ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേൽ – ഗാസ യുദ്ധത്തിലെ നിലപാടുകളെ ചൊല്ലി സർ കെയർ സ്റ്റാർമർ പാർട്ടിയിൽ വൻ കലാപമാണ് നേരിടുന്നത്. ലേബർ പാർട്ടിയിലെ 56 എംപിമാർ ഉടനടി വെടിനിർത്തൽ വേണമെന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. അതുകൂടാതെ ജെസ് ഫിലിപ്പ്, അഫ്സൽ ഖാൻ, യാസ്മിൻ ഖുറേഷി എന്നീ ഷാഡോ മിനിസ്റ്റേഴ്സ് പ്രമേയത്തെ പിന്തുണയ്ക്കുന്നതിനായി തങ്ങളുടെ ചുമതലകൾ രാജിവച്ചത് കെയർ സ്റ്റാർമറിന്റെ നിലപാടുകൾക്ക് ഏറ്റ കനത്ത തിരിച്ചടിയായി.

8 നിഴൽ മന്ത്രിമാർ ഉൾപ്പെടെ 10 മുൻനിര അംഗങ്ങളാണ് തങ്ങളുടെ എതിർ നിലപാടുകളുടെ പേരിൽ സ്ഥാനങ്ങൾ ഉപേക്ഷിച്ചത്. പാർട്ടിയിലെ നല്ലൊരു ശതമാനം ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പിലാക്കണമെന്ന അഭിപ്രായക്കാരാണ്. വെടി നിർത്തൽ ആഹ്വാനത്തെ പിന്തുണയ്ക്കുന്ന എംപിമാരെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കുമെന്ന് വോട്ടെടുപ്പിന് മുൻപ് കെയർ സ്റ്റാർമർ സൂചന നൽകിയിരുന്നു. മുൻപ് പറഞ്ഞ എംപിമാരെ കൂടാതെ മറ്റ് മുൻനിര അംഗങ്ങളായ സാറാ ഓവൻ, റേച്ചൽ ഹോപ്കിൻസ്, നാസ് ഷാ, ആൻഡി സ്ലോട്ടർ എന്നിവരും പ്രമേയത്തിന് വോട്ട് ചെയ്തതിനുശേഷം തങ്ങളുടെ സ്ഥാനങ്ങൾ ഉപേക്ഷിച്ചവരിൽ ഉൾപ്പെടുന്നു.

ഷാഡോ ക്യാബിനറ്റിൽ ലേബർ പാർട്ടിയുടെ 29 എം പി മാരാണുള്ളത്. പാർട്ടിയുടെ 198 എംപിമാരിൽ പകുതിയോളം പേർ പാർട്ടി വിപ്പുകൾ ഉൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള മുൻനിര സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. വെടിനിർത്തൽ ഉചിതമല്ലെന്നാണ് സർ കെയർ സ്റ്റാർമർ വാദിക്കുന്നത്. ഇത് ഹമാസിന് കൂടുതൽ ശക്തി സംഭരിക്കാൻ അവസരം നൽകുമെന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം. കഴിഞ്ഞ വാരാന്ത്യത്തിൽ 300,000 ജനങ്ങളാണ് വെടി നിർത്തലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള റാലിയിൽ പങ്കെടുത്തത്. ഇത് യുദ്ധം ആരംഭിച്ചതിനുശേഷം യുകെയിൽ നടന്ന ഏറ്റവും വലിയ റാലിയാണ്.