ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ക്ലിയറിംഗിലൂടെ ഒരു മികച്ച സർവകലാശാലയിൽ ഇടം നേടുന്നതിന് വിദ്യാർത്ഥികൾ അതിവേഗം ശ്രമിക്കേണ്ടതുണ്ടെന്ന് യൂണിവേഴ്‌സിറ്റീസ് ആൻഡ് കോളേജ് അഡ്മിഷൻ സർവീസ് (യുകാസ്) മേധാവി ക്ലെയർ മാർച്ചന്റ്. യൂണിവേഴ്സിറ്റിയിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോഴും ഏതൊക്കെ കോഴ്സുകളിൽ ഒഴിവുണ്ടെന്ന് ക്ലിയറിംഗിലൂടെ തിരയാം. യൂണിവേഴ്സിറ്റിയിൽ സീറ്റ് ലഭിക്കാൻ ആവശ്യമായ എ-ലെവൽ അല്ലെങ്കിൽ തത്തുല്യ ഗ്രേഡുകൾ നഷ്‌ടമായവർ ഇത് പലപ്പോഴും ഉപയോഗിക്കുന്നു. എ-ലെവലുകൾ, ടി-ലെവലുകൾ, ബിടെക്കുകൾ, മറ്റ് ലെവൽ 3 റിസൾട്ടുകൾ ഓഗസ്റ്റ് 17 -ന് പ്രസിദ്ധീകരിക്കും.
ജനസംഖ്യയിൽ 18 വയസ്സുള്ളവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ എലൈറ്റ് റസ്സൽ ഗ്രൂപ്പ് സർവ്വകലാശാലകൾ പോലെ ഉയർന്ന ഗ്രേഡുകൾ ആവശ്യപ്പെടുന്ന സർവ്വകലാശാലകളിൽ ഇടം നേടുന്നത് കൂടുതൽ മത്സരാധിഷ്ഠിതമായിരിക്കും. ബിരുദ കോഴ്‌സുകളിൽ ചേരാൻ അന്താരാഷ്‌ട്ര വിദ്യാർത്ഥികളിൽ നിന്നുള്ള അപേക്ഷകളും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്. ഇഷ്ടമുള്ള കോഴ്സിൽ സീറ്റുകൾ ഉണ്ടോ എന്ന് നോക്കി വേഗത്തിൽ ചേരുക എന്നതാണ് നല്ല മാർഗം എന്നും അവർ കൂട്ടിച്ചേർത്തു.
ക്ലിയറിംഗിലൂടെ നിലവിൽ 28,000 കോഴ്‌സുകൾ ലഭ്യമാണ്. ക്ലിയറിംഗ് ഒക്ടോബർ 17 -ന് അവസാനിക്കും. കഴിഞ്ഞ വർഷം 18 വയസ്സുള്ള 34,875 പേർ ഈ സംവിധാനത്തിലൂടെ സർവകലാശാലയിൽ ഇടം നേടിയിരുന്നു. മൂന്ന് വർഷത്തെ ഉയർന്ന ഗ്രേഡുകൾക്ക് ശേഷം ഇംഗ്ലണ്ടിലെ റിസൾട്ടുകൾ കോവിഡിന് മുമ്പുള്ള നിലയ്ക്ക് അനുസൃതമായി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിൽ വീട്ടു വാടക വീണ്ടും ഉയർന്നു. ഇതോടെ യുകെയിലെത്തി വാടകയ്ക്ക് കഴിയുന്ന മലയാളികൾ ഉൾപ്പെടെ പ്രതിസന്ധിയിലായി. വിലക്കയറ്റത്തിനൊപ്പം വീട്ടുവാടകയും ഉയർന്നതോടെ കനത്ത ജീവിതചെലവ് പ്രതിസന്ധിയിലായി കുടുംബങ്ങൾ. വാർഷിക വാടക 10.3% വർദ്ധിച്ച് ജുലൈയില്‍ ശരാശരി വാടക 1243 പൗണ്ടെന്ന റെക്കോര്‍ഡിലെത്തി. ലെറ്റിങ് റഫറന്‍സിങ് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫേമായ ഹോംലെറ്റ് റെന്റല്‍ ഇന്‍ഡെക്സില്‍ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരം സ്കോട്ട്ലൻഡിൽ 15.8% വാര്‍ഷിക വാടക വര്‍ദ്ധനവ് രേഖപ്പെടുത്തി.
തൊട്ടുപിന്നിൽ ലണ്ടൻ ആണ്. 12.9% വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലണ്ടനില്‍ ജൂലൈയിലെ വാടകയില്‍ മാത്രം 1.9% വര്‍ധനവുണ്ടായി. ഇതോടെ ശരാശരി വാടക 2109 പൗണ്ടായി ഉയർന്നു. ജൂലൈയില്‍ രാജ്യമാകമാനം വാടകയില്‍ 1.1 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുകെയിലെ ശരാശരി വാടകയായ 1037 പൗണ്ടിനേക്കാള്‍ ഏതാണ്ട് 70 ശതമാനം കൂടുതലാണ് ലണ്ടനിലെ വാടകയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
നിലവിലെ സാഹചര്യത്തില്‍ വാടകക്കാർ അവരുടെ വരുമാനത്തിന്റെ 32.1 ശതമാനം വാടക കൊടുക്കാന്‍ വേണ്ടി ചെലവാക്കുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ഇത്തരത്തില്‍ ചെലവാക്കിയിരുന്നത് 30.2 ശതമാനമാണ്. രാജ്യത്ത് പലിശ നിരക്കിനൊപ്പം മോർട്ട്ഗേജ് നിരക്കുകളും ഉയരുന്നതിനാൽ പലർക്കും സ്വന്തമായി വീട് വാങ്ങാനാകുന്നില്ല. വീട്ടുവാടക കുത്തനെ ഉയരുന്നതിനാൽ മറ്റ് ചിലവുകൾക്ക് പണം തികയാതെയും വരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പോലീസ് സേനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി 1992-ൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ. നീതിക്കുവേണ്ടി താൻ കാത്തിരിക്കേണ്ടി വന്നത് നീണ്ട മുപ്പത് വർഷങ്ങളാണ് എന്നാരോപിച്ചാണ് നീക്കം. 1992-ൽ ഏഴുവയസ്സുകാരിയായ നിക്കി അലനെ സൺഡർലാൻഡിലെ ഒരു പൊളിഞ്ഞ കെട്ടിടത്തിൽ കൊണ്ടുവന്ന് തുടർച്ചയായി മർദ്ദിക്കുകയും കുത്തി കൊലപ്പെടുത്തുകയും ആയിരുന്നു. കുട്ടിയുടെ മുൻ അയൽവാസിയായ ഡേവിഡ് ബോയ്ഡ്ന് മെയ് മാസം കൊലപാതകത്തിന് ജയിൽ ശിക്ഷ വിധിച്ചു. എന്നാൽ നോർത്തുംബ്രിയ പോലീസ് പ്രതിയെ വേഗം പിടികൂടണമായിരുന്നു എന്ന് നിക്കിയുടെ അമ്മ ഷാരോൺ ഹെൻഡേഴ്സൺ പറഞ്ഞു.
കേസ് തെളിയിക്കാൻ പരാജയപ്പെട്ടതിന് നോർത്തുംബ്രിയ പോലീസ് മുമ്പ് ക്ഷമാപണം നടത്തിയിരുന്നു. നിയമനടപടി തുടരാനുള്ള തന്റെ നീക്കം അഭിഭാഷകർ വഴി നോർത്തുംബ്രിയ പോലീസിലെ ചീഫ് കോൺസ്റ്റബിളിന് കത്തെഴുതാൻ ഒരുങ്ങുകയാണ് ഷാരോൺ ഹെൻഡേഴ്സൺ. നിക്കിയുടെ ബേബി സിറ്ററിന്റെ കാമുകൻ കൂടിയായ ബോയ്ഡിനെ അറസ്റ്റ് ചെയ്യാൻ ഏകദേശം 30 വർഷത്തെ കാലതാമസം നേരിട്ടത് കേസിലെ പോലീസ് അന്വേഷണങ്ങളുടെ കഴിവ് കേടിനെയാണ് കാണിക്കുന്നതെന്നും അവർ പറഞ്ഞു.
കിഴക്കൻ സണ്ടർലാൻഡിലെ ഹെൻഡനിലെ വെയർ ഗാർത്ത് ഫ്ലാറ്റിലാണ് നിക്കിയും കുടുംബവും താമസിച്ചിരുന്നത്. പ്രതിയായ ബോയിഡിന് രണ്ട് നിലകൾക്ക് താഴെയായിരുന്നു ഇവരുടെ അപ്പാർട്ട്മെന്റ്. അന്ന് ഡേവിഡ് ബോയ്ഡിന് 25 വയസ്സായിരുന്നു പ്രായം. ഒക്‌ടോബർ 7 രാത്രി കാണാതായ നിക്കിയെ ശരീരമാസകലം മുറിവേറ്റ നിലയിൽ അടുത്ത ദിവസം രാവിലെ പഴയ ഓൾഡ് എക്‌സ്‌ചേഞ്ച് കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ കണ്ടെത്തുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടീഷ് മ്യൂസിയത്തിന് സമീപം നടന്ന കത്തിക്കുത്തിൽ ഒരാൾക്ക് പരിക്ക്. അക്രമിയെന്ന് സംശയിക്കുന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സെൻട്രൽ ലണ്ടനിലെ ഗ്രേറ്റ് റസൽ സ്ട്രീറ്റിൽ ഇന്നലെ രാവിലെ 10നാണ് സംഭവം. ആക്രമണത്തിന് ഇരയായ വ്യക്തിയുടെ കൈയിലാണ് കുത്തേറ്റത്. മ്യൂസിയത്തിലേക്കുള്ള ക്യൂവിൽ നിൽക്കുമ്പോഴാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. പാരാമെഡിക്കുകൾ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ഉടൻ മ്യൂസിയം ഒഴിപ്പിച്ചെങ്കിലും ശക്തമായ സുരക്ഷയോടെ വീണ്ടും തുറന്നു.
ആക്രമണത്തിൽ മറ്റ് അപകടങ്ങൾ ഒന്നുമില്ലെന്നും ഇത് തീവ്രവാദവുമായി ബന്ധപ്പെട്ടതായി കണക്കാക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. ആക്രമണം നടന്നതോടെ അവിടെയുള്ളവരെല്ലാം ഭയന്ന് ഓടാൻ തുടങ്ങിയതായി ഒരു ദൃക്സാക്ഷി പറഞ്ഞു.
ആക്രമണത്തിന് മുമ്പ് ഒരാൾ മൂന്നു വലിയ കത്തികളുമായി നടക്കുന്നത് കണ്ടതായി മറ്റൊരു ദൃക്സാക്ഷി പറഞ്ഞു.
പോലീസിന്റെ അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങളോ ദൃശ്യങ്ങളോ ഉള്ളവർ CADF 2184/08AUG ഉദ്ധരിച്ച് 101 എന്ന നമ്പറിലോ 0800 555 111 എന്ന നമ്പറിൽ ക്രൈംസ്റ്റോപ്പേഴ്‌സ് വഴിയോ പോലീസുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
12 ദശലക്ഷം ബ്രിട്ടീഷുകാർക്ക് സൗജന്യമായി നൽകി വന്നിരുന്ന എൻഎച്ച്എസ് ജാബുകളും കോവിഡ് ബൂസ്റ്ററുകളും നിർത്തലാക്കി. 50 – തിനും 64- തിനും ഇടയിൽ പ്രായമുള്ള അർഹരായ ആളുകൾക്ക് ശരത്കാലം മുതലുള്ള കോവിഡ് – 19 ടോപ്പ് അപ്പ് ജാബുകൾ നൽകില്ലെന്ന് ജോയിൻറ് കമ്മിറ്റി ഓഫ് വാസിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ (ജെ സി വി ഐ) -ൽ എൻഎച്ച്എസിന് മാർഗനിർദ്ദേശം നൽകിയതാണ് തീരുമാനത്തിന് പിന്നിൽ.
എന്നാൽ സൗജന്യ പ്രതിരോധ കുത്തിവെയ്പ്പുകൾ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ ഇടയിൽ കടുത്ത എതിരഭിപ്രായമാണ് ഉള്ളത്. കോവിഡ് -19 വൈറസ് ഇല്ലാതായിട്ടില്ലന്നും ശൈത്യകാലത്ത് ഇത് കൂടുതൽ വ്യാപകമായി പ്രചരിക്കുമെന്നാണ് കരുതുന്നതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ പബ്ലിക് ഹെൽത്ത് പ്രോഗ്രാമറുകളുടെ ഡയറക്ടർ ഡോ. മേരി ദാംസ പറഞ്ഞു.
അടുത്തിടെ നടന്ന എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ബോർഡ് മീറ്റിംഗ് ബ്രിട്ടനിൽ എക്കാലങ്ങളും മോശം ഫ്ലൂ ഡിസംബർ ആണ് വരാനിരിക്കുന്നതെന്ന് മുന്നറിയിപ്പ് നൽകപ്പെട്ടിരുന്നു. ഇൻഫ്ലുവൻസുമായി ബന്ധപ്പെട്ട് ആശുപത്രി പ്രവേശനത്തിൽ അഞ്ചിൽ നാലും കുട്ടികളാണ്. 65 വയസ്സിനു മുകളിലുള്ള മുതിർന്നവർക്കും അതുപോലെ ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികൾക്കും ചെറുപ്പക്കാർക്കും പാൻഡമിക് ഫ്ലൂ ജാബുകൾ നൽകാനുള്ള പദ്ധതി നിലവിലുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മാഞ്ചസ്റ്റർ സിറ്റി സെന്റർ സെൻട്രൽ റിസർവേഷനിലേക്ക് ബസ് ഇടിച്ചുകയറി. 27 പേർക്ക് പരിക്കേറ്റു. ഇതിൽ 7 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. ഓക്സ്ഫോർഡ് സ്ട്രീറ്റ് ആൻഡ് വിറ്റ് വർത്ത് സ്ട്രീറ്റ് ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടം.
യാത്രക്കാർ നിസാര പരുക്കുകളോടെ രക്ഷപെട്ടുവെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു. ഗ്രേറ്റർ മാഞ്ചസ്റ്റർ ഫയർ ആൻഡ് റെസ്ക്യൂ സർവീസും അപകടസ്ഥലത്തെത്തിയിരുന്നു. ഡബിൾ ഡക്കർ ബസാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ മുന്നിലെ ചില്ലുകൾ പൂർണമായും തകർന്നിട്ടുണ്ട്. തിരക്കേറിയ മാഞ്ചസ്റ്റർ നഗരത്തിൽ നടന്ന അപകടം ആളുകളെ ഞെട്ടിച്ചെങ്കിലും ആർക്കും സാരമായ പരിക്കുകൾ ഇല്ലെന്നത് ആശ്വാസം നൽകുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഗ്ലാസ്ഗോയിൽ സഹോദരൻ കൊലപ്പെടുത്തിയ ആംബർ ഗിബ്സൺ എന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ജയിൽശിക്ഷ. കൊല്ലപ്പെടുന്നതിന് അഞ്ചു മാസം മുമ്പ് 2021 ജൂണിൽ ബോത്ത്‌വെല്ലിലെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് ഇരുപതുകാരനായ ജാമി സ്റ്റാർസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈയിൽ ലാനാർക്കിലെ ഹൈക്കോടതിയിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇന്ന് പത്തര വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 2021 മെയിൽ മറ്റൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസും ഇയാളുടെ പേരിലുണ്ട്.
ആക്രമണത്തെക്കുറിച്ച് ആംബറിൽ നിന്ന് മൊഴിയെടുത്തിരുന്നു. താൻ അബോധാവസ്ഥയിലായിരിക്കുമ്പോഴാണ് പീഡനം നടന്നതെന്നും പിന്നീട് അത് മനസിലായിരുന്നുവെന്നും ആംബർ പറഞ്ഞിരുന്നു. മദ്യപിച്ചിരിക്കെയാണ് സ്റ്റാർസ് തന്നെ ആക്രമിച്ചതെന്ന് ഇരയായ മറ്റൊരു പെൺകുട്ടി കോടതിയിൽ പറഞ്ഞു.
2021 നവംബർ 26-നാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. കോനോർ തൻ്റെ സഹോദരി ആംബറിനെ മർദ്ദിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. നഗ്നയായ നിലയിലാണ് ആംബറിൻ്റെ മൃതദേഹം കാണപ്പെട്ടത്. പ്രതി സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ക്രൂരമായ ബലാത്സംഗത്തിനൊടുവിലാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. ചെളി പുരണ്ട നിലയിലാണ് ആംബറിൻ്റെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ സഹോദരൻ്റെ വസ്ത്രത്തിൽ രക്തത്തിൻ്റെ അംശം കണ്ടെത്തിയത് അന്വേഷണത്തിൽ നിർണ്ണായകമാകുകയായിരുന്നു. മാത്രമല്ല ആംബറിൻ്റെ വസ്ത്രത്തിൽ സഹോദരനായ കോണറിൻ്റെ ഡിഎൻഎയും കണ്ടെത്തിയിരുന്നു.
സ്റ്റോക്ക് ഓൺ ട്രെന്റ്: പേപ്പറുകൾ കൊണ്ട് അതിമനോഹരമായ ക്രഫ്റ്റുകൾ ഉണ്ടാക്കി സ്റ്റോക്ക് ഓൺ ട്രെന്റിനെ വിസ്മയിപ്പിക്കുന്ന മലയാളിയായ റിട്ടയേർഡ് ഹെഡ് മാസ്റ്റർ.. കെ ജി ദാസ് (ദാസ് മാസ്റ്റർ) വെറും കളർ പേപ്പറുകൾ കൊണ്ട് ഒരുക്കിയ വിസ്മയങ്ങൾ മലയാളം യുകെ നിങ്ങൾക്കായി പരിചയപ്പെടുത്തുകയാണ്.
കൃഷ്ണവിലാസ് യു പി സ്കൂൾ കോളേരി ഹെഡ് മാസ്റ്റർ ആയിരുന്നു ദാസ് മാസ്റ്റർ. വയനാട്ടിലെ കോളേരിയിൽ ഉള്ള വേലിക്കകത്ത് കുടുംബാംഗം. വയനാട്ടിലെ പ്രിയപ്പെട്ട സ്കൂളിൽ നിന്നും പെൻഷൻ ആയപ്പോൾ യുകെയിൽ നേഴ്സ് ആയി ജോലിചെയ്യുന്ന തന്റെ മകളായ ശരണ്യയുടെ അടുത്ത് പോയി അവധിക്കാലം ചിലവഴിക്കാം എന്ന ചിന്തയിലാണ് ഭാര്യയായ സുജാതക്കൊപ്പം സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തുന്നത്.
എന്നാൽ പല സ്ഥലങ്ങൾ ഒക്കെ കാണുവാൻ പോയെങ്കിലും വീട്ടിനുള്ളിലെ ഇരുപ്പ് മടുപ്പുളവാക്കുന്നതായിരുന്നു. ഒരു മാസം കഴിയുന്നതിന് മുൻപേ നാട്ടിലേക്ക് എന്ന തീരുമാനത്തിൽ എത്തി ദാസ് മാസ്റ്റർ. ഇവിടെയാണ് മകളായ ശരണ്യ ഉണർന്നു പ്രവർത്തിച്ചത്. അച്ഛന് ഇഷ്ടമുള്ള ക്രാഫ്റ്റ് ഉണ്ടാക്കുവാനുള്ള സാധനങ്ങൾ എവിടെ കിട്ടും എന്നതിനേപ്പറ്റി ഒരറിവും ഇല്ല. ആമസോണിലും മറ്റു പല ലോക്കൽ ഷോപ്പുകളിലും പരതിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ശരണ്യയുടെ ആഗ്രഹ സഫലീകരണത്തിനായി ഭർത്താവായ സജിത് കൊല്ലപ്പിള്ളിൽ മുന്നിട്ടിറങ്ങിയതോടെ കാര്യങ്ങൾക്ക് തീരുമാനമായി. സഹപ്രവർത്തകരുടെ സഹായത്താൽ എല്ലാം വാങ്ങി വീട്ടിൽ എത്തിച്ചപ്പോൾ മാത്രമാണ് ശരണ്യയുടെ ടെൻഷൻ മാറിയത്.
Quilling Art (പേപ്പർ കഷണങ്ങൾ കൊണ്ടുണ്ടാക്കുന്ന ചിത്രങ്ങൾ), bamboo craft, thread works, drawing എന്നിവയിൽ അതീവ തല്പരനായിരുന്നു ദാസ് മാസ്റ്റർ എന്ന കാര്യം നന്നായി അറിയാമായിരുന്ന മകളുടെ നീക്കം ഫലം കാണുകയായിരുന്നു. പിന്നീട് കണ്ടത് പേപ്പറുകൾ കൊണ്ട് വിസ്മയം തീർത്ത മാസ്റ്റർ ദാസിനെയായിരുന്നു.
മനോഹരങ്ങൾ ആയ, പല ചിത്രങ്ങളും പല ആശയങ്ങളും അതോടൊപ്പം പല പഴയകാല കഥകളും ഉൾക്കൊള്ളുന്നതാണ് എന്ന വസ്തുത ദാസ് മാസ്റ്റർ മലയാളം യുകെ യോട് പറയുകയുണ്ടായി.
ഇതിനിടെ സ്റ്റോക്കിലെ ഒരു നഴ്സിംഗ് ഹോമിൽ ഈ ചിത്ര പ്രദർശനം നടക്കുകയും മാസ്റ്റർ ദാസിനെ അവാർഡ് നൽകി ആദരിക്കുകയും ചെയ്തിരിക്കുന്നു. ഒരു കാര്യം തീർച്ച മാസ്റ്റർ ദാസിന്റെ കലാസൃഷ്ടികൾ സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾക്ക് നൽകുന്നത് അഭിമാന നിമിഷങ്ങൾ തന്നെയാണ്.
ബന്ധപ്പെടേണ്ട നമ്പർ .. സജിത് +447760613734
അറുപതിൽ പരം ചിത്രങ്ങൾ കാണാം താഴത്തെ വിഡിയോയിൽ
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിലെ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ (ബിഎംഎ) ഭാഗമായ മുതിർന്ന ഡോക്ടർമാർ സെപ്റ്റംബർ 19, 20 തീയതികളിൽ പണിമുടക്കും. സ്വതന്ത്ര ശമ്പള അവലോകന സമിതി ശുപാർശ ചെയ്ത 6% വേതന വർദ്ധന അംഗീകരിച്ചതിന് ശേഷം ഇനി ശമ്പള ചർച്ചകൾ ഉണ്ടാവില്ലെന്ന് സർക്കാർ അറിയിച്ചു. മുതിർന്ന ഡോക്ടർമാരുടെ പണിമുടക്ക് പതിവ് ആശുപത്രി സേവനങ്ങളെ ബാധിക്കും. ശമ്പള വർധനവിനെ ചൊല്ലി ഈ മാസം അവസാനവും ഡോക്ടർമാർ പണിമുടക്കും.
പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ 2008 മുതൽ ശമ്പളം 27% കുറഞ്ഞതായി ബി എം എ പറഞ്ഞു. പണപ്പെരുപ്പവുമായി പൊരുത്തപ്പെടുന്ന ശമ്പള വർദ്ധനവെങ്കിലും സർക്കാർ നൽകണമെന്നാണ് അവരുടെ ആവശ്യം. എന്താണ് വേണ്ടതെന്ന് കൃത്യമായ കണക്ക് നൽകിയിട്ടില്ല.
കഴിഞ്ഞ ദിവസം, വെൽഷ് സർക്കാരിന്റെ 5% ശമ്പള ഓഫർ ഡോക്ടർമാർ നിരസിച്ചിരുന്നു. യുകെയിലെ ഏറ്റവും മോശം ഓഫർ എന്നാണ് ബി എം എ പ്രതികരിച്ചത്. ഇവിടെ സമരമാർഗം വേണോ എന്ന് തീരുമാനിക്കാൻ ബിഎംഎ കമ്മിറ്റികൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ യോഗം ചേരും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്നതിനായി ബ്രിട്ടീഷ് നിയമവ്യവസ്ഥിതിയെ ദുരുപയോഗം ചെയ്യുന്ന അഭിഭാഷകർക്ക് ജയിൽ ശിക്ഷ അനിവാര്യമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുയല്ല ബ്രാവർമാൻ. ഞായറാഴ്ച ദി മെയിൽ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ആഭ്യന്തര സെക്രട്ടറി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. വ്യവസ്ഥിതിയെ കബളിപ്പിക്കുവാൻ ശ്രമിക്കുന്ന കുറ്റവാളികൾക്കും, കുറ്റവാളികളെ സഹായിക്കുന്നവർക്കും ശക്തമായ ശിക്ഷ ഉണ്ടാകണമെന്ന് അവർ ഓർമ്മിപ്പിച്ചു.
നിയമവിരുദ്ധമായ കുടിയേറ്റത്തെ സഹായിക്കുന്നവർക്ക് നിലവിലുള്ള നിയമപ്രകാരം ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി. കുടിയേറ്റക്കാരിൽ നിന്നും ആയിരക്കണക്കിന് പൗണ്ടുകൾ ഈടാക്കി, അവർക്ക് അവകാശവാദങ്ങൾ ഉന്നയിക്കാനുള്ള വ്യാജ രേഖകൾ ലഭിക്കുന്നതിനും മറ്റും സഹായിക്കുന്ന നിരവധി അഭിഭാഷകർ ഉണ്ടെന്നുള്ള റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നിലവിലുള്ള നിയമങ്ങൾ തന്നെ ഇത്തരത്തിലുള്ളവർക്ക് ശിക്ഷ നൽകുവാൻ പര്യാപ്തമാണെന്നും അത് ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നാണ് ആഭ്യന്തര സെക്രട്ടറി തന്റെ അഭിമുഖത്തിൽ ഊന്നൽ നൽകിയത്.
ഇത്തരത്തിലുള്ള അഭിഭാഷകരെ കണ്ടെത്തുന്നതിനായി പുതിയ ടാസ്ക് ഫോഴ്സിന് ഗവൺമെന്റ് രൂപം നൽകിയിട്ടുമുണ്ട്. നിയമവ്യവസ്ഥിതിയെ ചൂഷണം ചെയ്യുന്നതിൽ നിന്നും, സത്യസന്ധമല്ലാത്ത രാജ്യദ്രോഹപരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്നും സോളിസിറ്റേഴ്സ് റെഗുലേഷൻ അതോറിറ്റി അഭിഭാഷകരെ വിലക്കുന്നുണ്ട്. കുടിയേറ്റക്കാരെ തടയുന്നതിനായി ശക്തമായ നടപടികൾ ഗവൺമെന്റ് എടുക്കാതെ അഭിഭാഷകരുടെ ഭാഗത്തുനിന്നുമുള്ള ഇത്തരത്തിലുള്ള നീക്കം വളരെയധികം തെറ്റാണെന്ന അഭിപ്രായമാണ് ഉയർന്നുവന്നിരിക്കുന്നത്. ഇത്തരത്തിൽ കണ്ടെത്തുന്നവർക്ക് ശക്തമായ ശിക്ഷ നടപടികൾ ഉണ്ടാവുകയും ചെയ്യും എന്ന സൂചനയാണ് സർക്കാർ അധികൃതർ നൽകുന്നത്.