ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
2022 സെപ്റ്റംബർ 19 തിങ്കളാഴ്ച നടന്ന എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിന് ചിലവായ തുക എത്രയെന്ന് ട്രഷറി വെളിപ്പെടുത്തി. രാജ്ഞിയുടെ ശവസംസ്കാരത്തിനും മറ്റുമായി 162 മില്യൺ പൗണ്ട് ചിലവായെന്നാണ് എട്ടുമാസത്തിനുശേഷം വെളിപ്പെടുത്തപ്പെട്ടത്. ട്രഷറിയുടെ ചീഫ് സെക്രട്ടറിയായ ജോൺ ഗ്ലെൻ ആണ് ഒരു മന്ത്രിതല പ്രസ്താവനയിൽ വിവരങ്ങൾ പുറത്തുവിട്ടത്.
ചിലവായ തുകയിൽ ഭൂരിഭാഗവും വഹിച്ചത് ഹോം ഓഫീസ് ആണ് . ഏകദേശം 73.68 ദശലക്ഷം പൗണ്ട് ഹോം ഓഫീസ് മാത്രമായി ഏറ്റെടുത്തു. ഡിപ്പാർട്ട്മെൻറ് ഫോർ കൽച്ചറൽ, മീഡിയ 57 മില്യൺ പൗണ്ട് ആണ് ചെലവായ തുകയിൽ ഏറ്റെടുത്തത്. എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരത്തിനോട് അനുബന്ധിച്ച് സ്കോട്ട്ലൻഡും വെയിൽസും നോർത്തേൺ അയർലൻഡും ചിലവാക്കിയ തുക പൂർണമായും തിരിച്ചു നൽകി.
രാജ്യത്തിൻറെ അന്തസ്സിന് ഉതകുന്ന രീതിയിൽ ചടങ്ങുകൾ നടത്താനും പൊതുജനത്തിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകാനുമാണ് ഗവൺമെൻറ് മുൻഗണന നൽകിയതെന്ന് ട്രഷറി ചീഫ് സെക്രട്ടറി പറഞ്ഞു. 1926 – ൽ ജനിച്ച എലിസബത്ത് രാജ്ഞി 1952 -ലാണ് സിംഹാസനത്തിൽ അവരോധിക്കപ്പെട്ടത്. 70 വർഷമാണ് എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ രാജകിരീടം ചൂടിയത് . 2022 സെപ്റ്റംബർ 8-ാം തീയതി ബാൽമോറൽ കാസ്റ്റലിൽ മരണമടഞ്ഞപ്പോൾ എലിസബത്ത് രാജ്ഞിക്ക് 96 വയസ്സായിരുന്നു. എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾ ശരാശരി 26.5 ദശലക്ഷം പേർ കണ്ടതായാണ് കണക്കുകൾ .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സ്കോട്ടിഷ് അതിർത്തിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പീഡനത്തിന് മുൻപ് പ്രതിയായ അക്രമി പെൺകുട്ടിയെ സ്ത്രീ വേഷം ധരിച്ചു തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു. ആമി ജോർജ്ജ് എന്നറിയപ്പെടുന്ന ആൻഡ്രൂ മില്ലർ ഫെബ്രുവരിയിൽ പെൺകുട്ടിക്ക് വീട്ടിലേക്ക് ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഇതാണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് സ്വന്തം വീട്ടിൽ കൊണ്ടുപോയി അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
അറിയാതെ കെണിയിൽ പെട്ടുപോയ പെൺകുട്ടി അനുഭവിച്ച മാനസിക അവസ്ഥയും ഭയവും അവളെ വല്ലാതെ അലട്ടി. എന്നാൽ, പിറ്റേ ദിവസം അക്രമി ഉറങ്ങിയതിന് ശേഷം, അതിസാഹസികമായി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. 999 എന്ന പോലീസ് നമ്പർ ഡയൽ ചെയ്ത പെൺകുട്ടിയെ സ്ഥലത്തെത്തി ഉദ്യോഗസ്ഥർ മോചിപ്പിച്ചു. പ്രതിയായ ആൻഡ്രൂ മില്ലറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്ന് കുട്ടികളുടെ പിതാവാണ് ഇയാൾ എന്നുള്ളതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.
പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയെ സ്ത്രീയെന്ന വ്യാജേനെയല്ല തട്ടിക്കൊണ്ടുപോയതെന്നും താനൊരു ട്രാൻസ്ജെൻഡർ വ്യക്തി ആണെന്നും, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാകാനുള്ള തയാറെടുപ്പുകൾ നടക്കുക ആയിരുന്നെന്നും ഇയാൾ കോടതിയെ ധരിപ്പിച്ചു. അതേസമയം, ജന്മനാ സ്വഭാവ വൈകൃതങ്ങൾക്ക് ഇരയാണ് ഇയാൾ എന്നാണ് ആളുകൾ പറയുന്നത്.
ന്യൂസ് ഡെസ്ക്. മലയാളം യുകെ.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട ഏയർ ഇന്ത്യ (AI) 149 വിമാനത്തിലെ യാത്രക്കാരിക്ക് പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് വിമാനം അടിയന്തിരമായി ദുബായ് ഏയർപോർട്ടിലിറക്കി. യുകെയിലെ സൗത്ത് ഡെവണിലെ ടോർക്കെ പെയിൻ്റണിൽ താമസിക്കുന്ന കോട്ടയം സ്വദേശിനിയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്.
ഇക്കഴിഞ്ഞ മെയ് 14നാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊച്ചി ഏയർപോർട്ടിൽ നിന്നും പറന്നുയർന്ന വിമാനം ഏകദേശം ഒരു മണിക്കൂർ യാത്ര പിന്നിട്ടപ്പോഴാണ് സംഭവം നടക്കുന്നത്. കഠിനമായ ചെസ്റ്റ് പെയിൻ ആരംഭിച്ചപ്പോൾ ഏയർഹോസ്റ്റസിനെ വിവരമറിയ്ച്ചു. വിമാനത്തിലുണ്ടായിരുന്ന സൗകര്യങ്ങൾ പരിമിതമായതുകൊണ്ട്, മെഡിക്കൽ എമ്രജൻസിയുണ്ട്, ഡോക്ടേഴ്സ് ആരെങ്കിലുമുണ്ടെങ്കിൽ ക്യാബിൻ ക്രൂവുമായി ബന്ധപ്പെടാൻ പെട്ടന്നു തന്നെ അനൗൺസ്മെൻ്റ് ഉണ്ടായി. തുടർന്ന് ഒരു മലയാളി ഡോക്ടറും മൂന്ന് നെഴ്സുമാരും ക്യാബിൻ ക്രൂവുമായി ബന്ധപ്പെട്ടു. നാല് സീരിസ് CPR ഉം മറ്റ് പ്രാഥമിക ചികിത്സകളും കൊടുത്തെങ്കിലും സാഹചര്യം കൂടുതൽ വഷളാകുകയായിരുന്നു.
അടിയന്തിര ചികിത്സ ആവശ്യമാണ്, മുന്നോട്ട് യാത്ര ചെയ്യാൻ സാധിക്കില്ല എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണമെന്ന മലയാളി ഡോക്ടറുടെ അഭ്യർത്ഥന മാനിച്ചാണ് വിമാനം അടിയന്തിരമായി ദുബായ് ഏയർപോർട്ടിലിറക്കിയത്. ആമ്പുലൻസും മറ്റ് സൗകര്യങ്ങളുമായി ഏയർപോർട്ടിലെ എമർജൻസി വിഭാഗം കാത്തു നിൽപ്പുണ്ടായിരുന്നു. ഏയർപോർട്ടിലിറങ്ങിയ ഉടനെ തന്നെ കനേഡിയൻ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലെത്തിലേയ്ക്ക് രോഗിയെ മാറ്റി. തുടർന്ന് വിമാനം ലണ്ടനിലേയ്ക്ക് യാത്ര തുടർന്നു.
ക്യാബിൻ ക്രൂ മെമ്പേഴ്സിൻ്റെ സമയോന്നിതമായ ഇടപെടീലും വിമാനത്തിലുണ്ടായിരുന്ന മലയാളി ഡോക്ടറിൻ്റെയും നെഴ്സുമാരുടെയും നിസ്വാർത്ഥമായ സേവനങ്ങളുമാണ് ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് സഹയാത്രികർ പറഞ്ഞു. എമ്രജൻസി സാഹചര്യങ്ങളിൽ പ്രവർത്തിക്കാനുള്ള യാതൊരു ആധുനിയ സംവിധാനങ്ങളും വിമാനത്തിലുണ്ടായിരുന്നില്ല. അടിയന്തിരമായി വിമാനം ദുബായിലിറക്കി രോഗിയെ ഹോസ്പിറ്റലിൽ എത്തിച്ചതുകൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടി. യുകെയിൽ നിന്നും കേരളത്തിലേയ്ക്കുള്ള മിക്കവാറും എല്ലാ വിമാനത്തിലും ഡോക്ടേഴ്സും നെഴ്സുമാരും മറ്റ് ആരോഗ്യ മേഘലയിൽ പ്രവർത്തിക്കുന്നവരുമുണ്ടായികൊണ്ടിരിക്കുന്നത് സർവ്വസാധാരണമായികൊണ്ടിരിക്കുകയാണ്. ഇവരുടെ സേവനം പലപ്പോഴും വിമാന കമ്പനിയ്ക്കും യാത്രക്കാർക്കും തുണയായി എത്താറുണ്ട്. ഇതിന് കാരണം യുകെയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും ആരോഗ്യ മേഘലയിൽ പ്രവർത്തിക്കുന്നവരാണ്.
ദുബായിലുള്ള ചില സുഹൃത്തുക്കളുടെ സഹായത്തോടെ പ്രാഥമിക ചികിത്സ കഴിഞ്ഞ് ഇന്നലെ ഏയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ മലയാളി നെഴ്സ് തുടർ ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങി.
ഒരു യാത്രക്കാരി എന്ന നിലയിൽ ഏയർ ഇന്ത്യയുടെ ദുബായിലെ ഓഫീസിൽ നിന്നും കാര്യമായ ഒരു സഹായവും ഉണ്ടായില്ല. തനിച്ചുള്ള യാത്രയിൽ ആരോഗ്യപരമായ കാരണങ്ങളാൽ യാതൊരു പരിചയവുമില്ലാത്ത രാജ്യത്ത് പെട്ടുപോകുമ്പോൾ സഹായത്തിനായി എത്തേണ്ടത് വിമാന കമ്പനികളാണ്. അമിതമായ പൈസ കൊടുത്ത് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർ ലക്ഷ്യസ്ഥാനത്തെത്തുന്നത് വരെ അവർക്ക് സുരക്ഷയൊരുക്കേണ്ടത് വിമാന കമ്പനികളുടെ ചുമതലയാണ്. ആ വിധത്തിലുള്ള ഒരു സഹകരണവും ഏയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് ദുരവസ്ഥയുണ്ടായ നെഴ്സ് പറഞ്ഞു.
വളരെ പ്രകോപനപരമായിട്ടാണ് ജീവനക്കാർ സംസാരിച്ചത്. യാത്രക്കാരിയുടെ ലഗേജി നെക്കുറിച്ചോ, ദുബായിൽ നിൽക്കുന്ന വിസയുടെ സ്റ്റാറ്റസിനേക്കുറിച്ചോ തുടർ നടപടികളെക്കുറിച്ചോ ഒന്നും ജീവനക്കാർക്ക് അറിവില്ല. ഒന്നിനും ഒരു മറുപടിയില്ല. ഏയർ ഇന്ത്യയ്ക്കെതിരെ കേസു കൊടുക്കാൻ പോലും മറ്റു യാത്രക്കാർ പറഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്.
ഏയർ ഇന്ത്യയുടെ സൗകര്യങ്ങളിൽ തൃപ്തരല്ലെന്നാണ് വിമാനത്തിൽ യാത്ര ചെയ്യുന്ന സ്വദേശിയരും വിദേശീയരുമായ യാത്രക്കാരുടെ പൊതുവെയുള്ള അഭിപ്രായം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നാല് വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ താഴെയായി നെറ്റ് മൈഗ്രേഷൻ ലെവലുകൾ എത്തിക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. 2019 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള ടോറി പ്രകടനപത്രികയിലാണ് ഇക്കാര്യം ഓഫർ ചെയ്തത്. 2019 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 226,000 ആയിരുന്നു യുകെയിലേക്ക് കുടിയേറുന്ന ആളുകളുടെ എണ്ണം. എന്നാൽ 2022 ജൂൺ വരെയുള്ള വർഷത്തിൽ, നെറ്റ് മൈഗ്രേഷൻ 504,000 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. വരും മാസങ്ങളിൽ അത് ഇനിയും ഉയരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ജപ്പാനിൽ നടക്കുന്ന ജി 7 ഉച്ചകോടിക്ക് പോകുന്ന വഴി മാധ്യമപ്രവർത്തകരോട് സംസാരിച്ച റിഷി സുനക് കുടിയേറ്റം കുറയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു. മുൻ വർഷങ്ങളെക്കാൾ സാഹചര്യം തീർത്തും വ്യത്യസ്തമാണെന്നും, കുടിയേറുന്നവരിൽ ഏറെയും ആളുകൾ എൻ എച്ച് എസ് പോലുള്ള പൊതു ഇടങ്ങൾക്ക് സംഭാവന നൽകുന്നവർ ആണെന്നും അദ്ദേഹം കൂട്ടിചേർത്തു.
യുകെയിലേക്ക് ആളുകളുടെ ഒഴുക്ക് ഉണ്ടാകുന്നത് അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ജീവിത സാഹചര്യം ഇവിടെ ഉള്ളതുകൊണ്ടാണെന്ന് പറഞ്ഞ അദ്ദേഹം, ഇമിഗ്രേഷൻ നടപടികൾ ഇപ്പോൾ വെസ്റ്റ് മിനിസ്റ്ററിൽ മാത്രമാണ് നടക്കുന്നതെന്നും വ്യക്തമാക്കി. യുകെ യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതിനുള്ള പ്രാധാന്യം ചില ആളുകൾക്ക് കുറഞ്ഞു എന്നതിന് തെളിവുകളുണ്ട്. എന്നാൽ വിഷയം ചർച്ച ആയതോടെ ഔദ്യോഗിക പ്രതികരണം നടത്താൻ സർക്കാർ ചർച്ച നടത്തി വരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ജീവിത ചിലവ് വർദ്ധിക്കുന്നതു മൂലം കടുത്ത ബുദ്ധിമുട്ടിലാണ് യുകെ മലയാളികൾ . പണപ്പെരുപ്പം മൂലം നിത്യോപയോഗ സാധനങ്ങളുടെ വില കൂടി . ഇതിനുപുറമെയാണ് പലിശ നിരക്ക് ഉയർന്നതു മൂലം ലോണുകളുടെ തിരിച്ചടവ് കൂടിയത്. ഇതെല്ലാം കടുത്ത മാനസിക സമ്മർദ്ദത്തിലേയ്ക്കാണ് ജനങ്ങളെ തള്ളി വിട്ടിരിക്കുന്നത്. ഇതിനിടെ സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ കഴിഞ്ഞ വർഷം രാജ്യമൊട്ടാകെ 10 ദശലക്ഷം പേർ തങ്ങളുടെ ബ്രോഡ്ബാൻഡ് കണക്ഷൻ വേണ്ടെന്നു വച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.
ഉയർന്ന ജീവിത ചിലവ് കാരണം ഒരു ദശലക്ഷം ആളുകൾ തങ്ങളുടെ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയെന്ന് സിറ്റിസൺ അഡ്വൈസ് നടത്തിയ സർവ്വേയിലാണ് കണ്ടെത്തിയത്. ഇനി കൂടുതൽ ആളുകൾ ഇൻറർനെറ്റ് പോലുള്ള സേവനങ്ങൾ നിർത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട് . സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് ചിലവ് കുറഞ്ഞ പാക്കേജുകളിൽ നിന്ന് ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമാക്കണമെന്ന നിർദ്ദേശമാണ് സീനിയർ അഡ്വൈസ് മുന്നോട്ടു വച്ചിരിക്കുന്ന നിർദ്ദേശം.
കോ വിഡ് മഹാമാരിയെ തുടർന്ന് രാജ്യം ലോക് ഡൗണിനെ നേരിട്ടപ്പോൾ ബ്രോഡ്ബാൻഡ് കണക്ഷനുകളിൽ വൻ വർദ്ധനവാണ് ഉണ്ടായത്. വിദ്യാർഥികളുടെ ക്ലാസ് ഓൺലൈനിൽ കൂടിയായിരുന്നതും മിക്കവരും വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്തതും ആണ് ഇതിന് പ്രധാന കാരണമായത് . മിക്ക വിദ്യാർത്ഥികളും ഇപ്പോഴും പഠനത്തിനും സംശയനിവാരണത്തിനുമായി ഇൻറർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിൽ ഒരു വിഭാഗം ആളുകൾക്ക് ഇൻറർനെറ്റ് സേവനങ്ങൾ ഇല്ലാതാകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇംഗ്ലണ്ടിലെ മൂന്നിൽ ഒരാൾക്ക് തങ്ങളുടെ ആശയവിനിമയ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്ന് ഓഫ് കോം കണ്ടെത്തിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഹാംഷെയർ ഹോസ്പിറ്റലിൽ 450 പേർ മരിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. 19 പേരെയാണ് ഇതുവരെ പ്രതികളായി തിരിച്ചറിഞ്ഞിരിക്കുന്നത്. ഒപിയോയിഡുകളുടെ അമിതമായ ഉപയോഗമാണ് രോഗികൾ അകാലത്തിൽ മരണമടയുന്നതിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്. 750ലധികം രോഗികളുടെ രേഖകൾ പരിശോധിച്ചു വരികയാണെന്ന് കേസ് അന്വേഷണം നിയന്ത്രിക്കുന്ന കെന്റ് ആൻഡ് എസെക്സ് സീരിയസ് ക്രൈം ഡയറക്ടറേറ്റ് അറിയിച്ചു.
അമിതമായ വേദന സംഹാരി മരുന്നിന്റെ ഉപയോഗം മൂലം 450 -ലധികം ആളുകളുടെ ആയുസ്സ് കുറഞ്ഞതായുള്ള റിപ്പോർട്ട് കടുത്ത നാണക്കേടാണ് രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് ഉണ്ടാക്കിയത്. യുകെ പോലീസ് നടത്തിയ ഏറ്റവും സങ്കീർണമായ അന്വേഷണമെന്നാണ് പ്രതികളെ കണ്ടെത്തിയതിനെക്കുറിച്ച് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ നീൽ ജെറോം പറഞ്ഞത് . 750 രോഗികളുടെ ഏകദേശം മൂന്ന് ദശലക്ഷത്തിലധികം പേജുകളിലായുള്ള രേഖകളാണ് അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ പോലീസ് പരിശോധിച്ചത്. 1150 -ലധികം സാക്ഷികളിൽ നിന്ന് മൊഴിയെടുത്ത അന്വേഷണ സംഘത്തിൽ 150 പോലീസുകാരാണ് ഉണ്ടായിരുന്നത്.
വേദനസംഹാരിയായി ഉപയോഗിക്കുന്ന ഒരുകൂട്ടം മരുന്നുകളാണ് ഒപിയോയിഡുകൾ എന്ന് അറിയപ്പെടുന്നത്. തലച്ചോറിലെ കോശങ്ങളിൽ പ്രവർത്തിക്കാനും വേദന ശമിപ്പിക്കാനും ലഹരി പ്രദാനം ചെയ്യാനും ഇവയ്ക്ക് കഴിയും. പോപ്പി ചെടിയിൽ നിന്നോ, കറുപ്പിൽ നിന്നോ ആണ് ഈ ഗണത്തിൽ പെടുന്ന മരുന്നുകൾ നിർമ്മിക്കുന്നത് . വേദന ശമിപ്പിക്കാൻ ഈ മരുന്നുകൾ ഫലപ്രദമാണെന്നും എന്നാൽ ഇവയുടെ ഉപയോഗം ഇവയുടെ അടിമകളായി ഉപയോഗിക്കുന്നവരെ മാറ്റുകയും ചെയ്യും. ഒപ്പിയോയിഡുകൾ അമിതമായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബ്രിട്ടനിലേയ്ക്കുള്ള ഉയർന്ന തോതിലുള്ള കുടിയേറ്റം വീടുകൾ ആളുകൾക്ക് ലഭിക്കാത്ത സാഹചര്യത്തിലേക്കാണ് നിലവിൽ നയിക്കുന്നതെന്ന് മൈക്കൽ ഗോവ്. കുടിയേറ്റം അനുദിനം വർദ്ധിക്കുകയാണ്. യുകെയിൽ എത്തുന്ന മലയാളികൾ ഉൾപ്പടെയുള്ള പല ആളുകൾക്കും താമസിക്കാൻ വീട് കിട്ടാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ ആളുകൾ വലയുന്നു. സ്റ്റുഡന്റ് വിസയിൽ എത്തിയ മലയാളികൾ പാർട്ട് ടൈം ആയിട്ട് ജോലി ചെയ്തു സമ്പാദിക്കാം എന്നൊക്കെയുള്ള ലക്ഷ്യത്തിലാണ് യാത്രയാകുന്നത്. സ്വന്തമായി വീട് ഉള്ളവർക്ക് ഒറ്റത്തവണ മാത്രമേ മുതൽ മുടക്കുള്ളു. എന്നാൽ, വാടക വീടിനെ ആശ്രയിക്കുന്നവർക്ക് ഓരോ മാസവും വാടക ഇനത്തിലും അല്ലാതെയുമായി വലിയ ചിലവാണ് ഉണ്ടാകുന്നത്.
പ്രതിവർഷം 300,000 വീടുകൾ നിർമ്മിക്കുക എന്ന ഗവൺമെന്റിന്റെ ലക്ഷ്യം പലപ്പോഴും പരാജയപ്പെടുന്നതാണ് ഇതിന് പ്രധാന കാരണം. കുടിയേറ്റം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ എത്തുമെന്ന് അറിയാമെന്നിരിക്കെയാണ് ഈ വീഴ്ച സംഭവിക്കുന്നത്. പ്രതിവർഷം 170,000 ആണ് നെറ്റ് മൈഗ്രേഷൻ നിരക്ക്. എന്നാൽ യഥാർത്ഥ കണക്ക് അതിനേക്കാൾ മൂന്നിരട്ടിയെങ്കിലും കൂടുതലാണ് എന്നതാണ് യാഥാർഥ്യം. വീട് പോലെ തന്നെ പൊതുസേവനങ്ങൾ ആളുകൾക്ക് ലഭ്യമാകുന്നതിലും കുറവ് വന്നിട്ടുണ്ട്. ആളുകളുടെ എണ്ണത്തിന് അനുസരിച്ചു സേവനം നൽകാൻ സർക്കാരിന് കഴിയുന്നില്ല എന്നുള്ളതാണ് നഗ്നസത്യം.
2022 ജൂൺ വരെയുള്ള കണക്കുകൾ അനുസരിച്ചു നെറ്റ് മൈഗ്രേഷൻ 500,000 കവിഞ്ഞതായി ഡേറ്റ കാണിക്കുന്നു. എന്നാൽ എന്നാൽ അടുത്ത നാളുകളിൽ പുറത്തുവരുന്ന പുതിയ കണക്കുകൾ 700,000-ൽ എത്തുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് ബ്രെക്സിറ്റിന് മുമ്പുള്ള റെക്കോർഡിന്റെ ഇരട്ടിയിലധികം വരുമെന്നാണ് അനുമാനം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇംഗ്ലണ്ടിൽ സർക്കാർ വാഗ്ദാനം ചെയ്ത 40 പുതിയ ആശുപത്രികളിൽ 33 എണ്ണത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിക്കാനിരിക്കുന്നതായി റിപ്പോർട്ട്. 2030 ഡെഡ്ലൈൻ ഉള്ള പ്രോജക്റ്റുകൾ എന്ന നിലയിൽ കൊണ്ടുവന്നവ ഇപ്പോൾ ഭാഗികമായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ആകെ ഇതുവരെ രണ്ടെണ്ണം മാത്രമാണ് പൂർത്തിയായി തുറന്നിരിക്കുന്നത്. 2025-ൽ ആറെണ്ണം തയ്യാറാക്കാനാണ് മന്ത്രിമാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഈ ഗ്രൂപ്പിലൊന്നും ഇതുവരെ പൂർണ്ണ ആസൂത്രണ അനുമതിയോ ധനസഹായമോ ലഭിച്ചിട്ടില്ല.
അതേസമയം, ആരോഗ്യ രംഗത്തെ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് സർക്കാർ ഉറപ്പുനൽകുന്നു. എന്നാൽ ഈ വിഷയത്തിൽ ഉടൻ വ്യക്തത വേണമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കഴിഞ്ഞ വർഷം ഈ വിഷയം പരിശോധിച്ചതിൻ പ്രകാരം കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നതാണ് യാഥാർഥ്യം. രാജ്യത്തെ ആരോഗ്യ രംഗം മികച്ചത് എന്ന അവകാശവാദം സർക്കാരും സംവിധാനങ്ങളും നിരന്തരം അവകാശവാദം ഉന്നയിക്കുന്നതിനിടയിലാണ് ഈ സംഭവം.
2020 ഒക്ടോബറോടെ, 3.7 ബില്യൺ പൗണ്ട് പ്രാരംഭ ബജറ്റിൽ വിലയിരുത്തിയാണ് പണികൾ ആരംഭിച്ചത്. പട്ടികയിലുള്ള 40 ആശുപത്രികളിൽ എട്ടെണ്ണം നേരത്തെ തന്നെ ആസൂത്രണം ചെയ്ത പദ്ധതികളാണ്. പ്രധാന കെട്ടിടം പണി തുടങ്ങിയിട്ടില്ലെന്ന് 33 പേർ പറഞ്ഞു. അഞ്ചെണ്ണം നിർമ്മാണത്തിലാണ് , റോയൽ ലിവർപൂൾ, നോർത്തേൺ സെന്റർ ഫോർ കാൻസർ കെയർ എന്നിവ നിർമ്മാണം പൂർത്തിയാക്കി രോഗികൾക്ക് തുറന്നു നൽകി. എന്നാൽ ഇനിയും പൂർത്തിയാക്കാൻ ഉള്ളവ സാമ്പത്തിക പ്രതിസന്ധി മൂലമാണ് വൈകുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടനിലെ ഈ വർഷം നടത്തിയ സാറ്റ്സ് എക്സാമിനേഷനിലെ ചോദ്യങ്ങളെക്കുറിച്ച് കടുത്ത വിമർശനങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്. പത്തും പതിനൊന്നും വയസ്സ് പ്രായമുള്ള കുട്ടികളെ കണ്ണീരു കുടിപ്പിച്ച പരീക്ഷയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് സ്കൂൾ മിനിസ്റ്റർ നിക്ക് ഗിബ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച നടന്ന പരീക്ഷയെ കുറിച്ച് നൂറുകണക്കിന് രക്ഷിതാക്കളും അധ്യാപകരുമാണ് പരാതിപ്പെട്ടത്.
ഈ വർഷത്തെ സാറ്റ്സ് പരീക്ഷയുടെ പല ചോദ്യങ്ങളും അധ്യാപകർക്ക് വരെ മനസ്സിലാക്കാൻ സാധിച്ചില്ലെന്നുള്ള വിമർശനങ്ങളാണ് പല കോണുകളിൽ നിന്നും ഉയർന്ന് വന്നിരിക്കുന്നത്. ഇംഗ്ലീഷ് റീഡിങ് ടെസ്റ്റിൽ ഉൾപ്പെട്ട പല ചോദ്യങ്ങളും ജിസിഎസ്ഇ നിലവാരത്തിലുള്ളതായിരുന്നു. അതുകൊണ്ടുതന്നെ മിടുക്കരായ വിദ്യാർഥികൾക്ക് പോലും ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതാനായില്ല . ഈ വർഷത്തെ സാറ്റ്സ് എക്സാമിനേഷനിൽ ഒട്ടേറെ മലയാളി വിദ്യാർഥികളും പങ്കെടുത്തിരുന്നു.
പരീക്ഷ കഴിഞ്ഞയുടനെ ഉണ്ടായ എസ് എ ടി എക്സാമിനേഷൻ വിവാദത്തെ ന്യായീകരിക്കുന്ന സമീപനമാണ് ആദ്യം വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്. ഏറ്റവും കഴിവുള്ള കുട്ടികളെ കണ്ടെത്തുന്നതിനാണ് സാറ്റ്സ് എക്സാമിനേഷന്റെ ചോദ്യങ്ങൾ കഠിനമാക്കിയിരിക്കുകയാണെന്നാണ് ആദ്യഘട്ടത്തിൽ വിവാദങ്ങളെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് പ്രതികരിച്ചത് . എന്നാൽ പല ചോദ്യങ്ങളും ജിസിഎസ് ഇ നിലവാരത്തിലുള്ളതായിരുന്നു എന്നതിനടിസ്ഥാനമായി കടുത്ത വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ചോദ്യങ്ങളെക്കുറിച്ച് പുന:പരിശോധന നടത്തുമെന്ന് മന്ത്രിയ്ക്ക് പറയേണ്ടതായി വന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പൗൾട്രി ഫാമുകളിൽ ജോലി ചെയ്തിരുന്ന രണ്ടു തൊഴിലാളികൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. നിലവിൽ മനുഷ്യനിൽ നിന്നും മനുഷ്യനിലേയ്ക്ക് പക്ഷിപ്പനി പടരുന്നതിന് തെളിവുകൾ ഒന്നുമില്ലെന്ന് യുകെ ഹെൽത്ത് ആൻഡ് സെക്യൂരിറ്റി ഏജൻസി (യുകെ എസ് എച്ച് എ) അറിയിച്ചു. പക്ഷിപ്പനി ബാധിച്ച രണ്ടുപേരും ഒരു പൗൾട്രി ഫാമിൽ ജോലി ചെയ്തിരുന്നവരാണ്.
രോഗം ബാധിച്ച പക്ഷികളുമായി സമ്പർക്കം പുലർത്തിയ ജീവനക്കാരുടെ ഇടയിൽ നിലവിൽ പരിശോധനകൾ നടന്നു വരികയാണെന്ന് യുകെ എസ് എച്ച് എ അറിയിച്ചു. നിലവിൽ സാധാരണ ജനങ്ങൾക്ക് അപകട സാധ്യത വളരെ കുറവാണെന്നും ആശങ്ക വേണ്ടെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വ്യക്തികളിൽ നിന്ന് വൈറസ് മറ്റൊരാളിലേയ്ക്ക് പകരുന്നതിന് നിലവിൽ തെളിവൊന്നുമില്ലെന്ന് യുകെ എച്ച് എസ് എയുടെ ചീഫ് മെഡിക്കൽ അഡ്വൈസർ പ്രൊഫസർ സൂസൻ ഹോപ്കിൻസ് പറഞ്ഞു. എന്നാൽ വൈറസുകൾ ജനിതക മാറ്റം വരുന്ന സാഹചര്യത്തെ മുൻകൂട്ടി കാണേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ആളുകൾ രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ സ്പർശിക്കുന്നത് ഒഴിവാക്കണമെന്ന കർശനമായ നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട്. പക്ഷിപ്പനിയുടെ ലക്ഷണങ്ങളെക്കുറിച്ചും അത് എങ്ങനെ റിപ്പോർട്ട് ചെയ്യണം എന്നതിനെ കുറിച്ച് സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. താറാവ് പോലുള്ള ചില പക്ഷികൾക്ക് പക്ഷിപ്പനിക്ക് കാരണമായ വൈറസുകളുടെ വാഹകരാകാനും രോഗലക്ഷണങ്ങൾ ഒട്ടും കാണിക്കാതെ അത് പരത്താനും കഴിയും. പക്ഷി പനിയുടെ ഏതെങ്കിലും നേരിയ ലക്ഷണങ്ങൾ സംശയിക്കുന്നവർ ഉടനെ തന്നെ ആനിമൽ ആൻഡ് പ്ലാൻറ് ഏജൻസിയെ (എ പി എച്ച് എ) അറിയിക്കണമെന്ന നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട്.