Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

അയർലണ്ടിലെ ഡബ്ലിൻ സെന്റ്‌ വിൻസന്റ്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മുൻ ക്ലിനിക്കൽ നേഴ്സ് മാനേജരായിരുന്ന സിസിലി സെബാസ്റ്റ്യൻ ചെമ്പകശ്ശേരിൽ നിര്യാതയായി. ഡബ്ലിനിലെ ബ്ലാക്ക്‌ റോക്ക് ബൂട്ടേഴ്സ് ടൗണിലെ കോര സി തോമസ് ആണ് ഭർത്താവ്. അയർലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായിരുന്നു സിസിലി സെബാസ്റ്റ്യൻ.

ഐറിഷ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ ആദ്യ വൈസ് പ്രസിഡൻറ് ആയിരുന്ന സിസിലി സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെട്ടിരുന്നു .

സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

സിസിലി സെബാസ്റ്റ്യൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കുഞ്ഞുങ്ങളെ അപായപ്പെടുത്താൻ തീവ്രവാദികൾ പാലിൽ വിഷം കലർത്തുമെന്ന് രോഗിയോട് പറഞ്ഞ മിഡ്‌വൈഫിനെ പുറത്താക്കി. ഗുരുതര അപവാദ പ്രചരണം നടത്തിയ അന്ന സെമെനെങ്കോയെ ഈ മാസം ആദ്യം ജോലിയിൽ നിന്ന് വിലക്കിയിരുന്നു. സെമെനെങ്കോയുടെ അഭിപ്രായങ്ങൾ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതും അനുചിതവുമാണെന്ന് നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) കണ്ടെത്തി. രോഗിയോട് മാന്യമായി പെരുമാറുന്നതിൽ അവൾ പരാജയപ്പെട്ടുവെന്ന് അതിൽ പറയുന്നു. ന്യൂപോർട്ടിലെ റോയൽ ഗ്വെന്റ് ഹോസ്പിറ്റലിലും അബർഗവെന്നിയിലെ നെവിൽ ഹാൾ ഹോസ്പിറ്റലിലും ഇവർ ജോലി ചെയ്തിട്ടുണ്ട്.

സംഭവത്തിന്‌ പിന്നാലെ മറ്റ് അനേകം പരാതികൾ ഇവർക്കെതിരെ ഉയർന്നു. ക്ലിനിക്കൽ കാരണമോ സമ്മതമോ ഇല്ലാതെ ഒരു രോഗിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രം എടുത്തുവെന്ന ആരോപണവും സെമെനെങ്കോയ്ക്കെതിരെ ഉയർന്നു. രോഗികളുടെ സുരക്ഷയിലും രോഗികളുടെ ആവശ്യങ്ങൾക്ക് മറുപടി നൽകുന്നതിലും അവർ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

“ഈ കേസിലെ കണ്ടെത്തലുകൾ സെമെനെങ്കോയുടെ പ്രവർത്തനങ്ങൾ ഗൗരവമുള്ളതാണെന്ന് തെളിയിക്കുന്നു. അവളെ പരിശീലനം തുടരാൻ അനുവദിക്കുന്നത് പ്രൊഫഷനിലും എൻഎംസിയിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്തും. ” റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ കെയർ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം അതി രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രായമായ വൃദ്ധ ജനങ്ങൾ ഇത്തരം കെയർ സപ്പോർട്ടിനായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സംഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആവശ്യമായ കെയർ സപ്പോർട്ട് ലഭിക്കാത്തതിന്റെ പേരിൽ പ്രായമായ ഒട്ടേറെ പേർ ആശുപത്രിയിൽ തുടരുന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്.

ആവശ്യമായ കെയർ സപ്പോർട്ട് ലഭിക്കാത്തതിനെ തുടർന്ന് 11 മാസമായി ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്ന വയോധികരുടെ ദുരിതം കഴിഞ്ഞദിവസം ബിബിസി ന്യൂസ് വാർത്തയാക്കിയിരുന്നു. രാജ്യത്താകമാനം സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിന് വൃദ്ധജനങ്ങളുടെ പ്രതിനിധിയാണ് ഗ്ലാമോർഗനിൽ നിന്നുള്ള ലില്ലി . മെഡിക്കലി ഫിറ്റായിരുന്നിട്ടും ലില്ലിയെ ഡിസ്ചാർജ് ചെയ്യാൻ താമസിച്ചതിന് കാരണം കെയർ അസിസ്റ്റന്റിനെ ലഭിക്കാത്തതായിരുന്നു. ആശുപത്രിയിൽ താൻ അക്ഷരാർത്ഥത്തിൽ തടങ്കലിലായിരുന്നു എന്നാണ് ലില്ലി തന്റെ ദുരവസ്ഥയെ കുറിച്ച് പ്രതികരിച്ചത്.

അടുത്തിടെ നടന്ന ഒരു സർവേയുടെ ഭാഗമായി പ്രതികരിച്ച 78% ആളുകളിൽ 40% പേർക്കും ശരാശരി മൂന്ന് ആഴ്ചയെങ്കിലും കെയർ അസിസ്റ്റന്റിനെ ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടതിനായി വന്നതായുള്ള കണക്കുകൾ പുറത്തുവന്നിരുന്നു. 2022 – 23 വർഷത്തിൽ 1399 പേരോളമാണ് കെയർ അസിസ്റ്റന്റിനായുള്ള കാത്തിരിപ്പിനിടയിൽ മരണമടഞ്ഞത്. കോവിഡിന് ശേഷമാണ് കെയർ മേഖലയിൽ ജീവനക്കാരുടെ ക്ഷാമം അതി രൂക്ഷമായതെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

2024 ലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് യുഎസിലെ ന്യൂജേഴ്‌സിയിൽ നിന്നുള്ള ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ ഹിർഷ് വർധൻ സിംഗ്. ന്യൂജേഴ്‌സി ഗവർണർ പദവി ഉൾപ്പെടെ നിരവധി ഓഫീസുകളിലേക്ക് മുമ്പ് മത്സരിച്ചിരുന്നു. ഇതോടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ-അമേരിക്കൻ ആയി മാറും മുപ്പത്തെട്ടുകാരനായ ഈ എഞ്ചിനീയർ. ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കനായ ഹിർഷ് സിംഗ് സ്വന്തമായി തന്നെ ഒരു രാഷ്ട്രീയക്കാരനായല്ല മറിച്ച് എഞ്ചിനീയർ ആയാണ് വിശേഷിപ്പിക്കുന്നത്. പ്രശ്‌നങ്ങൾ നേരിടാനുള്ള കഴിവ് തൻെറ തൊഴിലിൽ നിന്നുമാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

കോവിഡ് -19 വാക്സിനേഷൻ താൻ ഇതുവരെയും സ്വീകരിക്കാത്തതിനാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥി താനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹിർഷ് വർധൻ സിംഗിൻെറ മാതാപിതാക്കൾ യുഎസിലേക്ക് കുടിയേറിയവരാണ്. യു‌എസ്‌എയിലെ ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയിലാണ് അദ്ദേഹത്തിൻെറ ജനനം. 2009-ൽ ന്യൂജേഴ്‌സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എഞ്ചിനീയറിംഗ് നേടിയ ശേഷം, മിസൈൽ പ്രതിരോധം, സാറ്റലൈറ്റ് നാവിഗേഷൻ, വ്യോമയാന സുരക്ഷ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ഹിർഷ് കുടുംബ സ്ഥാപനം നടത്തുന്നതിലും പിതാവിനെ സഹായിച്ചു.

2017-ൽ ന്യൂജേഴ്‌സിയിൽ ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ച സിംഗ് 9.9 ശതമാനം വോട്ട് വിഹിതം മാത്രം നേടി, മത്സരത്തിൽ മൂന്നാം സ്ഥാനത്തെത്തി. 2018 -ൽ യുഎസ് സെനറ്റിലേക്കും കോൺഗ്രസിലേക്കും 2020 -ൽ യുഎസ് സെനറ്റിലേക്കും 2021ൽ ഗവർണർ പദവിയിലേയ്ക്കും മത്സരിച്ചെങ്കിലും സിംഗ് പരാജയപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള വ്യവസായി വിവേക് രാമസ്വാമിക്കും സൗത്ത് കരോലിന മുൻ ഗവർണർ നിക്കി ഹേലിക്കും ശേഷം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ-അമേരിക്കക്കാരനാണ് 38 കാരനായ ഹിർഷ് സിംഗ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വില്യം രാജകുമാരന്റെ ആഡംബര കോട്ടേജുകളിൽ ട്രാവ്‌ലോഡ്ജുകളുടെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഒരു രാത്രി ആസ്വദിക്കാം. തന്റെ £1 ബില്യൺ ഡച്ചി ഓഫ് കോൺവാൾ എസ്റ്റേറ്റിലെ ഹോളിഡേ ഹോമുകളാണ് വില്യം രാജകുമാരൻ വാടകയ്ക്ക് നൽകുന്നത്. എന്നാൽ വേനലവധിക്കാലത്ത് താമസ സൗകര്യങ്ങൾക്കായി കുടുംബങ്ങൾ പാടുപെടുന്നത് പരിഗണിച്ച് ഇവയുടെ വില നന്നേ കുറച്ചിട്ടുണ്ട്. ഓഗസ്‌റ്റ്, സെപ്‌റ്റംബർ മാസങ്ങളിലെ സ്‌ലോട്ടുകൾ നിറയ്ക്കുന്നതിൻെറ ഭാഗമായി നിരവധി ഡീലുകൾ ഇപ്പോൾ ഓഫർ ചെയ്യുന്നുണ്ട്. നിലവിൽ അദ്ദേഹത്തിന്റെ കോർണിഷ് കോട്ടേജുകളിലൊന്നിൽ ഒരാഴ്ചയ്ക്ക് നാല് പേർക്ക് 980 പൗണ്ട് മാത്രമാണ് ചെലവ് വരുക. അതായത് ഒരു രാത്രിയിൽ ഒരാൾക്ക് വെറും £35 മാത്രമാണ് ഈടാക്കുക.

വില്യം രാജകുമാരന്റെ അവകാശത്തിൽ ചരിത്രപരമായ മാനറുകളും കോൺവാളിലെയും ഐൽസ് ഓഫ് സില്ലിയിലെയും ഒറ്റപ്പെട്ട രാജ്യ കോട്ടേജുകളും ഉൾപ്പെടുന്നു. മൂന്ന് കുട്ടികളുടെ പിതാവായ നാല്പത്തൊന്നുകാരനായ വില്യം തൻെറ പിതാവ് രാജാവായതിന് പിന്നാലെ കോൺവാളിലെ ഡ്യൂക്ക് ആയി സ്‌ഥാനമേറ്റു. രാജാവിന്റെ മൂത്ത മകനാണ് സാധാരണയായി ഈ പദവി വഹിക്കുന്നത്. കൂടാതെ കിരീടാവകാശി എന്ന നിലയിൽ അദ്ദേഹം പ്രിൻസ് ഓഫ് വെയിൽസ്‌ പദവിയും വഹിക്കുന്നുണ്ട്.

യുകെയിലെ ഭൂമിയുടെ 0.2% കൈവശപ്പെടുത്തിയിരിക്കുന്നത് 685 വർഷം പഴക്കമുള്ള ഡച്ചി എസ്റ്റേറ്റ് ആണ്. ഇതിൽ നിന്നാണ് വില്യമിനും ഭാര്യ കേറ്റിനും ഔദ്യോഗിക ചുമതലകൾക്ക് ധനസഹായം നൽകുന്നത്. 500 വർഷം പഴക്കമുള്ള വസ്തുവിൽ ഒരു ഇൻഡോർ ഹീറ്റഡ് പൂളും സ്പായും സ്വന്തമായി ടെന്നീസ് കോർട്ടും പ്രാദേശിക നദിക്കുള്ള മത്സ്യബന്ധന ലൈസൻസും ഉണ്ട്. ജീവിത ചെലവ് പ്രതിസന്ധിയെത്തുടർന്ന് ഈ വേനൽക്കാലത്ത് കുടുംബങ്ങൾ സ്വന്തം വീടുകളിൽ അവധി ആഘോഷിക്കുന്ന സാഹചര്യത്തിലാണ് ഈ വിലക്കുറവ്. ചെലവും ഭക്ഷണ വിലയും കുതിച്ചുയരുന്നതിനാൽ രാജ്യത്തെ പകുതിയിൽ അധികം ആളുകളും വിദേശ യാത്രകൾ ഒഴിവാക്കാൻ തീരുമാനിച്ചതായി മണിട്രാൻസ്ഫെർസ്.കോം നടത്തിയ  സർവേ കണ്ടെത്തിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്ത് യോർക്ക്ഷെയറിൽ ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു.വെള്ളിയാഴ്ച രാത്രി ബാർൺസ്‌ലിയിലെ ഹോയ്‌ലാൻഡ്‌സ്‌വെയ്‌നിൽ രാത്രി 10:25 നാണ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ലോർഡ് നെൽസൺ പബ്ബിന് സമീപമുള്ള ജംഗ്ഷനിലെ എ628 ബാർൺസ്ലി റോഡിലാണ് അപകടം നടന്നത്. 30 വയസ്സുകാരനായ സ്‌കൂട്ടർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

അടിയന്തിര ആവശ്യത്തിനായി ഓടിക്കൊണ്ടിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ ഇരയുടെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൗത്ത് യോർക്ക്ഷയർ പോലീസ് ആവശ്യപ്പെട്ടു. അപകട സമയം ബാർൺസ്‌ലി റോഡിലുണ്ടായിരുന്നവരോ അപകടം ഡാഷ്‌ക്യാമിൽ റെക്കോർഡ് ചെയ്‌തവരോ ഉദ്യോഗസ്ഥരുമായി സഹകരിക്കണെമെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തെ കുറിച്ച് കൂടുതൽ വ്യക്‌തത ലഭിക്കുന്നതിനായി പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുമെന്നും സൗത്ത് യോർക്ക്ഷയർ പോലീസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ടിക് ടോക്കിൽ രണ്ട് വയസ്സുകാരനായ ജെയിംസ് ബൾഗർ തൻെറ കൊലപാതകത്തിന്റെ വിശദാംശങ്ങൾ വിവരിക്കുന്ന നിർമ്മിത ബുദ്ധിയിൽ തയാറാക്കിയ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ജെയിംസ് ബൾഗറിന്റെ കുടുംബത്തോട് ടിക് ടോക്ക് ക്ഷമ ചോദിക്കണമെന്ന ആവശ്യം ശക്തം. രണ്ട് വയസ്സുകാരൻെറ ആനിമേറ്റഡ് പതിപ്പിലുള്ള വിഡിയോയാണ് പ്രചരിച്ചത്. വിഡിയോയിൽ തൻെറ മരണത്തിൻെറ വിഷദാംശങ്ങൾ കുട്ടി വിവരിക്കുന്നതായി കാണാം.

 

1993 ഫെബ്രുവരി 12-ന് മെർസിസൈഡ് ഷോപ്പിംഗ് സെന്ററിൽ നിന്ന് 10 വയസ്സുകാരായിരുന്ന ജോൺ വെനബിൾസും റോബർട്ട് തോംസണും ചേർന്ന് ജെയിംസിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് കുട്ടിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് വീഡിയോ ഉടൻ തന്നെ പിൻവലിച്ചതായി ടിക് ടോക്ക് അവകാശപ്പെട്ടു. എന്നാൽ ഇതിന് ശേഷവും ടിക് ടോക്കിൽ വീഡിയോ പ്രചരിച്ചതായി കണ്ടെത്തി.

ജെയിംസിന്റെ അമ്മ ഡെനിസ് ഫെർഗസ് വീഡിയോകൾ ഉടൻ തന്നെ നീക്കം ചെയ്യണമെന്ന് ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിനോട് ആവശ്യപ്പെട്ടു. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിൽ 100-ലധികം ക്ലിപ്പുകൾ ഉണ്ടായിരുന്നുവെന്നും ചിലത് ഇപ്പോഴും ഉണ്ടെന്നും ജെയിംസ് ബൾഗർ മെമ്മോറിയൽ ട്രസ്റ്റിന്റെ ചെയർവുമൺ കിം ഡാർബി പറഞ്ഞു. ഇതിന് പിന്നാലെ ടിക് ടോക്ക് ജെയിംസ് ബൾഗറിന്റെ കുടുംബത്തോട് ക്ഷമ ചോദിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആർഎം റ്റി യൂണിയനിലെ തൊഴിലാളികൾ നടത്തിയ പണിമുടക്ക് യാത്രക്കാരെ ദുരിതത്തിലാക്കി. തുടർച്ചയായ രണ്ടാം ശനിയാഴ്ചയാണ് 20000 റെയിൽവേ ജീവനക്കാർ പണിമുടക്കുന്നത്. ശമ്പളം, ജോലി, തൊഴിൽ സാഹചര്യങ്ങൾ എന്നീ കാര്യങ്ങളിൽ തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാതെ മുന്നോട്ടുപോവുകയാണ്. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളെക്കുറിച്ച് കൂടുതൽ ചർച്ചകൾക്കായി സർക്കാരിൻറെ നിർദ്ദേശത്തിനായി കാത്തിരിക്കുകയാണ് തങ്ങൾ എന്ന് ആർഎം റ്റി യൂണിയൻ പറഞ്ഞു. എന്നാൽ നിലവിൽ മുന്നോട്ട് അംഗീകരിച്ചിരിക്കുന്ന ശമ്പള ഓഫർ ജീവനക്കാർ അംഗീകരിക്കണമെന്നാണ് സർക്കാർ നിലപാട്.


തുടർച്ചയായ റെയിൽവേ ജീവനക്കാരുടെ പണിമുടക്കുകൾ വലിയതോതിൽ ജനങ്ങൾക്ക് ദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. സ്കൂളുകൾക്ക് 6 ആഴ്ചത്തെ വേനൽ അവധി ആയതിനാൽ അവധിക്കാല യാത്ര പദ്ധതിയിട്ടിരുന്ന ഒട്ടേറെ പേരെ റെയിൽവേ പണിമുടക്കുകൾ ബാധിച്ചതായാണ് റിപ്പോർട്ടുകൾ . ലണ്ടനിലെ ഓവലിൽ നടന്ന 5-ാം ആഷസ് ടെസ്റ്റ് പരമ്പര കാണാൻ തയ്യാറെടുത്ത ഒട്ടേറെ ക്രിക്കറ്റ് പ്രേമികളെ സമരം പ്രതികൂലമായി ബാധിച്ചു. ജൂലൈ 27 -ാം തീയതി വ്യാഴാഴ്ച മുതൽ ജൂലൈ 31 തിങ്കളാഴ്ച വരെയാണ് ആഷസ് ടെസ്റ്റ് നടക്കുന്നത്.

ഇന്നലെ ശനിയാഴ്ച നടന്ന ആർഎം റ്റി യൂണിയൻറെ സമരം അവർ പ്രഖ്യാപിച്ചിരുന്ന സമരപരമ്പരകളിലെ അവസാനത്തേതായിരുന്നു. ആർഎം റ്റി യൂണിയൻ ഇനി സമരം നടത്തുന്നതിന് കുറഞ്ഞത് 14 ദിവസത്തെ നോട്ടീസ് നൽകേണ്ടതുണ്ട്. സമരങ്ങൾ എന്ന് അവസാനിക്കും എന്ന ചോദ്യത്തിന് ഒന്നും അറിയില്ലെന്നും ചർച്ചകൾക്ക് മുതിരാത്ത ഒരു സർക്കാരാണ് നമ്മൾക്ക് ഉള്ളതെന്നും ആർഎം റ്റി യൂണിയൻ ജനറൽ സെക്രട്ടറി മിക്ക് ലിങ്ങ് പറഞ്ഞു. 4 വർഷമായി തൊഴിലാളികൾക്ക് വേതന വർദ്ധനവ് ഉണ്ടായിട്ടില്ല. എന്നാൽ അതിലും പ്രധാനപ്പെട്ട വിഷയം ജോലി വെട്ടിക്കുറയ്ക്കൽ മൂലമുള്ള പ്രശ്നങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. 2300 യൂണിയൻ അംഗങ്ങൾ ഈ ജോലി ഉപേക്ഷിച്ച് കേറ്ററിംഗ് , എൻജിനീയറിങ് തുടങ്ങിയ മേഖലകളിലേയ്ക്ക് മാറാൻ പദ്ധതിയിടുന്നതായിട്ടാണ് യൂണിയൻ പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ നിലവിലുള്ള സെക്കൻഡ് ഹോം ഉടമകൾക്ക് കൗൺസിൽ ടാക്സ് ഇരട്ടി ആക്കുവാനുള്ള നീക്കം നടക്കുന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. സ്വന്തമായി ഒന്നിൽ കൂടുതൽ വീടുകൾ ഉള്ളവരെയാണ് സെക്കൻഡ് ഹോം ഉടമകൾ എന്ന് പൊതുവായി ബ്രിട്ടനിൽ വിശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ സെക്കൻഡ് ഹോം ഉടമകൾക്ക് മേലുള്ള കൗൺസിൽ നികുതി ഇരട്ടിയാക്കാനുള്ള തീരുമാനം സർക്കാർ ഉടൻ തന്നെ പുറപ്പെടുവിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനായി ലോക്കൽ അതോറിറ്റികൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുവാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഡെവോൺ, കോൺവാൾ, ലേക്ക് ഡിസ്ട്രിക്റ്റ്, നോർഫോക്ക് തുടങ്ങിയ അവധിക്കാല ഹോട്ട്‌സ്‌പോട്ടുകൾ നികുതി വർദ്ധന പദ്ധതിക്ക് ഇതിനകം തന്നെ അംഗീകാരം നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ നാലിലൊന്ന് കൗൺസിലുകളും സെക്കൻഡ് ഹോമുകൾക്ക് കൗൺസിൽ നികുതി ഇരട്ടിയാക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ നടപടിയിലൂടെ ഏകദേശം 200 മില്യൺ പൗണ്ടോളം അധികനികുതി വരുമാനം സർക്കാരിന് ഉണ്ടാകും. ആദ്യത്തെ ഘട്ടത്തിൽ ഏകദേശം 40 ശതമാനത്തോളം സെക്കൻഡ് ഹോം ഉടമകൾക്ക് നികുതി വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഏകദേശം 100,000-ത്തിലധികം പ്രോപ്പർട്ടി ഉടമകൾക്ക് ഉയർന്ന ബില്ലുകൾ നേരിടേണ്ടതായി വരും.

തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ വെസ്റ്റ് കൺട്രിയിൽ ഇത്തരത്തിലുള്ള സെക്കൻഡ് ഹോമുകൾ പ്രാദേശിക കമ്മ്യൂണിറ്റികൾ ഗുരുതരമായ സ്വാധീനം ചെലുത്തുന്നുണ്ട്. അതിനാൽ തന്നെ ഇവയുടെ മേലുള്ള കൗൺസിൽ നികുതി നാലിരട്ടിയാക്കുവാനുള്ള അധികാരം ഇവിടെ എംപിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സെക്കൻഡ് ഹോം ഉടമകളും, ടൂറിസം മേഖലയും ഗവൺമെന്റിന്റെ ഈ തീരുമാനത്തോട് ശക്തമായ എതിർപ്പുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. സർക്കാരിന്റെ ഈ തീരുമാനം എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്ക ലേബർ പാർട്ടിയും പങ്കുവെച്ചിട്ടുണ്ട്. നാലുവർഷം മുൻപ് സമാനമായ നിയമങ്ങൾ നടപ്പിലാക്കിയ വെൽഷ് സർക്കാർ നടത്തിയ അന്വേഷണത്തിൽ, ഇത്തരത്തിൽ ടാക്സ് നിരക്ക് വർധിപ്പിച്ചത് കൊണ്ട് കാര്യമായ മാറ്റങ്ങൾ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തങ്ങളെ നശിപ്പിക്കാനുള്ള നീക്കമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സെക്കൻഡ് ഹോം ഉടമകളും ടൂറിസം മേഖലയിൽ നിന്നുള്ളവരും പ്രതികരിച്ചു

ന്യൂസ് ഡെസ്ക് മലയാളം യുകെ

2050 ഓടെ കാർബൺ എമിഷൻ നെറ്റ് സീറോ ആക്കാനുള്ള രാജ്യത്തിൻറെ നടപടികളിൽ സർവ്വത്ര ആശയക്കുഴപ്പം . ലക്ഷ്യം കൈവരിക്കുന്നതിനായി 2030 മുതൽ യുകെയിൽ പുതിയ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിരോധിക്കുമെന്ന് കഴിഞ്ഞദിവസം ക്യാബിനറ്റ് മിനിസ്റ്റർ മൈക്കൽ ഗോവ് പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രസ്താവന പ്രായോഗികമാണോ എന്ന കാര്യത്തിൽ വൻ ചർച്ചകൾക്കാണ് തുടക്കമിട്ടത്. ഭരണപക്ഷത്തെ ചില മുതിർന്ന നേതാക്കൾ സമയപരുധി ഒഴിവാക്കാനും ഗ്രീൻ പോളിസികളിൽ ഇളവ് വരുത്താനും പ്രധാനമന്ത്രി റിഷി സുനകിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ നിരോധനം ഒന്നിനും ഒരു പരിഹാരമല്ലെന്നാണ് കാർബൺ ബഹിഷ്കരണം പൂജ്യത്തിൽ എത്തുന്നതിനുള്ള നടപടികളെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചത്. 2050 -ൽ കാർബൺ ബഹിർഗമനം തടയുന്നതിനുള്ള ലക്ഷ്യം കൈവരിക്കുന്നതിനായി രാജ്യം പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ പ്രായോഗിക പദ്ധതികൾ അതിനായി ജനങ്ങളെ ബുദ്ധിമുട്ടിൽ ആകാനുള്ള പ്രായോഗിക പദ്ധതികൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നുമുള്ള എതിർപ്പുകളും വരാനിരിക്കെ പൊതു തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതികരണം പ്രതികൂലമാകുമോ എന്നീ ഘടകങ്ങളും ആകാം പ്രധാനമന്ത്രിയുടെ നിലപാടിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. 2020 -ൽ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ഗ്രീൻ ഇൻഡസ്ട്രിയൽ റവല്യൂഷൻ പ്ലാൻ പ്രഖ്യാപിച്ചത്. യുകെയുടെ നിരത്തുകളിൽ നിന്ന് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം അതിന്റെ ഭാഗമായിരുന്നു.

ഇതിനിടെ ലണ്ടൻ നഗരത്തിലെ വായു മലിനീകരണത്തിന് ശമനം വരുത്താൻ പഴയ വാഹനങ്ങളുമായി നഗരത്തിലെത്തിയാൽ 12.5 0 പൗണ്ട് പിഴ ചുമത്താൻ ഉള്ള ലണ്ടൻ മേയറുടെ തീരുമാനത്തിന് ഹൈക്കോടതി അനുമതി നൽകി. മേയറുടെ തീരുമാനത്തെ എതിർത്ത് കൺസർവേറ്റീവ് പാർട്ടി ഭരിക്കുന്ന 5 കൗൺസിലുകൾ കോടതിയെ സമീപിച്ചിരുന്നു. പുതിയ തീരുമാനം നിലവിൽ വന്നതോടെ ലണ്ടൻ നഗരത്തിന്റെ ലക്ഷക്കണക്കിന് ആളുകൾ പഴയ വാഹനങ്ങൾ മാറ്റി പുതിയവ വാങ്ങേണ്ടതായി വരും.

ഓരോ വാഹനവും എമിഷൻ സ്റ്റാൻഡേർഡ് പാലിക്കുന്നവയാണോ എന്ന് ട്രാൻസ്പോർട്ട് ഫോർ ലണ്ടന്റെ വെബ്സൈറ്റിലൂടെ പരിശോധിക്കാം. എമിഷൻ സ്റ്റാൻഡേർഡ് പാലിക്കാത്ത വാഹനങ്ങളുമായി ലണ്ടനിലെത്തിയാൽ അന്നുതന്നെ പിഴ വൈബ്സൈറ്റിലൂടെ അടയ്ക്കണം. അല്ലാത്തപക്ഷം പിഴതുക വർധിക്കും. വാഹനങ്ങൾ ട്രാൻസ്പോർട്ട് ഫോർ ലണ്ടന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത് ഡയറക്ട് ഡെബിറ്റായും പണം അടക്കാം. പുതിയ തീരുമാനം നലവിൽ വരുന്നതോടെ നഗരത്തിലെ ലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ പഴയ വാഹനങ്ങൾ വിറ്റ് പുതിയത് വാങ്ങേണ്ടി വരും. അല്ലാത്ത പക്ഷം സ്വന്തം വീട്ടിൽനിന്നു പുറത്തിറങ്ങാൻ പോലും ദിവസേന 12.50 പൗണ്ട് പിഴയടക്കേണ്ട സ്ഥിതി വരും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും കൂടുതൽ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന ഒരു രാജ്യമാണ് യുകെ . കടുത്ത ആശങ്കകൾക്ക് വഴിവെച്ച് യു കെ ക്ലൈമറ്റ് റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇനി വരും വർഷങ്ങളിലും 2022 ലെ പോലെ ചൂട് കൂടിയ കാലാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയ്ക്കാണ് ക്ലൈമറ്റ് റിപ്പോർട്ട് വിരൽചൂണ്ടുന്നത്. യുകെയ്ക്ക് ചുറ്റുമുള്ള സമുദ്രനിരപ്പ് പ്രതിവർഷം 18.5 സെന്റിമീറ്റർ ഉയരുന്നതായും റിപ്പോർട്ടിലുണ്ട്.

RECENT POSTS
Copyright © . All rights reserved