വാല്‍സാള്‍: യുകെയിലെ മലയാളി സമൂഹത്തിന് ദുഖത്തിന്റെ മറ്റൊരു ദിനം കൂടി നല്‍കി ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളില്‍ നിന്നൊരു മരണവാര്‍ത്ത. ഏവര്‍ക്കും പ്രിയങ്കരിയായിരുന്ന സിസിലി ജോയ് ആണ് ഇന്നലെ രാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ വാല്‍സാല്‍ മാനര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു സിസിലി. മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ക്നാനായ പള്ളി ഇടവകാംഗമാണ്. താമരക്കാട് (അമനക്കര) പുളിക്കിയില്‍ ജോയ് ആണ് ഭര്‍ത്താവ്. താമരക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ പള്ളി ഇടവകാംഗമായ ജോയ് നിലവില്‍ യുകെകെസിഎ ജോയിന്റ് സെക്രട്ടറിയും സെന്‍ട്രല്‍ കമ്മറ്റി അംഗവുമാണ്. മൂത്ത മകള്‍ ജോയ്സി ജോയ് ബര്‍മിംഗ്ഹാം ആപ്പിള്‍ കമ്പനി സ്റ്റോറില്‍ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകള്‍ ജ്യോതിസ് ജോയ് കീല്‍ യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥിനിയാണ്.
സഹോദരങ്ങള്‍ : ഗ്രേസി ജോര്‍ജ്ജ്, സിസ്റ്റര്‍ വിന്‍സി (ഹോളി ക്രോസ്സ് ഹസാരിബാഗ്), ലീലാമ്മ ജോസഫ്, സിസ്റ്റര്‍ ശോഭിത (എസ് വി എം കോട്ടയം) , ജിജി വരിക്കാശ്ശേരി (ബര്‍മിംഗ്ഹാം യുകെ), ലാന്‍സ് വരിക്കാശ്ശേരി (മെല്‍ബണ്‍ ആസ്ട്രേലിയ)
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പുകൾപെറ്റ ഇന്ത്യൻ രുചിയുടെ സ്വാദ് വിളിച്ചോതുന്ന റെസ്റ്റോറന്റുകൾ യുകെയിൽ ഒട്ടേറെയാണ്. ഇന്ത്യൻ വംശജരെ കൂടാതെ തദ്ദേശീയരായ ഇംഗ്ലീഷുകാരും ഇവിടുത്തെ നിത്യസന്ദർശകരാണ്. പല റെസ്റ്റോറന്റുകളുടെയും ഷെഫുകൾ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ്. ഇന്ത്യൻ ഭക്ഷണത്തിൻെറ രുചി നുണയാൻ വില്യം രാജകുമാരനും കേറ്റ് രാജകുമാരിയും എത്തിയതിന് വൻ വാർത്താ പ്രാധാന്യമാണ് മാധ്യമങ്ങൾ നൽകിയത്. ബർമിംഗ്ഹാമിലെ ശർമ്മ കുടുംബം നടത്തുന്ന ഇന്ത്യൻ സ്ട്രീറ്ററി റെസ്റ്റോറന്റിലാണ് രാജകുമാരനും രാജകുമാരിയും ഭക്ഷണം കഴിക്കാൻ എത്തിയത്.
വെയിൽസിലെ രാജകുമാരനും രാജകുമാരിയും വൈവിധ്യമാർന്ന സംസ്‌കാരവും പൈതൃകവും ആഘോഷിക്കാനാണ് നഗരത്തിൽ എത്തിയത്. രാജ്യത്തെ വിവിധ ക്രിയേറ്റീവ് വ്യവസായങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്താൻ പദ്ധതിയിടുന്നതിന് ഭാഗമായാണ് ഈ സന്ദർശനം. ബർമിംഗ്ഹാമിലെ ജ്വല്ലറി ക്വാർട്ടറും ഇവർ സന്ദർശിക്കും. ആസ്റ്റൺ വില്ല ഫുട്ബോൾ ക്ലബ്ബിന്റെ കടുത്ത ആരാധകനായ വില്യമും ഭാര്യ കേറ്റും ഈ മേഖലയിലെ വളർച്ചയെ പറ്റി പഠിക്കും.
മെയ് 6 ന് നടക്കുന്ന ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് രണ്ടാഴ്ച ഇരിക്കെയാണ് വില്യമിന്റെയും കേറ്റിന്റെയും ബർമിംഗ്ഹാം സന്ദർശനം. കഴിഞ്ഞ വർഷം മെയ് മാസത്തിലും വില്യം രാജകുമാരൻ ബിർമിംഗ്ഹാമിൽ പ്രത്യേക സന്ദർശനം നടത്തിയിരുന്നു. ഈ സന്ദർശനത്തിൽ ആൽഡ്രിഡ്ജ് റോഡിലെ ബിസിയു ഡഗ് എല്ലിസ് സ്‌പോർട്‌സ് സെന്ററിൽ സ്‌പോർട്‌സ് കീയിലെ അംഗങ്ങൾക്കൊപ്പം അദ്ദേഹം ബാഡ്മിന്റൺ കളിച്ചിരുന്നു.
എൻഎച്ച്എസ് നേഴ്സുമാർ നടത്താനിരിക്കുന്ന സമരത്തെ നിയമപരമായി നേരിടാൻ സർക്കാർ തയാറെടുക്കുന്നതിന്റെ വിവരങ്ങൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി രണ്ട് ദിവസത്തെ യൂണിയന്റെ സമരപരിപാടികൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ബുധനാഴ്ച എൻ എച്ച് എസിന്റെ ഭാഗത്തു നിന്ന് നേഴ്സിംഗ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗിന് കത്തയച്ചു. പണിമുടക്കിനെ തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ് സമ്പാദിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ എന്നാണ് റിപ്പോർട്ടുകൾ . എന്നാൽ ഈ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ആർസിഎൻ വ്യക്തമാക്കി.
നിലവിൽ ഏപ്രിൽ 30 ഞായറാഴ്ച ആരംഭിച്ച് മെയ് 2 ചൊവ്വാഴ്ച രാത്രി 8 മണി വരെയാണ് ആർ സി എൻ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേയുമായി ആർ സി എൻ ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ ഈ ആഴ്ച കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ആരോഗ്യവകുപ്പ് കൂടുതൽ ചർച്ചകൾക്ക് തയ്യാറാകണമെന്ന അഭിപ്രായം ഭരണപക്ഷത്തു നിന്ന് തന്നെ ശക്തമാണ്. കൂടുതൽ ദോഷകരമായ നടപടികൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പ് ചർച്ചകൾ വീണ്ടും നടത്തുമെന്ന് മുൻ ടോറി പാർട്ടി ചെയർ ജേക്ക് ബെറി ആവശ്യപ്പെട്ടു.
യുകെ മലയാളികൾ ഉൾപ്പെടെയുള്ളവർ നിലവിലെ ശമ്പള വർദ്ധനവിൽ സന്തുഷ്ടരല്ലെന്ന വാർത്ത മലയാളംയുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു . വളരെ നാളുകളായുള്ള പ്രതിഷേധത്തിനും സമരപരമ്പരകൾക്കും ശേഷമാണ് ബ്രിട്ടനിൽ നേഴ്സുമാരും ആംബുലൻസ് ജീവനക്കാരടക്കമുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫിനും 5 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. അതോടൊപ്പം കുറഞ്ഞത് 1655 പൗണ്ട് ഒറ്റ തവണ പെയ്മെൻറ് ആയി നൽകുകയും ചെയ്തു. ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലെയും എൻഎച്ച്എസ് നേതൃത്വവും സമര രംഗത്തായിരുന്ന 14 യൂണിയനുകളുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ ഈ തീരുമാനത്തിലെത്തിയത് . എന്നാൽ സർക്കാരും എൻ എച്ച് എസിലെ വിവിധ നേഴ്സിംഗ് യൂണിയൻ നേതാക്കളും തമ്മിലുള്ള ചർച്ചയിൽ സമവായത്തിലെത്തിയ ശമ്പള വർദ്ധനവിനെതിരെ യൂണിയൻ അംഗങ്ങൾ വോട്ട് ചെയ്തതോടെയാണ് നഴ്സുമാർ വീണ്ടും സമരത്തിന് തയ്യാറെടുക്കുന്നത്.
ലണ്ടൻ: റിഷി സുനക് തന്റെ ഉപപ്രധാനമന്ത്രി ഡൊമിനിക് റാബിന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ആരോപണം. റാബിനെതിരായ ഭീഷണിപ്പെടുത്തൽ ആരോപണങ്ങളെക്കുറിച്ച് അഭിഭാഷകന്റെ നേതൃത്വത്തിലുള്ള അന്വേഷണം ഇന്ന് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ പുറത്ത് വന്ന വിവരം. എന്നാൽ ഇതുവരെ റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല. പ്രതിപക്ഷ പാർട്ടികളിൽ നിന്നുൾപ്പെടെ വലിയ വിമർശനമാണ് ഉയരുന്നത്.
തന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊരാളായ റാബ്, മന്ത്രിമാരുടെ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ, പുറത്താക്കണോ അതോ രാജിവെക്കണോ എന്ന് സുനക് അന്തിമമായി തീരുമാനിക്കേണ്ടതുണ്ട്. റിപ്പോർട്ട് ലഭിച്ച അന്നുതന്നെ തീരുമാനമുണ്ടാകുമെന്ന് മുതിർന്ന നേതാക്കളും അറിയിച്ചിരുന്നു. റിപ്പോർട്ടിന്റെ പൂർണ്ണരൂപം അദ്ദേഹം കണ്ടെങ്കിലും പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
നീതിന്യായ സെക്രട്ടറി കൂടിയായ റാബ്, ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് നിഷേധിക്കുകയും താൻ എല്ലായ്പ്പോഴും പ്രഫഷണലായി മാത്രമേ പെരുമാറിയിട്ടുള്ളെന്നും വ്യക്തമാക്കി. മന്ത്രിയെന്ന നിലയിൽ തന്റെ എട്ട് ഔപചാരിക പരാതികളാണ് അദ്ദേഹം നേരിടുന്നത്. നവംബറിൽ ആരോപണങ്ങൾ അന്വേഷിക്കാൻ മുതിർന്ന അഭിഭാഷകൻ ആദം ടോളി കെസിയെ പ്രധാനമന്ത്രി നിയോഗിച്ചിരുന്നു. എന്നാൽ വിഷയത്തിൽ അന്തിമ നടപടി കൈകൊള്ളുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്.
ലണ്ടൻ: ബ്ലാക്ക്‌പൂളിൽ നിന്ന് കാണാതായ അച്ഛനെയും മകളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. അഹമ്മദ് കർവാൻ അബ്ദുല്ല (36), ദുനിയ അബ്ദുല്ല (മൂന്ന്) എന്നിവരെ അവസാനമായി കണ്ടത് കടൽത്തീരത്താണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഏപ്രിൽ 10നാണ് ഇവരെ കാണാതായത്. 5 അടി 8 ഇഞ്ച് ഉയരമുള്ള, തവിട്ട് നിറമുള്ള കണ്ണുകളും ചെറിയ കറുത്ത മുടിയും ഇരുണ്ട താടിയും ഉള്ള വ്യക്തിയാണ് അഹമ്മദ്.
ചുരുണ്ട, തോളോളം നീളമുള്ള തവിട്ട് നിറമുള്ള മുടി, തവിട്ട് നിറമുള്ള കണ്ണുകൾ, ഏകദേശം 3 അടി ഉയരം എന്നിങ്ങനെയാണ് ദുനിയയുടെ അടയാളങ്ങൾ. ഇരുവർക്കും മാഞ്ചസ്റ്ററുമായും കെന്റുമായും ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. അഹമദിനേയും, ദുനിയെയും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും, ഇരുവരുടെയും ജീവിതം സംബന്ധിച്ച് ഞങ്ങൾ ആശങ്കാകുലരാണെന്നും ബ്ലാക്ക്‌പൂൾ പോലീസിലെ പിസി ആംഗസ് പറഞ്ഞു
സംഭവത്തിൽ ഇരുവരെയും കണ്ടെത്താനുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി തെളിവുകളും ശേഖരിച്ചു വരുന്നു. എവിടെങ്കിലും ഇവരെ കാണുകയോ, എന്തെങ്കിലും വിവരങ്ങൾ പങ്കുവെക്കാനോ ആഗ്രഹിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണസംഘം മേധാവി പറഞ്ഞു. ഇരുവരുടെയും ജീവൻ നഷ്ടപ്പെടാതെ നോക്കാൻ പോലീസ് സംഘം പരമാവധി ഇടപെടൽ നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
യുകെ മലയാളികളെ ആകെ ദുഃഖത്തിലാക്കി കഴിഞ്ഞദിവസം വിടപറഞ്ഞ മഞ്ജുഷിന് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഏപ്രിൽ 22-ാം തീയതി ശനിയാഴ്ച അന്ത്യാഞ്ജലി അർപ്പിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 4 മണിക്ക് മഞ്ജുഷിന്റെ മാതൃ ഇടവകയായ സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് പരേതയോടുള്ള ആദര സൂചനയായി കുർബാനയും ഉണ്ടായിരിക്കുന്നതാകണന്ന് വികാരി ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.
വെയിക്ഫീൽഡിൽ കുടുംബസമേതം താമസിച്ചിരുന്ന മഞ്ജുഷ് മാണി (48) ക്യാൻസർ ബാധിച്ച് ഏപ്രിൽ 17 തിങ്കളാഴ്ചയാണ് മരണമടഞ്ഞത് .ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളെയും തനിച്ചാക്കിയാണ് മഞ്ജുഷ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. ഷെഫായിട്ട് ജോലി ചെയ്തു കൊണ്ടിരുന്ന മഞ്ജുഷിന്റെ ഭാര്യ ബിന്ദു അടുത്തകാലത്ത് മാത്രമാണ് എൻഎച്ച്എസിൽ ജോലിയിൽ പ്രവേശിച്ചത്. മഞ്ജുഷ് ബിന്ദു ദമ്പതികളുടെ രണ്ട് പെൺമക്കളായ ആൻ മേരിയും, അന്നയും യഥാക്രമം എ ലെവലിലും പത്താം ക്‌ളാസ്സിലുമാണ് പഠിക്കുന്നത്.
രണ്ട് വർഷം മുൻപാണ് തനിക്കു ക്യാൻസർ പിടിപെട്ടിരിക്കുന്ന കാര്യം മഞ്ജുഷ് തിരിച്ചറിഞ്ഞത്. എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്ന, ആരോടും സൗഹൃദം കൂടുന്ന നല്ലൊരു മനസ്സിനുടമയായിരുന്നു മഞ്ജുഷ്. അതുകൊണ്ടു തന്നെ ഈ മരണം വെയിക്ഫീൽഡ് മലയാളികളുടെ നൊമ്പരമായി മാറിയത്. പിറവം മൈലാടിയിൽ കുടുംബാംഗമായ മഞ്ജുഷിന്റെ ആവശ്യപ്രകാരം നാട്ടിലാണ് സംസ്‌കാരം നടത്തുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബോള്‍ട്ടണിലെ ഔര്‍ ലേഡി ലൂര്‍ദ്സ് പള്ളിയ്ക്ക് നേരെ കല്ലേറ്. കഴിഞ്ഞ ദിവസം പള്ളിയിൽ മലയാളം കുര്‍ബാന നടന്നു കൊണ്ടിരിക്കെയാണ് സംഭവം. ആരാണ് ആക്രമണത്തിന് പിന്നിൽ എന്നുള്ളത് വ്യക്തമല്ല. ആ സമയം പള്ളിയിൽ കുർബാനയിൽ ആളുകൾ പങ്കെടുക്കുകയായിരുന്നു. വലിയ ശബ്ദമോ ഒന്നും തന്നെ കേട്ടില്ല, പക്ഷെ ചില്ലുകൾ തകർന്ന് വീണെന്നും, ഇതിന് പിന്നിൽ ഒരു പ്രത്യേക വിഭാഗമാണെന്നുമാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. കല്ല് എറിഞ്ഞ ശേഷം അക്രമികൾ ഓടി ഒളിക്കുകയായിരുന്നു എന്നും, ആരാണ് പിന്നിൽ എന്ന് വ്യക്തമല്ലെന്നും അധികൃതർ പറയുന്നു.
ആക്രമണം ഉണ്ടായ സംഭവം ഇടവക വൈദികന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജനല്‍ ചില്ലുകള്‍ തകര്‍ന്ന കാര്യം പള്ളിയുടെ ചുമതലക്കാരനായ സാല്‍ഫോര്‍ഡ് രൂപതയിലെ വൈദികനെ അറിയിച്ചതായും മലയാളി വൈദികന്‍ വ്യക്തമാക്കി. എന്നാൽ ഏതെങ്കിലും നിയമ നടപടികളിലേക്ക് പള്ളി കടന്നിട്ടുണ്ടോ എന്നുള്ളതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. യുകെ യുടെ വിവിധ പ്രദേശങ്ങളിലെ ദേവാലയങ്ങൾക്ക് നേരെ മുൻപും സമാനമായ ആക്രമണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മലയാളി സമൂഹത്തെ അല്ല അക്രമികൾ ലക്ഷ്യമിടുന്നത് എന്നുള്ളത് ഇതിൽ നിന്ന് വ്യക്തമാണ്.
ബോള്‍ട്ടണിലെ ക്രിസ്ത്യന്‍ വിശ്വാസികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ സാല്‍ഫോര്‍ഡ് രൂപതയ്ക്ക് കീഴിലുള്ള ഈ പ്രദേശത്തെ പള്ളികളുടെ എണ്ണം പാതിയായി കുറയ്ക്കാന്‍ രൂപതാ അധ്യക്ഷന്‍ ഏതാനും വര്‍ഷം മുന്‍പ് തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. പള്ളികളിൽ ആളുകളുടെ എണ്ണം കുറയുന്നതാണ് നടപടിക്ക് കാരണം. പക്ഷെ ഇന്ത്യയിലും മറ്റിടങ്ങളിലും പള്ളികൾക്ക് നേരെ ആക്രമണം ഉണ്ടാകുമ്പോൾ പ്രതിഷേധം ഉയരാറുണ്ട്. എന്നാൽ യുകെയിലെ സാഹചര്യം നേരെ വിഭിന്നമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സാമ്പത്തിക രംഗത്ത് സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളെ അഭിമുഖീകരിച്ചു യുകെ. പണപ്പെരുപ്പത്തിന്റെ നിരക്ക് അൽപ്പം കുറഞ്ഞെങ്കിലും ഇപ്പോഴും 10 ശതമാനത്തിന് മുകളിൽ തുടരുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഭക്ഷണത്തിന്റെ വില 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു. എന്നാൽ, കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് (സിപിഐ) അളവ് മുൻ മാസത്തെ 10.4 ശതമാനത്തിൽ നിന്ന് മാർച്ചിൽ 10.1 ശതമാനമായി കുറഞ്ഞുവെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് (ഒഎൻഎസ്) പറഞ്ഞു.
എന്നാൽ സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത് 9.8 ശതമാനമാണ്. യുക്രൈൻ റഷ്യ യുദ്ധം എണ്ണ വില വർദ്ധനയ്ക്ക് കാരണമായി. അപ്പം, പാൽ, മുട്ട തുടങ്ങിയ അവശ്യവസ്തുക്കൾ ഉൾപ്പെടെ ഗാർഹിക ഗ്യാസ്, വൈദ്യുതി, ഭക്ഷണം എന്നിവയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധനവില തുടർച്ചയായി വർദ്ധിച്ചതോടെ ദൈനംദിന ചിലവുകൾ പോലും പ്രതിസന്ധിയിലാണ് എന്നതാണ് വസ്തുത. ഭക്ഷ്യ-ആൽക്കഹോൾ ഉൾപ്പെടെയുള്ള ഇതര പാനീയങ്ങളുടെ വിലക്കയറ്റം 19.1% ആയി ഒ എൻ എസ് കണക്കാക്കുന്നു.
ഇത് 1977 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ്. ഉയർന്ന ചരക്കുകളുടെയും ഉത്പാദനചെലവുകളുടെയും കാരണങ്ങളാണ് ഇവയിൽ കൂടുതലും. ചെറിയ തുകകൾ സ്വരൂകൂട്ടി വെക്കുന്ന സമീപനമാണ് ഇതിൽ പ്രധാനം. യുകെയുടെ വളർച്ചാ സീസൺ കുതിച്ചുയരുന്നതിനനുസരിച്ച് തക്കാളി, വെള്ളരി തുടങ്ങിയ സാധനങ്ങളുടെ വില കുത്തനെ ഇടിയുമെന്നതാണ് ആശ്വാസത്തിന്റെ ഒരു ചെറിയ ഭാഗം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ ചൈൽഡ് കെയർ സ്ഥാപനത്തെ ചുറ്റിപറ്റിയുള്ള വിവാദങ്ങൾ കൂടുതൽ ശക്തമാകുന്നു. കോരു കിഡ്‌സിലെ അക്ഷതാ മൂർത്തിയുടെ ഓഹരികളെക്കുറിച്ച് പ്രധാനമന്ത്രി സ്വന്തം പാർട്ടി നേതൃത്വത്തിൽ നിന്നുൾപ്പടെ ചോദ്യങ്ങൾ നേരിടുകയാണ് നിലവിൽ. പാർലമെന്ററി അന്വേഷണം ഒരു വശത്തുകൂടി പുരോഗമിക്കുമ്പോൾ തന്നെ വിഷയം കൂടുതൽ ചർച്ചകളിലേക്ക് നീങ്ങുകയാണ്. ഇതിനിടയിൽ ഓഹരി പ്രഖ്യാപിച്ച് റിഷി സുനക് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. എന്നാൽ, സർക്കാർ മുൻപോട്ട് വച്ച ചൈൽഡ് കെയർ സ്കീമുകളിൽ പലതും അക്ഷത മൂർത്തി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും വിമർശകർ പറയുന്നു.
പ്രധാനമന്ത്രിയുടെ നൈതിക ഉപദേഷ്ടാവ് നിയന്ത്രിക്കുന്ന പട്ടിക സമാഹരിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നാണ് നിലവിൽ അധികൃതർ പറയുന്നത്. വസ്തുത മറച്ചുവെച്ച പ്രധാനമന്ത്രിയുടെ സമീപനം വില കുറഞ്ഞതാണെന്നും, പദവിക്ക് നിരക്കാത്ത രീതി വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും വിമർശകർ പറഞ്ഞു. ഇതിനെതുടർന്ന് ലേബർ പാർട്ടി നേതൃത്വവും രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ജനപ്രതിനിധികൾ ജനങ്ങളുടെ പ്രതിനിധിയാണെന്നും അവർക്ക് മുൻപിൽ സത്യങ്ങൾ മറച്ചു വെക്കുന്നത് അപഹാസ്യമാണെന്നും ലേബർ പാർട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
വർഷത്തിൽ രണ്ടുതവണ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിരുന്നതും എന്നാൽ 11 മാസം മുമ്പ് അവസാനമായി പുതുക്കിയതുമായ പട്ടിക പ്രസിദ്ധീകരിക്കാൻ വൈകിയതിൽ സർക്കാർ വിമർശനം നേരിടുകയാണ്. മന്ത്രിമാരുടെയും മറ്റ് ചുമതലയുള്ള ആളുകളെയും കുറിച്ച് വർഷത്തിൽ രണ്ടുതവണ രേഖകൾ പുറത്ത് വിടണം എന്ന് നിയമം ഇരിക്കെയാണ് വീഴ്ച വരുത്തിയത്. ഓഹരികൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് റിഷി സുനക് മറുപടി പറയാൻ തയാറാകാഞ്ഞതും വിഷയം കൂടുതൽ ഗൗരവമുള്ളതാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഓക്സ്‌ഫോർഡ് ആസ്ട്രാസെനെക്ക കോവിഡ് പ്രതിരോധ വാക്‌സിന്റെ അപ്രതീക്ഷിത പാർശ്വഫലങ്ങൾ മൂലം എൻ എച്ച് എസ് ഡോക്ടർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. തെക്ക്-കിഴക്കൻ ലണ്ടനിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്ന ഡോ. സ്റ്റീഫൻ റൈറ്റാണ് (32) മരണപ്പെട്ടത്. 2021 ജനുവരിയിൽ വാക്സിൻെറ ആദ്യ ഡോസ് സ്വീകരിച്ച് 10 ദിവസത്തിന് ശേഷമാണ് മരണം സംഭവിച്ചത്.
ബുധനാഴ്ച ലണ്ടൻ ഇന്നർ സൗത്ത് കൊറോണേഴ്‌സ് കോടതിയിൽ നടന്ന കേസ് വിസ്താരത്തിൽ സീനിയർ കൊറോണർ ആൻഡ്രൂ ഹാരിസ് ഈ കേസിനെ ദാരുണവും വളരെ അസാധാരണവും എന്ന നിലയിൽ വിശേഷിപ്പിച്ചു. പാൻഡെമിക് സമയത്ത് വാക്സിൻ നൽകിയ ആദ്യകാല ആളുകളിൽ മുൻനിര ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ സംഭവത്തെ ഗൗരവത്തോടെ കാണാണമെന്നാണ് ആൻഡ്രൂ ഹാരിസ് പറയുന്നത്. സംഭവത്തിൽ ഡോ റൈറ്റ് ഉൾപ്പടെയുള്ള ഒരു ചെറിയ കൂട്ടം ആളുകൾ നേരത്തെ പ്രതികരണം നടത്തിയിരുന്നു. നിലവിൽ ആരോഗ്യവിഭാഗം മേധാവികൾ അന്വേഷണം നടത്തുന്നുണ്ട്.
ബ്രെയിൻസ്റ്റം ഇൻഫ്രാക്ഷൻ, തലച്ചോറിലെ രക്തസ്രാവം, വാക്സിൻ-ഇൻഡ്യൂസ്ഡ് ത്രോംബോസിസ് എന്നിവയുടെ പ്രഹരമാണ് ഡോക്ടറിന്റെ ജീവനെടുത്തത്. അസ്വസ്ഥതകൾ കാണിച്ചതിനെ തുടർന്ന് ഓർപിംഗ്ടണിലെ പ്രിൻസസ് റോയൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്കാണ് ആദ്യം കൊണ്ടുപോയത്. തുടർന്ന് അവസ്ഥ അതിവേഗം വഷളായതിനാൽ അദ്ദേഹത്തെ കിംഗ്സ് കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മതിയായ എല്ലാ ചികിത്സകളും ലഭ്യമാക്കാൻ ശ്രമം നടത്തിയെന്നും, എന്നാൽ വാക്‌സിന്റെ പാർശ്വഫലങ്ങൾ ആണെന്നും, വാക്‌സിൻ എടുത്ത് അന്ന് തന്നെ ഡോക്ടറിനു തലവേദനയും മറ്റ് അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു എന്നും ഹോസ്പിറ്റൽ മേധാവി കൂട്ടിചേർത്തു.