ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടനിലെ ഏറ്റവും മികച്ച മോട്ടോർവേ സർവീസ് സ്റ്റേഷൻ ആയി തെരഞ്ഞെടുക്കപ്പെട്ട് ഗ്ലൗസെസ്റ്റർ സർവീസ് സ്റ്റേഷൻ. ഗ്രേറ്റ് ബ്രിട്ടനിലുടനീളമുള്ള ഏകദേശം 100 മോട്ടോർവേ സർവീസ് സ്റ്റേഷനുകളിൽ അടുത്തിടെ വിച്ച്? നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റാങ്ക് പാട്ടിക തയ്യാറാക്കിയത്. ഗ്ലൗസെസ്റ്റർ സർവീസുകൾ ഏറ്റവും മികച്ച സർവീസ് ആയി തിരഞ്ഞെടുത്തപ്പോൾ ബ്രിഡ്ജ്‌വാട്ടർ ഏറ്റവും മോശം സർവീസ് ആയാണ് രേഖപ്പെടുത്തിയത്. കൂടാതെ സർവീസ് സ്റ്റേഷനുകൾ നൽകുന്ന സേവനത്തിലെ ഗുണനിലവാരത്തിലുള്ള വ്യത്യാസവും സർവേ എടുത്ത് കാട്ടി. പലരും സർവീസ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നത് ലഘുഭക്ഷണങ്ങൾ, വിശ്രമമുറി സ്റ്റോപ്പുകൾ എന്നിവയ്ക്കായാണ്.
ശുചിത്വം, ഭക്ഷണം, കടകൾ, സൗകര്യങ്ങൾ, പ്രവേശനക്ഷമത തുടങ്ങിയവ കണക്കിലെടുക്കുമ്പോൾ ഗ്ലൗസെസ്റ്ററിന് ഫൈവ് സ്റ്റാർ റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത്. അതേസമയം താഴ്ന്ന റാങ്കിലുള്ള സ്റ്റേഷനുകൾ ശുചിത്വക്കുറവിന് വിമർശങ്ങൾ നേരിട്ടു. 85% മൊത്തത്തിലുള്ള റേറ്റിംഗ് നേടിയാണ് M5 ലെ ഗ്ലൗസെസ്റ്റർ സർവീസുകൾ വിച്ച് സർവേയിൽ ഒന്നാമതെത്തിയത്. കംബ്രിയയിൽ ടെബേ സർവീസുകളും ലാനാർക്ക്‌ഷെയറിലെ കെയ്‌ൻ ലോഡ്ജും നടത്തുന്ന വെസ്റ്റ്‌മോർലാൻഡ് ഫാമിലിയുടെ ഉടമസ്ഥയിലാണ് ഈ സർവീസ് സ്റ്റേഷൻ.
സർവേയിൽ മോട്ടോയുടെ ഉടമസ്ഥതയിലുള്ള റഗ്ബി സർവീസുകൾ മൂന്നാം സ്ഥാനത്തും എക്‌സ്‌ട്രായുടെ ലീഡ്‌സ് സ്‌കെൽട്ടൺ ലേക്ക് അഞ്ചാം സ്ഥാനത്തുമുണ്ട്. മോട്ടോയ്ക്ക് 37 സർവീസ് സ്റ്റേഷനുകളുണ്ട്, ഇതിൽ ഒൻപത് എണ്ണം പട്ടികയിലെ അവസാന 10 സ്ഥാനത്തുണ്ട്. അവസാന സ്ഥാനത്തെത്തിയ മോട്ടോയുടെ ബ്രിഡ്ജ് വാട്ടർ സ്റ്റേഷന് വെറും 23% ഉപഭോക്തൃ സ്‌കോറാണ് ലഭിച്ചിരിക്കുന്നത്. തൊട്ടുപിന്നിൽ 26% സ്‌കോറും ആയി നോർത്ത് യോർക്ക്ഷെയറിലെ ലീമിംഗ് ബാർ ആണുള്ളത്. ഗ്രേറ്റ് ബ്രിട്ടനിലുടനീളമുള്ള മോട്ടോർവേ സർവീസ് സ്റ്റേഷനുകളിൽ നടത്തിയ 9,000 സന്ദർശനങ്ങളിൽ അനുഭവങ്ങൾ പങ്കുവെച്ച 4,000-ത്തിലധികം അംഗങ്ങളിൽ നിന്നുള്ള ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിലാണ് വിച്ച്? റാങ്കിങ് തയാറാക്കിയത്. സർവ്വേ പുറത്ത് വിട്ടതിന് പിന്നാലെ മോട്ടോ ഹോസ്പിറ്റാലിറ്റിയുടെ സിഇഒ കെൻ മക്മെയ്ക്കൻ സർവേ ഫലങ്ങൾ അംഗീകരിച്ച് രംഗത്ത് വന്നിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2024 യുകെയുടെ നെറ്റ് മൈഗ്രേഷൻ 4,31,000 ആയി ആണ് കുറഞ്ഞത്. 2023 മായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏകദേശം 50 ശതമാനം കുറവാണ്. ആളുകളുടെ കുടിയേറുന്നതിന്റെയും തിരിച്ചു പോകുന്നതിലും തമ്മിലുള്ള വ്യത്യാസമാണ് നെറ്റ് മൈഗ്രേഷൻ. 948,000 പേർ യുകെയിൽ എത്തിയപ്പോൾ 517,000 പേർ രാജ്യം വിട്ടു പോയി. യുകെ സർക്കാർ നടപ്പിലാക്കിയ കനത്ത കുടിയേറ്റ നയങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യയിൽ നിന്നുള്ളവരെയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒ എൻ എസ് ) ൻ്റെ കണക്കുകൾ പ്രകാരം 2024 ൽ രാജ്യം വിട്ട കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം ഇന്ത്യയിൽ നിന്നുള്ളവരാണ്. കണക്കുകൾ അനുസരിച്ച് പഠന ആവശ്യങ്ങൾക്കായി വന്ന ഏകദേശം 37, 000 ഇന്ത്യക്കാരാണ് കഴിഞ്ഞവർഷം മാത്രം യുകെയിൽ നിന്ന് തിരിച്ചു പോയത്.
ജോലിയ്ക്കും മറ്റുമായി വന്ന 20000 പേരും യുകെയിൽ തിരിച്ചു പോയവരുടെ പട്ടികയിലുണ്ട്. രാജ്യം വിട്ടവരുടെ എണ്ണത്തിൽ തൊട്ടടുത്ത സ്ഥാനം ചൈനക്കാർക്കാണ്. ഏകദേശം 450,000 ചൈനയിൽ നിന്നുള്ളവർ കഴിഞ്ഞവർഷം യുകെയിൽ നിന്ന് തിരിച്ചുപോയി. വിദ്യാർത്ഥി വിസയിലും കെയർ വർക്ക് വിസയിലും യുകെ സർക്കാർ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇത്തരം നടപടികളുടെ പ്രതിഫലനമാണ് വ്യാപകമായി ഇന്ത്യയിൽ നിന്നുള്ളവരുടെ എണ്ണത്തിൽ കുറവ് വരുവാൻ കാരണം.
യുകെയിൽ ജോലിക്കും പഠനത്തിനും വരുന്നവരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെയും ആശ്രിതരുടെയും എണ്ണത്തിലെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് ഒഎൻഎസിലെ പോപ്പുലേഷൻ സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടർ മേരി ഗ്രിഗറി പറഞ്ഞു. യുകെയിലേക്കുള്ള ദീർഘകാല കുടിയേറ്റം ഏകദേശം മൂന്ന് വർഷത്തിനിടെ ആദ്യമായി 1 ദശലക്ഷത്തിൽ താഴെയായി. നെറ്റ് മൈഗ്രേഷനിലെ കുറവ് ലേബർ സർക്കാരിന് ആശ്വാസകരമായ വാർത്തയാണ് . കടുത്ത കുടിയേറ്റ വിരുദ്ധത മുഖമുദ്രയാക്കിയ റീഫോം പാർട്ടിയുടെ വിജയം മുഖ്യധാര പാർട്ടികളായ ലേബർ പാർട്ടിയെയും കൺസർവേറ്റീവ് പാർട്ടിയെയും ഞെട്ടിച്ചിരുന്നു. എന്നാൽ ഋഷി സുനക് സർക്കാരിൻറെ അവസാന കാലത്ത് നടപ്പിലാക്കിയ നയങ്ങളാണ് നെറ്റ് മൈഗ്രേഷൻ കുറയുന്നതിന് കാരണമായത് എന്ന് മുൻ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ആരോഗ്യ ചികിത്സാരംഗത്ത് ഒരു നേട്ടം കൂടി കൈവരിച്ചു. ലൈംഗികമായി പകരുന്ന ഗൊണോറിയയ്ക്കെതിരെ വാക്സിനേഷൻ നൽകാൻ ഒരുങ്ങുന്ന ആദ്യത്തെ രാജ്യമായിരിക്കും ഇംഗ്ലണ്ട് . ഈ അണുബാധ കുതിച്ചുയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ രോഗത്തിന്റെ നിയന്ത്രണത്തിന് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തുടക്കത്തിൽ ഇത് എല്ലാവർക്കും ലഭ്യമാകില്ലെന്നാണ് അറിയാൻ സാധിച്ചത്. ആദ്യഘട്ടത്തിൽ ഒന്നിലധികം ലൈംഗിക പങ്കാളികളുള്ള ഗേ, ബൈ സെക്ഷ്വൽ പുരുഷന്മാരിലുമാകും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. വാക്സിൻ 30-40% ഫലപ്രദമാണ്. അതുകൊണ്ടുതന്നെ വർദ്ധിച്ചുവരുന്ന അണുബാധകളുടെ എണ്ണം ഇത് കുറയ്ക്കും എന്നാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്. 2023-ൽ 85,000-ത്തിലധികം കേസുകൾ ആണ് ഉണ്ടായിരുന്നത്. ഇത് 1918-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക് ആണ്.
ഗൊണോറിയ രോഗത്തിന് എല്ലായ്പ്പോഴും ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. പക്ഷേ ചിലരിൽ ജനനേന്ദ്രിയ വീക്കം, വേദന എന്നിവ അനുഭവപ്പെടാം. വാക്സിൻ സ്വീകരിക്കാൻ എത്രപേർ മുന്നോട്ട് വരുമെന്നുള്ളതിനെ കുറിച്ച് ആശങ്കയുണ്ട് . വാക്സിനേഷൻ ഓഗസ്റ്റിൽ ആരംഭിക്കുകയും ലൈംഗികാരോഗ്യ സേവനങ്ങൾ വഴി വാഗ്ദാനം ചെയ്യുകയും ചെയ്യും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഏറ്റവും വലിയ രണ്ട് വാട്ടർ കമ്പനികളായ തേംസ് വാട്ടറും ആംഗ്ലിയൻ വാട്ടറും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നതായുള്ള വാർത്തകൾ പുറത്തുവന്നു. മലിനജല സംസ്കരണവുമായി ബന്ധപ്പെട്ടാണ് ഇരുകമ്പനികളും അന്വേഷണം നേരിടുന്നത്. 53 ക്രിമിനൽ അന്വേഷണങ്ങൾ ആണ് ഇരു കമ്പനികൾക്കും എതിരെ നടക്കുന്നതെന്ന് സർക്കാർ സ്ഥിരീകരിച്ചു.
മലിനജല സംസ്കരണവുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ വാട്ടർ കമ്പനികൾ നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് പരിസ്ഥിതി ഏജൻസിക്ക് വരുന്ന ചിലവുകൾ കമ്പനികൾ തന്നെ വഹിക്കേണ്ടി വരുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഏറ്റവും കൂടുതൽ അന്വേഷണം നേരിടുന്നത് തേംസിനാണ്. നിലവിൽ കനത്ത കടബാധ്യതയുള്ള തേംസിന് ഇത് കടുത്ത തിരിച്ചടിയാണ്.
കടബാധ്യത മൂലം ദേശസാത്കരണത്തിന്റെ വക്കിലാണ് തേംസ് വാട്ടർ കമ്പനി. 16 ദശലക്ഷം ഉപഭോക്താക്കളും 8000 ജീവനക്കാരുമാണ് കമ്പനിക്കുള്ളത്. 20 ബില്യൺ പൗണ്ടിന്റെ കടബാധ്യതയാണ് കമ്പനിക്കുള്ളത്. വാട്ടർ കമ്പനികൾ നടത്തിയ തെറ്റായ പ്രവർത്തനത്തിൽ സർക്കാർ മുൻ സർക്കാരുകളെ ആണ് പഴിക്കുന്നത്. കൺസർവേറ്റീവ് സർക്കാർ വാട്ടർ കമ്പനികളുടെ പ്രശ്നങ്ങളെ മറച്ചുവെക്കാൻ ശ്രമിച്ചതായി പരിസ്ഥിതി സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിൻഡർ ഫ്യൂവൽ പെയ്മെൻറ് ധനസഹായം വെട്ടി കുറയ്ക്കാനുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്മാറുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 80 വയസ്സിന് താഴെയുള്ള പെൻഷൻകാരുള്ള കുടുംബങ്ങൾക്ക് 200 പൗണ്ട് അല്ലെങ്കിൽ 80 വയസ്സിനു മുകളിലുള്ള പെൻഷൻകാരുള്ള കുടുംബങ്ങൾക്ക് 300 പൗണ്ട് എന്ന തോതിലാണ് ശൈത്യകാല ഇന്ധന പേയ്‌മെന്റ് പ്രതിവർഷം നൽകുന്നത്. സ്വന്തം പാർട്ടിയിൽ നിന്നു തന്നെയുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് സർക്കാർ മുൻ തീരുമാനത്തിൽ നിന്ന് പിന്നോക്കം പോയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇത് മുമ്പ് എല്ലാ പെൻഷൻകാർക്കും നവംബർ അല്ലെങ്കിൽ ഡിസംബർ മാസങ്ങളിൽ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം സർക്കാർ പെൻഷൻ ക്രെഡിറ്റിനും മറ്റ് വരുമാനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾക്കും യോഗ്യത പരിമിതപ്പെടുത്തിയതിനെ തുടർന്ന് 10.3 ദശലക്ഷം പേർക്ക് ഈ അനൂകൂല്യം നഷ്ടപ്പെട്ടു. ഇത് വഴി 1.4 ബില്യൺ പൗണ്ട് സർക്കാരിന് ലഭിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനെതിരെ സ്വന്തം പാർട്ടിയിൽ നിന്നും പ്രതിപക്ഷത്തു നിന്നും കടുത്ത പ്രതിഷേധങ്ങളും ഉയർന്നു വന്നിരുന്നു. കഴിഞ്ഞ ജൂലൈയിൽ ലേബർ പാർട്ടി അധികാരമേറ്റതിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ച ഈ നീക്കം യൂണിയനുകളിൽ നിന്നും പെൻഷൻകാരുടെ ചാരിറ്റികളിൽ നിന്നും കടുത്ത വിമർശനത്തിന് കാരണമായി.
കഴിഞ്ഞമാസം ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവി നയം മാറ്റാൻ ഒരു കാരണമാണ്. ജനവിധി എതിരായതിൻറെ പേരിൽ ലേബർ എംപിമാരും കൗൺസിലർമാരും സർക്കാരിൻറെ വിൻ്റർ ഫ്യുവൽ പെയ്മെൻറ് കട്ടിനെ കുറ്റപ്പെടുത്തിയിരുന്നു. ജീവിതകാലം മുഴുവൻ രാജ്യത്തെ സേവിച്ച ഒരാളെയും ദാരിദ്ര്യത്തിലേയ്ക്ക് തള്ളി വിടരുതെന്നാണ് ഇതേ കുറിച്ച് നേരത്തെ ധനസഹായം നടപ്പിലാക്കാൻ മുൻകൈയെടുത്ത മുൻ ലേബർ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വളരെ സങ്കടകരമായ ഒരു വേർപാടിന്റെ വാർത്തയാണ് മലയാളം യുകെ ന്യൂസ് ഇന്ന് വായനക്കാരിലേയ്ക്ക് എത്തിക്കുന്നത്. ഒട്ടേറെ പ്രതീക്ഷയും സ്വപ്നങ്ങളുമായി യുകെയിലെത്തിയ മലയാളി യുവതി അകാലത്തിൽ നിര്യാതയായി. 37 വയസ്സ് മാത്രം പ്രായമുള്ള ടീനാ മോൾ സക്കറിയയാണ് ക്യാൻസർ രോഗത്തെ തുടർന്ന് മരണമടഞ്ഞത്.
വെറും ഒന്നരവർഷം മുൻപ് മാത്രമാണ് ഭർത്താവും രണ്ടു മക്കളുമായി ടീനാമോൾ യുകെയിൽ എത്തിയത്. ഇതിനിടെ സ്തനാർബുദം തിരിച്ചറിയുകയായിരുന്നു. ചികിത്സയിലൂടെ ജീവിതം തിരികെ പിടിക്കാമെന്ന പ്രത്യാശയിലായിരുന്നു ടീന . ചികിത്സയിൽ ഉടനീളം സ്റ്റോക്ക് ഓൺ ട്രെൻഡിലെ മലയാളി സമൂഹത്തിൻ്റെ എല്ലാവിധ പിന്തുണയും ടീനയ്ക്കും കുടുംബത്തിനും ലഭിച്ചിരുന്നു. സ്റ്റോക്ക് ഓൺ ട്രെൻഡിൽ കെയർ അസിസ്റ്റൻറ് ആയി ആണ് ടീന ജോലി ചെയ്തിരുന്നത്.
പൊതുദർശനത്തിന്റെയും മൃത സംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ടീന മോൾ സക്കറിയയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാം മലയാളി ബിജു ജോസഫ് (54) നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ (BCMC) സജീവ പ്രവർത്തകനും സീറോ മലബാർ സഭയുടെ സെൻറ് ബെനഡിക് മിഷൻ സാറ്റ്ലി ഇടവകാംഗവുമായിരുന്നു പരേതൻ.
യുകെയിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ ബിജു ജോസഫ് കേരളത്തിൽ കൊട്ടിയൂർ നെടുംകല്ലേൽ കുടുംബാംഗമാണ്.
പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ബിജു ജോസഫിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഇപ്പോൾ പകൽ കൂടുതൽ ദൈർഘ്യമുള്ളതും കാലാവസ്ഥ കൂടുതൽ ചൂടുള്ളതുമാണ്. അതുകൊണ്ട് തന്നെ കൂടുതൽ ആളുകൾ വീടിന് പുറത്ത് പൂന്തോട്ടത്തിൽ കൂടുതൽ സമയം ചിലവഴിക്കാനും അറ്റകുറ്റപ്പണികൾക്കായും നിലവിൽ സമയം ചിലവഴിക്കാറുണ്ട്. എന്നാൽ ഇത്തരം പൊതുസ്ഥലങ്ങളിൽ കർശനമായ ശബ്ദ നിയന്ത്രണ നിയമങ്ങൾ നിലവിലുള്ള രാജ്യമാണ് യുകെ. ഇത്തരം നിയമങ്ങളെ കുറിച്ച് പലർക്കും അറിവില്ലെന്ന പോരായ്മയും ഉണ്ട്.
ശബ്ദ മലിനീകരണത്തോട് അനുബന്ധിച്ചുള്ള ഇത്തരം നിയമങ്ങൾ ലംഘിച്ചാൽ പിഴ ഈടാക്കുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കേസ് കോടതിയിൽ എത്തിയാൽ 5000 പൗണ്ട് വരെ പിഴ അടയ്ക്കേണ്ടി വരും. ശനിയാഴ്ചകളിൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കടുത്ത ശബ്ദമലിനീകരണം നിയന്ത്രണം നിലവിലുള്ള സമയമാണ് . എന്നാൽ ഈ നിയമത്തെ കുറിച്ച് യുകെ പൗരന്മാരിൽ പകുതിയോളം (45%) പേർക്കും ഇപ്പോഴും അറിയില്ല. അതു മാത്രമല്ല രാത്രി 11 മുതൽ രാവിലെ 7 മണി വരെ മിതമായ രീതിയിൽ മാത്രമേ ശബ്ദം പാടുള്ളൂ. ഉച്ചത്തിലുള്ള പാട്ട്, പട്ടികളുടെ കുര തുടങ്ങിയവ ഉൾപ്പെടെ മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം പിഴ വിളിച്ചു വരുത്തുന്നു.
വാഷിംഗ് മിഷൻ തുടങ്ങിയ ഉപകരണങ്ങളുടെ ശബ്ദം ഈ നിയമത്തിന്റെ പരുധിയിൽ വരും. നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഞായറാഴ്ച പൂർണ്ണ നിയന്ത്രണമുണ്ട്. നിയമങ്ങൾ ലംഘിക്കുന്നവർക്ക് കൗൺസിലുകൾ നിന്ന് മുന്നറിയിപ്പ് നോട്ടീസ് ആദ്യം നൽകും. തിരുത്തൽ വരുത്താതിരിക്കുകയോ ന്യായമായ വിശദീകരിക്കണം നൽകാൻ കഴിയാതിരിക്കുകയോ ചെയ്താൽ കനത്ത പിഴ ഒടുക്കേണ്ടി വരും. പിഴ ഒടുക്കാൻ 14 ദിവസത്തെ സാവകാശമാണ് ലഭിക്കുന്നത്. വീടുകൾക്ക് 110 പൗണ്ട് വരെയും വാണിജ്യ സ്ഥാപനങ്ങൾക്ക് 500 പൗണ്ട് വരെയും പിഴ ചുമത്തപ്പെടാം. സമയപരിധി കഴിഞ്ഞാൽ പ്രശ്നം കോടതിയിൽ എത്തുകയും പിഴ കനത്തതാകാനും സാധ്യതയുണ്ട്. ഗുരുതരമായ കേസുകളിൽ കൂടുതൽ ശല്യപ്പെടുത്തലുകൾ തടയുന്നതിന് ലൗഡ് സ്പീക്കറുകൾ അല്ലെങ്കിൽ സൗണ്ട് സിസ്റ്റങ്ങൾ പോലുള്ള ശബ്ദമുള്ള ഉപകരണങ്ങൾ കണ്ടുകെട്ടാൻ അധികാരികൾക്ക് അധികാരമുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകമെമ്പാടും 740,000 ആളുകൾക്ക് ഓരോ വർഷവും ബ്രെയിൻ ട്യൂമർ കണ്ടെത്തുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ പകുതിയും ക്യാൻസർ അല്ലാത്തവയാണ്. ബ്രെയിൻ ട്യൂമർ കണ്ടെത്തിയാൽ ശാസ്ത്രക്രിയയിലൂടെ സാമ്പിൾ എടുക്കുകയും തുടർന്ന് വിദഗ്ധ പരിശോധന നടത്തിയുമാണ് അർബുദ സാധ്യത തിരിച്ചറിയുന്നത്. നിലവിൽ യുകെയിൽ ഇത്തരം പരിശോധനകളുടെ പൂർണ്ണമായ ഫലം പുറത്തു വരുന്നതിന് എട്ട് ആഴ്ചയോ അതിൽ കൂടുതലോ കാലതാമസം എടുക്കുന്നുണ്ട്.
എന്നാൽ വെറും 24 മണിക്കൂറിനുള്ളിൽ ബ്രെയിൻ ട്യൂമർ സെല്ലുകളിൽ നിന്ന് ക്യാൻസർ സാധ്യത തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് നോട്ടിംഗ്ഹാം സർവകലാശാല . നിലവിലുള്ള ജനിതക പരിശോധനയ്ക്ക് തുല്യമായി ഈ പരിശോധനകൾക്കും ഏകദേശം 400 പൗണ്ട് ആണ് ചിലവാകുന്നത്. രോഗികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ 24 മണിക്കൂറുകൾക്കകം പൂർണ്ണമായും കൃത്യമായും തരംതിരിച്ചതായും പരമ്പരാഗത ജനിതക പരിശോധനകൾക്ക് തുല്യമായ വിജയനിരക്ക് ഉണ്ടെന്നും ഗവേഷകർ പറഞ്ഞു.
നോട്ടിംഗ്ഹാം സർവകലാശാലയിലെ പ്രൊഫ. മാത്യു ലൂസ് ആണ് ബ്രെയിൻ ട്യൂമർ ചികിത്സയിൽ വിപ്ലവകരമായ നേട്ടങ്ങൾക്ക് വഴിവെക്കുന്ന ഗവേഷണത്തിന് നേതൃത്വം വഹിച്ചത് . ഈ കണ്ടെത്തലുകൾ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് രോഗികൾക്ക് പ്രയോജനപ്പെടും. ന്യൂറോ-ഓങ്കോളജി ജേണലിൽ ആണ് ഇവരുടെ ഗവേഷണങ്ങളുടെ പൂർണ്ണമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാധാരണ പരിശോധനകൾക്ക് 24 മണിക്കൂറെടുക്കുമെങ്കിലും 76 ശതമാനം സാമ്പിളുകളിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ വിജയകരമായി രോഗനിർണ്ണയം നടത്താനായത് നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. രോഗനിർണ്ണയം വേഗത്തിലാക്കുന്നത് രോഗികൾക്ക് കീമോതെറാപ്പി പോലുള്ള ചികിത്സകൾ വേഗത്തിലാക്കാൻ സഹായിക്കും. വേഗത്തിലുള്ള രോഗനിർണയങ്ങൾ സ്വാഗതാർഹമാണെന്നും രോഗികൾക്ക് അനിശ്ചിതത്വത്തിന്റെ കാലഘട്ടം കുറയ്ക്കുമെന്നും ഇംപീരിയൽ കോളേജ് ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റിലെ കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ. മാറ്റ് വില്യംസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇസ്രായേലുമായുള്ള വ്യാപാര കരാർ ചർച്ചകൾ യുകെ താൽകാലികമായി നിർത്തിവെച്ചു. ഗാസയിലെ ആക്രമണം ഉടൻ നിർത്തണമെന്ന് ശക്തമായ ആവശ്യത്തെ മുൻനിർത്തിയാണ് ചർച്ചകൾ നിർത്തി വച്ചിരിക്കുന്നത്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ മനുഷ്യത്വപരമായി ന്യായീകരിക്കാൻ പറ്റില്ലെന്നും ഭീകരമാണെന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ പാർലമെൻറിൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി.
ഇസ്രയേലിന്റെ അംബാസിഡറെ വിളിച്ചു വരുത്തിയാണ് യുകെ തങ്ങളുടെ തീരുമാനം അറിയിച്ചത്. സഖ്യകക്ഷികളായ ഫ്രാൻസും കാനഡയും സമാനമായ മുന്നറിയിപ്പ് ഇസ്രയേലിന് നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗാസയിൽ സഹായമെത്തിക്കാൻ അനുവദിക്കണമെന്ന് മറ്റ് 22 രാജ്യങ്ങളും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. അടിയന്തിര സഹായമെത്തുന്നില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മാനുഷിക സഹായവിഭാഗം മേധാവി ടോം ഫ്ലെച്ചർ മുന്നറിയിപ്പു നൽകി.
ഗാസയിലെ സൈനിക നടപടി ന്യായീകരിക്കാനാവില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിപറഞ്ഞു. എന്നാൽ ഇസ്രയേലിനെ അതിൻറെ നിലനിൽപ്പിനെ പ്രതിരോധിക്കുന്നതിൽ നിന്ന് വ്യതിചലിപ്പി ക്കാനാവില്ലെന്നാണ് യുകെയുടെ സഖ്യകക്ഷികളുടെ നടപടികളോട് ഇസ്രയേലിന്റെ വിദേശകാര്യ വക്താവ് പ്രതികരിച്ചത്. ഇസ്രയേൽ സർക്കാർ ഗാസയിലെ സൈനിക നടപടി ഉടൻ അവസാനിപ്പിക്കണമെന്നും മാനുഷിക സഹായം എത്തിക്കാൻ സഹകരിക്കണമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട് .