ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വിദേശ സഹായം വെട്ടിക്കുറയ്ക്കുന്നതിന്റെ ഫലമായി ആയിരക്കണക്കിന് ആളുകൾ മരിക്കുമെന്ന് റിപ്പോർട്ട്. സിവിൽ സർവീസ് ജീവനക്കാരുടെ വിലയിരുത്തൽ അനുസരിച്ചു വിദേശ സഹായം യുകെ വെട്ടികുറയ്ക്കുന്നതിലൂടെ ആഫ്രിക്കയിലെ ആയിരക്കണക്കിന് സ്ത്രീകൾ ഗർഭാവസ്ഥയിലും പ്രസവത്തിലും മരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്കായുള്ള സഹായം ഹ്രസ്വകാലത്തേക്ക് വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും അത് ഏകദേശം ഇരട്ടിയാക്കുമെന്ന് വിദേശകാര്യ ഓഫീസ് പറയുന്നു. അഫ് ഗാനിസ്ഥാനുള്ള സഹായം 76% വെട്ടിക്കുറച്ചാൽ ലോകത്തിലെ ഏറ്റവും ദുർബലരായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നിർണായക സേവനങ്ങൾ ലഭിക്കാതെ പോകുമെന്ന് ആഭ്യന്തര റിപ്പോർട്ട് പറയുന്നു.
യെമനിലെ അരലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും ആരോഗ്യ പരിരക്ഷ ലഭിക്കില്ല. 900 മില്യണിലധികം മൂല്യമുള്ള ഓവർസീസ് ഡെവലപ്‌മെന്റ് അസിസ്റ്റൻസ് ബഡ്ജറ്റിൽ വെട്ടിക്കുറവ് നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ദക്ഷിണ സുഡാനിലേയ്ക്കുള്ള വിദേശ സഹായം വെട്ടിക്കുറച്ചാൽ തീവ്രമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന 27,000 കുട്ടികൾ ചികിത്സ ലഭിക്കാതെ പോകും. അതിൽ 12% (3,000) മരണം സംഭവിച്ചേക്കാം.
ഡെവലപ്‌മെന്റ് കമ്മിറ്റിക്ക് അയച്ച കത്തിൽ, അടുത്ത വർഷം സഹായ ചെലവ് വർദ്ധിക്കുമെന്നും ആഫ്രിക്കയ്ക്ക് ഏകദേശം ഇരട്ടി തുക അനുവദിക്കുമെന്നും വികസനകാര്യ മന്ത്രി ആൻഡ്രൂ മിച്ചൽ പറഞ്ഞു. എന്നാൽ, വെട്ടിച്ചുരുക്കലിന്റെ ആഘാതം തീർത്തും ഭയാനകമാണെന്ന് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് കമ്മിറ്റി അധ്യക്ഷ ലേബർ സാറാ ചാമ്പ്യൻ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വ്യക്തിസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിനും നിയമങ്ങൾ പാലിക്കുന്നതിനും പരസ്പര ബഹുമാനത്തിലും എന്നും മുൻപന്തിയിലാണ് ബ്രിട്ടീഷുകാർ. ഇവിടെ ട്രാഫിക് നിയമങ്ങൾ വളരെ കർശനമാണ്. അമിതവേഗം, മറ്റുള്ളവർക്ക് ഹാനികരമാകുന്ന രീതിയിലുള്ള ഡ്രൈവിംഗ് , റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നത് തുടങ്ങിയവയ്ക്ക് പിഴയും ശിക്ഷയും ഉറപ്പായും ലഭിക്കും. പലപ്പോഴും കേരളത്തിൽ നിന്ന് ആദ്യമായി യുകെയിലെത്തുന്ന മലയാളികൾക്ക് ഇവിടുത്തെ പല റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ കടുത്ത നിയമ നടപടികൾക്ക് വഴി വയ്ക്കാറുണ്ട്.
യുകെയിലെ A11 റോഡിൽ ഗതാഗത കുരുക്കിനിടെ മലയാളി വിദ്യാർഥികൾ ഡാൻസ് ചെയ്യുന്ന വീഡിയോ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് കടുത്ത വിമർശനങ്ങളാണ് വിളിച്ചുവരുത്തിയിരിക്കുന്നത്. രണ്ടുവർഷത്തെ പഠനം പൂർത്തിയാക്കി യൂണിവേഴ്സിറ്റി ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന സമയത്താണ് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ നടു റോഡിൽ നൃത്തമാടുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ഏതാനും സെക്കന്റുകൾ മാത്രമേ നീണ്ടു നിന്നുള്ളൂ. അതിനുള്ളിൽ ഗതാഗതക്കുരുക്ക് മാറി വാഹനങ്ങൾ ചലിച്ചു തുടങ്ങിയിരുന്നു.
വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒട്ടേറെ പേരാണ് വിദ്യാർത്ഥികളുടെ പ്രവർത്തി പക്വതയിലായ്മയുടെ ലക്ഷണമാണെന്ന് പ്രതികരിച്ചത്. ഇത് ഹൈവേ കോഡിന് എതിരാണെന്നും ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിങ്ങ് ഏജൻസിയിൽ നിന്ന് കടുത്ത നടപടികൾക്ക് വഴിവെക്കുന്നതാണെന്നുമുള്ള അഭിപ്രായം പ്രകടിപ്പിച്ച വരും ഉണ്ട് . അടുത്തിടെ ഉണ്ടായ പല സംഭവങ്ങൾ മൂലം മലയാളികൾ പ്രശ്നക്കാരാണെന്ന ചിന്ത തദേശീയരിൽ ഉടലെടുക്കാൻ കാരണമായേക്കാമെന്ന ആശങ്ക പങ്കുവയ്ക്കുന്നവരും ഒട്ടേറെയാണ്. ഇത് മലയാളി വിദ്യാർഥികളുടെ ജോലി സാധ്യതയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് പ്രസ്തുത സംഭവത്തെക്കുറിച്ച് പലരും മലയാളം യുകെ ന്യൂസിനോട് പ്രതികരിച്ചു.
View this post on Instagram
ന്യൂസ് ഡെസ്ക് മലയാളം യുകെ
മകനോടും കുടുംബത്തോടും ഒപ്പം യുകെയിൽ സമയം ചെലവഴിക്കാൻ ഏപ്രിലിലാണ് റൂത്ത് പീറ്റേഴ്‌സ് യുകെയിലെത്തിയത്. എന്നാൽ മൂന്ന് മാസം മാത്രമാണ് അവർക്ക് കുടുംബത്തോടൊപ്പം ചിലവിടാൻ സാധിച്ചത്. 2023 ജൂലൈ 30-ന് രക്താർബുദത്തെ തുടർന്ന് റൂത്ത് പീറ്റേഴ്‌സ് ലോകത്തോട് വിട പറയുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട കുടുംബാംഗത്തിൻെറ വിയോഗത്തിൻെറ വേദനയിലാണ് കുടുംബാംഗങ്ങൾ. നിലവിൽ റൂത്തിൻെറ കുടുംബം ശവസംസ്‌കാര ചെലവുകൾക്കായി സഹായം തേടുകയാണ്.
റൂത്തിന്റെ ശവസംസ്‌കാരം സംഘടിപ്പിക്കുന്നതിനും അന്തിമ വിടപറയുന്നതിനുമായി പണം നൽകുന്നതിനും നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ സഹായം തേടുന്നു. ഇതിനായുള്ള സംഭാവനകൾ നൽകാൻ കിംഗ്സ് ലിൻ മലയാളി കമ്മ്യൂണിറ്റി (കെഎംസി) എല്ലാ മലയാളികളുടെയും പിന്തുണയും സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. സംഭാവന നൽകുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ഗോ ഫണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://gofund.me/337e9be6
കൂടുതൽ വിവരങ്ങൾക്കായി കിംഗ്സ് ലിൻ മലയാളി കമ്മ്യൂണിറ്റിയുടെ അധികൃതരുമായി ബന്ധപ്പെണ്ടതാണ്.
പ്രസിഡന്റ് – ജിമ്മി ഡൊമിനിക് (07814 663978)
സെക്രട്ടറി- ലിജേഷ് ജോൺ (079580 85419)
ട്രഷറർ – ശ്രീ ജോമോൻ കിഴക്കേതിൽ (077760 30531)
റൂത്ത് പീറ്റേഴ്‌സിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് ശിക്ഷിക്കപ്പെട്ട മുൻ എസ്എൻപി എംപിയ്ക്കെതിരെ നാടകീയ നീക്കം. റൂഥർഗ്ലെൻ, ഹാമിൽട്ടൺ വെസ്റ്റ് എംപി, മാർഗരറ്റ് ഫെറിയറെ തിരിച്ചുവിളിക്കാനുള്ള നീക്കം ജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായതോടെ എംപി സ്ഥാനം നഷ്ടമായി. 2022ൽ കോവിഡ് നിയമങ്ങൾ ലംഘിച്ചുവെന്ന കുറ്റത്തിന് 30 ദിവസത്തേക്ക് ഹൗസ് ഓഫ് കോമൺസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നും 270 മണിക്കൂർ കമ്മ്യൂണിറ്റി സേവനം ചെയ്യണമെന്നും സ്റ്റാൻഡേർഡ് കമ്മിറ്റി വിധിച്ചു. എന്നാൽ ഉത്തരവ് വന്നിട്ടും സ്ഥാനമൊഴിയാൻ അവർ തയ്യാറായില്ല. അതിനാൽ ആയിരക്കണക്കിന് വോട്ടർമാർ അവരെ തിരിച്ചുവിളിക്കാനുള്ള അവസരം ഉപയോഗിച്ചു. ഇതോടെ, ലേബർ ഉറ്റുനോക്കുന്ന സീറ്റിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി.
യോഗ്യരായ 81,124 വോട്ടർമാരിൽ 15% (11,896) പേരാണ് എംപിയെ നീക്കം ചെയ്യാനുള്ള നിവേദനത്തിൽ ഒപ്പുവെച്ചത്. ഉപതിരഞ്ഞെടുപ്പിലേക്ക് നയിക്കാൻ 10% മാത്രം മതി. തനിക്ക് കോവിഡ് ഉണ്ടെന്ന് അറിഞ്ഞിട്ടും ലണ്ടനിൽ നിന്ന് സ്കോട്ട്‌ലൻഡിലേക്ക് ട്രെയിനിൽ യാത്ര ചെയ്തെന്ന കുറ്റമാണ് ഫെറിയറിന്റെ പേരിലുള്ളത്. 2020 ഒക്ടോബറിൽ എസ്എൻപി പാർട്ടി വിപ്പ് പിൻവലിച്ചതിനുശേഷവും എംപി സ്ഥാനം രാജിവയ്ക്കാൻ അവർ തയ്യാറായില്ല. 2019 ഡിസംബറിൽ എസ്എൻപിക്ക് വേണ്ടി 5,230 ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ഫെറിയർ, അടുത്ത വർഷം ഒക്ടോബറിൽ എസ്എൻപി അവരെ സസ്പെൻഡ് ചെയ്തതു മുതൽ സ്വതന്ത്ര എംപിയായി തുടരുകയായിരുന്നു.
മൈക്കൽ ഷാങ്ക്സ് ആണ് ഉപതെരഞ്ഞെടുപ്പിനുള്ള ലേബർ സ്ഥാനാർത്ഥി. ഇനിയൊരു മത്സരത്തിന് ഇല്ലെന്ന് ഫെറിയർ വ്യക്തമാക്കിക്കഴിഞ്ഞു. സ്കോട്ട് ലൻഡിൽ എസ്‌എൻപിയുടെ തകരുന്ന ജനപിന്തുണ മുതലാക്കാനുള്ള ശ്രമത്തിലാണ് ലേബർ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വരും ദിവസങ്ങളിൽ ഇംഗ്ലണ്ടിലും വെയിൽസിലും ഉടനീളം ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. നിലവിൽ ലണ്ടൻ മുതൽ മാഞ്ചസ്റ്റർ വരെ ഇന്ന് മാത്രമാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും വരും ദിവസങ്ങളിലും ഇതേ കാലാവസ്ഥ തന്നെ തുടരാനുള്ള സാധ്യതയാണ് കണക്കാക്കപ്പെടുന്നത്. ഇതേസമയം തന്നെ ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്ത് ശക്തമായ കാറ്റ് വീശുമെന്നതിനാൽ ഇന്ന് മുഴുവൻ മറ്റൊരു യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം റെക്കോർഡ് മഴയാണ് ജൂലൈ മാസത്തിൽ ലഭിച്ചതെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. നോർത്ത് അയർലണ്ടിലും ഇതേ സാഹചര്യങ്ങൾ തന്നെയാണ് നിലനിൽക്കുന്നത്. യൂറോപ്പിൽ ഉടനീളം നിലനിൽക്കുന്ന ഉഷ്ണ തരംഗത്തിന് വിരുദ്ധമായി, ബ്രിട്ടനിൽ വരും ദിവസങ്ങളിൽ മഴയും കാറ്റും തണുത്ത കാലാവസ്ഥയും ആണ് പ്രവചിക്കപ്പെടുന്നത്. നിലവിലെ ജെറ്റ് സ്ട്രീമിന്റെ സ്ഥാനം മൂലമാണ് ബ്രിട്ടനിൽ ഇത്തരത്തിലുള്ള മാറ്റം എന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്.
ജെറ്റ് സ്ട്രീം വടക്ക് ധ്രുവപ്രദേശങ്ങളിൽ നിന്നുള്ള തണുത്ത വായുവിന്റെയും തെക്കു നിന്നുള്ള ചൂടുള്ള വായുവിന്റെയും അതിർത്തിയെ അടയാളപ്പെടുത്തുന്നു. ഇവയിൽ ഉള്ള വ്യത്യാസം പ്രഷർ വ്യത്യാസങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം, ജെറ്റ് സ്ട്രീമിന്റെ സ്ഥാനം കൂടുതൽ വടക്ക് ഭാഗത്തായിരുന്നു. അതിനാൽ യുകെയിൽ ഉയർന്ന മർദ്ദ സംവിധാനം സൃഷ്ടിക്കപ്പെടുകയും കൂടുതൽ ചൂടും വരണ്ട കാലാവസ്ഥയും രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ ജെറ്റ് സ്ട്രീമിന്റെ സ്ഥാനം തെക്കുഭാഗത്ത് ആയതിനാൽ തന്നെയാണ് തണുത്ത കാലാവസ്ഥയും മഴയും ലഭിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷകർ വിശദീകരിക്കുന്നു. നിലവിലെ കാലാവസ്ഥ മൂലം സ്‌കോട്ട് ലൻഡിന്റെ പടിഞ്ഞാറൻ തീരത്തുള്ള ടയർ ദ്വീപിൽ നടന്നുവരുന്ന മ്യൂസിക് ഫെസ്റ്റിവൽ ഉൾപ്പെടെ, സമീപ ആഴ്ചകളിൽ ഭൂരിഭാഗം വേനൽക്കാല പരിപാടികളും റദ്ദാക്കുവാൻ നിർബന്ധിതമായിട്ടുണ്ട്. ആഗോളതാപനം മൂലമുള്ള മാറ്റങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള കാലാവസ്ഥ വ്യതിയാനം എന്നാണ് ഭൂരിഭാഗം ശാസ്ത്രജ്ഞരും വിശ്വസിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നിങ്ങൾ നല്ലൊരു ജോലിയും ഭാവിയും സ്വപ്നം കാണുന്നുണ്ടോ ? എങ്കിൽ എൻ എച്ച്എസിലെ ജോലി അതിനു നിങ്ങളെ തീർച്ചയായും സഹായിക്കും. ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ, നേഴ്സുമാർ, ഡോക്ടർമാർ തുടങ്ങി സ്പീച്ച്, ലാംഗ്വേജ് തെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ തുടങ്ങി 350-ലധികം തസ്തികകളിൽ 1.6 ദശലക്ഷം ആളുകൾ ജോലി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നാം സ്ഥാനത്താണ് എൻഎച്ച്എസ്. തൊഴിൽ സുരക്ഷ എൻഎച്ച്എസ്സിന്റെ മുഖമുദ്രയാണ്. അതുകൂടാതെ ഈ വർഷം സർക്കാർ പ്രഖ്യാപിച്ച പുതുക്കിയ ശമ്പള പരിഷ്കരണം എൻഎച്ച്എസിന്റെ ജോലിയെ കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നുണ്ട് . ഓൺ – കോൾ , ഓവർടൈം തുടങ്ങിയവയിലൂടെ ജീവനക്കാർക്ക് കൂടുതൽ വരുമാനം നേടാനുള്ള അവസരവും എൻഎച്ച്എസ് നൽകുന്നുണ്ട്.
ചില തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് തങ്ങളുടെ ജോലി സംബന്ധമായി കൂടുതൽ പരിശീലനം നേടുന്നതിനുള്ള സാമ്പത്തിക സഹായവും എൻഎച്ച്എസ് ലഭ്യമാക്കുന്നുണ്ട്. നേഴ്സിംഗ് , മിഡ് വൈഫറി , ഡയറ്റീഷൻമാർ എന്നിവർക്ക് കൂടുതൽ പരിശീലനത്തിനായി 5000 പൗണ്ട് വരെ സാമ്പത്തിക സഹായമാണ് എൻഎച്ച്എസ് നൽകുന്നത്. എൻഎച്ച്എസിന്റെ പെൻഷൻ പദ്ധതി യുകെയിലെ ഏറ്റവും മികച്ചതാണ്. പെൻഷൻ പദ്ധതിക്കായി ജീവനക്കാരുടെ 20.6 ശതമാനത്തിന് തുല്യമായ തുകയാണ് എൻഎച്ച്എസ് നീക്കി വയ്ക്കുന്നത്.
യുകെയിലെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതിൽ തന്നെ ഒട്ടു മിക്ക യുകെ മലയാളികളും എൻഎച്ച്എസിലാണ് ജോലി ചെയ്യുന്നത് . ആവശ്യമായ ജീവനക്കാരുടെ അഭാവം എൻഎച്ച്എസ് നേരിടുന്ന വലിയ വെല്ലുവിളിയാണ്. യുകെയിൽ എൻഎച്ച്എസിൽ ജോലി ലഭിക്കുക എന്നത് കേരളത്തിലെ മലയാളി നേഴ്സുമാരുടെ ഒരു സ്വപ്നമാണ്. എൻഎച്ച്സിലെ ജോലിസാധ്യതയെ കുറിച്ച് കൂടുതൽ വിവരങ്ങൾ താഴെപ്പറയുന്ന ലിങ്കിൽ ലഭ്യമാണ്.
http://healthcareers.nhs.uk
ന്യൂസ് ഡെസ്ക് മലയാളം യുകെ
നിങ്ങൾ വളരെ നാളായി യുകെയിൽ ഒരു വീട് എന്ന സ്വപ്നം കൊണ്ടു നടക്കുന്നവരാണോ? എങ്കിൽ ആ സ്വപ്നം പൂവണിയാൻ ഏറ്റവും നല്ല സുവർണ്ണാവസരമാണ് ഇപ്പോഴുള്ളത്. യുകെയിലെ വീടുകളുടെ വില ജൂലൈയിൽ വീണ്ടും കുറഞ്ഞു. 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഈ വർഷം കാണാൻ സാധിക്കുന്നത്. വീടുകളുടെ വില 3.8% കുറഞ്ഞതായി ബിൽഡിംഗ് സൊസൈറ്റി പറഞ്ഞു. ജൂലൈ 2009 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. നിലവിൽ മോർട്ട്ഗേജ് പലിശനിരക്ക് വീടുവാങ്ങുന്നവർക്ക് ഒരു വെല്ലുവിളിയാണ്. പണപ്പെരുപ്പവും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിശ്ചയിച്ച നിരക്കുകളിന്മേലുള്ള അനിശ്ചിതത്വവും മൂലം ജൂലൈയിലെ മോർട്ട്ഗേജ് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.
നിലവിൽ യുകെയിലെ ഒരു വീടിന്റെ ശരാശരി വില £260,828 ആണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കിനെ അപേക്ഷിച്ച് നോക്കുമ്പോൾ £13,000 കുറവാണ് വരുന്നത്. പാൻഡെമിക് സമയത്ത് ഉൾപ്പെടെ സമീപ വർഷങ്ങളിൽ ഉയർന്നുവന്ന വീടുകളുടെ വിലയിലെ ഇടിവിന് ജനങ്ങളിൽ വൻ സ്വീകാര്യതയായിരിക്കും ലഭിക്കുക എന്നാണ് വിദഗ്ധഭിപ്രായം.
ജീവിത ചിലവുകൾ ഉയർന്ന സഹചര്യത്തിൽ സമീപ മാസങ്ങളിൽ ഭവന വിപണി നന്നേ ഇടിഞ്ഞിരുന്നു. ജൂണിൽ 86,000 ഭവന ഇടപാടുകളാണ് പൂർത്തിയായത്. കഴിഞ്ഞ വർഷം 100,000 കൂടുതൽ ഇടപാടാണ് നടന്നത്. ഉയർന്ന പണപ്പെരുപ്പത്തെ നേരിടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് വർദ്ധിപ്പിച്ചതിനെത്തുടർന്ന് മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച വീണ്ടും പലിശ നിരക്ക് 5% ൽ നിന്ന് 5.25% ആയി ഉയർത്തുമെന്നാണ് വിലയിരുത്തൽ. 2021 ഡിസംബറിന് ശേഷം ഈ വർദ്ധനവ് പതിനാലാം തവണയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അഭയാർത്ഥി പദവിക്ക് അപേക്ഷിക്കാൻ തെറ്റായ കഥകൾ ഉണ്ടാക്കി ആയിരക്കണക്കിന് പൗണ്ടുകൾ തട്ടിയ മൂന്ന് നിയമ സ്ഥാപനങ്ങൾ അടച്ചുപൂട്ടി സോളിസിറ്റേഴ്‌സ് വാച്ച്‌ഡോഗ്. യു കെയിൽ തുടരാൻ എന്തൊക്കെ നുണകൾ പറയണമെന്ന് നിയമ സ്ഥാപനങ്ങളിലെ അഭിഭാഷകർ അഭയാർത്ഥികളോട് പറയും. അവർ ആവശ്യപ്പെടുന്ന പണം നൽകണമെന്ന് മാത്രം. ഡെയിലിമെയിൽ വെളിപ്പെടുത്തലിലൂടെയാണ് കാര്യങ്ങൾ പുറത്തായത്. വെളിപ്പെടുത്തലിനെ തുടർന്ന് സോളിസിറ്റേഴ്‌സ് റെഗുലേഷൻ അതോറിറ്റി ‘അടിയന്തിര നടപടി’ സ്വീകരിക്കുകയായിരുന്നു. കിംഗ്‌സ്‌റൈറ്റ് സോളിസിറ്റേഴ്‌സിൽ നിന്നുള്ള മുഹമ്മദ് അസ് ഫർ, റാഷിദ് & റാഷിദ് സോളിസിറ്റേഴ്‌സിൽ നിന്നുള്ള റാഷിദ് അഹമ്മദ് ഖാൻ എന്നീ സോളിസിറ്റർമാരെ സസ്പെൻഡ് ചെയ്യുകയും ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. വിന്നസിതമ്പി ലിംഗജോതി എന്ന അഭിഭാഷകനെ സോളിസിറ്റേഴ്‌സ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
വെളിപ്പെടുത്തലിന് പിന്നാലെ വിഷയത്തെ ശക്തമായി നേരിടണമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞിരുന്നു. ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ , ഷാഡോ അറ്റോർണി ജനറൽ എമിലി തോൺബെറി, ലിബറൽ ഡെമോക്രാറ്റ് ആഭ്യന്തര കാര്യ വക്താവ് അലിസ്റ്റർ കാർമൈക്കൽ എന്നിവർ നിയമപരമായ അന്വേഷണം ആവശ്യപ്പെട്ടു. ലോർഡ് ചാൻസലറുടെ ഒരു കത്തിന് മറുപടിയായി, സോളിസിറ്റേഴ്സ് റെഗുലേഷൻ അതോറിറ്റി ബോർഡ് ചെയർമാൻ അന്ന ബ്രാഡ്‌ലി, അഭിഭാഷകരുടെ പെരുമാറ്റം തന്നെ ഞെട്ടിച്ചുവെന്ന് പറഞ്ഞു.
അഭയാർത്ഥി അവകാശങ്ങൾ ലഭിക്കാൻ എന്തൊക്കെ നുണകഥകൾ പറയണമെന്ന് അഭിഭാഷകർ അഭയം തേടി എത്തുന്നവരോട് പറയും. ഇതിന് പതിനായിരത്തിലധികം പൗണ്ട് ആണ് ഫീസായി ഈടാക്കുന്നത്. ഈ കണ്ടെത്തൽ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും ഇത്തരത്തിൽ തെറ്റായ രീതിയിലൂടെ പണം തട്ടിയവർ വരും ദിവസങ്ങളിൽ കുടുങ്ങുമെന്നും ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സർക്കാരിന്റെ ശമ്പള വർദ്ധനവ് അംഗീകരിച്ചതിനെ തുടർന്ന് ഇംഗ്ലണ്ടിലെ നാഷണൽ എജ്യുക്കേഷൻ യൂണിയൻ അധ്യാപകരുടെ സമരം അവസാനിച്ചു. ഇതോടെ ഓട്ടം (autumn) സീസണിൽ അധ്യാപകർ പണിമുടക്കില്ലെന്ന് ഉറപ്പായി. 6.5% ശമ്പള വർദ്ധനവ് അംഗീകരിക്കാൻ 86% അംഗങ്ങളും വോട്ട് ചെയ്തതായി യുകെയിലെ ഏറ്റവും വലിയ ടീച്ചിംഗ് യൂണിയനായ എൻ ഇ യു പറഞ്ഞു. സമരം പിൻവലിക്കാനുള്ള തീരുമാനം അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സന്തോഷം നൽകുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പ്രതികരിച്ചു. ശമ്പളവർദ്ധനവിനെ ചൊല്ലി ജൂലൈ ആദ്യവും അധ്യാപകർ സമരത്തിന് ഇറങ്ങിയിരുന്നു.
ശമ്പള ഓഫർ അംഗീകരിച്ചതോടെ അധ്യാപകരുടെ ശരാശരി ശമ്പളം 2,500 പൗണ്ടായി വർദ്ധിക്കുമെന്ന് എൻ ഇ യു ജോയിന്റ് ജനറൽ സെക്രട്ടറി മേരി ബൂസ്റ്റഡ് പറഞ്ഞു. ഇംഗ്ലണ്ടിലെ അധ്യാപകർ ഫെബ്രുവരി മുതൽ എട്ടു ദിവസം പണിമുടക്കിയിട്ടുണ്ട്. ഇത് കാരണം നിരവധി സ്കൂളുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായി. അടുത്ത ടേമിൽ കൂടുതൽ പണിമുടക്കുകൾ നടത്താനായിരുന്നു യൂണിയൻ അംഗങ്ങളുടെ തീരുമാനം. എന്നാൽ ശമ്പള ഓഫർ അംഗീകരിച്ചതിനാൽ ഇനി സമരങ്ങൾ നടത്തില്ലെന്ന് എൻ ഇ യു അറിയിച്ചു.
ഇംഗ്ലണ്ടിലെ എൻ ഇ യു വിന്റെ സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളും ശമ്പള കരാർ അംഗീകരിച്ചു. ജൂലായ് 13-ന് സർക്കാർ ഏറ്റവും പുതിയ ഓഫർ പ്രഖ്യാപിക്കുകയും യൂണിയൻ നേതാക്കളുമായുള്ള സംയുക്ത പ്രസ്താവനയിൽ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിന് വിശാലമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അദ്ധ്യാപകർക്ക് പണപ്പെരുപ്പത്തിന് മുകളിലുള്ള ശമ്പള വർദ്ധനവിന് വേണ്ടി ആവശ്യപ്പെട്ട നാല് അധ്യാപക യൂണിയനുകളിൽ ഒന്നാണ് എൻ ഇ യു. വിഷയത്തിൽ രണ്ട് യൂണിയനുകൾ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുറ്റകൃത്യങ്ങൾക്കെതിരെയും മയക്കുമരുന്നുകൾക്കെതിരെയും പടപൊരുതുന്ന പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് നാണക്കേടിന്റെ ഒരു കഥ കൂടി പുറത്തുവന്നു. പോലീസ് സേനയുടെ മയക്കുമരുന്ന് വിരുദ്ധ നയങ്ങൾ രൂപീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഉയർന്ന പോലീസ് ഓഫീസർ ജൂലിയൻ ബെന്നറ്റ് മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. ഡ്യൂട്ടിക്ക് പുറത്തുള്ള സമയത്ത് അദ്ദേഹം സ്ഥിരമായി എൽ എസ് ഡിയും മാജിക് മഷ്റൂം പോലുള്ള മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നു. ഇത് കൂടാതെ ഈ ഉദ്യോഗസ്ഥൻ കഞ്ചാവും സ്ഥിരമായി വലിച്ചിരുന്നു.
മെറ്റ് പോലീസിന് നാണക്കേടുണ്ടാക്കിയ സംഭവങ്ങളെ തുടർന്ന് 2021 ജൂലൈയിൽ മുഴുവൻ ശമ്പളവും നൽകി ഇയാളെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇയാളുടെ ഫ്ലാറ്റിൽ താമസിച്ചിരുന്ന നേഴ്സായ ഷീല ഗോമസിന്റെ വെളിപ്പെടുത്തലാണ് നടപടികളെടുക്കാൻ നിർണായകമായത്. രാവിലെയും പ്രഭാതഭക്ഷണത്തിനു മുമ്പും ജോലിയുടെ ഇടവേളകളിലും ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ഷീല ഗോമസ് ട്രൈബ്യൂണലിന് മുന്നിൽ വെളിപ്പെടുത്തിയിരുന്നു.
ഉയർന്ന പോലീസ് ഉദ്യോഗസ്ഥനെ കുറിച്ച് പ്രത്യേകിച്ച് മയക്കു മരുന്നുകൾക്ക് എതിരെ പോലീസ് സേനയുടെ നയരൂപീകരണം നടത്തിയ ആൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ കടുത്ത നാണക്കേടാണ് മെട്രോ പോലീസിന് വരുത്തിവെച്ചത്. സ്ത്രീകൾക്കെതിരെ പോലീസ് സേനയുടെ ഭാഗമായവർ നടത്തിയ അതിക്രമങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ സേനയ്ക്ക് എതിരെ വൻ പൊതുജന രോഷം ഉയർന്നു വരുന്നതിന് കാരണമായിരുന്നു . 2017 – 21 കാലഘട്ടത്തിലാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ബെനറ്റ് മയക്കുമരുന്ന് ഉപയോഗത്തിന്റെ ആഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരണം നടത്താനുള്ള പദ്ധതികൾക്ക് മാർഗ്ഗനിർദേശം തയ്യാറാക്കിയത്. ഇതുകൂടാതെ 2010 ജൂണിനും 2012 ഫെബ്രുവരിയ്ക്കും ഇടയിൽ 90 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസുകളുടെ ഹിയറിംഗ് നടത്തുന്നതിനുള്ള മേൽനോട്ടവും ബെന്നറ്റിനായിരുന്നു.