Main News

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് ആക്രമണത്തെ പിന്തുണച്ച്‌ യുകെ രംഗത്ത് വന്നു. ഇറാനോട് ചർച്ചകളിലേക്ക് മടങ്ങാൻ വരാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു . ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ സൈനിക നടപടിയിൽ യുകെ പങ്കാളിയായിട്ടില്ല. വിശാലമായ നടപടി മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്ന ആശങ്കകൾക്കിടയിലും സ്റ്റാർമറും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും നയതന്ത്ര പരിഹാരത്തിനായി സമ്മർദ്ദം ചെലുത്തിയിരുന്നു. ആക്രമണത്തിൽ പങ്കുചേരാൻ യുഎസ് പദ്ധതിയിടുന്നതായി തനിക്ക് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ചൊവ്വാഴ്ച ജി7 ഉച്ചകോടിയിൽ സ്റ്റാർമർ പറഞ്ഞിരുന്നു.

ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും അവരെ ഒരിക്കലും ആണവായുധം വികസിപ്പിക്കാൻ അനുവദിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആ ഭീഷണി ലഘൂകരിക്കാൻ യുഎസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മിഡിൽ ഈസ്റ്റിലെ സ്ഥിരതയ്ക്കാണ് മുൻഗണന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഇറാൻ ആണവായുധം നേടുന്നത് തടയുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നുവെങ്കിലും മറ്റ് യൂറോപ്യൻ രാജ്യങ്ങൾ ചെയ്തതുപോലെ ഞങ്ങൾ ഒരു നയതന്ത്ര നടപടി നിർദ്ദേശിച്ചിരുന്നു, ഇറാനികൾ അത് നിരസിച്ചതായും ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് പറഞ്ഞു.

ഇതിനിടെ ആണവകേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതിന് പിന്നാലെ ഇസ്രയേലിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് ആക്രമണം ഇറാൻ വ്യാപിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.. ടെൽഅവീവിൽ നടത്തിയ മിസൈലാക്രമണത്തിൽ 86 പേർക്ക് പരിക്കേറ്റതായാണ് ടൈംസ് ഓഫ് ഇസ്രയേൽ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹൈഫ, നെസ് സിയോണ, റിഷോൺ ലെസിയോൺ, ടെൽ അവീസ് ഉൾപ്പെടെയുള്ള വടക്കൻ മധ്യ ഇസ്രയേലിലുടനീളം ഒന്നിലധികം സ്ഥലങ്ങളിൽ ടെഹ്റാൻ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഞായറാഴ്ച പുതിയ ആക്രമണ പരമ്പരയ്ക്ക് ഇസ്രയേൽ തുടക്കമിട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങളായ ഫൊർദോ, നതാൻസ്, എസ്ഫഹാൻ എന്നിവ അമേരിക്ക ആക്രമിച്ചതിന് പിന്നാലെയാണ് ഇസ്രയേലിൽ ഇറാൻ ആക്രമണം കടുപ്പിച്ചത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

എഞ്ചിനീയറിംഗ്, പ്രതിരോധം, AI, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിലെ വികസനത്തിനായി 275 മില്യൺ പൗണ്ട് നിക്ഷേപം അവതരിപ്പിച്ച് യുകെ സർക്കാർ. ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് പ്രഖ്യാപിച്ച പദ്ധതിയിൽ സാങ്കേതിക മികവേറിയ കോളേജുകൾ സ്ഥാപിക്കുക, AI, ഡിജിറ്റൽ നിർമ്മാണം എന്നിവയിൽ ഹ്രസ്വ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുക, ഇംഗ്ലണ്ടിലുടനീളം പരിശീലന സൗകര്യങ്ങൾ നവീകരിക്കുക എന്നിവ ഉൾപ്പെടുന്നു. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വൈദഗ്ധ്യമുള്ള ഒരു ആഭ്യന്തര തൊഴിൽ ശക്തി വികസിപ്പിക്കുന്നതിനും ഈ പദ്ധതി പ്രധാന പങ്ക് വഹിക്കുന്നു.

ദേശീയ നവീകരണവും സാമ്പത്തിക പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരമ്പരാഗത തൊഴിൽ നിർമ്മാണ മേഖലകളിൽ നിഗൽ ഫാരേജിന്റെ സ്വാധീനത്തെ ചെറുക്കാനും ഈ പദ്ധതി സർക്കാരിനെ സഹായിക്കും. അടുത്ത പത്ത് വർഷത്തെ സ്‌കിൽ ട്രെയിനിങ്ങിന് 275 മില്യൺ പൗണ്ട് നിക്ഷേപം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് ഒരു പൂർണ്ണ ഫണ്ടിംഗ് പാക്കേജല്ല. കൂടാതെ ഇതിൽ പ്രധാന സബ്‌സിഡികളോ ഊർജ്ജ ചെലവ് പരിഷ്കാരങ്ങളോ ഉൾപ്പെടുന്നില്ല. ഫണ്ടിംഗ് അനുവദിച്ചതിന് പിന്നാലെ ബ്രിട്ടീഷുകാരുടെ ക്ഷേമത്തിന് ശ്രദ്ധ കേന്ദ്രികരിക്കുമെന്നും ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് പറഞ്ഞു.

നൈപുണ്യ സംവിധാനം മെച്ചപ്പെടുത്തുക, വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുക, വ്യവസായങ്ങളിൽ ബ്രിട്ടീഷ് പൗരന്മാർക്ക് നല്ല ശമ്പളമുള്ള ജോലികൾ ലഭിക്കാൻ സഹായിക്കുക, രാജ്യത്തുടനീളം വളർച്ചയും നിക്ഷേപവും വർദ്ധിപ്പിക്കുക എന്നിവ നടപ്പിലാക്കുന്നതും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടിട്ടുണ്ട്. വ്യവസായാനന്തര സീറ്റുകളിൽ ലേബർ വോട്ടർമാരെ പിഴുതെറിയാനുള്ള ശ്രമങ്ങൾ റിഫോം യുകെ ശക്തമാക്കുന്നതിനിടയിലാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. നേരത്തെ ഉൽപ്പാദനം പുനഃസ്ഥാപിക്കുമെന്നും കർശനമായ കുടിയേറ്റ നിയമങ്ങൾ ഏർപ്പെടുത്തുമെന്നും ഫാരേജ് വാഗ്ദാനം ചെയ്‌തിരുന്നു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൈപ്രസിൽ ചാരവൃത്തിയും ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ആരോപിച്ച് ഒരു ബ്രിട്ടീഷ് പൗരനെ അറസ്റ്റ് ചെയ്തു. ഇയാൾ ദ്വീപിലെ സൈനിക ക്യാമ്പിലെ രഹസ്യങ്ങൾ ഇറാനു വേണ്ടി ചോർത്തി നൽകിയതായാണ് സംശയിക്കുന്നത്. ഇയാൾ അസർബൈജാനി വംശജനാണെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡുകളുമായി ബന്ധമുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ പറയുന്നു.


ഇന്നലെ പ്രതിയെ ഒരു ഡിസ്ട്രിക്ട് കോടതിയിൽ ഹാജരാക്കി എട്ടു ദിവസത്തേയ്ക്ക് കൂടി റിമാൻഡിൽ വെച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് സൈപ്രസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു. ഈ മേഖലയിലെ യുകെയുടെ ഏറ്റവും പ്രധാനപ്പെട്ട സൈനിക താവളമാണ് RAF അക്രോതിരി. ഇറാന്റെ ആക്രമണങ്ങളിൽ നിന്ന് ഇസ്രയേലിനെ പ്രതിരോധിക്കാൻ മുമ്പ് ഇത് ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ നിലവിലെ സംഘർഷ സാഹചര്യത്തിൽ ഈ സൈനിക ക്യാമ്പിന് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ട്.


ഒരു ബ്രിട്ടീഷ് പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സൈപ്രസിലെ അധികാരികളുമായി ബന്ധപ്പെട്ടിരുന്നു എന്നും സംഭവത്തെ കുറിച്ച് യുകെ വിദേശകാര്യ ഓഫീസ് പ്രതികരിച്ചു. ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ചാരവൃത്തിയും ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തതായി ദ്വീപിലെ പോലീസ് പറഞ്ഞു. ദേശീയ സുരക്ഷയെ മുൻനിർത്തി കൂടുതൽ ഒന്നും പറയുന്നില്ലെന്ന് അവർ പറഞ്ഞു. തന്ത്രപ്രധാനമായ ഒട്ടേറെ സൈനിക ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ബ്രിട്ടീഷ് സൈന്യം സൈപ്രസിലെ കേന്ദ്രം ഉപയോഗിക്കുന്നത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാരകമായ രോഗങ്ങൾ ഒഴിവാക്കുന്നതിനായി ഇംഗ്ലണ്ടിലെ എല്ലാ കുഞ്ഞുങ്ങൾക്കും ഡിഎൻഎ പരിശോധന നടത്തും. ഇതിലൂടെ വരും തലമുറയ്ക്ക് വ്യക്തിഗത ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ സാധിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൻറെ ഭാഗമായി ഡിഎൻഎ സാങ്കേതികവിദ്യ നടപ്പാക്കാനായി 650 മില്യൺ പൗണ്ട് നിക്ഷേപിക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്.

അടുത്ത പത്ത് വർഷത്തിനുള്ളിൽ ഓരോ നവജാതശിശുക്കളെയും ജീനോം സീക്വൻസിംഗിന് വിധേയമാക്കും. ഇത് നൂറുകണക്കിന് രോഗങ്ങളിലെ അപകടസാധ്യത വിലയിരുത്തുന്നതിന് സഹായകരമാകും. ഇത് അടുത്ത് ദശാബ്ദത്തിനുള്ളിൽ ആരോഗ്യവകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.


ജീനോമിക്സിലെ പുരോഗതി ആളുകളെ മാരകമായ രോഗങ്ങളെ അതിജീവിച്ച് വ്യക്തിഗത ആരോഗ്യ പരിരക്ഷ സ്വീകരിക്കാൻ അനുവദിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ശാസ്ത്രത്തിൻറെ വിപ്ലവകരമായ ഈ മുന്നേറ്റത്തിലൂടെ എൻഎച്ച്എസ്സിന്റെ രോഗനിർണ്ണയം നടത്തി ചികിത്സിക്കുന്ന സേവനത്തിൽ നിന്ന് അത് പ്രവചിക്കുകയും തടയുകയും ചെയ്യുന്നതാക്കി മാറ്റാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പുതിയ സാങ്കേതികവിദ്യയുടെ ശക്തി ഉപയോഗിച്ച് ലക്ഷണങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അനാരോഗ്യം തടയുന്നതിന് രോഗികൾക്ക് വ്യക്തിഗത ആരോഗ്യ സംരക്ഷണം സ്വീകരിക്കാൻ കഴിയും. ഇത് എൻഎച്ച്എസ് സേവനങ്ങളിലെ സമ്മർദ്ദം കുറയ്ക്കുകയും ആളുകളെ കൂടുതൽ കാലം ആരോഗ്യകരമായ ജീവിതം നയിക്കാൻ സഹായിക്കുകയും ചെയ്യും. കഴിഞ്ഞ ആഴ്ച ചാൻസലർ റേച്ചൽ റീവ്സ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എൻഎച്ച്എസ് ഫണ്ടിംഗ് പ്രതിവർഷം 29 ബില്യൺ പൗണ്ട് വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

 ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ താപനില കുത്തനെ ഉയരുകയാണ്. ഇന്ന് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗാറ്റ്‌വിക്കിനടുത്തുള്ള ചാൾവുഡിൽ താപനില 33.2°C വരെ എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത് പ്രകാരം താപനില 34°C വരെ ഉയരുമെന്നാണ് കരുതുന്നത്. ഇതുകൂടാതെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത ഉണ്ട്. വടക്കൻ ഇംഗ്ലണ്ട്, സ്കോട്ടിഷ് അതിർത്തികൾ, വെയിൽസ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് മുതൽ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച വരെ ഇംഗ്ലണ്ടിലുടനീളം ഒരു ആംബർ ഹീറ്റ്-ഹെൽത്ത് അലർട്ട് പ്രാബല്യത്തിൽ ഉണ്ട്. പതിറ്റാണ്ടുകളുടെ യുകെ ഡേറ്റയെ അടിസ്ഥാനമാക്കി, നിലവിലെ താപ തരംഗത്തിൽ ചൂട് മൂലം 570 മരണങ്ങൾ വരെ ഉണ്ടാകാമെന്നാണ് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ, ഇംപീരിയൽ കോളേജ് ലണ്ടൻ എന്നിവയിലെ ഗവേഷകർ പ്രവചിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ മരണ സംഖ്യ ഉണ്ടാകാൻ സാധ്യത ലണ്ടനിൽ ആണെന്നും ഗവേഷകർ പറയുന്നു. ഇന്ന് വൈകിട്ട് 5 മണിമുതൽ ഞായറാഴ്ച 03:00 വരെ മെറ്റ് ഓഫീസിന്റെ കൊടുങ്കാറ്റിനുള്ള യെല്ലോ അലേർട്ട് നിലനിൽക്കും.

യുകെയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉഷ്‌ണതരംഗത്തിന് സാധ്യത ഉണ്ടെന്ന് ഗവേഷകർ പറയുന്നു. ചാൾവുഡ്, ഹീത്രോ, കേംബ്രിഡ്ജ് തുടങ്ങിയ മറ്റ് പ്രദേശങ്ങൾ താപനില 30°C-ൽ കൂടുതൽ രേഖപ്പെടുത്തി. ഫ്രാൻസിന്റെയും സ്പെയിനിന്റെയും ചില ഭാഗങ്ങളിൽ നിന്ന് 40°C വരെ ഉയർന്ന മർദ്ദത്തിൽ ചൂട് വായു എത്തുന്നതാണ് ഉഷ്ണതരംഗത്തിന് കാരണം എന്ന് വിദഗ്ദ്ധർ പറയുന്നു. അടുത്ത ആഴ്ച ആദ്യത്തോടെ താപനില കുറയുമെങ്കിലും ആഴ്ചയുടെ മധ്യത്തോടെ വീണ്ടും ഉയരാനാണ് സാധ്യത എന്നും മെറ്റ് ഓഫീസ് പറയുന്നു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാരകരോഗം ബാധിച്ച മുതിർന്നവർക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള അവകാശം നൽകിയുള്ള ബില്ലിന് അംഗീകാരം നൽകി എംപിമാർ. ബിൽ പാസ്സാക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന വോട്ടെടുപ്പായിരുന്നു ഇത്. 291 നെതിരെ 314 വോട്ടുകളുടെ പിന്തുണയോടെ അവതരിപ്പിച്ച ടെർമിനലി ഇൽ അഡൽറ്റ്സ് ബിൽ, കൂടുതൽ പരിശോധനയ്ക്കായി ഇനി ഹൗസ് ഓഫ് ലോർഡ്‌സിലേക്ക് അയയ്ക്കും. നവംബറിൽ ബില്ല് അവതരിപ്പിച്ചപ്പോൾ 55 വോട്ടുകൾ കിട്ടിയ സ്ഥാനത്ത് നിലവിൽ 23 എംപിമാരുടെ ഭൂരിപക്ഷത്തോടെയാണ് ബിൽ പാസായത്.

സുഹൃത്തുക്കളും ബന്ധുക്കളും മരിക്കുന്നത് കണ്ടതിന്റെ വ്യക്തിപരമായ കഥകൾ വിവരിച്ച വൈകാരികമായ ചർച്ചയ്ക്ക് ശേഷമാണ് എംപിമാർ വോട്ടെടുപ്പ് നടത്തിയത്. ഈ വർഷം അവസാനത്തോടെ ഹൗസ് ഓഫ് ലോർഡ്‌സിൽ നിന്ന് ഈ ബില്ലിന് അംഗീകാരം ലഭിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ബില്ല് പാസായത്തിന് ശേഷം, ഇത് നടപ്പിലാക്കാൻ സർക്കാരിന് നാല് വർഷം വരെ സമയമുണ്ടാകും. ഈ വിഷയത്തിൽ എംപിമാർക്ക് സ്വതന്ത്ര വോട്ടവകാശം നൽകിയിരുന്നു. അതായത് പാർട്ടിയുടെ നിലപാട് എന്നതിലുപരി വ്യക്തിപരമായ വിശ്വാസത്തെ അടിസ്ഥാനമാക്കി ഈ വിഷയത്തിൽ അവർക്ക് വോട്ട് ചെയ്യാൻ കഴിയും.

പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ബില്ലിനെ പിന്തുണച്ചപ്പോൾ കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോക്ക്, ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് തുടങ്ങിയവർ ഇതിനെ എതിർത്ത് കൊണ്ട് രംഗത്ത് വന്നിരുന്നു. അതേസമയം, കോമൺസിൽ ബില്ലിന് നേതൃത്വം നൽകിയ ലേബർ എംപി കിം ലീഡ്ബീറ്റർ വോട്ടെടുപ്പിന് ശേഷം സന്തോഷം പ്രകടിപ്പിച്ചു. മാരകരോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള ഒരു വലിയ ചുവടുവയ്പ്പായിരിക്കും ഇതെന്ന് അവർ പ്രതികരിച്ചു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇസ്രയേൽ വിടാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് അതിനുവേണ്ട സൗകര്യം ഒരുക്കുമെന്ന് സർക്കാർ അറിയിച്ചു. വ്യോമാതിർത്തി വീണ്ടും തുറന്നാലുടൻ ടെൽ അവീവിൽ നിന്ന് ചാർട്ടർ വിമാന സർവീസുകൾ വാഗ്ദാനം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇസ്രായേൽ – ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് ബ്രിട്ടീഷ് പൗരന്മാരാണ് അവിടെ കുടുങ്ങി കിടക്കുന്നത്. ഇതിൽ ഇരട്ട പൗരത്വമുള്ളവരും ഉൾപ്പെടുന്നുണ്ട്.


അവധിക്കാലം ആഘോഷിക്കുന്നവർ, ബിസിനസ്സ് യാത്രകൾ നടത്തുന്നവർ, ബന്ധുക്കളെ സന്ദർശിക്കുന്നവർ അല്ലെങ്കിൽ താൽക്കാലിക താമസക്കാർ എന്നിവർക്കാണ് തുടക്കത്തിൽ മുൻഗണന നൽകുന്നത് . ആവശ്യാനുസരണം വിമാന സർവീസുകൾ നൽകുമെന്നും എല്ലാ ബ്രിട്ടീഷ് പൗരന്മാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും വിദേശകാര്യ ഓഫീസ് പറഞ്ഞു. വ്യോമമേഖല വീണ്ടും തുറക്കുമ്പോൾ ടെൽ അവീവിൽ നിന്നുള്ള ബ്രിട്ടീഷ് പൗരന്മാർക്ക് യുകെ ചാർട്ടർ വിമാനങ്ങൾ നൽകുമെന്നും കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കുന്നതിനായി രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇറാനിൽ നിന്ന് ബ്രിട്ടൻ എംബസി ജീവനക്കാരെ പിൻവലിച്ചിട്ടുണ്ട്.


ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുമായി മഷ്ഹദിൽനിന്നുള്ള ആദ്യ വിമാനം വെള്ളിയാഴ്ച രാത്രി ഡൽഹിയിലെത്തി. 290 ഇന്ത്യൻ വിദ്യാർഥികളാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ ഏറെയും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. അഷ്ഗാബത്തിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ശനിയാഴ്ച രാവിലെ ഏകദേശം 10 മണിയോടെയും മൂന്നാമത്തെ വിമാനം ശനിയാഴ്ച വൈകുന്നേരവും ഇന്ത്യയിലെത്തും. ആയിരത്തോളം ഇന്ത്യക്കാരെ മൂന്ന് പ്രത്യേക വിമാനങ്ങളിലാണ് തിരിച്ചെത്തിക്കുന്നത്. ഓപ്പറേഷൻ സിന്ധുവിന്റെ ഭാ​ഗമായി ഏകദേശം 1,000 ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി മഹാൻ എയറിന്റെ ചാർട്ടേഡ് വിമാനങ്ങൾ വഴിയാണ് ഇറാനിയൻ ന​ഗരമായ മഷ്ഹദിൽ നിന്നുള്ള രക്ഷാപ്രവർത്തനം നടത്തുന്നത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുറഞ്ഞ ശമ്പളം, ഉയർന്ന ജീവിത ചിലവ് , മോശം ജീവിത നിലവാരം എന്നീ കാരണങ്ങളാൽ നിരവധി ഡോക്ടർമാർ യുകെയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . മിക്കവരും അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നുവെന്നാണ് ജനറൽ മെഡിക്കൽ കൗൺസിൽ (ജിഎംസി) നടത്തിയ ഗവേഷണം കാണിക്കുന്നത്. വിദേശ പരിശീലനം ലഭിച്ച വിദഗ്ധരായ ഡോക്ടർമാരാണ് കൂടുതലും മറ്റു രാജ്യങ്ങളിലേയ്ക്ക് മേൽപ്പറഞ്ഞ കാരണങ്ങളാൽ പോകുന്നത്. ജിഎംസി നടത്തിയ സർവേയിൽ വിദേശത്ത് പരിശീലനം നേടിയ ഡോക്ടർമാരിൽ 84% പേരും നല്ല ശമ്പളം നൽകുന്നതിൽ മറ്റ് രാജ്യങ്ങൾ ബ്രിട്ടനേക്കാൾ മികച്ചതാണന്നാണ് ചിന്തിക്കുന്നത്.


ജീവിതച്ചെലവിന്റെയും ജീവിത നിലവാരത്തിന്റെയും കാര്യത്തിൽ യുകെ വളരെ മോശമാണെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. തങ്ങളുടെ കരിയർ എവിടെ മുന്നോട്ടു പോകണം എന്ന വിഷയത്തിൽ ജിഎംസി ചോദിച്ച 15 വിഷയങ്ങളിൽ 14 എണ്ണത്തിനും യുകെ മറ്റ് രാജ്യങ്ങളേക്കാൾ കുറഞ്ഞ നിലവാരത്തിലാണെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. 29 ശതമാനം ശമ്പള വർദ്ധനവിനായി ജൂനിയർ ഡോക്ടർമാർ സമരത്തിനൊരുങ്ങുന്ന സമയത്താണ് രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളെയും വേതന സേവന ആനുകൂല്യങ്ങളെയും കുറിച്ച് വളരെ നിരാശജനകമായ കണ്ടെത്തലുകൾ പുറത്തു വന്നിരിക്കുന്നത്.


പുറത്തു വന്നിരിക്കുന്ന കണ്ടെത്തലുകൾ ആശങ്കപ്പെടുത്തുന്നതാണെന്ന് ജിഎംസിയുടെ ചീഫ് എക്സിക്യൂട്ടീവ് ചാർളി മാസി പറഞ്ഞു. പ്രത്യേകിച്ച് വിദേശ പരിശീലനം ലഭിച്ച വിദഗ്ധരായ ഡോക്ടർമാരുടെ സേവനം എൻ എച്ച് എസിൽ ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ സർക്കാർ തലത്തിൽ കൈ കൊള്ളണമെന്ന് ചാർളി മാസി അഭിപ്രായപ്പെട്ടു. യുകെയിൽ നിന്ന് വിദഗ്ധരായ ഡോക്ടർമാരുടെ കൊഴിഞ്ഞു പോക്കിനൊപ്പം ഇവിടേയ്ക്ക് വരാൻ ആഗ്രഹിക്കുന്നവരുടെ താല്പര്യ കുറവും ഭാവിയിൽ ഗുരുതരമായ ആരോഗ്യ പ്രവർത്തകരുടെ ക്ഷാമത്തിന് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്. എൻഎച്ച്എസിൻ്റെ ഡോക്ടർമാരിൽ നല്ലൊരു ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യുന്നവരാണ്. കഴിഞ്ഞ വർഷം ഇവിടെ ഉണ്ടായിരുന്ന ഡോക്ടർമാരിൽ 36% പേരും യുകെ പൗരന്മാരല്ലാത്തവരായിരുന്നു. എന്നാൽ 2016 ൽ ഇത് 26.6% മാത്രം ആയിരുന്നു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ വിദ്യാർത്ഥികൾ തങ്ങളുടെ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത് വൻകട ബാധ്യതയുമായാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ബിരുദ പഠനം കഴിയുമ്പോൾ ഒരു ശരാശരി വിദ്യാർത്ഥിയുടെ കടബാധ്യത 53,000 പൗണ്ട് ആണ് . ഓരോ വർഷവും ഈ കടബാധ്യതയിൽ 10 ശതമാനം വർദ്ധനവ് ആണ് വന്നു കൊണ്ടിരിക്കുന്നത്. സർക്കാർ വായ്പകൾ ഉൾപ്പെടെയുള്ള ഈ കടം വിദ്യാർത്ഥികൾക്ക് വൻ ബാധ്യതയായി മാറുകയാണ്.


ഈ സാഹചര്യത്തിൽ വർദ്ധിച്ച് വരുന്ന ജീവിത ചിലവ് കൂടി നിറവേറ്റുന്നതിന് വിദ്യാർത്ഥികൾ കടം വാങ്ങുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. സ്റ്റുഡന്റ് ലോൺസ് കമ്പനി (SLC) 2024-25 ൽ വ്യക്തിഗത വായ്പ ബാലൻസ് ഒരു വർഷം മുമ്പുള്ളതിനേക്കാൾ £5,000 കൂടുതലാണെന്ന് കാണിക്കുന്ന കണക്കുകൾ പുറത്തുവിട്ടു. അതായത് ഒരു വർഷം മുമ്പ് കടബാധ്യത 4827 പൗണ്ട് ആയിരുന്നു. വിദ്യാഭ്യാസ ചിലവിന്റെ കുതിച്ചു കയറ്റം മൂലം സെമസ്റ്റർ ബ്രേക്കിന്റെ സമയത്ത് കൂടുതൽ വിദ്യാർത്ഥികൾ ശമ്പളമുള്ള ജോലികളിൽ ഏർപ്പെടാൻ നിർബന്ധിതരാകുന്നു എന്നതാണ് ഇതിന്റെ മറുവശം . ഹയർ എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഒരു സർവേയിൽ മുഴുവൻ സമയ വിദ്യാർത്ഥികളിൽ 68% പേരും ആഴ്ചയിൽ ശരാശരി 13 മണിക്കൂർ ജോലി ചെയ്യുന്നതായി കണ്ടെത്തി. ഇത് പലപ്പോഴും വിദ്യാർഥികളെ പലവിധ ശാരീരിക മാനസിക പ്രയാസങ്ങളിലേയ്ക്ക് തള്ളിവിടുന്നതിന് കാരണമാകുന്നുണ്ട്.


ഇതിനിടെ ഇംഗ്ലണ്ടിലെ വിദ്യാർത്ഥികൾക്കുള്ള സർക്കാരിൻറെ മൊത്തം വായ്പ 266 ബില്യണിലെത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു . അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം കുറയ്ക്കാൻ ആണ് സർക്കാർ നടപടി സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ആഭ്യന്തര വിദ്യാർത്ഥികൾക്കായുള്ള സർവകലാശാലകളുടെ മത്സരം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. സർക്കാർ കുടിയേറ്റ നയം കൂടുതൽ കർശനമാകുമ്പോൾ സ്വാഭാവികമായും അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം കുറയും. ഇതിന് അനുബന്ധമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ധനസഹായം പരിഷ്കരിക്കണമെന്നാണ് ഈ മേഖലയിൽ ഉള്ളവർ ആവശ്യപ്പെടുന്നത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലീഡ്സിലെ രണ്ട് ആശുപത്രികളിലെ മെറ്റേണിറ്റി സർവീസുകളെ നല്ലത് എന്ന വിഭാഗത്തിൽനിന്ന് അപര്യാപ്തം എന്ന നിലയിലേയ്ക്ക് തരംതാഴ്ത്തി. ഈ രണ്ട് ആശുപത്രികളിലെ പ്രസവ ശുശ്രൂഷ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും അപകടത്തിന് കാരണമാകുമെന്നത് തിരിച്ചറിഞ്ഞ് ഹെൽത്ത് കെയർ റെഗുലേറ്റർ ആണ് ഈ നടപടി സ്വീകരിച്ചത്.

ലീഡ്‌സ് ടീച്ചിംഗ് ഹോസ്പിറ്റൽസ് (LTH) എൻഎച്ച്എസ് ട്രസ്റ്റിൽ നടന്ന പരിശോധനകളിൽ കെയർ ക്വാളിറ്റി കമ്മീഷൻ (CQC) പരിചരണത്തിന്റെ ഗുണനിലവാരത്തെയും സ്റ്റാഫിംഗ് നിലവാരത്തെയും കുറിച്ചുള്ള ജീവനക്കാരിൽ നിന്നും രോഗികളിൽ നിന്നുമുള്ള ആശങ്കകൾ സ്ഥിരീകരിച്ചു. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തണമെന്ന് കാണിച്ച് ഇംഗ്ലണ്ടിന്റെ റെഗുലേറ്റർ ഇപ്പോൾ ഒരു മുന്നറിയിപ്പ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ ട്രസ്റ്റിൽ മതിയായ പരിചരണം ലഭിച്ചില്ലെന്ന് 67 കുടുംബങ്ങളാണ് പരാതിപ്പെട്ടത് . ഇതിൽ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഒഴിവാക്കാവുന്ന പരിക്കുകളോ മരണമോ സംഭവിച്ചുവെന്ന് പറയുന്ന മാതാപിതാക്കളും ഉൾപ്പെടുന്നുണ്ട് . ലീഡ്സ് ജനറൽ ഇൻഫർമറിയിലും (എൽജിഐ) സെന്റ് ജെയിംസ് യൂണിവേഴ്സിറ്റി ആശുപത്രിയിലും മെറ്റേണിറ്റി നവജാത ശിശുക്കളുടെ സേവനങ്ങൾ മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് തരംതാഴ്ത്തലിന് മറുപടിയായി എൽടിഎച്ച് പറഞ്ഞു. 2024 ഡിസംബറിലും 2025 ജനുവരിയിലും നടത്തിയ പരിശോധനകളിൽ, റിസ്ക് മാനേജ്മെന്റ്, സുരക്ഷിതമായ അന്തരീക്ഷം, അണുബാധ തടയലും നിയന്ത്രണവും, മെഡിസിൻ മാനേജ്മെന്റ്, സ്റ്റാഫിംഗ് എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്. കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും എല്ലായ്പ്പോഴും മാന്യമായും ബഹുമാനത്തോടെയും പിന്തുണയ്ക്കുകയും പരിഗണിക്കുകയും ചെയ്യുന്നില്ല എന്ന ആരോപണവും ഇവർക്കെതിരെ ഉയർന്നുവന്നിരുന്നു. സങ്കീർണ്ണമായ ആവശ്യങ്ങളുള്ള കുഞ്ഞുങ്ങളെ പരിചരിക്കാൻ യോഗ്യതയുള്ള ജീവനക്കാരുടെ കുറവും തരംതാഴ്ത്തലിനു കാരണമായിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved