ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് ഉയർത്തിയിരിക്കുകയാണ്. ഓഗസ്റ്റിൽ, മോണിറ്ററി പോളിസി കമ്മിറ്റി നിശ്ചയിച്ച നിരക്ക് 5% ത്തിൽ നിന്ന് 5.25% ആയി ഉയർന്നു. ബാങ്ക് നിരക്ക് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. പലിശ നിരക്ക് ഉയർത്തുന്നത് പണം കടം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാക്കുന്നു, അതായത് ചെലവ് കുറയുന്നതിലൂടെ ഡിമാൻഡും പണപ്പെരുപ്പവും കുറയുന്നു എന്നതാണ് നിരക്ക് ഉയർത്തുന്നതിന് പിന്നിലെ യുക്തി. പണപ്പെരുപ്പം 2% -ത്തിലേക്ക് അടുപ്പിക്കുന്നതിനായി 2021 ഡിസംബർ മുതൽ ബാങ്ക് തുടർച്ചയായി 14 തവണ നിരക്കുകൾ പുതുക്കിയിട്ടുണ്ട്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്ക് പ്രകാരം പണപ്പെരുപ്പം ജൂണിൽ 7.9 ശതമാനത്തിലെത്തി.

പലിശ നിരക്കും മോർട്ട്ഗേജും

പലിശ നിരക്കിലെ വർദ്ധനവ് സാധാരണക്കാരെ രൂക്ഷമായി ബാധിക്കുന്നുണ്ട്. ഗവൺമെന്റിന്റെ ഇംഗ്ലീഷ് ഹൗസിംഗ് സർവേ പ്രകാരം മൂന്നിലൊന്ന് കുടുംബങ്ങൾക്ക് മോർട്ട്ഗേജ് ഉണ്ട്. പലിശ നിരക്ക് ഉയരുമ്പോൾ, ട്രാക്കർ, സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റ് (എസ്‌വിആർ) ഡീലുകളിൽ 14 ലക്ഷത്തോളം ആളുകൾക്ക് അവരുടെ പ്രതിമാസ പേയ്‌മെന്റുകളിൽ ഉടനടി വർദ്ധനവ് ഉണ്ടാകും. ഈ നിരക്ക് വർദ്ധനവ് കാരണം സാധാരണ ട്രാക്കർ മോർട്ട്ഗേജിലുള്ളവർ പ്രതിമാസം ഏകദേശം £ 24 കൂടുതൽ നൽകേണ്ടിവരും. എസ് വി ആർ മോർട്ട്ഗേജിലുള്ളവർ £15 അധികം നൽകണം.

വായ്പകളും സേവിങ്സും

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ ക്രെഡിറ്റ് കാർഡുകൾ, ബാങ്ക് വായ്പകൾ, കാർ വായ്പകൾ തുടങ്ങിയവയെ സ്വാധീനിക്കുന്നു. വ്യക്തിഗത ബാങ്കുകളും ബിൽഡിംഗ് സൊസൈറ്റികളും സാധാരണയായി പലിശ നിരക്ക് വർദ്ധനവ് ഉപഭോക്താക്കൾക്ക് കൈമാറുന്നുണ്ട്. എന്നാൽ, ഉപഭോക്താക്കൾക്ക് കുറഞ്ഞ സേവിംഗ്സ് നിരക്കുകൾ നൽകുന്ന ബാങ്കുകൾ ശക്തമായ നടപടി” നേരിടേണ്ടിവരുമെന്ന് യുകെയുടെ സാമ്പത്തിക നിരീക്ഷണ വിഭാഗം അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ മാസങ്ങളിൽ ലോകമെമ്പാടും പലിശ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങളെക്കാൾ കൂടുതലാണ് യുകെയിലെ പലിശ നിരക്ക്.