ന്യൂസ് ഡെസ്ക് മലയാളം യുകെ

ജി സി എസ് ഇ യുടെ ഫലം പുറത്തു വരുമ്പോൾ യുകെയിൽ ഉടനീളം ഒട്ടേറെ മലയാളി വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് മികച്ച വിജയവുമായി മലയാളി സമൂഹത്തിൻറെ യശസ് ഉയർത്തിയത്. പല വിദ്യാർത്ഥികളുടെയും വിജയം തദ്ദേശീയരായ വിദ്യാർത്ഥികളെ കടത്തിവെട്ടുന്നതാണ്. മാതൃഭാഷ അല്ലെങ്കിൽ പോലും ഇംഗ്ലീഷ് ഭാഷയിലും മറ്റും മിക്ക മലയാളി വിദ്യാർത്ഥികളും വളരെ ഉയർന്ന നിലവാരത്തിലാണ് മാർക്ക് കരസ്ഥമാക്കിയിരിക്കുന്നത്.

ജി സി എസ് ഇ പരീക്ഷയിൽ ശ്രദ്ധേയമായ വിജയമാണ് ബ്രാഡ്ഫോർഡിലെ ആബേൽ വിനോദ് ജോൺ കരസ്ഥമാക്കിയത്. തൻറെ പഠനത്തിൻറെ തുടക്കം കേരളത്തിൽ ആരംഭിച്ച ആബേൽ മികച്ച വിജയമാണ് നേടിയത്. അഞ്ചാം ക്ലാസ് മുതലാണ് ആബേലിന്റെ പഠനം യുകെയിൽ ആരംഭിച്ചത്. ആബേലിന്റെ കഠിനാധ്വാനത്തിനും പഠന മികവിനും മുന്നിൽ അത് ഒരു പരിമിതി ആയില്ല. 8 വിഷയങ്ങൾക്ക് ഡബിൾ സ്റ്റാറും 2 വിഷയങ്ങൾക്ക് എ സ്റ്റാറും ആണ് ഫലം വന്നപ്പോൾ ആബേലിന് ലഭിച്ചത്.

മൂവാറ്റുപുഴ കല്ലൂർക്കാട് വലരിയിൽ കുടുംബാംഗമായ ആബേലിന്റെ പിതാവ് വിനോദ് ജോൺ ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ട്രെയിനിംഗ് സെന്റർ മാനേജരായി ആണ് ജോലി ചെയ്യുന്നത്. ഈരാറ്റുപേട്ട പെരുനിലം പുല്ലാട്ടുവീട്ടിൽ കുടുംബാംഗമായ ആബേലിന്റെ അമ്മ മനിത വിനോദ് ബ്രാഡ് ഫോർഡ് ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻ എച്ച് എസ് ട്രസ്റ്റിൽ കാർഡിയോളജി സ്പെഷ്യലിസ്റ്റ് ആണ്. ഏക സഹോദരൻ പവൽ വിനോദ് ജോൺ ഇയർ 9 വിദ്യാർത്ഥിയാണ്. സ്കൂളിലെ പാഠ്യേതര കാര്യങ്ങളിൽ മുൻപന്തിയിലായിരുന്നു ആബേൽ . ഡിക്സൺസ് മാക്മില്ലൻ അക്കാദമിയിൽ പഠിച്ച ആബേൽ സീനിയർ സ്റ്റുഡൻസിന്റെ ലീഡറായിരുന്നു. അവസാന വർഷം ഹെഡ് ബോയിയും ആയിരുന്നു.

അന്തര്‍ദ്ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട എന്‍എച്ച്എസ് ഗവേഷണ പരിപാടിയായ ബോണ്‍ ഇന്‍ ബ്രാഡ്ഫോര്‍ഡിന്റെ യുവ അംബാസഡര്‍ ആയി ആബേലിനെ തിരഞ്ഞെടുത്തത് മലയാളികൾക്ക് ആകെ അഭിമാനമായ നേട്ടമായിരുന്നു..

എന്‍എച്ച്എസിന്റെ യുവാക്കളുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ഗവേഷണ പഠനമായ സെലിബ്രേറ്റിന്റെയും വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബ്രാഡ്ഫോര്‍ഡ് സിറ്റിസണ്‍സ് ക്രോസ്-കട്ടിംഗ് ടീമിന്റെയും ഭാഗമായും ആബേൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രാഡ്ഫോര്‍ഡിനെ എങ്ങനെ മികച്ച സ്ഥലമാക്കി മാറ്റാം എന്നതിനെക്കുറിച്ചുള്ള ആബേലിന്റെ കണ്ടെത്തലുകൾ ശ്രദ്ധേയമായിരുന്നു.

ലീഡ്സിലെ സീറോ മലബാർ ഇടവകാംഗമായ ആബേൽ ബൈബിൾ കലോത്സവത്തിൽ ഇടവക തലത്തിലും രൂപതാ തലത്തിലും ഒട്ടേറെ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.