആഴ്ച മൂന്നുലക്ഷം പേരാണ് പങ്കെടുത്തത്. ഇസ്രായേൽ വെടി നിർത്തണമെന്ന് ആവശ്യപ്പെടുന്ന കാര്യത്തിൽ എംപിമാരുടെ ഇടയിൽ തന്നെ രണ്ടു പക്ഷമുണ്ട്. ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ ഇസ്രയേൽ അനുകൂല നിലപാടിനോട് കടുത്ത എതിർപ്പാണ് സ്വന്തം പാർട്ടിയിൽ നിന്നും ഉയർന്നുവന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്തെ 24 ശതമാനത്തിലേറെ യൂട്യൂബേഴ്സ് ഉൾപ്പെടെയുള്ള കണ്ടന്റ് ക്രിയേറ്റഴ്സ് നികുതി അടയ്ക്കുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ പുതിയ നീക്കവുമായി എച്ച്എംആർസി. ഇത്തരക്കാരിൽ നിന്ന് ഇനി പിഴ ചുമത്തുമെന്ന് എച്ച്എം റെവെന്യു ആൻഡ് കസ്റ്റംസ് വ്യക്തമാക്കി. യുകെയിലെ കണ്ടന്റ് ക്രിയേറ്റർമാരിൽ നാലിൽ ഒരാൾ അണ്ടർഗ്രൗണ്ട് ഇക്കോണമിയുടെ ഭാഗമായാണ് അവകാശപ്പെടുന്നത്. ഇത്തരക്കാർക്ക് നികുതിയിൽ നിന്ന് ഇളവ് ഹിസ് മജസ്റ്റിസ് റവന്യൂ ആൻഡ് കസ്റ്റംസ് നൽകുന്നുണ്ട്.

ഏകദേശം രണ്ടായിരം കണ്ടന്റ് ക്രിയേറ്റേഴ്സിനെ വച്ച് ക്വിർക്കി ഡിജിറ്റൽ അടുത്തിടെ നടത്തിയ ഒരു സർവേയിൽ, 24% പേർ തങ്ങൾ നികുതി അടയ്ക്കുന്നില്ല എന്ന് സമ്മതിച്ചിരുന്നു. ഇത്തരക്കാർ അറിയാതെ ആണെകിലും നികുതി വെട്ടിക്കാൻ ശ്രമിക്കുന്ന വലിയൊരു സംഘത്തിൻെറ ഭാഗമാകുകയാണ്. ഇവ കനത്ത പിഴയോ ജയിൽ ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പല കണ്ടന്റ് ക്രിയേറ്റേഴ്സിനും നികുതിയെ കുറിച്ചും മറ്റും വലിയ ധാരണ ഇല്ലാത്തതും നികുതി വെട്ടിക്കലിന് ഒരു കാരണമാണ്.

നികുതി വെട്ടിപ്പിനെതിരെ എച്ച്എംആർസി കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഒരു മുൻകരുതൽ നടപടിയെന്ന നിലയിൽ, നിങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർ ആണെങ്കിൽ ഒരു ടാക്സ് പ്രൊഫഷണലിൽ നിന്ന് ഉപദേശം തേടുന്നത് നല്ലതായിരിക്കും. ഇത്തരത്തിൽ പ്രതിവർഷം കോടിക്കണക്കിന് നികുതി വരുമാനം നഷ്ടപ്പെടുന്നുണ്ടെന്ന് എച്ച്എംആർസി പറയുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

അവധിയ്ക്കായി നാട്ടിലെത്തിയ യുകെ മലയാളിയ്ക്ക് അപകടത്തിൽ ദാരുണാന്ത്യം. മുപ്പത്തഞ്ചുകാരനായ രഞ്ജിത്ത് ജോസഫാണ് മരണമടഞ്ഞത്. കാണക്കാരി സ്വദേശിയാണ് രഞ്ജിത്ത്. ഏറ്റുമാനൂര്‍ പാറോലിക്കലില്‍ വച്ച് രഞ്ജിത്ത് ഓടിച്ചിരുന്ന ബുള്ളറ്റും മറ്റൊരു പള്‍സര്‍ ബൈക്കും തമ്മിൽ ഉരസുകയായിരുന്നു. നിയന്ത്രണം നഷ്ടമായ രഞ്ജിത്തിന്റെ ബൈക്ക് സമീപത്തെ പോസ്റ്റില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റില്‍ തലയിടിച്ചിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണു രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പുതന്നെ മരണം സംഭവിച്ചിരുന്നു.

ബൈക്കിലുണ്ടായിരുന്ന ആളും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുകെയില്‍ ജോലി ചെയ്യുന്ന രഞ്ജിത്ത് കുറച്ച് ദിവസങ്ങള്‍ക്കു മുമ്പാണ് അവധിയ്ക്ക് നാട്ടിലെത്തിയത്. ഭാര്യ റിയ യുകെയില്‍ നേഴ്‌സായി ജോലി ചെയ്യുകയാണ്. ഏക മകള്‍ : ഇസബെല്ല. സംസ്‌കാരം നാളെ ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ചര്‍ച്ചില്‍ നടക്കും.

രഞ്ജിത്ത് ജോസഫിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പതിനെട്ട് മാസത്തിലേറെയായി ജോലി കണ്ടെത്താനാവാത്ത ആനുകൂല്യ ക്ലെയിമുകൾ ലഭിക്കുന്നവർക്ക് തിരിച്ചടിയായി പുതിയ സർക്കാർ നടപടി. അടുത്ത വർഷ അവസാനത്തോടെ ആയിരിക്കും പുതിയ നിയമം പ്രാബല്യത്തിൽ വരിക. ഇത് നിരസിക്കുന്നവരുടെ ആനുകൂല്യങ്ങൾ ഒരു കാലയളവിലേയ്ക്ക് വരെ തടയുമെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ സർക്കാരിൻെറ ഭാഗത്ത് നിന്നുള്ള ഇത്തരത്തിലുള്ള ഒരു നടപടി ജനങ്ങളുടെ മാനസികാരോഗ്യം വഷളാക്കുമെന്ന് ചാരിറ്റി മൈൻഡ് പറഞ്ഞു.

ആളുകളെ ജോലിയിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പുതിയ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. പദ്ധതി പാർലമെന്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. പദ്ധതി പ്രകാരം സ്റ്റാൻഡേർഡ് യൂണിവേഴ്സൽ ക്രെഡിറ്റ് അലവൻസിന് മാത്രം അർഹതയുള്ളവർ,ആറ് മാസത്തിന് ശേഷം അവർക്ക് വാഗ്ദാനം ചെയ്യുന്ന ജോലി സ്വീകരിക്കാൻ വിസമ്മതിക്കുകയാണെങ്കിൽ അവരുടെ ക്ലെയിമുകൾ താത്കാലികമായി നിർത്തലാക്കും.

ഇത്തരക്കാർക്ക് ആനുകൂല്യം ലഭിക്കുന്നത് തുടരണമെങ്കിൽ വീണ്ടും അപേക്ഷാ പ്രക്രിയയിലൂടെ കടന്നുപോകേണ്ടിവരും. ഇത് കൂടാതെ സൗജന്യ പ്രിസ്ക്രിപ്ഷൻ, നിയമ സഹായം എന്നിവയ്ക്കുള്ള അവസരവും നഷ്ടമാകും. ട്രഷറിയുടെ കണക്കനുസരിച്ച്, പകർച്ചവ്യാധിക്ക് ശേഷം ജോലി ചെയ്യാത്ത ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഈ വർഷം ജൂലൈ വരെയുള്ള കണക്കുകൾ അനുസരിച്ച് ഒരു വർഷത്തിലേറെയായി ജോലി ചെയ്യാത്തതായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 300,000 പേരാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനിലെ ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ ദുരന്തത്തിന്റെ കണ്ണുനീർ വറ്റുന്നില്ല. പടക്കം പൊട്ടി വീടിന് തീപിടിച്ച സംഭവത്തിൽ മരണസംഖ്യ ആറായി ഉയർന്നു.ആരോൻ കിഷനും ഭാര്യ സീമയും അവരുടെ 3 മക്കൾക്കൊപ്പം താമസിച്ചിരുന്ന വീടിനാണ് ഞായറാഴ്ച ദീപാവലി ആഘോഷങ്ങൾക്കിടയിൽ തീപിടിച്ച് വൻ ദുരന്തത്തിന് കാരണമായി മാറിയത് . ലണ്ടനിലെ ഹൌൺസ്ലോയിലെ ചാനൽ ക്ലോസിലായിരുന്നു ഇവരുടെ വീട് .

ആരോൻ കിഷന്റെ ഭാര്യയും മക്കളായ റിയാൻ, ഷാനയ, ആരോഹി എന്നിവരും മറ്റൊരു മുതിർന്നയാളും ഞായറാഴ്ച അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ 6 – മത് ഒരാളുടെ മൃതദേഹവും കൂടി സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയതായിട്ട് ഇപ്പോൾ മെറ്റ് പോലീസ് അറിയിച്ചിരിക്കുന്നു. ആരോൻ കിഷൻ ആശുപത്രിയിലാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ സൂചിപ്പിക്കുന്നത് . ഈ ദുരന്തം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് സൂക്ഷ്മമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ആദ്യമായാണ് ദീപാവലി ആഘോഷങ്ങൾക്ക് ഇടയിൽ യുകെയിൽ മനുഷ്യ ജീവന് ഹാനി വരുന്ന സംഭവങ്ങൾ ഉണ്ടാകുന്നത്.

ഇന്ത്യയിൽ ഏറ്റവും വ്യാപകമായി ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ് ദീപാവലി. ഇരുട്ടിന്മേൽ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും അജ്ഞതയ്ക്കെതിരെ അറിവിൻറെയും വിജയത്തെയാണ് ദീപാവലി സൂചിപ്പിക്കുന്നത്. ദീപാവലിയുടെ ചരിത്രം മതപരവും സാംസ്കാരികവുമായ പാരമ്പര്യത്തിൽ വേരൂന്നിയതാണ്. ഇന്ത്യയിൽ വ്യാപകമായി ആഘോഷിക്കുന്ന ദീപാവലി യുകെയിലെ ഇന്ത്യൻ വംശജരെയും കടന്ന് തദ്ദേശവാസികളും ഏറ്റെടുത്തതിന്റെ വാർത്തകൾ നേരത്തെ മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു . ഈ വർഷം ദീപാവലിയോട് ബന്ധപ്പെട്ട സാധനങ്ങൾ യുകെയിലെ സൂപ്പർമാർക്കറ്റുകൾ വ്യാപകമായി സംഭരിച്ചിരുന്നു. പ്രത്യേകം തയ്യാറാക്കിയ തിരികൾ, നെയ്യ് ,അരി ,ഇന്ത്യൻ പലഹാരങ്ങൾ എന്നിവ എല്ലാ സൂപ്പർ മാർക്കറ്റുകളും വ്യാപകമായി ലഭ്യമാക്കിയിരുന്നു. ലണ്ടനിലെ സൗത്താളിലുള്ള പല സൂപ്പർമാർക്കറ്റുകളിലും ദീപാവലി സ്പെഷ്യൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള പ്രത്യേക വിഭാഗങ്ങൾ ക്രമീകരിച്ചിരുന്നു. ടെസ്കോ ഉൾപ്പെടെയുള്ള സൂപ്പർമാർക്കറ്റുകൾ ദീപാവലിക്ക് സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വോൾവർ ഹാംപ്ടണിൽ 19 വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ 12 വയസ്സുള്ള രണ്ട് ആൺകുട്ടികൾക്ക് എതിരെ കേസെടുത്തു. ഷോൺ സീസഹായ്ക്ക് എന്ന പേരുകാരനായ വ്യക്തിയാണ് ഈസ്റ്റ് പാർക്കിലെ ലാബർണം റോഡിൽ കൊല്ലപ്പെട്ടത്. ആശുപത്രിയിലേയ്ക്ക് ആംബുലൻസ് എത്തിയെങ്കിലും സംഭവസ്ഥലത്ത് തന്നെ ഇയാൾ മരണമടഞ്ഞിരുന്നു.


നിയമപരമായ കാരണത്താൽ പേര് വെളിപ്പെടുത്താൻ കഴിയാത്ത രണ്ട് ആൺകുട്ടികൾക്ക് എതിരെ ഷോൺ സീസാഹായുടെ കൊലപാതകത്തിനും കത്തികൾ കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ടെന്ന് വെസ്റ്റ് മിഡ്ലാൻഡ് പോലീസ് അറിയിച്ചു. ഇവരെ ഇന്ന് ബർമിംഗ്ഹാം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സംഭവം നടന്ന ഈസ്റ്റ് പാർക്കിൽ പോലീസ് പട്രോളിങ് തുടരുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.


യുകെയിൽ നടക്കുന്ന അക്രമ സംഭവങ്ങൾ കൗമാരക്കാരിലും യുവാക്കളിലും വലിയതോതിൽ സ്വാധീനം ചെലുത്തുന്നതിനെ കുറിച്ചുള്ള പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . ഇതനുസരിച്ച് കൗമാരപ്രായക്കാരിൽ പകുതിയും ആക്രമത്തിന് സാക്ഷികളോ ഇരകളോ ആയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കത്തി കൊണ്ടുള്ള കുറ്റകൃത്യങ്ങൾ, ഭീഷണിപ്പെടുത്തൽ , സംഘട്ടനങ്ങൾ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലാണ് കൗമാരക്കാർ ഉൾപ്പെടെയുള്ളവർ ഉൾപ്പെടുകയോ സാക്ഷികളാവുകയോ ചെയ്യുന്നത്. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടതിന്റെ പേരിൽ കഴിഞ്ഞ 12 മാസത്തിനിടെ 358,000 കൗമാരക്കാർക്കാണ് ശാരീരികമായി പരിക്കേറ്റത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാത്രം കണക്കുകൾ ആണിത് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രാജ്യത്തെ പണപ്പെരുപ്പം ഒക്ടോബറിൽ കുത്തനെ ഇടിഞ്ഞ് രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തി. മുൻ മാസത്തെ 6.7% ൽ നിന്ന് ഒക്ടോബറിൽ 4.6% ആയി കുറഞ്ഞു. കുറഞ്ഞ ഊർജ്ജ വിലയാണ് പ്രധാന കാരണം. ഈ വർഷാവസാനത്തോടെ പണപ്പെരുപ്പം പകുതിയായി കുറയ്ക്കുമെന്ന പ്രതിജ്ഞ നേരത്തെ നടപ്പാക്കിയതായി സർക്കാർ പറയുന്നു. 2022 ഒക്ടോബറിൽ പണപ്പെരുപ്പം അതിന്റെ ഏറ്റവും ഉയർന്ന നിലയായ 11.1 ശതമാനത്തിൽ എത്തിയിരുന്നു. വിലക്കയറ്റം മന്ദഗതിയിലാക്കാനുള്ള ശ്രമത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് ഉയർത്താൻ തുടങ്ങി.

പലിശ നിരക്കുകൾ നിലവിൽ 5.25% ആണ്. ഇത് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. മോർട്ട്ഗേജ് ചെലവുകൾ വർദ്ധിപ്പിക്കാൻ ഇത് കാരണമായി. ഒക്ടോബറിൽ വിലക്കയറ്റം മന്ദഗതിയിലായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിലെ (ഒഎൻഎസ്) ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്‌സ്‌നർ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഊർജ്ജ ചെലവിലെ കുത്തനെയുള്ള വർധനയെ തുടർന്ന് ഈ വർഷം ഊർജ്ജ വില പരിധിയിൽ ചെറിയ കുറവുണ്ടായി.

ജീവിത ചെലവ് ലഘൂകരിക്കുന്നതിലേയ്ക്കാണ് സൂചനകൾ വിരൽ ചൂണ്ടുന്നതെങ്കിലും ഊർജ ബില്ലുകളുടെ കാര്യത്തിൽ വലിയ മാറ്റത്തിന് സാധ്യതയില്ല. ഗ്യാസിന്റെയും വൈദ്യുതിയുടെയും വില കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെങ്കിലും, ബില്ലുകൾക്കുള്ള സർക്കാർ പിന്തുണ ഇപ്പോൾ നിലവിലില്ലാത്തതിനാൽ മിക്ക വീടുകളും ഈ ശൈത്യകാലത്ത് കഴിഞ്ഞതിനേക്കാൾ കൂടുതൽ ഊർജത്തിനായി പണം നൽകും. ഊർജത്തിന്റെയും ഭക്ഷണത്തിന്റെയും വില രണ്ട് വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ മുകളിലാണെന്ന് ഒഎൻഎസ് പറഞ്ഞു. അടുത്ത ആഴ്‌ച അവതരിപ്പിക്കുന്ന അടുത്ത വർഷത്തേക്കുള്ള ഊർജ്ജ വില പരിധി, ഊർജ്ജ വില വീണ്ടും ഉയരുമെന്ന സൂചന നൽകുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved