ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റിലെ പല പ്രഖ്യാപനങ്ങളും യുകെ മലയാളികളെ ബാധിക്കുന്നതാണ്. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (എൽആർഎസ്) കീഴിലുള്ള വിദേശ പണമിടപാടുകൾക്കുള്ള നികുതി ശേഖരണം (ടിസിഎസ്) നിരക്ക് 5 ശതമാനത്തിൽ നിന്ന് 20 ആയി ഉയർത്തിയാതാണ് ബഡ്ജറ്റിലെ നിർണായക പ്രഖ്യാപനം. ഇതോടെ വലിയ നികുതി ഒടുക്കേണ്ട അവസ്ഥയിലാണ് പ്രവാസി മലയാളികൾ. ഇടപാടിന്റെ സ്വഭാവം മാറുന്നത് അനുസരിച്ചു നികുതി വർധിക്കും.
മുൻപ് പണം അയയ്ക്കുന്നതിനു 7 ലക്ഷം രൂപ പരിധി ഉണ്ടായിരുന്നു. പുതിയ ബഡ്ജറ്റിൽ ആ പരിധി എടുത്തു കളഞ്ഞു എന്നുള്ളതും പ്രധാന പ്രഖ്യാപനമാണ്. വിദ്യാഭ്യാസം, മെഡിക്കൽ ആവശ്യങ്ങൾ, വിദേശത്ത് നടത്തുന്ന പേയ്‌മെന്റുകൾ മാത്രമല്ല, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ട്രാവൽ കാർഡ് തുടങ്ങി ഏത് പേയ്‌മെന്റ് രീതിയിലൂടെയുള്ള ചെലവുകളും ഇതിൽ ഉൾപ്പെടുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടു .
ഉദാഹരണമായി 10,000 രൂപ അടക്കുന്ന ഒരാൾ ടിസിഎസ് ഇനത്തിൽ 2000 രൂപ അടക്കേണ്ടി വരുമെന്ന് സാരം.അതേസമയം, അവരുടെ വരുമാനത്തിന്മേലുള്ള നികുതി 3,000 രൂപയാണെങ്കിൽ അതിനനുസരിച്ചു തുകയിൽ വ്യത്യാസം വരും. വലിയ തുക കൈമാറുമ്പോൾ നികുതി ഇനത്തിൽ നൽകേണ്ടുന്ന തുകയും വർദ്ധിക്കുന്നെന്നും, ഇടപാടുകളിൽ ജാഗ്രത പുലർത്തണമെന്നും ലുത്ര ആൻഡ് ലുത്ര ലോ ഓഫീസ്സ് ഇന്ത്യൻ മേധാവി സഞ്ജീവ് സച്ച്ദേവ പറയുന്നു. ഇതുമൂലം നാട്ടിലേക്ക് പണം അയക്കുന്നതിൽ ഉൾപ്പെടെ വലിയ നികുതി നൽകേണ്ട അവസ്ഥയിലാണ് പ്രവാസികൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നോട്ടിംഗ് ഹാമിൽ താമസിക്കുന്ന വിജയൻ ശ്രീധരൻ നായരുടെ സഹധർമ്മിണി പ്രസന്ന വിജയൻ അന്തരിച്ചു. കേരളത്തിൽ ഇടയാറൻമുളയാണ് സ്വദേശം . സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
മരണം തുടർക്കഥയാകുന്നതിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . കഴിഞ്ഞദിവസം ബ്രിട്ടനിൽ താമസിക്കുന്ന തൊടുപുഴ വള്ളിയിൽ വിവിയൻ ജേക്കബിന്റെ മകൾ 16 വയസ്സുകാരിയായ കയേൽ പനിപിടിച്ച് മരണമടഞ്ഞത് തേങ്ങലോടെയാണ് യു കെ മലയാളി സമൂഹം ഏറ്റുവാങ്ങിയത്. ന്യൂ മിൽട്ടനിൽ താമസിക്കുന്ന നടുവട്ടം മാഞ്ഞൂരാൻ വീട്ടിൽ പോളി മാഞ്ഞൂരാൻ (55 ) ഇന്നലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിലാഴ്ത്തി മരണം ഏറ്റുവാങ്ങിയിരുന്നു.
പ്രസന്ന വിജയൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.
ന്യൂ മിൽട്ടൺ: മരണങ്ങൾ പതിവാകുന്ന വേദനാജനകമായ സാഹചര്യത്തിലൂടെ യുകെ മലയാളികൾ. ഇന്നലെ ലൂട്ടണിൽ പതിനാറുകാരി പെൺകുട്ടി പനിപിടിച്ചു മരിച്ചതിന് പിന്നാലെ അൽപം മുൻപ് ന്യൂ മിൽട്ടണിൽ താമസിച്ചിരുന്ന നടുവട്ടം മാഞ്ഞൂരാൻ വീട്ടിൽ പോളി മാഞ്ഞൂരാൻ (55) ആണ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മരണമടഞ്ഞത്.
കഴിഞ്ഞ മൂന്നു ദിവസമായി രോഗം വഷളായി പോളി ബോൺമൗത്ത് റോയൽ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു പോളി. ഭാര്യ ഷീബ. മക്കൾ ഗ്രേയ്സ്, റോസ്, പോൾ.
സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും തീരുമാനമായിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
പോളിയുടെ വേർപാടിൽ ദുഃഖിച്ചിരിക്കുന്ന ബന്ധുമിത്രാദികളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെ മലയാളികളെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു വേർപാട് കൂടി വന്നിരിക്കുകയാണ്. ലൂട്ടനിൽ താമസിക്കുന്ന തൊടുപുഴ വള്ളിയില്‍ വിവിയന്‍ ജേക്കബിന്റെ മകൾ കയേലയാണ്(16) പനിയെ തുടർന്ന് മരണത്തിനു കീഴടങ്ങിയത്.
കടുത്ത പനിമൂലം കുഴഞ്ഞുവീണ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം കവർന്നെടുക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. വിവിയന്‍ ജേക്കബിന്റെ രണ്ടാമത്തെ മകളാണ് മരണപ്പെട്ട കയേല.
കയേലയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പലിശ നിരക്ക് വീണ്ടും വർദ്ധിപ്പിച്ചു ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാനാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതോടെ പ്രധാന പലിശ നിരക്ക് 50 bps വർദ്ധിപ്പിച്ച് 4 ശതമാനമായി ഉയർത്തി. 2008 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന പലിശനിരക്കാണിത്. മാത്രമല്ല തുടർച്ചയായി പത്താമത്തെ തവണയാണ് നിരക്ക് ഉയർത്തുന്നത്.
പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാനുള്ള ഉത്തരവാദിത്തം ബാങ്ക് ഓഫ് ഇംഗ്ലണ്ടിനാണ്. 2022 ഡിസംബറിൽ യുകെയിലെ പണപ്പെരുപ്പം 10.5 ശതമാനത്തിലെത്തി. തുടർന്നാണ് പലിശ നിരക്ക് ഉയർത്തി പണപ്പെരുപ്പം ലഘൂകരിക്കുന്നതിനുള്ള നടപടി കൈകൊണ്ടതെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി വ്യക്തമാക്കുന്നത്. വായ്പയെടുക്കുന്നവരിൽ നിന്ന് പണം ഈടാക്കുന്നതിനും ലാഭിക്കുന്നവർക്ക് പണം നൽകുന്നതിനും ബാങ്കുകൾ പലിശ നിരക്കുകൾ ഉപയോഗിക്കുന്നു.
പലിശ നിരക്ക് ഉയർത്തുമ്പോൾ മോർട്ട്ഗേജ് നിരക്ക് വർധിക്കുമോ എന്നുള്ളതാണ് ഇപ്പോൾ ആളുകളുടെ മനസ്സിൽ ഉയരുന്ന ചോദ്യം. സാധാരണയായി, ട്രാക്കർ മോർട്ട്ഗേജ് നേരിട്ട് അടിസ്ഥാന നിരക്കാണ് പിന്തുടരുന്നത്. യുകെ ഏറ്റവും ഉയർന്ന പലിശനിരക്കിലേക്ക് അടുക്കുകയാണെന്നും ബാങ്ക് സൂചന നൽകുന്നുണ്ട്. പണപെരുപ്പ സമ്മർദ്ദം നിലനിന്നാൽ കൂടുതൽ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗിന്റെ വാക്കുകൾ കൂടുതൽ വിവാദത്തിലേക്ക് നീങ്ങുന്നു. ചരിത്രത്തെ ഉന്മൂലനം ചെയ്യാനോ മായ്‌ക്കാനോ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് ബ്രിട്ടൻ തങ്ങളുടെ കൊളോണിയൽ ഭൂതകാലത്തെ അഭിമുഖീകരിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നായിരുന്നു പ്രസ്താവന. ഇതിനെതിരെ മറുപടിയുമായി യുകെ രംഗത്ത് വന്നതോടെയാണ് വിഷയം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
സെനറ്റർ വോംഗ് കിംഗ്സ് കോളേജിലാണ് പ്രസംഗം നടത്തിയത്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ചരിത്രത്തെക്കുറിച്ച് സംസാരിച്ച പെന്നി, ഭൂതകാലത്തെ അംഗീകരിക്കുന്നതിലൂടെ മാത്രമേ യുകെയ്ക്ക് അതിന്റെ ബന്ധങ്ങൾ, പ്രത്യേകിച്ച് ഇന്തോ-പസഫിക് രാജ്യങ്ങളുമായുള്ള ബന്ധം മുൻപോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളു എന്ന് അഭിപ്രായപ്പെട്ടു. ചരിത്രത്തെ മറന്ന് ഒന്നും ചെയ്യാൻ നിൽക്കരുതെന്നും അവർ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ പെന്നിയുടെ വാദങ്ങൾ നിരസിച്ചു യുകെയുടെ വിദേശകാര്യ മന്ത്രി ജെയിംസ് രംഗത്ത് വന്നു.
കൊളോണിയൽ കാലഘട്ടങ്ങളിലെ സംഭവവികാസങ്ങൾ എല്ലാ സമയവും ഒരുപോലെ ആകില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. വ്യാഴാഴ്ച പോർട്സ്മൗത്തിൽ നടന്ന മന്ത്രിതല യോഗങ്ങൾക്ക് ശേഷം, യുകെയും ഇപ്പോൾ കോമൺവെൽത്തിൽ ഉള്ളതും എന്നാൽ മുമ്പ് ബ്രിട്ടീഷ് കോളനികളായിരുന്ന രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം ഇരുവരും തമ്മിൽ ചർച്ച ചെയ്തതായി ക്ലെവർലി പറഞ്ഞു. എന്നാൽ ഇരുവരുടെയും സംഭാഷണത്തിന്റെ മുഖ്യഘടകം അതായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പ്രീപേയ്‌മെന്റ് മീറ്ററുകളിലേക്ക് ഉപയോക്താക്കളെ മാറ്റാനുള്ള തീരുമാനം മാറ്റാൻ ഒരുങ്ങി ബ്രിട്ടീഷ് ഗ്യാസ്. ഏജന്റുമാരും ഫിനാൻഷ്യൽ ഡീലർമാരും ഉപഭോക്താക്കളുടെ പരാതികൾ അവഗണിക്കുകയും, തുടർച്ചയായി ആക്ഷേപം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. പണം നൽകാനുള്ള ആളുകളുടെ വീടുകളിൽ അതിക്രമിച്ചു കയറി ചാർജ് ഈടാക്കുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പ്രധാനമായും അർവാറ്റോ ഫിനാൻഷ്യൽ സൊല്യൂഷൻസ് എന്ന കമ്പനിയുടെ തെറ്റായ നയത്തെ തുടർന്നാണ് മാറ്റം.
അതേസമയം, ഏജന്റുമാരുടെ തെറ്റായ നടപടികൾക്കെതിരെ രൂക്ഷ വിമർശനവുമായാണ് ബ്രിട്ടീഷ് ഗ്യാസ് ഉദ്യോഗസ്ഥർ രംഗത്ത് വന്നത്. ഉപഭോക്താക്കളുടെ ആശങ്കകൾ നീക്കം ചെയ്യാൻ വേണ്ട നടപടികൾ കൈകൊണ്ടിട്ടുണ്ടെന്നും, സുരക്ഷയ്ക്കാണ് പ്രധാന മുൻഗണനയെന്നും സെൻട്രിക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ക്രിസ് ഓഷേ പറഞ്ഞു. പണത്തിന്റെ ഉപയോഗം സംബന്ധിച്ച് ഇടനിലക്കാർ നടത്തുന്ന തെറ്റായ പ്രവണതകൾ തിരുത്തപ്പെടേണ്ടതാണെന്നും, അവർ ചെയ്തത് തെറ്റാണെന്ന് തികഞ്ഞ ബോധ്യം ഉള്ളതുകൊണ്ടാണ് പ്രവർത്തനം നിർത്തിവെച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു.
സംഭവത്തിൽ എനർജി റെഗുലേറ്റർ ഓഫ്‌ജെമും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഗ്യാസിൽ നടന്ന കാര്യങ്ങൾ ഞെട്ടൽ ഉളവാക്കുന്നുണ്ടെന്നും, അവരുമായി ചേർന്ന് മുന്നോട്ടുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ പ്രതികരിച്ചു. അർവാറ്റോ ഫിനാൻഷ്യൽ സൊല്യൂഷൻസ് കുട്ടികളും വികലാംഗരും താമസിക്കുന്ന വീടുകളിൽ അതിക്രമിച്ചു കയറിയാതായി പരാതിയുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിൽ നിർണായക മാറ്റങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി അധികൃതർ. 2023 ഫെബ്രുവരി മാസം മുതൽ ഇവ പ്രാബല്യത്തിൽ വരും. ജനുവരി 24 നു നടന്ന എൻഎംസിയുടെ ഗവേണിംഗ് കൗൺസിലിന്റെ യോഗത്തിലാണ് ഇങ്ങനെയൊരു ആശയം ഉരുതിരിഞ്ഞുവന്നത്. എട്ട് ആഴ്‌ചത്തെ കൺസൾട്ടേഷനെ മുൻ നിർത്തിയാണ് ഈ നീക്കം.
പരീക്ഷ വിജയിക്കുന്നതിന് അപേക്ഷകൻ ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റിൽ (OET) ബി സ്കോർ നേടണം. അല്ലെങ്കിൽ ഇതര ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (IELTS) അഡ്വാൻസ്ഡ് പരീക്ഷയിൽ സ്പീച്ചിലും ലിസണിങ്ങിലും 7 പോയിന്റ് ലഭിക്കണം. ടെസ്റ്റിന്റെ ഒരു ഭാഗവും അതാത് ഡൊമെയ്‌നുകൾക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞതിന്റെ പകുതി ഗ്രേഡോ, പോയിന്റോ സ്കോർ ചെയ്യാത്തിടത്തോളം കാലം എൻഎംസി സംയോജിത പരിശോധനാ ഫലങ്ങൾ സ്വീകരിക്കും. ഇതനുസരിച്ച് എഴുതി ലഭിക്കുന്ന പോയിന്റ് സി ഗ്രേഡോ, അല്ലെങ്കിൽ 6 ആയിരിക്കണമെന്നും പുതുക്കിയ നിർദേശങ്ങളിൽ പറയുന്നു.
നടപടിയുടെ ഭാഗമായി ഉണ്ടാക്കുന്ന മറ്റൊരു മാറ്റം, കഴിഞ്ഞ 2 വർഷമോ,1 വർഷമോ ആയി യുകെയുടെ ആരോഗ്യ മേഖലയിൽ ജോലി ചെയ്തിട്ടുള്ള അപേക്ഷകർക്ക് ടെസ്റ്റിന് പകരം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ തെളിവായി തൊഴിൽദാതാവിന്റെ റഫറൻസ് സമർപ്പിക്കാൻ എൻ എം സി അനുവാദം നൽകുന്നു. ജോലി ചെയ്തിട്ടുള്ള ജീവനക്കാർക്ക് ഒഇടി അല്ലെങ്കിൽ ഐഇഎൽടിഎസ് ടെസ്റ്റിൽ സ്കോർ നഷ്ടപെടുന്നവർക്കും ഈ അവസരം ഉപയോഗിക്കാം. എൻഎംസിയുടെ ഔദ്യോഗിക കണക്ക് അനുസരിച്ചു യുകെയിൽ പരിശീലനം ലഭിച്ച നേഴ്‌സിങ് ജീവനക്കാരുടെ എണ്ണം അതിവേഗം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭേദഗതി.
ലണ്ടൻ: യുകെയിൽ തുടർച്ചയായി വീടുകളുടെ വില ഇടിയുന്നതായി റിപ്പോർട്ട്. നേഷൻവൈഡ് ബിൽഡിംഗ് സൊസൈറ്റിയുടെ കണക്കനുസരിച്ച് ജനുവരിയിൽ യുകെയിൽ വീടുകളുടെ വില ഇടിഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം വസ്തുവിന്റെ ശരാശരി വില 258,297 പൗണ്ട് ആയിരുന്നു. ഡിസംബർ അവസാനത്തോടെ ഇത് 0.6% കുറഞ്ഞിരുന്നു. ഡിസംബർ മാസം രേഖപ്പെടുത്തിയ വില വർധനവായ 2.8 ശതമാനത്തിൽ നിന്ന് 1.1 ശതമാനമാണ് ഇത്തവണ കുറവ് ഉണ്ടായത്.
സമീപകാലത്തായി വിപണി നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണെന്നും പഴയ കാലത്തേക്കുള്ള മടങ്ങി പോക്ക് അത്രപെട്ടെന്ന് സാധ്യമല്ലെന്നും ബിൽഡിംഗ് സൊസൈറ്റി അധികൃതർ വ്യക്തമാക്കി.അതേസമയം, സാമ്പത്തിക ഞെരുക്കം ഇതിനുള്ള പ്രധാന കാരണമാണെന്നും, സാധനങ്ങളുടെ വിലകയറ്റം ദൈന്യംദിന ചിലവുകളെ പോലും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും നാഷൻ വൈഡിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ റോബർട്ട് ഗാർഡ്‌നർ പറഞ്ഞു. അനുദിനം ചിലവുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പണം സമ്പാദിക്കുന്നത് പ്രയാസമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഉയർന്ന പലിശ നിരക്ക് കാരണം മോർട്ട്ഗേജുകളുടെ തിരിച്ചടവ് പോലും മുടങ്ങിയിരിക്കുകയാണ്.
എന്നാൽ, നവംബർ മാസത്തേക്കാൾ കുറവ് മോർട്ട്ഗേജുകളാണ് അംഗീകരിച്ചിരിക്കുന്നതെന്ന് ചൊവ്വാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. കോവിഡ് 19 ലോക്‌ഡൗൺ കാലയളവിന് ശേഷം, അതായത് 2009 നു ശേഷമുള്ള ഏറ്റവും കുറവ് സംഖ്യയാണിതെന്നും അധികൃതർ വ്യക്തമാക്കി. സാമ്പത്തിക ഉന്നമനത്തിനായി ഇടകാലത്ത് അവതരിപ്പിച്ച മിനി ബഡ്ജറ്റാണ് ഇതിനെല്ലാം കാരണമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ജീവിതചിലവ് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പലിശനിരക്ക് കൂട്ടിയത് എന്നാണ് ഔദ്യോഗി ക വൃത്തങ്ങൾ നൽകുന്ന മറുപടി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളി ഫ്ലൈബി വർഗീസിന്റെ അമ്മ നാട്ടിൽ മരണമടഞ്ഞു. സ്വന്തം വീടുപണിക്കായി പറമ്പിലെ പനമരം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുത് മാറ്റുന്നതിനിടയിലുണ്ടായ അപകടമാണ് ദാരുണമായ ദുരന്തമായി കലാശിച്ചത്. കടപ്ര പഞ്ചായത്ത് 15-ാം വാർഡിൽ വളഞ്ഞവട്ടം തുമ്മംതറ, പുത്തൻവീട്ടിൽ ലീലാമ്മ വർഗീസ് (60) ആണ് മരണമടഞ്ഞത്. ഇന്നലെ വൈകിട്ട് 5. 30നാണ് സംഭവം നടന്നത്.
അപകടത്തിൽ സഹോദരി ഭർത്താവ് കൂടൽ ഗ്രേസ് വില്ലയിൽ തോമസ് സാമുവലിനും (68) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നട്ടെല്ലിലും തലയ്ക്കും ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മരണമടഞ്ഞ ലീലാമ്മയുടെ ഭർത്താവ് പാസ്റ്റർ ടി എം വർഗീസ് ഏപ്രിലിലാണ് മരിച്ചത്. ഏക മകൻ ഫ്ലൈബി വർഗീസും മരുമകൾ സ്നേഹയും യുകെയിലാണ്.
ഫ്ലൈബിയുടെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു