ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയുടെ ഗതാഗത ശൃംഖലകളിൽ കൂടുതൽ വികസനം ഉടൻ വേണമെന്ന് സർക്കാർ ഉപദേഷ്ടാവ് മുന്നറിയിപ്പ് നൽകി. ഗതാഗത ശൃംഖലകളിൽ കൂടുതൽ പണം ചെലവഴിച്ചില്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന യാത്രാ തടസ്സങ്ങൾ കൂടുതൽ വഷളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശക്തമായ മഴയും ഉഷ്ണതരംഗങ്ങളും റോഡ്, റെയിൽ ഗതാഗതത്തെ പലപ്പോഴും തടസ്സപ്പെടുത്തിയിട്ടുണ്ട്. പെട്ടെന്നുള്ള വെള്ളപ്പൊക്കം, മണ്ണിടിച്ചിലുകൾ എന്നിവ റോഡ്, റെയിൽ ഗതാഗത്തെ തകരാറിലാക്കി.

ഒന്നുകിൽ കൂടുതൽ യാത്രാ തടസ്സങ്ങൾ ഉണ്ടാകുന്നത് അഭിമുഖീകരിക്കാൻ യുകെ തയാറാകണം അല്ലെങ്കിൽ അറ്റകുറ്റപ്പണികൾക്കും നവീകരണങ്ങൾക്കുമായി കൂടുതൽ പണം ചെലവഴിക്കണമെന്നും സർ ജോൺ ആർമിറ്റ് പറഞ്ഞു. ഗതാഗത മാർഗങ്ങളുടെ സാങ്കേതികവിദ്യ മെച്ചപ്പെടുന്നുണ്ടെന്നുണ്ടെങ്കിലും ഓരോ വർഷവും രാജ്യം നേരിടുന്ന മഴയുടെയും കാറ്റിന്റെയും ചൂടിന്റെയും അളവ് കൂടി വരികയാണെന്ന് നെറ്റ്‌വർക്ക് റെയിലിന്റെ സേഫ്റ്റി ആൻഡ് എഞ്ചിനീയറിംഗ് ഡയറക്ടർ മാർട്ടിൻ ഫ്രോബിഷർ പറഞ്ഞു.

 

കാലാവസ്ഥാ വ്യതിയാനം ഇതിനോടകം തന്നെ യാത്രമാർഗങ്ങളെ നല്ല തോതിൽ ബാധിച്ചിട്ടുണ്ട്. ഗതാഗത ശൃംഖലകളുടെ മേലധികാരികൾ രാജ്യത്തെ ജനങ്ങളുടെ യാത്രകൾ സുഗമമാക്കാൻ അക്ഷീണർത്ഥം പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വേനൽക്കാലത്തെ ഉഷ്ണതരംഗങ്ങൾ വ്യാപകമായ ട്രെയിൻ റദ്ദാക്കലിന് കാരണമായിരുന്നു. ഒരു നിശ്ചിത പരിധിയിലുള്ള താപനിലയെ നേരിടാൻ പാകത്തിലാണ് റെയിൽവേ ട്രാക്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ താപനില പരിധിയിൽ കൂടുതൽ ആകുമ്പോൾ അവ വളയാൻ തുടങ്ങും.

ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ കനത്ത മഴയ്‌ക്കോ ഉരുൾപൊട്ടലിനോ വെള്ളപ്പൊക്കത്തിനോ കാരണമാകും. മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് നെറ്റ്‌വർക്ക് റെയിൽ ഇപ്പോൾ. അമിതമായി ചൂടാകുന്നത് തടയാനായി റെയിലുകൾക്ക് വെള്ള പെയിന്റ് നൽകുന്നത് പോലെയുള്ള ലളിതമായ നടപടികൾ ഇപ്പോഴും തുടർന്ന് വരുന്നുണ്ട്. സിഗ്നലിംഗ് ഉപകരണങ്ങൾ തണുപ്പിക്കാൻ എയർ കണ്ടീഷനിംഗ് പോലുള്ളവ ഉപയോഗിക്കുന്നു.