ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ലണ്ടൻ മേയർ സാദിഖ് ഖാനിനെതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് പറയുവാൻ വിസമ്മതിച്ചതിനെ തുടർന്ന് ടോറി എംപിയും പാർട്ടി മുൻ ഡെപ്യൂട്ടി ചെയർമാനുമായ ലീ ആൻഡേഴ്സനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ലണ്ടൻ മേയറെ നിയന്ത്രിക്കുന്നത് ഇസ്ലാമിസ്റ്റുകൾ ആണെന്ന് ആൻഡേഴ്സൺ വെള്ളിയാഴ്ച നടത്തിയ വിവാദപരമായ പരാമർശമാണ് അദ്ദേഹത്തിന്റെ പുറത്താക്കലിലേയ്ക്ക് നയിച്ചിരിക്കുന്നത്. മുസ്ലിം വിരുദ്ധ വിദ്വേഷത്തിന്റെ തീയിൽ ഇന്ധനം ഒഴിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ആൻഡേഴ്സന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് സാദിഖ് ഖാൻ പ്രതികരിച്ചു. എന്നാൽ തന്റെ പ്രതികരണങ്ങൾ പ്രധാനമന്ത്രിയെയും പാർട്ടി ചീഫ് വിപ്പിനെയും പ്രതിസന്ധിയിൽ ആക്കിയെന്ന് മാത്രമാണ് ആൻഡേഴ്സൺ പ്രതികരിച്ചത്.

ഇസ്ലാമിസ്റ്റുകൾക്ക് നമ്മുടെ രാജ്യത്തിന്റെ നിയന്ത്രണം ലഭിച്ചുവെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും, എന്നാൽ സാദിഖ് ഖാന്റെ നിയന്ത്രണവും ലണ്ടന്റെ നിയന്ത്രണവും അവരുടെ കയ്യിൽ ആണെന്നുമാണ് ആൻഡേഴ്സൻ ജി ബി ന്യൂസിന് നൽകിയ വിവാദപരമായ അഭിമുഖത്തിൽ പറഞ്ഞത്. തന്റെ പങ്കാളികൾക്ക് അദ്ദേഹം തലസ്ഥാന നഗരം തീറെഴുതി കൊടുത്തിരിക്കുകയാണെന്ന് ആൻഡേഴ്സൺ കുറ്റപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെയും ക്യാബിനറ്റിന്റെയും ഭാഗത്തുനിന്നുള്ള നിശബ്ദതയിൽ സാദിഖ് ഖാൻ പ്രതികരിച്ചതോടെയാണ് നടപടിയെടുക്കുവാൻ പാർട്ടി നിർബന്ധിതമായത്.

ജനുവരി വരെ ആൻഡേഴ്സൺ കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാൻമാരിൽ ഒരാളായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. എന്നാൽ റുവാണ്ട വിഷയത്തിൽ ഗവൺമെന്റ്നെതിരെ പ്രതികരിച്ചതോടെയാണ് അദ്ദേഹം ആ സ്ഥാനത്തു നിന്നും സ്വയമേ രാജിവച്ചത്. പാർട്ടി എടുത്ത തീരുമാനം താൻ അംഗീകരിക്കുന്നതായാണ് ആൻഡേഴ്സൺ പ്രതികരിച്ചത്. എല്ലാ തരത്തിലുള്ള തീവ്ര ചിന്താഗതികളെയും താൻ എതിർക്കുമെന്ന് അദ്ദേഹം ശക്തമായി വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ ആൻഡേഴ്സനെ സസ്പെൻഡ് ചെയ്തതിനുള്ള സന്തോഷം അറിയിച്ചു. എന്നാൽ കൺസർവേറ്റീവ് പാർട്ടിയിൽ ഇപ്പോഴും ഇസ്ലാമോഫോബിയ തുടരുന്നുണ്ടെന്ന കുറ്റപ്പെടുത്തലും അവർ നടത്തി. ഇത്തരത്തിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങളും, ജൂത വിരുദ്ധ പരാമർശങ്ങളുമെല്ലാം ബ്രിട്ടീഷ് രാഷ്ട്രീയത്തെ സാരമായ രീതിയിൽ ബാധിക്കുന്നുണ്ട്. മുൻപ് ലേബർ പാർട്ടിയിൽ നിന്നുള്ള രണ്ടുപേർ ജൂത വിരുദ്ധ പ്രസ്താവനയിൽ പുറത്താക്കപ്പെട്ടിരുന്നു.