എൻഎച്ച്എസ് സമൂഹമാധ്യമമായ ഫേസ്ബുക്കുമായി രോഗികളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെച്ചതിന്റെ തെളിവുകൾ പുറത്തുവന്നു. 20 എൻഎച്ച്എസ് ട്രസ്റ്റുകളുടെ വെബ് സെർവറുകളിൽ ഒരു ട്രാക്കിംഗ് ടൂള്‍ ഉപയോഗിച്ച് വെബ് ബ്രൗസറിൽ നിന്നുള്ള രോഗവിവരങ്ങൾ, അപ്പോയിൻമെന്റുകൾ, ചികിത്സാ പ്രതിവിധികൾ, മരുന്നുകളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയാണ് വ്യക്തികളുടെ സമ്മതമില്ലാതെ ഫേസ്ബുക്കുമായി പങ്കിട്ടത്. ഇങ്ങനെയുള്ള വിവരങ്ങൾ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റായ്ക്ക് തങ്ങളുടെ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവുമെന്നതാണ് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചത്.
വിവിധ ആവശ്യങ്ങൾക്കായി ഒട്ടേറെ രോഗികളാണ് എൻഎച്ച്എസിന്റെ വെബ് പേജുകൾ സന്ദർശിച്ചിരുന്നത്. എച്ച്ഐവി, ക്യാൻസർ, കുട്ടികളുടെ ചികിത്സ തുടങ്ങിയ വിവിധ രോഗങ്ങളോട് അനുബന്ധിച്ച് എൻ എച്ച് എസിന്റെ വെബ് പേജ് സന്ദർശിച്ചവരുടെ വിവരങ്ങളും ഇങ്ങനെ ചോർത്തി കൊടുത്തവയിൽ ഉൾപ്പെടുന്നു . ദശലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യവിവരങ്ങളാണ് ഇങ്ങനെ ഫേസ്ബുക്കിന്റെ കൈയ്യിൽ എത്തിപ്പെട്ടത്. ഓരോ ഉപഭോക്താവിനും ലഭിക്കേണ്ട പരസ്യങ്ങൾ ക്രമീകരിക്കുന്നതിൽ ഉത്തരം വിവരങ്ങൾ ഫേസ്ബുക്കിന് ഉപയോഗിക്കാനാവും.
രോഗികളുടെ വിവരങ്ങൾ ശേഖരിക്കാൻ ടൂൾസ് ഉപയോഗിച്ചിരുന്ന 20 എൻഎച്ച് എസ് ട്രസ്റ്റുകളിൽ 17 എണ്ണവും തങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ഇവ പിൻവലിച്ചതായി സ്ഥിരീകരിച്ചു. ഇതുവരെ 8 എൻഎച്ച്എസ് ട്രസ്റ്റുകൾ വിവരങ്ങൾ ചോർത്തിയതിനും കൈമാറിയതിനും രോഗികളോടെ ക്ഷമാപണം നടത്തിയിരുന്നു. രോഗികളെ സഹായിക്കുന്നതിനുള്ള ചാരിറ്റി ക്യാമ്പയിനുകൾ നടത്തുന്നതിനാണ് വിവരങ്ങൾ നിരീക്ഷിച്ചതെന്നാണ് ട്രസ്റ്റുകൾ അവകാശപ്പെടുന്നത്. ഇത്തരത്തിൽ രോഗികളുടെ ഡേറ്റാ ഫേസ്ബുക്കിന് കൈമാറുന്നതായി അറിയില്ലായിരുന്നു എന്നാണ് ട്രസ്റ്റുകൾ അറിയിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഇൻഫോർമേഷൻ കമ്മീഷണരുടെ ഓഫീസ് അന്വേഷണം നടത്തിവരികയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിലെ വിമാനത്താവളങ്ങളിലെ ഇ-ഗേറ്റുകളുടെ പരാജയം ദേശിയ സുരക്ഷയ്ക്കുതന്നെ ഭീഷണിയാകുമെന്ന് വിദഗ്ദ്ധർ. തുറമുഖങ്ങളിലെയും വിമാനത്താവളങ്ങളിലെയും ഇ-ഗേറ്റുകളുടെ തകരാർ മൂലം രാജ്യാതിർത്തികളിൽ ദീർഘ നേരം ജനങ്ങൾക്ക് കാത്തിരിക്കേണ്ടതായി വരുന്നു. നിലവിൽ സോഫ്റ്റ് വെയറിൻെറ സാങ്കേതിക പ്രശ്നങ്ങൾ മൂലം വെള്ളിയാഴ്ച്ച വൈകുന്നേരം മുതൽ ജീവനക്കാർ നേരിട്ടാണ് യാത്രക്കാരെ പരിശോധിക്കുന്നത് . ശനിയാഴ്ച വൈകിട്ട് ആറു മണിയോടെ നടത്തിയ പ്രസ്താവനയിൽ പ്രശ്നം പരിഹരിച്ചതായി ആഭ്യന്തര ഓഫീസ് അറിയിച്ചു.
2019 നു ശേഷമുള്ള ഏറ്റവും തിരക്കേറിയ വാരാന്ത്യത്തിനാണ് രാജ്യം ഇന്നലെ സാക്ഷ്യം വഹിച്ചത്. ഇ-ഗേറ്റുകൾ താത്കാലികമായി നിർത്തി വച്ചതിനാൽ യുകെ ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥരാണ് പാസ്സ്പോർട്ടുകൾ പരിശോധിക്കുന്നത്. യാത്രക്കാരുടെ നീണ്ട ക്യൂകൾ എത്രയും പെട്ടെന്ന് കുറയ്ക്കാനുള്ള സമ്മർദ്ദത്തിലാണ് ഇവർ. അതിനാൽ ഈ തിരക്കിനിടയിൽ ഇവർക്ക് പല കാര്യങ്ങളും വിട്ടുപോയേക്കാം. ഇത് ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിപ്പ് നൽകി. ഇ-ഗേറ്റ് സംവിധാനത്തിന് ഇനിയും തകരാർ സംഭവിച്ചേക്കാം എന്ന് പിസി ഏജൻസിയിലെ യാത്രാ വിദഗ്ധനായ പോൾ ചാൾസ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ജോലി സംബന്ധമായ ആവശ്യത്തിനായി ലണ്ടനിലെത്തിയ കോഴിക്കോട് സ്വദേശി മരിച്ചു. നാൽപത്തി രണ്ടുകാരനായ മനു സിറിയക് മാത്യു ആണ് മരിച്ചത്. യുകെയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡാര്‍ട്ട്ഫോര്‍ഡ് ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കുകയായിരുന്നു. പിന്നീട് ആരോഗ്യാവസ്ഥ വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്താല്‍ ചികിത്സകള്‍ തുടര്‍ന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൂടരഞ്ഞി റിട്ടയേര്‍ഡ് അധ്യാപകന് തടത്തിപ്പറമ്പില്‍ റ്റി. കെ. മാത്യുവിന്റെയും റിട്ടയേര്‍ഡ് അധ്യാപിക കുടരഞ്ഞി കീരമ്പനാല്‍ കുടുംബാംഗവുമായ ഗ്രേസിയുടെയും മകനാണ് മനു. ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനിയില്‍ ഉന്നത പദവിയിലിരിക്കെയാണ് ഔദ്യോഗിക ആവശ്യത്തിനും കമ്പനി മീറ്റിങ്ങിനുമായി പത്തുദിവസത്തെ സന്ദര്‍ശനത്തിനായി മനു ലണ്ടനില്‍ എത്തിയത്.
ഭാര്യ : മിഷോമി മനു, മക്കള്‍ : നേവ, ഇവ, മിഖായേല്‍. ശരീരം നാട്ടിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
മനു സിറിയക് മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലണ്ടൻ: ബർമിംഗ്ഹാമിലെ മുസ്ലീം പ്രവർത്തകർ വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’യുടെ പ്രദർശനം തടഞ്ഞു. മതസൗഹാർദം തകർക്കുന്നു എന്നതിനെ തുടർന്ന് ഇന്ത്യയിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിനിമയാണിത് എന്നതിനെ തുടർന്നായിരുന്നു നടപടി. കശ്മീരി ആക്ടിവിസ്റ്റായ ഷക്കീൽ അഫ്സറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രതിഷേധക്കാർ വെള്ളിയാഴ്ച ബർമിംഗ്ഹാമിലെ സിനിവേൾഡ് തിയേറ്ററിൽ ‘ദി കേരള സ്റ്റോറി’യുടെ പ്രദർശനം തടസ്സപ്പെടുത്തിയതായിട്ടാണ് വാർത്തകൾ പുറത്ത് വരുന്നത്.
അഫ്സറും സംഘവും സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കാനാണ് ആവശ്യപ്പെട്ടത്. മതത്തെ വികൃതമാക്കി കാണിക്കുന്ന അജണ്ടയാണ് സിനിമയെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ സിനിവേൾഡിലെ ജീവനക്കാർ സ്ക്രീനിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർബന്ധിതരായി. എന്നാൽ സിനിമയെ അനുകൂലിക്കുന്ന ആളുകൾ പ്രദർശനം തുടരണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. പോലീസ് സംരക്ഷണത്തിൽ ചിത്രം പ്രദർശിപ്പിക്കണമെന്നും ഇക്കൂട്ടർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷം സംരംഭകനും പ്രോപ്പർട്ടി ഡെവലപ്പറുമായ അഫ്സർ ലേഡി ഓഫ് ഹെവൻ സിനിമ പിൻവലിക്കാനുള്ള പ്രചാരണത്തിന് നേതൃത്വം നൽകി. എൽജിബിടി മൂല്യങ്ങൾ പഠിപ്പിക്കുന്നതിനെതിരെ പ്രകടനം നടത്തിയതിന് ശേഷം 2019 ൽ ബർമിംഗ്ഹാമിലെ ഒരു പ്രൈമറി സ്കൂളിന് പുറത്ത് പ്രതിഷേധിക്കുന്നതിൽ നിന്നും അദ്ദേഹത്തെ സമാന രീതിയിൽ വിലക്കിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഹൊറൈസൺ ഐടി അഴിമതിയുടെ ഭാഗമായി തെറ്റായി ആരോപിക്കപ്പെട്ട പോസ്റ്റ്മാസ്റ്റർമാരെ വംശീയ പദങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്തതിൽ ക്ഷമാപണം നടത്തി പോസ്റ്റ് ഓഫീസ്. അന്വേഷണത്തിൽ പോസ്റ്റ്മാസ്റ്റർമാരുടെ വംശീയ സവിശേഷതകളെ അടിസ്ഥാനമാക്കി കുറ്റവാളികളായി ഇത്തരക്കാരെ തരംതിരിക്കാൻ അന്വേഷകർക്ക് നിർദ്ദേശം ലഭിച്ചതായി കണ്ടെത്തി. 700-ലധികം സബ്-പോസ്റ്റ് മാസ്റ്റർമാരെയാണ് തെറ്റായ സംവിധാനത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂട്ട് ചെയ്തത്. യുകെയിലെ ചരിത്രത്തിൽ തന്നെ ഏറ്റവും വ്യാപകമായ നീതിനിഷേധമായാണ് ഈ അഴിമതിയെ വിശേഷിപ്പിക്കുന്നത്.
2008 നും 2011 നും ഇടയിൽ പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശത്തിൽ സംശയാസ്പദമായ സബ് പോസ്റ്റ്മാസ്റ്റർമാർക്ക് അവരുടെ വംശീയ പശ്ചാത്തലമനുസരിച്ച് നമ്പർ നൽകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപെട്ടിരുന്നു. രേഖയിൽ ചൈനീസ്/ജാപ്പനീസ്, കറുത്ത വംശജരായ യൂറോപ്യൻ വംശജർ, നീഗ്രോയിഡ് എന്നിങ്ങനെ ജീവനക്കാരെ തരംതിരിച്ചിരിക്കുന്നത് കാണാം. ഇതിൽ നീഗ്രോയിഡ് എന്ന പദം 1800-കളിലെ കൊളോണിയൽ കാലഘട്ടത്തിൽ ആഫ്രിക്കൻ വംശജരെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പുരാതനവും നിന്ദ്യവുമായ പദമാണ്. ഒരു തരത്തിലുള്ള വംശീയതയും സംഘടന സഹിക്കുകയില്ലെന്നും പ്രസ്തുത സംഭവത്തിൽ അപലപിക്കുന്നുവെന്നും പോസ്റ്റ് ഓഫീസ് വക്താവ് പറഞ്ഞു.
1999 നും 2015 നും ഇടയിൽ മോഷണം, വഞ്ചന, തെറ്റായ അക്കൗണ്ടിംഗ് എന്നീ കുറ്റങ്ങൾ ചുമത്തി പ്രോസിക്യൂട്ട് ചെയ്യപ്പെട്ട 700-ലധികം ബ്രാഞ്ച് മാനേജർമാരെ പിന്തുണച്ച് കൊണ്ട് നടന്ന അന്വേഷണത്തിലാണ് ഈ രേഖ കണ്ടെത്തിയത്. അടുത്തിടെ ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടർ സിസ്റ്റമായ ഹൊറൈസണിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്കെതിരെ കുറ്റം ചുമത്തിയത്. എന്നാൽ പിന്നീട് ഇതിൽ പിഴവുണ്ടെന്ന് കണ്ടെത്തി. ജാപ്പനീസ് കമ്പനിയായ ഫുജിറ്റ്സു വികസിപ്പിച്ച ഈ സംവിധാനം ഇടപാടുകൾ, അക്കൗണ്ടിംഗ്, സ്റ്റോക്ക് ടേക്കിംഗ് തുടങ്ങിയവ ട്രാക്ക് ചെയ്യും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഉയർന്ന പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം ദുരിതത്തിലാണ് യുകെ മലയാളികളുടെ ജീവിതം . കഴിഞ്ഞദിവസം മോർട്ട്ഗേജ് നിരക്കുകളിൽ വർദ്ധനവ് നടപ്പിൽ വന്നിരുന്നു. 0.45 ശതമാനം മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിച്ചതോടെ ലോണെടുത്ത് വീടും വാഹനവും മേടിച്ചവർ സാമ്പത്തികമായി കൂടുതൽ ഞെരുക്കത്തിലാവും. ഇതിൻറെ പിന്നാലെയാണ് അടുത്ത വർഷത്തോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് 5.5 ശതമാനം ഉയർന്ന നിരക്കിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
പണപ്പെരുപ്പത്തെ പിടിച്ചുനിർത്താൻ ബ്രിട്ടനിൽ 18 മാസത്തിനുള്ളിൽ 12-ാം തവണയാണ് പലിശനിരക്ക് വർദ്ധനവ് ഉണ്ടായത് ഈ മാസത്തിലാണ്. 4.25 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായാണ് പലിശ നിരക്കുകൾ ഉയർന്നത്. 1989 – ന് ശേഷമുള്ള ഏറ്റവും വലിയ പലിശ നിരക്ക് വർദ്ധനവാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടപ്പിലാക്കിയത്. പലിശ നിരക്കുകൾ 4.5 ശതമാനത്തിലേയ്ക്ക് വർദ്ധിപ്പിച്ചെങ്കിലും ബാങ്ക് പ്രതീക്ഷിച്ചതു പോലെ വിലക്കയറ്റം കുറഞ്ഞില്ലെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിലെ പണപെരുപ്പനിരക്ക് 30 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.
പലിശ നിരക്കിലെ വർദ്ധനവ് വീടുകളുടെ വിലയിൽ വൻ കുതിച്ചു കയറ്റത്തിന് കാരണമായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയതായി വീടുകൾ സ്വന്തമാക്കാൻ സ്വപ്നം കാണുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരെ ഇത് പ്രതികൂലമായി ബാധിക്കും. നിലവിൽ വായ്പയെടുത്ത് വീടുകൾ സ്വന്തമാക്കിയവരും കടുത്ത ആശങ്കയിലാണ്. പലിശ നിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് തിരിച്ചടവ് തുക കൂടുന്നത് പലരെയും വൻ പ്രതിസന്ധിയിലേയ്ക്ക് നയിക്കാനാണ് സാധ്യത
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പണപ്പെരുപ്പത്തിനും പലിശ നിരക്ക് വർദ്ധനവിനും പിന്നാലെ ഇരുട്ടടിയായി മോർട്ട്ഗേജ് നിരക്കുകളിലും വർദ്ധന. വെള്ളിയാഴ്ച 0.45 ശതമാനം വരെ വർദ്ധനയോടെ രാജ്യവ്യാപകമായി ഏറ്റവും കൂടുതൽ ചർച്ചയായി കൊണ്ടിരിക്കുന്ന വിഷയമാണ് നിലവിൽ ഇത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നേരത്തെ വിചാരിച്ചതിലും കൂടുതൽ പലിശ നിരക്ക് ഉയർത്തേണ്ടി വരുമെന്ന വാർത്തകൾക്കിടയിലാണ് മോർട്ട്ഗേജ് നിരക്കിലെ അപ്രതീക്ഷിത വർദ്ധനവ്.
എന്നാൽ ഇത് കഴിഞ്ഞ വർഷത്തെ മിനി-ബജറ്റിന് ശേഷമുള്ളതിനേക്കാൾ വർദ്ധനവ് വളരെ കുറവാണ്. നിലവിൽ 31 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് യുകെയിലെ പണപ്പെരുപ്പം. ഇത് വിപണികളിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിന് കാരണമായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കണക്കുകൾ അനുസരിച്ച് അബ്രഡനിലെ വരുമാനത്തിന്റെ ലഭ്യത വളരെ മോശം ആണെന്നാണ് ഡയറക്ടർ ലൂക്ക് ഹിക്ക്മോർ പറയുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നിലവിലെ 4.5% പലിശ നിരക്ക് 5.5% വരെ ഒരുപക്ഷെ നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് ഉയർത്തേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ഈ മാറ്റം ബോണ്ട് മാർക്കറ്റുകളിലെ വിലകളിലും പലിശ നിരക്കുകളിലും വലിയ ചലനങ്ങൾക്ക് കാരണമായി. ഇത് മോർട്ട്ഗേജുകളുടെ വർധനവിലേക്ക് നയിച്ചു. ജീവിത ചിലവുകളും, പലിശ നിരക്കും യുകെയിലെ ആളുകളുടെ ജീവിതത്തെ സാരമായിട്ട് ബാധിച്ചിട്ടുണ്ട്. അതിനിടയിൽ ആണ് മോർട്ട്ഗേജിലെ വർദ്ധനവ്. പലർക്കും 500 പൗണ്ട് വരെ വർധനവ് ഇതിനോടകം തന്നെ ഉണ്ടായിട്ടുണ്ട്. മുൻപോട്ടുള്ള ജീവിതവും വർദ്ധിച്ചു വരുന്ന ചിലവുകളും തമ്മിലുള്ള ആശങ്കകളാണ് പലരും പങ്കുവെക്കുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സങ്കീർണ്ണമായ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള യുവാക്കളെ ഇംഗ്ലണ്ടിലെ കുട്ടികളുടെ വാർഡുകളിൽ പാർപ്പിക്കുന്നതിലൂടെ കാര്യമായ അപകടസാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി സുരക്ഷാ ഏജൻസി. ഹെൽത്ത് കെയർ സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിൽ (എച്ച്എസ്ഐബി) നിന്നാണ് മുന്നറിയിപ്പ്. കുട്ടികളുടെ വാർഡിൽ മാസങ്ങളോളം ചെലവഴിച്ച 16 വയസ്സുള്ള ഓട്ടിസം ബാധിച്ച പെൺകുട്ടിയുടെ ദുരവസ്ഥ നേരത്തെ പുറത്ത് വന്നിരുന്നു. തുടർന്ന് സമാനമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിരവധി ആളുകൾ ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. കുട്ടികളുടെ വാർഡുകളിൽ മാനസികാരോഗ്യ രോഗികളെ കിടത്തുന്നത് സുരക്ഷാവശം അനുസരിച്ച് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇവരുടെ വാദം.
പീഡിയാട്രിക് വാർഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ശാരീരിക ആരോഗ്യ ആവശ്യങ്ങൾ മാത്രമുള്ള രോഗികളെ പരിചരിക്കുന്നതിനാണ്, അല്ലാതെ മാനസികാരോഗ്യ ആവശ്യങ്ങളുള്ളവരെ പരിപാലിക്കാൻ വേണ്ടിയല്ലെന്ന് ഗവൺമെന്റ് സ്ഥാപനമായ എച്ച്എസ്ഐബി മേധാവികൾ പറയുന്നു. അവർ സന്ദർശിച്ച 18 ആശുപത്രികളിലെയും സാഹചര്യം സമാനമാണെന്നും കുട്ടികൾക്ക് കനത്ത വെല്ലുവിളിയാണിത് സൃഷ്ടിക്കുന്നതെന്നും അവർ പറഞ്ഞു. വിവിധങ്ങളായ വൈകല്യങ്ങളെയും ഓട്ടിസം പോലുള്ള ആരോഗ്യ പ്രശ്നങ്ങളും കുട്ടികളിൽ നിലവിൽ വർദ്ധിച്ചു വരികയാണ്. ഇതിനെ ഒക്കെ മുൻ നിർത്തിയാണ് നിലവിൽ നടപടി.
അതേസമയം, മാനസികമായി ചെറുതും വലുതുമായ പ്രശ്നങ്ങൾ നേരിടുന്ന ആളുകളെ സഹായിക്കാനും ചികിത്സിക്കാനും ആശുപത്രികൾ കേന്ദ്രീകരിച്ചു പ്രൊജക്ടുകൾ വരുന്നുണ്ട് എന്നാണ് എൻ എച്ച് എസ് വാദം. പീഡിയാട്രിക് വാർഡിലെ ഒരു ചെറുപ്പക്കാരനായ രോഗി തങ്ങളെയും ജീവനക്കാരെയും ഉപദ്രവിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് എച്ച്എസ്ഐബി അന്വേഷണം ആരംഭിച്ചത്. കുട്ടി മാനസികാരോഗ്യ പരിശോധനയ്ക്കായി കാത്തിരിക്കുകയായിരുന്നു. അവൻ വാർഡിൽ നിന്ന് ഒളിച്ചോടുകയും രണ്ട് തവണ മയക്കുമരുന്ന് അമിതമായി കഴിക്കുകയും ചെയ്തു. നിലവിൽ സമാനമായ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സോഫ്റ്റ്വെയർ തകരാർ മൂലം വ്യാഴാഴ്ച ബ്രിട്ടീഷ് എയർവേയ്സ് തങ്ങളുടെ 43 വിമാനങ്ങൾ റദ്ദാക്കി. ഓൺലൈൻ ചെക്കിങ്ങിനായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിലെ തകരാറുകൾ മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയത്. യാത്രകാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ബ്രിട്ടീഷ് എയർവേയ്സ് ക്ഷമാപണം നടത്തി.
യുകെയിൽ നിന്ന് 800 ഓളം വിമാന സർവീസുകളാണ് ബ്രിട്ടീഷ് എയർവെയ്സിന്റേതായുള്ളത്. 5 % സർവീസുകളാണ് റദ്ദാക്കേണ്ടതായി വന്നത്. ക്രിസ്തുമസിന് മുമ്പുള്ള ആഴ്ചയിൽ ഒട്ടേറെ ഫ്ലൈറ്റുകൾ റദ്ദാക്കേണ്ടതായി വന്നതുൾപ്പെടെ കഴിഞ്ഞ 2 വർഷത്തിനിടയിൽ സോഫ്റ്റ്വെയർ തകരാർ മൂലം സർവീസുകൾ മുടങ്ങിയതിന് കടുത്ത വിമർശനമാണ് കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത് .
തങ്ങളുടെ ഭൂരിഭാഗം വിമാനങ്ങളും സർവീസുകൾ നടത്തുന്നുണ്ടെന്നും റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാരെ ബന്ധപ്പെട്ട് പുനർസംവിധാനം നടപ്പിലാക്കാൻ പരമാവധി ശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് എയർവെയ്സ് അറിയിച്ചു. ഫ്ലൈറ്റുകൾ റദ്ദാക്കിയതിനെ തുടർന്ന് ഒട്ടേറെ പേരാണ് ബ്രിട്ടീഷ് എയർവെയ്സിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം അഴിച്ചുവിട്ടത്. ഫ്ലൈറ്റ് റദ്ദാക്കിയ നടപടി ബാധിച്ച യാത്രക്കാർക്ക് നഷ്ടപരിഹാരത്തിനോ അല്ലെങ്കിൽ സാധ്യമായ അവസരത്തിൽ റീ ബുക്കിങ്ങിനോ അർഹതയുണ്ടെന്ന് കൺസ്യൂമർ ഗ്രൂപ്പിലെ ട്രാവൽ എഡിറ്റർ റോറി ബോലാൻഡ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻറെ കണക്കുകൾ പ്രകാരം 2022 -ൽ ബ്രിട്ടനിലേയ്ക്കുള്ള ഏറ്റവും സർവകാല റെക്കോർഡിൽ എത്തി. 606,000 പേരാണ് രാജ്യത്തേയ്ക്ക് കുടിയേറ്റക്കാരായി എത്തിയത്. ഈ കാലയളവിൽ വിദ്യാർത്ഥികളും തൊഴിൽ വിസയിൽ എത്തിയവരും കൂടാതെ ഉക്രൈൻ, ഹോങ്കോങ്ങ് പ്രതിസന്ധി മേഖലകളിൽ നിന്ന് എത്തിയവരും ഈ കണക്കിൽ ഉൾപ്പെടുന്നുണ്ട്.
വളരെ നാളുകളായി കുടിയേറ്റം കുറയ്ക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പറയുമ്പോഴും കുതിച്ചുയരുന്ന കണക്കുകൾ റിഷി സുനക് സർക്കാരിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. 2019 -ലെ കൺസർവേറ്റീവ് പാർട്ടിയുടെ പ്രകടനപത്രികയിൽ കുടിയേറ്റം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 2022 – ൽ ഏകദേശം 1.2 ദശലക്ഷം ആളുകൾ യുകെയിൽ എത്തിയതായാണ് കണക്കുകൾ . ഈ കാലയളവിൽ 557,000 പേരാണ് രാജ്യം വിട്ടുപോയത്.
കുടിയേറ്റം കുറയ്ക്കാനുള്ള നയത്തിന്റെ ഭാഗമായി വിദേശ വിദ്യാർഥികൾക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇനി മുതൽ ഗവേഷണ വിദ്യാർത്ഥികളായിട്ടുള്ളവർക്ക് മാത്രമേ തങ്ങളുടെ കുടുംബാംഗങ്ങളെ ആശ്രിത വിസയിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഒട്ടേറെ മലയാളി വിദ്യാർഥികൾക്ക് പുതിയ നിയമം കടുത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്