ന്യൂസ് ഡെസ്ക് മലയാളം യുകെ

സാലിസ്ബറിയിലെ ആദ്യകാല മലയാളികളിൽ ഒരാളും സാലിസ്ബറി മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവുമായിരുന്ന ബീന വിന്നിയ്ക്ക് (54) യുകെയിലെ മലയാളി സമൂഹം അന്ത്യ യാത്രാമൊഴിയേകി.ഇന്നലെ ഫെബ്രുവരി മൂന്നിന് 12.45 – ഓടെയാണ് ബീന വിന്നിയുടെ മൃതദേഹം സ്വഭവനത്തിൽ എത്തിച്ചത് . ഫാ .സജി മാത്യു ആണ് ഭവനത്തിൽ വച്ച് നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകിയത്. തുടർന്ന് സാലിസ്ബറിയിലെ ഹോളി റെഡീമര്‍ ചര്‍ച്ചില്‍ ആണ് പൊതുദര്‍ശനവും  പ്രാർത്ഥന ശുശ്രൂഷകളുംനടന്നത്. ഫാ . തോമസ് പരെകണ്ടത്തിൽ മുഖ്യ കാർമ്മികൻ ആയി അർപ്പിച്ച കുർബാനയ്ക്ക് ഫാ. ചാക്കോ പനത്തറ, ഫാ. സജി മാത്യു എന്നിവർ സഹ കാർമ്മികരായിരുന്നു .

സാലിസ്ബറിയിലെ ഒട്ടുമിക്ക മലയാളി കൂട്ടായ്മകളിലും നിറസാന്നിധ്യമായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട ബീന വിന്നിയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് യുകെ മലയാളികൾ നൽകിയത്. നൂറുകണക്കിന് മലയാളികളാണ് പള്ളിയിൽ അന്ത്യ യാത്രാമൊഴിയേകാൻ എത്തിച്ചേർന്നത് .

സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന വിന്നി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ സൗത്താംപ്ടണ്‍ റീജിയണിലെ സാലിസ്ബറി സെന്റ് തോമസ് മിഷന്‍ അംഗം ആണ്.സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി സെക്രട്ടറി, എക്സിക്യൂട്ടീവ് മെമ്പര്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബീന വിന്നി സാലിസ്ബറിയിലെ മതാധ്യാപിക കൂടിയായിരുന്നു. മതാധ്യാപിക എന്ന നിലയിൽ നല്ലൊരു ശിഷ്യഗണവും അവർക്ക് ഉണ്ടായിരുന്നു. നിറകണ്ണുകളോടെയാണ് കുട്ടികളും മാതാപിതാക്കളും തങ്ങളുടെ ബീന ടീച്ചറിനെ അവസാന നോക്ക് കാണാൻ എത്തിച്ചേർന്നത്.

ഭർത്താവ് വിന്നി ജോണും മക്കളായ റോസ്മോൾ വിന്നിയും റിച്ചാർഡ് വിന്നിയും നിറകണ്ണുകളോടെ മലയാളി സമൂഹത്തിൻറെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി. എല്ലാവർക്കും നന്ദി പറഞ്ഞും അമ്മയെ കുറിച്ച് ഹൃദയസ്പർശിയായി സംസാരിച്ചും റോസ് മോൾ വിന്നി നടത്തിയ അനുസ്മരണം ഏവരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു.

ബീന വിന്നിയുടെ മൃതസംസ്കാരം പിന്നീട് സ്വദേശമായ കോതമംഗലത്ത് വച്ച് നടക്കും.ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ഏറെ നാൾ ചികിത്സയിലായിരുന്നു. രക്തസമ്മർദ്ദം കുറഞ്ഞതിനെത്തുടർന്ന് അടിയന്തിരമായി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.