Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബീസ്റ്റ് ഫ്രം ദി ഈസ്റ്റിനു സമാനമായ കാലാവസ്ഥ യുകെയിൽ വീണ്ടും എത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കെ ഈ ആഴ്‌ച കൂടുതൽ തണുത്ത കാലാവസ്ഥയായിരിക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. നേരത്തെ അറിയിച്ച മുന്നറിയിപ്പിൻെറ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. എന്നാൽ തണുപ്പ് കൂടുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ നടപടി. ഇതോടെയാണ് ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയത്.

അതേസമയം, ഊർജബില്ല് ഒരുവശത്ത് കുതിച്ചുയരുകയാണ്. തുടർച്ചയായി തണുപ്പ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഹീറ്റർ അനിവാര്യമാണ്. എന്നാൽ പ്രായമായവരും, പലവിധമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും ജാഗ്രത പുലർത്തണമെന്ന് യുകെഎച്ച്എസ്എ അറിയിച്ചു. തണുപ്പിന് പുറമെ മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. WX ചാർട്ടുകൾ പ്രകാരം പല പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും അധികൃതർ പറയുന്നു.

ചാർട്ട് പ്രകാരം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇംഗ്ലണ്ടിന്റെ വടക്കൻ ഭാഗങ്ങളിൽ മഞ്ഞുവീഴ്ച്ച ഉണ്ടാകാനുള്ള സാധ്യത 50 മുതൽ 70 ശതമാനം വരെയാണ്. സ്കോട്ട്ലൻഡിൽ ഇത് 80 മുതൽ 95 ശതമാനം ആണെന്നും ചാർട്ട് വ്യക്തമാക്കുന്നു. തെക്കൻ ഭാഗങ്ങളിൽ മഞ്ഞ് വീഴാനുള്ള സാധ്യത വളരെ കുറവാണ് (പ്രദേശങ്ങളിൽ 20 ശതമാനം സാധ്യത കാണുന്നു). മുന്നറിയിപ്പിനെ അവഗണിക്കരുതെന്നും, മുന്നോട്ടുള്ള കാലാവസ്ഥ ഇതിനെ ആശ്രയിച്ചിരിക്കുമെന്നും കാലാവസ്ഥ വിദഗ്ധൻ ജിം ഡെയ്ൽ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യൂറോപ്യൻ യൂണിയൻ വിട്ട് യുകെ പുറത്ത് വന്നിട്ട് ഏകദേശം മൂന്ന് വർഷം പിന്നിടുകയാണ്. ഇതിനു ശേഷം രാജ്യം സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളെയാണ് അഭിമുഖീകരിച്ചത്. കോവിഡ്-19 മഹാമാരി, ഊർജ പ്രതിസന്ധി എന്നിവയൊക്കെ അതിന് ചില ഉദാഹരണങ്ങൾ മാത്രമാണ്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും പുതിയ ഡേറ്റ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.

വ്യാപാര രംഗത്തും പലവിധമായ മാറ്റങ്ങളിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്. 2021-ൽ യുകെ സിംഗിൾ മാർക്കറ്റിൽ നിന്നും കസ്റ്റംസ് യൂണിയനിൽ നിന്നും പിൻവാങ്ങിയതോടെ, യൂറോപ്യൻ യൂണിയനുമായി വ്യാപാരം നടത്തുന്ന കമ്പനികൾ ചില പുതിയ നിയമ നടപടികൾക്കും പേപ്പർവർക്കുകൾക്കും വിധേയമാകണം. യുകെയും അതിന്റെ ഏറ്റവും അടുത്തുള്ള വ്യാപാര കമ്പനിയും തമ്മിലുള്ള 550 ബില്യൺ പൗണ്ടിന്റെ വ്യാപാരത്തിന് എന്ത് സംഭവിക്കുമെന്ന ഭയം ഇവിടെ ജനിപ്പിച്ചെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, യുകെ യൂറോപ്യൻ യൂണിയനിലേക്ക് കയറ്റുമതി ചെയ്യുന്ന തുകയിൽ പ്രാരംഭ ഇടിവുണ്ടായി. ഔദ്യോഗിക കണക്കുകൾ പ്രകാരം, പ്രശ്‌നങ്ങൾ പരിഹരിച്ചുകഴിഞ്ഞാൽ, വ്യാപാര അളവുകൾ, പകർച്ചവ്യാധിക്ക് മുമ്പുള്ള തലത്തിലേക്ക് വളരാനാണ് സാധ്യതയെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ബ്രെക്‌സിറ്റ് ഇല്ലായിരുന്നെങ്കിൽ വ്യാപാരം കൂടുതൽ വളരുമായിരുന്നുവെന്നും ആളുകൾ ഇവിടെ അഭിപ്രായപ്പെടുന്നുണ്ട്.

നിക്ഷേപരംഗത്തും പലവിധത്തിലുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഫാക്ടറികൾ, പരിശീലന യൂണിറ്റുകൾ എന്നിവയ്ക്കായി എത്ര തുക നിക്ഷേപിക്കുന്നു എന്നുള്ളതൊക്കെ യൂറോപ്യൻ യൂണിയനുമായുള്ള രാജ്യത്തിന്റെ ബന്ധത്തെ നിർണയിക്കുന്ന ഘടകങ്ങളാണ്. യൂണിയൻ വിട്ടതോടെ തൊഴിലാളികളുടെ സ്വതന്ത്രമായ നീക്കത്തെക്കുറിച്ചുള്ള നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് പലകോണുകളിൽ നിന്നും വിമർശനം ഉയരാൻ കാരണമായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മിൽട്ടൺ കെയ്‌ൻസിൽ തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ നാല് വയസുകാരി മരിച്ചു. നെതർഫീൽഡിലെ ബ്രോഡ്‌ലാൻഡ്‌സിലെ പൂന്തോട്ടത്തിൽ വെച്ചായിരുന്നു സംഭവം. കുട്ടിയെ പിന്തുടർന്ന് എത്തിയ നായ പിൻഭാഗത്ത്‌ കൂടി ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്കാണ് ആക്രമണം ഉണ്ടായത്. ആംബുലൻസ് വിളിച്ചു കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമം നടത്തിയിരുന്നു.

ആക്രമിച്ച നായയെ സമീപവാസികൾ സ്ഥലത്ത് വെച്ച് തന്നെ മറവ് ചെയ്തു. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. റോഡ് പരിസരവും നിലവിൽ പോലീസിന്റെ നിയന്ത്രണത്തിലാണ്. നായ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ അടുത്തുള്ളവരോട് ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല.

പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് കുട്ടിയുടെ കുടുംബത്തിനൊപ്പം ഉള്ളതൊന്നും അന്വേഷണസംഘം മേധാവി പറഞ്ഞു. നായയുടെ ആക്രമണത്തിനിരയായി ഒരു കുട്ടി കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും തികച്ചും ദാരുണമായ സംഭവമാണിതെന്ന് സൂപ്രണ്ട് മാറ്റ് ബുള്ളിവന്റ് പറഞ്ഞു. ‘ഞങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായിട്ടാണ് നായയെ കൊല്ലാൻ തീരുമാനിച്ചത്’- അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് നേരത്തെ നിശ്ചയിച്ച പ്രകാരം ഇംഗ്ലണ്ടിലെയും വെയിൽസിലെയും അധ്യാപകർ ഇന്ന് പണിമുടക്കും . 2016 -ന് ശേഷം അധ്യാപകർ നടത്തുന്ന ആദ്യത്തെ ദേശീയ പണിമുടക്കാണിത്. അധ്യാപകർ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പേർ ഇന്ന് പണിമുടക്കിയേക്കാമെന്നാണ് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ അറിയിച്ചിരിക്കുന്നത്. അധ്യാപകരോടൊപ്പം സർവകലാശാല ജീവനക്കാരും സിവിൽ സർവീസുകാരും ട്രെയിൻ, ബസ് ജീവനക്കാരും ഇന്ന് പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

അധ്യാപകരുടെ സമരം മൂലം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കടുത്ത അനിശ്ചിതത്വമാണ് ഉണ്ടായിരിക്കുന്നത് എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു. എത്ര ജീവനക്കാർ പണിമുടക്കും എന്നതിനെ ആശ്രയിച്ച് ഏതൊക്കെ സ്കൂളുകളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടും എന്നതിനെ കുറിച്ചുള്ള വ്യക്തത വരുകയുള്ളൂ എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. യൂണിയൻ നേതാക്കൾ അവകാശപ്പെടുന്നതനുസരിച്ച് 50000 അധികം അധ്യാപകർ പണിമുടക്കിനൊപ്പം അണിചേരും. ഇത്രയും പേർ പങ്കെടുക്കുന്നതുകൊണ്ട് തന്നെ ഒരു ദശാബ്ദത്തിലേറെയായി നടക്കുന്ന ഏറ്റവും വലിയ പണിമുടക്കായിരിക്കും ഇന്നത്തേതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഭൂരിഭാഗം സ്റ്റേറ്റ് സ്കൂൾ അധ്യാപകർക്കും 2022 – ൽ 5% ശമ്പള വർദ്ധനവാണ് ലഭിച്ചിട്ടുള്ളത് . എന്നാൽ പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായിട്ടുള്ള വേതന വർദ്ധനവാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. പണിമുടക്കുന്ന അധ്യാപകർ മുൻകൂട്ടി വിവരം പ്രധാന അധ്യാപകരെ അറിയിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഈ ആവശ്യം യൂണിയനുകൾ തള്ളിക്കളയുകയാണ് ഉണ്ടായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അമ്മയെയും നവജാത ശിശുവിനെയും കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കോൺസ്റ്റൻസ് മാർട്ടനെയും നവജാത ശിശുവിനെയും കണ്ടെത്തുന്നവർക്കും എന്തെങ്കിലും വിവരം കൈമാറുന്നതിനും 10,000 പൗണ്ട് പ്രതിഫലം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് ഉദ്യോഗസ്ഥർ. ലൈംഗിക കുറ്റവാളിയായി ശിക്ഷിക്കപ്പെട്ട വ്യക്തിയായ മാർക്ക് ഗോർഡനൊപ്പമാണ് ഇവർ കഴിയുന്നതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഒരു മാസത്തോളമായി ഇവരെ കാണാതെയായിട്ട്.

താപനില കുറയുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കുഞ്ഞിന്റെ ആരോഗ്യം സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല. കുട്ടിയുടെ ആരോഗ്യം ഉറപ്പാക്കാൻ വേണ്ട ഇടപെടലുകൾ നടത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്. വൈദ്യസഹായം കൂടാതെയുള്ള പ്രസവം ആയിരിക്കാനാണ് സാധ്യതയെന്നും അതിനാൽ ഇവരെ കണ്ടെത്തുക പ്രധാനമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ജനുവരി 8 -നാണ് ഇവരെ അവസാനമായി കണ്ടത്. മൂവരും ടാക്സിയിൽ ഈസ്റ്റ് സസെക്സ് തുറമുഖത്ത് എത്തിയതായി പോലീസ് പറഞ്ഞു. ഇവരുടെ കൈവശം സ്ലീപ്പിങ് ബാഗുകളും അനുബന്ധ സാധനങ്ങളും ഉണ്ടായിരുന്നതായി ദൃക്സാക്ഷികളും വ്യക്തമാക്കി.

‘ടാക്സി യാത്രയിൽ കുഞ്ഞു ജീവനോടെ ഉണ്ടായിരുന്നു. പിന്നീട് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച് വിവരം ഒന്നും തന്നെ ഇല്ല’- അന്വേഷണ സംഘം പറയുന്നു. ഈ കുടുംബത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ ദയവായി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. ജനുവരി 5 -ന് ബോൾട്ടന് സമീപം M61 ന്റെ അരികിൽ ഇവരുടെ കാർ തീപിടിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ സാധനങ്ങൾ എല്ലാം തീപിടുത്തത്തിൽ നശിച്ചതായും കണ്ടെത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടനിലെ ചില ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളിൽ താമസിക്കുന്ന സെക്കന്റ്‌ഹോം ഓണേഴ്സിന് കൗൺസിൽ നികുതി ബിൽ ഇരട്ടിയാക്കാൻ ഒരുങ്ങി അധികൃതർ. സമ്പന്നരായ പുറത്തുനിന്നുള്ളവർ വീട് വാങ്ങുകയും, വർഷത്തിൽ ഭൂരിഭാഗവും വസ്തുവകകൾ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിൽ താമസിക്കുകയും ചെയ്യുന്നവരാണ് ഇതിൽ ഏറെയും.

നടപടി ബില്ലിന് റോയൽ അസെന്റ് ലഭിച്ചുകഴിഞ്ഞാൽ മാത്രമേ നയം നടപ്പിലാകൂ. 2024 -ൽ അംഗീകാരം ലഭിച്ചു നയം പ്രാബല്യത്തിൽ വരുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കോൺവാൾ, ബ്രിസ്റ്റോൾ, നോർത്ത് യോർക്ക്ഷയർ എന്നിവയുൾപ്പെടെ കുറഞ്ഞത് 14 കൗൺസിലുകളെങ്കിലും പ്രീമിയം എത്രയും വേഗം ചുമത്താൻ ഇതിനകം തന്നെ തീരുമാനം ആയിട്ടുണ്ട്.

സമൂഹത്തിൽ രണ്ടാം വീടുകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ചെറുക്കാൻ നിയമനിർമ്മാണം പര്യാപ്തമാകുമെന്നാണ് വകുപ്പ് നൽകുന്ന വിശദീകരണം. പണം സ്വരൂപിക്കുന്നത് മാത്രമല്ല ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം പുറത്തിറക്കിയ സർക്കാർ കണക്കുകൾ കാണിക്കുന്നത് ഇംഗ്ലണ്ടിലെ 257,331 വീടുകളിൽ കുറഞ്ഞത് ആറ് മാസമെങ്കിലും താമസത്തിന് ആളില്ലായിരുന്നു എന്നാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പാസ്പോർട്ട്‌ അപേക്ഷ ഫീസ് വർധിക്കാൻ ഒരുങ്ങുന്നു. ഫെബ്രുവരി 2 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കുന്ന മുതിർന്നവർക്ക് 75.50 പൗണ്ടിൽ നിന്ന് 82.50 പൗണ്ടായും കുട്ടികൾക്ക് 49 പൗണ്ട് മുതൽ 53.50 പൗണ്ട് വരെയും ആണ് ഫീസ് ഉയർത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പലവിധ ആശങ്കകൾ ഉണ്ടായിരുന്നെന്നും, അതുകൊണ്ടാണ് വ്യക്തത വരുത്തുന്നതെന്നും അധികൃതർ പറയുന്നു.

തപാൽ അപേക്ഷകളിൽ മുതിർന്നവർക്ക് 85 പൗണ്ടിൽ നിന്ന് 93 പൗണ്ടായും കുട്ടികൾക്ക് 58.50പൗണ്ട് 64 പൗണ്ടായും വർധിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. പൊതുനികുതിയിൽ നിന്നുള്ള ഫണ്ടിനെ ആശ്രയിക്കുന്നത് ഒഴിവാക്കി, ഫീസ് വർധനവിലൂടെ തുക കണ്ടെത്താനാണ് നീക്കം. അതിന്റെ പ്രാഥമിക നടപടി എന്നുള്ള നിലയിലാണ് അപേക്ഷ ഫീസ് വർദ്ധനവ് ഏർപ്പെടുത്തിയിരിക്കുന്നത്. പാസ്‌പോർട്ട് അപേക്ഷകളുടെ ചെലവിൽ നിന്ന് സർക്കാർ ഒരു ലാഭവും ഉണ്ടാക്കുന്നില്ല.

പാസ്‌പോർട്ട് അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവ്, നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ പാസ്‌പോർട്ടുകൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങൾക്കുമാണ് ഈ തുക വിനിയോഗിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ ആദ്യമായാണ് ഫീസ് വർദ്ധനവ് ഏർപ്പെടുത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ആശുപത്രികളിലെ നീണ്ടനിര ഒഴിവാക്കാൻ പരിഹാര നടപടികളുമായി അധികൃതർ. യുകെ യിലെ ആശുപത്രികളിൽ രോഗികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനു പരിഹാരമായി കൂടുതൽ കിടക്കകളും ആംബുലൻസുകളും പുറത്തിറക്കാനാണ് തീരുമാനം. ഇതോടെ 5,000 പുതിയ കിടക്കകൾ ആശുപത്രികളിൽ എത്തും.

രോഗികളെ ഉൾകൊള്ളാനുള്ള ശേഷി വർദ്ധിക്കുന്നതോടെ തിരക്കുകൾ ഒരു പരിധിവരെ കുറയുമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം 800 പുതിയ ആംബുലൻസുകൾ നിരത്തിലിറക്കുമെന്നുമാണ് പ്രഖ്യാപനം. ഇതിനായി തന്നെ 1 ബില്യൺ പൗണ്ട് തുകയാണ് വകയിരുന്നത്തുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തിറക്കും. ഗവൺമെന്റിന്റെയും എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെയും സംയുക്ത നേതൃത്വത്തിലാണ് നടപടി. എന്നാൽ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുകൊണ്ട് മതിയാവില്ലെന്നാണ് പ്രതിപക്ഷ പാർട്ടികൾ പറയുന്നത്.

മന്ത്രിമാരുടെ കൊടുകാര്യസ്ഥത മാത്രമാണ് ഇതിനു കാരണമെന്നും, ആരോഗ്യ രംഗത്ത് നിർണായകമായ മാറ്റങ്ങൾ കൊണ്ടുവരാത്തത് പാർട്ടികൾ വിശദമായി പരിശോധിക്കണമെന്നും വിമർശകർ ചൂണ്ടിക്കാട്ടി. ഏപ്രിൽ മുതൽ നടപടികൾ കൈകൊള്ളുമെന്നാണ് ഭരണാധികാരികൾ അറിയിക്കുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി ബ്രിട്ടീഷ് എയര്‍ വെയ്സ്. ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ ലാഭകരമായതിനെ തുടർന്നാണ് നീക്കം. ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടു പറക്കാനുളള എയര്‍ ഇന്ത്യയുടെ ഏക വിമാനം ഇല്ലാതാകുന്നുവെന്ന ആശങ്കകൾക്ക് ഇടയിലാണ് നടപടി. ഇതോടെ ഇന്ത്യലേയ്ക്കുള്ള സ്വാധീനം വർധിപ്പിക്കുകയാണ് ബ്രിട്ടീഷ് എയര്‍ വെയ്സ്.

പുതിയ വിമാനങ്ങൾ നിരത്തുകളിൽ ഇറക്കാനാണ് നീക്കം. സർവീസുകൾ ആരംഭിക്കുന്നതോടെ ഏതു സമയത്തും യാത്രയ്ക്ക് വിമാനത്തെ ആശ്രയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. നിലവിൽ മുംബൈയിലേക്ക് രണ്ട് സർവീസുകളാണ് നടത്തുന്നത്. ഇന്ത്യയിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായി ആകർഷകമായ പാക്കേജുകൾ ഉണ്ടാകുമെന്നും യാത്രക്കാർ പ്രതീക്ഷിക്കുന്നു.

ഇപ്പോള്‍ ആഴ്ചയില്‍ 56 സര്‍വീസുകളാണ് ബ്രിട്ടീഷ് എയര്‍വേയ്സ് നടത്തുന്നത്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് പ്രധാന റൂട്ടുകള്‍. ബ്രിട്ടീഷ് എയര്‍വേയ്സ് യുകെയിലെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും വിധമാണ് പുതിയ സര്‍വീസുകളുടെ സമയം ഒരുക്കിയിരിക്കുന്നത്. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത് വേനൽ അവധിക്ക് നാട്ടിലെത്തുന്ന ആളുകൾക്ക് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. 1500 പൗണ്ട് ചിലവാണ് മുൻ വർഷങ്ങളിൽ ആയത്. ഇത്തവണ അത് 1000 ത്തിൽ നിൽക്കുമെന്നാണ് മലയാളികൾ പറയുന്നത്. ബ്രിട്ടനില്‍ നിന്നും എയര്‍ ഇന്ത്യ ഒന്‍പത് നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുമ്പോള്‍ അഞ്ചു കേന്ദ്രങ്ങളിലേയ്ക്കാണ് ബ്രിട്ടീഷ് എയര്‍വേയ്സിന്റെ വിമാനങ്ങള്‍ എത്താൻ പോകുന്നത്.

ലണ്ടൻ: സ്വന്തമായി വിമാനം നിർമ്മിച്ചു യുകെ മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഒരു ആലപ്പുഴക്കാരൻ. കേരള രാഷ്ട്രീയത്തിലെ നിറസാന്നിധ്യവും മുൻ മന്ത്രിയുമായ എ വി താമരാക്ഷന്റെ മകൻ അശോക് താമരാക്ഷനാണ് സ്വന്തമായി ആരെയും ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള വിമാനം നിർമ്മിച്ചിരിക്കുന്നത്. ഒറ്റപ്പാലം കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കിയ അശോക്, തുടർ പഠനത്തിനായിട്ടാണ് യുകെയിൽ എത്തിയത്. പഠനവും ജോലിയുമായി 15 വർഷത്തോളമായി യുകെയിൽ തുടരുകയാണ്. കോവിഡ് മഹാമാരിയുടെ സമയത്താണ് ഇങ്ങനെ ഒരു ആഗ്രഹം മനസ്സിൽ കയറിയതെന്നും, പിന്നീട് അതിന് വേണ്ടിയുള്ള നിരന്തര പരിശ്രമവുമാണ് ഇതിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘താമസസ്ഥലത്ത് എയർഫീൽഡ് ഉണ്ടായിരുന്നു എല്ലാ ദിവസവും കാണുന്നത് വിമാനം ആയതുകൊണ്ടാകാം ഇങ്ങനെ ഒരു ആഗ്രഹം അശോകൻെറ മനസ്സിൽ കയറിയത്. മെക്കാനിക്കൽ എഞ്ചിനീയറിങ് പഠിച്ചത് കൊണ്ട് മാത്രമല്ല, ചെറുപ്പം മുതൽ തന്നെ സാധനങ്ങൾ ഒക്കെ അഴിച്ചു പണിയാൻ ആഗ്രഹവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതൊക്കെയാണ് ഇവിടെ കരുത്തുപകർന്നത്. ജോലിക്കിടയിലാണ് വിമാന നിർമാണത്തിന് സമയം കണ്ടെത്തിയത്. പൈലറ്റ് ആകാനുള്ള പരീക്ഷ അതിന് വേണ്ടി ആദ്യം പാസ്സായി. “ഒത്തിരി കടമ്പകൾ ഉണ്ടായിരുന്നു. ട്രെയിനിങ് സെഷനുകൾ, എക്സാം ഇങ്ങനെ എല്ലാവിധ പരീക്ഷണങ്ങളും കടന്നാണ് ടെസ്റ്റ്‌ പാസ്സ് ആയത്”-അശോക് പറഞ്ഞു.

വിമാന നിർമാണത്തിന് ഏകദേശം 18 മാസം സമയമെടുത്തു. എന്നാൽ പൈലറ്റ് ലൈസൻസ് കിട്ടിയപ്പോൾ ആദ്യം വിമാനം വാങ്ങാനാണ് തീരുമാനിച്ചതെന്നും, എന്നാൽ വില താങ്ങാനാകാത്തതിനാലാണ് നിർമാണം എന്ന ആശയത്തിലേക്ക് കടന്നതെന്നും അശോക് വ്യക്തമാക്കി. ഇപ്പോൾ കൂടുതലും യാത്രകൾക്കും വിമാനമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ജർമ്മനി, ഫ്രാൻസ്, ഓസ്‌ട്രീയ എന്നിവിടങ്ങളിൽ വിമാനവുമായി യാത്ര പോയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘നിർമാണ ഘട്ടത്തിൽ അധികൃതരുടെ ഭാഗത്ത്‌ നിന്ന് പിന്തുണ ലഭിച്ചു, 250 കിലോമീറ്ററാണ് പരമാവധി വേഗത. വരും വർഷങ്ങളിൽ കൂടുതൽ യാത്ര ചെയ്യാനാണ് ആഗ്രഹിക്കുന്നത്’ അശോക് കൂട്ടിച്ചേർത്തു. ഭാര്യ അഭിലാഷ ദുബയും മകൾ ദിയയും അശോകിനു പിന്തുണയുമായി ഒപ്പമുണ്ട്.

Copyright © . All rights reserved