Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഉക്രൈൻ യുദ്ധത്തിൽ ഒരു ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടതായും മറ്റൊരാളെ കാണാതായതായും ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഉക്രൈൻ സേനയോടൊപ്പം പോരാടിയ സ്ക്കോട്ട് സിബ്ലി എന്നയാളാണ് മരണപ്പെട്ടത് എന്നാണ് ഉക്രൈനിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. യുദ്ധത്തിൽ മരണപ്പെട്ട ആദ്യ ബ്രിട്ടീഷ് പൗരനാണ് സിബ്ലിയെന്നും, ഉക്രൈനിന്റെ ഏറ്റവുമടുത്ത സുഹൃത്താണ് ഇദ്ദേഹമെന്നുമാണ് ഉക്രൈൻ അധികൃതർ വിശദീകരിച്ചത്. എന്നാൽ ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് ഇരുവരുടെയും വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇരു കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നാണ് വിദേശകാര്യവകുപ്പിന്റെ വക്താക്കളിൽ ഒരാൾ വ്യക്തമാക്കിയത്. എന്നാൽ സിബ്ലിയുടെ മരണം സംബന്ധിച്ചും കാണാതായ ആളുടെ കൂടുതൽ വിവരങ്ങൾ സംബന്ധിച്ചും ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഉക്രൈൻ സേനയോടൊപ്പം പോരാടിയിരുന്ന രണ്ട് സന്നദ്ധരായ ബ്രിട്ടീഷ് പൗരന്മാരാണ് ഇവരെന്നാണ് നയതന്ത്ര വിവരങ്ങൾ വ്യക്തമാക്കുന്നത്.

സിബ്ലിയുടെ മരണത്തിൽ സോഷ്യൽമീഡിയകളിൽ എല്ലാം തന്നെ ആദരാഞ്ജലികളും മറ്റും നിരവധിപ്പേർ അറിയിക്കുന്നുണ്ട്. ബ്രിട്ടീഷ് സേനയിലെ മുൻ അംഗമായിരുന്നു സിബ്ലി എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. പോളണ്ട് അതിർത്തിയിൽ മാർച്ച് മാസത്തിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ യുകെ സ്പെഷ്യൽ ഫോഴ്സിലെ മൂന്നുപേർ കൊല്ലപ്പെട്ടതായി വാർത്ത ഉണ്ടായിരുന്നുവെങ്കിലും ഇത് ഒരിക്കലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യുദ്ധം ആരംഭിച്ച ഫെബ്രുവരിയിൽ തന്നെ ബ്രിട്ടീഷ് പൗരൻമാരോട് ഉക്രൈൻ വിടാൻ ബ്രിട്ടൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിരവധി ആളുകൾ തങ്ങൾക്ക് ഉക്രൈനിൽ പോയി യുദ്ധത്തിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന ആഗ്രഹവുമായി മുന്നോട്ടുവന്നിരുന്നു. നിലവിൽ ഏകദേശ കണക്കുകൾ പ്രകാരം ഇരുപതിനായിരത്തോളം ആളുകൾ മറ്റു രാജ്യങ്ങളിൽ നിന്ന് വന്ന് ഉക്രൈൻ സേനയോടൊപ്പം പോരാടുന്നുണ്ട് എന്നാണ് ഉക്രൈൻ വ്യക്തമാക്കിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾകൊള്ളുന്ന രീതിയിൽ പ്രസവ സേവനങ്ങൾ ഇനി ‘ചെസ്റ്റ്ഫീഡിങ്’ (chestfeeding), ഫ്രന്റൽ ബർത്ത് (frontal Birth) തുടങ്ങിയ പദങ്ങൾ ഉപയോഗിക്കണമെന്ന് ശുപാർശ. 121 ട്രാൻസ് ബ്രിട്ടീഷുകാർക്കിടയിൽ അവരുടെ ഗർഭധാരണ അനുഭവത്തെക്കുറിച്ച് സർവേ നടത്തിയതിന് ശേഷമാണ് എൽജിബിടി ഫൗണ്ടേഷന്റെ റിപ്പോർട്ട് പുറത്തുവരുന്നത്. ലിംഗഭേദം നിറഞ്ഞ പദങ്ങളായ ബ്രെസ്റ്റ്ഫീഡിങ് (Breastfeeding), വജൈനൽ ബർത്ത് (vaginal birth) പോലുള്ളവ ഒഴിവാക്കണമെന്നാണ് നിർദേശം. ചില ട്രാൻസ്, നോൺ-ബൈനറി ആളുകൾക്ക് പ്രസവിക്കാൻ ആശുപത്രികളിൽ ഒരു സ്വകാര്യ ഇടം ലഭിക്കുന്നത് പ്രയോജനം ചെയ്യുമെന്നും ചാരിറ്റി പറയുന്നു.

ബ്രൈറ്റൺ ആൻഡ് സസെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ്, അവരുടെ ഔദ്യോഗിക മാർഗ്ഗനിർദ്ദേശത്തിൽ മുലപ്പാലിനെ (Breast milk ) ‘മനുഷ്യ പാൽ’ (Human Milk) എന്ന് വിളിക്കുന്നു. ഗർഭകാലയളവിൽ തങ്ങളുടെ ലിംഗഭേദം അടിസ്ഥാനമാക്കി ആരോഗ്യ സംരക്ഷണ വിദഗ്ധർ സംസാരിച്ചിട്ടില്ലെന്ന് സർവേയിൽ പങ്കെടുത്ത 59 % പേർ ചൂണ്ടിക്കാട്ടി. കൂടാതെ, പ്രസവസമയത്ത് തങ്ങളോട് മാന്യതയോടെ പെരുമാറിയിട്ടില്ലെന്ന് 28 ശതമാനം പേരും പറഞ്ഞു. സർവേയിൽ പ്രതികരിച്ചവരെ 2020 നവംബറിനും 2021 മാർച്ചിനും ഇടയിൽ സോഷ്യൽ മീഡിയ വഴിയാണ് റിക്രൂട്ട് ചെയ്തത്. തുടർന്ന് എൽജിബിടി ഫൗണ്ടേഷൻ അവരുമായി അഭിമുഖം നടത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- 13 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കുറ്റത്തിന് ഡോക്ടർ സ്ട്രെയിഞ്ചിലെ അഭിനേത്രി സാറ ഫയ്‌തിയനും ഭർത്താവ് വിക്ടർ മാർക്കിനുനെതിരെ കോടതി കേസ് എടുത്തിരിക്കുകയാണ്. പതിനാലോളം ആരോപണങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. 2005 മുതൽ 2008 വരെയുള്ള കാലഘട്ടത്തിൽ പെൺകുട്ടിക്ക് 13 മുതൽ 15 വയസ്സു വരെയുള്ള സമയത്താണ് ഇരുവരും തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തതെന്ന പെൺകുട്ടിയുടെ പോലീസിനോടുള്ള ഏറ്റുപറച്ചിൽ നോട്ടിംഗ്ഹാം ക്രൗൺ കോടതി മുഖവിലക്കെടുത്തു. പെൺകുട്ടിക്ക് മദ്യം നൽകിയശേഷം സാറ അവരുടെ ഭർത്താവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുവാൻ പെൺകുട്ടിയെ നിർബന്ധിക്കുകയായിരുന്നു.

ഇതോടൊപ്പം തന്നെ താൻ ലൈംഗികബന്ധത്തിലേർപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ എടുത്ത് ഇരുവരും സൂക്ഷിക്കുകയും ചെയ്തതായി പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഒരു പ്രവർത്തിയും ഉണ്ടായിട്ടില്ലെന്ന് സാറയും ഭർത്താവും വ്യക്തമാക്കി. ഇരുവരുടെയും വിവാഹത്തിനു മുൻപാണ് ഈ സംഭവങ്ങൾ നടന്നത്. ഈ സംഭവങ്ങൾ നടക്കുന്ന സമയത്ത് ഇരുവരും നോട്ടിംഗ്ഹാമിൽ മാർഷ്യൽ ആർട്സ് ഇൻസ്ട്രക്ടർമാർ ആയിരുന്നു. തനിക്ക് നേരിടുന്ന ദുരനുഭവം പുറത്തുപറഞ്ഞാൽ തന്നെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ വാദം കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഹാംഷെയർ : ഓൺലൈനിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ജോലിക്കിടെ യാത്ര ചെയ്ത പോലീസുകാരന് ജയിൽ ശിക്ഷ. 52 കാരനായ ഫ്രാങ്കോയിസ് ഓൾവേജ് ആണ് പ്രതി. 75 മൈൽ യാത്ര ചെയ്താണ് പെൺകുട്ടിയെ കാണാനായി ഓൾവേജ് പോയത്. ഹാംഷെയറിലെ ബേസിംഗ്‌സ്റ്റോക്കിലുള്ള മക്‌ഡൊണാൾഡ്‌സിൽ വെച്ച് പോലീസ് ഇയാളുടെ ബാഗിൽ നിന്ന് കോണ്ടം, ലൂബ്രിക്കന്റ്, ഗുളികകൾ എന്നിവ കണ്ടെടുത്തിരുന്നു.

പെൺകുട്ടിക്ക് സമ്മാനമായി കരുതിയിരുന്ന ഫെറേറോ റോച്ചർ ചോക്ലേറ്റുകളുടെ ഒരു പെട്ടിയും ഇയാളുടെ ബാഗിൽ നിന്ന് ലഭിച്ചു. മറ്റ് മൂന്നു ലൈംഗിക കുറ്റകൃത്യങ്ങളിൽ കൂടി ഉൾപ്പെട്ട ആളാണ് ഓൾവേജ്. അഞ്ചര വർഷത്തെ ജയിൽ ശിക്ഷയാണ് വിൻചെസ്റ്റർ ക്രൗൺ കോടതി വിധിച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

19 വർഷമായി ജോലിയിലുള്ള ഓൾവേജ് പെൺകുട്ടിയെ കാണാനായി ഒരു ഹോട്ടൽ മുറി ബുക്ക്‌ ചെയ്തിരുന്നു. രണ്ടാഴ്ച തുടർച്ചയായി ഇദ്ദേഹം പെൺകുട്ടിക്ക് സന്ദേശം അയച്ചു. ഹെർട്ട്ഫോർഡ്ഷെയർ പോലീസിന്റെ സമഗ്രമായ അന്വേഷണത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് ഓൾവേജ് അറസ്റ്റിലായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- റഷ്യ- യുക്രൈൻ യുദ്ധത്തിൽ യുക്രൈനിനു പൂർണപിന്തുണ നൽകുന്ന ബ്രിട്ടനെ പൂർണമായി തുടച്ചു നീക്കുവാൻ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനുമേൽ സമ്മർദ്ദം ചെലുത്തിയിരിക്കുകയാണ് റഷ്യൻ സ്റ്റേറ്റ് മീഡിയ. പുടിന്റെ ഏറ്റവും വലിയ പ്രചാരകനായ വ്ളാഡിമിർ സോളോവ്യോവ് ആണ് ഇത്തരത്തിലുള്ള ഭീഷണി മുഴക്കിയിരിക്കുന്നത്. റഷ്യ ഈ വർഷം അവസാനം നിരത്തിലിറക്കുന്ന സർമാറ്റ് 2 മിസൈലിനെ സംബന്ധിച്ച് റഷ്യ സ്പേസ് ഏജൻസി മേധാവിയുമായുള്ള ചർച്ചയ്ക്കിടെയാണ് സോളോവ്യോവ് ഇത്തരത്തിലുള്ള ഭീഷണി മുഴക്കിയത്. ഒരു സർമാറ്റ് മിസൈൽ എന്നാൽ ബ്രിട്ടനില്ല എന്ന തരത്തിലാണ് അദ്ദേഹം പ്രസ്താവന നടത്തിയത്. സോളോവ്യോവിനെ ഉൾപ്പെടെയുള്ളവരെ വധിക്കാനുള്ള ഉക്രൈനിൽ നിന്നുള്ള ഒരു സംഘത്തിന്റെ ശ്രമത്തെ തകർത്തതായി രണ്ടു ദിവസം മുൻപ് വ്ളാഡിമിർ പുടിൻ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ തങ്ങളുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്ന് ഉക്രൈൻ പ്രസ്താവിച്ചു.

പാശ്ചാത്യ പ്രതിരോധ വിദഗ്ധർ സർമാറ്റ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന് സാത്താൻ -2 എന്ന വിശേഷണം ആണ് നൽകുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കാനാകുന്ന ഭൂഖണ്ഡാന്തര മിസൈലാണ് ഇത്. ഒരേ സമയം തന്നെ ഇതിന് പതിനഞ്ചോളം പോർമുനകൾ വഹിക്കുവാൻ സാധിക്കും. പാശ്ചാത്യ രാജ്യങ്ങളുടെ നിലവിലുള്ള റഡാർ സംവിധാനങ്ങൾ ഉപയോഗിച്ച് പോലും ഇവയെ കണ്ടെത്താൻ കഴിയുകയില്ലെന്ന് റഷ്യൻ പ്രസിഡന്റ് അവകാശപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ആയുധമാണ് തങ്ങളുടെ പക്കലുള്ളത് എന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇത്തരത്തിൽ സാഹചര്യങ്ങൾ മുന്നോട്ടു പോയാൽ മൂന്നാമതൊരു മഹായുദ്ധത്തിൽ ഏകലോകം നയിക്കപ്പെടുമെന്ന ഭീതി ഇപ്പോൾ നിലനിൽക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ത്യയുടെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് ഒരു മലയാളി കൂടി എത്തിച്ചേരുമെന്ന സൂചനകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമായി. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ എൻ. ഡി. എയുടെ അടുത്ത ഉപരാഷ്ട്രപതി സ്ഥാനാർഥിയായേക്കും. 2007 – 2010 കാലഘട്ടത്തിലാണ് ജസ്റ്റിസ് കെ. ജി ബാലകൃഷ്ണൻ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നത്. നിലവിൽ നാഷണൽ ഹ്യൂമൻ റൈറ്റ് കമ്മീഷന്റെ ചെയർമാനാണ്.

ഇപ്പോഴത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഈ വർഷം ഓഗസ്റ്റിൽ അവസാനിക്കാനിരിക്കെയാണ് അടുത്ത ഉപരാഷ്ട്രപതിയെ കുറിച്ചുള്ള ചർച്ചകൾ ഭരണസിരാ കേന്ദ്രങ്ങളിൽ ചൂടു പിടിച്ചത്. നിലവിലെ കേരള ഗവർണർ ആസിഫ് മുഹമ്മദ് ഖാന്റെ പേരും ബിജെപിയിലെ തന്നെ ചിലർ മുന്നോട്ട് വയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ . എന്നിരുന്നാലും ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരിക്കും.

ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽ എത്തിച്ചേരുന്നതിനു മുമ്പ് കേരളാ ഹൈക്കോടതിയിൽ ജസ്റ്റിസ് ആയും ഗുജറാത്ത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായും ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. ഗുജറാത്ത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്ത് ഇടക്കാലത്ത് ഗുജറാത്ത് ഗവർണറുടെ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മരുമകൻ പി .വി ശ്രീനിജൻ കേരളത്തിൽ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ നിയമസഭാ ഇലക്ഷന് ജയിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെ മലയാളി സമൂഹത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുന്ന രണ്ട് മരണങ്ങളാണ് അടുത്ത സമയങ്ങളിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി തന്റെ ചിരിയും അതോടൊപ്പം തന്നെ ശക്തമായ നിലപാടുകളും കൊണ്ട് വിഗാനിലെ മലയാളി സമൂഹത്തിന്റെ മുഴുവൻ സ്വരമായി മാറിയ ജോമോൻ തോമസിന്റെ വേർപാടിന്റെ കണ്ണീരുണങ്ങുന്നതിനു മുൻപ് തന്നെയാണ് സ്വാൻസിയയിൽ യുകെയിലെത്തി രണ്ടാഴ്ച മാത്രമായ ബിജു പത്രോസിന്റെ മരണം. സ്വന്തം ജീവിതത്തിലുടനീളം വ്യക്തമായ നിലപാടുകൾ വെച്ചുപുലർത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു ജോമോൻ തോമസ്. മുൻപ് രണ്ടു വട്ടം മരണാസന്ന നിലയിൽ എത്തിയശേഷം ജീവിതത്തിലേക്ക് മടങ്ങി വന്ന ജോമോൻ, ഇത്തവണയും ആശുപത്രി വാസത്തിൽ ആയിരുന്ന സമയത്ത് തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നു സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായിരുന്നത്. എന്നാൽ ഏതാനും ആഴ്ചകളായി ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ചികിത്സയിലായിരുന്ന അദ്ദേഹം വീട്ടിലെത്തിയ ശേഷം പിന്നീട് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് പക്ഷാഘാതം വന്ന് അദ്ദേഹത്തിന്റെ കാലുകൾ തളർന്നപ്പോഴും, പിന്നീട് വൃക്കകൾ തകരാറിലായി ഡയാലിസിസ് നടത്തുമ്പോഴും അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഒരിക്കലും തകർന്നിരുന്നില്ല. നാട്ടിൽ ഇടതുപക്ഷ സംഘടനയോട് ചേർന്നുനിന്ന് പ്രവർത്തിച്ചിരുന്ന ജോമോൻ, യുകെയിലെത്തിയ ശേഷം പാർട്ടി അല്ല മറിച്ച് സാമൂഹിക പ്രവർത്തനമാണ് ആവശ്യം എന്ന നിലപാട് കൈകൊണ്ടു. നിരവധി മേഖലകളിൽ തന്നെ പ്രാവീണ്യം തെളിയിച്ച ജോമോന്റെ വേർപാട് വിഗാൻ സമൂഹത്തെയാകെ തകർത്തിരിക്കുകയാണ്.

ജോമോൻെറ വേർപാട് ഏൽപ്പിച്ച മുറിവുകൾ ഉണങ്ങുന്നതിന് മുൻപ് തന്നെയാണ്, യുകെയിലെത്തി രണ്ടാഴ്ച മാത്രം ആയ നാല്പത്തെട്ടുകാരനായ ബിജു പത്രോസിന്റെ മരണം. കെയർ വിസയിലെത്തിയ ഭാര്യയെയും മക്കളെയും തനിച്ചാക്കി ആണ് ബിജു യാത്രയായിരിക്കുന്നത്. ജീവിത സംഘർഷങ്ങളും, കാലാവസ്ഥയോട് പൊരുത്തപ്പെടാൻ സമയമെടുക്കുന്നതും അടക്കം നിരവധി സംഘർഷാവസ്ഥകളാകാം അകാലത്തിൽ നിരവധി പേരുടെ ജീവൻ കൊല്ലുന്നതിനു കാരണമാകുന്നത് എന്ന് മലയാളികൾ ഉറച്ചുവിശ്വസിക്കുന്നു. നാട്ടിൽ വച്ച് തന്നെ ഉദരസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന ബിജു , ദിവസേന കഴിക്കേണ്ട മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നുവെങ്കിലും, രോഗാവസ്ഥ മൂർച്ഛിച്ച് സമയത്ത് കൃത്യമായി ആശുപത്രിയിൽ എത്താൻ സാധിച്ചില്ല.

ഒടുവിൽ രക്തം ഛർദ്ദിച്ച ഘട്ടത്തിലാണ് ഇദ്ദേഹത്തെ സ്വാൻസി മോറിസ്റ്റാൻ ആശുപത്രിയിലെത്തിച്ചത്. ഇവിടെ എത്തിച്ച സാഹചര്യത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വെറും നാല് മാസത്തെ ജീവിത പരിചയം മാത്രമാണ് ബിജുവിനോടും ഭാര്യ മഞ്ജുവിനോടും ഉള്ളതെങ്കിലും, വിവരം അറിഞ്ഞ ഉടൻ തന്നെ സ്വാൻസിയയിലെ മലയാളികൾ എല്ലാവരും തന്നെ കുടുംബത്തിന്റെ സഹായത്തിനെത്തി. ഈ രണ്ട് മരണങ്ങളും മലയാളി സമൂഹത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ജോമോൻ തോമസിന്റെയും , ബിജുവിന്റെയും നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എച്ച്ഐവി ബാധ ഉണ്ടെന്ന് അറിഞ്ഞിരിക്കെ, അതു മറച്ചുവെച്ച് തന്റെ പങ്കാളിയോടൊപ്പം ലൈംഗികബന്ധത്തിലേർപ്പെട്ട് രോഗം പകർന്നുനൽകിയ യുവ ഡോക്ടർക്കെതിരെയുള്ള കേസിൽ ലണ്ടനിലെ സൗത്ത്വർക്ക് ക്രൗൺ കോടതി ഇന്നലെ വാദം കേട്ടു. മുപ്പത്തെട്ടുകാരനായ മൻരൂപ് ബേയിൻസ്‌ ആണ് ഇത്തരത്തിൽ രോഗം മറച്ചുവെച്ച് തന്റെ പങ്കാളിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. തങ്ങളുടെ ബന്ധം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപേ മൻരൂപിന് രോഗം ഉണ്ടായിരുന്നതായി സാക്ഷിക്കുന്ന എൻ എച്ച് എസ് രേഖകൾ പങ്കാളി കണ്ടെത്തിയതിനെത്തുടർന്നാണ് മൻരൂപിനെതിരെ കോടതിയിൽ കേസ് ആരംഭിച്ചത്. മൻരൂപുമായി ബന്ധം ആരംഭിച്ച് ദിവസങ്ങൾക്കുശേഷം തന്നെ തനിക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതായും, ഇതേ തുടർന്ന് ടെസ്റ്റ് ചെയ്തപ്പോഴാണ് തനിക്കും എച്ച്ഐവി ആണെന്ന് ഉറപ്പിച്ചതെന്ന് പരാതിക്കാരൻ കോടതിയിൽ വ്യക്തമാക്കി.

തുടക്കത്തിൽ രോഗലക്ഷണങ്ങൾ മൻരൂപുമായി പങ്കുവച്ചപ്പോൾ പനിയുടെ ലക്ഷണങ്ങൾ ആണെന്നാണ് അദ്ദേഹം തന്നെ വിശ്വസിപ്പിച്ചതെന്ന് പരാതിക്കാരൻ വ്യക്തമാക്കി. ഒരു ഡോക്ടർ എന്ന രീതിയിലും തന്റെ പങ്കാളി എന്ന രീതിയിലും താൻ പൂർണമായി മൻരൂപീനെ വിശ്വസിച്ചതായി പരാതിക്കാരൻ പറഞ്ഞു.
എന്നാൽ തങ്ങളുടെ ബന്ധം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപേ മൻരൂപ് രോഗബാധിതനെ ആണെന്ന് സത്യം അറിഞ്ഞപ്പോഴാണ് താൻ ചതിക്കപ്പെട്ടതെന്ന് അറിഞ്ഞതെന്നും ഇതേതുടർന്നാണ് കോടതിയെ ആശ്രയിച്ചതെന്നും പരാതിക്കാരൻ വ്യക്തമാക്കി. കോടതിയിൽ നിന്നും തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- റഷ്യൻ പ്രവിശ്യകളിൽ ആക്രമണം നടത്താൻ ഉക്രൈനിനെ പ്രേരിപ്പിച്ചത് ബ്രിട്ടനെന്ന ആരോപണവുമായി റഷ്യ രംഗത്തെത്തിയിരിക്കുകയാണ്. ബ്രിട്ടൻ നൽകിയ ആയുധങ്ങൾ റഷ്യൻ മിലിറ്ററി ടാർഗറ്റുകൾക്ക് നേരെ ഉപയോഗിക്കുവാൻ ഉക്രൈനിനു യാതൊരു ബുദ്ധിമുട്ടുമില്ലെന്ന ബ്രിട്ടീഷ് പ്രതിരോധ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയാണ് റഷ്യയുടെ പ്രതികരണത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. തങ്ങളുടെ ബെൽഗോരോദ് പ്രവിശ്യയിലുള്ള എണ്ണ സൂക്ഷിക്കുന്ന ഡിപ്പോകൾ ഉക്രൈൻ തകർത്തതായി റഷ്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഒരു ആക്രമണവും ഉക്രൈൻ നടത്തിയതായി അവർ അംഗീകരിച്ചിട്ടില്ല. ഉക്രൈനിനു മേൽ ഫെബ്രുവരിയിൽ റഷ്യ ആക്രമണം ആരംഭിച്ചത് മുതൽ പടിഞ്ഞാറൻ രാജ്യങ്ങൾ നിരവധി മില്യൻ പൗണ്ടുകളുടെ മിലിറ്ററി സഹായമാണ് ഉക്രൈനിനു നൽകിയത്. ഇതോടൊപ്പം തന്നെ നാറ്റോയും യൂറോപ്യൻ യൂണിയൻ അധികൃതരും ഇനിയുള്ള മിലിറ്ററി സഹായങ്ങൾ നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എന്നാൽ പടിഞ്ഞാറൻ രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന സമ്മർദം തങ്ങളെ തിരിച്ചടിക്കുവാൻ പ്രേരിപ്പിക്കുമെന്നാണ് റഷ്യ പ്രതികരിക്കുന്നത്. ഉക്രൈനിലെ പ്രധാന കേന്ദ്രങ്ങളിൽ മറ്റു രാജ്യങ്ങളുടെ പ്രതിനിധികൾ ഉണ്ടെന്നുള്ളത് റഷ്യയെ ആക്രമണത്തിൽ നിന്ന് പിന്തിരിപ്പിക്കില്ലെന്ന് റഷ്യൻ മിലിറ്ററി വക്താവ് വ്യക്തമാക്കി. എരിതീയിൽ എണ്ണ ഒഴിക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് പടിഞ്ഞാറൻ രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും, ഇത്തരത്തിൽ കാര്യങ്ങൾ മുന്നോട്ടു പോയാൽ മൂന്നാമതൊരു മഹാ യുദ്ധത്തിലേക്ക് ലോകം നയിക്കപ്പെടുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജെയ് ലാവ്റോവ് വ്യക്തമാക്കി. ഉക്രൈൻ സ്വന്തമായാണ് തീരുമാനമെടുക്കേണ്ടത് മറിച്ച്, ആയുധങ്ങൾ നൽകിയ രാജ്യങ്ങളുടെ തീരുമാനങ്ങൾ കടമെടുക്കുകയല്ല വേണ്ടതെന്നും റഷ്യൻ വിദേശകാര്യ മന്ത്രി ഓർമ്മിപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലും വെയിൽസിലും വിവാഹപ്രായം 18 ആയി ഉയർത്താൻ ബിൽ. സർക്കാർ പിന്തുണയോടെ പാർലമെന്റിൽ പാസായ ബിൽ ഈ ആഴ്ച തന്നെ നിയമമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക കൗൺസിലിൽ രജിസ്റ്റർ ചെയ്യാത്ത മതപരമായ വിവാഹങ്ങൾക്കും പുതിയ നിയമം ബാധകമാണ്. മുൻപ്, മാതാപിതാക്കളുടെ സമ്മതപ്രകാരം മക്കൾക്ക് 16 അല്ലെങ്കിൽ 17 വയസ്സിൽ വിവാഹം കഴിക്കാമായിരുന്നു. ഇത് നിരവധി പെൺകുട്ടികളുടെ ജീവിതത്തെ മാറ്റിമറിക്കുമെന്ന നിയമമായിരിക്കുമെന്ന് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച കൺസർവേറ്റീവ് എംപി പോളിൻ ലാതം പറഞ്ഞു.

പുതിയ നിയമം പ്രകാരം 18 വയസിൽ താഴെയുള്ളവർ വിവാഹം ചെയ്താൽ അവർക്ക് ശിക്ഷ ലഭിക്കില്ല. പകരം അവരുടെ വിവാഹത്തിനായി സമ്മതിച്ച മുതിർന്നവർക്ക് ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കും. നോർത്തേൺ അയർലൻഡിലും സ്കോട്ട്‌ലൻഡിലും നിയമം ബാധകമല്ല. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നടന്ന വിവാഹങ്ങളുടെയോ പങ്കാളിത്തത്തിന്റെയോ സാധുതയെ പുതിയ നിയമം ബാധിക്കില്ല. നിരവധി പെൺകുട്ടികളാണ് പുതിയ ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയത്.

RECENT POSTS
Copyright © . All rights reserved