ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡിനോട് അനുബന്ധിച്ച് മാസ്ക് ഉപയോഗിക്കണമെന്ന നിയമം യുകെ പിൻവലിച്ചിട്ട് രണ്ടര വർഷമായി. എന്നാൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളെ നേരിടാൻ സ്പെയിൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മാസ്ക് ധരിക്കണമെന്ന നിയമം കർശനമായി നടപ്പിലാക്കിയത് ബ്രിട്ടനും ഒരു ചൂണ്ടുപലകയാണ്. ഒരു മാസത്തിനുള്ളിൽ റെസ്പിറേറ്ററി വൈറസ് കേസുകളുടെ എണ്ണം രാജ്യത്ത് 6 ഇരട്ടിയായതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

യുകെയിൽ നിരവധി ആശുപത്രികൾ ഇപ്പോൾതന്നെ ജീവനക്കാർക്കും രോഗികൾക്കും സന്ദർശകർക്കും കർശനമായി മാസ്ക് ഉപയോഗിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഈ നീക്കത്തിനെചിലർ പിന്തുണയ്ക്കുമ്പോൾ തന്നെ വിമർശിക്കുന്നവരും ഒട്ടേറെയാണ്. കോവിഡിന്റെ വിവിധ വകഭേദങ്ങളായ JN.1 , Juno എന്നിവ രാജ്യത്ത് പടർന്നു പിടിക്കുന്നതു മൂലം മറ്റൊരു കോവിഡ് തരംഗത്തിന്റെ വാക്കിലാണോ രാജ്യം എന്ന ഭയപ്പാടിലാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ .

ചുമ , തുമ്മൽ എന്നിവയിൽ നിന്ന് മറ്റുള്ളവരെയും തങ്ങളെയും സംരക്ഷിക്കാൻ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ആക്സിഡൻറ് ആൻഡ് എമർജൻസി ഡിപ്പാർട്ട്മെന്റിലെ ഡോ. സലിഹ ആഹ്സൽ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാൽ മാസ്കുകൾ നിർബന്ധിതമാക്കുന്നതിനെതിരെ വൻ പ്രതിഷേധവും സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നു വരുന്നുണ്ട്. ഇനി ഒരിക്കലും ആ നനഞ്ഞ തുണി തന്റെ മുഖത്തെ കെട്ടില്ലെന്ന് കോളമിസ്റ്റായ പീറ്റർ ഹിച്ചൻസ് പറഞ്ഞത് വൻ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ സമൂഹത്തിൽ ഉന്നത ശ്രേണിയിൽ പെടുന്ന വീട്ടമ്മമാർക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന ശീലങ്ങളെ സംബന്ധിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജന ഹോക്കിങ്. തങ്ങളുടെ കുട്ടികളെ സ്കൂളുകളിൽ അയച്ച ശേഷം വീട്ടമ്മമാർ സ്വകാര്യമായി ആഘോഷിക്കുന്നതിനെ സംബന്ധിച്ചാണ് പുതിയ തുറന്നുപറച്ചിൽ. സ്കർട്ട് ക്ലബ് എന്ന പേരിൽ അറിയപ്പെടുന്ന ഈ കൂട്ടായ്മയിൽ, സ്ത്രീകൾ സ്ത്രീകളോടൊപ്പം തന്നെ ലൈംഗിക ആസ്വാദനങ്ങളും നടത്തുന്നതായി ജന തുറന്നുപറയുന്നു. ഇതിൽ ആശ്ചര്യപ്പെടേണ്ട ആവശ്യമില്ല എന്നാണ് അവർ വ്യക്തമാക്കുന്നത്.

സുരക്ഷിതവും എന്നാൽ പരസ്പരം കുറ്റപ്പെടുത്തലുകൾ നേരിടേണ്ടതാത്തതുമായ അന്തരീക്ഷത്തിൽ, സ്ത്രീകൾ തങ്ങളുടെ ബൈസെക്ഷ്വാലിറ്റി കണ്ടെത്തുന്ന ഇടങ്ങളാണ് ഇത്തരമുള്ള കോക്ടയിൽ പാർട്ടികൾ. ലണ്ടൻ, ബർലിൻ, വിയന്ന, ന്യൂയോർക്ക് സിറ്റി, ഷാങ്ഹായ് തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ ഇവ വളരെയധികം ജനപ്രിയമാണ്.

ജെനീവീവ് ലെജ്യൂണെ എന്ന ഈ ക്ലബ്ബിന്റെ സ്ഥാപകയുമായി തനിക്ക് സംസാരിക്കാൻ അവസരം ഉണ്ടായെന്നും, സ്ത്രീകളുടെ സന്തോഷത്തിനു മുൻഗണന നൽകാനായാണ് ഇത്തരമൊരു ആശയം താൻ മുന്നോട്ടുവെച്ചതെന്ന് അവർ വ്യക്തമാക്കിയതായും ജന പറഞ്ഞു. ഇത്തരം പാർട്ടികളിൽ അംഗമാകുന്നതിന് കൃത്യമായ ഡ്രസ്സ് കോഡും, അതോടൊപ്പം തന്നെ പ്രാഥമിക പരിശോധനകളും ഉണ്ടെന്ന് അവർ വ്യക്തമാക്കി. സ്ത്രീകൾക്ക് തങ്ങളുടെ സ്വകാര്യതകൾ ആസ്വദിക്കാനും ആഘോഷിക്കാനും ഉള്ള ഒരു ഇടമായാണ് ഈ ക്ലബ്ബുകൾ ആരംഭിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ചെങ്കടലിലും മിഡിൽ ഈസ്റ്റിലും വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പണപ്പെരുപ്പം വർദ്ധിക്കുന്നതു കൂടാതെ സംഘർഷങ്ങൾ ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നത് കടുത്ത പ്രതിസന്ധിയിലേയ്ക്ക് ലോകരാഷ്ട്രങ്ങളെ തള്ളിവിടും.

നാളെ യെമനിലെ ഹൂത്തി ശക്തി കേന്ദ്രങ്ങളിൽ യുഎസ് – യുകെ സംയുക്‌താക്രമത്തെ കുറിച്ച് പ്രധാനമന്ത്രി ഋഷി സുനക് പ്രസ്താവന നടത്തുമെന്നാണ് കരുതപ്പെടുന്നത്. കൂടിവരുന്ന സംഘർഷങ്ങൾ ഉയർന്ന പലിശ നിരക്കിനും വളർച്ചാ നിരക്ക് താഴുന്നതിലും വില വർദ്ധനവിനും പണപ്പെരുപ്പം ഉയരുന്നതിനും വഴിവെക്കുമെന്ന ലോക ബാങ്കിൻറെ വിദഗ്ധരുടെ മുന്നറിയിപ്പിനെ കുറിച്ച് പ്രധാനമന്ത്രി എന്ത് പറയും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. യുകെയിലെയും യുഎസിലെയും രാഷ്ട്രീയ നേതൃത്വങ്ങൾ നിലവിൽ പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുകയാണ്. അതുകൊണ്ടു തന്നെ സംഘർഷങ്ങളുടെ ഫലമായി സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന ആശങ്ക ഭരണപക്ഷത്തിനുണ്ട്.

യെമനിലെ ഹൂത്തി കേന്ദ്രങ്ങൾക്കെതിരായ വ്യോമാക്രമണത്തിൽ എല്ലാ പാർട്ടികളുടെയും പിന്തുണയുണ്ട്. എന്നിരുന്നാലും അത് ഉളവാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് എംപിമാരുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഋഷി സുനക് മറുപടി പറയേണ്ടതായി വരും. സമാനമായ സാഹചര്യത്തിലൂടെയാണ് യുഎസ് പ്രസിഡൻറ് ജോ ബൈഡനും കടന്നു പോകുന്നത് . ഗാസയിലെ ഇസ്രയേൽ നടപടികൾക്കുള്ള യുഎസ് സൈനിക പിന്തുണയെ ഇതിനകം തന്നെ ശക്തമായി എതിർത്തു വരുന്ന സ്വന്തം പാർട്ടിയിലെ എംപിമാരിൽ നിന്ന് ബൈഡന്‍ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹാർലോയിൽ താമസിക്കുന്ന യുകെ മലയാളി ജോബി ജോയി നിര്യാതനായി. ഭാര്യ അവധിക്ക് നാട്ടിൽ പോയ സമയത്ത് ആണ് ജോബിയുടെ ജീവൻ മരണം തട്ടിയെടുത്തത്. 49 വയസ്സ് മാത്രം പ്രായമുള്ള ജോബിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കോട്ടയം പേരൂർ കരിയട്ടുപ്പുഴ വീട്ടിൽ ജോയിയുടെ മകനാണ്.
ചെറിയ ദേഹാസ്വാസ്ഥ്യം തോന്നിയ ജോബി സുഹൃത്തിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ ജോബിയുടെ വീട്ടിലെത്തിയ സുഹൃത്തിന് വീട് തുറക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് ആംബുലൻസ് സർവീസിനെ വിവരം അറിയിക്കുകയും പാരാ മെഡിക്കൽസ് എത്തിചേർന്ന് വീടിന്റെ വാതിൽ വെട്ടി പൊളിച്ചാണ് അകത്ത് കയറിയത്. അടിയന്തിര ജീവൻ രക്ഷാമാർഗ്ഗങ്ങൾ നടത്തിയെങ്കിലും ജോബി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ജോബിയും ഭാര്യ മേഴ്സിയും മക്കളായ ജെറോമും ജെറാൾഡും അടുത്തിടെ കേരളത്തിലെത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം സന്ദർശിച്ച് സന്തോഷമായി തിരിച്ചെത്തിയതിന് ശേഷമാണ് മരണം രംഗബോധമില്ലാത്ത കോമാളിയായി ജോബിയെ തേടിയെത്തിയത്. ജോബിയും മക്കളും യുകെയിൽ തിരിച്ചെത്തിയെങ്കിലും ഭാര്യ ഇപ്പോഴും നാട്ടിൽ തന്നെയാണ്.
സംസ്കാര ചടങ്ങുകൾ യുകെയിൽ തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഭാര്യ മേഴ്സിയും ജോബിയുടെ അമ്മയും നാട്ടിൽ നിന്ന് ഉടൻ എത്തിച്ചേരും.
ജോബി ജോയിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്രിസ്മസിന് മുമ്പ് 39 വയസ്സുകാരിയായ യുവതിയെ കാണാതായ സംഭവത്തിൽ പോലീസ് മൃതദേഹം കണ്ടെത്തി. ഡിസംബർ 22 -ന് വൈകുന്നേരം 5. 34 നാണ് റെക്‌ഹാമിലെ ബാംഗോർ-ഓൺ-ഡീ എന്ന സ്ഥലത്താണ് ലൂസി ചാൾസിനെ അവസാനമായി കണ്ടത്. അവർക്ക് വേണ്ടിയുള്ള തിരച്ചിൽനിടയിൽ ആഴ്ചകൾക്ക് ശേഷം ഡീ നദിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

നോർത്ത് ബെസ്റ്റ് അണ്ടർ വാട്ടർ സേർച്ച് ടീമും പ്രാദേശിക ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി നോർത്ത് വെയിൽസ് പോലീസ് സ്ഥിരീകരിച്ചു. എന്നാൽ ഔപചാരികമായ തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ല. ലൂസിയുടെ കുടുംബത്തെ വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് ചീഫ് പോലീസ് ഇൻസ്പെക്ടർ സ്റ്റീഫൻ റോബർട്ട് പറഞ്ഞു.

ലൂസി ചാൾസിന്റെ തിരോധാനത്തിന് പിന്നാലെ വലിയ തോതിലുള്ള അന്വേഷണമാണ് പോലീസ് നടത്തിയത്. കാണാതായ സ്ത്രീയുടെ ചില സ്വകാര്യ വസ്തുക്കൾ നദീതീരത്തു നിന്ന് ലഭിച്ചതായി കഴിഞ്ഞ ആഴ്ച പോലീസ് അറിയിച്ചിരുന്നു. വെള്ളപ്പൊക്കത്തിന്റെ ഫലമായി ഡീ നദിയിൽ വീണ് മരിച്ചതാകാമെന്നതാണ് പൊതുവെയുള്ള നിഗമനം. കൂടുതൽ അന്വേഷണത്തിലൂടെ സംഭവത്തെക്കുറിച്ചുള്ള ദുരൂഹത നീക്കാൻ പറ്റുമെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസ് മാനസികാരോഗ്യ ആശുപത്രികളിൽ നിന്ന് വിട്ടയച്ച ആയിരക്കണക്കിന് രോഗികളെ വീണ്ടും തിരികെ പ്രവേശിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ മോശം പരിചരണത്തിലേയ്ക്ക് വിരൽചൂണ്ടുന്നതാണ് പ്രസ്തുത സംഭവങ്ങൾ എന്ന വിമർശനവും ഒരു വശത്തുകൂടി ശക്തമാകുകയാണ്. രോഗം ഭേദമാകാതെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുന്നത് കടുത്ത പ്രശ്നങ്ങൾക്ക് വഴിവക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

രോഗം പൂർണമായും ഭേദമാകാത്ത പലരും ആക്രമണ മനോഭാവവും കടുത്ത ആത്മഹത്യാ പ്രവണതയും കാണിക്കുന്നവരാണ്. ഇത് അവരുടെ കുടുംബത്തിലും സമൂഹത്തിലും കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള സാധ്യതയുണ്ട് . ഇത് കടുത്ത വിനാശകരമായ അവസ്ഥയാണ് ഉണ്ടാക്കുകയെന്ന് മാനസികാരോഗ്യ ചാരിറ്റിയായ സാനെയുടെ ചീഫ് എക്സിക്യൂട്ടീവ് മാർജോറി വാലസ് പറഞ്ഞു.

ഇംഗ്ലണ്ടിലെ എൻഎച്ച്എസ് മാനസികാരോഗ്യ ട്രസ്റ്റുകളുടെ കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം മാത്രം 5000 -ത്തോളം ആളുകളാണ് മാനസികാരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് വീണ്ടും പ്രവേശിപ്പിക്കപ്പെട്ടത്. ഇതിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്. വളരെ അധികം രോഗികൾക്ക് പൂർണ്ണമായും സുഖം പ്രാപിക്കാനുള്ള പരിചരണവും ചികിത്സയും ലഭിക്കുന്നില്ല എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ലേബർ പാർട്ടിയുടെ എംപി ഡോ. റൊസെന്ന ആല്ലിൻ – ഡാൻ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പോസ്റ്റ് ഓഫീസ് നികുതിയിൽ 100 മില്യൺ പൗണ്ടിൽ അധികം തട്ടിപ്പ് നടന്നതായി വിദഗ്ധ അഭിപ്രായം. ടാക്സ് പോളിസി അസോസിയേറ്റ്സിലെ അഭിഭാഷകനായ ഡാൻ നീഡിലാണ് ഹൊറൈസൺ അഴിമതിയുടെ ഇരകൾക്കുള്ള പെയ്‌മെന്റുകൾ കുറച്ച് അടച്ചെന്നും ഇതുവഴി ലാഭം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി രംഗത്ത് വന്നത്. നികുതി അടയ്ക്കുന്നത് സംബന്ധിച്ചുള്ള നിയമ ലംഘനമാണ് നടന്നിരിക്കുന്നതെന്നും വിദഗ്ധ സംഘം പറയുന്നു. അതേസമയം ആരോപണങ്ങളോട് പ്രതികരിച്ച പോസ്റ്റ് ഓഫീസ് തങ്ങളുടെ സാമ്പത്തിക ഇടപാടുകൾ കൃത്യതയുള്ളവയാണെന്ന് വാദിച്ചു. കൂടാതെ മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജീവനക്കാർക്ക് പാരിതോഷികമായി പണം നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
നികുതിയിൽ ആരോപിക്കപ്പെടുന്ന കുറവ് തിരിച്ചടയ്‌ക്കേണ്ടി വന്നാൽ സർക്കാരിന് പോസ്റ്റ് ഓഫീസിനെ സാമ്പത്തികമായി പിന്തുണയ്‌ക്കേണ്ടതായി വരും. കോർപ്പറേഷൻ നികുതി യുകെ ഉടമസ്ഥതയിലുള്ള കമ്പനികളും യുകെയിൽ ഓഫീസുകളുള്ള വിദേശ കമ്പനികളും സർക്കാരിന് നൽകുന്ന നികുതിയാണ്. ഇവ ഓരോ കമ്പനിയ്ക്കും ലഭിക്കുന്ന ലാഭത്തിന് അനുസൃതമായാണ് തീരുമാനിക്കുക. നിയമാനുസൃതമായ ബിസിനസ്സ് ചെലവുകൾക്കായി കോർപ്പറേറ്റ് നികുതിയിൽ ഇളവുകൾ ലഭിക്കുമെങ്കിലും പിഴവുകൾക്ക് പൊതുവെ നികുതിയിളവ് ലഭിക്കില്ല.

നിലവിലെ ആരോപണം അനുസരിച്ച് പോസ്റ്റ് ഓഫീസ് ഹൊറൈസൺ ഐടി അഴിമതിയുടെ ഇരകൾക്കുള്ള പേയ്‌മെന്റുകൾ അവരുടെ വരുമാനത്തിൽ നിന്ന് കുറച്ചിരിക്കുകയാണ്. ഇത് കുറഞ്ഞ ലാഭത്തിനും കുറഞ്ഞ നികുതി ബില്ലിനും കാരണമായി. നഷ്‌ടപരിഹാര പെയ്‌മെന്റുകൾക്കും വ്യവസ്ഥകൾക്കും പോസ്റ്റ് ഓഫീസ് സ്വീകരിച്ച മാർഗങ്ങൾ അന്വേഷിച്ച് വരികയാണ് എച്ച്എംആർസി ഇപ്പോൾ. പോസ്റ്റ് ഓഫീസിന്റെ ട്രേഡിംഗ് ലാഭത്തിൽ നിന്ന് പോസ്റ്റ്മാസ്റ്റർക്ക് നൽകുന്ന നഷ്ടപരിഹാരം കുറയ്ക്കുമ്പോൾ കോർപ്പറേഷൻ നികുതിയിനത്തിൽ 100 മില്യണിലധികം പൗണ്ട് നൽകേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
റീട്ടെയിൽ വിൽപന ശക്തമായതോടെ നവംബറിൽ യുകെയുടെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കണക്കുകൾ പ്രകാരം 0.3% വളർച്ചയാണ് നവംബറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് നേരത്തെ പ്രഖ്യാപിച്ചതിലും കൂടുതലാണ്. ഇതോടെ മാന്ദ്യത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞു പോകുമോ എന്നാണ് സാമ്പത്തിക വിദഗ്ധർ ഉറ്റു നോക്കുന്നത്.

ബ്ലാക്ക് ഫ്രൈഡേയിലെ വിൽപന ശക്തമായത് സമ്പദ് വ്യവസ്ഥയുടെ ഉണർവിന് കാരണമായതായാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സിന്റെ കണക്കുകൾ കാണിക്കുന്നത്. എന്നാൽ പ്രതിസന്ധി കാലഘട്ടം കഴിഞ്ഞില്ലെന്ന അഭിപ്രായവും ശക്തമാണ്. ഡിസംബറിലെ കണക്കുകൾ പുറത്തുവരുമ്പോഴും വളർച്ചാ നിരക്ക് തുടർന്നില്ലെങ്കിൽ രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. ശക്തമായ ചില്ലറ വില്പനയ്ക്കൊപ്പം പണിമുടക്ക് ഇല്ലാതിരുന്നതുമാണ് നവംബറിലെ വളർച്ചയ്ക്ക് കളമൊരുക്കിയത്. എന്നിരുന്നാലും ഒരു മാസത്തെ വളർച്ചയെ മാത്രം കണക്കാക്കി സാമ്പത്തിക രംഗത്തെക്കുറിച്ച് ഒരു പ്രവചനം സാധ്യമല്ലെന്നാണ് ക്യാപിറ്റൽ ഇക്കണോമിക്സിലെ യുകെ ഡെപ്യൂട്ടി ചീഫ് എക്കണോമിസ്റ്റ് ആയ റൂത്ത് ഗ്രിഗറി ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെടുന്നത്.

മൂന്നുമാസമോ അതിൽ കൂടുതലോ വളർച്ച നിരക്കിലെ ഉയർച്ച താഴ്ചകളാണ് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ഒരു വിധിനിർണ്ണയം നടത്തുന്നതിന് ഉപയോഗിക്കുന്നത് . യുഎസ്, ജർമ്മനി ഉൾപ്പെടെയുള്ള മറ്റെല്ലാ പ്രധാന രാജ്യങ്ങളുടെയും സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ ഈ വർഷം യുകെയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കുറയുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് നേരത്തെ (ഐഎംഎഫ്) പ്രവചിച്ചിരുന്നു . ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം ആഗോള ഊർജ വില ഉയർത്തിയത് ഇതിന് ഒരു കാരണമാണ്. എന്നാൽ ഓരോ രാജ്യങ്ങളിലും ഇത് വ്യത്യസ്‌ത രീതിയിലാണ് ബാധിച്ചിരിക്കുന്നത്. യുഎസിന് പെട്രോളിയം ഉൽപ്പന്നങ്ങളുടെ സ്വന്തം ആഭ്യന്തര സ്രോതസ്സുകൾ ഉണ്ട്. മറ്റ് ചില യൂറോപ്യൻ രാജ്യങ്ങൾക്കാകട്ടെ കൂടുതൽ ഊർജ സ്രോതസ്സുകളുണ്ട്. ഉദാഹരണത്തിന്, ഫ്രാൻസിന് ഒരു വലിയ ആണവ ശൃംഖലയുണ്ട്. അതേസമയം നോർവേ കൂടുതലായി ജലവൈദ്യുതിയേയാണ് ആശ്രയിക്കുന്നത് . എന്നാൽ വൈദ്യുതി ഉൽപാദനത്തിന്റെ ഏറ്റവും ചെലവേറിയ രൂപമായ ഗ്യാസിന്റെ വിലയെ അടിസ്ഥാനമാക്കിയാണ് ബ്രിട്ടൻ വൈദ്യുതിയുടെ വില നിശ്ചയിക്കുന്നത്. പകർച്ച വ്യാധിയുടെ സമയത്ത് മിക്ക രാജ്യങ്ങളിലും തൊഴിലാളികളുടെ എണ്ണവും തൊഴിലാവസരങ്ങളും തമ്മിലുള്ള അസന്തുലാവസ്ഥ വളരെ കൂടിയ നിരക്കിൽ ആയിരുന്നു . എന്നാൽ കോവിഡിന് ശേഷം മറ്റുള്ള രാജ്യങ്ങളിൽ കാര്യങ്ങൾ പൂർവസ്ഥിതിയിൽ ആയെങ്കിലും യുകെയിൽ ഇപ്പോഴും പ്രശ്നങ്ങൾ അവശേഷിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുത്തനെ ഇടിഞ്ഞ് ജിസിഎസ്‌സി പരീക്ഷകളിലെ മാത്‍സിൻെറ വിജയ നിരക്ക്. നവംബറിലെ പരീക്ഷാ ഫലങ്ങൾ അനുസരിച്ച് മാത്‍സ് പരീക്ഷ എഴുതിയവരിൽ 22.9% കുട്ടികൾക്കാണ് ഗ്രേഡ് 4 അതായത് സ്റ്റാൻഡേർഡ് പാസ് മാർക്ക് ലഭിച്ചത്. 2022-ൽ ഈ കണക്കുകൾ 24.9 ശതമാനവും 2019-ൽ ഇത് 26.9 ശതമാനവും ആയിരുന്നു. അതേസമയം ജിസിഎസ്‌സി ഇംഗ്ലീഷ് റീസിറ്റുകളുടെ വിജയ നിരക്ക് യഥാക്രമം 38 ശതമാനത്തിൽ നിന്ന് 40.3 % ആയി ഉയർന്നു . ഇംഗ്ലണ്ടിലെ നിയമമനുസരിച്ച് 18 വയസ്സിന് താഴെയുള്ളവർ ജിസിഎസ്‌സി ഇംഗ്ലീഷും ഗണിതവും കുറഞ്ഞത് ഗ്രേഡ് 4 എങ്കിലും നേടിയില്ലെങ്കിൽ ഇവ വീണ്ടും പഠിക്കണം.

ജിസിഎസ്‌സി പരീക്ഷകളിലെ വിജയ നിരക്ക് കഴിഞ്ഞ വേനൽക്കാലത്ത് കുത്തനെ ഇടിഞ്ഞിരുന്നു. നവംബറിൽ നിർബന്ധിത ജിസിഎസ്ഇ റീസിറ്റുകൾ എടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം ഉയരുന്നതിനാൽ കൂടുതൽ പരീക്ഷാ ഹാളുകൾ വേണ്ടതായി വരുമെന്ന് കോളേജുകൾ അറിയിച്ചിരുന്നു.

2020-ലും 2021-ലും പകർച്ചവ്യാധിയെ തുടർന്ന് പരീക്ഷകൾ റദ്ദാക്കിയിരുന്നു. ഈ കാലയളവിൽ വിദ്യാർഥികൾക്ക് ലഭിച്ച ഗ്രേഡുകൾ അധ്യാപകരുടെ മൂല്യനിർണ്ണയത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇത് മികച്ച ഫലങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടാക്കിയത്. എന്നാൽ കഴിഞ്ഞ വേനൽക്കാലത്ത് ഇംഗ്ലണ്ടിലെ ഗ്രേഡുകൾ 2019 ലെ നിലയിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വേനൽക്കാലത്ത് ഇംഗ്ലണ്ടിലെ 167,000-ത്തിലധികം വിദ്യാർത്ഥികൾക്ക് അവരുടെ മാത്‍സ് പേപ്പറിൽ ഗ്രേഡ് 3 അല്ലെങ്കിൽ അതിൽ താഴെയാണ് ലഭിച്ചത്. ഇംഗ്ലീഷ് പേപ്പറിൽ 172,000 വിദ്യാർഥികൾ പരാജയപ്പെട്ടു. അതേസമയം പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസിന്റെ വിശകലനം അനുസരിച്ച് പരീക്ഷ എഴുതുന്ന 16-ഉം 17-ഉം വയസ്സുള്ളവരുടെ എണ്ണത്തിൽ 17% വർധനവാണ് ഉണ്ടായിരിക്കുന്നത്. മാത്‍സ് പേപ്പറിൻെറ വിജയശതമാനം കുറഞ്ഞെങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദ്യാർത്ഥികൾ നവംബറിൽ പരീക്ഷ എഴുതിയതിനാൽ മാത്‍സിലും ഇംഗ്ലീഷിലും വിജയിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗർഭാശയ അർബുദം തടയാനുള്ള മാർഗനിർദേശങ്ങൾ പങ്കുവച്ച് വിദഗ്‌ധ ഡോക്ടർമാരുടെ സംഘം. യുകെയിൽ മാത്രം പ്രതിവർഷം 3,200 സ്ത്രീകൾക്കാണ് ഗർഭാശയ അർബുദം സ്ഥിരീകരിച്ചരിക്കുന്നത്. ഇത് മൂലം ഓരോ ദിവസവും രണ്ട് സ്ത്രീകൾ എങ്കിലും മരിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങൾ തടയാമെന്ന് 30 വർഷത്തെ അനുഭവസമ്പത്തുള്ള ഗൈനക്കോളജിസ്റ്റും 15 വർഷത്തെ ലോകാരോഗ്യ സംഘടനയുടെ (WHO) കൺസൾട്ടന്റുമായ ഡോ. ലിൻഡ എക്കർട്ട് പറയുന്നു.

ഗർഭാശയ ക്യാൻസറിന് കാരണമാകുന്ന വൈറൽ അണുബാധ തടയാൻ നിലവിൽ വാക്സിൻ ഉണ്ട്. കൂടാതെ രോഗത്തിൻെറ തുടക്കത്തിൽ തന്നെ ചികിൽസിച്ച് ഭേദമാക്കാൻ കഴിയുന്ന ഫലപ്രദമായ സ്ക്രീനിംഗും ചികിത്സയും രാജ്യത്തെ ആശുപത്രികളിൽ ലഭ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. ക്യാൻസർ അതിൻെറ ആദ്യ സ്റ്റേജിൽ തന്നെ ചികിൽസിച്ചാൽ മരണം ഒഴിവാക്കാം.

ലോകാരോഗ്യ സംഘടന 2020 ൽ സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കാനുള്ള ആഹ്വാനം ആരംഭിച്ചിരുന്നു. ഇതിൽ 194 അംഗരാജ്യങ്ങളും ഐക്യദാർഢ്യം പ്രകടിപ്പിച്ചെങ്കിലും ആഗോളതലത്തിൽ സെർവിക്കൽ ക്യാൻസർ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2040-ഓടെ ഗർഭാശയ അർബുദം ഇല്ലാതാക്കാനുള്ള പുതിയ ലക്ഷ്യത്തിലാണ് എൻഎച്ച്എസ് ഇപ്പോൾ. ഇതിനായി ലൈബ്രറികൾ പോലുള്ള ക്രമീകരണങ്ങളിൽ വാക്‌സിനുകൾ നൽകാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.