ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വീട്ടുടമസ്ഥർക്ക് ഇരുട്ടടിയായി മോർട്ട്ഗേജ്‌ നിരക്കുകൾ വീണ്ടും ഉയർന്നു. അഞ്ച് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്ക് 6 ശതമാനം പിന്നിട്ടു. പണപ്പെരുപ്പം കുറയ്ക്കാൻ ശ്രമിക്കുന്നതിനാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ മാസം പലിശനിരക്ക് അഞ്ചു ശതമാനത്തിലേക്ക് ഉയർത്തിയതിന് പിന്നാലെയാണ് ഈ പ്രതിസന്ധി. മണിഫാക്‌സ് പ്രകാരം അഞ്ച് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജിന്റെ ശരാശരി നിരക്ക് ഇന്ന് 6.01% ആണ്. ശരാശരി രണ്ട് വർഷത്തെ ഫിക്സഡ് ഡീൽ നിരക്ക് ഇപ്പോൾ 6.47% ആണ്. ഒരു വർഷം മുമ്പ്, ഫിക്സഡ് മോർട്ട്ഗേജ് ഡീലുകളുടെ നിരക്ക് 3 ശതമാനത്തിന് അടുത്തായിരുന്നു.

2021 ഡിസംബർ മുതൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 13 തവണയാണ് പലിശ നിരക്ക് ഉയർത്തിയത്. വർഷാവസാനത്തോടെ പണപ്പെരുപ്പം പകുതിയായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി പ്രതിജ്ഞയെടുക്കുകയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിരക്ക് വർദ്ധനയെ പിന്തുണക്കുകയും ചെയ്തു. ഇപ്പോഴത്തെ മോർട്ട്ഗേജ്‌ നിരക്ക് വർദ്ധനവ് വീട്ടുടമസ്ഥരെ മാത്രമല്ല, വാടകക്കാരെയും ബാധിക്കും. തങ്ങൾ അടച്ചിരുന്നതിനെക്കാൾ നൂറുകണക്കിന് പൗണ്ട് കൂടുതൽ ചെലവേറിയ പ്രതിമാസ തിരിച്ചടവുകൾക്കായി പലരും ഒരുങ്ങേണ്ടി വരും.

വിലക്കയറ്റത്തെ നേരിടാൻ പലിശ നിരക്ക് വർദ്ധിപ്പിക്കുകയല്ലാതെ യുകെയ്ക്ക് “മറ്റൊന്നുമില്ല” എന്ന് ചാൻസിലർ ജെറമി ഹണ്ട് പറഞ്ഞു. മോര്‍ട്ട്‌ഗേജ് കൃത്യമായി അടച്ചില്ലെങ്കില്‍ നിയമ നടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങും അതുകൊണ്ടു തന്നെ പലരും മാനം രക്ഷിക്കാന്‍, വ്യക്തിപരമായ പല ആവശ്യങ്ങളും ഉപേക്ഷിച്ച് മോര്‍ട്ട്‌ഗേജ് അടവിനുള്ള തുക കണ്ടെത്തുകയാണ്. ചിലര്‍ വീട് വില്‍ക്കുന്ന കാര്യം പോലും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. മോര്‍ട്ട്‌ഗേജ് അടവു തുക വര്‍ദ്ധിക്കുന്നതിനനുസരിച്ച് വാടകയും വര്‍ദ്ധിച്ചേക്കും എന്നതിനാല്‍, സ്വന്തമായി വീടുള്ളവരെ മാത്രമല്ല ഇത് ബാധിക്കുക. ജീവിത ചെലവ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇനി അമിത വാടകയും നല്‍കേണ്ടി വന്നേക്കാം.