ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

കേരളത്തിൽ നിന്നുള്ള ഒട്ടേറെ വിദ്യാർഥികളാണ് പഠനത്തിനായി ദിനംപ്രതി യുകെയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ ബിരുദ പഠനത്തിനു ശേഷമായിരുന്നു മിക്കവരും എത്തിയിരുന്നത്. എന്നാൽ ഇന്ന് പ്ലസ് ടു പഠനം കഴിഞ്ഞതിനു ശേഷവും കുട്ടികൾ വിദേശത്തേക്ക് പോകുന്ന സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്. യുകെ പോലുള്ള രാജ്യങ്ങളിൽ പഠിക്കുമ്പോഴോ അതിനുശേഷമോ ഒരു ജോലി സമ്പാദിക്കുകയും അതുവഴിയായി പെർമനന്റ് വിസ സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം.


ഭർത്താവോ ഭാര്യയോ പഠിക്കാനായി യുകെയിൽ എത്തുകയും അധികം താമസിയാതെ ആശ്രിതവിധിയിൽ കുടുംബത്തെ കൂടി കൊണ്ടു വരികയും ചെയ്യുക എന്നതും സ്ഥിരമായി മലയാളി വിദ്യാർത്ഥികളുടെ ഇടയിൽ നടക്കുന്ന പ്രവണതയാണ്. എന്നാൽ പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ അനുസരിച്ച് വിദേശ വിദ്യാർഥികൾ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരുന്നത് അനുവദിക്കുകയില്ല. ഭാര്യയെയോ ഭർത്താവിനെയോ കൊണ്ടുവരാൻ ലക്ഷ്യം വെച്ച് യുകെയിൽ പഠിക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് ഇത് കടുത്ത തിരിച്ചടിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.


രാജ്യത്തിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു ദശലക്ഷമായി കുടിയേറ്റം ഉയർന്നുവെന്ന കണക്കുകൾ പുറത്തുവന്നതിന്റെ പിന്നാലെയാണ് നടപടി. പ്രധാനമന്ത്രി റിഷി സുനക് അധികാരമേറ്റെടുക്കുന്നതിന്റെ പിന്നാലെ കുടിയേറ്റം കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. സ്റ്റുഡൻറ് വിസയിൽ വരുന്നവരുടെ ബന്ധുക്കൾ യുകെയിലേക്ക് വരുന്നത് കഴിഞ്ഞവർഷം 135,788 ആയി ഉയർന്നിരുന്നു. 2019 – നെ അപേക്ഷിച്ച് ഇത് 9 മടങ്ങ് കൂടുതലാണ്. നാളെ പ്രഖ്യാപിക്കുന്ന പുതിയ തീരുമാനപ്രകാരം ബിരുദ വിദ്യാർത്ഥികൾക്ക് കുടുംബത്തെ കൊണ്ടുവരാൻ സാധിക്കില്ല. എന്നാൽ പി എച്ച് ഡി വിദ്യാർഥികൾക്ക് പുതിയ നിയമം ബാധകമായിരിക്കില്ല