ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ സർക്കാരിൻെറ പുതിയ നീക്കത്തിന് എതിരെ ജനങ്ങൾ. പാസ്‌പോർട്ടില്ലാത്ത പൗരന്മാരെ സുരക്ഷിത പാസേജ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗാസയിലെ ബ്രിട്ടീഷ് കുട്ടികളെ അവരുടെ അമ്മമാരിൽ നിന്ന് വേർപെടുത്തിയതായുള്ള ആരോപണം ഉയർന്ന് വന്നിരിക്കുന്നത്. റഫ ക്രോസിംഗ് വഴി ഗാസയിൽ നിന്ന് ഈജിപ്തിലേക്ക് കടക്കാൻ സാധിക്കുന്ന ബ്രിട്ടീഷ് പൗരന്മാരുടെ പേരുകൾ ഒരു പട്ടികയിൽ ചേർത്തിട്ടുണ്ടെങ്കിലും ഇവരുടെ ആശ്രിതരെ വിദേശകാര്യ ഓഫീസ് ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചിലർ പറഞ്ഞു.

വ്യത്യസ്ത വിസ സ്കീമുകളിലൂടെ യുകെയിലേക്ക് വരാൻ അവകാശമുള്ള ആളുകളെ പിന്തുണയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനകളുമായും അഭിഭാഷകരുമായും ഇപ്പോൾ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിലവിൽ ഗാസയിൽ കഴിയുന്നവരുടെ ജീവന് വൻ ഭീഷണിയാണ് ഉയർന്നിരിക്കുന്നത്. ആക്രമണത്തിൽ ഏകദേശം 10,000 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്, അവരിൽ പകുതിയോളം കുട്ടികളാണ്.

ബ്രിട്ടീഷ് പൗരന്മാർക്ക് അവരുടെ കുടുംബാംഗങ്ങളെ കൂടി അവരോടൊപ്പം കൊണ്ടുവരാൻ സാധിക്കണമെന്ന ആവശ്യം ശക്തമാണ്. ഇപ്പോഴും ഈജിപ്ഷ്യൻ അധികൃതർ രജിസ്റ്റർ ചെയ്ത 7,000 വിദേശ പൗരന്മാരിൽ നൂറുകണക്കിന് ബ്രിട്ടീഷ് പൗരന്മാർ ഗാസയിൽ കുടുങ്ങിക്കിടക്കുകയാണ്. കുടുംബങ്ങളെ ഉപേക്ഷിച്ച് പാലായനം ചെയ്യാൻ വിമുഖത കാണിക്കുന്ന ജനങ്ങളുടെ പട്ടികയിൽ പാലസ്തീൻ പൈതൃകമുള്ളവരെ “രണ്ടാം തരം പൗരന്മാർ” ആയാണ് കാണുന്നത്.