ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് ഉയർത്തിയിരിക്കുകയാണ്. ഓഗസ്റ്റിൽ, മോണിറ്ററി പോളിസി കമ്മിറ്റി നിശ്ചയിച്ച നിരക്ക് 5% ത്തിൽ നിന്ന് 5.25% ആയി ഉയർന്നു. ബാങ്ക് നിരക്ക് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. പലിശ നിരക്ക് ഉയർത്തുന്നത് പണം കടം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാക്കുന്നു, അതായത് ചെലവ് കുറയുന്നതിലൂടെ ഡിമാൻഡും പണപ്പെരുപ്പവും കുറയുന്നു എന്നതാണ് നിരക്ക് ഉയർത്തുന്നതിന് പിന്നിലെ യുക്തി. പണപ്പെരുപ്പം 2% -ത്തിലേക്ക് അടുപ്പിക്കുന്നതിനായി 2021 ഡിസംബർ മുതൽ ബാങ്ക് തുടർച്ചയായി 14 തവണ നിരക്കുകൾ പുതുക്കിയിട്ടുണ്ട്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്ക് പ്രകാരം പണപ്പെരുപ്പം ജൂണിൽ 7.9 ശതമാനത്തിലെത്തി.
പലിശ നിരക്കും മോർട്ട്ഗേജും
പലിശ നിരക്കിലെ വർദ്ധനവ് സാധാരണക്കാരെ രൂക്ഷമായി ബാധിക്കുന്നുണ്ട്. ഗവൺമെന്റിന്റെ ഇംഗ്ലീഷ് ഹൗസിംഗ് സർവേ പ്രകാരം മൂന്നിലൊന്ന് കുടുംബങ്ങൾക്ക് മോർട്ട്ഗേജ് ഉണ്ട്. പലിശ നിരക്ക് ഉയരുമ്പോൾ, ട്രാക്കർ, സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റ് (എസ്‌വിആർ) ഡീലുകളിൽ 14 ലക്ഷത്തോളം ആളുകൾക്ക് അവരുടെ പ്രതിമാസ പേയ്‌മെന്റുകളിൽ ഉടനടി വർദ്ധനവ് ഉണ്ടാകും. ഈ നിരക്ക് വർദ്ധനവ് കാരണം സാധാരണ ട്രാക്കർ മോർട്ട്ഗേജിലുള്ളവർ പ്രതിമാസം ഏകദേശം £ 24 കൂടുതൽ നൽകേണ്ടിവരും. എസ് വി ആർ മോർട്ട്ഗേജിലുള്ളവർ £15 അധികം നൽകണം.
വായ്പകളും സേവിങ്സും
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ ക്രെഡിറ്റ് കാർഡുകൾ, ബാങ്ക് വായ്പകൾ, കാർ വായ്പകൾ തുടങ്ങിയവയെ സ്വാധീനിക്കുന്നു. വ്യക്തിഗത ബാങ്കുകളും ബിൽഡിംഗ് സൊസൈറ്റികളും സാധാരണയായി പലിശ നിരക്ക് വർദ്ധനവ് ഉപഭോക്താക്കൾക്ക് കൈമാറുന്നുണ്ട്. എന്നാൽ, ഉപഭോക്താക്കൾക്ക് കുറഞ്ഞ സേവിംഗ്സ് നിരക്കുകൾ നൽകുന്ന ബാങ്കുകൾ ശക്തമായ നടപടി” നേരിടേണ്ടിവരുമെന്ന് യുകെയുടെ സാമ്പത്തിക നിരീക്ഷണ വിഭാഗം അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ മാസങ്ങളിൽ ലോകമെമ്പാടും പലിശ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങളെക്കാൾ കൂടുതലാണ് യുകെയിലെ പലിശ നിരക്ക്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസിലെ ബാക്ക് ലോഗ് കുറയ്ക്കാനായി സ്വകാര്യമേഖലയുടെ സേവനം പ്രയോജനപ്പെടുത്താൻ സർക്കാർ നീക്കം തുടങ്ങിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കോവിഡ് മഹാമാരിയും അടുത്തിടെയുണ്ടായ സമരങ്ങളും മൂലം ആകെ താറുമാറായ അവസ്ഥയിലാണ് എൻഎച്ച്എസ്. അതുകൂടാതെയാണ് ജീവനക്കാരുടെ കടുത്ത ക്ഷാമവും. അതുകൊണ്ടുതന്നെ അടിയന്തര പരിചരണം ലഭിക്കേണ്ടവർക്ക് പോലും ചികിത്സ ലഭ്യമാക്കാൻ വളരെ അധിക കാലം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.

ബാക്ക് ലോഗ് കുറയ്ക്കുന്നതിൻ്റെ ഭാഗമായി സ്വകാര്യമേഖലയിൽ 8 ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങൾ തുറക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. സ്വകാര്യ മേഖലയുടെ സേവനം ലഭ്യമാക്കുന്നതിനായി ആവശ്യമെങ്കിൽ പുതിയ നിയമനിർമാണത്തിനും സർക്കാർ പദ്ധതിയിടുന്നുണ്ട്. നിലവിൽ രാജ്യത്ത് 7.5 ദശലക്ഷം ആളുകളാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. ഇത് എൻഎച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ വെയിറ്റിംഗ് ലിസ്റ്റ് ആണ് . നിലവിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം കോവിഡ് മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ മൂന്ന് ദശലക്ഷം കൂടുതലാണ്.

സ്വകാര്യ മേഖലയെ ഉൾപ്പെടുത്തി എൻഎച്ച്എസ്സിന്റെ കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നത് വളരെ നാളായി പ്രതിപക്ഷത്തു നിന്നുള്ള ലേബർ പാർട്ടി ആവശ്യപ്പെടുന്നതാണ്. സ്വകാര്യ മേഖലയെ ഉൾക്കൊള്ളുന്നതിനായി നിയമങ്ങളിൽ ഇളവ് വരുത്തുന്നത് പ്രാദേശിക തലത്തിൽ എൻഎച്ച്എസ് മേധാവികൾക്ക് സ്വകാര്യ മേഖലയെ ഉപയോഗിക്കാൻ കൂടുതൽ സൗകര്യമുണ്ടാകുമെന്നാണ് സർക്കാരിൻറെ നിഗമനം. ലഭ്യമായ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തി എൻഎച്ച്എസിന് മേലുള്ള സമ്മർദ്ദം ലഘൂകരിക്കാൻ സർക്കാർ പരിശ്രമിക്കുമെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പുതിയ എണ്ണ, വാതക ഖനനത്തിനുള്ള അനുമതി നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് യോർക്ക് ഷെയറിലുള്ള അദ്ദേഹത്തിന്റെ വീടിന്റെ മേൽക്കൂരയിൽ കയറി പ്രതിഷേധിച്ച നാല് ആക്ടിവിസ്റ്റുകൾ അറസ്റ്റിലായി. ഗ്രേഡ് II ലിസ്റ്റിൽപ്പെട്ട സുനകിന്റെ വീട്ടിൽ ഏകദേശം രാവിലെ ആറുമണിയോടെയാണ് ആക്ടിവിസ്റ്റുകൾ എത്തുകയും വീടിനെ മുഴുവൻ കറുത്ത തുണി കൊണ്ട് പുതപ്പിക്കുകയും ചെയ്തത്. ഇതോടൊപ്പം തന്നെ രണ്ടു പ്രതിഷേധക്കാർ പുറത്ത് ” റിഷി സുനക് – എണ്ണ ലാഭമോ നമ്മുടെ ഭാവിയോ?? ” എന്നെഴുതിയ പ്ലക്കാർഡുകൾ ഉപയോഗിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

വടക്കൻ സമുദ്രത്തിൽ കൂടുതൽ എണ്ണ, വാതക ഖനനത്തിനുള്ള പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന്റെ പ്രതിഷേധം ആയിട്ടാണ് ആക്ടിവിസ്റ്റുകൾ ഇത്തരത്തിൽ പ്രകടനം നടത്തിയത്. വരുന്ന ദിവസങ്ങളിൽ നൂറിലധികം ഡ്രില്ലിംഗ് ലൈസൻസുകളും അനുവദിക്കപ്പെടുമെന്ന സൂചനകൾ ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഏറെ മണിക്കൂറുകൾക്കു ശേഷമാണ് ആക്ടിവിസ്റ്റുകൾ മേൽക്കൂരയിൽ നിന്നും താഴെ ഇറങ്ങിയത്. ഇതിനുശേഷം ഉടൻതന്നെ ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു. സുനകും ഭാര്യ അക്ഷത മൂർത്തിയും പെൺമക്കളായ കൃഷ്ണയും അനൗഷ്കയും കാലിഫോർണിയയിൽ ഒരാഴ്ചത്തെ അവധി ആഘോഷത്തിലാണ്. പ്രതിഷേധ റിപ്പോർട്ടുകളോട് പോലീസ് ഉടനെ തന്നെ പ്രതികരിച്ചതായും സംഭവങ്ങൾ നിയന്ത്രണാധിതമാണെന്നും അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ഓഫ് പോലീസ് എലിയറ്റ് ഫോസ്‌കെറ്റ് അറിയിച്ചു.

എന്നാൽ പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നിരവധി ഇടങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. ലോകമെമ്പാടും പ്രളയവും കാട്ടുതീയും മൂലം ജനങ്ങളുടെ ജീവിതം നശിപ്പിക്കപ്പെടുമ്പോൾ, ഇവിടെ കൂടുതൽ എണ്ണ ഖനനത്തിനുള്ള അനുമതി നൽകുന്ന നടപടി തികച്ചും തെറ്റാണെന്ന് ഗ്രീൻപീസ് യുകെയുടെ കാലാവസ്ഥാ പ്രചാരകൻ ഫിലിപ്പ് ഇവാൻസ് പറഞ്ഞു. എന്നാൽ ഇത്തരത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലുള്ള കടന്നുകയറ്റം തെറ്റാണെന്ന അഭിപ്രായവും വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ഊർജ്ജക്ഷാമം പരിഹരിക്കാനാണ് പുതിയ ഖനനത്തിനുള്ള അനുമതി നൽകിയതെന്ന വാദമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുതിച്ചുയരുന്ന വിലക്കയറ്റത്തെ ചെറുക്കാനുള്ള ശ്രമത്തിൽ പലിശ നിരക്കുകൾ ഉയർത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നിരക്കുകൾ 5% ത്തിൽ നിന്ന് 5.25% ആയി ബാങ്ക് ഉയർത്തി. പതിനഞ്ചു വർഷ കാലയളവിലെ ഏറ്റവും ഉയർന്ന പലിശനിരക്കാണിത്. ഇതിനു പിന്നാലെ മോർട്ട്ഗേജുകളും ലോൺ പേയ്‌മെന്റുകളും ഉയരും. വ്യാഴാഴ്ച പണപ്പെരുപ്പം നിയന്ത്രണവിധേയമാകുന്നതുവരെ പലിശനിരക്ക് ഉയർത്തുമെന്ന് സൂചന ലഭിച്ചിരുന്നു. ജൂണിൽ പണപ്പെരുപ്പം 7.9 ശതമാനമായി കുറഞ്ഞിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ചതിലും നാലിരട്ടിയാണിത്.
പലിശ നിരക്ക് സംബന്ധിച്ച് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയിലെ അംഗങ്ങൾക്കിടയിൽ മൂന്ന് വിധത്തിലുള്ള ഭിന്നതയാണുണ്ടായത്. ഒമ്പത് അംഗങ്ങളിൽ, ഗവർണർ ഉൾപ്പെടെ ആറ് പേർ നിരക്കുകൾ 5.25% ആയി ഉയർത്തുന്നതിന് വോട്ട് ചെയ്തപ്പോൾ രണ്ട് പേർ 5.5% ആയി കൂടുതൽ വർദ്ധനവാണ് മുൻപോട്ട് വച്ചത്. ബാക്കി അംഗങ്ങൾ 5% നിരക്കിൽ നിലനിർത്താൻ വോട്ട് ചെയ്തു.

പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ സാമ്പത്തികശേഷിയുള്ളവരെയാണ് ഏറെ ബാധിക്കുക. രാജ്യത്തെ സമ്പദ് വ്യവസ്ഥ നിയന്ത്രണ വിധേയമാക്കാൻ കുറച്ച് നാളുകൾ വേണമെന്നും 2025 ജൂണിൽ സാധാരണ നിലയിലേക്ക് പണപ്പെരുപ്പം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. ഉയർന്ന പലിശ നിരക്കുകൾ ആളുകൾ ലോണുകൾ എടുക്കുന്നത് ഒരു പരിധി വരെ കുറയ്ക്കുന്നു. ഇത് ആളുകളുടെ ജീവിത ചിലവുകൾ ചുരുക്കുമെന്നാണ് പ്രതീക്ഷ.

ഭക്ഷ്യ സാധനങ്ങളുടെ ഉയർന്ന വിലയാണ് പണപ്പെരുപ്പം മൂലം ജനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന്. എന്നാൽ വിലയിലുള്ള വർദ്ധനവ് പല ഘട്ടങ്ങളായി ആണ് മാർക്കറ്റിൽ പ്രതിഫലിക്കുന്നത് എന്ന കാര്യം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ലാഭം വർദ്ധിപ്പിക്കാൻ അനാവശ്യമായി കമ്പനികൾ വില വർധിപ്പിക്കുന്നതിന് തെളിവുകളില്ലെന്ന് ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി “കോർപ്പറേറ്റ് ലാഭത്തിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുട്ടനാടിന്റെ സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യമായിരുന്ന ബിജോ തോമസ് അടുവിച്ചിറ (40) വിടവാങ്ങി. ക്യാൻസർ രോഗം ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്നു. പുളിങ്കുന്നാണ് ബിജോയുടെ ജന്മദേശം. നിലവിൽ ചങ്ങനാശ്ശേരി മാമ്മൂട്ടിലാണ് താമസിക്കുന്നത്. യശ:ശരീരനായ എം.പി തോമസാണ് പിതാവ്. ഭാര്യ: അനുജാ ബിജോ. മകൾ : ബിച്ചു.
സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ഇടപെട്ടിരുന്ന ബിജോ ഓൺലൈൻ മാധ്യമ രംഗത്ത് സജീവമായിരുന്നു. ബിജോയുടെ ഒട്ടേറെ പ്രാദേശിക സാമൂഹിക പ്രസക്തിയുള്ള വാർത്തകൾ മലയാളം യുകെ ന്യൂസിലൂടെ പുറത്തുവന്നിരുന്നു.
മലയാളം യുകെ ന്യൂസിന്റെ സഹയാത്രികനായിരുന്ന ബിജോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് കുടുംബത്തിൻറെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വിദേശ സഹായം വെട്ടിക്കുറയ്ക്കുന്നതിന്റെ ഫലമായി ആയിരക്കണക്കിന് ആളുകൾ മരിക്കുമെന്ന് റിപ്പോർട്ട്. സിവിൽ സർവീസ് ജീവനക്കാരുടെ വിലയിരുത്തൽ അനുസരിച്ചു വിദേശ സഹായം യുകെ വെട്ടികുറയ്ക്കുന്നതിലൂടെ ആഫ്രിക്കയിലെ ആയിരക്കണക്കിന് സ്ത്രീകൾ ഗർഭാവസ്ഥയിലും പ്രസവത്തിലും മരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്കായുള്ള സഹായം ഹ്രസ്വകാലത്തേക്ക് വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും അത് ഏകദേശം ഇരട്ടിയാക്കുമെന്ന് വിദേശകാര്യ ഓഫീസ് പറയുന്നു. അഫ് ഗാനിസ്ഥാനുള്ള സഹായം 76% വെട്ടിക്കുറച്ചാൽ ലോകത്തിലെ ഏറ്റവും ദുർബലരായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നിർണായക സേവനങ്ങൾ ലഭിക്കാതെ പോകുമെന്ന് ആഭ്യന്തര റിപ്പോർട്ട് പറയുന്നു.

യെമനിലെ അരലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും ആരോഗ്യ പരിരക്ഷ ലഭിക്കില്ല. 900 മില്യണിലധികം മൂല്യമുള്ള ഓവർസീസ് ഡെവലപ്‌മെന്റ് അസിസ്റ്റൻസ് ബഡ്ജറ്റിൽ വെട്ടിക്കുറവ് നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ദക്ഷിണ സുഡാനിലേയ്ക്കുള്ള വിദേശ സഹായം വെട്ടിക്കുറച്ചാൽ തീവ്രമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന 27,000 കുട്ടികൾ ചികിത്സ ലഭിക്കാതെ പോകും. അതിൽ 12% (3,000) മരണം സംഭവിച്ചേക്കാം.

ഡെവലപ്‌മെന്റ് കമ്മിറ്റിക്ക് അയച്ച കത്തിൽ, അടുത്ത വർഷം സഹായ ചെലവ് വർദ്ധിക്കുമെന്നും ആഫ്രിക്കയ്ക്ക് ഏകദേശം ഇരട്ടി തുക അനുവദിക്കുമെന്നും വികസനകാര്യ മന്ത്രി ആൻഡ്രൂ മിച്ചൽ പറഞ്ഞു. എന്നാൽ, വെട്ടിച്ചുരുക്കലിന്റെ ആഘാതം തീർത്തും ഭയാനകമാണെന്ന് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് കമ്മിറ്റി അധ്യക്ഷ ലേബർ സാറാ ചാമ്പ്യൻ അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വ്യക്തിസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിനും നിയമങ്ങൾ പാലിക്കുന്നതിനും പരസ്പര ബഹുമാനത്തിലും എന്നും മുൻപന്തിയിലാണ് ബ്രിട്ടീഷുകാർ. ഇവിടെ ട്രാഫിക് നിയമങ്ങൾ വളരെ കർശനമാണ്. അമിതവേഗം, മറ്റുള്ളവർക്ക് ഹാനികരമാകുന്ന രീതിയിലുള്ള ഡ്രൈവിംഗ് , റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നത് തുടങ്ങിയവയ്ക്ക് പിഴയും ശിക്ഷയും ഉറപ്പായും ലഭിക്കും. പലപ്പോഴും കേരളത്തിൽ നിന്ന് ആദ്യമായി യുകെയിലെത്തുന്ന മലയാളികൾക്ക് ഇവിടുത്തെ പല റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ കടുത്ത നിയമ നടപടികൾക്ക് വഴി വയ്ക്കാറുണ്ട്.
യുകെയിലെ A11 റോഡിൽ ഗതാഗത കുരുക്കിനിടെ മലയാളി വിദ്യാർഥികൾ ഡാൻസ് ചെയ്യുന്ന വീഡിയോ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് കടുത്ത വിമർശനങ്ങളാണ് വിളിച്ചുവരുത്തിയിരിക്കുന്നത്. രണ്ടുവർഷത്തെ പഠനം പൂർത്തിയാക്കി യൂണിവേഴ്സിറ്റി ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന സമയത്താണ് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ നടു റോഡിൽ നൃത്തമാടുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ഏതാനും സെക്കന്റുകൾ മാത്രമേ നീണ്ടു നിന്നുള്ളൂ. അതിനുള്ളിൽ ഗതാഗതക്കുരുക്ക് മാറി വാഹനങ്ങൾ ചലിച്ചു തുടങ്ങിയിരുന്നു.
വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒട്ടേറെ പേരാണ് വിദ്യാർത്ഥികളുടെ പ്രവർത്തി പക്വതയിലായ്മയുടെ ലക്ഷണമാണെന്ന് പ്രതികരിച്ചത്. ഇത് ഹൈവേ കോഡിന് എതിരാണെന്നും ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിങ്ങ് ഏജൻസിയിൽ നിന്ന് കടുത്ത നടപടികൾക്ക് വഴിവെക്കുന്നതാണെന്നുമുള്ള അഭിപ്രായം പ്രകടിപ്പിച്ച വരും ഉണ്ട് . അടുത്തിടെ ഉണ്ടായ പല സംഭവങ്ങൾ മൂലം മലയാളികൾ പ്രശ്നക്കാരാണെന്ന ചിന്ത തദേശീയരിൽ ഉടലെടുക്കാൻ കാരണമായേക്കാമെന്ന ആശങ്ക പങ്കുവയ്ക്കുന്നവരും ഒട്ടേറെയാണ്. ഇത് മലയാളി വിദ്യാർഥികളുടെ ജോലി സാധ്യതയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് പ്രസ്തുത സംഭവത്തെക്കുറിച്ച് പലരും മലയാളം യുകെ ന്യൂസിനോട് പ്രതികരിച്ചു.
View this post on Instagram
ന്യൂസ് ഡെസ്ക് മലയാളം യുകെ
മകനോടും കുടുംബത്തോടും ഒപ്പം യുകെയിൽ സമയം ചെലവഴിക്കാൻ ഏപ്രിലിലാണ് റൂത്ത് പീറ്റേഴ്‌സ് യുകെയിലെത്തിയത്. എന്നാൽ മൂന്ന് മാസം മാത്രമാണ് അവർക്ക് കുടുംബത്തോടൊപ്പം ചിലവിടാൻ സാധിച്ചത്. 2023 ജൂലൈ 30-ന് രക്താർബുദത്തെ തുടർന്ന് റൂത്ത് പീറ്റേഴ്‌സ് ലോകത്തോട് വിട പറയുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട കുടുംബാംഗത്തിൻെറ വിയോഗത്തിൻെറ വേദനയിലാണ് കുടുംബാംഗങ്ങൾ. നിലവിൽ റൂത്തിൻെറ കുടുംബം ശവസംസ്‌കാര ചെലവുകൾക്കായി സഹായം തേടുകയാണ്.
റൂത്തിന്റെ ശവസംസ്‌കാരം സംഘടിപ്പിക്കുന്നതിനും അന്തിമ വിടപറയുന്നതിനുമായി പണം നൽകുന്നതിനും നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ സഹായം തേടുന്നു. ഇതിനായുള്ള സംഭാവനകൾ നൽകാൻ കിംഗ്സ് ലിൻ മലയാളി കമ്മ്യൂണിറ്റി (കെഎംസി) എല്ലാ മലയാളികളുടെയും പിന്തുണയും സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. സംഭാവന നൽകുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ഗോ ഫണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://gofund.me/337e9be6
കൂടുതൽ വിവരങ്ങൾക്കായി കിംഗ്സ് ലിൻ മലയാളി കമ്മ്യൂണിറ്റിയുടെ അധികൃതരുമായി ബന്ധപ്പെണ്ടതാണ്.
പ്രസിഡന്റ് – ജിമ്മി ഡൊമിനിക് (07814 663978)
സെക്രട്ടറി- ലിജേഷ് ജോൺ (079580 85419)
ട്രഷറർ – ശ്രീ ജോമോൻ കിഴക്കേതിൽ (077760 30531)
റൂത്ത് പീറ്റേഴ്‌സിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് ശിക്ഷിക്കപ്പെട്ട മുൻ എസ്എൻപി എംപിയ്ക്കെതിരെ നാടകീയ നീക്കം. റൂഥർഗ്ലെൻ, ഹാമിൽട്ടൺ വെസ്റ്റ് എംപി, മാർഗരറ്റ് ഫെറിയറെ തിരിച്ചുവിളിക്കാനുള്ള നീക്കം ജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായതോടെ എംപി സ്ഥാനം നഷ്ടമായി. 2022ൽ കോവിഡ് നിയമങ്ങൾ ലംഘിച്ചുവെന്ന കുറ്റത്തിന് 30 ദിവസത്തേക്ക് ഹൗസ് ഓഫ് കോമൺസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നും 270 മണിക്കൂർ കമ്മ്യൂണിറ്റി സേവനം ചെയ്യണമെന്നും സ്റ്റാൻഡേർഡ് കമ്മിറ്റി വിധിച്ചു. എന്നാൽ ഉത്തരവ് വന്നിട്ടും സ്ഥാനമൊഴിയാൻ അവർ തയ്യാറായില്ല. അതിനാൽ ആയിരക്കണക്കിന് വോട്ടർമാർ അവരെ തിരിച്ചുവിളിക്കാനുള്ള അവസരം ഉപയോഗിച്ചു. ഇതോടെ, ലേബർ ഉറ്റുനോക്കുന്ന സീറ്റിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി.

യോഗ്യരായ 81,124 വോട്ടർമാരിൽ 15% (11,896) പേരാണ് എംപിയെ നീക്കം ചെയ്യാനുള്ള നിവേദനത്തിൽ ഒപ്പുവെച്ചത്. ഉപതിരഞ്ഞെടുപ്പിലേക്ക് നയിക്കാൻ 10% മാത്രം മതി. തനിക്ക് കോവിഡ് ഉണ്ടെന്ന് അറിഞ്ഞിട്ടും ലണ്ടനിൽ നിന്ന് സ്കോട്ട്‌ലൻഡിലേക്ക് ട്രെയിനിൽ യാത്ര ചെയ്തെന്ന കുറ്റമാണ് ഫെറിയറിന്റെ പേരിലുള്ളത്. 2020 ഒക്ടോബറിൽ എസ്എൻപി പാർട്ടി വിപ്പ് പിൻവലിച്ചതിനുശേഷവും എംപി സ്ഥാനം രാജിവയ്ക്കാൻ അവർ തയ്യാറായില്ല. 2019 ഡിസംബറിൽ എസ്എൻപിക്ക് വേണ്ടി 5,230 ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ഫെറിയർ, അടുത്ത വർഷം ഒക്ടോബറിൽ എസ്എൻപി അവരെ സസ്പെൻഡ് ചെയ്തതു മുതൽ സ്വതന്ത്ര എംപിയായി തുടരുകയായിരുന്നു.

മൈക്കൽ ഷാങ്ക്സ് ആണ് ഉപതെരഞ്ഞെടുപ്പിനുള്ള ലേബർ സ്ഥാനാർത്ഥി. ഇനിയൊരു മത്സരത്തിന് ഇല്ലെന്ന് ഫെറിയർ വ്യക്തമാക്കിക്കഴിഞ്ഞു. സ്കോട്ട് ലൻഡിൽ എസ്‌എൻപിയുടെ തകരുന്ന ജനപിന്തുണ മുതലാക്കാനുള്ള ശ്രമത്തിലാണ് ലേബർ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വരും ദിവസങ്ങളിൽ ഇംഗ്ലണ്ടിലും വെയിൽസിലും ഉടനീളം ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. നിലവിൽ ലണ്ടൻ മുതൽ മാഞ്ചസ്റ്റർ വരെ ഇന്ന് മാത്രമാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും വരും ദിവസങ്ങളിലും ഇതേ കാലാവസ്ഥ തന്നെ തുടരാനുള്ള സാധ്യതയാണ് കണക്കാക്കപ്പെടുന്നത്. ഇതേസമയം തന്നെ ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്ത് ശക്തമായ കാറ്റ് വീശുമെന്നതിനാൽ ഇന്ന് മുഴുവൻ മറ്റൊരു യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം റെക്കോർഡ് മഴയാണ് ജൂലൈ മാസത്തിൽ ലഭിച്ചതെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. നോർത്ത് അയർലണ്ടിലും ഇതേ സാഹചര്യങ്ങൾ തന്നെയാണ് നിലനിൽക്കുന്നത്. യൂറോപ്പിൽ ഉടനീളം നിലനിൽക്കുന്ന ഉഷ്ണ തരംഗത്തിന് വിരുദ്ധമായി, ബ്രിട്ടനിൽ വരും ദിവസങ്ങളിൽ മഴയും കാറ്റും തണുത്ത കാലാവസ്ഥയും ആണ് പ്രവചിക്കപ്പെടുന്നത്. നിലവിലെ ജെറ്റ് സ്ട്രീമിന്റെ സ്ഥാനം മൂലമാണ് ബ്രിട്ടനിൽ ഇത്തരത്തിലുള്ള മാറ്റം എന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്.

ജെറ്റ് സ്ട്രീം വടക്ക് ധ്രുവപ്രദേശങ്ങളിൽ നിന്നുള്ള തണുത്ത വായുവിന്റെയും തെക്കു നിന്നുള്ള ചൂടുള്ള വായുവിന്റെയും അതിർത്തിയെ അടയാളപ്പെടുത്തുന്നു. ഇവയിൽ ഉള്ള വ്യത്യാസം പ്രഷർ വ്യത്യാസങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം, ജെറ്റ് സ്ട്രീമിന്റെ സ്ഥാനം കൂടുതൽ വടക്ക് ഭാഗത്തായിരുന്നു. അതിനാൽ യുകെയിൽ ഉയർന്ന മർദ്ദ സംവിധാനം സൃഷ്ടിക്കപ്പെടുകയും കൂടുതൽ ചൂടും വരണ്ട കാലാവസ്ഥയും രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ ജെറ്റ് സ്ട്രീമിന്റെ സ്ഥാനം തെക്കുഭാഗത്ത് ആയതിനാൽ തന്നെയാണ് തണുത്ത കാലാവസ്ഥയും മഴയും ലഭിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷകർ വിശദീകരിക്കുന്നു. നിലവിലെ കാലാവസ്ഥ മൂലം സ്‌കോട്ട് ലൻഡിന്റെ പടിഞ്ഞാറൻ തീരത്തുള്ള ടയർ ദ്വീപിൽ നടന്നുവരുന്ന മ്യൂസിക് ഫെസ്റ്റിവൽ ഉൾപ്പെടെ, സമീപ ആഴ്ചകളിൽ ഭൂരിഭാഗം വേനൽക്കാല പരിപാടികളും റദ്ദാക്കുവാൻ നിർബന്ധിതമായിട്ടുണ്ട്. ആഗോളതാപനം മൂലമുള്ള മാറ്റങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള കാലാവസ്ഥ വ്യതിയാനം എന്നാണ് ഭൂരിഭാഗം ശാസ്ത്രജ്ഞരും വിശ്വസിക്കുന്നത്.