Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

പുതിയ തലവനെ കണ്ടെത്തുന്നതിനായുള്ള സീറോ മലബാർ സഭയിലെ മെത്രാൻമാരുടെ സിനഡ് ജനുവരി 8-ാം തീയതി ആരംഭിച്ചു. സഭയുടെ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ട് കാക്കനാട് ആണ് സിനഡ് നടക്കുന്നത്. ജനുവരി 13 വരെ നടക്കുന്ന സിനഡിന്റെ പ്രധാന അജണ്ട മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുക എന്നതാണ്.

ഇതിനിടെ സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പായ മാർ ജോസഫ് സ്രാമ്പിക്കലും സാധ്യതാ പട്ടികയിൽ ഉണ്ടെന്ന വിവരങ്ങൾ പുറത്തുവന്നു. ഇപ്പോഴും സാധ്യതാ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് മാർ ജോസഫ് കല്ലറങ്ങാട്ട് തന്നെയാണ്. ഇവർക്കൊപ്പം പാലാ രൂപത സഹായ മെത്രാനായിരുന്നപ്പോൾ സന്യാസ ജീവിതത്തിലേയ്ക്ക് കടന്ന മാർ ജേക്കബ് മുരിക്കൻ , തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് തറയിൽ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. മാർ ജോസഫ് കല്ലറങ്ങാട് മേജർ ആർച്ച് ബിഷപ്പ് ആകുകയാണെങ്കിൽ നിലവിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പായ മാർ ജോസഫ് സ്രാമ്പിക്കൽ പാലാ രൂപതയുടെ മെത്രാനായി പോയേക്കാം എന്ന വിവരം മലയാളം യുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു . ഈ മാറ്റങ്ങളിലൊക്കെ തന്നെ ബ്രിട്ടനിൽ പുതിയ രൂപതാധ്യക്ഷൻ വരാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

സഭയിലെ ഉയർന്നുവന്നിരിക്കുന്ന കുർബാന തർക്കവും വിഭാഗീയതയും അവസാനിപ്പിക്കുന്നതിനായി മേജർ ആർച്ച് ബിഷപ്പിന് പുതിയ ഒരു ആസ്ഥാന രൂപത രൂപീകരിക്കുന്നതും സിനഡിന്റെ സജീവ പരിഗണനയിലുണ്ട്. അങ്ങനെയാണെങ്കിൽ കാക്കനാട് കേന്ദ്രമാക്കിയോ പൗരാണിക രൂപതയായ കൊടുങ്ങല്ലൂർ ആസ്ഥാനമാക്കിയൊ സഭയുടെ പാരമ്പര്യ ആസ്ഥാനമായി അറിയപ്പെടുന്ന കുറവിലങ്ങാട് കേന്ദ്രമായോ ഒരു രൂപതയുണ്ടാകാം എന്നാണ് സഭയോട് അടുത്ത് നിൽക്കുന്നവർ നൽകുന്ന സൂചനകൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ പ്രൈമറി ജോലിക്ക് പുറമേ, മറ്റെന്തെങ്കിലും ജോലി ചെയ്ത് അധിക വരുമാനം സമ്പാദിക്കുന്നവരാണ് ജനങ്ങളിൽ ഭൂരിഭാഗം പേരും. എന്നാൽ ഇപ്പോൾ ഇത്തരത്തിൽ സമ്പാദിക്കുന്നവർക്ക് മേലെ അന്വേഷണ ദൃഷ്ടിയുമായി എത്തിയിരിക്കുകയാണ് എച്ച് എം ആർ സി. ഓൺലൈൻ മാർക്കറ്റ് സൈറ്റുകളിൽ നിന്നും അധിക വരുമാനം ഉണ്ടാക്കുന്നവരിൽ നിന്നും ടാക്സ് ഈടാക്കാനാണ് എച്ച് എം ആർ സി യുടെ പുതിയ നീക്കം. സമ്പാദിക്കുന്ന വരുമാനം 1000 പൗണ്ടിന് മുകളിലാണെങ്കിൽ ആണ് ടാക്സിന്റെ പരിധിയിൽ ഉൾപ്പെടുക. ഈ വർഷം ജനുവരി 1 മുതൽ നടപ്പിലാക്കിയ പുതിയ നിയമപ്രകാരം, ആമസോൺ, ഇബേ, ഡെപ്പോപ്, വിന്റഡ്, എയർബി എൻബി തുടങ്ങിയ സൈറ്റുകളിൽ നിന്നും പണം സമ്പാദിക്കുന്നവരെ നിരീക്ഷിക്കുവാനാണ് എച്ച്എം ആർ സി തീരുമാനിച്ചിരിക്കുന്നത്. ഇത്തരം സൈറ്റുകളിൽ എത്തുന്നവർ എത്ര വരുമാനം ഉണ്ടാക്കുന്നു എന്ന് അതാത് സൈറ്റുകൾ തന്നെ രേഖപ്പെടുത്തണമെന്നും, അത് ടാക്സ് ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്യണമെന്നും പുതിയ നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നുണ്ട്.


എച്ച് എം ആർ സിക്ക് ഇത്തരം ഓൺലൈൻ സൈറ്റുകൾ നൽകുന്ന വിവരങ്ങൾ അതാത് വ്യക്തിയുടെ സെൽഫ് അസിസ്റ്റന്റ് റിപ്പോർട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ ഉടൻതന്നെ നടപടി ഉണ്ടാകുമെന്നാണ് എച്ച് എം ആർ സി അറിയിച്ചിരിക്കുന്നത്. ഈ പ്രവർത്തനങ്ങൾക്കായി ഏകദേശം 37 മില്യൺ പൗണ്ടാണ് എച്ച് എം ആർ സി ചെലവഴിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. വ്യക്തികൾക്ക് അവരുടെ പ്രൈമറി ജോലിക്കൊപ്പം മറ്റേത് ജോലിയിലും ഏർപ്പെട്ട് അധിക വരുമാനം സമ്പാദിക്കാം. എന്നാൽ ഇത്തരത്തിൽ സമ്പാദിക്കുന്ന തുക ആയിരം പൗണ്ടിന് മുകളിലാണെങ്കിൽ, സ്വയം തൊഴിൽ ചെയ്യുന്നവരായി രജിസ്റ്റർ ചെയ്ത് ഈ തുകയ്ക്ക് നികുതി അടയ്ക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാതെ അധിക വരുമാനം ഉണ്ടാക്കുന്നവരെ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എച്ച് എം ആർ സി പുതിയ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സമരപരമ്പരകൾ മൂലം യുകെയിൽ ജനങ്ങൾ ദുരന്തത്തിലാണ്. ജൂനിയർ ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം മൂലം എൻഎച്ച്എസ് Lകടുത്ത പ്രതിസന്ധിയിലാണ്. മഴയും വെള്ളപ്പൊക്കവും മൂലം ഒട്ടേറെ സ്ഥലങ്ങളിൽ റോഡ് റെയിൽ ഗതാഗത മാർഗ്ഗങ്ങൾ സ്തംഭിച്ചിരുന്നു. അതിനു പുറമെയാണ് ഇന്നുമുതൽ 4 ദിവസത്തേയ്ക്ക് റെയിൽവേ സമരം പ്രഖ്യാപിച്ചത് കടുത്ത പ്രതിഷേധമാണ് ജനങ്ങളിൽ ഉളവാക്കിയത്.

ഉചിതമായ രാഷ്ട്രീയ ഇടപെടൽ മൂലം ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് നടത്താനിരുന്ന ലണ്ടൻ ട്യൂബ് ട്രെയിൻ സമരം മാറ്റിവച്ചതായി ആർഎം റ്റി യൂണിയൻ അറിയിച്ചു. ലണ്ടൻ മേയർ സാദിഖ് ഖാന്റെ സമയോചിതമായ ഇടപെടലാണ് സമരം മാറ്റിവയ്ക്കുന്നതിലേയ്ക്ക് നയിച്ചത്. പണിമുടക്കുകൾ നടന്നിരുന്നെങ്കിൽ എല്ലാ ട്യൂബ് സർവീസുകളും നിർത്തലാക്കേണ്ടതായി വരുകയും തലസ്ഥാനനഗരിയിലെ യാത്ര താളം തെറ്റുകയും ചെയ്യുമായിരുന്നു. പണിമുടക്കൽ അവസാനം നിമിഷം മാറ്റിവയ്ക്കപ്പെട്ടതിനാൽ ഇന്ന് രാവിലെ ചില തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെ കുറിച്ച് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചർച്ചകളിലെ പുരോഗതിയെ തുടർന്ന് പണിമുടക്ക് മാറ്റി വെച്ചതായി ആർഎം റ്റി ജനറൽ സെക്രട്ടറി മിക്ക്ലിബ്ബ് പറഞ്ഞു. ആർഎം റ്റി അംഗങ്ങൾ 2023 ഏപ്രിലിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് പണിമുടക്കുന്നതിന് വോട്ട് ചെയ്തിരുന്നു. നിലവിൽ റ്റിഎഫ് എൽ 5% വർദ്ധനവ് ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേൽ :- ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം ജനുവരി 7 -ന് നാലാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴും ചർച്ചകൾ ഒന്നും തന്നെ പുരോഗമിക്കാത്തതിനാൽ, നൂറുകണക്കിന് ബന്ധികളാണ് ഗാസയിൽ തുടരുന്നത്. അതിനിടെ ഹമാസ് പുറത്തുവിട്ട അവരുടെ പിടിയിൽ ഉള്ള നാല് പെൺകുട്ടികളുടെ ചിത്രങ്ങൾ മനുഷ്യ മനഃസാക്ഷിക്ക് സഹിക്കാനാവാത്ത കാഴ്ചയാണ് നൽകിയത്. അവരെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്ക് ശേഷം എടുത്ത ചിത്രങ്ങളാണ് ഇവ. പത്തൊമ്പതുകാരിയായ കരീന അരിയോവ്, പതിനെട്ടുകാരിയായ ലില്ലി അൽബാഗ്, പത്തൊമ്പത് വയസ്സുള്ള ഡാനിയേല ഗിൽബോവ, അഗം ബെർഗർ എന്നിവരുടെ ചിത്രങ്ങളാണ് ഹമാസ് ഭീകരർ പുറത്തുവിട്ടത്. പുറത്തുവിട്ട ചിത്രങ്ങളിൽ പെൺകുട്ടികളുടെ മുഖത്തെല്ലാം തന്നെ ചോരയും മർദ്ദിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ബന്ദികളാക്കിയ ചില സ്ത്രീകളെ തോക്കിന് മുനയിൽ നിർത്തി ബലാത്സംഗം ചെയ്യുകയോ കൈകാലുകൾ വെട്ടിമാറ്റുകയോ ചെയ്‌തുവെന്ന ഭയാനകമായ പുതിയ വിവരങ്ങൾ പുറത്തുവരുമ്പോൾ പിടിയിലാക്കപ്പെട്ട പെൺകുട്ടികളുടെ മാതാപിതാക്കൾ ലോകമെമ്പാടുമുള്ള അമ്മമാരോടും അച്ഛന്മാരോടും തങ്ങൾക്ക് വേണ്ടി സംസാരിക്കാൻ അഭ്യർത്ഥിക്കുകയാണ്. ഞങ്ങളുടെ മക്കളെ ഒരു നോക്ക് കാണുവാൻ കൊതിച്ചിരിക്കുകയാണ് ഇവരെല്ലാവരും തന്നെ.

ഒക്‌ടോബർ 7 ന് 1200 പേർ കൊല്ലപ്പെടുകയും നിരവധി സ്ത്രീകൾ ബലാത്സംഗം ചെയ്യുകയും ചെയ്ത ഹമാസ് ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽ ഗാസ അതിർത്തിക്കടുത്തുള്ള നഹാൽ ഓസിൽ നിന്നാണ് ഈ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടികളുടെ അവസ്ഥ ഇതാണെങ്കിൽ ഇപ്പോൾ അവർക്ക് എന്ത് സംഭവിച്ചു എന്ന് ചിന്തിക്കാൻ ആവാത്തതാണെന്ന് ഡാനിയേലയുടെ പിതാവ് പറഞ്ഞു. തന്റെ മകൾ ഒരു സംഗീതജ്ഞയാകുവാൻ സ്വപ്നം കണ്ടിരുന്നതാണെന്നും അദ്ദേഹം വേദനയോടെ ഓർത്തു. ലോകമെമ്പാടുമുള്ള ജനതയോട് സഹായം അഭ്യർത്ഥിക്കുന്ന ഈ മാതാപിതാക്കളുടെ വേദനയ്ക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന് വിശ്വാസത്തിലാണ് മനുഷ്യസ്നേഹികൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

തികച്ചും ആരോഗ്യവാനായ വ്യക്തി. മികവാറും ദിവസങ്ങളിൽ ബാഡ്മിൻറൺ കളിക്കും. ആരോഗ്യ കാര്യങ്ങളിലും വ്യായാമങ്ങളിലും കടുത്ത നിഷ്കർഷ പുലർത്തിയിരുന്ന കൃഷ്ണകുമാറിന്റെ വേർപാട് കടുത്ത ഞെട്ടലാണ് എല്ലാവരിലും ഉളവാക്കിയത്.

ഫെയർഹാമിൽ താമസിച്ചിരുന്ന കൃഷ്ണകുമാർ ബാഡ്മിന്റൺ കളി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതിനുശേഷം കുഴഞ്ഞു വീഴുകയും പിന്നാലെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. കേരളത്തിൽ ഗുരുവായൂർ സ്വദേശിയായ കൃഷ്ണകുമാർ ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. സൗമ്യ തൃശ്ശൂർ സ്വദേശിനിയാണ്. രണ്ടു മക്കളുണ്ട്. ഒരു വർഷം മുമ്പാണ് ഇവർ യുകെയിൽ എത്തിയത്.

കൃഷ്ണകുമാറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ പാഡിംഗ്ടൺ ഹീത്രു എയർപോർട്ട്, റീഡിംഗ് എന്നിവിടങ്ങളിലെ തടസ്സപ്പെട്ട റെയിൽവെ ഗതാഗതം പുനഃസ്ഥാപിച്ചു. തങ്ങളുടെ എൻജിനീയർമാർ മുടങ്ങിയ റൂട്ടിലെ കേടായ ഓവർഹൈഡ് ഇലക്ട്രിക് കേബിളിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ചതായി നെറ്റ്‌വർക്ക് റെയിൽ അറിയിച്ചു.

പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും ട്രെയിൻ എൻക്വയറി വഴിയോ ലോക്കൽ ട്രെയിൻ ഓപ്പറേറ്റർ വഴിയോ യാത്ര ചെയ്യുന്നതിനുമുമ്പ് ഏറ്റവും പുതിയ വിവരങ്ങളെക്കുറിച്ച് യാത്രക്കാർ പരിശോധിക്കണമെന്ന് നെറ്റ്‌വർക്ക് റെയിൽ വക്താവ് അറിയിച്ചു. കടുത്ത മഴ തുടരുന്ന സാഹചര്യത്തിൽ ട്രെയിനുകൾ എപ്പോൾ വേണമെങ്കിലും റദ്ദാക്കുകയോ സമയം മാറുകയോ 60 മിനിറ്റ് വരെ വൈകാനുമോ സാധ്യതയുണ്ടെന്ന് നാഷണൽ റെയിൽ പറഞ്ഞു.

ഏതെങ്കിലും രീതിയിൽ ട്രെയിൻ സർവീസ് മുടങ്ങിയത് മൂലം യാത്രാ തടസ്സം നേരിട്ടവർക്ക് ലണ്ടൻ അണ്ടർ ഗ്രൗണ്ട്, ലണ്ടൻ ബസ് സർവീസ് എന്നീ ഗതാഗത മാർഗ്ഗങ്ങൾ അധിക ടിക്കറ്റ് ചാർജ് ഇല്ലാതെ തന്നെ ഉപയോഗിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് വ്യാപകമായി ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും ഒരു ശരാശരി യുകെ മലയാളിയുടെ ജീവിതം ദിനംപ്രതി പ്രതിസന്ധിയിലാക്കി കൊണ്ടിരിക്കുകയാണ്. അതിൻറെ കൂടെയാണ് എനർജി ബില്ലിന്റെ വർദ്ധനവ് ഈ വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ വന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക് തെല്ലൊരാശ്വാസമായി ബ്രിട്ടനിൽ നാഷണൽ ഇൻഷുറൻസിന്റെ തുകയിൽ ചെറിയ ഒരു കുറവ് ഇന്നലെ തൊട്ട് നിലവിൽ വന്നു.

ശമ്പളത്തിന് അർഹതയുള്ളവരുടെ ഇൻഷുറൻസ് വിഹിതം 12 ശതമാനത്തിൽ നിന്ന് 10 ശതമാനമായാണ് കുറയുന്നത്. 12,570 പൗണ്ട് മുതൽ 50270 പൗണ്ട് വരെ ശമ്പള പരിധിയിലുള്ള ജീവനക്കാർക്കാണ് ഇതിൻറെ ആനുകൂല്യം ലഭിക്കുന്നത്. ചാൻസിലർ ജെറമി ഹണ്ട് ആണ് നാഷണൽ ഇൻഷുറൻസ് കുറയ്ക്കാനുള്ള പ്രഖ്യാപനം നേരത്തെ നടത്തിയത്.

ഏകദേശം 27 മില്യൺ ജീവനക്കാർക്ക് ഇതിൻറെ പ്രയോജനം ലഭിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. യുകെയിലെ ശരാശരി വാർഷിക ശമ്പളമായ 35,000 പൗണ്ട് നേടുന്ന ഒരാൾക്ക് 450 പൗണ്ടിന്റെ ഇളവ് ഇതുമൂലം ലഭിക്കും. മാസ ശമ്പളക്കാരെ കൂടാതെ സ്വയം തൊഴിൽ ചെയ്യുന്നവർക്കും ചെറിയതോതിൽ ഇളവിന് അർഹതയുണ്ട്. ഈ ഗണത്തിൽ വരുന്നവരുടെ ക്ലാസ് 2 കോൺട്രിബ്യൂഷൻ പൂർണമായും മാറ്റിയിട്ടുണ്ട്. ക്ലാസ് 4 കോൺട്രിബ്യൂഷൻ 9 ശതമാനത്തിൽ നിന്ന് 8 ശതമാനമായി കുറയുകയും ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒട്ടേറെ യു കെ മലയാളികൾ ജോലി ചെയ്യുന്ന പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ സെയിൻസ്ബറി ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. ഈ വർഷം മാർച്ച് മാസം മുതൽ നടപ്പിലാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജീവനക്കാരുടെ അഭാവം കടുത്ത പ്രതിസന്ധിയാണ് വിവിധ സൂപ്പർമാർക്കറ്റുകൾക്ക് സൃഷ്ടിച്ചിരിക്കുന്നത്. ജീവനക്കാരെ പിടിച്ചുനിർത്താനാണ് സെയിൻസ്ബറി ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചതെന്നാണ് സൂചനകൾ .

പുതിയ ശമ്പള വർദ്ധനവ് രണ്ടു രീതിയിലാണ് നടപ്പിലാക്കുന്നത്. ലണ്ടനിലുള്ള ജീവനക്കാർക്ക് ഒരു ശമ്പള പരിഷ്കരണവും ഇതര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മറ്റൊരു സ്കെയിലുമാണ് വേതന വർദ്ധനവ് നടപ്പിലാക്കുക. ലണ്ടനിന് പുറത്തുള്ള ജീവനക്കാരുടെ ശമ്പളം 12 പൗണ്ടായിട്ടും ലണ്ടനിലുള്ളവരുടെ ശമ്പളം 13.15 പൗണ്ടായും ആണ് വർദ്ധിപ്പിക്കുന്നത്.

വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കുന്നവരിൽ ഒട്ടേറെ യു കെ മലയാളികളും ഉണ്ട് . സ്റ്റുഡൻറ് വിസയിൽ എത്തിയ മലയാളി വിദ്യാർഥികളിൽ പലരും തങ്ങളുടെ പാർട്ട് ടൈം ജോലിയുടെ ഭാഗമായി സെയിൻസ്ബറിയിൽ ജോലി ചെയ്യുന്നുണ്ട്. നിലവിൽ ജീവനക്കാർക്ക് ലണ്ടന് പുറത്ത് 11 പൗണ്ടും ലണ്ടനിൽ 11.15 പൗണ്ടുമാണ് മണിക്കൂറിൽ ലഭിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പുതുവർഷത്തിന്റെ ആഘോഷങ്ങൾക്ക് ഇടയിൽ തന്റെ സമപ്രായക്കാരനെ കൊലപ്പെടുത്തിയ കേസിൽ 16 വയസ്സുകാരനെ കോടതിയിൽ ഹാജരാക്കി. വടക്കൻ ലണ്ടനിലായിരുന്ന യുകെയെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. കൊല്ലപ്പെട്ട ഹാരി പിറ്റ്മാനും കൂട്ടുകാരും പ്രിംറോസ് ഹില്ലിൽ കരിമരുന്ന് കലാപ്രകടനം കാണാനെത്തിയപ്പോഴാണ് സംഭവം നടന്നത്. പാരാമെഡിക്കലുകൾ എത്തുന്നതിന് മുമ്പ് പോലീസ് ഉദ്യോഗസ്ഥർ പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ഹാരിയുടെ ജീവൻ രക്ഷിക്കാനായില്ല . ഹാരി സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.

യുകെയിൽ കൗമാരപ്രായക്കാരിൽ പകുതിയും ആക്രമത്തിന് സാക്ഷികളോ ഇരകളോ ആയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു . കത്തി കൊണ്ടുള്ള കുറ്റകൃത്യങ്ങൾ, ഭീഷണിപ്പെടുത്തൽ , സംഘട്ടനങ്ങൾ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലാണ് കൗമാരക്കാർ ഉൾപ്പെടെയുള്ളവർ ഉൾപ്പെടുകയോ സാക്ഷികളാവുകയോ ചെയ്യുന്നത്. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടതിന്റെ പേരിൽ കഴിഞ്ഞ 12 മാസത്തിനിടെ 358,000 കൗമാരക്കാർക്കാണ് ശാരീരികമായി പരിക്കേറ്റത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാത്രം കണക്കുകൾ ആണിത് .

ഇങ്ങനെയുള്ള പ്രശ്നത്തിൽ പെട്ട് കഴിഞ്ഞ 12 മാസത്തിനിടെ 5 പേരിൽ ഒരു കൗമാരക്കാരന്റ വിദ്യാഭ്യാസം മുടങ്ങിയതായാണ് പഠനം കണ്ടെത്തിയത്. കൗമാരക്കാരുടെ ഇടയിൽ അക്രമ സംഭവങ്ങൾ തടയാൻ യൂത്ത് എൻഡോവ്മെൻറ് ഫണ്ടിനായി 200 മില്യൻ പൗണ്ട് ആണ് സർക്കാർ ധനസഹായമായി നൽകിയത്.
അക്രമ സംഭവങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനും പ്രേരിപ്പിക്കുന്നതിനും സോഷ്യൽ മീഡിയയുടെ പങ്ക് പഠനത്തിൽ എടുത്തു പറയുന്നുണ്ട്. അക്രമ സംഭവങ്ങളിൽ പെൺകുട്ടികൾ ഉൾപ്പെടുന്നതും വളരെ കൂടിയതായാണ് കണ്ടെത്തൽ . 5 ശതമാനം ആൺകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ 7 ശതമാനം പെൺകുട്ടികളും ലൈംഗിക അതിക്രമത്തിന് ഇരയായതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. സ്കൂളുകളിലും കോളേജുകളിലും ഏർപ്പെടുത്തുന്ന ഫലപ്രദമായ മെന്ററിങ് പ്രോഗ്രാമുകളിലൂടെ 21 % അക്രമ സംഭവങ്ങളും കുറയ്ക്കാനാവുമെന്ന് വൈ ഇഎഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ യേറ്റ്സ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡോ. ആനി ഫിലിപ്പ് (65) നിര്യാതയായി. ബ്രിട്ടനിലെ ബെഡ്ഫോർഡ്ഷെയറിലുള്ള വെസ്റ്റണിങ്ങിൽ വച്ചായിരുന്നു മരണം. തിരുവനന്തപുരം കുമാരപുരം കോട്ടോമണ്ണിൽ ഫിലിപ്പ് വില്ലയിൽ കുടുംബാംഗമായ ഡോ. ആനി ഫിലിപ്പ് ക്യാൻസർ ബാധിതയായി ചികിൽസയിലായിരുന്നു. ഭർത്താവ്: ഡോ. ഷംസ് മൂപ്പൻ. മക്കൾ: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ് (ഇരുവരും യുകെ).

ഇന്ത്യ, സൗദി അറേബ്യ, ദുബായ്, ബ്രിട്ടൻ എന്നിവിടങ്ങളിലായി പതിറ്റാണ്ടുകളോളം സേവനം അനുഷ്ഠിച്ച് ആരോഗ്യ രംഗത്ത് തൻെറ വ്യക്തിമുദ്ര പതിപ്പിച്ച മികവുറ്റ ഡോക്ടറാണ് ആനി ഫിലിപ്പ് . ട്രിവാൻഡ്രം മെഡിക്കൽ കോളജ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്റെ (യുകെ) സജീവ പ്രവർത്തകയായിരുന്നു ഡോ. ആനി. ലുധിയാനയിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽനിന്നാണ് എംബിബിഎസും എംഡിയും പാസായത്. പിന്നീട് ഇന്ത്യയിലും വിദേശത്തുമായി ഉപരിപഠനം. ബ്രിട്ടനിൽ ഗൈനക്കോളജി കൺസൾട്ടന്റായി ജോലി ചെയ്‌ത്‌ വരികയായിരുന്നു. ഭർത്താവ് ഡോ. ഷംസ് മൂപ്പൻ ബ്രിട്ടനിൽ ഓർത്തോഡന്റിസ്റ്റാണ്.

ഡോ. ആനി ഫിലിപ്പിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved