Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോവിഡ് – 19ന് എതിരായ പ്രതിരോധകുത്തിവെപ്പുകൾ ഇതുവരെയും സ്വീകരിക്കാത്തവർക്ക് നെഗറ്റീവ് പി.സി.ആറോ ആന്റിജൻ ടെസ്റ്റോ ഉണ്ടെങ്കിൽ സ്പെയിനിലേക്ക് ഇനി യാത്ര ചെയ്യാം. വാക്സിനേഷൻ എടുക്കാത്ത യാത്രക്കാർക്ക് ശനിയാഴ്ച മുതൽ രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് സ്പാനിഷ് സർക്കാർ സ്ഥിരീകരിച്ചിരുന്നു. പൂർണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് ഇപ്പോഴും വാക്സിനേഷൻ സ്വീകരിച്ചതിൻെറ തെളിവ് കാണിക്കേണ്ടതുണ്ട്. മാർച്ച് 18 ഓടെ യുകെ സർക്കാർ എല്ലാ അന്താരാഷ്ട്ര തലത്തിലുള്ള കോവിഡ് യാത്രാ നിയന്ത്രണങ്ങളും നീക്കം നിയന്ത്രണങ്ങളും നീക്കം ചെയ്തിരുന്നു. ഇതിൽ പാസഞ്ചർ ലൊക്കേറ്റർ വാക്സിനേഷൻ സ്വീകരിക്കാത്ത യാത്രക്കാരുടെ അനുമതിയും ഉൾപ്പെടുന്നു.ഓസ്ട്രിയ, ഗ്രീസ്, സ്വിറ്റ്സർലൻഡ്, ബൾഗേറിയ, ക്രൊയേഷ്യ, ലിത്വാനിയ, സ്വീഡൻ, സെർബിയ, സ്ലൊവേനിയ, സ്ലൊവാക്യ എന്നിവിടങ്ങളിലും നിലവിൽ കോവിഡ് യാത്രാ നിയന്ത്രണങ്ങളൊന്നുമില്ല.

നേരത്തെ ആക്ഷൻ സർട്ടിഫിക്കേഷനുകൾ ഉണ്ടെങ്കിൽ മാത്രമേ യുകെ യാത്രക്കാർക്ക് സ്പെയിനിൽ പ്രവേശിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ എന്നാൽ ഇപ്പോൾ പുതിയ തരംഗത്തിൻെറ തോത് കുറഞ്ഞതോടെ യുകെ സന്ദർശകരെ സ്വാഗതം ചെയ്ത് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ തങ്ങളുടെ കോവിഡ് നിയന്ത്രണങ്ങൾ മാറ്റിയിരിക്കുകയാണ്. മെയ് 21 മുതൽ സ്പെയിനിലേക്ക് വ്യോമ സമുദ്ര അതിർത്തികളിലൂടെ പ്രവേശിക്കുന്ന എല്ലാ സന്ദർശകർക്കും താഴെപ്പറയുന്ന മൂന്ന് സർട്ടിഫിക്കറ്റുകളിൽ ഒന്ന് നൽകേണ്ടതായുണ്ട്.

1 . സർക്കാരിന്റെ ആവശ്യകതകൾ നിറവേറ്റുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ്
2 . ഒരു നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ്
3 . പോസിറ്റീവ് പരിശോധനയ്ക്കുശേഷം കുറഞ്ഞത് പത്തു ദിവസമെങ്കിലും കഴിഞ്ഞ് രോഗം പൂർണമായി മാറി എന്നതിൻറെ സർട്ടിഫിക്കറ്റ്.

കോവിഡ് – 19 വാക്സിനേഷൻ സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റ് ഡിജിറ്റലായോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്തതോ സ്പെയിൻ സ്വീകരിക്കും. സ്പെയിനിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പെങ്കിലും പി.സി.ആർ ടെസ്റ്റുകൾ നടത്തണം അല്ലെങ്കിൽ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് ആന്റിജൻ ടെസ്റ്റ് നടത്തണം. റിക്കവറി സർട്ടിഫിക്കറ്റുകളുടെ തെളിവ് പോസിറ്റീവ് ടെസ്റ്റ് തീയതി മുതൽ 150 ദിവസത്തേക്ക് ഉപയോഗിക്കാം. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാതൊരുവിധ സർട്ടിഫിക്കറ്റുകളും സമർപ്പിക്കേണ്ട ആവശ്യമില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതുവത്സര ആഘോഷത്തിനിടെ യാതൊരു പ്രകോപനവും ഇല്ലാതെ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പുരുഷന്മാർക്കും ഒരു കൗമാരക്കാരനും ജീവപര്യന്തം തടവ് ശിക്ഷ നൽകി. ഫോറൻസിക് തെളിവുകൾ നശിപ്പിക്കാൻ വേണ്ടി കുറ്റവാളികൾ വില്യം ‘ബില്ലി’ ഹെൻഹാമിന്റെ ശരീരം ബ്ലീച്ചിൽ മുക്കിയിട്ടതായി കോടതിയിൽ കണ്ടെത്തി.

കൊലപാതകം നടക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് 24-കാരനായ ഹെൻഹാമിന്റിനെ ബ്രൈറ്റണിലെ ഒരു നിശാക്ലബ്ബിൽ ആണ് അവസാനമായി കണ്ടത്. എന്നാൽ 2020 ജനുവരി ഒന്നിന് നേരം പുലരുമ്പോഴേക്കും പൊട്ടിയ ഗോവണി പടികളിൽ നിന്നുള്ള മാരകമായ ആക്രമണത്തിനു വിധേയമായ രീതിയിൽ 67 വ്യത്യസ്ത പരിക്കുകളുമായുള്ള ശരീരമാണ് കണ്ടെത്താനായത്.

മൃതശരീരത്തിൽ ഇരുവശങ്ങളിലുമായി 11 വാരിയെല്ലുകൾ, തലയോട്ടിയിലെ മുഖത്തിലും കഴുത്തിലും വ്യാപകമായ ചതവ്, നെറ്റിയിൽ ആഴത്തിലുള്ള മുറിവ്, മസ്തിഷ്ക ക്ഷതം എന്നിവ കണ്ടെത്തി. തെക്ക് കിഴക്കൻ ലണ്ടനിലെ റാവൻസ്‌ബോൺ സർവകലാശാലയിലെ ഫിലിം, ഫോട്ടോഗ്രാഫി പഠനങ്ങളിൽ നിന്ന് ഇടവേള എടുത്ത് വെസ്റ്റ് സസെക്സിലെ ഹെൻഫീൽഡിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന ഹെൻഹാമിനെ 11 അടി ഉയരത്തിൽ നിന്ന് താഴേക്ക് ഇടുകയായിരുന്നു. യുവാവ് ധരിച്ചിരുന്ന ചുവന്ന ഹ്യൂമ ട്രെയിനഴ്‌സ് ഒഴികെയുള്ള വസ്ത്രങ്ങൾ ഒന്നും തന്നെ വീണ്ടെടുക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. മരിച്ച യുവാവിൻെറ തലമുടിയിൽ നിന്ന് അണുനാശിനിയുടെ അംശവും കണ്ടെത്തിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടീഷ് സെക്യൂരിറ്റി സർവീസ് ഏജൻസി എം ഐ 5 ഏജന്റ് നിരവധി തവണ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി പരാതി ഉന്നയിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ മുൻ പങ്കാളി. ഇന്റലിജൻസ് ഏജൻസികളുടെ നേതൃത്വം വഹിക്കുന്ന ഇൻവെസ്റ്റിഗേറ്ററി പവേഴ്സ് ട്രിബ്യൂണലിനാണ് സ്ത്രീ പരാതി നൽകിയിരിക്കുന്നത്. എന്നാൽ പരാതി നൽകിയ ആളുടെ പേര് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ബിബിസി ന്യൂസ് നടത്തിയ അന്വേഷണത്തിൽ എം ഐ 5 ഏജന്റ് തന്റെ സെക്യൂരിറ്റി സ്റ്റാറ്റസ് ഉപയോഗിച്ച് തന്റെ പങ്കാളിയെ വരുതിയിലാക്കാൻ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഇയാൾ തന്റെ ആയുധമുപയോഗിച്ച് ഇവരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് ഏജൻസി ഇദ്ദേഹത്തെ റിക്രൂട്ട് ചെയ്തതെന്ന് അന്വേഷണ വിധേയമാക്കണമെന്ന് യുവതി തന്റെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

എം ഐ 5, എം ഐ 6, തുടങ്ങിയ ഇന്റലിജൻസ് ഏജൻസികളെ സംബന്ധിക്കുന്ന കംപ്ലൈന്റുകൾ അന്വേഷിക്കുന്ന സ്വതന്ത്ര ഏജൻസി ആണ് ഇൻവെസ്റ്റിഗേറ്ററി പവേഴ്സ് ട്രിബ്യൂണൽ. എം ഐ 5 പരാതിക്കാരിയായ സ്ത്രീയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് തെളിഞ്ഞാൽ, എല്ലാ ഏജൻസികളുടെയും റിക്രൂട്ട്മെന്റ് രീതിയെ ഇത് ബാധിക്കും. ഏജൻസികൾ റിക്രൂട്ട് ചെയ്യുന്ന ആളുകൾ എത്രത്തോളം മറ്റുള്ളവർക്ക് അപകടഭീഷണി ഉണ്ടാക്കുന്നുവെന്ന് ചിന്തിക്കുവാൻ ഏജൻസികളെ ഈ കേസ് പ്രേരിപ്പിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആരോപണം ഉന്നയിക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ പേരും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഈ കേസ് സംബന്ധിച്ച് വ്യക്തമായും സ്വതന്ത്രമായും അന്വേഷണം ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി ഉറപ്പാക്കണമെന്ന് ലേബർ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥന്റെ പേരും വിവരങ്ങളും ഗവൺമെന്റ് മനപ്പൂർവ്വം മറച്ചുവയ്ക്കുകയാണെന്ന ആരോപണവും ഉയർന്നു വന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :-ഡെർബിഷെയറിലെ ഒരു സ്റ്റോറിൽ നിന്നും ഒരു ലക്ഷത്തോളം പൗണ്ട് തുക മാനേജർ മോഷ്ടിച്ചതിനെത്തുടർന്ന് കട പൂട്ടാനുള്ള സാഹചര്യത്തിൽ എത്തിനിൽക്കുകയാണ്. യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് ആയ മൻദീപ് കൗർ ആണ് ഇത്തരത്തിൽ പണം മോഷ്ടിച്ചത്. മോഷ്ടിച്ച പണം ഉപയോഗിച്ച് വിലകൂടിയ കാറുകൾ വാങ്ങുകയും, ഹോട്ടലുകളിൽ റൂം എടുത്ത് താമസിക്കുകയും, അതോടൊപ്പം തന്നെ ജോലിക്ക് പോകുമ്പോഴും വരുമ്പോഴും വിലകൂടിയ കാറുകൾ യാത്ര ചെയ്യുവാൻ വാടകയ്ക്ക് എടുക്കുകയും മറ്റും ഇവർ ചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ മൻദീപിന്റെ മയക്കു മരുന്നും മറ്റും ഉപയോഗിക്കുന്ന മുൻ പങ്കാളിയുടെ പ്രേരണയാണ് ഈ പ്രവർത്തിയിലേക്ക് മൻദീപിനെ നയിച്ചതെന്ന് അവരുടെ അറ്റോർണി വ്യക്തമാക്കി.

മൻദീപിനെ 18 മാസത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. മൻദീപിന്റെ പ്രവർത്തി മൂലം സ്റ്റോറിന്റെ ഡെർബിഷെയറിലുള്ള ബ്രാഞ്ച് പൂട്ടുന്ന സാഹചര്യത്തിലേക്ക് എത്തിനിൽക്കുകയാണ്. ഇതു നിരവധി പേർക്ക് ജോലി നഷ്ടപ്പെടുന്നതിനും കാരണമാകും. ഡെർബിഷെയറിലെ സ്റ്റോറിൽ ജോലിക്ക് എത്തുന്നതിനു മുൻപ് ബിർമിങ്ഹാമിലും ഇവർ ഇത്തരത്തിൽ മോഷണത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫിനാൻഷ്യൽ ഡയറക്ടർ സ്റ്റോറിൽ കണക്കുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് മാനേജരുടെ മോഷണം പുറത്തുവരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : രാജ്യത്ത് വരും ദിനങ്ങളിൽ കുരങ്ങുപനി ബാധിതരുടെ എണ്ണം ഉയരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മേധാവികൾ. ഇന്നലെ 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ബ്രിട്ടനിൽ ആകെ രോഗികളുടെ എണ്ണം ഇരുപതായി. പുതിയ രോഗികളെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ മുമ്പ് സ്ഥിരീകരിച്ച ഒമ്പത് കേസുകളിൽ ആറു പേർ സ്വവർഗാനുരാഗികളായ പുരുഷന്മാരാണ്. കോവിഡിനെപ്പോലെ കുരങ്ങുപനി നിയന്ത്രണാതീതമാകില്ലെന്ന് ആരോഗ്യ വിദഗ്ധർ ഉറപ്പ് നൽകുന്നു. എന്നാൽ കേസുകൾ ഇരട്ടിയാകുന്നത് ആശങ്കാജനകമാണെന്ന് അവർ വ്യക്തമാക്കി.

ഇനിയും കേസുകൾ ഉയരുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ സൂസൻ ഹോപ്കിൻസ് പറഞ്ഞു. പൊതുവേ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മാത്രം കണ്ടുവന്നിരുന്ന രോഗം ഇപ്പോള്‍ തെക്കേ അമേരിക്ക, യൂറോപ്പ്, കാനഡ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. കുരങ്ങുപനി തടയാനുള്ള നടപടികൾ ചർച്ച ചെയ്യാനായി ലോകാരോഗ്യ സംഘടന ഇന്നലെ അടിയന്തിര യോഗം വിളിച്ചിരുന്നു.

ലക്ഷണങ്ങൾ

വൈറസ് ബാധ മൂലമാണ് കുരങ്ങുപനി പ‌ടര്‍ന്നുപിടിക്കുന്നത്.‌‌ പനിയാണ് കുരങ്ങുപനിയുടെ പ്രാഥമിക രോഗലക്ഷണം. ശരീരത്തിൽ തടിപ്പും ചുണങ്ങും കാണപ്പെടാറുണ്ട്. രോഗിയുമായി അടുത്ത ശാരീരിക ബന്ധമുള്ളവരിലേക്ക് രോഗം പെട്ടെന്ന് പകരും.

കുരങ്ങുപനി ഗുരുതരമോ?

രോഗം ബാധിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ രോഗി സുഖം പ്രാപിക്കും. മൃഗങ്ങളിൽ നിന്നാണ് കുരങ്ങുപനി മനുഷ്യരിലേക്ക് പകരുന്നത്. പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയാണ് ചെയ്യുന്നത്. 1958ൽ കുരങ്ങുകളിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്.

രണ്ട് രീതിയിലുള്ള കുരങ്ങുപനികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നാമത്തേത് കോംഗോ കുരങ്ങുപനിയാണ്. ഇത് കൂടുതൽ ഗുരുതരമാവാറുണ്ട്. 10 ശതമാനം വരെ മരണനിരക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കൻ വർഗത്തിൽ പെടുന്ന കുരങ്ങുപനി അത്ര ഗുരുതരമാവാറില്ല. 1 ശതമാനം മാത്രമാണ് മരണനിരക്ക്. യുകെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പടിഞ്ഞാറൻ ആഫ്രിക്കൻ കുരങ്ങുപനിയാണ്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള സഞ്ചാരം കൂടിയതോടെയാവും രോഗം വ്യാപിച്ചതെന്നാണ് നിഗമനം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യുകെയിലെ സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുന്ന ആദ്യത്തെ മുൻനിര രാഷ്ട്രീയക്കാരനായി റിഷി സുനക്. സൺ‌ഡേ ടൈംസ് പുറത്തുവിട്ട സമ്പന്നരുടെ പട്ടികയിൽ 222ആം സ്ഥാനമാണ് സുനകിനും ഭാര്യ അക്ഷതയ്ക്കും. 730 മില്യൺ പൗണ്ടാണ് ഇവരുടെ ആസ്തി. സുനക് സമ്പന്നരുടെ പട്ടികയിലുണ്ടെന്നത് “അതിശയകരമായ” വാർത്തയാണെന്ന് ജസ്റ്റിസ് സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. അതേസമയം, ബ്രിട്ടീഷ് ജനങ്ങൾക്ക് അടുത്ത ഏതാനും മാസങ്ങൾ കഠിനമായിരിക്കുമെന്ന് പറഞ്ഞ റിഷി സുനക് സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെട്ടത് വലിയ വിമർശനങ്ങൾക്കും വഴി തുറന്നു. എന്നാൽ, അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രയത്നം ഇവിടെ വ്യക്തമാണെന്നും അക്ഷത സ്വന്തം നിലയിൽ വിജയം കൈവരിച്ച സംരംഭകയാണെന്നും റാബ് കൂട്ടിച്ചേർത്തു.

ലണ്ടനിലെ കെൻസിംഗ്ടണിൽ ഏഴ് മില്യൺ പൗണ്ടിന്റെ അഞ്ച് കിടപ്പുമുറികളോട് കൂടിയ വീടും കാലിഫോർണിയയിലെ സാന്താ മോണിക്കയിലുള്ള ഒരു ഫ്‌ളാറ്റും ഉൾപ്പെടെ കുറഞ്ഞത് നാല് വസ്തുവകകൾ അക്ഷതയും ഋഷി സുനക്കും സ്വന്തമാക്കിയിട്ടുണ്ട്. 2013 ൽ സുനക്കിനൊപ്പം സ്ഥാപിച്ച വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയായ കാറ്റമരൻ വെഞ്ച്വേഴ്‌സിന്റെ ഡയറക്ടർ കൂടിയാണ് അക്ഷത. 2010 മുതൽ അക്ഷത ഫാഷൻസ് എന്ന സ്ഥാപനവും അവർ നടത്തുന്നുണ്ട്.

ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകള്‍ കൂടിയായ അക്ഷതയ്ക്ക് നികുതി ഇളവ് നല്‍കിയെന്ന ആരോപണം അടുത്തിടെ ഉയർന്നിരുന്നു. ദശലക്ഷക്കണക്കിന് നികുതി ലാഭിക്കാന്‍ തന്റെ നോണ്‍- ഡൊമിസൈല്‍ പദവി ഉപയോഗിച്ചുവെന്നതായിരുന്നു അക്ഷതയ്ക്കു മേലുള്ള ആരോപണം. യു.കെയില്‍നിന്നുള്ള വരുമാനത്തിനു താന്‍ ബ്രിട്ടണില്‍ നികുതി അടയ്ക്കുന്നുണ്ടെന്നും, രാജ്യാന്തര വരുമാനത്തിന് രാജ്യാന്തര നികുതിയാണ് അടയ്ക്കുന്നുതെന്ന് അക്ഷത വ്യക്തമാക്കിയിരുന്നു. നികുതിക്കായി ഇനി ഇളവുകള്‍ അവകാശപ്പെടുന്നില്ലെന്നും, തനിക്ക് ലോകത്ത് എവിടെ വരുമാനം ഉണ്ടായാലും യു.കെയില്‍ നികുതി നല്‍കുമെന്നും അക്ഷത വ്യക്തമാക്കി.

യുകെയിൽ ഇപ്പോൾ 177 ശതകോടീശ്വരന്മാരുണ്ട്. കോവിഡ് പകർച്ചവ്യാധി ഇതിനകം തന്നെ അതിസമ്പന്നരായ ആളുകളുടെ സമ്പത്ത് വർദ്ധിപ്പിച്ചെന്നും ദരിദ്രരായ ആളുകളുടെ സമ്പാദ്യം ഇല്ലാതാക്കിയെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് പോളിസി റിസർച്ചിലെ സെന്റർ ഫോർ ഇക്കണോമിക് ജസ്റ്റിസ് മേധാവി ജോർജ്ജ് ഡിബ്സ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനില്‍ കണ്ടെത്തിയ കുരങ്ങുപനി യൂറോപ്യൻ രാജ്യങ്ങളിലും സ്ഥിരീകരിച്ചുവെന്ന വാർത്ത ആശങ്കാജനകമാണ്. യുകെയില്‍ മനുഷ്യര്‍ക്ക് കുരങ്ങുപനി ബാധിച്ചതിന് ശേഷം, സ്പെയിനിലും പോര്‍ച്ചുഗലിലും വൈറസ് റിപ്പോർട്ട് ചെയ്തു. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ 20 ഓളം പേര്‍ക്ക് വൈറസ് ബാധിച്ചതായി ആരോഗ്യ അധികാരികളെ ഉദ്ധരിച്ച് യൂറോപ്പ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാനഡയിൽ 13 പേർക്ക് രോഗം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഇന്നലെ സ്വീഡനിലും ഇറ്റലിയിലും ഫ്രാൻസിലും ഓരോ കേസ് വീതം സ്ഥിരീകരിച്ചു.

ബ്രിട്ടനിൽ മേയ് ഏഴിന് ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. നൈജീരിയയിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തിയിലാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനോടകം ഒമ്പത് കേസുകൾ ബ്രിട്ടനിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

സാധാരണയായി വൈറസ് വായുവിലൂടെയാണ് പകരുന്നത്. എന്നാൽ ഈ കേസുകളില്‍ എട്ട് രോഗികളും സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരായതിനാല്‍ ദ്രവകങ്ങളിലൂടെ അണുബാധയുണ്ടെന്ന് വിദഗ്ധര്‍ അറിയിച്ചു. എന്നാൽ, കുരങ്ങുപനി ആ രീതിയിൽ മാത്രം പകരുന്ന രോഗമല്ലെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറഞ്ഞു.

വൈറസ് മൂലമുണ്ടാകുന്ന കുരങ്ങുപനി ബാധിച്ചാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ രോഗി സുഖം പ്രാപിക്കും. എങ്കിലും അപൂർവ്വമായി മരണം സംഭവിക്കാറുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ ഭാഗങ്ങളിൽ ആയിരക്കണക്കിനാളുകൾക്കാണ് കുരങ്ങുപനി ബാധിച്ചത്. കുരങ്ങുപനി വ്യാപനവുമായി ബന്ധപ്പെട്ട് യുകെയിലേയും യൂറോപ്പിലേയും ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചന നടത്തിയതായി ലോകാരോഗ്യസംഘടന ചൊവ്വാഴ്ച അറിയിച്ചു. എന്നാല്‍, കുരങ്ങുപനി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പകരുന്നതല്ലെന്നും സാധാരണക്കാര്‍ക്ക് അപകടസാധ്യത വളരെ കുറവാണെന്നും ബ്രിട്ടിഷ് വിദഗ്ധര്‍ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : രണ്ട് വർഷം മുൻപ് നടന്ന ചരിത്രപരമായ നിയമ മാറ്റം ഇന്ന് ആയിരങ്ങളുടെ ജീവൻ രക്ഷിക്കാൻ കാരണമായി. പുതിയ “ഡീംഡ് കൺസെന്റ്” നിയമങ്ങൾക്ക് കീഴിൽ 1,500-ലധികം അവയവദാനങ്ങൾ കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്നിട്ടുണ്ട്. 640 ദാതാക്കളുടെ അവയവങ്ങൾ ദാനം ചെയ്തതിലൂടെ 1,540 പേർക്ക് പുതുജീവൻ ലഭിച്ചു. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും അവയവമാറ്റ ശസ്ത്രക്രിയ തുടരാൻ നിയമ മാറ്റം സഹായിച്ചുവെന്ന് മിറർ റിപ്പോർട്ട്‌ ചെയ്തു. മാക്സ് & കെയ്റ നിയമം – ഓർഗൻ ഡോണെഷൻ ആക്ട്, രണ്ട് വർഷം മുൻപ് ഇതേ ദിവസമാണ് നിലവിൽ വന്നത്.

ഒമ്പതാം വയസ്സിൽ കാർ അപകടത്തിൽ മരിച്ച കെയ്‌റ ബോളിന്റെ ഹൃദയം സ്വീകരിച്ച മാക്‌സ് ജോൺസൺ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇവരുടെ പേരിലായിരുന്നു പിന്നീട് നിയമമാറ്റത്തിന് വേണ്ടിയുള്ള പോരാട്ടം. കഴിഞ്ഞ രണ്ട് വർഷം ഒരു പരീക്ഷണ ഘട്ടമായിരുന്നെന്ന് എൻഎച്ച്എസ് ബ്ലഡ്‌ & ട്രാൻസ്‌പ്ലാന്റിലെ ആന്റണി ക്ലാർക്ക്സൺ പറഞ്ഞു.

പുതിയ നിയമപ്രകാരം, പ്രായപൂർത്തിയായവർ മരിക്കുമ്പോൾ സ്വന്തം അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ചതായി കണക്കാക്കുന്നു. അവയവങ്ങൾ ദാനം ചെയ്യില്ലെന്ന തീരുമാനം നേരത്തെ രേഖപ്പെടുത്തിയവരെ ഇതിൽ നിന്ന് ഒഴിവാക്കും. വ്യക്തി ഒരു തീരുമാനം എടുത്തിട്ടില്ലാത്ത സന്ദർഭങ്ങളിൽ, സ്പെഷ്യലിസ്റ്റ് നേഴ്‌സുമാർ അവരുടെ പ്രിയപ്പെട്ടവരുടെ ആഗ്രഹത്തെ അടിസ്ഥാനമാക്കി തീരുമാനമെടുക്കാൻ കുടുംബങ്ങളെ പിന്തുണയ്ക്കും. മാക്‌സ് ആൻഡ് കെയ്‌റയുടെ നിയമത്തിന് പാർലമെന്റിന്റെ അന്തിമ അംഗീകാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പുതിയ നിയമനിർമ്മാണത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു അന്ന് ആന്റണി ക്ലാർക്ക്സൺ പറഞ്ഞത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 8 സ്ഥലങ്ങൾക്ക് സിറ്റി പദവി നൽകുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിൽ നിന്നും മിൽട്ടൻ കേയ്ൻസ്, സ്കോട്ട്ലൻഡിൽ നിന്നും ഡൺഫേംലൈൻ, നോർത്തേൺ അയർലണ്ടിൽ നിന്നും ബാങ്ങോർ, വെയിൽസിൽ നിന്നും വ്റേക്സ്ഹാം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇതോടൊപ്പംതന്നെ ഓവർസീസ് ടെറിട്ടറിയിൽ നിന്നും ഫോക്ലാൻഡിലെ സ്റ്റാൻലിക്കും, ഐൽ ഓഫ് മാനിൽ നിന്നും ഡൗഗ്ലസിനും സിറ്റി പദവി നൽകുവാൻ തീരുമാനമായിട്ടുണ്ട്. ആദ്യമായാണ് ഇത്തരത്തിൽ ഓവർസീസ് ടെറിട്ടറിയിൽ നിന്നുള്ള നഗരങ്ങൾക്ക് സിറ്റി പദവി നൽകുന്നത്. ഇതോടൊപ്പം തന്നെ കോൾചെസ്റ്ററിനും ഡോൺകാസ്റ്ററിനും സിറ്റി പദവി നൽകുവാൻ തീരുമാനമായിട്ടുണ്ട്. സർക്കാർ ക്ഷണിച്ച അപേക്ഷകളിൽ നിന്നാണ് എട്ടു സ്ഥലങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്. സാംസ്കാരിക പൈതൃകവും, രാജകീയ ബന്ധവുമെല്ലാം തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങളായി മാറി. പുതിയ തീരുമാനങ്ങളുടെ അറിയിപ്പ് വന്നതോടെ, യു കെ മെയിൻലാൻഡിലെ സീറ്റുകളുടെ എണ്ണം എഴുപത്തിയാറായി ഉയർന്നിരിക്കുകയാണ്.


സിറ്റി പദവി ലഭിക്കുമ്പോൾ പ്രകടമായ വ്യത്യാസങ്ങൾ ഒന്നും തന്നെ സ്ഥലത്തിന് ഉണ്ടാകുന്നില്ലെങ്കിലും, ജനങ്ങൾക്ക് അഭിമാനകരമായ ഒരു നിമിഷമാണ് ഇത്. സിറ്റി പദവി ലഭിച്ച ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിൽ 1776 മുതൽ നടക്കുന്ന കുതിരയോട്ട മത്സരത്തിൽ രാജ്ഞിയും മറ്റ് രാജകുടുംബാംഗങ്ങളും സ്ഥിരം സന്ദർശകരാണ്. ഇതോടൊപ്പംതന്നെ 2019 ൽ നടന്ന വെള്ളപ്പൊക്കത്തിനു ശേഷം ഡോൺകാസ്റ്റർ ജനത കാണിച്ച കരുത്തുറ്റ അതിജീവനത്തിന്റെ മാതൃകയും അവർക്ക് സിറ്റി പദവി ലഭിക്കുവാൻ കാരണമായി. ഓവർസീസ് ടെറിട്ടറിയിൽ നിന്നുള്ള ഡൗഗ്ലസിലെ റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷന്റെ മേധാവി രാജ്ഞിയാണ്. ഇത്തരത്തിൽ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള സ്ഥലങ്ങൾക്കാണ് സിറ്റി പദവി പ്രധാനമായും ലഭിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പെന്‍സില്‍വാനിയ: വംശീയ വിദ്വേഷികളെ കാറിൽ നിന്നും പുറത്താക്കിയ ടാക്സി ഡ്രൈവറാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ താരം. ജെയിംസ് ഡബ്ല്യു ബോഡ് എന്നയാളാണ് വർണവിവേചനത്തിനെതിരെ പ്രതിഷേധിച്ച് ഹീറോയായത്. അമേരിക്കയിലെ പെന്‍സില്‍വാനിയയിൽ മെയ്‌ 13നായിരുന്നു സംഭവം. പെന്‍സില്‍വാനിയയിലെ ഫോസില്‍സ് ലാസ്റ്റ് സ്റ്റാന്റ് ബാറിനടുത്ത് നിന്നാണ് ജാക്കി എന്ന സ്ത്രീ ജെയിംസിന്റെ കാറില്‍ കയറിയത്. കാറിൽ കയറിയ ഉടൻ ജാക്കി പറഞ്ഞത് ഇങ്ങനെയാണ് – ‘കൊള്ളാം, നിങ്ങള്‍ ഒരു വെള്ളക്കാരനെപ്പോലെയാണ്’. ഇതിനോട് അപ്പോള്‍ തന്നെ അനിഷ്ടഭാവത്തില്‍ ജെയിംസ് പ്രതികരിച്ചിരുന്നു. എന്താണ് ഉദ്ദേശിച്ചതെന്ന ചോദ്യത്തിന് ജെയിംസിന്റെ തോളില്‍ തട്ടി, നീ ഒരു സാധാരണക്കാരനെപ്പോലെയാണോ? നീ ഇംഗ്ലീഷ് സംസാരിക്കുന്നു? എന്ന് പറഞ്ഞായിരുന്നു സ്ത്രീയുടെ പ്രതികരണം.

‘നിങ്ങൾക്ക് പുറത്തിറങ്ങാം. ഞാൻ യാത്ര റദ്ദാക്കുകയാണ്.’ എന്ന മറുപടി പറയാൻ ജെയിംസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇത് തികച്ചും അനുചിതമാണെന്ന് ജെയിംസ് ആവർത്തിച്ചു. വെളുത്തവരല്ലെങ്കില്‍ ഈ സീറ്റില്‍ ഇരുന്നാല്‍ എന്താണ് കുഴപ്പം എന്നും ജെയിംസ് ചോദിച്ചു.

കാറിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ടതോടെ ജാക്കിയുടെ കൂടെയുണ്ടായിരുന്ന ആൾ ജെയിംസിനെ അസഭ്യം പറയാന്‍ തുടങ്ങി. ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. കാറിന്റെ ഡാഷ്ബോർഡ് ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ മെയ് 14 ന് ജെയിംസ് ഫേസ്ബുക്കിൽ പങ്കിട്ടു. വംശീയവാദികളായ യാത്രക്കാര്‍ക്കെതിരെ പ്രതിഷേധിച്ച ക്യാബ് ഡ്രൈവറെ സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ പേരാണ് അഭിനന്ദിച്ചത്. യാത്രക്കാരുടെ ഭീഷണിയെത്തുടർന്ന് ജെയിംസ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കടപ്പാട് – nowthisnews

RECENT POSTS
Copyright © . All rights reserved