Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

സ്കോട്ട് ലൻഡിൽ ജൂണിൽ ഡോക്ടർമാരുടെ യൂണിയനായ ബിഎംഎയും സർക്കാരും തമ്മിൽ ശമ്പള വർദ്ധനവിന്റെ കാര്യത്തിൽ ധാരണയായി . സ്കോട്ട് ലൻഡിലെ ജൂനിയർ ഡോക്ടർമാർക്ക് 14.5 ശതമാനം ശമ്പള വർധനവാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സർക്കാരും ബിഎംഎ സ്കോട്ട്‌ലന്റുമായുള്ള ചർച്ചകൾക്ക് ഒടുവിലാണ് ഇനി രണ്ടു വർഷത്തെ കാലാവധിയുള്ള സ്കോട്ടിഷ് സർക്കാർ പുതിയ ഓഫർ നൽകിയിരിക്കുന്നത്. ഈ മാസം ആദ്യം സ്കോട്ട് ലൻഡിലെ ജൂനിയർ ഡോക്ടർമാർ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു.


സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്ന ശമ്പള വർദ്ധനവിനെ കുറിച്ച് തങ്ങളുടെ യൂണിയൻ അംഗങ്ങളുമായി ചർച്ച ചെയ്യുമെന്ന് യൂണിയൻ അറിയിച്ചു. നിലവിൽ കരാർ അംഗീകരിച്ചില്ലെന്നും അവസാന തീരുമാനം അംഗങ്ങളുടെ ഇടയിൽ നടക്കുന്ന വോട്ടെടുപ്പിനെ ആശ്രയിച്ചായിരിക്കും എന്നാണ് യൂണിയൻറെ നിലപാട്. സ്കോട്ടിഷ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്ന ഏറ്റവും മികച്ച കരാറാണ് ഇതെന്ന അഭിപ്രായം യൂണിയൻ പ്രകടിപ്പിച്ചിട്ടുണ്ട് . ജൂനിയർ ഡോക്ടർമാരുടെ ശമ്പള വർദ്ധനവിനായി 61.3 മില്യൺ പൗണ്ടിന്റെ നിക്ഷേപമാണ് സർക്കാർ നടത്തേണ്ടതായി വരുന്നത്.

നിലവിൽ ജൂനിയർ ഡോക്ടർമാർക്ക് നിർദ്ദേശിക്കപ്പെട്ട ശമ്പള വർദ്ധനവ് 20 വർഷത്തിനിടയിലെ ഏറ്റവും മികച്ച ഓഫർ ആണെന്നാണ് സർക്കാരിൻറെ നിലപാട്. 72 മണിക്കൂർ പണിമുടക്കിനായി യൂണിയൻ അംഗങ്ങൾ നേരത്തെ വോട്ട് ചെയ്തിരുന്നു . പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി 23.5 ശതമാനം ശമ്പള വർദ്ധനവാണ് യൂണിയൻ ആവശ്യപ്പെട്ടിരുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ഹൃദ്രോഗം, ഹൃദയാഘാതം, ആത്മഹത്യ എന്നിവ മൂലമുണ്ടാകുന്ന ജീവഹാനി കുറയ്ക്കാൻ പുതിയ മാതൃകകൾ സൃഷ്ടിക്കാൻ ഒരുങ്ങി എൻ എച്ച് എസ്. ഇത് സംബന്ധിച്ച് കെയർ സ്റ്റാർമർ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. ലേബർ ഗവൺമെന്റ് 10 വർഷത്തിനുള്ളിൽ ഹൃദ്രോഗവും പക്ഷാഘാതവും മൂലമുള്ള മരണങ്ങൾ നാലിലൊന്നായി കുറയ്ക്കാനും ആത്മഹത്യാ കണക്കുകൾ അഞ്ചിനുള്ളിൽ കുറയാനും ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്ത് സമൂലമായി മാറ്റം വരുത്തുക എന്നുള്ള ലക്ഷ്യത്തിന്റെ പുറത്താണ് നടപടി. എന്നാൽ അതേസമയം, ഇതിനെതിരെ ടോറി നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്.

നിലവിലുള്ള നല്ല മാറ്റങ്ങളെ കുറച്ച് കാണിക്കാൻ ലേബർ നേതൃത്വം നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്ന് പാർട്ടി നേതൃത്വം കുറ്റപ്പെടുത്തി. ആരോഗ്യ മേഖലയിൽ ആധുനികവത്കരണം, ക്യാൻസർ രോഗത്തിന് മതിയായ ചികിത്സ ലഭ്യമാക്കൽ, വെയ്റ്റിംഗ് ലിസ്റ്റ് പരിഹരിക്കുക എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളെ മുൻ നിർത്തിയാണ് സ്റ്റാർമർ പ്രസംഗം പൂർത്തിയാക്കിയത്. ടോറി സർക്കാരിന്റെ ഇനിയുള്ള കാലയളവിൽ എൻ എച്ച് എസ് വളരുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം, ലേബർ പാർട്ടിക്ക് അവസരം ജനങ്ങൾ നൽകുമെന്നും വ്യക്തമാക്കി. ജനങ്ങളുടെ ജീവിതത്തോട് യാതൊരുവിധ മമതയും പുലർത്താതെയാണ് നിലവിലെ ഭരണം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

മൊത്തത്തിലുള്ള എൻഎച്ച്എസ് ബജറ്റിന്റെ അടിസ്ഥാനത്തിൽ, അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ലേബർ പാർട്ടി അതിന്റെ ഫണ്ടിംഗ് പദ്ധതികൾ തയ്യാറാക്കുമെന്ന് കെയർ സ്റ്റാർമർ പറഞ്ഞു. ഇതിന് മുന്നോടിയായി ഷുഗർ, ജങ്ക് ഭക്ഷണങ്ങൾ തുടങ്ങിയവ നിരോധിക്കാനുമാണ് ലേബർ പാർട്ടി നീക്കം. നമ്മുടെ യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്, കുട്ടികളെ വഴി തെറ്റിക്കുന്ന പരസ്യത്തിന് ശക്തമായ നിരോധനം ഏർപ്പെടുത്തേണ്ടതുണ്ട്. സാമ്പത്തികമായി മാത്രം പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല എൻ എച്ച് എസ് നേരിടുന്ന പ്രശ്നങ്ങൾ എന്ന് മനസിലാക്കിയ ലേബർ പാർട്ടി, സാമൂഹിക ക്യാമ്പയിനുകളും നടത്താനുള്ള ഒരുക്കത്തിലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

കേരളത്തിൽ നിന്നുള്ള ഒട്ടേറെ വിദ്യാർഥികളാണ് പഠനത്തിനായി ദിനംപ്രതി യുകെയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ ബിരുദ പഠനത്തിനു ശേഷമായിരുന്നു മിക്കവരും എത്തിയിരുന്നത്. എന്നാൽ ഇന്ന് പ്ലസ് ടു പഠനം കഴിഞ്ഞതിനു ശേഷവും കുട്ടികൾ വിദേശത്തേക്ക് പോകുന്ന സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്. യുകെ പോലുള്ള രാജ്യങ്ങളിൽ പഠിക്കുമ്പോഴോ അതിനുശേഷമോ ഒരു ജോലി സമ്പാദിക്കുകയും അതുവഴിയായി പെർമനന്റ് വിസ സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം.


ഭർത്താവോ ഭാര്യയോ പഠിക്കാനായി യുകെയിൽ എത്തുകയും അധികം താമസിയാതെ ആശ്രിതവിധിയിൽ കുടുംബത്തെ കൂടി കൊണ്ടു വരികയും ചെയ്യുക എന്നതും സ്ഥിരമായി മലയാളി വിദ്യാർത്ഥികളുടെ ഇടയിൽ നടക്കുന്ന പ്രവണതയാണ്. എന്നാൽ പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ അനുസരിച്ച് വിദേശ വിദ്യാർഥികൾ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരുന്നത് അനുവദിക്കുകയില്ല. ഭാര്യയെയോ ഭർത്താവിനെയോ കൊണ്ടുവരാൻ ലക്ഷ്യം വെച്ച് യുകെയിൽ പഠിക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് ഇത് കടുത്ത തിരിച്ചടിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.


രാജ്യത്തിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു ദശലക്ഷമായി കുടിയേറ്റം ഉയർന്നുവെന്ന കണക്കുകൾ പുറത്തുവന്നതിന്റെ പിന്നാലെയാണ് നടപടി. പ്രധാനമന്ത്രി റിഷി സുനക് അധികാരമേറ്റെടുക്കുന്നതിന്റെ പിന്നാലെ കുടിയേറ്റം കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. സ്റ്റുഡൻറ് വിസയിൽ വരുന്നവരുടെ ബന്ധുക്കൾ യുകെയിലേക്ക് വരുന്നത് കഴിഞ്ഞവർഷം 135,788 ആയി ഉയർന്നിരുന്നു. 2019 – നെ അപേക്ഷിച്ച് ഇത് 9 മടങ്ങ് കൂടുതലാണ്. നാളെ പ്രഖ്യാപിക്കുന്ന പുതിയ തീരുമാനപ്രകാരം ബിരുദ വിദ്യാർത്ഥികൾക്ക് കുടുംബത്തെ കൊണ്ടുവരാൻ സാധിക്കില്ല. എന്നാൽ പി എച്ച് ഡി വിദ്യാർഥികൾക്ക് പുതിയ നിയമം ബാധകമായിരിക്കില്ല

ലണ്ടൻ: 2023-ൽ കൈവശം വയ്ക്കാവുന്ന ഏറ്റവും മികച്ച പാസ്‌പോർട്ടുകൾ പുതിയ ആഗോള സൂചികയിൽ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷമായി തുടർച്ചയായി ഏറ്റവും ശക്തമായ പാസ്‌പോർട്ടുള്ള രാജ്യമായി ലക്സംബർഗിനെ കണക്കാക്കിയിരുന്നെങ്കിലും, ഈ
വർഷം കണക്കുകൾ മാറിമറിഞ്ഞു. ഓഫ്‌ഷോർ കൺസൾട്ടിംഗ് സ്ഥാപനമായ നോമാഡ് ക്യാപിറ്റലിസ്റ്റ് സമാഹരിച്ച പട്ടികയിലെ 199 രാജ്യങ്ങളിൽ 2023 -ൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഒന്നാം സ്ഥാനത്തെത്തി. വിസ രഹിത യാത്രാ അവസരങ്ങൾ, പൗരന്മാരുടെ നികുതി, ഇരട്ട പൗരത്വ സാധ്യതകൾ, വ്യക്തിസ്വാതന്ത്ര്യം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ അനുസരിച്ചാണ് എല്ലാ രാജ്യങ്ങളെയും പട്ടികയിൽ റാങ്ക് ചെയ്തത്.

2020-ൽ യുകെയിൽ ചുവപ്പിന് പകരം നീല ബ്രിട്ടീഷ് പാസ്‌പോർട്ടുകൾ നിലവിൽ വന്നു. ഈ വർഷം, യുകെ പാസ്‌പോർട്ട് റാങ്കിംഗിൽ 30-ാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടു എന്നുള്ളതാണ് വസ്തുത. അഞ്ച് വിഭാഗങ്ങളിലായി മൊത്തം 110.50 സ്‌കോർ നേടിയ യുഎഇ ഈ വർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കി. എന്നാൽ 2022-ൽ 35-ാം സ്ഥാനത്തും 2021-ൽ 38-ാം സ്ഥാനത്തുമായി നിലകൊണ്ട യുഎഇയുടെ തിരിച്ചുവരവ് എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടാണ്. മറ്റ് മിഡിൽ ഈസ്റ്റേൺ പാസ്‌പോർട്ടുകളൊന്നും ആദ്യ 20-ൽ ഇടം പിടിച്ചിട്ടില്ല. ലക്സംബർഗ് രണ്ടാം സ്ഥാനത്തേയ്ക്ക് പോയപ്പോൾ, സ്വിറ്റ്സർലൻഡും അയർലൻഡും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തി.

കോർപ്പറേറ്റ് നികുതിയുടെ കുറഞ്ഞ നിരക്ക് കണക്കിലെടുത്തപ്പോൾ അയർലൻഡ് പോർച്ചുഗലിനൊപ്പം പട്ടികയിൽ നാലാമതെത്തി. എന്നാൽ അതേസമയം റാങ്കിങ്ങിൽ യുകെ പിൻതള്ളപ്പെട്ടു എന്നുള്ളതാണ് യാഥാർഥ്യം. കഴിഞ്ഞ വർഷം 109.50 സ്‌കോറുമായി 26-ാം സ്ഥാനത്തായിരുന്നു യുകെ . എന്നാൽ ഈ വർഷം അത് 30-ാം സ്ഥാനത്താണ്. യഥാക്രമം 38-ഉം 43-ഉം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ, യു.എസ് എന്നിവയെക്കാൾ യുകെ മുന്നിലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഗ്ലാസ് ഗോയിൽ ഡബിൾ ഡക്കർ ബസ്സ് റെയിൽവേ മേൽപാലത്തിൽ കുടുങ്ങിയതിന് തുടർന്ന് 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ബസ്സിന്റെ മേൽക്കൂര തകർന്നതായാണ് റിപ്പോർട്ടുകൾ . ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരെ കൂടാതെ നിസ്സാര പരിക്കേറ്റ പലർക്കും സംഭവസ്ഥലത്തു തന്നെ പ്രഥമശുശ്രൂഷ നൽകി.


ഇന്നലെ രാവിലെ 11:35 ഓടെ കുക്ക് സ്ട്രീറ്റിലെ ഒ 2 വെന്യുവിന് സമീപമുള്ള റെയിൽവേ പാലത്തിലാണ് അപകടം ഉണ്ടായത്. പാലത്തിനടിയിൽ കുടുങ്ങിക്കിടന്ന ബസ്സിന്റെ മേൽക്കൂര വെട്ടി മാറ്റിയാണ് സംഭവ സ്ഥലത്തു നിന്നും മാറ്റിയത്. സംഭവത്തെ തുടർന്ന് പോലീസും അഗ്നിശമന സേനാംഗങ്ങളും പാരാമെഡിക്കലും അടിയന്തര രക്ഷാപ്രവർത്തനം നടത്തി. നെറ്റ്‌വർക്ക് റെയിലും രക്ഷാപ്രവർത്തനത്തിൽ സഹായത്തിനെത്തിയിരുന്നു.


പരിക്കേറ്റവരെ മൂന്ന് വ്യത്യസ്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കുകൾ ആർക്കും തന്നെയില്ലെന്നാണ് അറിയാൻ സാധിച്ചത്. ഗ്ലാസ്‌ഗോ സെൻട്രലിനും പെയ്‌സ്‌ലി ഗിൽമോറിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഗതാഗത കമ്പനിയായ ഫസ്റ്റ് ബസ്സിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പാലത്തിൻറെ സുരക്ഷാ പരിശോധന പൂർത്തിയായതിനു ശേഷം മാത്രമേ ഇതുവഴിയുള്ള ട്രെയിൻ സർവീസ് പുനരാരംഭിക്കുകയുള്ളൂ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഊർജ്ജ ബില്ലുകളിൽ കൂടുതൽ സഹായം നൽകുന്നത് നിരസിച്ച് സർക്കാർ. മെയ് 25 ന് ഓഫ്ജെം പുതിയ വില പരിധി പ്രഖ്യാപിക്കുന്നതിന് പിന്നാലെയാണ് സർക്കാരിൻെറ പ്രഖ്യാപനം. കൺസൾട്ടൻസി സ്ഥാപനമായ കോൺവാൾ ഇൻസൈറ്റിൻെറ പ്രവചനത്തിൽ സാധാരണ ഒരു കൂടുംബത്തിൻെറ ഊർജ്ജ ബിൽ ഏകദേശം 450 പൗണ്ട് വരെ കുറയും. ഊർജ്ജ വില 2019 നെ അപേക്ഷിച്ച് ഇരട്ടിയാണ്. നിലവിൽ ഗവൺമെന്റിന്റെ ഊർജ്ജ വില ഗ്യാരണ്ടി കാരണം ഒരു സാധാരണ ഉപയോക്താവിന് അവരുടെ ഊർജ്ജത്തിനായി പ്രതിവർഷം 2,500 പൗണ്ട് ചിലവഴിച്ചാൽ മതി. ജൂലൈയിൽ പുതിയ വില പരിധി പ്രാബല്യത്തിൽ വരുമ്പോൾ ഇത് 2,054 പൗണ്ടായി കുറയുമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. ഒക്ടോബറിൽ ഇത് 1,976 പൗണ്ടായി കുറയുമെന്നാണ് പ്രതീക്ഷ.

മാസങ്ങൾക്കുമുമ്പ് തന്നെ ജനങ്ങളെ സഹായിക്കാനുള്ള പദ്ധതികൾ ചാൻസലർ കരുതിയിട്ടുണ്ടെന്ന് പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി പറഞ്ഞു. യുകെയിൽ സ്വന്തമായി ഊർജ്ജ വിതരണങ്ങൾ നടത്താൻ ന്യൂക്ലിയർ പവർ സ്റ്റേഷനുകളും കൂടുതൽ ഓഫ്‌ഷോർ വിൻഡ് ഫാമുകളും നിർമ്മിക്കുന്നതിൽ പ്രാധാന്യം കൊടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തെ എല്ലാ വീടുകളിലും സർക്കാരിൽ നിന്ന് ശൈത്യകാലത്ത് 400 പൗണ്ട് വീതം ലഭിച്ചിരുന്നു.

സർക്കാരിൻെറ ഊർജ്ജ വില ഗ്യാരണ്ടിയുടെ പദ്ധതി അടുത്ത മാർച്ചിൽ പൂർണ്ണമായും അവസാനിക്കും. അതേസമയം ഓഫ്ജെമിന്റെ പുതിയ നീക്കം ജനങ്ങൾക്ക് ഏറെ സന്തോഷം തരുന്ന വാർത്തയാണെന്ന് കോൺവാൾ ഇൻസൈറ്റിന്റെ പ്രിൻസിപ്പൽ കൺസൾട്ടന്റ് ഡോ ക്രെയ്ഗ് ലോറി പറഞ്ഞു. പ്രവചനങ്ങൾ അനുസരിച്ച് ഒരു ശരാശരി ഉപഭോക്താവിന് നിലവിലുള്ള ഊർജ്ജ വിലയിൽ നിന്ന് ഏകദേശം 450 പൗണ്ട് കുറയും. കഴിഞ്ഞ വർഷം നടന്ന റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ മൊത്തവ്യാപാര ഊർജ്ജത്തിന്റെ വില വർദ്ധിക്കുകയായിരുന്നു. ഇതിന് പിന്നാലെ ജനുവരിയിൽ ഓഫ്ജെമിന്റെ വില പരിധി 4,279 പൗണ്ട് ആയി ഉയർന്നിരുന്നു. സാധരണക്കാരെ സഹായിക്കുന്നതിൻെറ ഭാഗമായി സർക്കാർ നിരവധി പദ്ധതികൾ കൊണ്ടുവന്നിരുന്നു. ഊർജ്ജ ബില്ലുകൾ 2021-ൽ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് ഇപ്പോഴും 1,000 പൗണ്ട് കൂടുതലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

റഷ്യയുടെ ആക്രമണത്തിനിരയായ ഉക്രൈൻ ജനതയ്ക്കുള്ള പിന്തുണ എന്നുമുണ്ടെന്ന് ബ്രിട്ടൻ . ശനിയാഴ്ച ജപ്പാനിലെ ഹിരോഷിമയിൽ ജി-7 ഉച്ചകോടിയുടെ ഭാഗമായി വോളോഡിമർ സെലെൻസ്കിയുമായി പ്രധാനമന്ത്രി റിഷി സുനക് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ ജപ്പാനിൽ വന്നിറങ്ങിയ ഉക്രൈൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്കിയ്ക്ക് ഹാർദ്ദവമായ സ്വീകരണമാണ് ലഭിച്ചത്. ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയുമായിട്ടുള്ള ചർച്ചകൾക്കായാണ് ഉക്രൈൻ പ്രസിഡന്റ് ജപ്പാനിൽ എത്തിച്ചേർന്നത്.

ഉക്രൈന് എഫ് – 16 വിമാനങ്ങൾ നൽകാൻ യുഎസ് തീരുമാനിച്ചതിന് തൊട്ടു പിന്നാലെയാണ് ഉക്രൈൻ പ്രസിഡൻറ് ജി -7 രാഷ്ട്ര നേതാക്കളുടെ പിന്തുണ ഉറപ്പിക്കാൻ ജപ്പാനിലെത്തിയത്. ഈ യുദ്ധത്തിൽ ജയിക്കാനും സ്വതന്ത്രവും ജനാധിപത്യപരവുമായ രാഷ്ട്രമായി അഭിവൃദ്ധി പ്രാപിക്കാനുമുള്ള നൂതന സൈനിക സഹായങ്ങൾ ഉക്രൈന് നൽകാൻ ജി – 7 രാജ്യങ്ങൾ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് റിഷി സുനക് ഒരു പ്രസ്താവനയിൽ പറഞ്ഞു .

ജി-7 നേരത്തെ ജി – 8 ആയിരുന്നു. എന്നാൽ ക്രിമയയെ ആക്രമിച്ച് കീഴടക്കിയതിനെ തുടർന്ന് റഷ്യയെ 2014 -ൽ ജി – 8 -ൽ നിന്ന് പുറത്താക്കിയതിനെ തുടർന്നാണ് അംഗ രാജ്യങ്ങളുടെ എണ്ണം 7 ആയി ചുരുങ്ങിയത്. ദീർഘദൂര മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സായുധസേനയെ പരിശീലിപ്പിക്കുന്നതുൾപ്പെടെയുള്ള സഹായങ്ങളും ഉക്രൈന് തുടർന്നും നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

നായയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് കർശന നടപടികളുമായി പോലീസ് രംഗത്ത് വന്നു. വ്യാഴാഴ്ചയാണ് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ലീയിൽ ജോനാഥൻ ഹോഗ് (37) നായയുടെ ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ മരിച്ചത്. സംഭവത്തോട് അനുബന്ധിച്ച് 22 വയസ്സുള്ള യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തുടർനടപടിയായി 15 നായ്ക്കളെ പിടികൂടിയിട്ടുണ്ട്.

കൊല്ലപ്പെട്ട ജോനാഥൻ ഹോഗിനെ ആക്രമിച്ച നായയെ കീഴ്പ്പെടുത്താൻ സാധിക്കാത്തതിനെത്തുടർന്ന് വെടിവെച്ച് കൊന്നതായി പോലീസ് അറിയിച്ചിരുന്നു. പിന്നീട് രണ്ടു വീടുകളിൽ നടത്തിയ തിരച്ചിലിനെ തുടർന്ന് പോലീസ് 6 വളർച്ചയെത്തിയ നായ്ക്കളെയും 9 നായ്ക്കുട്ടികളെയും പിടികൂടി. പിടികൂടിയ നായ്ക്കളെല്ലാം ആക്രമണകാരിയായ നായയുടെ അതേ ഇനമാണെന്നാണ് കരുതപ്പെടുന്നത്. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ആണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അതിനുവേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറാണെന്നും പോലീസ് ഓഫീസർ ജോൺ ഡേവിഡ് സംഭവത്തെക്കുറിച്ച് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണില്‍ കഴിഞ്ഞ ദിവസം തുടക്കം കുറിച്ച ചരിത്രത്തിലെ ഏറ്റവും വലിയ സാത്താന്‍ ആരാധകരുടെ സമ്മേളനത്തെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ അനുദിനം പുറത്ത് വരികയാണ്. സമൂഹത്തില്‍ അരാജകത്വവും പൈശാചികമായ പ്രവൃത്തികളും പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പരിപാടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മസാച്ചുസെറ്റ്‌സിലെ ബോസ്റ്റണില്‍ മാരിയറ്റ് കോപ്ലി പ്ലേസിലാണ് ‘സാത്താന്‍കോണ്‍ 2023’ എന്നു പേരിട്ട ത്രിദിന പരിപാടി നടക്കുന്നത്. സാത്താനിക് ടെമ്പിള്‍ എന്ന സംഘടനയിലെ നൂറുകണക്കിന് അംഗങ്ങളാണ് സമ്മേളനത്തിനായി ബോസ്റ്റണിലെത്തിയിരിക്കുന്നത്.

ക്രിസ്തുമതത്തെ പരിഹസിക്കുന്നതിനു പേരുകേട്ട സംഘടനയാണിത്. സമ്മേളനത്തില്‍ സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, പൈശാചിക ആചാരങ്ങള്‍, വിനോദ പരിപാടികള്‍, വിവാഹം എന്നിവ ഉള്‍പ്പെടുന്നു. സമ്മേളനത്തിന്റെ ഒരു വീഡിയോ പുറത്തുവന്നതില്‍ വേദിയില്‍ ഒരാള്‍ ബൈബിളിന്റെ പേജുകള്‍ വലിച്ചുകീറുന്നതു കാണാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാൽ ഇതിനെതിരെ ജപമാലകളും പ്രാര്‍ത്ഥനാ ഗീതങ്ങളും കൊണ്ട് പ്രതിരോധം തീര്‍ത്തിരിക്കുകയാണ് ക്രൈസ്തവ വിശ്വാസികള്‍.

ദൈവവിശ്വാസം എന്ന സങ്കല്പത്തിന് ബദലായിട്ടാണ് സാത്താൻ സേവ നടക്കുന്നത്. തീവ്രമായ ആരാധന രീതികളും, മനുഷ്യഹത്യ പോലുള്ള അർപ്പണവുമാണ് സാത്താൻ സേവ ചെയ്യുന്നവർ പിന്തുടരുന്നത്. നരബലിക്ക് സമാനമായി യാഗം അർപ്പിക്കുന്നതിലൂടെ അഭിവൃദ്ധി ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന സമൂഹമാണ് ഇതിന് പിന്നിൽ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ജൂലൈ മുതൽ ഊർജ്ജ ബില്ലുകൾ ഏകദേശം 450 പൗണ്ട് കുറയും. കൺസൾട്ടൻസി സ്ഥാപനമായ കോൺവാൾ ഇൻസൈറ്റാണ് മെയ് 25 ന് ഓഫ്ജെം പ്രഖ്യാപിക്കുന്ന പുതിയ ഔദ്യോഗിക വില പരിധി പ്രകാരം ബില്ലുകൾ 446 പൗണ്ട് വരെ കുറയുമെന്ന് പ്രവചിച്ചത്. നിലവിൽ ഗവൺമെന്റിന്റെ ഊർജ്ജ വില ഗ്യാരണ്ടി കാരണം ഒരു സാധാരണ ഉപയോക്താവിനു അവരുടെ ഊർജ്ജത്തിനായി പ്രതിവർഷം 2,500 പൗണ്ട് ചിലവഴിച്ചാൽ മതി. ജൂലൈയിൽ പുതിയ വില പരിധി പ്രാബല്യത്തിൽ വരുമ്പോൾ ഇത് 2,054 പൗണ്ടായി കുറയുമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. ഒക്ടോബറിൽ ഇത് 1,976 പൗണ്ടായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും വിശകലന വിദഗ്ധർ കൂട്ടിച്ചേർത്തു. ഒരു ശരാശരി കുടുംബത്തിനുള്ള ഓഫ്ജെംമിന്റെ നിലവിലെ പരിധി 3,280 പൗണ്ടാണ്, എന്നാൽ സർക്കാരിന്റെ ഗ്യാരന്റി സ്കീമിന് കുറഞ്ഞ പരിധി ഉള്ളതിനാൽ ഉപഭോക്താക്കളെ ഇത് നേരിട്ട് ബാധിക്കുന്നില്ല. ജൂലൈയിൽ ഓഫ്ജെംമിന്റെ പരിധി 3,000 പൗണ്ട് ആയി കുറയുന്ന സാഹചര്യത്തിൽ ഗ്യാരണ്ടിയുടെ പരിധി ഉയരാനാണ് സാധ്യത.


സർക്കാരിൻെറ ഊർജ്ജ വില ഗ്യാരണ്ടിയുടെ പദ്ധതി അടുത്ത മാർച്ചിൽ പൂർണ്ണമായും അവസാനിക്കും. അതേസമയം ഓഫ്ജെംമിന്റെ പുതിയ നീക്കം ജനങ്ങൾക്ക് ഏറെ സന്തോഷം തരുന്ന വാർത്തയാണെന്ന് കോൺവാൾ ഇൻസൈറ്റിന്റെ പ്രിൻസിപ്പൽ കൺസൾട്ടന്റ് ഡോ ക്രെയ്ഗ് ലോറി പറഞ്ഞു. പ്രവചനങ്ങൾ അനുസരിച്ച് ഒരു ശരാശരി ഉപഭോക്താവിന് നിലവിലുള്ള ഊർജ്ജ വിലയിൽ നിന്ന് ഏകദേശം 450 പൗണ്ട് കുറയും. കഴിഞ്ഞ വർഷം നടന്ന റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ മൊത്തവ്യാപാര ഊർജ്ജത്തിന്റെ വില വർദ്ധിക്കുകയായിരുന്നു. ഇതിന് പിന്നാലെ ജനുവരിയിൽ ഓഫ്ജെംമിന്റെ വില പരിധി 4,279 പൗണ്ട് ആയി ഉയർന്നിരുന്നു. സാധരണക്കാരെ സഹായിക്കുന്നതിൻെറ ഭാഗമായി സർക്കാർ നിരവധി പദ്ധതികൾ കൊണ്ടുവന്നിരുന്നു. ഊർജ്ജ ബില്ലുകൾ 2021-ൽ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് ഇപ്പോഴും 1,000 പൗണ്ട് കൂടുതലാണ്.

RECENT POSTS
Copyright © . All rights reserved