ടോം ജോസ് തടിയംപാട്
മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കെറ്ററിംഗിൽ ആഴ്ചകൾക്കു മുൻപ് ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട കോട്ടയം വൈക്കം സ്വദേശി അഞ്ജുവിന്റെയും മക്കളായ ജീവ, ജാൻവി എന്നിവരുടെയും മൃതദേഹങ്ങൾ നിയമനടപിടികൾ പൂർത്തിയാക്കി കൊറോണർ ഫ്യൂണറൽ ഡയറക്റ്ററേറ്റിന് കൈമാറിയെന്ന് അടുത്ത ബന്ധുവായി (next of kin )അഞ്ജുവിന്റെ കുടുംബം നിയോഗിക്കപ്പെട്ട അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഉപദേശകസമിതി അംഗവുമായ മനോജ് മാത്യു അറിയിച്ചു .
ലിവർപൂൾ ബെർക്കിൻഹെഡിലുള്ള ലോറൻസ് ഫ്യൂണറൽ സർവീസാണ് മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത് . ഈ മൂന്ന് മൃതദേഹവും നാട്ടിൽ എത്തിക്കുന്നതിന് 6400 പൗണ്ട് മാത്രമാണ് ചെലവ് വരുന്നതെന്നു മനോജ് അറിയിച്ചു . ഈ ചിലവുകൾ വഹിക്കുന്നത് ബ്രിട്ടനിലെ ഇന്ത്യൻ എംബസിയാണ് .
ഫ്യൂണറൽ ഡയറക്റ്ററേറ്റിന്റെ നടപിടിക്രമങ്ങൾ പൂർത്തീകരിച്ചു ഏതാനും ദിവസങ്ങൾക്കകം മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കും .അഞ്ജു കൊല്ലപ്പെട്ട ദിവസം മുതൽ next of kin ആയ മനോജിന് കാര്യങ്ങൾ ക്രോഡീകരിക്കുന്നതിനുവേണ്ടി എൻ എച്ച് എസ് അവധി അനുവദിക്കുകയും മൃതദേഹത്തെ നാട്ടിലേക്കു അനുഗമിക്കാനും അനുവാദം നൽകിയിട്ടുണ്ട് .
കെറ്ററിംഗ് മലയാളി വെൽഫേയർ അസ്സോസിയേഷൻെറ ( KMWA ) നേതൃത്വത്തിൽ എല്ലാവരും ഒരുമനസോടെ ഈ ദുരന്തത്തിന് പിന്നിൽ അണിനിരന്നുകൊണ്ടു അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കാൻ ശ്രമിച്ചപ്പോൾ യു കെ മലയാളികളും ബ്രിട്ടീഷ് സമൂഹവും കൂടി 32 ലക്ഷം രൂപയാണ് വളരെ കുറഞ്ഞ സമയം കൊണ്ട് ശേഖരിച്ചത് . ഈ പണം ഏറ്റവും അടുത്ത ദിവസം അഞ്ജുവിന്റെ കുടുംബത്തിനു കൈമാറുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കെയർ ഹോമിൽ ആക്രമണത്തിനിരയായി അറുപതുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്‌തു. കൊലപാതകം അന്വേഷിച്ച് വരുന്ന പോലീസ് 44 കാരനായ അന്തേവാസിയെയാണ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്‌തത്. ഹെയ്‌സിലെ ലാൻസ്‌ബറി ഡ്രൈവിലുള്ള അഡൽറ്റ് കെയർ ഫാസിലിറ്റിയിൽ ജനുവരി 2-ന് രാത്രിയോടെ കൊലപാതക ശ്രമം നടന്നതിനെ തുടർന്നാണ് അധികൃതർ പോലീസിനെ വിളിച്ചത്. ലണ്ടൻ ആംബുലൻസ് സർവീസിലെ ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി ആവശ്യമായ അത്യാഹിത സേവനങ്ങൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
ഇയാളുടെ മരണത്തെ തുടർന്ന് കൊലപാതക അന്വേഷണം പുരോഗമിച്ച് വരികയാണെന്ന് മെറ്റ് പോലീസ് അറിയിച്ചു. മരിച്ചയാളുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. കൊലപാതകി എന്ന് സംശയിക്കുന്ന 44-കാരനെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്‌തുവെന്നും ഇയാൾ വെസ്റ്റ് ലണ്ടൻ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു. അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങൾ നൽകുവാൻ 101 എന്ന നമ്പറിലേക്കോ 0800 555 111 എന്ന സ്വതന്ത്ര ചാരിറ്റിയായ ക്രൈംസ്റ്റോപ്പേഴ്‌സിനെയോ ബന്ധപ്പെടാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബക്കിംഗ്ഹാംഷെയറിലെ ഹോസ്പിറ്റലിൽ ജോലി ചെയുന്ന എൻ എച്ച് എസ് സ്റ്റാഫിനോട് ക്രിസ്മസ് ബോണസ് തിരികെ നൽകാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായി വാർത്തകൾ പുറത്ത്. കൗണ്ടിയിലെ പ്രധാന ആശുപത്രികളിലൊന്നിൽ ജീവനക്കാരോട് ക്രിസ്മസ് തലേന്ന് പേയ്‌മെന്റ് തിരികെ നൽകണമെന്ന് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മിൽട്ടൺ കെയിൻസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജീവനക്കാർക്ക് നൈറ്റ് ഷിഫ്റ്റ് ആരംഭിച്ചതിനു ശേഷമാണ് ബോണസ് നൽകാൻ തുടങ്ങിയത്.
ഡിസംബർ മാസം അഞ്ചു മുതൽ 10 വരെ ഷിഫ്റ്റുകൾ അധികമായി ജോലി ചെയ്താൽ 300 പൗണ്ട് വരെ ലഭിക്കുമെന്ന് ചില ജീവനക്കാരോട് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. ബോണസിനു അർഹതയില്ലാത്ത ജീവനക്കാർക്ക് ആശുപത്രി അധികൃതർ നൽകിയതായാണ് മറ്റ് ചില ജീവനക്കാർ ആരോപിക്കുന്നത്. ക്ഷുഭിതരായ തൊഴിലാളികൾ മിൽട്ടൺ കെയിൻസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ട്രസ്റ്റിൽ പരാതിപ്പെട്ടു. സംഭവത്തെ തുടർന്ന് ക്ഷമാപണം നടത്തി ആശുപത്രി അധികൃതർ രംഗത്ത് വന്നിട്ടുണ്ട്.
ബോണസിന് നികുതി നൽകേണ്ടതിനാൽ 150 പൗണ്ടിൽ 60 പൗണ്ട് മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ രാജ്യത്ത് ജീവിതച്ചെലവ് പ്രതിസന്ധി അനുദിനം തുടരുമ്പോൾ ബോണസ് തുക മുഴുവനായും തിരികെ നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. മിൽട്ടൺ കെയിൻസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജോ ഹാരിസണും കോർപ്പറേറ്റ് അഫയേഴ്‌സ് ഡയറക്ടർ കേറ്റ് ജർമാനും ഖേദം പ്രകടിപ്പിച്ചു രംഗത്ത് വന്നിട്ടുണ്ട്. തെറ്റായ ഒരു നടപടി കാരണം കുറച്ചധികം ആളുകളുടെ ജോലിയെ ബാധിച്ചിട്ടുണ്ടെന്നും, എത്രയും പെട്ടെന്ന് പോരായ്മ പരിഹരിക്കുന്നതെന്നും ജർമാൻ ട്വിറ്ററിൽ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുദ്ധങ്ങൾ എല്ലായ്‌പ്പോഴും സമ്മാനിക്കുന്നത് ആശയറ്റ അനേകായിരം മനുഷ്യജീവിതങ്ങളെയാണ്. ചരിത്രം പരിശോധിച്ചാൽ യുദ്ധത്തിൽ പട്ടാളക്കാർ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാറുണ്ട് എന്നുള്ളതൊരു യഥാർത്ഥ്യമാണ്. റഷ്യ ഉക്രൈയ്നിൽ അധിനിവേശം നടത്തിയ കേവലം പത്ത് മാസത്തിനുള്ളിൽ തന്നെ നൂറുകണക്കിന് സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴും ഇത് ഇവരുടെയൊക്കെ പ്രിയപ്പെട്ടവരുടെ കണ്മുൻപിൽ വെച്ചായിരുന്നു എന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. 22കാരിയായ ഉക്രൈനിയൻ യുവതിയെ റഷ്യൻ പട്ടാളക്കാർ കൂട്ടബലാത്സംഗം ചെയ്തതും, നാലുവയസ്സുള്ള മകളെ പോലും ലൈംഗികമായി ഉപയോഗിച്ച സംഭവം റിപ്പോർട്ട് ചെയ്തതും ഇതേകാലയളവിലാണ്.
കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രം ദശലക്ഷകണക്കിന് സ്ത്രീകളാണ് യുദ്ധസമയത്ത് ഇത്തരത്തിൽ ഇരകളാക്കപ്പെട്ടത്. 1992-ൽ ബോസ്നിയയിലും 1994-ൽ റുവാണ്ടയിലും 1937-ൽ ചൈനയിലും നടന്ന ദാരുണമായ സംഭവങ്ങൾ ചില ഉദാഹരണങ്ങൾ മാത്രമാണ്. ഒരു രാജ്യത്തെ വംശീയമായി ഇല്ലാതാക്കാനാണ് ശത്രു രാജ്യങ്ങൾ സ്ത്രീകളെ ലൈംഗിക അതിക്രമത്തിന് വിധേയരാക്കുന്നത്. ഇതിലൂടെ മാനസികമായി രാജ്യത്തിനു മുറിവേൽപ്പിക്കാൻ സാധിക്കും. എന്നാൽ ഈ കണക്കുകൾ പൂർണമല്ല. ജീവിതത്തിൽ ഉണ്ടായ മോശപ്പെട്ട അനുഭവത്തെ കുറിച്ച് പുറത്ത് തുറന്ന് പറയാൻ ഇതിലേറെയും ആളുകൾ മടിക്കുന്നുണ്ട് എന്നുള്ളതാണ് വസ്തുത.
ലോകത്തെ നടുക്കിയ അഞ്ച് സംഭവങ്ങളിൽ സ്ത്രീകളെ എങ്ങനെയൊക്കെ മോശമായി ഉപയോഗിച്ച് എന്നുള്ളതിനെ കുറിച്ച് മെയിൽ ഓൺലൈൻ പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെയാണ്..
1. നാൻജിംഗ്, ചൈന (1937)
1937 ലെ രണ്ടാം ചൈന-ജപ്പാൻ യുദ്ധത്തിൽ പട്ടാളക്കാർ ചൈനീസ് നഗരമായ നാൻകിംഗ് പിടിച്ചെടുത്തിട്ട് 85 വർഷങ്ങൾ പിന്നിടുകയാണ്. 1937 ഡിസംബർ 13 നു ആരംഭിച്ച രക്തചൊരിച്ചിലിൽ ഇരയാക്കപ്പെട്ടത് ദശലക്ഷകണക്കിന് സ്ത്രീകളാണ്. ദാരുണമായ സംഭവത്തിൽ 12 വയസിൽ താഴെയുള്ള കുട്ടികൾ വരെയാണ് ബാലത്സംഗം ചെയ്യപ്പെട്ടത്.
2. റുവാണ്ട (1994)
റുവാണ്ടയിൽ 1994 ലുണ്ടായ ദാരുണമായ സംഭവത്തിൽ ഏകദേശം ഒരു ദശലക്ഷംആളുകൾ കൊല്ലപ്പെടുകയും 500,000 അധികം സ്ത്രീകൾ പട്ടാളക്കാരാൽ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കുട്ടികളും മുതിർന്ന സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
3. ബോസ്നിയ (1992)
1992-ൽ ആരംഭിച്ചു മൂന്ന് വർഷം നീണ്ടുനിന്ന ബോസ്നിയൻ യുദ്ധത്തിൽ 50,000 സ്ത്രീകളും പെൺകുട്ടികളും വംശീയ ഉന്മൂലനത്തിന്റെ ഭാഗമായി ലൈംഗികാതിക്രമത്തിന് വിധേയരായി.
4. ജർമ്മനി (1945)
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന സമയത്ത് കിഴക്കൻ ജർമ്മനിയിൽ റഷ്യൻ പട്ടാളക്കാർ രണ്ട് ദശലക്ഷം സ്ത്രീകളെയാണ് ബലാൽത്സംഗം ചെയ്തത്. സ്ത്രീകളുടെ നാസി കോൺസെൻട്രേഷൻ ക്യാമ്പായ റാവൻസ്ബ്രൂക്കിൽ എത്തിയ റെഡ് ആർമി പട്ടാളക്കാരാണ് ബലാത്സംഗം ചെയ്‍തത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇരുപത്തുനാലുകാരി കാണാതായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡിസംബർ ആദ്യം കാണാതായ യുവതിയെ കൊലപ്പെടുത്തിയെന്ന സംശയത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. മൗറീൻ ഗിറ്റൗവിനായെ (24) കാണാതായതായി ഡിസംബർ 10-നാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിനു അഞ്ചു ദിവസം മുൻപ് അവരുടെ ലെവിഷാമിലെ ഡെപ്‌ഫോർഡിലെ വീട്ടിലാണ് അവസാനമായി കണ്ടത്. ഇതുവരെയും യുവതിയുടെ ശരീരം കണ്ടെത്താനായിട്ടില്ല .
യുവതിയുമായി പരിചയത്തിലുള്ള 54 കാരനെയാണ് കൊലപാതക സംശയം ഉന്നയിച്ച് പോലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ അറസ്റ്റ് അന്വേഷണത്തിൽ സുപ്രധാന പങ്ക് വഹിക്കുമെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ കേറ്റ് ബ്ലാക്ക്ബേൺ പറഞ്ഞു. അറസ്റ്റിനെ കുറിച്ചുള്ള വിവരങ്ങൾ മൗറീൻെറ ബന്ധുക്കളെ അറിയിച്ചുട്ടെണ്ടെന്നും അവർക്ക് എല്ലാത്തരത്തിലുള്ള പിന്തുണയും പോലീസിൽ നിന്ന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണത്തിന് സഹായമാകുന്ന വിവരം നൽകാൻ സാധിക്കുന്നവർ 101 -ൽ വിളിച്ച് വിവരം അറിയിക്കണമെന്നും പോലീസ് അറിയിച്ചു.
ബ്രിട്ടനിൽ നിലവിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടി വരികയാണ്. കഴിഞ്ഞ മാസം ബ്രിട്ടനിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശി അഞ്ജുവിൻെറയും രണ്ട് മക്കളുടെയും കൊലപാതകം യുകെ മലയാളികളെ നടുക്കിയ സംഭവങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ 16-നും 74-നും ഇടയിൽ പ്രായമുള്ള 1.6 ദശലക്ഷം സ്ത്രീകളാണ് ഗാർഹിക പീഡനത്തിന് ഇരയായിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എൻഎച്ച്എസിൽ അടിയന്തര ചികിത്സാ സഹായം വേണ്ട രോഗികൾ കാത്തിരിക്കേണ്ടി വരുന്നതായുള്ള വാർത്തകൾ പുതിയതല്ല. എന്നാൽ നിലവിൽ എൻഎച്ച്എസിൽ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം സർവകാല റെക്കോർഡിൽ എത്തിയിരിക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം എൻഎച്ച്എസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 7.2 ദശലക്ഷമാണ്. ഇത് എൻഎച്ച്എസ്സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണ്. നവംബർ, ഡിസംബർ മാസങ്ങൾ കൂടി പരിഗണിക്കുമ്പോൾ ഈ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
കോവിഡും ജീവനക്കാരുടെ അഭാവവുമാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2020 മാർച്ചിൽ കോവിഡ് മഹാമാരി പിടിമുറുക്കുന്നതിന് മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ സംഖ്യ മൂന്നിൽ രണ്ട് കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡിന്റെ പുതിയ വകഭേദങ്ങൾ രാജ്യത്ത് പിടിമുറുക്കുകയാണെങ്കിൽ എൻഎച്ച്എസ് നേരിടുന്ന പ്രതിസന്ധി വീണ്ടും ഉയരാനാണ് സാധ്യത.
എൻഎച്ച്എസിലെ പ്രശ്നങ്ങൾ പ്രധാനമന്ത്രി റിഷി സുനകിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എൻഎച്ച്എസിന്റെ ചികിത്സ കിട്ടാത്തത് മൂലം ഓരോ ആഴ്ചയിലും 500 രോഗികൾ എങ്കിലും മരിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നാണ് വിദഗ്ധഭിപ്രായം. ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് എൻഎച്ച്എസ് നേരിടുന്നതെന്ന് സൊസൈറ്റി ഫോർ അക്യൂട്ട് മെഡിസിന്റെ പ്രസിഡൻറ് ഡോക്ടർ ടിം കുക്ക്സ്ലി പറഞ്ഞു. നിലവിലെ സാഹചര്യം കോവിഡ് മഹാമാരി അതിന്‍റെ മൂര്‍ദ്ധന്യത്തിൽ നിന്നതിനേക്കാൾ കടുത്തതാണെന്നാണ് ഡോക്ടർ അഭിപ്രായപ്പെട്ടത്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഓൾഡ്ഹാമിലെ കെയർ ഹോമിൽ വെച്ച് മുതിർന്ന വനിതാ പീഡിപ്പിക്കപ്പെട്ടതായി പരാതി. ഇന്നലെ പുലർച്ചെയാണ് സംഭവം. ഓൾഡ്‌ഹാമിലെ പരിസരത്ത് അജ്ഞാതനായ ഒരാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിനെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്ത് വന്നത്. ഗുരുതരമായി ലൈംഗിക അതിക്രമത്തിന് വിധേയയായ വൃദ്ധയെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ 21 വയസുകാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. കെയർ ഹോമിലെ മറ്റ് അന്തേവാസികൾ എല്ലാവരും സുരക്ഷിതരാണെന്നും, സന്ദർശനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും, കെയർ ഹോമിലെ അന്തേവാസികളുടെ സുരക്ഷ മുഖ്യമാണെന്നും പോലീസ് ഉദ്യോഗസ്ഥനായ സപ്റ്റ് ഫിലിപ്പ് ഹച്ചിൻസൺ കൂട്ടിച്ചേർത്തു.
ഗര്‍ഭിണി ആയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ട യുവതിയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി. ഇംഗ്ലണ്ടിലെ എസെക്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഐഎസ് സര്‍വ്വീസില്‍ ജോലി ചെയ്യുന്ന 34 കാരിക്കാണ് സ്ഥാപനത്തില്‍ നിന്നും ദുരനുഭവം ഉണ്ടായത്.
2021 മെയ് മാസത്തിലാണ് യുവതി ജോലിയില്‍ പ്രവേശിച്ചത്. വൈകാതെ തന്നെ യുവതി ഗര്‍ഭിണിയാവുകയായിരുന്നു. ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഗര്‍ഭിണിയായി എന്ന് ആരോപിച്ചാണ് സ്ഥാപന മേധാവികള്‍ യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.
എന്നാല്‍ കുഞ്ഞിനെ യുവതിയ്ക്ക് ഉദരത്തില്‍ വെച്ചുതന്നെ നഷ്ടമായി. ഇതിന് പിന്നാലെ യുവതിയുടെ പങ്കാളിയും അവരെ ഉപേക്ഷിച്ചു. ഇതോടെ ആകെ തളര്‍ന്ന് പോയ യുവതി പിരിച്ചുവിട്ട സ്ഥാപന മേധാവികള്‍ക്കെതിരെ കോടതിയില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. സ്ഥാപനത്തിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി യുവതിയ്ക്ക് നഷ്ടുപരിഹാരമായി 15 ലക്ഷം രൂപ നല്‍കാന്‍ വിധിക്കുകയായിരുന്നു
മുന്‍പ് നിരവധി തവണ തനിക്ക് ഗര്‍ഭഛിദ്രം സംഭവിച്ചതിനാല്‍ ഗര്‍ഭാവസ്ഥയിലുള്ള തന്റെ കുഞ്ഞിന്റെ സുരക്ഷയെ മുന്‍ നിര്‍ത്തി യുവതി ജോലിചെയ്തിരുന്ന സ്ഥാപന മേധാവികളെ തന്റെ ആരോഗ്യ അവസ്ഥ അറിയിച്ചിരുന്നു. എന്നാല്‍ യുവതിയുടെ ആവശ്യം അധികാരികള്‍ നിഷേധിക്കുകയായിരുന്നു.
ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞപ്പോള്‍ അധികാരികള്‍ തന്നെ ശകാരിച്ചതായും സ്ത്രീയും അമ്മയുമായ സ്ഥാപന മേധാവി യുവതിയെ കഴിവുകെട്ടവളെന്നും ഒന്നിനും കൊള്ളത്തവളുമായി ചിത്രീകരിച്ചെന്നും യുവതി പറഞ്ഞു. പ്രസവാവധി നല്‍കില്ലെന്നും അതിനുള്ള അര്‍ഹത യുവതിയ്ക്ക് ഇല്ലെന്നുമാണ് സ്ഥാപന മേധാവി പറഞ്ഞതെന്ന് യുവതി വ്യക്തമാക്കി.
ഗര്‍ഭിണി ആയതിന് ശേഷവും കമ്പനിയില്‍ ജീവനക്കാരിയായി നിലനിര്‍ത്തുന്നത് വഴി കമ്പനിയ്ക്ക് പ്രത്യേക ഗുണങ്ങള്‍ ഒന്നുമില്ലെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് അറിയിച്ച് സ്ഥാപനത്തിന്റെ എച്ച് ആര്‍ മേധാവികള്‍ക്ക് ഇ-മെയില്‍ അയച്ചിരുന്നെങ്കിലും അധികാരികള്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കോവിഡ് മഹാമാരിയ്ക്ക് ശേഷം ആദ്യമായി കരിമരുന്ന് പ്രയോഗം നടത്തി യുകെ പുതുവർഷത്തെ വരവേറ്റു. മഴയും മഞ്ഞും കാരണം കാലാവസ്ഥ മോശമായിരുന്നെങ്കിലും ജനങ്ങൾ 2023 നെ വരവേൽക്കാൻ തെരുവുകളിലിറങ്ങി. ലണ്ടനിൽ നടത്തിയ കരിമരുന്ന് പ്രയോഗം അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായിരുന്നു. ആഹ്ളാദ പാർട്ടിയിൽ 100,000-ത്തിലധികം ആളുകൾ പങ്കെടുത്തു. അതേസമയം എഡിൻബർഗിലെ ലോകപ്രശസ്തമായ ഹോഗ്മാനേ തെരുവിൽ നടന്ന പാർട്ടിയിലും വൻ പങ്കാളിത്തമായിരുന്നു.
2019 ന് ശേഷം ലണ്ടനിൽ നടന്ന ന്യൂ ഇയർ പാർട്ടിയിൽ വൻ ജനാവലിയാണ് ഒത്തുകൂടിയത്. തേംസ് എംബാങ്ക്‌മെന്റിൽ 12 മിനിട്ടാണ് വെടിക്കെട്ട് നടന്നത്. പ്രസ്തുതപരിപാടിയെ യുകെയിലെ ഏറ്റവും വലിയ ഒത്തുകൂടൽ എന്നാണ് മേയർ സാദിഖ് ഖാൻ വിശേഷിപ്പിച്ചത്. ബിഗ് ബെന്നിൽ മണിനാദം മുഴങ്ങിയപ്പോഴാണ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. പല നിറങ്ങളാൽ വർണശബളമായ കരിമരുന്ന് പ്രയോഗം ജനത്തെ ആനന്ദത്തിൽ ആറാടിക്കുകയായിരുന്നു.
എലിസബത്ത് രാജ്ഞിയുടെ ഓർമ്മകൾ പുതുക്കുന്നത് ആയിരുന്നു വിവിധ പരിപാടികൾ. സംഗീതവും, രാജ്ഞിയുടെ ശബ്ദ റെക്കോർഡിംഗും ഡാം ജൂഡി ഡെഞ്ചിന്റെ വാക്കുകളും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. ഗേ ലിബറേഷൻ ഫ്രണ്ടിൽ നേതൃസ്ഥാനീയാനായ പീറ്റർ ടാച്ചലിന്റെ സന്ദേശത്തോടൊപ്പം വെമ്പ്ലിയിലെ ഐതിഹാസിക ഫുട്ബോൾ വിജയവും ആഘോഷിച്ചു. റഷ്യൻ അധിനിവേശത്തിൽ തകർന്ന ഉക്രൈനു പിന്തുണയായി നീലയും മഞ്ഞയും നിറത്തിൽ പടക്കങ്ങൾ പൊട്ടിച്ചതും പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇന്നലെ കാലം ചെയ്ത ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതിക ശരീരം നാളെ തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വയ്ക്കും. അദ്ധ്യാത്‌മിക വിശുദ്ധിയുടെയും ദൈവശാസ്ത്രത്തിന്റെയും വിളനിലമായിരുന്ന ബനഡിക്ട് പതിനാറാമൻ മാർപാപ്പ കത്തോലിക്കാ സഭയുടെ 265-ാം മാർപാപ്പയായിരുന്നു. 2005 ഏപ്രിൽ 19 -നാണ് ജർമ്മൻകാരനായ കർദ്ധിനാൾ ജോസഫ് റാറ്റ്സിങ്ങർ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായത് .
കേരള കത്തോലിക്കാ സഭയുടെ വളർച്ചയിൽ ഏറ്റവും താങ്ങായി നിന്ന ആളാണ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ. ഭാരത കത്തോലിക്കാ സഭയിലെ ആദ്യ വിശുദ്ധയായി സിസ്റ്റർ അൽഫോൻസാമ്മയെ പ്രഖ്യാപിച്ചത് ബനഡിക്ട് പാപ്പയാണ്. മേജർ ആർച്ച് ബിഷപ്പുമാരായ മാർ ജോർജ് ആലഞ്ചേരിയേയും മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാ ബാവയേയും കർദിനാൾ പദവി നൽകിയത് ബനഡിക്ട് പാപ്പയുടെ കാലഘട്ടത്തിലാണ്. കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസോലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ കേരള കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് പാപ്പയുടെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കും.
എല്ലാ ലോക രാഷ്ട്രങ്ങളുമായി സൗമ്യമായ ബന്ധം സഭയ്ക്കും വത്തിക്കാനും ഉണ്ടാക്കിയെടുക്കുന്നതിൽ പാപ്പ വഹിച്ച പങ്ക് നിസ്തുലമാണ്. ക്യൂബയടക്കമുള്ള രാജ്യങ്ങളിൽ തൻറെ അനാരോഗ്യം വകവയ്ക്കാതെ നടത്തിയ സന്ദർശനം വളരെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 600 വർഷത്തിനിടെ സ്ഥാന ത്യാഗം ചെയ്ത ആദ്യ മാർപാപ്പയായ ബനഡിക്ട് പതിനാറാമൻ എപ്പോഴും കർമ്മനിരതനായിരുന്നു. സഭയിൽ ഒട്ടേറെ പുരോഗമന നടപടികൾക്ക് തുടക്കമിട്ട പാപ്പ 65 ദൈവശാസ്ത്ര ഗ്രന്ഥങ്ങളാണ് രചിച്ചത്.
ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് മലയാളം യുകെ ന്യൂസിന്റെ ഹൃദയാഞ്ജലി