Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

പസഫിക് കടലിനടിയിൽ വൻ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ടോംഗയുടെ തീരത്ത് സുനാമി രൂപപ്പെട്ടു. 4 അടിയോളം ഉയരത്തിലാണ് തീരത്തേയ്ക്ക് തിരമാലകൾ അടിച്ചുകയറിയത് . കടൽത്തീരത്ത് താമസിച്ചിരുന്നവർ ഉയർന്ന സ്ഥലങ്ങളിലേയ്ക്ക് പാലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ .

ഔദ്യോഗിക സമയം 5. 10 -ന് ഉണ്ടായ അഗ്നിപർവ്വത സ്ഫോടനം ആണ് സുനാമിക്ക് കാരണമായത് . ഏകദേശം 20 മിനിറ്റിനു ശേഷം ടോംഗയുടെ തീരദേശ പ്രദേശത്തെ വീടുകളും വാഹനങ്ങളും റോഡുകളും സുനാമി തകർത്തതായായാണ് റിപ്പോർട്ടുകൾ. അഗ്നിപർവ്വത സ്ഫോടനത്തിൻെറ ശബ്ദം ബോംബ് സ്ഫോടന ശബ്ദമായാണ് ആദ്യം കരുതിയത്. സ്ഫോടന ശബ്ദം ആയിരക്കണക്കിന് മൈൽ ദൂരേയ്ക്ക് കേൾക്കാമായിരുന്നു . ന്യൂസിലാൻഡ്, ഫിജി, അമേരിക്കൻ സമോവ എന്നിവിടങ്ങളിലെ തീര പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകിയിരുന്നു.

രാജ്യം കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നുപോയ അവസരത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പാർട്ടി നടത്തിയതിൽ രാജ്യമെമ്പാടും അമർഷം പുകയുന്നു. ഫിലിപ്പ് രാജകുമാരൻെറ സംസ് കാരത്തിൻറെ തലേന്നും പ്രധാനമന്ത്രിയുടെ ഓഫീസ് മദ്യസൽക്കാരം നടത്തിയ വാർത്ത കടുത്ത പ്രതിഷേധമാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ബക്കിംഗ്ഹാം കൊട്ടാരത്തോട് മാപ്പ് പറഞ്ഞെങ്കിലും സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ നിലവിൽ നിന്നിരുന്ന സമയത്ത് 11 മദ്യ വിരുന്നുകളെങ്കിലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയോട് കേന്ദ്രീകരിച്ച് നടത്തിയിട്ടുണ്ടെന്നാണ് വാർത്തകൾ.

ഇതിനിടെ ബോറിസ് ജോൺസൺ പ്രധാനമന്ത്രിപദം ഒഴിയേണ്ടി വന്നാൽ ഇന്ത്യൻ വംശജനായ ഋഷി സുനക് പുതിയ പ്രധാനമന്ത്രി ആകും എന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ബ്രിട്ടീഷ് മന്ത്രിസഭയിൽ രണ്ടാം സ്ഥാനം വഹിക്കുന്നത് ധനകാര്യമന്ത്രി ആണ് . ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ.നാരായണമൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഋഷി സുനകിൻെറ ഭാര്യ. കൃഷ്ണ, അനൗഷ്ക എന്നിവരാണ് മക്കൾ. ഏതായാലും സമീപകാല സംഭവങ്ങൾ മൂലം പ്രധാനമന്ത്രിയുടെ ജനപ്രീതിയുടെ ഗ്രാഫ് വളരെ താഴെ ഇടിഞ്ഞതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ഉള്ള മുൻ ഭാര്യയുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെ ബ്രിട്ടീഷ് ബിസിനസുകാരൻ മാറ്റ് ഹാർപറിനെ ഇന്തോനേഷ്യൻ കാമുകി കൊലപ്പെടുത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. കൊലപാതകക്കുറ്റത്തിന് അദ്ദേഹത്തിന്റെ കാമുകി എമ്മി പാക് പഹനിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ മാറ്റ് ആത്മഹത്യ ചെയ്തുവെന്നാണ് കാമുകി പോലീസിന് നൽകിയ വിവരം. ഗ്ലൗസെസ്റ്ററിൽ നിന്നുള്ള നാല്പത്തെട്ടുകാരനായ മാറ്റ് ഹാർപർ മുൻ ഭാര്യയുമായി ഓൺലൈനിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് മരണം നടന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ജൂലൈ മുതൽ ഇന്തോനേഷ്യൻ വംശജയായ എമ്മി ഹോട്ടൽ ഉടമയായ മാറ്റുമായി സ്നേഹബന്ധത്തിൽ ആയിരുന്നുവെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി.


മാറ്റ് മുറിയുടെ വാതിലുകളും മറ്റും അടച്ച് തനിയെ മരിച്ചുവെന്നാണ് കാമുകി പോലീസിനോട് അറിയിച്ചത്. ഇതോടൊപ്പം തന്നെ മാറ്റ് മരിക്കുന്ന നിമിഷങ്ങളിലെ വീഡിയോയും അവർ പോലീസിന് കൈമാറിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്ന് എമ്മി പറഞ്ഞു. എന്നാൽ എമ്മിയുടെ മൊഴി പോലീസിനെ വിശ്വാസമാകാതിരുന്നതിനെ തുടർന്നാണ് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് എമ്മിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യൻ പോലീസ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും, എല്ലാവിധ സഹായങ്ങളും നൽകുമെന്നും ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇ -സിഗരറ്റുകൾ പുരുഷന്മാരിൽ പ്രത്യുൽപാദനശേഷി കുറയ്ക്കുമെന്ന് ആദ്യമായി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബ്രിട്ടീഷ് പൊതു ആരോഗ്യ വിഭാഗം. പുകവലി, മദ്യപാനം, സ്റ്റിറോയ്ഡുകളുടെ ഉപയോഗം മുതലായവയ്ക്ക് ഒപ്പം തന്നെ ഇ – സിഗരറ്റുകളും പുരുഷന്മാരിൽ വന്ധ്യതയ്ക്ക് കാരണമാകുമെന്നാണ് പഠനറിപ്പോർട്ടുകൾ തെളിയിക്കുന്നത്. ഇതുമൂലമാണ് ജനങ്ങൾക്ക് ഇക്കാര്യത്തിലുള്ള അവബോധം നൽകുവാൻ ബ്രിട്ടീഷ് പൊതു ആരോഗ്യ വിഭാഗം മുന്നോട്ടു വന്നിരിക്കുന്നത്. ഇതോടൊപ്പംതന്നെ നീണ്ട മണിക്കൂറുകൾ ലാപ്ടോപ്പുകൾ മടിയിൽവെച്ച് ഉപയോഗിക്കുന്നതും, ചൂടുവെള്ളത്തിൽ നീണ്ട മണിക്കൂറുകൾ കുളിക്കുന്നതും ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് ഫെർട്ടിലിറ്റി സൊസൈറ്റി വ്യക്തമാക്കുന്നുണ്ട്. ബീജോൽപാദനത്തിന് മിനിമം ടെമ്പറേച്ചർ ആവശ്യമായതിനാലാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ ഒഴിവാക്കേണ്ടേതെന്ന് വിദഗ് ധർ വ്യക്തമാക്കുന്നു.

ഈ നൂറ്റാണ്ടിൽ പുരുഷന്മാരിൽ ബീജോൽപാദനം കുറയുന്നത് ഭൂരിഭാഗവും ജീവിതശൈലി മൂലമാണ്. 2020ൽ നടത്തിയ പഠനങ്ങളിൽ വേപിങ് അഥവാ ഇ -സിഗരറ്റുകൾ ഉപയോഗിക്കുന്ന പുരുഷന്മാരിൽ ബീജോൽപാദനം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യാപകമായ ഡാറ്റ ലഭ്യമല്ലെങ്കിലും, ലൈംഗിക ആരോഗ്യത്തിന് ഇത്തരം ശീലങ്ങൾ ഒഴിവാക്കുകയാണ് നല്ലതെന്ന് ബ്രിട്ടീഷ് ഫെർട്ടിലിറ്റി സൊസൈറ്റി വിദഗ്ധൻ ഡോക്ടർ രാജ് മാത്തുർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡിന്റെ വരവിനു ശേഷം തകർച്ചയിലേക്ക് നീങ്ങിയ സമ്പദ്‌വ്യവസ്ഥ, പ്രതീക്ഷിച്ചതിലും വേഗത്തിൽ വളർന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബറിനും നവംബറിനുമിടയിൽ ജിഡിപി 0.9% വർദ്ധിച്ചതായി നാഷണൽ സ്റ്റാറ്റിസ്ടിക്സ് ഓഫീസ് അറിയിച്ചു. ഇതാദ്യമായാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ കോവിഡിന് മുമ്പുള്ള നിലയെ മറികടന്നത്. നവംബറിൽ ജിഡിപി 0.4% വർദ്ധിക്കുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകളെ തെറ്റികൊണ്ടായിരുന്നു ഈ വളർച്ച. എന്നാൽ ഒമിക്രോണിന്റെ വ്യാപനത്തിനും പ്ലാൻ ബി അവതരിപ്പിച്ചതിനും ശേഷം വളർച്ച വീണ്ടും മന്ദഗതിയിലായതായി ആശങ്കയുണ്ട്.

സമ്പദ്‌വ്യവസ്ഥയിലെ വളർച്ച ബ്രിട്ടീഷ് ജനതയുടെ ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും തെളിവാണെന്ന് ചാൻസലർ ഋഷി സുനക് പറഞ്ഞു. നിർമ്മാണ മേഖലയിലെ 3.5% വളർച്ചയാണ് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിച്ചതെന്ന് ക്യാപിറ്റൽ ഇക്കണോമിക്‌സിലെ വിദഗ്ധർ ചൂണ്ടിക്കാട്ടി. പ്രൊഫഷണൽ മേഖലയും മെച്ചപ്പെട്ടു. 300 വർഷത്തിനിടയിൽ കണ്ട ഏറ്റവും കടുത്ത മാന്ദ്യത്തിലേക്കായിരുന്നു കോവിഡ് രാജ്യത്തെ തള്ളിവിട്ടത്.

ലോക്ക്ഡൗൺ കാലത്ത് ഉണ്ടായ കനത്ത നഷ്ടങ്ങളെല്ലാം സമ്പദ്‌വ്യവസ്ഥ വീണ്ടെടുത്തതും ഒക്ടോബർ – നവംബർ മാസങ്ങളിലാണ്. എന്നാൽ 2022ലെ ആദ്യ മാസങ്ങളിൽ വളർച്ച മന്ദഗതിയിലാകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി. വിതരണ ശൃംഖലയിലെ തടസ്സങ്ങളുടെ പ്രത്യാഘാതങ്ങളും തൊഴിലാളികളുടെ നിരന്തരമായ ക്ഷാമവും ഈ വർഷം ഉൽപാദനത്തെ തടസ്സപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി. വർദ്ധിച്ചുവരുന്ന നികുതികളും പണപെരുപ്പവും മലയാളികൾ അടക്കുമുള്ള ഭൂരിഭാഗം കുടുംബങ്ങളെയും ദോഷകരമായി ബാധിക്കും.

ബ്രിട്ടനിലെ ജനസംഖ്യ നിരക്കിൽ വൻ കുറവ് ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ജനന നിരക്കിനേക്കാൾ മരണനിരക്ക് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് വരും ദശകങ്ങളിൽ രാജ്യത്തെ ജനസംഖ്യയിൽ പ്രതീക്ഷിച്ചതിനേക്കാൾ കുറവ് രേഖപ്പെടുത്തുമെന്ന് കണ്ടെത്തിയത്. 2020 നും 2030 നും ഇടയിൽ ജനസംഖ്യ 3.2% വർദ്ധിച്ച് 69.2 ദശലക്ഷമായി ഉയരുമെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻെറ കണക്കുകൾ കാണിക്കുന്നത്. ഇത് 2019 – ൽ ഉദ്ദേശിച്ചതിനേക്കാൾ 1% കുറവാണ്.

പുതിയ കണക്കുകളിൽ കോവിഡ് മൂലം ഉടലെടുത്ത പ്രതിസന്ധി പ്രതിഫലിച്ചിട്ടില്ല. മഹാമാരി മൂലം ബ്രിട്ടനിൽ ഒന്നരലക്ഷത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത് . ജനനനിരക്ക് മരണനിരക്കിനേക്കാൾ കുറവാണെങ്കിലും ജനസംഖ്യയിൽ അതിന് ആനുപാതികമായി കുറവ് ഉണ്ടാകാത്തത് കുടിയേറ്റം മൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത് .2030ഓടെ യുകെയിലെ ജനസംഖ്യയിലേക്ക് 2 ദശലക്ഷത്തിലധികം വിദേശ പൗരന്മാരെ കൂടി ചേർക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആന്‍ഡ്രൂ രാജകുമാരന്റെ എല്ലാ സൈനിക രാജകീയ പദവികളും എടുത്ത് മാറ്റിയതായി ബക്കിംങ്ഹാം കൊട്ടാരം. അമേരിക്കയില്‍ ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ വിചാരണ നേരിടണം എന്ന വിധി വന്നതിന് പിന്നാലെയാണ് രാജകുടുംബം ഈയൊരു നടപടി സ്വീകരിച്ചത്. എലിസബത്ത് രജ്ഞിയാണ് ഉത്തരവ് ഇറക്കിയത്. ‘രാജ്ഞിയുടെ അംഗീകാരത്തോടെ ഡ്യൂക്ക് ഓഫ് ന്യൂയോര്‍ക്കിന്‍റെ (ആന്‍ഡ്രൂവിന്‍റെ രാജകീയ പദവി) എല്ലാതര സൈനിക, രാജകീയ അവകാശങ്ങളും തിരിച്ചു വാങ്ങി’ – ബക്കിംങ്ഹാം കൊട്ടാരം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. തന്‍റെ കേസ് ഒരു സ്വകാര്യവ്യക്തിയെപ്പോലെ ആൻഡ്രൂ നേരിടുമെന്നും പ്രസ്താവനയിൽ പറയുന്നു.

കേണൽ ഓഫ് ദി ഗ്രനേഡിയർ ഗാർഡ് സ് ഉൾപ്പെടെയുള്ള സൈനിക പദവികൾ നഷ്ടമാകും. ഹാരിയെയും മേഗനെയും പോലെ, ആൻഡ്രൂ രാജകുമാരൻ തന്റെ എച്ച്ആർഎച്ച് (ഹിസ് റോയൽ ഹൈനെസ്) പദവി നിലനിർത്തുമെങ്കിലും ഔദ്യോഗികമായി ഉപയോഗിക്കാൻ കഴിയില്ല. ഡ്യൂക്കിന്റെ സൈനിക പദവികൾ രാജ്ഞിക്ക് തിരികെ നൽകുന്നതിനെക്കുറിച്ച് അഭിപ്രായമില്ലെന്നും ഇത് കൊട്ടാരത്തിന്റെ കാര്യമാണെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.

ലൈംഗികപീഡനക്കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജയിലിൽ മരിക്കുകയും ചെയ്ത അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈന്റെ നിർദേശപ്രകാരം രാജകുമാരനുവേണ്ടി 17–ാം വയസ്സിൽ തന്നെ എത്തിച്ചുകൊടുത്തെന്ന് വിർജീനിയ എന്ന വനിത നടത്തിയ ആരോപണത്തിലാണ് ഇപ്പോള്‍ ആന്‍ഡ്രൂവിനെതിരെ കോടതി വിധി വന്നിരിക്കുന്നത്. അമേരിക്കയില്‍ വിര്‍ജീനിയ നല്‍കിയ സിവില്‍കേസ് നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിനെതിരെ ആന്‍ഡ്രൂ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം യുഎസ് കോടതി തള്ളി. തുടര്‍ന്ന് വിര്‍ജീനിയക്ക് കേസുമായി മുന്നോട്ട് പോകാന്‍ കോടതി അനുമതി നല്‍കിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പുകൾ നഷ്ടപ്പെടുന്ന ഈ നൂറ്റാണ്ടിൽ 81 -മത് വിവാഹ വാർഷികം ആഘോഷിക്കുകയാണ് ബ്രിട്ടീഷ് ദമ്പതികളായ റോൺ, ജോയ്സ് എന്നിവർ. ബ്രിട്ടനിലെ തന്നെ നിലവിൽ ഏറ്റവും കൂടുതൽ വർഷക്കാലം വിവാഹ ജീവിതം നയിച്ച ദമ്പതികളാണ് ഇവർ. 102 വയസ്സുള്ള റോണും, 100 വയസ്സുള്ള ജോയിസും 1941 ലാണ് വിവാഹിതരായത്. ആദ്യ കണ്ടുമുട്ടലിൽ തന്നെ പരസ്പരം ഇഷ്ടം തോന്നിയ ഇവർ പിന്നീട് വിവാഹജീവിതത്തിലേക്ക് കടക്കുകയായിരുന്നു. ഏയ്‌ലിൻ, ബിൽ എന്നീ രണ്ടു മക്കളാണ് ഇവർക്ക് ഉള്ളത്. പരസ്പരമുള്ള സ്നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും താങ്ങലിലൂടെയും ആണ് ഇത്രയും വർഷകാലം തങ്ങളുടെ ബന്ധം മുന്നോട്ട് പോയതെന്ന് റോൺ പറഞ്ഞു. രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു റോൺ.


ഇത്രയും വർഷക്കാലം തങ്ങളുടെ ജീവിതം തുടരാനാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ജോയ്സ് പറഞ്ഞു. തങ്ങളുടെ ബന്ധത്തിൽ ആരും തലപ്പത്തല്ലെന്നും, പരസ്പരമുള്ള സഹകരണത്തിലൂടെ ആണ് ഇത്രയും വർഷക്കാലം ജീവിച്ചതെന്നും അവർ പറഞ്ഞു. മറ്റുള്ളവർക്ക് ഊർജ്ജം പകർന്നു നൽകുന്നതാണ് തങ്ങളുടെ മാതാപിതാക്കളുടെ ബന്ധമെന്ന് മക്കളും കൊച്ചുമക്കളും മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വർഷം എൺപതാമത് വിവാഹവാർഷികം ആഘോഷിച്ച ഇരുവർക്കും രാജ്ഞി പ്രത്യേകമായി അഭിനന്ദനങ്ങളും സമ്മാനങ്ങളും നൽകിയിരുന്നു. തുടർന്നും തങ്ങളുടെ ജീവിതം സന്തോഷമായി മുന്നോട്ടു കൊണ്ടുപോകുവാൻ ഇരുവർക്കും സാധിക്കട്ടെ എന്ന ആശംസകളാണ് ജനങ്ങൾ ഇരുവർക്കും നൽകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇനി വാഹനം ഓടിക്കുമ്പോൾ റോഡുകളിലൂടെ സഞ്ചരിക്കുന്ന സൈക്കിൾ യാത്രക്കാർക്ക് കൂടുതൽ മുൻഗണന നൽകണം. ജനുവരി 29 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഹൈവേ കോഡ് പ്രകാരമാണ് ഈ മാറ്റം. റോഡിൽ ഇടത്തോട്ടും വലത്തോട്ടും തിരിയുന്ന കാറുകൾ കൂടുതൽ ശ്രദ്ധിക്കണമെന്നും പിന്നിൽ സൈക്കിൾ യാത്രക്കാരുണ്ടെങ്കിൽ അവർക്കായി വഴിമാറിക്കൊടുക്കണമെന്നും നിയമത്തിൽ പറയുന്നു. മണിക്കൂറിൽ 30 മൈൽ വരെ വേഗതയിൽ ഓവർടേക്ക് ചെയ്യുമ്പോൾ ഡ്രൈവർമാർ അവരുടെ വാഹനത്തിനും സൈക്കിൾ യാത്രികനും ഇടയിൽ എപ്പോഴും 1.5 മീറ്റർ അകലം പാലിക്കണം. ഒപ്പം സൈക്കിൾ യാത്രക്കാർ ഇനി റോഡിന്റെ മധ്യഭാഗത്ത് കൂടി യാത്ര ചെയ്യണമെന്നും നിയമം വ്യക്തമാക്കുന്നു. മുൻപ് ഇത്തരമൊരു നിർദേശം ഉണ്ടായിരുന്നില്ല.

റൗണ്ട് എബൗട്ടുകൾ വരുമ്പോൾ, സൈക്കിൾ യാത്രക്കാരെ മറികടക്കാൻ പാടില്ലെന്നും അവർക്ക് ആവശ്യമായ ഇടം നൽകണമെന്നും പുതിയ ഹൈവേ കോഡിൽ പറയുന്നു. ഹൈവേ കോഡ് ഹയറാർക്കിയിലും ഈ മാറ്റം വരും. ബസുകൾ, എച്ച്‌ജിവി തുടങ്ങി കൂടുതൽ അപകടകരമെന്ന് കരുതുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ റോഡുകളിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കണം. റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്കും ഡ്രൈവർമാർ വഴി നൽകേണ്ടതുണ്ട്.

പുതിയ ഹൈവേ കോഡ് ഹയറാർക്കിയിൽ കാൽനടയാത്രക്കാരാണ് ഒന്നാമത്.
സൈക്ലിസ്റ്റുകൾ,
കുതിര സവാരിക്കാർ,
മോട്ടോർ സൈക്കിൾ യാത്രക്കാർ,
കാറുകൾ/ടാക്സികൾ,
വാനുകൾ/മിനിബസുകൾ,
വലിയ യാത്രാ വാഹനങ്ങൾ എന്നിവർ യഥാക്രമം രണ്ടു മുതൽ ഏഴു വരെയുള്ള സ്ഥാനങ്ങളിൽ. ട്രാഫിക്കിലും ജംഗ്ഷനിലും കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മുൻഗണന നൽകുന്നതിലൂടെ അപകടങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലോക്ക്ഡൗൺ പാർട്ടി വിവാദത്തിൽ മാപ്പ് പറഞ്ഞ് ബോറിസ് ജോൺസൻ. ക്ഷമാപണം നടത്തിയെങ്കിലും പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായി തുടരുന്നു. 2020 മേയിൽ തന്റെ ഡൗണിങ് സ്ട്രീറ്റ് വസതിയിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തത് പ്രധാനമന്ത്രി സമ്മതിക്കുകയും തുടർന്ന് മാപ്പ് പറയുകയുമായിരുന്നു. ‘നിയമം നിർമിക്കുന്നവർ തന്നെ അവ ലംഘിച്ചാൽ, എനിക്കും സർക്കാരിനുമെതിരെ ജനങ്ങൾക്കുണ്ടാകുന്ന ദേഷ്യം എനിക്ക് അറിയാം’ ബോറിസ് ജോൺസൻ പറഞ്ഞു. ഇന്നലെ പാർലമെന്റിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ ക്ഷമാപണം.

2020 മെയ് 20 ന് നടന്ന ഡൗണിംഗ് സ്ട്രീറ്റ് പാർട്ടിയിൽ താൻ 25 മിനിറ്റോളം പങ്കെടുത്തുവെന്ന് പ്രധാനമന്ത്രി തുറന്ന് സമ്മതിച്ചു. നിയമം നിർമിക്കുന്നവർ ലംഘിക്കാൻ പാടില്ലെന്ന ആത്മവിമർശനം ജോൺസനിൽ നിന്നുണ്ടായെങ്കിലും സ്വന്തം എം പി മാർ വരെ ഇപ്പോൾ അദ്ദേഹത്തിനെതിരാണ്. നുണകൾ മാത്രം പറഞ്ഞ പ്രധാനമന്ത്രി ഇപ്പോൾ രാജിവയ്ക്കണമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. അവശ്യമുള്ള മദ്യവുമായി പാര്‍ട്ടിക്കെത്താന്‍ ക്ഷണിച്ചുകൊണ്ടുള്ള ഇ മെയിൽ സന്ദേശം പുറത്തുവന്നതോടെയാണ് വിവാദം ആളിക്കത്തിയത്.

മതിയായ കാരണമില്ലാതെ ആളുകൾക്ക് വീടിനു പുറത്തിറങ്ങാൻ പോലും അനുവാദമില്ലാതിരുന്ന ലോക്ക്ഡൗൺ കാലത്താണ് പ്രധാനമന്ത്രി സ്വന്തം വസതിയിൽ പാർട്ടി നടത്തിയത്. പാർട്ടി നടന്ന സമയത്ത് സ്‌കൂളുകൾ, പബ്ബുകൾ, റസ്റ്റാറൻറുകൾ എന്നിവ അടഞ്ഞുകിടക്കുകയായിരുന്നു. രണ്ടു മീറ്റർ സാമൂഹിക അകലം പാലിച്ചുള്ള കൂടിക്കാഴ്ചയാണ് അനുവദിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ നീക്കം വലിയ ജനാരോഷത്തിനും കാരണമായി.

Copyright © . All rights reserved