ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ജനനശേഷം വേർപിരിഞ്ഞ മാതാവിനെ 58 വർഷങ്ങൾക്ക് ശേഷം മകൻ കണ്ടുമുട്ടിയ വാർത്ത സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. 1960-കളിൽ ദത്തായി പോയതാണ് തിമോത്തി വെൽച്ച്. മാതാവ് ജൂൺ മേരി ഫെൽപ്‌സിന് 18 വയസുള്ളപ്പോഴാണ് ഇരുവരും തമ്മിൽ വേർപിരിയുന്നത്. അന്ന് തിമോത്തിയ്ക്ക് ആറാഴ്ച മാത്രമാണ് പ്രായമുണ്ടായിരുന്നത്. അതിന് ശേഷം ഇപ്പോഴാണ് അമ്മ ജൂണിനെ മൊൺമൗത്തിൽ വെച്ച് കണ്ടുമുട്ടിയത്.
നിലവിൽ ലണ്ടനിൽ അധ്യാപകനാണ് തിമോത്തി. ജന്മം നൽകിയ മാതാവിനെ പിരിഞ്ഞതിന്റെ ദുഃഖം ഏറെ നാളായി അദ്ദേഹത്തെ അലട്ടിയിരുന്നതായും പറയുന്നു. ഇപ്പോൾ വളർത്തു മാതാപിതാക്കളായ ബില്ലിനും യൂനിസിനും ഒപ്പമാണ് അദ്ദേഹം. തിമോത്തി എല്ലായ്പോഴും സ്പെഷ്യൽ ആണെന്നും, ജീവിതത്തിൽ ഒപ്പം കിട്ടിയത് വളരെ ഭാഗ്യമായിരുന്നെന്നുമാണ് ഇരുവരുടെയും സാക്ഷ്യം. വിവാഹ ശേഷം കുട്ടികൾ ഇല്ലാതെ വിഷമിച്ചിരുന്ന ഇരുവരും 36 -മത്തെ വയസിലാണ് തിമോത്തിയെ ദത്തെടുക്കുന്നത്.
ബില്ലിയും യൂനിസും അസുഖബാധിതരായി മരണപ്പെട്ടതിന് ശേഷമാണ് സ്വന്തം മാതാവിനെ തിരഞ്ഞുള്ള യാത്ര തിമോത്തി ആരംഭിച്ചത്. അവർക്കൊപ്പമുള്ള ജീവിതം ഏറ്റവും വലിയൊരു ഭാഗ്യമാണെന്നും അദ്ദേഹം പറയുന്നു. ദത്തെടുക്കപ്പെട്ട ഒരു കുട്ടി അവന്റെ മാതാപിതാക്കളെ തിരയാറുണ്ടെന്നും, ജീവിതത്തിൽ അവൻ ഏറ്റവും പ്രയാസം അനുഭവിക്കുന്നത് അതിനെ കുറിച്ച് ഓർത്താണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഹാരി രാജകുമാരനും മേഗനുമുള്ള അമേരിക്കയിലെ സ്വീകാര്യത കുറയുന്നു. ഇരുവരുടെയും പ്രണയം സംബന്ധിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററികളും, ആത്മകഥയായ സ്പെയറും പുറത്തിറങ്ങിയതിനു ശേഷമാണ് ഇത്. ഒരു മാസത്തിനുള്ളിൽ ജനപ്രീതിയുടെ റേറ്റിംഗിൽ ഇരുവരും കുത്തനെ ഇടിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിഗണന കുറഞ്ഞതിനെ തുടർന്ന് ഔദ്യോഗിക പരിപാടികളിൽ ക്ഷണവും താരതമ്യേന കുറവാണ്.
ആത്മകഥ പ്രസിദ്ധീകരണത്തിന് മുമ്പ്, ഹാരിക്ക് +38 എന്ന റേറ്റിംഗ് ഉണ്ടായിരുന്നു. 2,000 യുഎസ് വോട്ടർമാരിൽ ഡിസംബർ 5 ന് നടത്തിയ വോട്ടെടുപ്പ് പ്രകാരമാണിത്. ജനുവരി 16 -ഓടെ അത് -7 ആയി കുറഞ്ഞു. റെഡ്ഫീൽഡും വിൽട്ടണും നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. അതേസമയം മേഗൻ മാർക്കിളിന് -13 ആയി കുറഞ്ഞു, എന്നാൽ ഡിസംബർ 5 -ലെ +23 ആയിരുന്നു. വിഐപികളായ സെലിബ്രിറ്റികളുടെ ഇടയിലും ഇരുവർക്കും നിലവിൽ സ്വീകാര്യത കുറവാണെന്നും സർവേ സാക്ഷ്യപ്പെടുത്തുന്നു.
2021 മാർച്ചിൽ ഹാരി രാജകുമാരനെയും മേഗൻ മാർക്കിളിനെയും ഓപ്ര വിൻഫ്രെ അഭിമുഖം നടത്തിയിരുന്നു. രാജകുടുംബത്തിനെതിരായ ആരോപണങ്ങളും കുടുംബത്തിലെ ഒരു അംഗം അവരുടെ പിഞ്ചു കുഞ്ഞിനെക്കുറിച്ച് വംശീയ പരാമർശങ്ങൾ നടത്തിയതുൾപ്പെടെ പല കാര്യങ്ങളും വെട്ടിതുറന്ന് പറഞ്ഞിരുന്നു. ഞെട്ടലോടെയാണ് ഇക്കാര്യങ്ങൾ ലോകം കേട്ടത്. എന്നാൽ കുറച്ചുകാലം വിൻഫ്രെ ഇരുവരുടെയും അടുത്ത സൗഹൃദവലയത്തിൽ ഉണ്ടായിരുന്നു. എന്നാൽ പലവിധ കാരണങ്ങൾകൊണ്ടാണ് ഇത്തരം സൗഹൃദങ്ങൾ തകർന്നതെന്ന് ദി ടൈംസ് റിപ്പോർട്ട് ചെയ്തു
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഈ വർഷം പൊതുതിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യത്തിൽ ഉറച്ച് ജനങ്ങളിൽ ഏറെയും. ഈ അടുത്ത് നടത്തിയ അഭിപ്രായ സർവേയിലാണ് ഇക്കാര്യം പുറത്ത് വന്നത്. പത്ത് പേരിൽ നടത്തിയ സർവേയിൽ 6 പേരും തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം ഉന്നയിച്ചു. ആറാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് വേണമെന്നും സർവേ സൂചിപ്പിക്കുന്നു. സാമ്പത്തികമായും രാഷ്ട്രീയപരമായും രാജ്യം പലവിധ പ്രതിസന്ധികളെ അതിജീവിക്കുന്ന സമയത്താണ് ജനങ്ങൾ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വയ്ക്കുന്നത്.
2025 ജനുവരി വരെ ഋഷി സുനകിന് കാലാവധി ഉണ്ട്. അതിനുള്ളിൽ ഒരു വോട്ടെടുപ്പ് ഉണ്ടായാൽ എങ്ങനെ പ്രതിഫലിക്കും എന്നുള്ള ആശങ്കയിലാണ് ടോറി നേതൃത്വം. സാമ്പത്തിക രംഗം ഇതിനുള്ളിൽ പുരോഗതി കൈവരിച്ചാൽ അതൊരു മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. സർവേ പ്രകാരം, പലവിധ പരിമിതികൾ നിലനിൽക്കുന്ന 2022 ൽ കെയർ സ്റ്റാർമറുടെ ലേബർ പാർട്ടിയേക്കാൾ 20 പോയിന്റ് പിന്നിലാണ് കൺസർവേറ്റീവുകൾ. റെഡ്ഫീൽഡ് ആൻഡ് വിൽട്ടൺ സ്ട്രാറ്റജീസിന്റെ കണക്കുകൾ പ്രകാരം ഈ വർഷം തന്നെ പൊതുതിരഞ്ഞെടുപ്പ് ഉണ്ടാകണമെന്ന ആഗ്രഹമാണ് ജനങ്ങളിൽ ഏറെയും പങ്കുവയ്ക്കുന്നത്.
പോൾ ചെയ്തവരിൽ 61 ശതമാനം പേരും ഈ വർഷം തിരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായത്തെ പിന്തുണച്ചു. 52 ശതമാനം പേർ ഈസ്റ്ററിന് മുമ്പ് തിരഞ്ഞെടുപ്പ് വേണമെന്ന് അഭിപ്രായപ്പെട്ടു. ഇതിനിടയിൽ മുൻ പ്രധാനമന്ത്രി ലിസ് ട്രസ് വാർത്തകളിൽ ഇടംപിടിക്കുകയാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കാൻ കൊണ്ടുവന്ന നികുതി വെട്ടിച്ചുരുക്കൽ പദ്ധതി വേണ്ടവിധത്തിൽ പാർട്ടി നേതൃത്വവും, ജനങ്ങളും ഏറ്റെടുത്തില്ലെന്ന് ദേശീയ പത്രത്തിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പാകിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് (79) അന്തരിച്ചു.1999ൽ അട്ടിമറിയിലൂടെയാണ് അദ്ദേഹം അധികാരം പിടിച്ചെടുത്തത്. 2001 നും 2008 നും ഇടയിൽ പ്രസിഡന്റായിരുന്ന അദ്ദേഹം, ദീർഘനാളായി അസുഖബാധിതനായിരുന്നു. ദുബായിൽ വെച്ചാണ് അന്ത്യം. നിരവധി കൊലപാതക ശ്രമങ്ങളെ അതിജീവിച്ച അദ്ദേഹം, തീവ്രവാദ ഇസ്ലാമിസ്റ്റുകളും പാശ്ചാത്യരും തമ്മിലുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു.
ആഭ്യന്തര എതിർപ്പ് അവഗണിച്ച അദ്ദേഹം അമേരിക്കയുടെ ഭീകരതയ് ക്കെതിരെ ശക്തമായി നിലകൊണ്ടു. 2008-ൽ തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയ അദ്ദേഹം രാജ്യം വിട്ട സംഭവങ്ങളും ഉണ്ടായി. 2013 -ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ച് മടങ്ങിയെത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയും മത്സരത്തിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി. തുടർന്ന് ചികിത്സ തേടി 2016 -ൽ പാകിസ്ഥാനിൽ നിന്ന് ദുബായിലേക്ക് പോയ അദ്ദേഹം അന്നുമുതൽ രാജ്യത്ത് പ്രവാസ ജീവിതം നയിക്കുകയായിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്തു സിവിൽ സർവീസിലായിരുന്ന സയ്യിദ് മുഷറഫുദ്ദീന്റെ പുത്രനായി 1943 ഓഗസ്‌റ്റ് 11 -ന് ഡൽഹിയിലാണ് പർവേസ് മുഷറഫിന്റെ ജനനം. വിഭജനത്തെ തുടർന്നു പാക്കിസ്‌ഥാനിലെ കറാച്ചിയിലെത്തി. റോയൽ കോളജ് ഓഫ് ഡിഫൻസ് സ്റ്റഡീസ്, പാക്കിസ്ഥാൻ മിലിട്ടറി അക്കാദമി എന്നിവടങ്ങളിലെ പഠനത്തിനും പരിശീലനത്തിനുമൊടുവിൽ 1964 -ൽ പാക്ക് സൈനിക സർവീസിലെത്തി. രണ്ടു വട്ടം ബ്രിട്ടൻ സൈന്യത്തിൽ പരിശീലനം നേടി. 1965 -ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൽ സെക്കൻഡ് ലഫ്‌റ്റനന്റായിരുന്ന മുഷറഫ്, അന്നു ഖേംകരൻ സെക്‌ടറിൽ പാക്ക് സൈന്യത്തെ നയിച്ചു. 1971ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൽ കമാൻഡോ ബറ്റാലിയന്റെ കമ്പനി കമാൻഡറായിരുന്ന അദ്ദേഹത്തിന് അന്നു നടത്തിയ സൈനിക മുന്നേറ്റങ്ങളുടെ പേരിൽ ഉന്നത ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പ്രധാനമന്ത്രി ഋഷി സുനക് നേഴ്‌സുമാർക്കുള്ള പുതിയ വേതനവ് അനുവദിച്ചാൽ അടുത്ത ആഴ്ച ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന പണിമുടക്കുകൾ ഒഴിവാക്കമെന്ന ആവശ്യവുമായി രാജ്യത്തെ ഏറ്റവും വലിയ നേഴ്സിങ് യൂണിയൻറെ മേധാവി. ഇത് ആദ്യമായാണ് റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് മേധാവി പാറ്റ് കുള്ളൻ സുനക്കിനോട് ശമ്പള വർദ്ധനവിനെ സംബന്ധിച്ച് നേരിട്ട് ബന്ധപ്പെടുന്നത്. വെയിൽസിലും സ്കോട്ട്‌ലൻഡിലും പുതിയ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ പുതിയ വാഗ്ദാനങ്ങളോ ചർച്ചകളോ പണിമുടക്കിൽ നിന്ന് ജീവനക്കാരെ പിന്തിരിപ്പിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
എൻ എച്ച് എസിലെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കിനായിരിക്കും തിങ്കളാഴ്ച്ച രാജ്യം സാക്ഷ്യം വഹിക്കുക. ഇംഗ്ലണ്ടിലെ നേഴ്‌സുമാരും ആംബുലൻസ് ജീവനക്കാരും ശമ്പളവും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള ആവശ്യവുമായാണ് പണിമുടക്കുമായി മുൻപോട്ട് വന്നിരിക്കുന്നത്. രണ്ട് സർവീസുകളിലെയും ജീവനക്കാർ തിങ്കളാഴ്ച പണിമുടക്കും. വെള്ളിയാഴ്ച നടക്കുന്ന വാക്കൗട്ടിൽ ആംബുലൻസ് ജീവനക്കാരും പങ്കെടുക്കും.
പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ, സർക്കാരിൽ നിന്നുള്ള ന്യായമായ ശമ്പള വാഗ്ദാനം ലഭിക്കുകയാണെങ്കിൽ പണിമുടക്ക് ഒഴിവാക്കാനാകുമെന്ന് മിസ്സ് കുള്ളൻ പറഞ്ഞു. നാദിം സഹാവിയെ നികുതി വിഷയത്തിൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ നടപടിയെ അവർ പിന്താങ്ങി . ഇത്തരത്തിലുള്ള നീക്കം ജങ്ങൾക്ക് സർക്കാരിനോടുള്ള വിശ്വസ്തത വീണ്ടെടുക്കാൻ സഹായകമാകുമെന്നും മിസ്സ് കുള്ളൻ കത്തിൽ പറയുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഏറെ വിവാദം സൃഷ്‌ടിച്ച ഹാരി രാജകുമാരന്റെ ആത്മകഥയായ സ്പെയർ വീണ്ടും ചർച്ചയാവുകയാണ്. രാജകുടുംബത്തെ സംബന്ധിച്ച് പല നിർണായക വെളിപ്പെടുത്തലുകളും ഉണ്ടെങ്കിലും ഇപ്പോൾ ചർച്ചയാകുന്നത് കന്യാകാത്വം എങ്ങനെയാണ് നഷ്ടമായത് എന്നുള്ളതാണ്. 2001 ജൂലൈയിൽ ആയിരുന്നു സംഭവമെന്നും ആവേശഭരിതമായ ഇത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അനുഭവമെന്നും രാജകുമാരൻ പറയുന്നു.
പുസ്തകം ഇപ്പോൾ തന്നെ ബെസ്റ്റ് സെല്ലർ ആണ്. ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നതും ഈ ഭാഗം തന്നെയാണ്. പ്രായമായ, തന്നെ ലൈംഗിക ബന്ധത്തിലേക്ക് വീഴ്ത്തിയ ആ സ്ത്രീയുടെ പേര് ആത്മകഥയിൽ എങ്ങും പരാമർശിക്കുന്നില്ല. ഒരു കുതിരയെപോലെയാണ് അവർ തന്നോട് പെരുമാറിയതെന്നും ഹാരി ഓർമിക്കുന്നു. സ്ത്രീയുടെ പേരിനെ ചുറ്റുപറ്റി പലകോണുകളിൽ നിന്നും വലിയ ചർച്ചയാണ് ഉയരുന്നത്. ഏറെ കാലത്തിനു ശേഷം ആ സ്ത്രീ പേര് വെളിപ്പെടുത്തി പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.
ചാൾസ് രാജാവിന്റെ ഗ്ലൗസെസ്റ്റർഷെയർ എസ്റ്റേറ്റായ ഹൈഗ്രോവിൽ ഉണ്ടായിരുന്ന സാഷ വാൾപോളാണ് ആ സ്ത്രീ. ആദ്യം മുതൽ തന്നെ ഉയർന്ന പേരുകളിൽ ഒന്നും തന്നെ സാഷയുടെ പേര് വന്നിരുന്നില്ല. ഇതോടെ ഏറെ കാലമായി നിലനിന്നിരുന്ന ഊഹാപോഹങ്ങൾക്ക് വിരാമമാകുകയാണ്. നോർട്ടനിലെ വിൽറ്റ്‌ഷയർ ഗ്രാമത്തിലെ ദി വൈൻ ട്രീ പബ്ബിന് പിന്നിലുണ്ടായ സംഭവത്തിൽ ആദ്യം നീക്കം നടത്തിയത് ഹാരി ആണെന്നും സാഷ വെളിപ്പെടുത്തി. നിലവിൽ രണ്ട് കുട്ടികളുടെ അമ്മയാണ് ഇവർ. ഉപജീവനത്തിനായി പല ജോലികളും ചെയ്താണ് മുന്നോട്ട് പോകുന്നതെന്ന് അവർ പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: മദ്യപാനം കൈകാര്യം ചെയ്യുന്നതിൽ വരുന്ന വീഴ്ചയാണ് അടിമത്വത്തിലേക്ക് നയിക്കുന്നതെന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്‌സലൻസിന്റെ നിരീക്ഷണം ചർച്ചയാകുന്നു. മദ്യപാനം ഒരു പ്രശ്നമാണെന്ന ബോധ്യം ഇല്ലാത്തതാണ് ഇതിനു പ്രധാന കാരണമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. യുകെയിലെ അര ദശലക്ഷത്തിലധികം ആളുകൾ മദ്യത്തിന് അടിമകളാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ ഏറെയും നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ്. ഇത് വലിയ ദുരന്തത്തിലേയ്ക്കാണ് നയിക്കുന്നതെന്നതാണ് യാഥാർഥ്യം. പലപ്പോഴും ഇത് മറന്നാണ് പലരും മദ്യപിക്കുന്നത് എന്നുള്ളതാണ് യാഥാർഥ്യം.
മദ്യപിക്കുന്നവരിൽ ക്യാൻസർ, പാൻക്രിയാറ്റിസ്, പക്ഷാഘാതം, ഹൃദ്രോഗം, കരൾ, വൃക്ക തകരാർ എന്നിങ്ങനെ പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ മദ്യപാനം തടയുന്നതിനുള്ള സഹായം തേടി ക്ലിനിക്കുകളെ ആശ്രയിക്കുന്നണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്‌സലൻസ് സാക്ഷ്യപെടുത്തുന്നു. 2020-21 കാലയളവിൽ 107,428 പേർ മദ്യപാനത്തെ തുടർന്ന് ചികിത്സ തേടിയിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
യുകെയിലുടനീളമുള്ള 1.8 ദശലക്ഷം മുതിർന്നവരുടെ ആശുപത്രി വിവരങ്ങളിൽ മദ്യ ഉപഭോഗത്തെക്കുറിച്ചുള്ള വിവരങ്ങളില്ലെന്നും 10 ശതമാനത്തിൽ താഴെയുള്ളവർക്ക് മാത്രമാണ് മതിയായ രേഖകൾ ഉള്ളതെന്നും പഠനം പറയുന്നു. എന്നാൽ ഓഫീസ് ഫോർ ഹെൽത്ത് ഇംപ്രൂവ്‌മെന്റ് ആൻഡ് ഡിസ്പെരിറ്റീസിന്റെ കണക്കുകൾ പ്രകാരം, ഇംഗ്ലണ്ടിൽ 2018 മുതൽ 2019 വരെ 602,391പേർക്ക് വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം(78) അന്തരിച്ചു. ചെന്നൈയിലെ നുങ്കംപാക്കത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ശനിയാഴ്ച്ച ചെന്നൈയിലെ വസതിയിൽ കുഴഞ്ഞുവീണാണ് വാണി ജയറാം അന്തരിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945ലായിരുന്നു വാണി ജയറാമിന്റെ ജനനം.
തമിഴ്, തെലുങ്ക് , കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്. കലൈവാണി എന്നായിരുന്നു യഥാർഥ പേര്. സ്വപ്നം എന്ന ചിത്രത്തിലെ ‘സൗരയൂഥത്തിൽ വിടർന്നൊരു’ എന്ന ഗാനമാണ് മലയാളത്തിൽ അവർ ആദ്യം ആലപിച്ചത്. സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് സംഗീതത്തിൻ്റെ ആദ്യപാഠങ്ങൾ ഹൃദ്യസ്ഥമാക്കിയ വാണി തൻ്റെ എട്ടാം വയസ്സിൽ ആകാശവാണിയുടെ മദ്രാസ് സ്റ്റേഷനിൽ പാടി തുടങ്ങി.
കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരായിരുന്നു കർണാടക സംഗീതത്തിലെ വാണിയുടെ ഗുരുക്കന്മാർ. ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനിൽ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്. 1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ അവർ സംഗീത ആസ്വാദകർക്ക് ഇടയിൽ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാർഡുകൾ അവർ നേടി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഹൈഗേറ്റിലെ വൗട്ടൺ സ്ട്രീറ്റിൽ ഡ്രൈവേയിൽ കെട്ടിടം പൊളിക്കാൻ കൗൺസിൽ മേധാവികൾ ഉത്തരവിട്ടതിനെ തുടർന്ന് ഡ്രൈവ്‌വേയിൽ ഹോം ജിം ഉൾപ്പടെ നിർമിച്ച വീടിന്റെ വലിപ്പം കുറയ്ക്കാൻ ഒരുങ്ങുന്നു. 2019 ലാണ് വീട് പണിയാൻ അനുമതി ലഭിച്ചത്. എന്നാൽ കഴിഞ്ഞവർഷം ഒക്ടോബറിൽ നടത്തിയ പരിശോധനയിലാണ് നിർമ്മാണത്തിൽ പിശക് ഉണ്ടെന്ന് അധികൃതർ കണ്ടെത്തിയത്.
ഇതിനെ തുടർന്ന് കെട്ടിടം പൊളിക്കാൻ ഉത്തരവ് വന്നെങ്കിലും, അനുവദിച്ച പ്ലാനിൽ നിന്ന് ചെറിയ വ്യത്യാസങ്ങൾ മാത്രമേയുള്ളെന്ന് സ്ഥലം ഉടമകൾ വാദിച്ചു. സ്ഥലത്ത് ജിം പ്രവർത്തിക്കുന്നുണ്ടെന്നും കുടുംബം വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ മാസം അവസാനത്തോടെ ഘടനയിൽ മാറ്റം വരുത്തി വീട്ടുകാർ രംഗത്ത് വന്നു. കൃത്യമായ അളവിൽ വലിപ്പം കുറച്ചുകൊണ്ടാണ് പുനർ നിർമാണമെന്ന് പുതിയ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഓർഡർ അനുസരിച്ചുള്ള തീരുമാനത്തിലേക്ക് മാറിയതിനെ അഭിനന്ദിച്ചു അയൽവാസികളും രംഗത്ത് വന്നു.
‘കൗൺസിൽ എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് പാലിക്കാൻ എല്ലാവരും തയാറാകേണ്ടതുണ്ട്. അനധികൃത കെട്ടിടം പൊളിക്കുന്നതിന് ഞങ്ങൾ ഒരു ഇഎൻ നൽകിയിരുന്നു, തുടർച്ചയായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ നീക്കമെന്ന് പ്രതീക്ഷിക്കുന്നു’ ബർമിംഗ്ഹാം സിറ്റി കൗൺസിലിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. 2022 ജൂലൈ ഒന്നിനകം പാലിക്കേണ്ട മുന്നറിയിപ്പാണ് നേരത്തെ നൽകിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നിക്കോള ബുള്ളി നദിയിൽ വീണതിന് തെളിവുകൾ ഒന്നുമില്ലെന്ന് വ്യക്തമാക്കി കുടുംബം രംഗത്ത്. കാണാതായ രണ്ട് കുട്ടികളുടെ അമ്മ തന്റെ നായ വില്ലോയുടെ ടെന്നീസ് ബോൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ അവർ നദിയിൽ വീഴാൻ സാധ്യതയുണ്ടെന്ന് പോലീസ് ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണിത്. തുടർന്ന് നടത്തിയ പരിശോധനയിൽ തെളിവുകളായി പന്ത് കണ്ടെടുത്തിട്ടുമില്ല.
എന്നാൽ ബുള്ളിയുടെ സഹോദരി ലൂയിസ് കണ്ണിംഗ്ഹാം ഇന്നലെ രാത്രി ഒരു സോഷ്യൽ മീഡിയ പോസ്റ്റുമായി രംഗത്ത് വന്നിരുന്നു.ഏറ്റവും പുതിയ തെളിവുകൾ അനുസരിച്ചു നദിയിൽ പോയതിന് തെളിവുകൾ ഇല്ലെന്നാണ് പറയുന്നതന്നും പോസ്റ്റിൽ സൂചിപ്പിക്കുന്നു. എല്ലാ സിസിടിവികളും പൂർണമായും പോലീസ് പരിശോധിച്ചിട്ടില്ലെന്നും കേസ് നടക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
പ്രദേശത്തെ സിസിടിവികളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പാർക്കിൽ നിന്ന് പുറത്തുകടന്നിട്ടില്ല എന്നുള്ളത് വ്യക്തമാണ്. അതേസമയം,ഗാർസ്റ്റാങ് ലെയ്നിലേക്ക് A5/A6 ലേക്ക് നയിക്കുന്ന പാത ക്യാമറ ബ്ലാക്ക് സ്പോട്ട് ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടനെ ഒരു നിഗമനത്തിലേക്ക് എത്താൻ കഴിയുമെന്നുമാണ് ലങ്കാഷെയർ പോലീസ് സൂപ്രണ്ട് സാലി റൈലി പറയുന്നത്.